“എടി സുബൈദാ, നീ എൻറെ പേഴ്സീന്ന് ഒരു അഞ്ഞൂറിന്റെ നോട്ടിങ്ങെടുത്തേ.” നല്ല തടിച്ച സ്വർണ്ണവളകളും മാലയും ചെവികളിൽ കുണുക്കുമിട്ട് സിറ്റൗട്ടിൽ ചാരുകസേരയിലിരുന്ന് പാത്തുമ്മ ബീവി അകത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു.
“അല്ല, ആരായി ചാണ്ടിക്കുഞ്ഞ് ? ഓന് എന്ത് കുന്ത്രാണ്ടം പറ്റീന്നാ പറഞ്ഞത്?”, ആലുവ ചരൽ വിരിച്ച മുറ്റത്ത് ബക്കറ്റുമായി പിരിവിനു നിൽക്കുന്ന സഖാവ് സുഗണനോടും അനുയായികളോടും പാത്തുമ്മ ബീവി ആരാഞ്ഞു.
“നസ്രാണികളുടെ കിഴക്കേ പള്ളിയിലെ കുഴി വെട്ടുകാരനാ. അയാളുടെ കിഡ്നിക്ക് തകരാറ്. പെൺമക്കൾ മൂന്നാ, മൂന്നും കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നു. നമ്മളാൽ കഴിയുന്ന ഒരു സഹായം. പണ്ട് ഇവിടുത്തെ ബാപ്പാന്റെ വലംകൈയല്ലായിരുന്നോ ചാണ്ടിക്കുഞ്ഞ്.”
സുഗുണൻ അതു പറഞ്ഞപ്പോൾ പാത്തുമ്മയുടെ മുഖമൊന്നു കറുത്തു.
തൻറെ കെട്ടിയോൻ ഇറച്ചിക്കട നടത്തിയതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. എല്ലും തോലും പെറുക്കാൻ അന്ന് ചാണ്ടിയായിരുന്നു അങ്ങേരുടെ കൂടെ ഉണ്ടായിരുന്നത്. കെട്ടിയോന്റെ മരണത്തോടെ താൻ പഴയതൊക്കെ മറന്നു.
പാത്തുമ്മ പഴയ ജീവിതം മറ്റുള്ളവരിൽ നിന്നും മറക്കാൻ ശ്രമിച്ചു.
“ഓ..ഓനാ. തെക്കെന്ന് പറഞ്ഞാൽ വടക്കോട്ടു പോകും. കഞ്ഞികുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. എന്നാലും പോട്ടെ സുബൈദാ...”
അവർ വീണ്ടും നീട്ടിവിളിച്ചു.
“ഉമ്മ പേഴ്സ് കാണാനില്ല.” സുബൈദ തിരിച്ചു കൂവി.
“എന്റെ മൊബൈലിന്റെ അടുത്ത് നോക്കിയേ.”
“മൊബൈലെവിടെയാ ഉമ്മാ ? “
“ഫ്രിഡ്ജിന്റെ മേലെയുണ്ടാകും”
“ഞാൻ കണ്ടില്ല..”
“പ്ലാസ്മാന്റെ അരികിൽ നോക്കു പെണ്ണേ.”
“അവിടേയും ഇല്ല.”
“എന്നാ പിന്നെ ഹോം തീയറ്ററിലോ, ഗോദറേജ് അലമാരയുടെ മുകളിലോ നോക്ക്.”
“എൻറെ ഇക്കാനെ കൊണ്ട് ഞാൻ മടുത്തു. ഇത്രയും വല്യ വീടുണ്ടാക്കണ്ടാന്ന് അന്നേ ഞാൻ പറഞ്ഞതാ. കേട്ടില്ല. ഒരു ചെറിയ കാര്യത്തിന് എത്രയെത്ര മുറി കയറി ഇറങ്ങണം. അതും മുറി നിറയെ ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ. നിങ്ങള് നോക്കിക്കോ ഞാൻ ഇപ്പോൾ തന്നെ ഇക്കാനെ മിസ്കോളു ചെയ്യും. തിരിച്ചു വിളിക്കുമ്പോൾ നല്ലതു പറയുന്നുണ്ട്.”
പാത്തുമ്മ അവളുടെ വർത്താമനം കേട്ടു
“എന്തു പറയാനാ അട്ടയെ പിടിച്ച് മെത്തേ കിടത്തീയാ കിടക്കോ..? ”
മുറ്റത്ത് നിന്നവർ ചിരിച്ചപ്പോഴാണ് താൻ പറഞ്ഞത് മറ്റുള്ളവർ കേട്ടന്ന് പാത്തുമ്മ അറിഞത്. അതിൻറെ ഒരു ചമ്മൽ അവർക്കുണ്ടായി .
“അല്ല അബ്ദുള്ള എപ്പോഴാ വരുന്നത് . ദുബായിൽ തന്നെയല്ലേ?", സുഗുണൻ വെറുതെ ചോദിച്ചു.
“ഓൻ ഷേഖിന്റെ സ്വന്തം ആളല്ലേ. എപ്പോ വേണമെങ്കിലും വരാല്ലാ.”
അവർ കൂടുതൽ വീമ്പിളക്കാൻ ആരംഭിച്ചപ്പോൾ സുബൈദ കാശുമായി വന്നു.
“അതങ്ങ് കൊടുത്തേക്ക് മരുമോളെ....”
“ഇവിടെ ആര് പിരിവിന് വന്നാലും ഞങ്ങൾ അഞ്ഞൂറ് രൂപയി കൂറഞ്ഞ് കൊടുക്കില്ല. ഇതിലേക്കിട്ടേക്കട്ടെ? ”
സുബൈദ നോട്ട് ബക്കറ്റിലിട്ടു. ഉച്ചയ്ക്ക് കറിവെക്കാൻ കാശില്ലാതെ അടുത്ത വീട്ടിൽ നിന്നും അഞ്ചു രൂപ കടം വാങ്ങി മീൻ വാങ്ങിയിരുന്ന തുടർക്കഥ പെട്ടെന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു മഞ്ഞളിപ്പ് തോന്നി സുബൈദ് ക്ക്.
“വളരെ സന്തോഷമുണ്ട് . ഒരു സഹായം അല്ലേ. ഞങ്ങളിറങ്ങട്ടെയെന്നാ.” സുഗുണനും സംഘവും മുറ്റം വിട്ടുപോയപ്പോൾ സുബൈദയുടെ ഭാവം മാറി. അവൾ ഉറഞ്ഞുതുള്ളി.
“അഞ്ചും പത്തുമല്ല , അഞ്ഞൂറല്ലേ എടുത്തുകൊടുക്കാൻ പറയുന്നത്. ഇത് എന്റെ കെട്യോൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ. എനിക്കും മക്കൾക്കും വേണ്ടി. അപ്പഴാ ഒരു ദാനധർമ്മവുമായി ഇറങ്ങിയിരിക്കുന്നത്.“
അവളത് പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല.
“എൻറെ മോൻ ഷേഖിന്റെ സ്വന്തമാളാണടി. അവൻ കഷ്ടപ്പെടുന്നത് എനിക്കും കൂടി വേണ്ടിയാ”
പാത്തുമ്മയുടെ പറച്ചിൽ ഇഷ്ടപ്പെടാതെ അവൾ ചന്തിയും കുലുക്കി പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി.
“ങാഹാ ... അങ്ങനെ ആയോ ഇപ്പോത്തന്നെ ഞാൻ ഇക്കാകു മിസ്കോൾ ചെയ്യും.” അവൾ മൊബൈൽ എടുത്തു.
ഭാര്യ മൂന്നാം പ്രാവശ്യവും മിസ്കോൾ ചെയ്തപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് അബ്ദുള്ളക്ക് തോന്നി. ഉറക്കം വിട്ടെണീറ്റിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നത് കൊണ്ടും, താമസിച്ചെണീറ്റാൽ നാസ്തയെക്കുറിച്ച് ആകുലപ്പെടേണ്ടെന്നു കരുതിയുമാണ് വെറുതെ കണ്ണടച്ചു കിടക്കുന്നത്. കഴിഞ്ഞ കുറേ ദിവങ്ങളായി ജോലിയൊന്നുമില്ലല്ലോ.
ഫോൺ എടുത്ത് ചെവിയോട് ചേർത്തപ്പോൾ കയ്യിൽ ഷാർജ ഷേക്കിൻറെ മണം ഉള്ളതായി അയാൾക്ക് തോന്നി. വെറുതെയാണ്. ഷാർജാ ഷേക്ക് അടിച്ച് കസ്റ്റമേഴ്സിനു കൊടുത്തിട്ട് കുറെ നാളായില്ലേ. മണം നിൽക്കാനുള്ള സാധ്യത കുറവാണ്.
കടയുടെ മുറിവാടക കൊടുക്കാത്തതു കാരണ അറബി ജ്യൂസ് കട അടച്ചു പൂട്ടിയതാണ്. തൻറെ വിസയുടെ കാലാവധി ഇനി നാലോ അഞ്ചോ ദിവസം മാത്രം. റിലീസ് വാങ്ങി മറ്റേതെങ്കിലും ഷോപ്പിൽ വിസ അടിക്കണമെങ്കിൽ നല്ലൊരു തുകയാകും . അതുകൊണ്ടാണ് കഴിഞ്ഞ രാത്രി കഴിഞ്ഞ രാത്രി താൻ അവധിക്ക് വരികയാണെന്ന് ഭാര്യയോട് കളവ് പറഞ്ഞത്.
അവർക്ക് സ്വർണ്ണവും സാരിയും മറ്റും വാങ്ങാനുള്ള ലിസ്റ്റ് തരാനുള്ള വിളിയാകും ഇത്. വിരലിലിട്ടിരിക്കുന്ന സ്വർണ്ണമോതിരം വിറ്റിട്ട് വേണം ടിക്കെറ്റെടുക്കാൻ. വലിയ ബംഗ്ലാവ് പണിതതിന്റെ ലോൺ ബാക്കി നിൽക്കുന്നു. സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കും എന്നോർത്തിട്ട് ഉറക്കമില്ല. ഹുണ്ടി ഫോൺ ബുക്ക് ചെയ്ത് ഭാര്യയുടെ വിളിക്കായി അയാൾ കാത്തിരുന്നു.
പെട്ടി കെട്ടുമ്പോൾ പഴയ ചങ്ങാതിമാർ അയാളെ കാണാനെത്തി.
“നീയെന്തിനാ പഴയ സെറ്ററും മറ്റും വലിച്ചുകെട്ടി കൊണ്ടുപോകുന്നത് ?.”
“ലഗേജ് 40 കിലോ ഉണ്ട്. കയ്യും വീശി ചെല്ലുവാന്നുള്ള ധാരണ ആർക്കും വേണ്ട . ഇരിക്കട്ടെ ഒരു ബലമായിട്ട്.”
അയാളത് പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവർക്ക് ചിരി വന്നില്ല. അവർ അമ്പതും നൂറും ആയിട്ട് ഒരു ചെറിയ തുക ശേഖരിച്ച് കൂട്ടുകാരിൽ തല നരച്ചയാൾ ആ കാശ് കൊടുത്തു.
“ഇതിരിക്കട്ടെ അബ്ദു . എല്ലാം ഒന്ന് പൊരുത്തപ്പെടുന്നതുവരെ ഉപകരിക്കും.”
അവർ നൽകിയ പണം വാങ്ങാൻ അയാൾ മടിച്ചില്ല . കൂട്ടുകാരുടെ സ്നേഹം ആണ്, തിരസ്കരിക്കാൻ പാടില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. എയർപോർട്ടിൽ നിന്നും വാടകക്ക് വിളിച്ച കാറിന്റെ മുകളിൽ പെട്ടികൾ വെച്ചു കെട്ടി വീട്ടിലേക്കുള്ള യാത്രയിൽ അയാൾ ഓർത്തു.
ആകാശച്ചുഴിയിൽപ്പെട്ട് മരണം മുഖാമുഖം കണ്ട നിമിഷം. എല്ലാവരും വാവിട്ട് കരഞ്ഞപ്പോൾ മറ്റുള്ളവരൊക്കെ രക്ഷപെട്ട് താൻ മരണം വരിക്കാൻ ആഗ്രഹിച്ചു. ഒരു നിമിഷമെങ്കിലും. തന്നെ ആശ്രയിക്കുന്നവർക്ക് ജീവിക്കാൻ ഒരു ഉപാധിയാകുമായിരുന്നു തന്റെ മരണം. മനുഷ്യന് പണത്തിനപ്പുറം ചിന്തിക്കാൻ മറ്റെന്തെങ്കിലും ഉണ്ടോ? അറിയില്ല .
കാർ വീട്ടുമുറ്റം കടന്നു ചെന്നപ്പോൾ തന്നെ കാത്തുനിൽക്കുന്ന വീട്ടുകാരെ അബ്ദുള്ള കണ്ടു. എല്ലാവർക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും.
“മോൻ ഒരുപാടങ്ങ് ക്ഷീണിച്ചു പോയല്ലോ?" കാറിൽ നിന്നിറങ്ങിയപ്പോൾ ഉമ്മ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
സുബൈദ പരിഭവം നടിച്ച് തൂണിന്റെ മറവിൽ നിന്നു. കുട്ടികൾ ഓടി വന്ന് അയാളെ കെട്ടിപ്പിടിച്ചു. പെട്ടിപിരിക്കൽ കഴിഞ്ഞപ്പോൾ നടുവിലത്തെ മുറിയിൽ ശ്മശാന മൂകതയായി.
“നേയെനിക്ക് എന്തെങ്കിലും വാങ്ങുമെന്നാണ് കരുതിയേ. സാരമില്ല. അടുത്ത വരവിന് ഇപ്പോഴത്തെ കുറവ് നികത്തിയാ മതി. എപ്പഴാ നെന്റെ തിരിച്ച് പോക്ക് ?"
അയാളുടെ മനമൊന്ന് കലങ്ങി. പ്രവാസിയാണ് താൻ. തിരിച്ചു പോകേണ്ടവൻ. പ്രതീക്ഷിച്ചതൊന്നും കിട്ടാതെ കിടപ്പുമുറിയിൽ കിടന്നു കരയുന്ന ഭാര്യയുടെ മനസ്സും കൂടി ഒന്ന് അറിഞ്ഞാൽ മതിയായിരുന്നു. അയാൾ മുറിയിൽ ചെന്നപ്പോൾ ഭാര്യയും കുട്ടികളും ഉറങ്ങിയിരുന്നു. നിറയെ സമ്മാനങ്ങളുമായി താൻ അടുത്ത തവണ വരുന്നത് സ്വപ്നം കണ്ടായിരിക്കും അവർ ഉറങ്ങുന്നത്.
മാർബിളിട്ട തറയിൽ അറിയാതെ അയാൾ ഇരുന്നു പോയി. ഇനി എന്ത് ? അതായിരുന്നു അയാളെ ആഴത്തിൽ അലട്ടിയ ചിന്ത.