മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Pearke Chenam

''സജിനി, ഞാനും കുടുംബവും അടുത്ത ആഴ്ച നിങ്ങളുടെ വീട്ടില്‍ വരുന്നു. ഇനി ഇങ്ങനെ ഒന്നിച്ചു വരാന്‍ സാധിച്ചില്ലെങ്കിലോ...''
''അതിനെന്താ, നിങ്ങള്‍ക്ക് എന്റെ വീട്ടിലേയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വാഗതം. പക്ഷെ പിന്നെ പറഞ്ഞത് മനസ്സിലായില്ല.''
''അതെല്ലാം നേരില്‍ കാണുമ്പോള്‍ പറയാം.''
''ഓ, ശരി.''


രാഗേഷിന്റെ അന്നത്തെ ഫോണ്‍കോളും അതിലൂടെ നടന്ന സംഭാഷണങ്ങളും അതായിരുന്നു. അവരെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി. രാഗേഷും ഭാര്യ രമ്യയും മക്കള്‍ നാലുപേരും അടങ്ങുന്ന ഒരു സംഘത്തിനായി എല്ലാ ഒരുക്കങ്ങളുമായി കാത്തിരുന്നു. വെല്‍കം ഡ്രിങ്ക് തയ്യാറാക്കി വെച്ചു. ചായയ്ക്ക് പാല് തിളപ്പിച്ചു വെച്ചു. വന്നു കയറുമ്പോള്‍ ചായയ്ക്ക് വെള്ളം വെച്ചാല്‍ മതിയല്ലോ. പലഹാരങ്ങള്‍ മുന്നേ തന്നെ തയ്യാറാക്കിയിരുന്നു. കറികളും ചോറും അതിനും മുന്നേത്തന്നെ റെഡിയാക്കിയിരുന്നു. ഒരു സദ്യ തന്നെയൊരുക്കി കാത്തിരുന്നു. അവര്‍ വന്നു കയറിയാല്‍ പിന്നെ പാചകത്തിന് സമയം കിട്ടില്ല. കുറേ നാളുകള്‍ക്ക് ശേഷം സൗഹൃദം പങ്കിടുന്നതിന് വരുന്ന സുഹൃത്താകുമ്പോള്‍ സംസാരിച്ചിരിക്കാന്‍ ധാരാളം വിഷയങ്ങള്‍ കാണും. അതിനിടയ്ക്ക് പാചകപണികളൊന്നും ശരിയാവില്ല. അതിനാല്‍ ചായയുണ്ടാക്കുന്ന പണി മാത്രം അവശേഷിപ്പിച്ച് ബാക്കി പണികളെല്ലാം ഒരുക്കി വെച്ചു.

ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കേരളവര്‍മ്മ കോളേജിലെ ആല്‍ത്തറയിലിരുന്നും ലൈബ്രറി മന്ദിരത്തിന്റെ പുറകിലെ പുല്‍ത്തട്ടിലിരുന്നും എത്രസമയമാണ് സംസാരിച്ച് സമയം കളഞ്ഞിരിക്കുന്നത്. ക്ലാസ്സ് കഴിഞ്ഞ് പുറത്തു കടന്നാല്‍ കോളേജ് തൊട്ട് ചുങ്കം സ്റ്റാന്റ് വരെ സ്ഥലകാലബോധമില്ലാതെ സംസാരിച്ചും പൊട്ടിച്ചിരിച്ചും കൂട്ടുകാരോടൊത്തുള്ള യാത്ര. വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയുന്ന കാര്യത്തില്‍ സിജിയും അതുകേട്ട് പൊട്ടിച്ചിരിക്കാന്‍ ഷീജയും എപ്പോഴും തയ്യാറായിരുന്നു. സൗഹൃദസംഭാഷണങ്ങള്‍, ചര്‍ച്ചകള്‍, വാദപ്രതിവാദങ്ങള്‍ അങ്ങനെ ഓരോ ദിനങ്ങളും എത്ര വേഗമാണ് പറന്നുപോയത്. കാറ്റിലുലഞ്ഞ് പാറിപ്പറക്കുന്ന കരിയിലകള്‍ പോലെ ഓരോ ദിനങ്ങളും. സന്തോഷവും സ്‌നേഹവും ആത്മവിശ്വാസങ്ങളും നിറഞ്ഞ ദിനങ്ങള്‍ക്ക് എത്ര വേഗതയാണ്. എന്നാലിതെല്ലാം തിരിച്ചാണെങ്കിലോ കാത്തുകാത്തിരുന്നാലും കടന്നുപോകാതെ വെറുപ്പടിപ്പിച്ച്... ജീവിതത്തിന്റെ ഓരോ കാലനീതികള്‍.

ഡിഗ്രിപഠനം കഴിഞ്ഞതോടെ എല്ലാ സംഘങ്ങളും പിരിഞ്ഞു. രാഗേഷ് മാത്രം ആ സംഘത്തില്‍ നിന്നും അവിടെ അവശേഷിച്ചു. അവന്‍ ഞങ്ങളുടെ ഒപ്പം നടക്കുമായിരുന്നെങ്കിലും ജൂനിയര്‍ ബാച്ചിലെ സ്റ്റുഡന്റ് ആയിരുന്നു. ആദ്യം കുറച്ചു കാലം വല്ലാത്ത പ്രയാസമായിരുന്നു. എന്നാല്‍ പുതിയ കൂട്ടുകെട്ടുകള്‍ പുതിയ പഠനമേഖലകള്‍ മെല്ലെ മെല്ലെ എല്ലാ വേദനകളേയും തൈലം പുരട്ടി ശുശ്രൂഷിച്ചുപോന്നു. എങ്കിലും കത്തുകളിലൂടെ ചിലരുടെ സ്‌നേഹപ്രകടനങ്ങള്‍ തുടര്‍ന്നു. പിന്നെ അതും നിലച്ചു. കാലം കരുതിവെച്ചതെന്തോ അതിനായി ഓരോരുത്തരും മുന്നോട്ടു പോയി. അവിചാരിതമായാണ് രാഗേഷിന്റെ കത്ത് ഒരു നാള്‍ കിട്ടുന്നത്. വിദേശത്തുള്ള അവന്റെ തിരക്കു പിടിച്ച ജോലിഭാരത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം അവനതില്‍ സൂചിപ്പിച്ചിരുന്നു. സിജിയെ ഒരിക്കല്‍ നേരിട്ട് കണ്ടിരുന്നു. ഷീജ വിവാഹം കഴിഞ്ഞ് മുംബൈയ്ക്ക് പോയതില്‍ പിന്നെ യാതൊരു വിവരവും അറിയാറില്ല. മറ്റുള്ള കൂട്ടുകാരെല്ലാം വിസ്മരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

രാഗേഷ് നാട്ടിലെത്തിയ ഒരു നാളില്‍ ഭര്‍ത്താവിനേയും കൂട്ടി അവന്റെ വീട്ടിലേയ്ക്ക് പോയിരുന്നു. മകളുടെ സ്‌കൂളിനടുത്തായിരുന്നു അവന്റെ വീട്. അവരുടെ കുടുംബത്തെ കാണാനും സംസാരിക്കാനും അന്ന് അവസരം ലഭിച്ചു. അവന്റെ ഭാര്യ എന്തോക്കെയോ മനസ്സില്‍ ഒതുക്കി വെയ്ക്കുന്നതിന്റെ ഒരു സ്ഫുരണം ആ കണ്ണുകളില്‍ തെളിഞ്ഞു നിന്നിരുന്നു. മനസ്സില്‍ അവരുടെ ദയനീയരൂപം തെളിഞ്ഞു നിന്നു. അവിടെ നിന്നിറങ്ങുമ്പോള്‍ സുഹൃത്തായ രാഗേഷിനേക്കാള്‍ മനസ്സിനെ പിടിച്ചുലച്ചത് രമ്യയുടെ പ്രയാസങ്ങളൊതുക്കുന്ന മുഖമായിരുന്നു. വിദേശവാസം കൊണ്ട് ഏറെ സമ്പാദിച്ച രാഗേഷിന് ജീവിത പ്രാരാബ്ധങ്ങളൊന്നും ഇല്ലായിരുന്നു. നല്ല രണ്ടുനില വീട്, കാറ്, ആവശ്യത്തിന് പണം, എല്ലാം... നാട്ടില്‍ തിരിച്ചെത്തി സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തി സുഖമായി ജീവിക്കുന്നു. എങ്കിലും അവിടത്തെ രീതികളും സംഭാഷണങ്ങളും മനസ്സില്‍ ഒരു കൊളുത്ത് വീഴ്ത്തി. എന്തോ ഒരു സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് അവരുടെ ജീവിതത്തിലില്ലേ എന്നൊരു തോന്നല്‍. അന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം വെറുതേ ഒരു മെസ്സേജ് രാഗേഷിനയച്ചു.
'രമ്യ പാവമാണ്. ആ കുട്ടിയെ കഷ്ടപ്പെടുത്തരുത് കേട്ടോ...'
ആ മെസ്സേജിന് മറുപടിയായി അവന്റെ ഫോണ്‍കോളാണ് വന്നത്. അവന്‍ സമനില തെറ്റിയ ഒരുവനെപ്പോലെയാണ് സംസാരിച്ചത്. എന്തൊക്കെയോ പ്രശ്‌നങ്ങൾ കണ്ടുപിടിച്ചതിന്റെ ജാള്യത പോലെ പരസ്പരവിരുദ്ധമായ എന്തൊക്കെയോ അവന്‍ പറഞ്ഞു. അവസാനം അവന്‍ വിഷയത്തിലേയ്ക്ക് വന്നു.

''നീയെന്താണ് അങ്ങനെയെഴുതിയത്. അവളെ ഞാന്‍ കഷ്ടപ്പെടുത്തുന്നുണ്ടെന്ന് നിനക്കു തോന്നാന്‍ എന്താണ് കാരണം. അവളങ്ങനെ എന്തെങ്കിലും നിന്നോട് പറഞ്ഞോ?''
''ആരും ഒന്നും പറഞ്ഞീട്ടോ, പ്രത്യേകിച്ച് എന്തെങ്കിലും മനസ്സില്‍ വെച്ച് പറഞ്ഞതോ അല്ല. എനിക്കുതോന്നിയ ഒരു വിചാരം പങ്കുവെച്ചെന്നേയുള്ളൂ.''
''എന്നാലും അങ്ങനെ തോന്നാന്‍ എന്തെങ്കിലും ഒരു സൂചന.''
''ഒരു സൂചനയും ആരും തന്നില്ല. എനിക്കുതോന്നി ഞാന്‍ പറഞ്ഞു. അത്രയേ ഉള്ളൂ.''
''എനിക്ക് നിന്നോട് സംസാരിക്കണം. നീയും ഹസ്‌ബെന്റും ഉള്ള ഒരു സമയത്ത് എനിക്ക് വരണമെന്നുണ്ട്. എന്നാണ് സൗകര്യമെങ്കില്‍ ഒന്നു പറയണം.''

കാര്യങ്ങള്‍ ഗൗരവം പ്രാപിക്കുന്നതായി തോന്നി. അവന് എന്തോ കോപ്ലക്‌സ് തോന്നിയിട്ടുണ്ടാവും. വെറുതേ ഒരു മെസ്സേജ് അയച്ചതാണ്. അതിപ്പോള്‍ പ്രയാസമുണ്ടാക്കുകയാണോ... എന്താണ് അവന്റെ പ്രശ്‌നം. എന്താണ് അവന് സംസാരിക്കാന്‍ ഉണ്ടാകുക. ഒരു ചെറിയ നിരുപദ്രവകരമായ ഒരു മെസ്സേജ് അവനെ ഇത്രയും പ്രകോപിതനാക്കാന്‍ എന്താണ് കാരണം. ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടിയില്ല. അതിനാല്‍ അവനെ ക്ഷണിക്കാനോ മറ്റെന്തെങ്കിലും പറയാനോ സമയം കണ്ടെത്തിയില്ല. അന്നത്തോടെ എല്ലാം വിസ്മരിച്ചു കളഞ്ഞു. അവന് അവന്റെ വഴി . അതിലെന്തിന് വെറുതേ തല വെച്ചുകൊടുക്കണം. അവന്‍ അയച്ചിരുന്ന മെസ്സേജുകളെ അവഗണിക്കാന്‍ തുടങ്ങി. ഏതെല്ലാം പ്രയാസങ്ങളുടേയും കഷ്ടതകളുടേയും വൈതരണികള്‍ കടന്നാണ് ഓരോരുത്തരും കടന്നു പോകുന്നത്. അതിനിടയ്ക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലിടപെട്ട് എന്തിന് ആവശ്യമില്ലാത്ത പ്രയാസങ്ങളും കഷ്ടതകളും ഏറ്റെടുക്കണം. അതിനാല്‍ അവനെ ബോധപൂര്‍വ്വം അവഗണിച്ചു.

കുറേ നാളുകള്‍ കഴിഞ്ഞ് പിന്നീട് എപ്പഴോ അവിചാരിതമായി അവന്‍ വീണ്ടും വിളിച്ചു. അവന് ഫാമിലിയുമായി ഇവിടെ ഒന്നു വരണം. കുറച്ചു കാര്യങ്ങള്‍ സംസാരിക്കണം. ഒരുപക്ഷെ ഇനി സംസാരിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലോ... അതായിരുന്നു അവന്റെ റിക്വാസ്റ്റ്. വീട്ടില്‍ ഹസ്‌ബെന്റുമായി അതേപ്പറ്റി സംസാരിച്ചു. അവര്‍ക്കുവേണമെങ്കില്‍ ഞായറാഴ്ച വരാമെന്ന് ഹസ്‌ബെന്റ് പറഞ്ഞപ്പോള്‍ അവനെ വീട്ടിലേയ്ക്കു ക്ഷണിച്ചു. അവന്‍ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. സമയം കടന്നു പോയിട്ടും അവര്‍ എത്തുന്നതു കാണാതായപ്പോള്‍ അവന്റെ നമ്പറിലേയ്ക്ക് വിളിച്ചു. ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും അത് എടുക്കുകയുണ്ടായില്ല. കുറച്ചുസമയം തുടര്‍ച്ചയായി അടിച്ചുനോക്കി. അപ്പോള്‍ ഹസ്‌ബെന്റാണ് പറഞ്ഞത്.
''വണ്ടി ഡ്രൈവ് ചെയ്യുന്നതിനാലായിരിക്കും എടുക്കാത്തത്തത്. തിരിച്ചു വിളിച്ചോളും.''
കുറേ സമയം കഴിഞ്ഞപ്പോള്‍ അവന്റെ കോള്‍ വന്നു.
''ഞങ്ങള്‍ വരാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വേഗം എത്തും.''
''ശരി. വേഗം എത്താന്‍ ശ്രമിക്ക്. ഇപ്പോള്‍ തന്നെ പന്ത്രണ്ട് മണിയാകാറായി.''
''ഞങ്ങള്‍ പുറപ്പെടുകയായി.''
''ഓകെ, ഇവിടെ എത്തുമ്പോള്‍ വിളിച്ചാല്‍ മതി.''

പത്തുമണിയ്ക്ക് എത്താമെന്നാണ് ഏറ്റിരുന്നത്. എന്നാല്‍ പതിനൊന്നര കഴിഞ്ഞിട്ടും വരുന്നതു കാണാതായപ്പോഴാണ് വിളിച്ചത്. വീണ്ടും സമയം കടന്നു പോയി. ഇനി വരില്ലായിരിക്കുമോ എന്നു പോലും തോന്നി. വരാന്‍ ഉദ്ദേശമില്ലെങ്കില്‍ പിന്നെ എന്തിനാണ് വരുന്നെന്ന് പറഞ്ഞത്. എല്ലാത്തിനും സംശയമായി. കുറച്ചുസമയം കഴിഞ്ഞതും അവന്‍ വീണ്ടും വിളിച്ചു. ഇങ്ങോട്ടുള്ള എക്‌സാറ്റ് വഴി ചോദിച്ചുകൊണ്ടായിരുന്നു ആ കോള്‍. വഴിയെല്ലാം കൃത്യമായി പറഞ്ഞുകൊടുത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങി റോഡില്‍ ചെന്നു നിന്നു. വീട്ടിലേയ്ക്കുള്ള ലാന്റ്മാര്‍ക്കായ ക്ഷേത്രത്തിന്റെ മുന്നില്‍ത്തന്നെ നിലയുറപ്പിച്ചു. ഈ ക്ഷേത്രം ഉള്ളതിനാല്‍ ഇവിടെ വരുന്ന ആര്‍ക്കും വഴി തെറ്റാറില്ല.

അവരുടെ വണ്ടി ദൂരെ നിന്നും കണ്ടപ്പോള്‍ ആശ്വാസമായി. വണ്ടി അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അവര്‍ രണ്ടുപേര്‍ മാത്രമാണ് ആ വണ്ടിയില്‍ ഉണ്ടായിരുന്നത്. തീര്‍ത്തും അപരിചിതരായ രണ്ടുപേരെപ്പോലെ അവര്‍ വണ്ടിയില്‍ നിന്നിറങ്ങി നിന്നു. മക്കളെ കൊണ്ടുവന്നീട്ടില്ലായിരുന്നു. അപരിചിതരെപ്പോലെ നിന്ന അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തുകയറി സെറ്റിയിലെ സിംഗിള്‍ സീറ്റുകളിലായി ഇരുന്നു. എതിര്‍വശത്തുണ്ടായിരുന്ന ലോങ്ങ് സീറ്റില്‍ ഹസ്‌ബെന്റ് ഇരുന്നു. സമയം പന്ത്രണ്ടുമണിയായതിനാല്‍ ചായയുണ്ടാക്കാന്‍ നിന്നില്ല. കുറച്ചു കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാലോ... അതിനാല്‍ തയ്യാറാക്കി വെച്ചിരുന്ന ജ്യൂസ് കഴിയ്ക്കാന്‍ കൊടുത്തു. ഒപ്പം പലഹാരങ്ങളും ഒരു പ്ലേറ്റിലാക്കി ടീപോയില്‍ വെച്ചു. കുറച്ചു നേരം എന്തെങ്കിലും സംസാരിച്ചിരിക്കാമെന്നു കരുതി അവര്‍ക്ക് അഭിമുഖമായി സെറ്റിയില്‍ ഹസ്‌ബെന്റിനടുത്തിരുന്നു.

''എന്തേ മക്കളെ കൂട്ടാതിരുന്നത്.''
''അവരെ കൂട്ടിയാല്‍ ഈ വരവിന്റെ ഉദ്ദേശ്യം നടക്കാതെ പോയാലോ...''
''ഉം, അതെന്താ അങ്ങനെ.''
''ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. നിങ്ങളുടെ സാന്നിദ്ധ്യത്തിലാവുമ്പോള്‍ അതിനൊരു വ്യക്തമായ തീരുമാനമുണ്ടായാലോ...''
''തെളിച്ച് പറയൂ... എന്താണ് നിങ്ങളുദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.''
''ഞങ്ങള്‍ കുറേ കാലമായി ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നീട്ടും അതിനൊരു തീരുമാനമുണ്ടാകുന്നില്ല. ഇവിടെയാകുമ്പോള്‍ നിങ്ങളുടെ കൂടി അഭിപ്രായം ആരായാലോ...''
''അതിനെന്താ, എന്തു വിഷയമാണെങ്കിലും ഇവിടെ തുറന്നു പറയാം.''
''എനിക്ക് രമ്യ എല്ലാവിധ പിന്തുണയും ഇതുവരെ നല്‍കിയിട്ടുണ്ട്. എനിയ്ക്കു ചേര്‍ന്ന ഏറ്റവും നല്ല പെയര്‍ അവള്‍ തന്നെയാണ്.''
''അതിലെന്താ സംശയം.''
''അതവള്‍ക്കു കൂടി ബോധ്യമാകണ്ടേ...''
''അന്ന് നിങ്ങള്‍ വന്നില്ലേ, ആ സമയത്ത് ഞങ്ങള്‍ വഴക്കുകൂടിയിരിക്കുകയായിരുന്നു.''
''കുടുംബമാകുമ്പോള്‍ വഴക്കെല്ലാം സ്വാഭാവികം.''
''പക്ഷെ ഞങ്ങളുടെ കാര്യത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്.''
''എന്താണ് അത്രയധികം പ്രശ്‌നങ്ങള്‍?''
''ഞങ്ങള് പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചു. കോടതിയില്‍ അതിനുള്ള എല്ലാ ഹര്‍ജികളും സബ്മിറ്റ് ചെയ്തുകഴിഞ്ഞു. ചില ഫോര്‍മാലിറ്റികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.''
''അപ്പോള്‍ മക്കള്‍...''
''അതെല്ലാം ഇവള്‍ നോക്കിക്കൊള്ളും. അതിനുള്ളതെല്ലാം ഞാന്‍ ഇവള്‍ക്കായി നല്‍കുന്നുണ്ട്. വീടിന്റെ ഒരു നില ഇവര്‍ക്കുകൊടുക്കുന്നു. ഇതുവരെയുള്ള സമ്പാദ്യവും ഇവര്‍ക്കു നല്‍കും. എനിക്ക് താഴത്തെ നിലയും കാറും എന്റെ ബിസിനസ്സും മാത്രം മതി. ബാക്കിയെല്ലാം ഇവര്‍ക്കായി വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഡിവേഴ്‌സ് പെറ്റീഷനില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ട്. ഇവര്‍ക്കിനി ഇവരുടെ വഴി. എനിക്ക് എന്റെ വഴി.''
''നിങ്ങള്‍ ഇനി ഒന്നിച്ചു പോകില്ലയെന്ന് ഉറപ്പായോ...''
''ഞങ്ങള്‍ക്ക് ഇനി ഒന്നിച്ചു പോകാന്‍ കഴിയില്ല.'' ഇതുപറയുമ്പോള്‍ രാഗേഷിന്റെ മുഖത്ത് തെളിഞ്ഞു വന്ന അസന്തുഷ്ടി വളരെ പ്രകടമായിരുന്നു. അതിനിടെ രമ്യ മൗനം ഭജ്ഞിച്ചുകൊണ്ട് പറഞ്ഞു.
''ഇങ്ങേര്‍ക്ക് വേറെ ഒരു പെണ്ണുമായി അടുപ്പമുണ്ട്.''
''ഇപ്പോഴും?''
''അതേ...''
വീണ്ടും രാഗേഷ് ഇടപ്പെട്ടുകൊണ്ട് പറഞ്ഞു.
''ഞാന്‍ തന്നെയാണ് ഇവളോടത് പറഞ്ഞത്.''
''അതിനെന്താ ഇല്ലാത്തതല്ലല്ലോ...''
''എന്റെ ഒരു പഴയ സുഹൃത്താണ്. നിങ്ങള്‍ കേളേജ് പിരിഞ്ഞുപോയപ്പോള്‍ ഒറ്റയായി പോയ എന്നെ അവളാണ് അന്ന് സഹായിയായി കുടെയുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വീണ്ടും ഇപ്പോള്‍ കണ്ടെത്തിയത്. അവള് ചില സഹായങ്ങള്‍ ചോദിച്ചു. ഞാന്‍ ആ സഹായങ്ങള്‍ നല്‍കി. അതിലെന്താണ് ഇത്രയും തെറ്റ്.''
''അവളുമായി എല്ലാത്തരത്തിലുമുള്ള ബന്ധങ്ങളുണ്ട്.'' രമ്യ ഇടയ്ക്കു കയറി പറഞ്ഞു.
''അത് ശരിയാണെന്ന് രാഗേഷിന് തോന്നുണ്ടോ....''
''അതില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി.''
''അവള്‍ വിവാഹിതയാണോ...''
''അതേ, കുട്ടികളുമുണ്ട്.''
''അവളുടെ ഭര്‍ത്താവ്...''
''സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അവള്‍ക്കും ജോലിയുണ്ട്.''
''പിന്നെയെന്തിനാണ് അവളെ സഹായിയ്ക്കാന്‍ രാഗേഷ് പോയത്.''
''ഒരു ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കികൊടുക്കുന്നതിന് സെക്രട്ടേറിയറ്റില്‍ പോകാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ പോയെന്നേയുള്ളൂ.''
''അന്ന് അവളേയും കൊണ്ട് പലയിടത്തും ചുറ്റിയടിച്ചു. ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചു.'' രമ്യ അത് പറയുമ്പോള്‍ അതുവരെ അടക്കിവെച്ച നൊമ്പരങ്ങളുടെ ചുഴലിയുണരുന്നത് കാണാമായിരുന്നു.
''അവരുമായിയുള്ള ബന്ധം എങ്ങനെയാണ്. രമ്യ പറയുന്നതില്‍ കാര്യമുണ്ടോ...''
''ഉവ്വ്. അവളുമായി പലപ്പോഴും ശാരീരികബന്ധങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ തന്നെയാണ് ഈ വിവരങ്ങളെല്ലാം ഇവളോട് പറഞ്ഞതും.''
''നിങ്ങള്‍ ഒരു ഭര്‍ത്താവാണ്. ചെയ്യുന്ന തെറ്റുകള്‍ ഏറ്റുപറഞ്ഞതുകൊണ്ട് മാത്രം എന്ത് പ്രയോജനം. നിങ്ങളുടെ ഭാര്യ നിങ്ങളോട് എത്രമാത്രം വിശ്വസ്തയായിരിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവോ അതുപോല അവള്‍ക്കും ആഗ്രഹം കാണില്ലേ...''
''അത് ശരിയായിരിക്കാം. ഞാനിവള്‍ക്ക് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല.''
''അതൊന്നും നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് എക്‌സ്‌ക്യൂസ് അല്ല. നിങ്ങള്‍ അവരുമായി ജീവിക്കാനാണോ ആഗ്രഹിക്കുന്നത്.''
''അങ്ങനെ ആഗ്രഹമൊന്നുമില്ല. എന്നാല്‍ അവളെ വിട്ടു പോരാന്‍ കഴിയുന്നില്ല.''
''എന്തുകൊണ്ട് കഴിയുന്നില്ല. അതൊരു മാന്യമായ കാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലുമാകാം... അതെല്ലാം നിങ്ങളുടെ സ്വാതന്ത്ര്യം. നിങ്ങളുടെ മകള്‍ക്ക് വിവാഹപ്രായമായില്ലേ നിങ്ങള്‍ ഇങ്ങനെയായാല്‍ അവര്‍ക്കത് ഗുണമായിരിക്കുമോ...''
''അവര്‍ക്ക് ഇഷ്ടംപോലെ ജീവിയ്ക്കാം.''
''അച്ഛന്‍ എന്ന നിലയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണോ...''
''വീട്ടില്‍ യാതൊരുവിധ സമാധാനവും തരുകില്ലെന്നാല്‍ എന്തു ചെയ്യും.''
''രമ്യയാണ് അവളുടെ ഒരു കൂട്ടുകാരനുമായി ഇങ്ങനെ ചുറ്റിയടിച്ചിരുന്നതെങ്കില്‍ രാഗേഷ് എങ്ങനെയായിരിക്കും പ്രതികരിക്കുക.''
''....... ''
രാഗേഷ് മൗനം പാലിച്ചു. രമ്യ പറഞ്ഞു.
''ഇനിയെങ്കിലും ആ ബന്ധമെല്ലാം ഇല്ലാതാക്കി ഒന്നിച്ചു കഴിയാനാകുമെങ്കില്‍ ഇതുവരെ സംഭവിച്ചതെല്ലാം പൊറുക്കാന്‍ ഞാന്‍ തയ്യാറാണ്. രണ്ടു വീട്ടിലെയും ആളായി കഴിയാനാണ് താല്പര്യമെങ്കില്‍ ഇനി ഒന്നിച്ചുള്ള ജീവിതം വേണ്ട.''
''രാഗേഷിന് മക്കളുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലേ... അവരെ പാതി വഴിയില്‍ വിട്ട് രാഗേഷ് ആരെ രക്ഷിക്കാനാണ് പോകുന്നത്. മറ്റൊരാളുടെ ഭാര്യയേയും മക്കളേയുമോ... എന്നിട്ട് ജീവിതത്തെ ശോഭനമാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നുണ്ടോ... ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന രാഗേഷ് എന്ന സുഹൃത്ത് ഇതോടെ ഇല്ലാതാവുകയാണ്. അത്രയേ എനിയ്ക്കു പറയാനുള്ളൂ.''
''എനിക്ക് ഇവരെക്കുറിച്ച് ആശങ്കകളുണ്ട്.''
''എങ്കില്‍ അവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതല്ലേ നല്ലത്.''
''പക്ഷേ, അവര്‍ ഒരു ആശ്വാസമായി എന്നെ കാണുമ്പോള്‍...''
''അവര്‍ ഒരു എംപ്ലോയിയാണ്. മക്കളുണ്ട്, ഭര്‍ത്താവുണ്ട്. ഒരൊറ്റ പ്രവൃത്തിയിലൂടെ രണ്ടു കുടുംബമാണ് രാഗേഷ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.''
അയാള്‍ മൗനം പാലിച്ചു. പിന്നെ തുടര്‍ന്നു.
''ഞാന്‍ അവസാനമായി നിങ്ങളുടെ അഭിപ്രായം അറിയാമെന്നു കരുതിയാണ് ഇവിടെ വന്നത്.''
''എങ്കില്‍ ഞങ്ങള്‍ പറയുന്നത് രാഗേഷ് ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നാണ്. സ്വന്തം കുടുംബവുമായി സമരസപ്പെട്ടുപോകാനാകണം.''
അയാളതുകേട്ട് മിണ്ടാതിരുന്നു. സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. എല്ലാവരുടേയും വിശപ്പെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു. ഭക്ഷണം കഴിയ്ക്കാനിരിക്കുമ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞിരുന്നു. ഭക്ഷണത്തിനുശേഷം രാഗേഷ് മൗനിയായി മാറി. ചിന്തകള്‍ അയാളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവര്‍ യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞു.
''നിങ്ങള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്ത് ഒന്നിച്ചു കഴിയണം. നിങ്ങള്‍ക്കുവേണ്ടിയല്ല, നിങ്ങളുടെ മക്കള്‍ക്ക് വേണ്ടിയെങ്കിലും.''
അതിന് മറുപടിയൊന്നും അയാള്‍ പറഞ്ഞില്ല. ഇനിയും വരാമെന്നു മാത്രം പറഞ്ഞ് വണ്ടിയോടിച്ച് പോയി.
പിറ്റേന്ന് വൈകീട്ട് പരിചിതമല്ലാത്ത ഒരു ഫോണില്‍ നിന്നും കോള്‍ വന്നു. രമ്യയായിരുന്നു വിളിച്ചത്. അവര്‍ സന്തോഷത്തിലായിരുന്നു. അവരുടെ മനസ്സിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം വാക്കുകളില്‍ വീര്‍പ്പുമുട്ടുന്നത് ഇപ്പുറത്ത് കേള്‍ക്കാമായിരുന്നു. അവര്‍ അത്യുത്സാഹത്തോടെയാണ് പറഞ്ഞത്.
''ഞങ്ങള്‍ കോടതിയില്‍ കൊടുത്ത ഹര്‍ജ്ജികള്‍ പിന്‍വലിച്ചു. നിങ്ങളോട് സംസാരിക്കാനായതിന് ദൈവത്തോട് നന്ദി പറയുന്നു. നിങ്ങള്‍ക്ക് പുണ്യം കിട്ടും.''


ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ