"എൻ്റെ മോൻ ഒരിക്കലുമമ്മയെ വേദനിപ്പിക്കരുത്. പാവമാണ് നിൻ്റെയമ്മ, മോൻ വളർന്ന് വല്യ കുട്ടിയാവുമ്പോൾ അമ്മയെ നന്നായി നോക്കണം."
മരണക്കിടക്കയിൽ വെച്ച് ഏഴു വയസുകാരനായ തൻ്റെ കൈയ്യിൽ അമ്മയുടെ കൈ ചേർത്തുവച്ചു കൊണ്ട് അച്ഛൻ പറഞ്ഞു. അച്ഛൻ്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തി പഠിപ്പിച്ച് ഇന്നീ നിലയിൽ എത്തിച്ചത്.
അച്ഛൻ പറഞ്ഞേൽപ്പിച്ച ഉത്തരവാദിത്വം താൻ ഭംഗിയായി നിറവേറ്റിയിരുന്നു. സുമ തൻ്റെ ജീവിതത്തിലേയ്ക്കു കടന്നു വരും വരെ. പക്ഷേ..പിന്നീടവളുടെ സ്വാർത്ഥതയിൽ താനറിയാതെ അമ്മയോടുള്ള സ്നേഹം കുറഞ്ഞു. പിന്നീടത് വെറുപ്പായി രൂപാന്തരപ്പെട്ടു. എത്രയൊക്കെ വെറുത്താലും, ആട്ടിയകറ്റിയാലും അമ്മയ്ക്ക് എന്നും തന്നോടും, സുമയോടും നിറഞ്ഞ സ്നേഹം മാത്രമായിരുന്നു. അമ്മയുടെ ശാന്തതയും, മൗനവും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സുമയോടുള്ള സ്നേഹത്താൽ അന്ധനായ തനിക്ക് അമ്മയുടെ നൻമ കാണാൻ സാധിച്ചില്ല എന്നു പറയുന്നതാവും ശരി. ആരിലും ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ഊഷ്മളമായ നൻമ. മോളൂട്ടിയുടെ ജനനത്തോടെ അമ്മയുടെ ജീവിതതാളം തന്നെ അവളായി മാറി. അമ്മയുടെ പേരക്കുട്ടിയോടുള്ള സ്നേഹവും കരുതലും സുമയെ കൂടുതൽ ക്രൂരയാക്കി തീർത്തു. അമ്മയെ ഏതേലും വൃദ്ധമന്ദിരത്തിലുമാക്കണമെന്നവൾശഠിച്ചു. താനൊരിക്കലും അങ്ങനെ ഒരു നീചകൃത്യം ചെയ്യില്ലെന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു.
അമ്മ മോളൂട്ടിയെ തൊടുന്നതിൽ നിന്നും, അവർ ഒന്നിച്ചുള്ള സഹവാസവുമൊക്കെ സുമ വിലക്കി. എന്നാലും അച്ഛമ്മയുടെ കഥകൾ കേൾക്കാനും, ആ മാറിലെ വാൽസല്യ ചൂടിൽ മയങ്ങാനുമൊക്കെ സുമ അറിയാതെ മോളൂട്ടി സമയം കണ്ടെത്തിയിരുന്നു.
അതോടെ തൊട്ടതിനും, പിടിച്ചതിനുമൊക്കെ സുമ കലഹം പതിവാക്കി. അമ്മയ്ക്ക് രോഗാവസ്ഥയിൽ പോലും അവൾ വേണ്ട പരിഗണന നൽകിയില്ല. എല്ലാം താനറിയാൻ ഏറെ വൈകിപ്പോയി.
"മരിച്ച ആളിന്റെ പേരും നാളും മനസ്സിൽ വിചാരിച്ചു കൊള്ളു."
കർമ്മിയുടെ ശബ്ദം ദേവനെ ചിന്തയിൽ നിന്നുണർത്തി.
നാക്കില തെക്കോട്ട് തിരിച്ചിട്ട് അതില്‍ അരിയും എള്ളും പൂവുമായി ബലിച്ചോറ് ഒരുക്കി
ഉരുളകളാക്കി വയ്ച്ചു. കറുകത്തലപ്പുകൊണ്ട് അതില്‍ വെള്ളം തളിച്ച് കൈകൊട്ടി വിളിച്ചു.
പറന്നിറങ്ങുന്ന കാക്കകളുടെ കൂട്ടത്തിൽ തൻ്റെഅമ്മയുണ്ടാവുമോ? അയാൾ ബലിക്കാക്കകൾക്കിടയിൽ തിരഞ്ഞു. ദേവനെപ്പോലെ ആലുവപ്പുഴയോരത്ത് ബലി തർപ്പണം നടത്താൻ ഏറെപ്പേർ വന്നിട്ടുണ്ടായിരുന്നു. നാക്കിലയിലെ ബലിച്ചോറുകൾ കൊത്തിത്തിന്നാൻ കാക്കകളുടെ ബഹളമായിരുന്നു.
പക്ഷേ..പൂജാ കർമ്മങ്ങളൊക്കെ പൂർത്തിയാക്കി ദേവൻ കൈതട്ടി വിളിച്ചിട്ടും കാക്കകളൊന്നും വന്നില്ല. വല്ലാത്തൊരു വ്യഥ അയാളെ പൊതിഞ്ഞു.
"അമ്മേ ... മാപ്പ്.. മാപ്പ് ..."
ഒരായിരം വട്ടം അയാൾ ഉരുവിട്ടു.
തപിക്കുന്ന മനസ്സോടെ അയാൾ വീട്ടിലേയ്ക്ക് തിരിച്ചു. ഹൃദയത്തിൽ ഘനീഭവിച്ച ദുഃഖം മിഴികളിലൂടെ അണപൊട്ടിയൊഴുകി.
അടർന്നു വീഴുന്ന ഓരോ തുള്ളിയും ഓർമകളാണ്. വേനലിലെ വിണ്ടുണങ്ങിയ മണ്ണിൽ മഴ ചാറ്റലായി പെയ്തു തുടങ്ങി. പേമാരിയായി മാനം പെയ്തൊഴിഞ്ഞു.
വീട്ടിലെത്തിയപ്പോൾ കണ്ടു മുറ്റത്തെ ഇലഞ്ഞിമരത്തിൽ കെട്ടിയ ഊഞ്ഞാലിലിരുന്ന് ചോറുണ്ണുന്ന മോളൂട്ടി. അവൾ ചോറുണ്ണുമ്പോൾ താഴെ വീഴുന്ന വറ്റുകൾ സ്വന്തമാക്കുവാൻ മൽസരിക്കുന്ന രണ്ടു ബലികാക്കകൾ!
അവർ ഒന്നിച്ചു പറന്നു വന്ന് മോളൂട്ടിയുടെ കൈയ്യിൽ നിന്നും വീഴുന്ന ചോറ് സാവധാനം കൊത്തിത്തിന്നുന്നു. ആ സന്തോഷത്താൽ മോളൂട്ടി വീണ്ടും വീണ്ടും ചോറ് വിതറിയിട്ടു കൊടുത്തു കൊണ്ടേയിരുന്നു.
പാപിയായ താൻ സമർപ്പിച്ച പൂജകളൊന്നും സ്വീകരിക്കാതെ, നിഷ്കളങ്കയായ തൻ്റെ മോളുടെ കൈയ്യിൽ നിന്നും ചോറുണ്ണാൻ അവർ ഒന്നിച്ച് വന്നിരിക്കുന്നു തന്റെ അച്ഛനും അമ്മയും. അയാളുടെ മനം തരളിതമായി.