നെറുകയിൽ ശക്തിയായി എന്തോ വന്നു വീണപ്പോൾ അത് അവിടം നന്നായി പൊള്ളിച്ചു. ആ പൊള്ളലിന്റെ കാഠിന്യം ശരീരത്തെ ആകെ ഉലച്ചു കളഞ്ഞു എന്ന് മനസ്സിലായത് ഉറക്കം വിട്ട് കണ്ണുകൾ തുറന്നപ്പോഴാണ്, സ്വപ്നം... എണീറ്റിരുന്ന ദിവ്യ തിണർത്തുതുടങ്ങിയ കവിളിലെ പാടിലൂടെ വിരലോടിച്ചു... അടുക്കള സ്ലാബിന്റെ ഒരു ഭാഗത്ത് ബെഞ്ചിലാണ് കിടക്കുന്നത്.
പെട്ടന്ന് ഓർമ്മകളിൽ ഒന്നും തെളിഞ്ഞില്ല. നെറുകയിലെ പൊള്ളലിന്റെ ചൂട് വീണ്ടും അവളെ വേദനിപ്പിച്ചു, വിരലുകൾകൊണ്ടു തൊട്ടു നോക്കുവാൻ മടി തോന്നി... ഇടത് കൈയ്യിൽ ഒടിഞ്ഞുതൂങ്ങിയ സ്വർണവള തൊലി തുളച്ചു രക്തം ഉണങ്ങിപ്പിടിച്ചിരുന്നു. നിലത്ത് കിടന്ന മൊബൈൽ എടുത്ത് സമയം നോക്കുമ്പോൾ ആറുമണി കഴിഞ്ഞിരുന്നു.
ലോക്ക് മാറ്റുമ്പോൾ വിവാഹ വേഷത്തിൽ കണ്ട തന്റെ ഫോട്ടോയിലേക്ക് കൗതുകത്തോടെ നോക്കി... സെറ്റും മുണ്ടുമുടുത്ത് നിൽക്കുന്ന താൻ, മെലിഞ്ഞിട്ട് സുന്ദരിയായി, ഇപ്പോഴത്തെ ദിവ്യയുമായി ഒരു ബന്ധവുമില്ല. ചീർത്തു തൂങ്ങിയ ശരീരഭാഗങ്ങൾ തന്റെ മകന്റെ ജനനത്തിന്റെ അടയാളങ്ങളാണ്... കൂടെ നിൽക്കുന്ന മെലിഞ്ഞ സുന്ദരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് തൊണ്ട കയ്ച്ചു...
ഭർത്താവ്!! ശരീരത്തെ മാത്രം കാമിക്കാൻ താല്പര്യപെടുന്ന അയാളെപ്പറ്റി ഓർക്കുമ്പോൾ വീണ്ടും നെറുകയിലെ പൊള്ളിയടർന്ന ഭാഗത്ത് രക്തം കിനിയാൻ തുടങ്ങി... താല്പര്യം തോന്നുന്നില്ലത്രെ കാണാനും മിണ്ടാനും കാമിക്കാനും, അതിന് വേറെ വടിവൊത്ത ഇളം ചൂട് കിട്ടി... രസമുകുളങ്ങൾ പൊട്ടി കായ്കൾ വളരുന്നു... മൊബൈലിൽ കണ്ട മെസ്സേജും ഫോട്ടോകളും തന്റെ കവിളിലെ പാടും നെറുകയിലെ പൊള്ളിയടർന്ന ചൂടും സമ്മാനിച്ച തലേ രാത്രി പതിയെ തെളിഞ്ഞു തുടങ്ങി...
എണീറ്റ് നടക്കുമ്പോൾ ശരീരത്തിന്റെ ബാലൻസ് നഷ്ടപെടുന്നപോലെ, തലയ്ക്ക് വല്ലാത്ത ഭാരം, പുറത്ത് കിളികൾ ചിലച്ചു തുടങ്ങി, ആരോരുമില്ലാത്ത ജന്മങ്ങൾ സ്വയം ഇരതേടി കഴിഞ്ഞുകൂടുന്ന കാലം അകലെയല്ല. ജീവികളും പക്ഷികളും കാണിക്കുന്ന ധൈര്യം അവരേക്കാൾ ആയുസ്സും ആരോഗ്യവുമുള്ള മനുഷ്യൻ കാണിക്കുന്നില്ല. ലജ്ജാവഹം. ദിവ്യയ്ക്ക് പുച്ഛം തോന്നി.
മുടിവാരിക്കെട്ടി അടുക്കളയിലേക്ക് കയറി ഒരു ചായ കുടിക്കാൻ തോന്നി. ഉഷാറാവട്ടെ. നെറ്റിയിലെ പൊള്ളൽ ഇടയ്ക്കിടെ വിങ്ങലോടെ എന്തൊക്കയോ ഓർമ്മപ്പെടുത്താൻ ശ്രമിക്കുന്നു.
അരുൺ ഉണർന്നെണീക്കുമ്പോൾ കിടക്കയിൽ ദിവ്യ ഇല്ല, തൊട്ടിലിൽ കുഞ്ഞും. മൊബൈൽ തുറന്നതും ശബ്ദമാധുര്യം കലർന്ന ശുഭദിന സന്ദേശങ്ങൾ അയാളുടെ മനസ്സ് കുളിർപ്പിക്കാൻ തുടങ്ങി. കൈവിരലുകൾ തീർത്ത അക്ഷരക്കൂട്ടുകൾ അമൃത് പോലെ സ്വീകരിക്കപ്പെട്ടു. അതിന്റെ മായാജാലം അവന്റെ ശരീരം മുഴുവനും വ്യാപിച്ചു. വാതിൽ തുറക്കപ്പെട്ടതും അയാളുടെ വിരലുകൾ നിശ്ചലമായി മുഖത്ത് കൃത്രിമമായി ഗൗരവം രൂപപ്പെട്ടു.
"ചായ..."
ചായക്കപ്പ് വാങ്ങുമ്പോഴും കുടിക്കുമ്പോഴും അവനവളെ നോക്കിയില്ല. തോളിൽ കിടന്ന കുഞ്ഞ് ഒന്ന് ഞരങ്ങി.
"ദിവ്യ നമുക്ക് പിരിയാം. മോനെ എനിക്ക് വേണം."
പൊള്ളായായ വാക്കുകൾ തനിക്ക് നേരെ നീട്ടിയ അരുണിനെ നോക്കുമ്പോൾ അവൾക്ക് ചിരിയാണ് വന്നത്.
"പിരിയാം..."
മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ അവൻ ചുമയ്ക്കുന്നത് കേട്ടു. പിരിയാം അരുൺ, ഇനി ചേർന്നിട്ടെന്താ കാര്യം. ഇനി നമ്മൾ ഒരിക്കലും കാണില്ല. ചുണ്ടിൽ ഊറിക്കൂടിയ ചിരിയോടെ കുഞ്ഞിനെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് ആ വീട് വീട്ടിറങ്ങി. എന്തെ മനുഷ്യൻ മറ്റ് ജീവികൾ കാണിക്കുന്ന ധൈര്യം കാണിക്കാത്തത്? പ്രകൃതി ആസ്വദിച്ചു ജീവിതം ജീവിതമാക്കി ജീവിച്ചു ചാകുന്ന അവരാണ് ഭാഗ്യം ചെയ്തവർ.
അകത്ത് അരുണിന്റെ ചുമ ആരുണാഭമായി ദേഹിയെ ചുറ്റിപ്പിടിച്ചു കഴിഞ്ഞിരുന്നു. ദിവ്യ നെറ്റിയിലെ പൊള്ളിയ പാടിലൂടെ വിരലോടിച്ചു, അതിന്റെ ചുവപ്പ് മാഞ്ഞു തുടങ്ങിയിരുന്നു.