(അനുഷ)
അവളിൽ പലരുടെ ഓർമ്മകൾ തങ്ങി നിന്നു. ഓരോ ആളും അവളെ കാണുന്ന മാത്രയിൽ തന്റേതെന്ന് മനസ് നിറഞ്ഞ് വിളിച്ചു. ഓരോരുത്തരും അവളിൽ സ്വയം കണ്ടു.
അവളുടെ കൈ പിടിച്ചു നടന്ന ബാല്യത്തിലെ കൂട്ടുകാരൻ. അവളുടെ കൈകൾക്ക്, അവന്റെ കൈയിലെ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു.
കൗമാരത്തിന്റെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ച സഹയാത്രികൻ. അവളുടെ കണ്ണുകൾക്ക് അയാളുടെ ചിരിയുടെ തിളക്കമായിരുന്നു.
ഒരുമിച്ചൊരുപാടു കഥകൾ പങ്കു വച്ച സഹപാഠി. അവളുടെ കഥകളിലിന്നും അവന്റെ ഇഷ്ടങ്ങൾ നിറഞ്ഞു കാണാം.
നെറ്റിയിൽ ചുംബനമേറ്റു വാങ്ങിയവൻ. അവളുടെ അവ്യക്തമായ മനസിൽ അവന്റെ രൂപം പാതിമങ്ങലോടെ ഒരുപടു കാലം.
പിന്നെ ആത്മാവിനെ ചുംബിച്ചൊരുവൻ വന്നു. ചുണ്ടിൽ, ഹൃദയത്തിൽ അവൻ സംഗീതമായി നിറഞ്ഞു.
സ്നേഹിച്ചു വേദനിപ്പിച്ചവന്റെ ഓർമ്മകൾ നെറ്റിയിലെ ചുളിവുകളിലും ചിരിയില്ലായ്മകളിലും തെളിഞ്ഞു.
പിന്നെയും, പോകപ്പോകെ.. പലരും വന്നു. അവൾ പലരുടെയുമായി. ആരും അവളുടെ ആരുമായില്ല.
സ്നേഹത്തിന്റെ ഓർമ്മകൾ ആത്മാവിൽ ബാക്കി വച്ച് ഓരോരുത്തരും കടന്നു പോയി.
നിലാരാത്രികളിൽ, ജനലിനരികെ തണുത്ത വെളിച്ചത്തിൽ അവൾ ഉറങ്ങിക്കിടന്നു.
അവളിൽ പിന്നെയും ആരൊക്കെയോ ബാക്കി നിന്നു.
അവൾ, അവൾ മാത്രമായില്ല.
അവളിലൂടെ ജീവിച്ച ഒരുപാട് പേരുടെ ഓർമ്മയാവുകയായിരുന്നു.