mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സമയം അഞ്ചു മണി പിന്നിട്ടിരിക്കുന്നു,സൂര്യൻ പടിഞ്ഞാറെ തലപ്പിൽ ഒളിസേവക്കായുള്ള ഒരുക്കത്തിലാണ്, ഞാൻ പതിവ്പോലെ വീടിന് പുറത്തേക്കും. വീടിന്റെ പ്രധാനവാതിൽ പൂട്ടിയെന്നു ഒരു തവണകൂടി

ഉറപ്പാക്കിയ ശേഷം പുറത്തേക്കിറങ്ങവേയാണ് തന്നെ കാത്ത് സിറ്റൗട്ടിൽ കിടന്ന പോസ്റ്റൽ ലെറ്റർ ശ്രദ്ധയിൽപെട്ടത്.

ഗബ്രിയേൽ, ആരാമം, ചിന്താലെയ്ൻ, തൃക്കുന്നപ്പുഴ, എന്ന വിലാസം കവറിൽ തെളിഞ്ഞുകാണാം.ഇപ്പോൾ പൊട്ടിച്ചു വായിക്കുവാൻ സമയമില്ല, വന്നിട്ടാകാം. ലെറ്റർ മടക്കി വീടിന്റെ ഭിത്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ ഫോട്ടോക്ക് പിന്നിൽ വെച്ചിട്ട് പുറത്തേക്കിറങ്ങി.

ചെറിയ മഴക്കോള് ഉണ്ട്, മഴപെയ്തേക്കും, കലങ്ങി കിടക്കുന്ന ആകാശത്തേക്ക് നോക്കി ഒരു വിലയിരുത്തൽ നടത്തി ഞാൻ വീടിന്റെ ഗേറ്റും കടന്ന് റോഡിലേക്ക്. റോഡിന്റെ ഇരു വശത്തും അലങ്കാരമെന്നോണം ഹോട്ടൽമാലിന്യങ്ങളും, ഇറച്ചിക്കടകളിലെ മാലിന്യങ്ങളും ചിതറിക്കിടക്കുന്നു. അവയെ പ്രണയിച്ചു, വഴിപോക്കർക്ക് നേരേ കുരച്ചുചാടി നായ്ക്കളുടെ സംഘവും.

നാലഞ്ച് ചുവട് മുന്നോട്ട് വെച്ചപ്പോൾ തന്നെ, അംബരീഷിന്റെ ഹോണടി ശബ്ദം പിന്നിൽ നിന്ന് കേട്ടു. അഞ്ച് പതിനഞ്ചിനാണ് അംബരീഷ് ബസ്സ്‌ ഇതുവഴി കടന്നുപോകാറുള്ളത്. മിക്കവാറും ദിവസങ്ങളിൽ അംബരീഷിനെ ഈ റോഡിൽ വെച്ചോ അതുമല്ലേൽ വീടിന്റെ മുറ്റത്തു വെച്ചോ ഞാൻ കാണാറുണ്ട്.

എതിർദിശയിലേക്ക് എം.എൽ.എ എന്ന ചുവന്ന ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റ കടന്നു പോയി. സ്ഥലം എം.എൽ.എ യാണ്. ഇതേ ലൈനിൽ തന്നെ പത്തു പതിനഞ്ചു വീടുകൾക്ക് അപ്പുറമാണ് എം.എൽ.എ യുടെ താമസം. എം.എൽ.എ യുടെ കാറിനു നേരെയും തെരുവ് നായ്ക്കൾ കുരച്ചു ചാടി.

എം.എൽ.എ യും എന്നെ പോലെ തന്നെ ഒറ്റക്കാണ് താമസം. പാർട്ടിക്ക് വേണ്ടി കുടുംബജീവിതം വേണ്ടെന്ന് വെച്ച ആളാണ്.

കുറച്ച് മാറി, വടക്കേ മൈതാനിയിൽ ക്ലബുകാരുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് എന്തോ പരിപാടികൾ നടക്കുന്നു. അങ്ങോട്ടേക്കാകും എംഎൽഎയുടെ യാത്ര. എനിക്കും ക്ഷണം ഉണ്ടായിരുന്നു, ഈ നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ആണല്ലോ ഞാനും.

"ആദ്യം നീയൊക്കെ രാത്രികാലങ്ങളിൽ വഴിയരികിൽ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താനും, കൈകാര്യം ചെയ്യാനുമുള്ള ഒരു മാർഗ്ഗം ആലോചിക്കുക , ഞാനും കൂടാം. അതൊക്കെ അല്ലെടോ സാമൂഹികപ്രതിബദ്ധത. അല്ലാതെ ഓണത്തിനും, യേശുവിന്റെ പിറന്നാളിനും, നാട്ടുകാരുടെ പണം പിരിച്ചു, അതിൽ പാതിക്ക് കള്ളുമടിച്ചു, ബാക്കിക്ക് എന്തേലും തട്ടികൂട്ട് പരിപാടി ഒപ്പിക്കുന്നതിൽ എന്ത് കാര്യം? "

ഉച്ച കഴിഞ്ഞകത്താക്കിയ രണ്ടു പെഗ്ഗ് മാൻഷൻഹൗസിന്റെ പ്രതിപ്രവർത്തനവും, തലേന്ന് രാത്രി ഏതോ കഴകംകെട്ടവൻ ബൈക്കിൽ നിന്ന് വലിച്ചെറിഞ്ഞ അടുക്കള മാലിന്യം, കൃത്യമായി വീണത് തന്റെ വീടിന്റെ മതിൽകെട്ടിനകത്ത് ആയതിനാൽ, അതിൽ നിന്ന് പുറത്തേക്കൊഴുകിയ വൃത്തികെട്ട മണത്തിന്റെ അലോസരവും തന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു,

"അതൊക്ക പഞ്ചായത്ത്‌ അല്ലേ ഗബ്രിച്ചായ ചെയ്യേണ്ടത്, അല്ലേൽ അവർ ചെയ്തില്ലേൽ സ്ഥലം എംഎൽഎ മാഷിന്റെ ഗുലാൻ അല്ലേ, അവരോട് ആരോടും പറയാതെ ഞങ്ങളുടെ നേരേ വന്നിട്ട് എന്ത് കാര്യം?"

കൂട്ടത്തിലൊരുവന്റെ മറു ചോദ്യത്തിന് മറുപടി നൽകും മുമ്പേ " ഇങ്ങേരുടെ ഒക്കെ അടുത്ത് വന്ന നമ്മളെ വേണം തല്ലാൻ "

പിറുപിറുത്തുകൊണ്ട് ക്ലബ്ബ്കാർ മടങ്ങിയാരുന്നു. എന്റെ രീതി അറിയാവുന്നത് കൊണ്ട് അവർക്ക് എന്നോട് വിദ്വേഷം ഒന്നുമുണ്ടാകില്ല.

അന്ന് രാത്രി പതിവ് പോലെ കുറുപ്പിന്റെ കടത്തിണ്ണയിൽ ഒത്തുചേർന്ന ശേഷം മടങ്ങിയെത്തി. റോഡരികിലേ മാലിന്യനിക്ഷേപത്തെയും ജനാധിപത്യത്തെയും കോർത്തിണക്കി ഞാനെഴുതിയ കഥയായിരുന്നു,

"ജനാധിപത്യവും മാലിന്യങ്ങളും"

പതിവിലും കൂടുതൽ എരിവും പുളിയും ചേർത്ത് എഴുതിയ കഥ എനിക്ക് തൃപ്തി തോന്നിയത് കൊണ്ട്, ഒരു പ്രശസ്ഥ ആനുകാലിക പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. എവിടെ പ്രസിദ്ധീകരിക്കാൻ മറ്റൊരു വിഴുപ്പായി കണ്ട് അവർ വേസ്റ്റ് കുട്ടയിൽ തള്ളും ഉറപ്പ്. അങ്ങനെ ചിന്തിച്ചു മുന്നോട്ട് നടന്നു കുറുപ്പിന്റെ കടയിലെത്തി.

പട്ടാളത്തിൽ നിന്ന് വിരമിച്ചു വന്ന ശേഷം എത്രയോ കാലമായി ഞങ്ങളുടെ സ്ഥിരം താവളമാണ് കുറുപ്പിന്റെ കട. പണ്ട് കുറുപ്പിന് ഇവിടെ ചായക്കടക്കൊപ്പം, പലചരക്കിന്റെയും അത്യാവശ്യം പച്ചക്കറികളുടേയുമൊക്കെ കച്ചവടമുണ്ടായിരുന്നു, ഇപ്പോൾ എല്ലാം നിർത്തി, രാവിലെയും വൈകിട്ടുമുള്ള ഈ കാലിചായയുടെ കച്ചവടം മാത്രം, അതും ഞങ്ങൾ കുറച്ചുപേർക്ക് വേണ്ടി ഒരു സേവനം പോലെ നടത്തുകയാണെന്നാണ് കുറുപ്പിന്റെ വാദം. കുറുപ്പ് ചായയടിക്കുന്ന നേരത്ത് ഞാൻ ഒരു സിഗരറ്റിനു തീ കൊളുത്തി.

ഈയടുത്തായി വലി ഒരുപാട് കൂടി, പുറത്തേക്കൂതിവിട്ട പുകവലയത്തെ നോക്കി ഒരു സ്വയം വിലയിരുത്തൽ നടത്തുന്നതിനിടക്കാണ്, വേണു കടന്നുവന്നത്.

അപ്പോൾ വേണു ആരാണ് എന്നാകും ചോദ്യം.

ഞങ്ങൾ കല്യാണം കഴിക്കാത്ത നാൽവർ സംഘത്തിലെ മൂന്നാമൻ, ഒന്ന് ഞാനും, മറ്റൊന്ന് കുറുപ്പുമാണ്. ഇനി നാലാമൻ ആരാണ് എന്ന് ചോദിച്ചാൽ, നമ്മൾ നേരുത്തേ കണ്ട എംഎൽഎ തന്നെ, അബൂട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന അബൂബക്കർ.

അബൂട്ടിക്ക് ഇപ്പോൾ തിരക്കും കാര്യമൊക്കെ ആയതിനാൽ വല്ലപ്പോഴും മാത്രമേ ഒത്തുകൂടാൻ കഴിയു, പക്ഷേ ഞങ്ങൾ മൂന്നു പേരും ദിവസവും വൈകുന്നേരങ്ങളിൽ ഇങ്ങനെ ഒത്തുകൂടും.

രാവിലേ മുതൽ വൈകുനേരം വരെ ഇവിടെ കടതുറന്നിരിക്കുന്ന കുറുപ്പ്, താൻ അന്നത്തെ പകലിൽ കണ്ട കാഴ്ച്ചകൾ വിവരിക്കുമ്പോൾ, റിസോർട്ടിലെ ഗൈഡ് ആയി ജോലിചെയ്യുന്ന വേണു, അന്നത്തെ ദിവസം താൻ സേവനം നൽകിയ വിദേശടൂറിസ്റ്റുകളുടെ വിശേഷങ്ങൾ പങ്ക് വെക്കും. ഞാനാകട്ടെ തലേരാത്രി ഏറെ വൈകുവോളം താൻ എഴുതികൂട്ടിയതിനെ കുറിച്ച്, അല്ലേൽ രാത്രി താൻ വായിച്ച പുസ്തകത്തെ കുറിച്ച്, അതുമല്ലേൽ താൻ കണ്ട വിദേശ സിനിമയെ കുറിച്ച് വാചാലനാകും. താൻ സംസാരിക്കുന്നു വിഷയം, മറ്റ് രണ്ടുപേരെയും പൊതുവേ ബോറടിപ്പിക്കും എന്നത് ഒരു സത്യമാണ്. ഇപ്പോൾ കുറച്ചു നാളായി രാത്രികാലത്തെ പട്ടികുരയും അത് എന്നിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയും കൂടി ഞങ്ങളുടെ ചർച്ചകളിൽ വിഷയമായി കടന്നുവരാറുണ്ട്.

രാത്രി കുറുപ്പിന്റെ വീട്ടിൽ ഒന്നിച്ചു അത്താഴം പാകം ചെയ്തു കഴിച്ചു, ഏതേലും ബ്രാൻഡ് ഒരു കുപ്പി വിദേശമദ്യം അകത്താക്കി പത്തുമണി രാത്രിയോടെ ഞങ്ങൾ പിരിയും, അതാണ് പതിവ്.

പിന്നീട് വീട്ടിലെത്തിയാൽ ഞാൻ, രാത്രി ഏറെ വൈകുവോളം എഴുത്തും, പുസ്തകവും ,സിനിമയും, വീട്ടിൽ കരുതിയിരിക്കുന്ന മദ്യത്തിൽ നിന്ന് ഒന്ന് രണ്ടു പെഗ്ഗും, സിഗററ്റുമൊക്കെയായി ഉറക്കം വരുന്നതും കാത്ത് അങ്ങനെ രാത്രിയുടെ ഏതോ നാഴികവരെ കാത്തിരിപ്പ് നീളും, പിന്നീട് ഉണരുന്നതാകട്ടെ തൊട്ടടുത്ത ദിവസത്തെ പകലിന്റെ പകുതിയിലായിരിക്കും.

"എന്തോന്നാ ഗബ്രി ക്രിസ്തുമസ്സ് രാത്രിയായിട്ട്, സിഗരറ്റും കയ്യിൽ വെച്ച് ആലോചിച്ചിരിക്കുന്നത് " വേണുവിന്റെ തോളിൽതട്ടിയുള്ള ചോദ്യമാണ് എന്നെ ഓർമ്മകളിൽ നിന്നുണർത്തിയത്.

"എടാ ഞാൻ വരുന്നില്ല, നിങ്ങൾ പൊക്കോ, ഞാൻ ഇങ്ങോട്ട് നടന്നു വരുമ്പോൾ അവൻ വടക്കോട്ട് കാറിൽ പോകുന്നുണ്ടായിരുന്നു, ക്ലബ്ബ്കാരുടെ പരിപാടിക്ക് പോയതായിരിക്കും."

ഇന്ന് ക്രിസ്തുമസ്സ് ആയതിനാൽ അബൂട്ടിയുടെ വീട്ടിൽ ഇന്നത്തെ ഒത്തുകൂടൽ നാളുകൾക്കു മുമ്പേ പ്ലാൻ ചെയ്തതാണ്, പക്ഷേ എങ്ങനെ എങ്കിലും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. കാരണം എനിക്ക് അവനെ അഭിമുഖീകരിക്കാൻ ഒരു മടിയുണ്ട്.

അന്ന് ക്ലബിലെ പിള്ളേർ ക്ഷണിക്കാൻ വന്നപ്പോൾ, റോഡിലെ മാലിന്യനിക്ഷേപത്തിന് എതിരെ അവർക്ക് നേരേ രോഷംകൊണ്ടതിന്റെ ബാക്കി, രണ്ട് പെഗ്ഗ് കൂടി അടിച്ചിട്ട് രാത്രി ഫോൺ വിളിച്ചു അബൂട്ടിയുടെ നേർക്ക് തീർത്തിരുന്നു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമ്മയില്ല, വായിൽ തോന്നിയത് എല്ലാം വിളിച്ചുപറഞ്ഞു, അല്ലേലും കുടിച്ചു ഓവർ ആയാൽ ഞാൻ അങ്ങനെ ആണല്ലോ.

എന്നിട്ടും കലിപ്പ് തീരാതെയാണ് "ജനാധിപത്യവും മാലിന്യങ്ങളും" എന്ന പേരിൽ രാത്രിയിലിരുന്നു കഥയെഴുതിയത്.

"അവൻ എട്ടുമണി ആകുമ്പോൾ എത്തും, നമ്മൾ എല്ലാരും ഒന്നിച്ചു തന്നെ കൂടും, അവനു ഒരു പിണക്കവും നിന്നോടില്ല, നിന്റെ സ്വഭാവം അവനറിയാമല്ലോ."

വേണുവിന്റെ നിർബന്ധത്തിന് വഴങ്ങി, ഞങ്ങൾ അബൂട്ടിയുടെ വീട്ടിലെത്തി, ഞങ്ങൾ മൂന്നു പേരെയും പോലെ അബൂട്ടിയും വീട്ടിൽ ഒറ്റക്ക് തന്നെയാണ്.

രണ്ടാമത്തെ പെഗ്ഗിന്റെ അവസാനമാണ് ഞങ്ങളുടെ ചർച്ച ഒരു കവിതയിലേക്ക് വഴുതി വീണത്. ഒരു മുഖ്യധാരാ ആഴ്ച്ചപതിപ്പിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച അബൂട്ടിയുടെ "ഒട്ടകം" എന്ന കവിതയെ ഞങ്ങളുടെ സുരപാന മേശയിലേക്ക് കൊണ്ടുവന്നത് വേണുവായിരുന്നു.

"ജനപ്രതിനിധികളുടെ കവിതക്ക് നല്ല മാർക്കറ്റാണ്. എന്തേലും എഴുതി കൊടുക്കണം. വേണ്ട തിരുത്തലുകൾ അവർ നടത്തി പ്രസിദ്ധീകരിക്കാമെന്ന അഭ്യർത്ഥനയുമായി ആഴ്ചപ്പതിപ്പിലെ ഒരു പെൺകുട്ടി കുറേ നാളായി പിന്നാലെ നടക്കുകയായിരുന്നു."

ഇതൊക്കെ നീ എന്ന് തുടങ്ങിയെന്ന കുറുപ്പിന്റെ ചോദ്യത്തിന് അബൂട്ടിയുടെ മറുപടിയിലും എൻ്റെ കണ്ണുകൾ ഒട്ടകത്തിലായിരുന്നു.

" ഒട്ടകമേ നീയെത്ര ഹതഭാഗ്യ,
ഊഷരഭൂമിയിൽ നീ വിയർക്കുമ്പോൾ,
നിൻ മുതുകിൻ ഭാരം കാണുമ്പോൾ,
അറിയുമോ നിനക്ക് ഞാനെത്ര ദുഖിതനെന്നു,
നിന്നെയോർക്കുമ്പോൾ നിറയുന്നെൻ കണ്ണുകൾ
നിളപോലെ."

കവിതക്ക് അലങ്കാരമായി ഒട്ടകത്തിന്റെയും, അബൂട്ടിയുടെയും ഓരോ പാസ്പോർട്ട് സൈസ് ഫോട്ടോകളും കൊടുത്തിട്ടുണ്ട്.

ഒട്ടകത്തിലെ വരികൾ വായിച്ചു തീർക്കുമ്പോഴേക്കും, വിവിധ ആനുകാലികങ്ങളിലേക്ക് അയച്ചുകൊടുത്തു മടങ്ങിയെത്തിയ നിരവധിയായ കഥകൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

"ജനാധിപത്യ തമ്പുരാക്കന്മാർ ഒട്ടകത്തിനെ ഓർത്തെങ്കിലും കണ്ണീർ പൊഴിക്കുന്നല്ലോ നല്ലത്."

പിന്നെയും പലതവണ നാല് ഗ്ലാസുകളും നിറയുകയും, കാലിയാകുകയും ചെയ്തു, ചർച്ചകൾ പലവഴിക്ക് നീണ്ടു.
രാത്രി ഏറെ വൈകുവോളം ഞങ്ങളുടെ ഒത്തുകൂടൽ നീണ്ടു, ഒന്നര കുപ്പിയോളം രാത്രി ഞങ്ങൾ കുടിച്ചു തീർത്തു.

ഞാൻ സിഗരറ്റ് പുകച്ചുകൊണ്ട് ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

റോഡിന്റെ മറുവശത്തുള്ള ദേവാലയത്തിൽ നിന്ന്, ലോകനായകന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കികൊണ്ടുള്ള ഗാനങ്ങൾ പുറത്തേക്കൊഴുകുന്നുണ്ട്.

"നിന്റെ ഈ ഒടുക്കത്തെ വലി നിർത്തണം ഗബ്രി, എപ്പോഴാ ഹൃദയം പണിമുടക്കുന്നതെന്നറിയാനൊക്കില്ല."
ഉപദേശം അബൂട്ടി എം.എൽ.എ യുടെ വകയാണ്.

"നാലുപേരിൽ വലിക്കുന്ന സ്വഭാവം ഉള്ളത് തനിക്ക് മാത്രമാണ്. നിനക്ക് സൂക്കേട് വന്നു കിടപ്പിലായാൽ നോക്കാൻ നിന്റെ പാർട്ടിക്കാരെങ്കിലും കാണും, നമ്മളൊക്കെ വീണുപോയാൽ ആരുണ്ട് നോക്കാൻ, അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചി നിശ്ചലമാകുന്നത് പോലെയങ്ങ് ഹൃദയം പണിമുടക്കിയാൽ ഒരു നിമിഷം കൊണ്ട് കാര്യം കഴിഞ്ഞു കിട്ടും, ആർക്കും ശല്യമാകില്ല."

ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ എന്റെ മറുപടി കേട്ടതോടെ കൂടുതലൊന്നും ആരും മിണ്ടിയില്ല.

"ഡാ നീയെന്തിനാ ഇങ്ങനെ എംഎൽഎ എന്ന് പറഞ്ഞു നടക്കുന്നത്, സ്വന്തം വീടിനടുത്തുള്ള റോഡിൽ മാലിന്യം തള്ളുന്നത് നിർത്താൻ കഴിയാത്ത കോപ്പിലെ എംഎൽഎയാണ് റോഡിൽ മരം നടുന്നതിന് ക്ലബ്ബ്കാർക്ക് ഉപദേശം നൽകുന്നത്.

ഞാൻ വീണ്ടും മാലിന്യവിഷയത്തിലേക്ക് കടന്നതോടെ " തുടങ്ങി അവൻ " എന്ന മുഖഭാവമാണ് മറ്റ് മൂന്നുപേരിലും.

"ഡാ അബൂട്ടി എംഎൽഎ, നിന്നെ പോലുള്ള ജനാധിപത്യത്തിന്റെ നടത്തിപ്പ്കാരുടെ കഴിവ്കേട് വിളിച്ചോതുന്ന ഒരു കഥ ഞാൻ എഴുതി അയച്ചുകൊടുത്തിട്ടുണ്ട്, അത് പ്രസിദ്ധീകരിച്ചു വന്നാൽ നീയുൾപ്പടെ സകലവന്റേം തനിനിറമാണ് പുറത്ത് വരാൻ പോകുന്നത്."

രാത്രി ഏറെ വൈകി പിരിയുമ്പോൾ ഉറയ്ക്കാത്ത കാലടിയോടെ ഞാൻ അബൂട്ടിയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

"കൂട്ടുകാരാ അടുത്ത തവണ നമ്മൾ കൂടുന്നതിന് മുമ്പ് അതിന് പരിഹാരമുണ്ടാകും." അബൂട്ടിയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ, രാത്രി വീട്ടിലെത്തി ഞാൻ കന്യാമറിയത്തിന്റെ ഫോട്ടോക്ക് പിന്നിൽ വെച്ചിരുന്ന ലെറ്റർ തുറന്നു.

"താങ്കൾ അയച്ച കഥ ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്റെ വിദഗ്‌ദ്ധ പരിശോധനയിൽ പ്രസിദ്ധീകരണ യോഗ്യമല്ല എന്ന് വിലയിരുത്തിയതിനാൽ, തിരിച്ചയക്കുന്നു"

വേണ്ടെടാ നീയൊന്നും, പ്രസിദ്ധീകരിച്ചില്ലേലും എനിക്കൊരു കോപ്പുമില്ല, ഞാൻ ഇനിയും എഴുതും, എഴുതിയത് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താലും വായിക്കാൻ ആളുണ്ട്, കയ്യിലിരുന്ന കടലാസ്സ് കഷ്ണം ചുരുട്ടിയെറിയുന്നതിനിടയിൽ എന്റെ രോശം വാക്കുകളായി പുറത്തേക്കൊഴുകി.

" ഓടെടാ നായിന്റെ മക്കളെ."

റോഡിൽ നിന്ന് ഓരിയിട്ടുകൊണ്ടിരുന്ന ഒരുപറ്റം നായ്ക്കളെ നോക്കി ഒച്ചവെച്ച് കൊണ്ട് മുറിക്കകത്തേക്ക് കയറിയ ഞാൻ

"ജനാധിപത്യവും മാലിന്യങ്ങളും " ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

പതിവ്പോലെ രാത്രിയുടെ അവസാനയമങ്ങളിലെപ്പോഴോ, ഉറക്കത്തിലേക്ക് വഴുതിവീണ എന്നെ ഉണർത്തിയത്, നിർത്താതെയുള്ള ഫോണിന്റെ ബെല്ലടിയാണ്. തലേന്ന് പാതിരാവ് മുതൽ വിശ്രമമില്ലാതിരുന്ന സ്വീകരണ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ ബ്രേക്കിഗ് ന്യൂസായി എംഎൽഎ അബൂബക്കർ ഹൃദയാഘാതം മൂലം മരണപെട്ട വാർത്ത നിറഞ്ഞുകഴിഞ്ഞിരുന്നു,

 

###### ######## ##########

 

"ജനകിയ എംഎൽഎ ആയിരുന്ന ശ്രി. അബൂബക്കറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നാളെ നടക്കുന്ന അനുസ്മരണയോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു."

അതുവഴി കടന്നുപോയ അനൗൺസ്‌മെന്റ് വാഹനമാണ്, കുറുപ്പിന്റെ കടയിലിരുന്നു പോയവർഷം കൃസ്തുമസ് തലേന്നത്തെ ഓർമ്മകളിലൂടെ കടന്നുപോയ ഗബ്രിയേ ഉണർത്തിയത്.

മുന്നോട്ട് നീങ്ങുന്ന ആ അനൗൺസ്മെന്റ് വാഹനത്തെ ഒരു നിശ്ചിതദൂരം വരെ കുരച്ചുകൊണ്ട് പിന്തുടർന്ന ഒരുപറ്റം തെരുവ്നായ്ക്കൾ പാതിവഴിയിൽ ഉദ്യമം ഉപേക്ഷിച്ചു വഴിയോരത്തു കണ്ട മാലിന്യത്തിന്റെ മാറിലേക്ക് തിരിഞ്ഞു.


 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ