മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

old woman

Mohanan P K

തുലാവർഷം ആരംഭിച്ചു. ചിന്നിച്ചിതറിയ കാർമേഘക്കീറുകൾ ഓടിക്കൂടുന്നു. ആകെ ഇരുളടഞ്ഞു. വീണ്ടുമൊരു മഴയ്ക്കായി ഒരുക്കു കൂട്ടുകയാണ്. എന്നും ഉച്ചതിരിഞ്ഞ് മഴയാണ്.

മിന്നൽപ്പിണരുകൾ ആകാശ ചരുവിലൂടെ വെളിച്ചമേകി ഓടിപ്പായുന്നു. ഭൂമിയുടെ ഉദരം പിളർക്കുമാറു ഇടിവെട്ടി. ചന്നം ചിന്നം മഴ ചാറിത്തുടങ്ങി. മഴയിൽ അലിഞ്ഞു ചേർന്ന വൃക്ഷങ്ങൾ കുളിരേറെ ആയപ്പോൾ വിറപൂണ്ടു നിന്നു.

മരച്ചില്ലകളിൽ ചിറകൊതുക്കിയ പക്ഷികൾ തണുത്തു വിറങ്ങലിച്ചു. സന്ധ്യയുടെ വരവായപ്പോൾ മഴയുടെ കനംകുറഞ്ഞു. രാത്രിയുടെ ഇരുൾ ഭൂമിയുടെ മാറിൽ ഇണചേർന്നു. ചിന്നിച്ചിതറി വീഴുന്ന മിന്നലിന്റെ ഇത്തിരി വെട്ടം മാനത്ത് ചിത്രം വരച്ചു. രാപ്പാടികളുടെ സംഗീതം മഴയിൽ അലിഞ്ഞു ചേർന്നു.  ഓലമേഞ്ഞ ഒറ്റക്കോടിപ്പുര മഴയിൽ കുളിച്ചു നിന്നു.

ആ ഓലപ്പുരക്കുള്ളിൽ രണ്ടാന്മാക്കൾ കഴിയുന്നു. ഒന്ന് മനുഷ്യക്കോലം പൂണ്ട ഒരു സ്ത്രീ മറ്റൊന്ന് എല്ലുന്തിഷീണിച്ച ഒരു നായ്ക്കുട്ടി. മനുഷ്യരൂപം പൂണ്ട ആത്മാവ് കീറത്തുണികൾക്കിടയിൽ വളഞ്ഞു കൂടി കിടന്നപ്പോൾ, കാവൽക്കാരനായി ഇരുളിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നു  ആ നായ്ക്കുട്ടി. ആ കുടിലിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു. ആർക്കും വേണ്ടാത്ത രണ്ടാന്മാക്കൾ ആ കുടിലിൽ ഒരു പാത്രത്തിലുണ്ട് ഒരേ പായയിൽകിടന്നുറങ്ങി കഴിഞ്ഞു പോന്നു.

മുനിഞ്ഞു കത്തിയ പാട്ടവിളക്കണഞ്ഞൂ. ഇരുട്ട് ആ കുടിലിന്റെ ഉള്ളിലെ ഏകാന്തതയെ വിഴുങ്ങി. നായ കൂടുതൽ ജാഗ്രതയോടെ ഇരുട്ടിനെത്തുരന്ന് കുടിലിനു കാവൽ തുടർന്നു. പെട്ടെന്നൊരു വെള്ളിടി ഭൂമിയുടെ ഹൃദയം പിളർക്കുമാറുച്ചത്തിൽ അലറിക്കൊണ്ട് തട്ടിത്തകർന്നു വീണു. കീറപ്പായിൽ മുഷിഞ്ഞ കീറത്തുണിയിൽ ചുരുണ്ടു കിടന്ന മനുഷ്യരൂപം പെട്ടെന്ന് എഴുന്നേറ്റു. വെളിയിലേക്കു നോക്കി നിന്ന നായ്ക്കുട്ടിയെ വിളിച്ചു.

"മോനേ…  കൈസറേ… കേറി വാടാ. മതിയടാ കാവൽ നിന്നത്. വന്നു കിടക്കൂ. ഈ കുടിലിൽ ഈ കിളവിയെ ശല്യപ്പെടുത്താൻ ആരും വരുവാനില്ല. നമ്മൾ രണ്ടുപേരും ആർക്കും വേണ്ടാത്ത രണ്ട് പാഴ് ജന്മങ്ങൾ, നമ്മളെ ഈ ലോകം തന്നെ മറന്നു. പിന്നെ ആരു വരാനാ…!"

"വരാനുള്ളത് മരണത്തിന്റെ തേരാണ്. അതിൻ്റെ ചക്രങ്ങളുംടെ ഇരമ്പലിനായ് എത്രനാളായി ഞാൻ കാതോർക്കുന്നു.അവൾ നെടുവീർപ്പിട്ടു!. മോനേ വന്നു കിടക്കൂ."

മാറിനിന്ന മഴയ്ക്ക് ശക്തി കൂടി. ആകാശ കോണിൽ കണ്ണുചിമ്മിയ പ്രകാശകിരണങ്ങൾ ഓലക്കീറുകൾക്ക് ഇടയിലൂടെ മുറിക്കുള്ളിൽ പ്രകാശം പരത്തി. അവൾ കിടന്ന കീറപ്പായിൽ കൈസറിനു കിടക്കാനുള്ള ഇടം അപ്പോഴും ഒഴിഞ്ഞു കിടന്നിരുന്നു. രാത്രിയുടെ മുഖത്തുനോക്കി വെറുതെ മുരണ്ടു കൈസർ. പിന്നെയവൻ ഓടിവന്നു അവൾക്കൊപ്പം ആ കീറപ്പായിൽ ചുരുണ്ടുകൂടി കിടന്നു.

കീറപ്പായിൽ കിടന്ന് ദേവകി ഇന്നലെകളുടെ കണ്ണീർവീണു കുതിർന്ന ചെപ്പു തുറന്നു. നഷ്ടപ്പെട്ട എന്തിനേയൊ തിരഞ്ഞു. തനിക്ക് നഷ്ടമായ ഭൂതകാലം വേദനയോടെ ചുരമാന്തി പുറത്തിട്ടു. എല്ലാവരേയും പോലെ എനിക്കുമുണ്ടായിരുന്നു നിറങ്ങൾ ചാലിച്ച ഒരു ഭൂതകാലം. അച്ഛൻ, അമ്മ സഹോദരങ്ങൾ, പിന്നെ ഭർത്താവ് മകൻ അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞ ഒരു കാലം. ഒരു നെടുവീർപ്പിട്ടുകൊണ്ടവൾ ഭൂതകാലത്തിലേക്ക് ഊളിയിട്ടു. 

വിവാഹ ശേഷം ഭർത്താവിനൊപ്പം സന്തോഷത്തോടെ കഴിഞ്ഞപ്പോഴും ഒരു കുഞ്ഞിനായി കാത്തിരിക്കേണ്ടി വന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ദേവകിക്കും രാഘവനും ഒരു ആൺകുഞ്ഞ് പിറന്നു. ആ കുട്ടിയുടെ ജനനം ആ മാതാപിതാക്കളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിച്ചു. കുഞ്ഞിൻ്റെ ഓരോ വളർച്ചയിലും അവർ മതിമറന്ന് സന്തോഷിച്ചു. തൻ്റെ മകൻ പിച്ചവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ, അമ്മേ എന്ന് വിളിച്ചപ്പോൾ ദേവകിയുടെ മനസ്സ് പൂർണ്ണചന്ദ്രനെ പ്പോലെ ഉദിച്ചുയർന്നു.

അച്ഛൻ്റെ മുതുകിൽ ആനകളിച്ചും അമ്മയുടെ സാരിത്തുമ്പിലൊളിച്ചും അവൻ ചിരിച്ചു കളിച്ചു. തുമ്പിക്കു പിറകേ പാഞ്ഞും മുറ്റത്തും തൊടിയിലും പൂക്കൾക്കും ശലഭങ്ങൾക്കും പുറകേ നടന്നും കിന്നാരം പറഞ്ഞും നാളുകൾ കടന്നു പോയി. 

പെട്ടെന്നാണ് കുഞ്ഞിന് പനിയും നിമോണിയായും പിടിപെട്ടത്. നാട്ടിലാകെ നിമോണിയ പടർന്നകാലം. ദിവസങ്ങൾ കഴിഞ്ഞു രോഗം മൂർച്ഛിച്ചു. ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

ഏറെക്കാലം കാത്തിരുന്നു കിട്ടിയ കൺമണിയെ മരണത്തിൻ്റെ കരങ്ങൾ കവർന്നപ്പോൾ ആ മാതാപിതാക്കൾ നെഞ്ചു തകർന്നു നിലവിളിച്ചു. കുഞ്ഞിൻ്റെ മരണത്തിനുശേഷം ദേവകി ആരോടും മിണ്ടിയില്ല. 

പെയ്തൊഴിഞ്ഞ മാനംപോലെ ശൂന്യമായി തീർന്നു അവളുടെ മനസ്സ്. മനസ്സിന്റെ താളം തെറ്റി. വർഷങ്ങളുടെ ചികിത്സക്കു ശേഷം വസന്തവും, ഗ്രീഷ്മവും , വേനലും മെല്ലെ മെല്ലെ വിരുന്നു വന്നു തുടങ്ങി. 

സന്ധ്യയുടെ ഏകാന്തതയിൽ മുങ്ങി നിവർന്നു, ദേവകിയും രാഘവനും പരസ്പരം കണ്ണുകളിൽ നോക്കി വേദനകൾ പങ്കുവെച്ചു. വർഷങ്ങളുടെ തേരിലേറി യാത്ര തുടർന്നപ്പോൾ മുടി നരച്ചു ആരോഗ്യം നഷ്ടപ്പെട്ടു,  രോഗങ്ങൾ ശരീരത്തെ കീഴ്പ്പെടുത്തി തുടങ്ങി.

രാഘവൻ്റെ കൂലിപ്പണിയെടുത്തു തളർന്ന ശരീരത്തിൽ വാർദ്ധക്യത്തോടൊപ്പം ശ്വാസം മുട്ടലും മുട്ടുവേദനയും കൂടിക്കൂടി വന്നു.

"നിങ്ങൾക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചൂടെ?" ദേവകി ചോദിച്ചു. 

"ഇതു സാരമില്ലടീ. നിൻ്റെയടുത്തു ഇങ്ങനെ ഇരുന്നാൽ മതി എല്ലാ രോഗങ്ങളും മാറും."

കഴിഞ്ഞ തവണ ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞതല്ലേ, "മെഡിക്കൽ കോളേജിൽ" പോകണമെന്ന്. അവൾ ഓർമ്മപ്പെടുത്തി.

"നാളെത്തന്നെ അനിയൻ്റെ മോനെക്കൂട്ടി മെഡിക്കൽ കോളേജിൽ പോകണം". ദേവകി പറഞ്ഞു.

"നിന്നെ തനിച്ചാക്കി ഞാനെങ്ങനെ പോകാൻ. അതു സാരമില്ല, അടുത്തു നമ്മുടെ ബന്ധുക്കളുണ്ടല്ലോ."

"നിങ്ങൾ എൻ്റെ കാര്യം ഓർത്ത് വിഷമിക്കണ്ട. രാവിലെ തന്നെ രമേശനേയും കൂട്ടി മെഡിക്കൽ കോളേജിൽ പോകണം. എത്ര ദിവസമായി ഈ കൈകാലു തരിപ്പും മുട്ടു വേദനയും തുടങ്ങിയിട്ട്. ഇനിയും വെച്ചോണ്ടിരിക്കണ്ട."

പറഞ്ഞു തീരും മുൻപേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

"ശരി ശരി നീ വിഷമിക്കണ്ട. നാളെത്തന്നെ ഞാൻ രമേശനേയും കൂട്ടി പോയിട്ടു വരാം." അയാൾ പറഞ്ഞു.

രാവിലെ തന്നെ രമേശനേയും കൂട്ടി അയാൾ ആശുപത്രിയിൽ പോകാനിറങ്ങി. അവർ യാത്ര പറഞ്ഞപ്പോൾ ദേവകിയുടെ കണ്ണു നിറഞ്ഞൊഴുകി. മനസ്സിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ. രാഘവനും രമേശനും മെഡിക്കൽ കോളേജിൽ എത്തി ഡോക്ടറെ കണ്ടു ചെക്കപ്പ് നടത്തി. അവസാനം അയാളെ അവിടെ അഡ്മിറ്റ് ചെയ്തു. ഭാര്യയെ തനിച്ചാക്കി പോന്നതിൻ്റ വേദന അയാളെ വല്ലാതെ തളർത്തി. സമനില തെറ്റിയവനെപ്പോലെ രാത്രി ഏറെ നേരം വാർഡിൽ അങ്ങോട്ടു മിങ്ങോട്ടും  ന്നടന്നു. പിച്ചും പേയും പറഞ്ഞു. വല്ലാത്തൊരു വെപ്രാളം അയാളെ പിടികൂടി. 

രമേശൻ ഭയന്നു വിറച്ചു. അവൻ ഓടി പ്പോയി ഡ്യൂട്ടി ഡോക്ടറെ വിളിച്ചു. നേഴ്സും ഡോക്ടറും ഓടിയെത്തി എന്തൊക്കയോ മരുന്നുകൾ കുത്തിവെച്ചു. അല്പം കഴിഞ്ഞ് അയാൾ മയങ്ങി. രമേശനും കട്ടിലിൽ കിടന്നു ഉറങ്ങി. വെളുപ്പിന് രമേശൻ പോയി ചായ വാങ്ങി കൊണ്ടു വന്നു. അയാളെ വിളിച്ചു. കുറേനേരം വിളിച്ചിട്ടും ഉണരാതായപ്പോൾ,അവൻ ഭയന്നു. ഉടൻ നേഴ്സ് ഓടിയെത്തി.

അവർ വിളിച്ചു. "രാഘവ…..രാഘവ"

അയാൾ വിളികേട്ടില്ല.

നേഴ്സ് അയാളുടെ കൈപിടിച്ച് നാഡിയിടിപ്പു നോക്കി. പെട്ടെന്ന് ഓടിപ്പോയി ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു. ഡോക്ടർ നോക്കി അയാളുടെ മരണം ഉറപ്പുവരുത്തി. 

രമേശൻ അലറി വിളിച്ചു. 

മരണവിവരം വീട്ടിൽ അറിയിച്ചു. ദേവകി വിവരമറിഞ്ഞ് തളർന്നു വീണു. ഒരു യാത്രാമൊഴി പോലും ചൊല്ലാതെ എന്നെ തനിച്ചാക്കി പോയല്ലോ! ഹൃദയം പൊട്ടിക്കരഞ്ഞവൾ, പിന്നെ ബോധരഹിതയായി. ആരൊക്കെയോ ചേർന്ന് അവളെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി. അടക്കം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. 

ഒരാത്മാവും ഒരു ശരീരവുമായി കഴിഞ്ഞവരായിരുന്നു ദേവകിയും രാഘവനും. ഇന്ന് ഒരാൾമാത്രം അവശേഷിച്ചു. 

മാസങ്ങൾ കഴിഞ്ഞിട്ടും ദേവകി ആ ഷോക്കിൽ നിന്നും മോചിതയായി രുന്നില്ല. ദിവസങ്ങളും ആഴ്ചകളും കടന്നു പോയി അവസാനം ആ വീട്ടിൽ ദേവകി തനിച്ചായി. ഭർത്താവിന്റെ ഒരാണ്ടു കഴിഞ്ഞപ്പോൾ ദേവകിയുടെ സഹോദരൻ വന്നു അവളെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് അയാൾ ആ വീടും സ്ഥലവും വിറ്റ് പണം കൈക്കലാക്കി. 

മാസങ്ങൾ കഴിഞ്ഞിട്ടും ദേവകിയിൽ മാറ്റമില്ലാതെ തുടർന്നു. അവസാനം സഹോദരൻ്റെ ഭാര്യയും മക്കളും ചേർന്ന് ആ പാവത്തെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. 

എങ്ങോട്ടന്നില്ലാതെ, ആരും ആശ്രയം ഇല്ലാതെ അവൾ അലഞ്ഞു നടന്നു. മറ്റു വീടുകളിൽ പിക്ഷയാചിച്ചാണ് ഇന്നവൾ കഴിയുന്നത്. അവസാനം സന്മനസ്സുള്ള ആരൊക്കയോ ചേർന്ന് ഒരു ചെറ്റക്കുടിൽ നിർമ്മിച്ചു നൽകി. ആ ചെറ്റക്കുടിലിൽ ദേവകി ഒറ്റയ്ക്ക് കഴിഞ്ഞു വന്നു. അപ്പോഴാണ്  എവിടെ നിന്നോ വഴി തെറ്റി വന്ന കൈസറും അവൾക്കൊപ്പം ചേർന്നത്.

വർഷങ്ങളുടെ ഇലകൾ കൊഴിഞ്ഞുപോയപ്പോൾ അവളുടെ മാനസ്സിക നിലയിൽ അല്പം മാറ്റം വന്നു കഴിഞ്ഞിരുന്നു. കൈസറും ദേവകിയും പരസ്പരം വേർപിരിയാൻ ആവാത്തൊരു ആത്മബന്ധം പോലെ തമ്മിൽ സ്നേഹിച്ചു ആ കുടിലിൽ കഴിഞ്ഞു.

തൻ്റെ മകനും ഭർത്താവിനും ഒപ്പം ചേരാൻ, അവരുടെ വിളിയ്ക്കായി ചെവിയോർത്ത് മരണത്തിന്റെ തേര് വരുന്നതും കാത്ത് ഈ കുടിലിൽ കഴിയുന്നു. 

ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട് അവൾ ഉറക്കംവരാഞ്ഞ് കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴും കൈസർ ആ പായയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ടായിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ