സന്ധ്യമയങ്ങിക്കഴിഞ്ഞിട്ടും ഭർത്താവ് വന്നണയാഞ്ഞപ്പോൾ അവൾ പൂമുഖ വാതിൽ തുറന്നുകൊണ്ട് ദൂരേയ്ക്ക് മിഴികൾ പായിച്ചു. തുറന്ന വാതിൽപ്പാളികൾക്കിടയിലൂടെ നോക്കിയപ്പോൾ ഒരിക്കൽക്കൂടി ആ കാഴ്ച കണ്ടു...
തൊട്ടടുത്ത വീട്ടിൽ ജനാലയ്ക്കരികിൽ അയാൾ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു.
ഇന്ന് പകലാണ് അയാൾ വീട്ടിൽ തിരികേ എത്തിയത്. എവിടെയൊക്കെയോ ഉള്ള അലച്ചിലിനുശേഷം മാസങ്ങൾ കഴിഞ്ഞുള്ള തിരിച്ചുവരവ്. ഏതാനും മാസം മുൻപ് അവസാനമായി കണ്ടുപിരിഞ്ഞപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ് ഇനിയൊരിക്കലും അയാളെ കാണരുതെന്നും, സംസാരിക്കരുതെന്നും. എന്നിട്ടും കഴിഞ്ഞില്ല... ഒരുപാട് കാലങ്ങൾക്ക് ശേഷം തിരിച്ചെത്തിയ അയാളോട് ഇന്നും ഒരുപാട് സംസാരിച്ചു, സങ്കടങ്ങൾ പങ്കുവെച്ചു...
അപ്പോഴെല്ലാം ചെയ്യുന്നത് തെറ്റാണെന്ന ബോധം മനസ്സിൽ നിറഞ്ഞുനിന്നു.അതോടൊപ്പം തന്നെ നശിച്ചുപോയ സ്വന്തം ജീവിതത്തിന്റെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് ഓടിയെത്തുകയും ചെയ്തു .പത്താം ക്ലാസിൽ തോറ്റതോടെ പഠിപ്പുനിറുത്തി കൂട്ടുകാരിയോടൊത്തു തയ്യൽ ക്ലാസിൽ പോകുന്ന കാലം.
ഒരുനാൾ തയ്യൽപഠനം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഡ്രൈവറായ അച്ഛനൊപ്പം വീടിന്റെ പൂമുഖത്തിരുന്ന് സംസാരിക്കുന്ന അപരിചിതരായ രണ്ടുപേരെ കണ്ടു. ആരാണ് അതിഥികൾ എന്നറിയാനുള്ള അകാംഷ മനസ്സിൽ മുളപൊട്ടിയെങ്കിലും അതിഥികളുടെ മുഖത്ത് ഒന്ന് നോക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മെല്ലെ വീടിനുള്ളിലേയ്ക്ക് ഓടിക്കയറി. മുറിയിലെത്തി ഡ്രസ്സ്‌മാറി അമ്മയുടെ അടുക്കലേയ്ക്ക് ചെല്ലുമ്പോൾ... പെട്ടെന്ന് പിന്നാലെ വന്ന് അച്ഛൻ പറഞ്ഞു.
"നീ വേഗം ഒന്ന് റെഡിയാക്. അവർ വന്നിരിക്കുന്നത് നിന്നെ കാണാനാണ്... ഞാൻ പറയാറില്ലേ ഞാൻ വണ്ടിയോടിക്കുന്ന കമ്പനിയിലെ ഡ്രൈവറായ ചെറുപ്പക്കാരനെ കുറിച്ച്.? അവനും സുഹൃത്തുമാണ് പുറത്തുവന്നിരിക്കുന്നത്. നിന്നെ പെണ്ണുകാണാൻ."
ഒരുമാത്ര അച്ഛന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചുപോയി. എങ്കിലും ഭയംകൊണ്ട് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. മുഖമൊന്നു കഴുകിയിട്ട് നല്ലൊരു ചുരിദാറെടുത്തണിഞ്ഞുകൊണ്ട് ചായയുമായി പൂമുഖത്തേയ്ക്ക് നടന്നു.
ഒറ്റനോട്ടത്തിൽ തന്നെ ആളെ ഇഷ്ടമായില്ല. വൃത്തിയും വെടിപ്പുമില്ലാത്ത വസ്ത്രധാരണം. എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന മുടിയിഴകൾ. ലഹരിബാധിച്ച കണ്ണുകൾ... ചായ കൊടുക്കുംനേരം വല്ലാത്തൊരു ഭാവത്തിൽ അയാൾ അവളെ നോക്കി ചിരിച്ചു.
തിരികെ അടുക്കളയിലെത്തി അമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് പൊട്ടികരഞ്ഞുപറഞ്ഞു...
"എനിക്ക് ഈ കല്യാണം വേണ്ട... അയാളെ ഒട്ടും ഇഷ്ടമായില്ല."
പക്ഷേ, അച്ഛന്റെ ഭീഷണിക്കുമുന്നിൽ... അതിലുപരി നാല് പെണ്മക്കളിൽ ഒരാൾക്കെങ്കിലും മംഗല്യം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന അമ്മയ്ക്ക് ആ അവസ്ഥയിൽ ഒരിക്കലും സ്വാന്തനം പകരുവാൻ കഴിയുമായിരുന്നില്ല.
ഏതാനും ദിവസം ഒറ്റയ്ക്കിരുന്ന് ഇഷ്ടമില്ലാത്ത വിവാഹത്തെ മനസ്സിലാർത്ത് ... അതുവരെ കണ്ട സ്വപ്നങ്ങളൊക്കെയും അസ്തമിച്ചതോർത്ത് പൊട്ടിപ്പൊട്ടി കരഞ്ഞു. ഒരുമാസം... അതിനുള്ളിൽ വിവാഹം കഴിഞ്ഞു.
ഒരു കൊച്ചുവീട്ടിൽ ഒരുപാട് അംഗങ്ങൾക്കൊപ്പം ഒറ്റക്കായതുപോലെ ഒരു ജീവിതം... ഭർത്താവ് രാവിലേ പോയിക്കഴിഞ്ഞാൽ പിന്നെ ഒരു ജോലിക്കാരിയെപ്പോലെ പാത്രങ്ങളുടെയും, അഴുക്ക് വസ്ത്രങ്ങളുടെയും ഇടയിലുള്ള ജീവിതം. പലപ്പോഴും രാത്രികാലങ്ങളിൽ ഭർത്താവ് ജോലി കഴിഞ്ഞ് എത്തിയാൽ ആയി. ദിവസങ്ങൾ കടന്നുപോയിട്ടും ഒരു ഭർത്താവിന്റെ സ്നേഹമോ, സഹകരണമോ ഒന്നും തന്നെ ഭർത്താവിൽ നിന്ന് അനുഭവിച്ചറിയാൻ അവൾക്കായില്ല.ദിവസങ്ങൾ കടന്നുപോയിട്ടും ഒരു അമ്മയാകാൻ അവൾക്ക് കഴിഞ്ഞില്ല.
എന്തൊക്കെ സഹിക്കുമ്പോഴും, കണ്ണീരോടെ ഉറക്കമില്ലാതെ കിടക്കുമ്പോഴുമെല്ലാം അവൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഒരു അമ്മയാകാനുള്ള ആഗ്രഹം... ഒരു കുഞ്ഞിന് ജന്മം നൽകാനായി അവൾ ഒരുപാട് കൊതിച്ചു. പക്ഷേ, വൈകി അവൾ മനസ്സിലാക്കി ഭർത്താവിന് തനിക്കൊരു കുഞ്ഞിനെ നൽകാനുള്ള ശേഷിയില്ലെന്ന്.
ആ കൊച്ചുവീടിന്റെ അകത്തളത്തിലെ നരകിച്ചുള്ള ജീവിതം തന്റെ സമനില തെറ്റിക്കുമെന്നുപോലും അവൾക്ക് തോന്നി. ആ വീർപ്പുമുട്ടലിൽ നിന്നും ഒന്ന് രക്ഷപെട്ടെങ്കിൽ എന്നവൾ വല്ലാതെ ആഗ്രഹിച്ചു. ഒരു വാടകവീടെടുത്തു മാറാൻ അവൾ ഭർത്താവിനോട് പറഞ്ഞു. അതുവഴി അയാളെയും മാറ്റിയെടുക്കാമെന്ന് അവൾ ആഗ്രഹിച്ചു...
പക്ഷേ, അവളുടെ ആവശ്യം ഭർത്താവിന് ഇഷ്ടമായില്ല.
"നിനക്ക് സൗകര്യമുണ്ടെങ്കിൽ ഇവിടെ ജീവിക്കാം. ഇല്ലെങ്കിൽ പൊറുതിമതിയാക്കി നിന്റെ വീട്ടിൽ പൊക്കോ..." അയാൾ തീർത്തുപറഞ്ഞു.
വീണ്ടും സങ്കടത്തിന്റെ ദിനങ്ങൾ. തന്റെ യുവത്വം, മാതൃത്വം എല്ലാം ആ കൊച്ചുകൂരയ്ക്കുള്ളിൽ... നാല് ചുവരുകൾക്കുള്ളിൽ പെട്ട് നശിച്ചുപോവുകയെ ഉള്ളൂ... ഒരിക്കലും സ്നേഹം, സുഖം ഇതൊന്നും അറിഞ്ഞുകൊണ്ടൊരു ജീവിതം തനിക്ക് ഒരിക്കലും ഉണ്ടാവുകയില്ല... രാത്രി നിലത്തുവിരിച്ച പായയിൽ ജനാലക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചത്തെ നോക്കി നെടുവീർപ്പോടെ അവൾ കിടക്കും. കണ്ണുനീർ തുള്ളികൾ അപ്പോഴെല്ലാം തലയണയിൽ നനവ് തീർത്തുകൊണ്ടിരിക്കും.
ചിലതെല്ലാം സംഭവിക്കുന്നത് അപ്രതീക്ഷിതമായിരിക്കും. അങ്ങനൊന് അവളുടെ ജീവിതത്തിലും സംഭവിച്ചു... ഭർത്താവ് ജോലി ചെയ്തുകൊണ്ടിരുന്ന വണ്ടിയിൽ ജോലി നഷ്ട്ടപ്പെട്ടു. പുതുതായി ജോലി കിട്ടിയത് കുറച്ചു ദൂരെയാണ്. നിത്യവും പോയി വരിക ബുദ്ധിമുട്ടാവും. അങ്ങനെ ഭാര്യയെയും കൂട്ടി ജോലി സ്ഥലത്ത് ഒരു കൊച്ചു വീട് വാടകക്കെടുത്ത് താമസമാക്കാൻ അയാൾ തീരുമാനിച്ചു. അങ്ങനെ സന്തോഷത്തോടെ അന്ന് ഇവിടേയ്ക്ക് യാത്രയായതാണ്. പക്ഷേ, അവൾ ഒരു നെടുവീർപ്പ് ഉതിർത്തു.
വീണ്ടും അവൾ വിദൂരതയിലേയ്ക്ക് മിഴികൾ പായിച്ചു. ഇന്നും ഭർത്താവ് വരുന്നില്ലെന്ന് അവൾക്ക് തോന്നി. വരുന്നില്ലെങ്കിൽ ആ വിവരം ഒന്ന് അറിയിക്കാൻ വിളിച്ചു പറയുകയോ... വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യില്ല. കൂടുതൽ വിളിച്ചാൽ തെറിയാകും പിന്നെ കേൾക്കേണ്ടി വരിക.
"എന്താടി നിനക്ക് തന്നെ കിടന്നാൽ... ആരും നിന്നെ പിടിച്ചിക്കൊണ്ടൊന്നും പോകില്ല... നിനക്കായിരുന്നല്ലോ ഒറ്റയ്ക്ക് താമസിക്കാൻ കൊതി... എന്നിട്ടിപ്പോൾ..."അയാൾ അവൾക്കുനേരെ ശബ്‍മുയർത്തും.
ഒരിക്കൽക്കൂടി അവൾ തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് മിഴികൾ പായിച്ചു. അതാ ജനാലയ്ക്കരികിൽ തനിക്ക് കാവലാൾ എന്നതുപോലെ... ഉറക്കമൊഴിഞ്ഞ് അയാൾ കാത്തിരിക്കുന്നു.
അയാൾ തന്റെ ആരാണ്...അറിയില്ല... ഒന്നുമാത്രം അറിയാം അയാൾ തന്നെ സ്നേഹിക്കുന്നു. ആത്മാർത്ഥമായി... എത്രയോ തവണെ അയാൾ തന്നോട് ആ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുന്നു.
"പ്രിയാ ... നിന്നെ എനിക്ക് എത്രമാത്രം ഇഷ്ടമാണെന്നോ... നിന്റെ ഈ സൗന്ദര്യവും, നിസ്സഹായതയും, നരകിച്ച ജീവിതവും, രാപ്പകലുള്ള ഏകാന്തതയും, ഒറ്റപ്പെടലുമെല്ലാം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു... നിന്നെ തഴുകി എന്റെ മുന്നിലൂടെ കടന്നുപോകുന്ന കാറ്റിനുപോലും നിന്റെ കണ്ണുനീരിന്റെ നൊമ്പരങ്ങളുടെ ഗന്ധമാണ്. എന്തിനാണ് ഇങ്ങനെ വേദന തിന്നു ജീവിക്കുന്നത്... വന്നുകൂടെ എന്റെ കൂടെ... നമുക്ക് എവിടേക്കെങ്കിലും ഓടിപ്പോകാം..."ഒരിക്കൽ അയാൾ പറഞ്ഞു.
പലകുറി അവളുടെ മനസ്സും അയാളുടെ ആ സ്നേഹത്തിനായി കൊതിച്ചുപോയിട്ടുണ്ട്... ആ സൗന്ദര്യത്തിന്റെ,സ്നേഹം പകരുന്ന വാക്കുകളുടെ മാസ്മരികതയിൽ അലിഞ്ഞു പോയിട്ടുണ്ട്... ആ കരുത്താർന്ന നെഞ്ചിൽ പറ്റിച്ചേരാൻ കൊതിച്ചിട്ടുണ്ട്... എന്നിട്ടും... തെറ്റാണെന്ന ദാരണ, ഭർത്താവിനെ മറന്നുകൊണ്ട് അയാളെ സ്നേഹിക്കാനുള്ള മനസ്സ്...അതെല്ലാം അയാളിലേയ്ക്ക് ഒരു വള്ളിയായി പടർന്നുകയറുന്നതിൽ നിന്നും അവളെ അകറ്റി. കടുത്തവേനലിൽ ഒരുതുള്ളി വെള്ളത്തിനായി ദാഹിച്ചുവലയുന്ന ഭൂമികണക്കെ ഭർത്താവിന്റെ ഒരിക്കലും കിട്ടാത്ത സ്നേഹത്തിനായി വീണ്ടും അവൾ കാത്തിരുന്നു.
ഒടുവിൽ അയാൾ യാത്രപറഞ്ഞു പോയ്‌കഴിഞ്ഞപ്പോൾ അയാളെക്കുറിച്ചോർത്ത് അയാളുടെ സ്നേഹം നിരസിച്ചതോർത്ത് അവൾ നഷ്ടബോദത്തോടെ കണ്ണുനീർ വാർത്തു.
"പ്രിയനേ ... എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ പാകിയവനെ... സ്നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്നവനെ... എനിക്കും ഭർത്താവിനും ഇടയിൽ നീ ആരായിരുന്നു എന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷേ, ഒന്നുമാത്രം അറിയാം... നിന്നെ കണ്ടനാൽ മുതൽ, പരസ്പരം അടുത്തറിഞ്ഞ നിമിഷം മുതൽ... ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ സാമീപ്യത്തിനായി കൊതിക്കുന്നു... ഒരിക്കലും നിന്റെ സ്വന്തമാവാൻ... കഴിയില്ലെന്ന് അറിയാം എന്നിട്ടും നിന്റെ സ്നേഹം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. നീ എന്നെ പ്രണയത്താൽ ഭ്രാന്തിയാക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞജന്മത്തിൽ നീ ഒരു പക്ഷേ, എന്റെ ആരൊക്കെയോ ആയിരുന്നിരിക്കാം. എന്നോട് ക്ഷമിക്കൂ... നിനക്കൊപ്പം വരാൻ, നിന്നിൽ അലിഞ്ഞുചേരാൻ... പ്രണയത്തിന്റെ തീരങ്ങൾ തേടി കൈപിടിച്ച് യാത്രയാവാൻ എനിക്ക് കഴിയുന്നില്ല.എന്റെ അധൈര്യം എന്നെ അതിന് അനുവദിക്കുന്നില്ല. എന്നോട് ക്ഷമിക്കൂ..."അവളുടെ മിഴികൾ നിറഞ്ഞുതൂവി.
"പ്രിയനേ ... എന്തിനാണ് നീ ഒരിക്കൽക്കൂടി എന്റെ മനസ്സിലേയ്ക്ക്,കണ്മുന്നിലേയ്ക്ക് തീരാ പ്രണയവുമായി കടന്നുവന്നത്.?ഞാനെന്നും സങ്കടങ്ങളുടെ ആഴക്കടലിൽ അടയ്ക്കപ്പെട്ടവളാണ്.എന്റെ വഴികളിൽ ഒരിക്കലും പ്രണയത്തിന്റെ പൂക്കൾ വിടരില്ല... ഒരു പുരുഷനെ ഇനിയും പ്രണയിക്കാനുള്ള കഴിവ്,നീ പകൽ ആവശ്യപ്പെട്ടതുപോലെ നിന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് വരാനുള്ള കഴിവ് എല്ലാം എനിക്ക് നഷ്ടമായിരുന്നു."അവളുടെ ചുണ്ടുകൾ വിറകൊണ്ടു.
ഒറ്റപ്പെട്ടുപോയ അവളുടെ മനസ്സിന് ഒറ്റപ്പെട്ടുപോയ അയാൾ സ്വാന്തനം പകർന്നു... വേദന നിറഞ്ഞ ജീവിതത്തിൽ നിന്നും അവളെ രക്ഷിക്കാൻ അയാൾ ആഗ്രഹിച്ചു. അവളുടെ ഓരോ ദിനങ്ങൾക്കും അയാളുടെ പ്രാർത്ഥനയുടെ കാവലുണ്ടായിരുന്നു. എന്നിട്ടും അയാൾക്കൊപ്പം പോകാൻ... വേദനകൾ മാത്രം പകരുന്ന ഭർത്താവിനെ ഒഴിവാക്കിപ്പോകാൻ അവൾക്ക് മനസ്സുവരുന്നില്ല.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരിക്കൽക്കൂടി അവളോട് യാത്രപറഞ്ഞുകൊണ്ട് അയാൾ പോകാനൊരുങ്ങുമ്പോൾ... അവൾ മെല്ലെ പറഞ്ഞു.
"പ്രിയനേ ... ഞാനെന്റെ ജീവനേക്കാളേറെ നിന്നെ സ്നേഹിക്കുന്നു... എന്റെ ഭർത്താവിനേക്കാൾ അധികം നിന്നെ മനസ്സിലാക്കുന്നു. എനിക്ക് നിന്നോടുള്ള സ്നേഹത്തിന് എന്ത് പേരിടണമെന്നറിയില്ല...സമൂഹം ഒരു പക്ഷേ,ഇതിന് അവിഹിതമെന്നോ മറ്റോ വിളിച്ചേക്കാം... പക്ഷേ, എനിക്കുറപ്പുണ്ട് നമ്മുടെ പ്രേമം പവിത്രമാണെന്ന്.ഇതാണ് യഥാർത്ഥ സ്നേഹമെന്ന്... നീ എന്നെ വിട്ടുപോകുന്ന ഈ നിമിഷം മുതൽ എന്റെ ജീവിതവസാനം വരെ ഈ പ്രണയം ഇങ്ങനെ നിലനിൽക്കും. നീ എനിക്കെന്നും സ്വന്തമാക്കാൻ കഴിയാത്തൊരു നിധിയായിരിക്കും. തിരിച്ചും അങ്ങനെയാവട്ടെ..."അവൾ അവനെ യാത്രയാക്കി.
അവളുടെ സ്നേഹത്തിന്റെ ആഴം ഒരിക്കൽക്കൂടി അടുത്തറിഞ്ഞിട്ടും, ആ പരിമളം അനുഭവിച്ചിട്ടും, അവളെന്നെ പുഷ്പത്തെ സ്വന്തമാക്കാൻ കഴിയാതെ... ഇനിയും അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, അടങ്ങാത്ത പ്രണയത്തിന്റെ ചൂട് പകർന്നുനൽകിയിട്ട് അയാൾ വീണ്ടും യാത്രതുടർന്നു.
ചിലപ്പോഴെല്ലാം ജീവിതം ഇങ്ങനെയാണ്. എത്രയൊക്കെ വേദനകൾ അനുഭവിക്കുമ്പോഴും അതെല്ലാം ഇട്ടെറിഞ്ഞുകൊണ്ട്... തനിക്കായി കാത്തിരിക്കുന്ന നല്ലതിനെ സ്വീകരിക്കാൻ പലതുകൊണ്ടും മനുഷ്യർക്ക് കഴിയാറില്ല.