"ആനി.... ഇതെന്തൊരു കിടപ്പായിത്... സമയം എത്രയായി എന്നറിയോ... എനിക്കിന്ന് ഡ്യൂട്ടിയുണ്ടെന്നും 8.30 ന് പോണമെന്നും നിനക്ക് അറിയാവുന്നതല്ലേ..??? "...
'സോറി ഇച്ചായാ... തലയ്ക്കു വല്ലാത്തൊരു വേദനപോലെ... അതാ ഞാൻ... '
"ഓ... ഇന്ന് തലവേദന ആണോ.... !!!!"
'ഇച്ചായാ... '
"അല്ല... കഴിഞ്ഞ ആഴ്ച വയറുവേദന ആയിരുന്നു.... ഇന്ന് തലവേദന..
ഇങ്ങനെ കിടന്നു വിശ്രമിക്കുവാനായിരുന്നുവെങ്കിൽ നീ എന്തിനാ കല്യാണത്തിന് സമ്മതിച്ചേ... വെറുതെ എന്റെ ജീവിതം കൂടി നശിപ്പിക്കാൻ അല്ലെ... "
'ഇച്ചായാ... ഞാൻ.... '
"നീ ഒന്നും പറയണ്ട.... നിനക്ക് എന്നും ഓരോ വേദനകൾ എന്നുപറയുമ്പോ അടുത്തിരുന്നു കൊഞ്ചിക്കാൻ വേറെ ആളെ നോക്കിക്കോണം... എനിക്ക് നേരമില്ല.... "
ടോമിന്റെ സംസാരം കേട്ട് ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്താടാ.... ഇവിടെ ഒരു ബഹളം.... "
ഇച്ചായന്റെ അമ്മയാണ്.... ആനി ഞെട്ടി എണീക്കാൻ ശ്രമിച്ചു പക്ഷെ, അവൾക്ക് തലയ്ക്ക് ശക്തമായ വേദന കാരണം അവൾ വേച്ചു വീണുപോയി.
"എന്താടാ.... നിന്റെ കെട്ടിലമ്മയ്ക്ക് ഇതുവരെ നേരം വെളുത്തില്ലേ. "
"ഇല്ലമ്മേ അവൾക്ക് തലവേദനയാണെന്ന്... "
"ഓ.... നിന്റെ കെട്ടിലമ്മയ്ക്ക് ഇന്നും വേദനയാണോ... "
മാറിയാമ്മ ചേടത്തി പരിഹാസച്ചിരിയോടെ ചോദിച്ചു...
"മം.... താങ്ങാൻ ആളുണ്ടാവുമ്പോ വേദനയും കൂടും.... ഇവിടിപ്പോ ഞാനുണ്ടല്ലോ ല്ലേ.... എന്റെ കർത്താവേ.... മകൻ കെട്ടിക്കഴിയുമ്പോഴെങ്കിലും കുറച്ചു വിശ്രമിക്കാം എന്ന് കരുതിയതാ... ഇതിപ്പോ അവൾക്കും കൂടി വച്ചു വിളമ്പേണ്ട ഗതി ആണ്... ഒന്നും ചെയ്യാതെ അനങ്ങാപ്പാറ പോലെ ഇരിക്കുവാനുള്ള അവളുടെ അടവാ ഈ വേദനകൾ ഒക്കെ... അവൾക്കെന്നാ അടവെടുക്കാലോ... വച്ചു വിളമ്പാനും, വിഴുപ്പലക്കാനും, കുഞ്ഞിനെ നോക്കാനുമൊക്കെയായി വേലക്കാരിയെപ്പോലെ ഞാനൊരാൾ ഇവിടെ ഉണ്ടല്ലോ.... ദേ... ടോമേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... എനിക്ക് വയ്യ... ഇവളുടെ വേലക്കാരിയായി ഇവിടെ കിടന്നു കഷ്ടപെടാൻ..."
'അമ്മേ.... '
നിറഞ്ഞ കണ്ണുകളോടെ, ഇടറിയ ശബ്‌ദത്തിൽ ആനി വിളിച്ചു....
'അമ്മേ... എനിക്ക്.. എനിക്കിന്ന് തീരെ വയ്യാഞ്ഞിട്ടാ ഞാൻ.... ഇതിപ്പോ കുറച്ചായി ഈ തലവേദന എന്നെ ശല്യം ചെയ്യുന്നു . ഇതുവരെ ഞാൻ പറഞ്ഞില്ലല്ലോ എന്നും രാവിലെ ഉണരുമ്പോഴേ വേദനയ്ക്കുള്ള ഗുളിക കഴിച്ചിട്ടാ ഞാൻ അടുക്കളയിൽ കയറുന്നത്. കഠിനമായ തലവേദനയും തലകറക്കവും പലതവണ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷെ.... പക്ഷെ അതൊന്നും ഞാൻ ആരെയും അറിയിക്കാതെ ഇവിടുത്തെ എല്ലാ പണികളും ചെയ്തിട്ടുണ്ട്. ഇന്നിപ്പോ എനിക്ക് തീരെ സഹിക്കാൻ മേലാത്തത് കൊണ്ടാ എണീക്കാഞ്ഞത്. '
"ഓ..... നി ഇവിടെ പണി എടുക്കുന്നതിന്റെ കണക്ക് പറയുവാണോ. "
'ഞാൻ.... ഞാൻ കണക്ക് പറഞ്ഞതല്ലമ്മേ.... ഇന്ന് ഒരുദിവസം ഞാൻ ഉണരാത്തത് കൊണ്ടല്ലേ ഞാൻ ഇതൊക്കെ ഇപ്പൊ കേൾക്കേണ്ടി വന്നത്. തല പൊട്ടിപ്പോളിയുന്നുണ്ടെനിക്ക്. സങ്കടം സഹിക്കാൻ മേലത്തതുകൊണ്ട് പറഞ്ഞ് പോയതാ .. :
"ആനി.... മതി.... നിർത്ത് ... നി... നി... ആരോടാ ഈ പറയുന്നത്..... ഇത്... ഇതെന്റെ അമ്മയാണ്.... ന്റെ അമ്മയോട് തർക്കുത്തരം പറയാറായോ നി. "
'ഇച്ചായാ .... ഞാൻ... '
"വേണ്ട... ഒന്നും പറയണ്ട... എനിക്ക് ഒന്നും കേൾക്കുകയും വേണ്ട... "
"അമ്മേ... ഞാൻ ഇറങ്ങുന്നു.... "
"അയ്യോ മോനെ... ഫുഡ്.... "
"ഞാൻ കഴിച്ചില്ലങ്കിലും ഇവിടെ ഉള്ളവർക്ക് കുഴപ്പമില്ലല്ലോ. "
"മോനെ... നിക്കെടാ... അമ്മ ഇപ്പൊ ചോറ് കെട്ടിത്തരാം. ഇനി മുട്ടകൂടി പൊരിച്ചെടുത്താൽ മതി.. ...... "
"വേണ്ടമ്മേ... ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം..... "
"എടാ മോനെ... അത്... "
"വേണ്ടമ്മേ ഞാൻ ഇറങ്ങുന്നു... ഇപ്പൊ തന്നെ സമയം വൈകി. "
ദേഷ്യത്തിൽ ആനിയെ നോക്കി അവളോട് ഒന്ന് യാത്രപോലും പറയാതെ ടോം ഓഫീസിലേക്ക് പോയി.
"നിനക്കിപ്പോ സമാദാനം ആയിലോ ല്ലേ... ന്റെ മോൻ പട്ടിണി പോയപ്പോ തൃപ്തി ആയല്ലോ നിനക്ക്.. അവൻ പട്ടിണി കിടന്നാൽ നിനക്കെന്താ ല്ലേ... നിനക്ക് നിന്റെ ഉറക്കമല്ലേ വലുത്... നി സ്വസ്ഥമായി കിടന്നുറങ്ങിക്കോ.... "
മാറിയാമ്മ ചേടത്തി ആനിയെ പ്രാകിക്കൊണ്ട് അവിടെ നിന്നും പോയി. ആനി നിറഞ്ഞ കണ്ണുകളോടെ കട്ടിലിലേക്കിരുന്നു. അവളുടെ ഓർമ്മകൾ പഴയ കാലത്തേക്ക് സഞ്ചരിച്ചു.... അവരുടെ പ്രണയകാലത്തേക്ക്...
ആരും കണ്ണു വച്ചുപോകുന്ന രീതിയിലുള്ള പ്രണയമായിരുന്നു അവരുടേത്. കോളജിലെ ഇടനാഴികളും പൂന്തോട്ടവും അവരുടെ പ്രണയത്തിന് സാക്ഷികളായിരുന്നു. കോളജ് ഗ്രൗണ്ടിലെ ഓരോ മണൽത്തരിക്ക് പോലും അവരുടെ പ്രണയത്തെ അസൂയയായിരിക്കണം. അത്രയ്ക്കും പവിത്രമായിരുന്നു ആ പ്രണയം.... പ്രണയകാലത്തിൽ ഒരിക്കൽ പോലും ഒരു വിരൽ സ്പർശം കൊണ്ടോ എന്തിന് ഒരു നോട്ടം കൊണ്ടുപോലും അവളുടെ വിശുദ്ധിയെ അവൻ കളങ്കപെടുത്തിയില്ല.
അവൻ പഠനം പൂർത്തിയാക്കി പോയെങ്കിലും അവരുടെ പ്രണയത്തിനു കോട്ടം സംഭവിച്ചില്ല. അവൻ അവളുടെ വീട്ടിൽ ചെന്ന് അവളെ, ഇരുവീട്ടുകാരുടെയും സമ്മതത്തോടെ സ്വന്തമാക്കി. അന്നൊക്കെ അവളുടെ കയ്യൊന്ന് മുറിഞ്ഞാൽ, അല്ലെങ്കിൽ ഒരു ചെറിയ ജലദോഷം വന്നാൽ പോലും നോവുന്നത് അവനായിരുന്നു.. അവന്റെ ഹൃദയമായിരുന്നു നീറിയിരുന്നത്... മാസത്തിൽ പതിവായി അവളെ തേടിയെത്തുന്ന കഠിനമായ വയറുവേദനയിൽ അവൾ പുളയുമ്പോൾ അവന്റെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അവന്... അത് അവരുടെ നാളുകളായിരുന്നു. അവന്റെ പ്രണയം ഒരു മഴയായ് അവളിൽ പെയ്തിറങ്ങി.
ആർക്കും അസൂയതോന്നിപ്പോകുന്ന ദാമ്പത്യമായിരുന്നു അവരുടേത്. അവരുടെ സ്നേഹത്തിൽ ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കും. ഇണക്കങ്ങളും പിണക്കങ്ങളും... അല്ല ഇണക്കങ്ങൾ മാത്രമുള്ള അവരുടെ ദാമ്പത്യ വല്ലരിയിൽ ഒരു കുഞ്ഞ് പൂ വിരിഞ്ഞു... റിയ മോൾ....
മോളുടെ വരവോടെ അവരുടെ ജീവിതം വീണ്ടും സ്വർഗ്ഗതുല്യമായി... കളിചിരികൾ ആ വീടിന്റെ സന്തോഷത്തിന്റെ മാറ്റ് കൂട്ടി.
പക്ഷെ... ടോമിൽ എപ്പോഴാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്... റിയമോളുടെ ജനനം സിസ്സേറിയനിലൂടെ ആയിരുന്നു. തുടർന്ന് ആനിക്ക് ശാരീരിക ആസ്വസ്ഥതകൾ ഓരോ ദിനവും കൂടി വന്നു. അതായിരിക്കും ടോം ആനിയിൽ നിന്നും അകലുവാൻ കാരണം.
ജോലികഴിഞ്ഞു വരുന്ന ടോം കാരണമില്ലാതെ ആനിയോട് ദേഷ്യപ്പെടുവാൻ തുടങ്ങി. പല രാത്രികളിലും സഹിക്കാൻ കഴിയാത്ത തലവേദനയാൽ ആനി വീർപ്പുമുട്ടി. ആ സമയങ്ങളിൽ ടോമിന്റെ ഒരു തലോടലിനായി ആനി കൊതിച്ചിരുന്നു. അവന്റെ ഒരു തലോടൽ 'സാരമില്ലടാ...' എന്നുള്ള അവന്റെ ഒരു വാക്ക് മതിയായിരുന്നു അവൾക്ക് സകല വേദനകളും മറക്കാൻ. പക്ഷെ സ്വാന്തനത്തിന് പകരം അവൻ അവളെ അവഗണിക്കുകയായിരുന്നു പതിവ്. ഓരോ ദിവസവും അവളുടെ അവസ്ഥ വഷളായിക്കൊണ്ടേയിരുന്നു. പക്ഷെ അവളുടെ വേദനകൾ കാണാനോ, അവളെ ഒന്ന് ആശ്വസിപ്പിക്കുവാനോ അവിടെ ആരും ഉണ്ടായിരുന്നില്ല.
കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് ആനി കട്ടിലിൽ നിന്നുമെണീറ്റു. ഉറങ്ങിക്കിടക്കുന്ന റിയ മോളുടെ മുടിയിൽ തലോടി. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് റിയാമോളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ആനി കട്ടിലിൽ നിന്നുമെഴുന്നേറ്റു.
അലമാരയിൽ നിന്നും വേദനയ്ക്കുള്ള ഗുളികയിൽ നിന്നും രണ്ടെണ്ണമെടുത്ത് കഴിച്ചു. ഉലഞ്ഞു കിടന്ന മുടി വരിയൊതുക്കി. തലയിൽ മുടിയിലെ ജട വിടർത്താൻ ശ്രമിച്ചപ്പോ അസഹനീയമായ വേദന അവൾക്കനുഭവപ്പെട്ടു. അതിനാൽ ജട വിടർത്താതെ അവൾ മുടി കേറ്റിവച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവിടെ അപ്പോഴും മാറിയാമ്മ ചേടത്തി ആനിയെ പ്രാകുന്നുണ്ടായിരുന്നു.
മുറ്റം മുഴുവൻ തലേന്ന് രാത്രിയിൽ പെയ്ത മഴയിൽ ആകെ ചപ്പുകൾ കൂടിക്കിടന്നിരുന്നു. അവൾ പതിയെ ചൂലെടുത്തുകൊണ്ട് മുറ്റം തൂക്കാനിറങ്ങി. ഒരുവിധം മുറ്റം തൂത്തുകയറിയപ്പോഴേക്കും അവൾ തീരെ തളർന്നിരുന്നു. അടുക്കളയിൽ കയറി ഒരുഗ്ലാസ് ചായയും കുടിച്ച് അവൾ തുണിയുമായി അലക്കുകല്ലിനടുത്തേക്ക് നടന്നു. അപ്പോഴും അസഹനീയമാം വിധം തലവേദന അവളെ വീർപ്പുമുട്ടിച്ചു. അലക്കാൻ കിടന്നിരുന്നതിൽ നിന്നും ഒരു തോർത്തെടുത്ത് അവൾ തലയിൽ വരിഞ്ഞുകെട്ടി. ഒരുവിധം തുണികൾ അലക്കി വിരിച്ചിടുവാനായി നടക്കുന്നതിനിടയിൽ കണ്ണിൽ ഇരുട്ട് കയറുന്നതായി അവൾക്ക് തോന്നി.
പിടിച്ചു നിൽക്കാൻ ശ്രമിച്ചുവെങ്കിലും അവൾക്കതിന് സാധിച്ചില്ല. അവൾ തളർന്നു വീണു... വീഴ്ചയിൽ അവളുടെ തല ഒരു കല്ലിൽ ചെന്നിടിച്ചു.
''അമ്മേ.... ''
അവസാനമായി അവളുടെ കണ്ണുകൾ അടയുന്നതിനിടയിലും അവൾ കണ്ടു.... തന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര...
ടോമിന്റെ ഫോൺ കുറേ നേരമായി നിർത്താതെ ബെൽ അടിക്കുന്നു. ഓഫീസിൽ അർജന്റ് മീറ്റിംഗിൽ ആയിരുന്ന ടോം വന്നു നോക്കിയപ്പോ കണ്ടു. ഫോണിൽ ഒന്നിലധികം മിസ്സ്ഡ് കാൾസ്. പരിചയമില്ലാത്ത നമ്പർ ആണ്. അതിനാൽ തന്നെയും ടോം തിരിച്ചുവിളിക്കാൻ തുടങ്ങി.
പക്ഷെ. നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും വീണ്ടും അതേ നമ്പറിൽ നിന്നും കാൾ. ടോം കാൾ അറ്റൻഡ് ചെയ്തു.
"ഹലോ... "
"ടോം..... ഞാൻ മേലെടത്തെ സാംകുട്ടിയാണ്.... നീ എത്രയും പെട്ടന്ന് വീട്ടിൽ എത്തണം.. "
"എന്താ ചേട്ടാ....??? "
"ഹേയ് ഒന്നുല്ല... നീ ടെൻഷൻ ആവണ്ട.... നീ പെട്ടന്ന് എത്താൻ നോക്ക്... "
സാംകുട്ടി യുടെ ആ ഫോൺവിളിയയിൽ ടോമിന് എന്തോ പന്തികേട് തോന്നി. പെട്ടന്ന് തന്നെ എംഡിയോട് പറഞ്ഞ് ടോം ഓഫീസിൽ നിന്നുമിറങ്ങി. എന്തോ അത്യാഹിതം വീട്ടിൽ സംഭവിച്ചിട്ടുണ്ട്....
'ദൈവമേ... എന്തായിരിക്കും വീട്ടിൽ സംഭവിച്ചിരിക്കുക.... ചാച്ചന് ഇനി എന്തെങ്കിലും.... രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്ന ആളാണ് ചാച്ചൻ..... ദൈവമേ... ' തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഇങ്ങനെ പലവിധ ചിന്തകൾ അവനെ അലട്ടി...
വീട് അടുക്കാറായപ്പോൾ തന്നെ ടോം കണ്ടു... വീടിനു ചുറ്റും കൂടി നിൽക്കുന്ന അയൽവാസികളെ. .
"ദൈവമേ... ന്റെ ചാച്ചൻ.... "
അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു...
ഗേറ്റിനു പുറത്ത് വണ്ടി പാർക്ക് ചെയ്ത് അവൻ വീട്ടിലേക്ക് നടന്നു....
പെട്ടന്ന് സാംകുട്ടി അവനരുകിലേക്ക് വന്നു.... ടോം പരിഭ്രാന്തിയോടെ ചോദിച്ചു...
"എന്താ... ചേട്ടാ... ഇവിടെ... എന്താ... ന്റെ ചാച്ചൻ.... ചാച്ചന് എന്തെങ്കിലും....?? "
വിക്കി വിക്കി ടോം ചോദിച്ചു....
"നീ വാ... "
പലരും അവനെ നോക്കി അടക്കം പറഞ്ഞു....
"""അലക്കിയ തുണി വിരിക്കാൻ വന്നതാ... തലകറങ്ങിയോ മറ്റോ വീണതായിരിക്കും ... വീഴ്ചയിൽ തല കല്ലിനിട്ടിടിച്ചു.... ശബ്ദം കേട്ട് ചേടത്തി വന്നു നോക്കുമ്പോ ബോധമില്ലാതെ കിടക്കുകയായിരുന്നു.... ആശുപത്രിയിലെത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. .... "
ആരോ പറഞ്ഞ ആ വാക്കുകൾ കേട്ട അവന് തന്റെ നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്നപോലെ അനുഭവപ്പെട്ടു ...
അവൻ ദയനീയതയോടെ സാകുട്ടിയെ നോക്കി ...
"ചേട്ടാ ....ന്റെ ...ന്റെ ആനി ..."
"ടോം ...തളരരുത് ...റിയ മോൾക്ക് ....ഇനി ...ഇനി നീ വേണം പപ്പയും അമ്മയും .."
അകത്തു കയറിയ അവൻ കണ്ടു .... വെള്ളയുടുപ്പിട്ട് ശാന്താമായി ഉറങ്ങുന്ന ആനിയെ ...
'മോനെ ...എടാ ...പോയെടാ ...ഇനി ...ഇനി തലവേദയാണെന്നും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ നമ്മുടെ ആനി ഇനി വരില്ലെടാ... തെറ്റുപറ്റിപ്പോയെടാ നമുക്ക്. വയ്യെന്ന് പറഞ്ഞപ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ആനിമോള് പോവില്ലായിരുന്നെടാ.'
മാറിയാമ്മ ചേടത്തി പതം പറഞ്ഞു കാരഞ്ഞുകൊണ്ടിരുന്നു.
"പപ്പാ ...മോള് വിളിച്ചിട്ട് മമ്മി എണീക്കണില്ല... പപ്പാ ഒന്ന് വിളിച്ചേ ...പപ്പാ വിളിച്ചാൽ മമ്മി എണീക്കും ....വിളിക്ക് പപ്പാ...വിളിക്ക് ..."
റിയ മോളുടെ കരച്ചിൽ അവിടെ ഉണ്ടായിരുന്നവരുടെ കണ്ണുകളും ഈറനണിയിച്ചു ...
ടോം നിയന്ത്രണം വിട്ട് ഓടിച്ചെന്ന് അവൾക്കരികിലായിരുന്നു.... അവൻ ഭ്രാന്തമായി അലറിക്കരഞ്ഞു.
""ആനി ...ടി ...ആനിക്കൊച്ചേ .... എ ....എണീറ്റെ ....ടി ...നീ ....നിന്റെ ....ഇച്ചായനാ വിളിക്കുന്നെ ....എണീക്കെടി .... ടി ...നി ...നിനക്ക് ...അ ...അങ്ങനെ ...ന്നെ ...വിട്ടിട്ട് പോവാൻ പറ്റോ ... ..നീ ....നീ പൊയ്ക്കോ ...പൊയ്ക്കോ ... എടി ...നീ ...നീ ക്ഷമിക്കുവോ ...ഈ ഇച്ചായനോട് .... ക്ഷമിക്കണേടി ....
ഞാനാ ....ഞാനാ ന്റെ ....ആനിയെ കൊന്നത് ...ഇന്ന് ....ഇന്ന് ....രാ ...രാവിലെകൂടെ എ ....എന്നോട് പറഞ്ഞതാ ... വയ്യ ഇച്ചായാ ...തല പൊട്ടിപ്പൊലിയുന്നുന്ന് ....ഞാൻ ....ഒ ...ഒന്ന് ശ്രദ്ധിച്ചിരുന്നുങ്കിൽ. ഞാൻ ....ഞാൻ കൊന്നതാ ...ന്റെ ....ആനിയെ ....ഞാൻ ....കൊന്നതാ ....''
പതിയെ.... പതിയെ.... ടോമിന്റെ സമനില തെറ്റുകയായിരുന്നു ....
അടച്ചിട്ട മുറിയിൽകിടന്നുകൊണ്ട് ഇന്നും അവൻ പുലമ്പിക്കൊണ്ടിരിക്കുന്നു .... "ഞാ ..... ഞാൻ ... കൊന്നതാ.....ന്റെ.... ന്റെ ആനിയെ ....ഞാൻ ...ഞാൻ...... കൊന്നതാ ..കൊന്നതാ ...."