"ആലകത്തുകാവ് ഇറങ്ങാനുണ്ടോ?" കണ്ടക്ടറുടെ ശബ്ദം കേട്ട് കാഴ്ചകളുടെ മായികവലയത്തിൽ നിന്ന് മുക്തനായികൊണ്ട് അയാൾ ചുറ്റും നോക്കി. തനിക്ക് ഇറങ്ങേണ്ടുന്ന സ്ഥലം.
ബസ്സ് നിറുത്തിക്കഴിഞ്ഞിരിക്കുന്നു.വാച്ചിൽ നോക്കി... സമയം ഒൻപതുമണി. ഉടൻ തന്നെ പിടഞ്ഞെഴുന്നെറ്റു പുറത്തിറങ്ങി. ഏതാനും യാത്രക്കാരുമായി ബസ്സ് കണ്മുന്നിൽ നിന്നും മറഞ്ഞു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു... വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല.
ചെറിയ സിറ്റിയാണ്. നാലുറോഡുകൾ ഒന്നുചേരുന്ന ഒരു കവലയെന്നു പറയാം. ചുറ്റുപാടും വിജനമാണ്. പീടികകൾ ഒട്ടുമുക്കാലും അടച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും അടക്കാത്ത പീടികത്തിണ്ണയിൽ ഏതാനും ആളുകൾ വർത്തമാനം പറഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. ഒരിളം തണുത്തകാറ്റ് വീശിയടിച്ചു. മണ്ണിന്റെ ഗന്ധമുള്ള കാറ്റ്. എങ്ങും നിലാവ് പരന്നുകഴിഞ്ഞു.
ആലകത്തുകാവിലേക്കുള്ള വഴി. ആരോമാർക്കുള്ള നെയിം ബോർഡ് വഴിവിളക്കിന്റെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി. ആർക്കും മുഖം കൊടുക്കാതെ നിലാവണിഞ്ഞ പഴയ പാതയിലൂടെ അവൻ മെല്ലെ നടന്നു. വീണ്ടും ഒരു തണുത്തകാറ്റ് വീശി. ചെറിയ കുളിര് തോന്നി അപ്പോൾ. പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ആഞ്ഞുവലിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് നടന്നു.
ആലകത്തുകാവിനു മുൻപുള്ള ഇലഞ്ഞേലി തോടിന്റെ കലുങ്കിന് മുകളിൽ അയാൾ മെല്ലെ ഇരുന്നു. മാനം നോക്കി നിലാവ് കൊണ്ട് എത്രയോ സന്ധ്യകൾ താനീ കലുങ്കിൽ വെറുതേ കിടന്നിട്ടുണ്ട്. ഒടുവിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പാതിരാവിൽ അവസാനമായി ഈ കലുങ്കിന് മുകളിൽ അവളേയും കാത്തിരുന്നത് ഒരു നെടുവീർപ്പോടെ അയാൾ മനസ്സിലോർത്തു. വല്ലാത്ത ആധിയും, പരവേശവുമൊക്കെയായിരുന്നു അന്നത്തെ കാത്തിരിപ്പിന്റെ വേളയിൽ. ഉള്ളിലെ വിറയൽ അകറ്റാനെന്നവണ്ണം സിഗരറ്റുകൾ ആഞ്ഞുവലിച്ചു.
കാത്തിരുന്നു മുഷിഞ്ഞു. രാവേറെയായിട്ടും അവളെ കാണാതിരുന്നപ്പോൾ അവന്റെ മനസ്സിൽ ആദിപെരുകി. ഒരു പക്ഷേ, അവൾ വരാതിരിക്കുമോ... തന്നെ പറ്റിക്കുകയാണോ? എന്ന ചിന്ത മനസ്സിൽ ഉരുത്തിരിഞ്ഞ നേരത്താണ് അവൾ എത്തിയത്.
ഇരുട്ടിന്റെ മറവിൽ ഒളിച്ചോട്ടത്തിനൊരുങ്ങി ബാഗും തൂക്കി ഓടിയെത്തിയ അവൾ അന്ന് അവന്റെ ഭാവം കണ്ടുകൊണ്ട് കാളിയാക്കുംപോലെ ചോദിക്കുകയും ചെയ്തു.
"എന്താണ് ഒരു വിറയൽ...പാടത്തുനിന്നു വീശുന്ന കാറ്റിന്റെ തണുപ്പ് കൊണ്ടിട്ടൊ... അതോ ഒളിച്ചോടുന്നതിന്റെ ഭയം കൊണ്ടോ.?" അവൾ കിലുകിലെ ചിരിച്ചു.
"ഒന്ന് പോടീ പെണ്ണെ. എനിക്ക് ഒരു ഭയവുമില്ല... നിന്നെ ഇതുവരേയും കാണാതിരുന്നപ്പോൾ..." അവളുടെ ബാഗ് കൈകളിൽ ഏറ്റുവാങ്ങവേ ഉള്ളിലെ ഭയം മറച്ചുകൊണ്ട് അവൻ പറഞ്ഞു.
"കാത്തിരുന്നു മുഷിഞ്ഞല്ലേ? എന്തുചെയ്യാം... അദ്ദേഹവും പിള്ളേരും ഉറങ്ങണ്ടേ.?" അവൾ അയാളുടെ കരം കവർന്നു.
ഒരു ഒളിച്ചോട്ടം. അതും മറ്റൊരാളുടെ ഭാര്യയുമൊത്ത്. അയാളേക്കാൾ പ്രായമുള്ള ഒരുവളുമൊത്ത്. അവളുടെ തോളിൽ കൈയിട്ട് തന്നോട് ചേർത്തുകൊണ്ട് രാത്രിവണ്ടി ലക്ഷ്യവെച്ചു നടന്നു നീങ്ങുമ്പോൾ അവളുടെ ശരീരത്തിൽ നിന്ന് വിയർപ്പിൽകുതിർന്ന പൗഡറിന്റെ ഗന്ധം ഉയരുന്നുണ്ടായിരുന്നു. അങ്ങനെ ഇരുളിന്റെ മറപറ്റി രണ്ട് ഇണക്കുരുവികളെപ്പോലെ അവളും അയാളും കവലയിലെത്തി. അവിടെനിന്ന് രാത്രിവണ്ടിയിൽ ടൗണിലേയ്ക്ക് യാത്രതിരിച്ചു.
രാത്രിവണ്ടി ആയതിനാൽ സീറ്റുകൾ പലതും ഒഴിഞ്ഞുകിടന്നു. കൂടുതലും ദീർഘദൂര യാത്രക്കാർ. തണുപ്പിനെ അകറ്റാനെന്ന വ്യാജേനെ ടവ്വല്കൊണ്ടു തലയും താടിയും മൂടികെട്ടി ബാക്ക് സീറ്റിൽ അവളേയും ചേർത്തുപിടിച്ച് ഒതുങ്ങി ഇരുന്നു. അന്ന് ആ യാത്ര പുറപ്പെടുമ്പോൾ എങ്ങോട്ടെന്ന് ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. വണ്ടി അതിന്റെ യാത്ര അവസാനിപ്പിക്കുന്നിടം വരെ... തുടർന്ന് മറ്റൊരു വണ്ടി... അങ്ങനെ അങ്ങനെ ദൂരേയ്ക്ക്.
നാടുവിട്ട് എത്രയോ നാടുകളിലൂടെ സഞ്ചരിച്ചു. എവിടെയെല്ലാം താമസിച്ചു. ഈ സമയം അതുവരെയും സമ്പാദിച്ച കൈയിലുണ്ടായിരുന്ന പണമത്രയും തീർന്നു കഴിഞ്ഞിരുന്നു. ഒടുവിൽ ബോംബെയിലെത്തിച്ചേർന്നു. അവിടെ ഒരു ലോറിയിൽ ഡ്രൈവർ പണി. കൊച്ചു മുറിയിൽ താമസം. ആ സമയത്താണ് അയാളെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ലോറി ഡ്രൈവർക്കൊപ്പം അവൾ ഒളിച്ചോടിയത്.
സ്വന്തം ഭർത്താവിനേയും കുട്ടികളേയും ഇട്ടെറിഞ്ഞുകൊണ്ട് തനിക്കൊപ്പം ഇറങ്ങിത്തിരിച്ച അവൾ അങ്ങനെ ചെയ്തപ്പോൾ അയാൾക്ക് അത്ഭുതം തോന്നിയില്ല. എല്ലാം തന്റെ വിധി. കുടുംബക്കാരുടെ മുഖത്തു കരിവാരി തേച്ചുകൊണ്ട്... പാവപ്പെട്ട ഒരു മനുഷ്യന്റെ കുടുംബം തകർത്തുകൊണ്ട്, രണ്ടുകുട്ടികളെ അനാഥരാക്കികൊണ്ട് വഴിവിട്ട പ്രണയവും അതുവഴി ഒളിച്ചോട്ടവും നടത്തിയതിന് ഈശ്വരൻ തന്ന ശിക്ഷ.
ഒരു ഭ്രാന്തനെപ്പോലെ അയാൾ പലയിടത്തും അലഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ കഴിയില്ല... ഒരിക്കലെങ്കിലും തന്റെ നാടും, വീടും, വീട്ടുകാരെയും ഒക്കെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷേ, എങ്ങനെ എങ്ങനെയാണ് താൻ നാട്ടിൽ ചെല്ലുക, നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും, അവൾ എവിടെ എന്ന ചോദ്യത്തിന് എന്തു സമാധാനം പറയും.
ഒടുവിൽ ഇതാ ഒരു പാതിരാവിൽ വീണ്ടും അയാൾ തന്റെ ജന്മനാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു. ഒരു കള്ളനെപ്പോലെ ഇരുട്ടിന്റെ മറപറ്റി. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ നാടിന് ഒരു മാറ്റവുമില്ല. എല്ലാം പഴയതുപോലെ തന്നെ. ആലകത്തുക്ഷേത്രവും, ആൽത്തറയും എല്ലാം അതുപോലെ തന്നെ. ഇലഞ്ഞേലി തോടും, പാലവും, അതിനടുത്തുള്ള പാടവുമൊക്കെ പഴയതുപോലെ ഉണ്ട്. അങ്ങകലെ മലനിരകൾ തലയുയർത്തി നില്കുന്നു. ഇരുളിനെ ഭേദിക്കുന്ന ഭൂതക്കുഴി തോടിന്റെ ഇരമ്പൽ പോലും അതേപടി ഉണ്ട്. അധികം ദൂരത്തല്ലാതെ അവളുമായി കണ്ടുമുട്ടാറുള്ള മരക്കൂട്ടങ്ങൾ... അതിന്റെ ചുവട്ടിലും പരിസരത്തുമായി അയാളുടേയും, അവളുടേയും ഒരുപാട് കാല്പാടുകളുണ്ട്. അതിന് അപ്പുറത്തായി അവളുടെ വീട്. അയാളുടെ നോട്ടം വീണ്ടും ദൂരേയ്ക്ക് നീണ്ടു... അതാ തന്റെ വീട് വൈധ്യുതി വെളിച്ചത്തിൽ വിളങ്ങി നിൽക്കുന്നു. എല്ലാവരും നല്ല ഉറക്കത്തിലാവണം. മരകൂട്ടങ്ങൾക്ക് ഇടയിലൂടെ വീടിനെ നോക്കിക്കാണാൻ നല്ല ഭംഗിയുണ്ട്. നിരാശയോടെ, കുറ്റബോധത്തോടെ, നഷ്ടബോധത്തോടെ എല്ലാം അയാൾ മെല്ലെ തിരിച്ചു നടന്നു.
നാടുവിട്ടുപോയതിനു ശേഷം എത്രയോ തവണ അയാൾ തന്റെ നാട്ടിലൂടെ ലോറിയിലും മറ്റുമായി കടന്നുപോയിട്ടുണ്ട്. അപ്പോഴെല്ലാം എത്രമാത്രം ആഗ്രഹിച്ചിരുന്നു ഈ മണ്ണിലൊന്ന് കാലുകുത്താൻ, ഇതുപോലെ ശുദ്ധവായു ശ്വസിച്ചുകൊണ്ട്... നിലാവ് നനഞ്ഞുകൊണ്ട് വെറുതേ നടക്കാൻ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞില്ല.ഇന്നിതാ ഇരുളിന്റെ മറവിൽ അയാൾ തന്റെ ആഗ്രഹങ്ങൾ നിറവേറ്റിയിരിക്കുന്നു. പൂര്ണമായല്ലെങ്കിൽ പോലും...നിറമിഴികൾ തുടച്ചുകൊണ്ട് അയാൾ വേഗം തിരികേ നടന്നു. പുലരും മുൻപ് ഗ്രാമം വിടാനായി.
രാത്രി വണ്ടി ബെല്ലടിച്ചു മുന്നോട്ട് നീങ്ങവേ അയാൾ വേദനയോടെ മനസ്സിൽ ചിന്തിച്ചു. ഇനി എന്നാണ് ഇതുപോലെ ഈ നാട്ടിലേയ്ക്ക് ഒരു മടങ്ങിവരവ്. അറിയില്ല... ഒന്നും പറയാനാവില്ല... ആ മിഴികൾ നിറഞ്ഞുതൂവി.