മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

വിരസമായൊരു ദീർഘയാത്രയുടെ  അവസാന ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ  എന്ന  ആശ്വാസത്തിന്റെ തണുപ്പത്താണ്  ഒന്ന് കണ്ണടയ്ക്കാൻ തീരുമാനിച്ചത് . മീന വെയിൽ ഒഴുകി പടർന്നു പാതയോരം വരെ   പൊള്ളി കിടന്നപ്പോൾ

തുടങ്ങിയ യാത്രയാണ് . കറുത്ത വലിയൊരാനയെ പോലെ പരന്നു  കിടക്കുന്ന  ഇരുട്ടിലേക്ക് വിഭാവരി  വലിച്ചിട്ടൊരു പൊങ്ങുതടിയെ പോലെ  കിടക്കുകയാണ് ഞാൻ യാത്ര ചെയ്യുന്ന ചുവപ്പും മഞ്ഞയും കലർന്ന ശകടം . എത്ര തവണ യാത്ര ചെയ്തിട്ടും അപരിചിതത്വം വിട്ടു മറാത്ത കറുത്ത റോഡ്  മുന്നിൽ മെരുങ്ങാത്തൊരു പെരുമ്പാമ്പിനെ പോലെ നീണ്ടു കിടക്കുന്നു . ഡ്രൈവറും കണ്ടക്ടറും അഞ്ചു മിനിറ്റ് താമസമുണ്ടെന്നു പറഞ്ഞിറങ്ങി പോയിട്ട് പതിനഞ്ചു മിനിറ്റോളമായി . യാത്രക്കാരിൽ മുക്കാൽ ശതമാനവും തിരിച്ചു സീറ്റിലെത്തി അക്ഷമയോടെ വാച്ചിലേക്കും പുറത്തെ അരണ്ട വെളിച്ചത്തിലേക്കും നോക്കുന്നു . എത്താൻ വളരെ തിടുക്കമുള്ളതു പോലെ ഞാനും വാച്ചിലേക്ക് നോക്കി അല്പമുറക്കെ "ശ്ശെ " എന്ന ശബ്ദം പുറപ്പടിവിച്ചു തല കുടഞ്ഞു പുറത്തെ ഇരുട്ടിലേക്ക് നോട്ടമെറിഞ്ഞു . എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നിൽ നിന്നും പിന്നിൽ നിന്നും തുടരെ തുടരെ "ശ്ശെ : ശബ്ദത്തിന്റെ ഒരൊഴുക്കു തന്നെ പിന്നാലെയുണ്ടായി  .

നിരാശയുടെ കൊടും വേനലിലേക്കു ചിന്തകളെ അഴിച്ചു വിടാതെ തല കുമ്പിട്ടിരുന്ന്  കണ്ണുകൾ ഇറുക്കിയടച്ചു .ഇനി ഏകദേശം നാൽപ്പത്തിയഞ്ച് മിനിറ്റുകൾ കൊണ്ടെന്റെ യാത്ര അവസാനിക്കും . എന്നത്തെയും പോലെ ബസിറങ്ങി മുന്നോട്ടു നടന്നു " ഇവിടെ മൂത്രം ഒഴിക്കരുതെന്ന ബോർഡിന്റെ മറവിൽ വിസ്തരിച്ചൊന്നു മൂത്രമൊഴിക്കും  . ഉച്ചക്ക് രണ്ടു മണിമുതൽ എട്ടു മണിവരെ പുറത്തു കളയാതെ ഇറുക്കി പിടിച്ചു വെച്ച മാനസിക പിരിമുറക്കത്തിൽ  നിന്നുമൊരു മോചനം കിട്ടിയ സുഖത്തിൽ വീണ്ടും മുന്നോട്ടു നടക്കും . നൂറു   മീറ്ററോടെ മുന്നോട്ടു നടന്നാൽ ഓട്ടോ സ്റ്റാൻഡ് . സ്ഥിരമായി വിളിക്കുന്ന തങ്കച്ചൻ ചേട്ടനോ സജിയോ എന്നും അവിടെയുണ്ടാകും . ഓട്ടോസ്റ്റാന്ഡിലെ പിന്നിലായി തണൽ വിരിച്ചു നിൽക്കുന്ന ബദാം മരത്തിന്റെ കീഴിൽ കല്ലുകൾ പൊക്കി വെച്ച് ഒരു ഇലക്ട്രിക് പോസ്റ്റ് വെച്ചു  താല്ക്കാലികമായി  നിർമ്മിച്ചെടുത്ത ബെഞ്ചിൽ ഒരു ബീഡിയും പുകച്ചു രണ്ടു പേരിലൊരാൾ എന്നുമുണ്ടാകും .തൊട്ടടുത്ത വിളക്കു  മരത്തിനു ചുറ്റും പ്രാണികൾ വട്ടമിട്ടു പറക്കുന്നുണ്ടാകും . ഓട്ടോയിൽ കൃത്യം പത്തു മിനിട്ടു കൊണ്ട് ലോഡ്ജിന്റെ മുന്നിലേക്ക് ഞാൻ എത്തപ്പെടും  . യാത്രയിൽ " ചൂടെങ്ങനെ ഉണ്ടായി ....ഇന്ന് മഴ വല്ലതും പെയ്തോ  ..എന്ന് തുടങ്ങുന്ന പതിവ് കുശലങ്ങൾ പടം പൊഴിച്ചിടാൻ  മറക്കില്ല . ഓട്ടോക്കൂലി   ഇരുപത്തിയഞ്ചു രൂപയും കൊടുത്തു സുധാകരണ്ണന്റെ  ദോശക്കടയിലേക്കു ഒരു മൂളി പാട്ടോടെയുള്ള നടത്തം .  . നാല് ദോശയും  ഒരു ഡബിൾ ഓംലെറ്റും കഴിച്ചു ചിറി തുടച്ചു മുന്നൂറ്റിയൊന്നെന്ന തന്റെ ഏകാന്ത താവളത്തിലേക്ക് . താക്കോല് വീണ സന്തോഷത്തിൽ പച്ച പെയിന്റടിച്ച വാതിൽ പെട്ടെന്ന് തന്നെ തുറന്നു മാറും . കൈയ്യെത്തിച്ചു ലൈറ്റും ഫാനും ഓണാക്കും .  പതിവ് കട കട ശബ്ദത്തോടെ ഫാൻ എന്റെ തലയ്ക്കു ചുറ്റും കറങ്ങാൻ തുടങ്ങും . ഇട്ട വസ്ത്രത്തോടെ കുളിമുറിയിലേക്ക് നടക്കും . ഒരു ദിവസത്തെ എല്ലാ വൃത്തിക്കേടുകളും കഴുകി കളയാൻ പത്തു രൂപയുടെ സോപ്പ് ശരീരമാകമാനം  നന്നായി തേയ്ച്ചു പതപ്പിയയ്‌ക്കും . ശരീരത്തെ മാത്രം നനച്ചു കൊണ്ട്  ക്ലോറിൻ കലർന്ന  വെള്ളം ദേഹമാസകലം അരിച്ചിറങ്ങും . മുറിയിലെ ഇടതു മൂലയിൽ സ്ഥാപിച്ച പൊട്ടലുകൾ  വീണൊരു കണ്ണാടിയിൽ ഞാൻ എന്നെ കാണും . നീല നിറമുള്ള ചീപ്പ് കൊണ്ട് മുടിയൊന്നൊതുക്കി പന്ത്രണ്ട്‌ മാസത്തെ മുഷിപ്പിലേക്കു വീഴും .ഏറെ താമസിയാതെ കാത്തിരിക്കുന്നൊരു കാട്ടു മൃഗത്തെ പോലെ ഉറക്കമെന്നെ കീഴടക്കും  .സ്വപ്‌നങ്ങൾ കാണാതെയുള്ള ഉറക്കം . എല്ലാം പതിവുകൾ . മാറ്റമില്ലാതെ ആവർത്തിക്കുന്ന ഇന്നലെകൾ . എല്ലാത്തിനും മുൻപുള്ള ഈ മുക്കാൽ മണിക്കൂറിൽ എന്തെങ്കിലും പുതിയത്  സംഭവിച്ചിരുന്നെങ്കിലെന്നു ഓർക്കാത്ത റി ദിവസം ഈ നഗരത്തിൽ എത്തിയതിൽ പിന്നെ കടന്നു പോയിട്ടില്ല. .തോർത്ത് കുടയുന്ന ശബ്ദത്തിന്റെ പിന്നാലെ ബസ് സ്റ്റാർട്ടാകുന്ന ശബ്ദവും കേട്ടു .. ഇല്ലാ ഒന്നും സംഭവിക്കില്ലെന്ന തോന്നലിന്റെ അവസാന നിമിഷത്തിൽ  ബസിന്റെ ഡോർ തുറക്കുകയും എന്തോ ഭാരമുള്ള  സാധനം വന്നു കേറിയത് പോലെ ബസ് ഒന്ന് ആടിയുലയുകയും ചെയ്തു . കണ്ണടച്ചു ധ്യാനത്തിലെന്നവണ്ണമിരുന്ന എന്നെ  അമർത്തി ഞെരിച്ചു കൊണ്ട് ആ സാധനം എന്റെ സീറ്റിന്റെ മുക്കാലും അപഹരിച്ചു . എന്റെ സ്ഥൂല ശരീരം ഇടതു വശത്തെ തകിട് ഷീറ്റിൽ ഒട്ടിച്ചു വെച്ചത്  പോലെ ഞാൻ ഒതുക്കി വെച്ചു . എന്റെ മാത്രമെന്ന് തൊട്ടു മുൻപ് വരെ ഞാൻ കരുതിയ  ആസനത്തിന്റെ പങ്കുകാരനെ ഞാൻ തെല്ലു മുഷിപ്പോടെ നോക്കി .

വിയർപ്പിന്റെയും വില കുറഞ്ഞ ഏതോ കട്ട റമ്മിൻെറയും മണം  മൂക്കിലേക്ക് അനുവാദമില്ലാതെ തുളച്ചു കയറി . നെറ്റിയിൽ വരച്ച നീളൻ ചന്ദനക്കുറിയും കപ്പടാ മീശയും തമിഴ് സിനിമയിലെ കോമഡി നടന്മാരെ ഓർമ്മിപ്പിച്ചു .  . പാതിയും കഷണ്ടി കയറി വെളുപ്പിച്ച തലയിൽ  തമിഴ് നാട്ടിലെ ചില പാഴ്നിലങ്ങളിൽ കാണാറുള്ള കുറ്റിച്ചെടികൾ പോലെ അവിടവിടെ മുടികൾ നീണ്ടു കിടക്കുന്നു . ഇരു നിറവും    ഞാന്നു  കിടക്കുന്ന  ഫുടബോൾ  പോലത്തെ  വലിയ വയറുമായി ഒരജാനുബാഹു .ചുവന്ന പല്ലുകാട്ടി അയാൾ നീളത്തിൽ ഒരു ചിരി പാസ്സാക്കി . തിരിച്ചു ചിരിക്കാൻ തക്കതായ ഒന്നും അയാളിൽ കണ്ടില്ലെങ്കിലും  വെറുതെ ചിരിച്ചെന്ന് വരുത്തി പുറത്തേക്കു നോക്കിയിരുന്നു . വലിയ കെട്ടിടങ്ങളുടെ ശവപ്പറമ്പ് പിന്നിട്ട ബസ് ഗ്രാമത്തിന്റെ വിശുദ്ധിയേയും നിശ്ശബ്ദതയെയും കീറി മുറിയ്ക്കുകയാണ് . ആരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്തൊരു ബലാൽക്കാരം  .

 അടുത്തൊരു മുരടനക്കം കേട്ടതു കൊണ്ടാണ് തിരിഞ്ഞു നോക്കിയത് . അയാൾ എന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കുകയാണ് .  എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു .കണ്ടാൽ ഒരു ഭീകരനെ പോലെ തോന്നുമെങ്കിലും ചിരിയിൽ തെളിഞ്ഞു നിൽക്കുന്നത് നിഷ്കളങ്കതയാണ് .  ഏതു കഷ്ടകാല സമയത്താണ് അയാൾക്ക്‌ ഈ സീറ്റിൽ വന്നിരിക്കാൻ തോന്നിയതെന്നു വിചാരിച്ചു വീണ്ടും  മുഖം പുറത്തേയ്ക്കു തിരിച്ചു വെച്ചു . ബസ് ഇടവഴിയിൽ പതുങ്ങി കിടന്നൊരു ഇരവിഴുങ്ങിയ പാമ്പിനെ പോലെ നിരങ്ങി നിരങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത് . വളവുകളിൽ ആടി  ഉലയുന്ന ബസിനൊപ്പം കരിമ്പാറ പോലത്തെ അയാളുടെ ശരീരത്തു  പലവട്ടം ഞാൻ ഇടിക്കുകയും  അത് പോലെ തന്നെ തിരിച്ചു പൂർവ സ്ഥിതിയിലേക്കെത്തുകയും ചെയ്തു . ഒരിക്കൽ പോലും അയാളുടെ നേരെ നോക്കി ചിരിക്കാനോ ക്ഷമാപണം നടത്താനോ  എനിക്ക് തോന്നിയില്ല .

"മുഖം തിരിക്കേണ്ട കൂട്ടുകാരാ , നിങ്ങൾ ഉദ്യേശിച്ച അതേ   ആൾ  തന്നെയാണ് ...ഞാൻ  ." ഗുഹയിൽ നിന്നെന്ന പോലെ തോന്നിച്ച ആ ശബ്ദത്തിനു നേരെ ഞാൻ വീണ്ടും മുഖം തിരിച്ചു . "  ഞാൻ ഉദ്യേശിച്ചതോ .." മനസ്സിൽ എന്നോട് തന്നെയായിരുന്നു ചോദ്യമെങ്കിലും ഉത്തരം പറഞ്ഞത് അയാളാണ് . ..

"അതെ നിങ്ങൾ ആലോചിച്ചില്ലേ  ..എല്ലാം മാറ്റി മറിയ്ക്കുന്ന  ഒരാളെ പറ്റി  ' അയാളുടെ കണ്ണുകളിൽ നിന്നുമൊരു പച്ചവെളിച്ചം പുറപ്പെടുന്നതായി എനിക്ക് തോന്നി .  ' ആ ആളാണ് ഞാൻ .. ' അയാളുടെ ചുണ്ടിൽ  അപ്പോഴും  അതേ  ചിരി പറ്റിപ്പിടിച്ചു തൂങ്ങി കിടക്കുന്നുണ്ടായിരുന്നു . അത്ഭുതത്തോടെയുള്ള  എന്റെ നോട്ടം കണ്ടിട്ടാവണം ഒരു വിജയിയെ പോലെ അയാളെ പൃഷ്ഠം ഒന്നിളക്കി നിവർന്നിരുന്നു എന്നെ നോക്കി . കൈ കൊണ്ട് മീശ ഒന്ന് തടവി . അധ്യാപകരുടെ വായിൽ നിന്നും വീഴുന്നതൊക്കെ ചാടി പിടിച്ചെടുക്കാൻ ധൃതി പൂണ്ടിരിക്കുന്നൊരു വിദ്യാർത്ഥിയെ പോലുള്ള എന്റെ നോട്ടം കണ്ടിട്ട് അയാൾക്ക് രസം പിടിച്ചത് പോലെ കണ്ണിറുക്കി കാണിക്കുകയും ഒരല്പം ഗൗരവം നടിക്കുകയും ചെയ്തു.

"ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം നടക്കും കൂട്ടുകാരാ , ഇന്നലെകളിൽ നിങ്ങൾ പ്രതീക്ഷിച്ചതു പോലെയൊന്നു ..ഇപ്പോൾ നിങ്ങൾ ചിന്തിച്ചത് പോലെ , ഇന്ന് ഒന്നിനും സമമാവില്ല  ..ഇന്നലെകൾക്കോ നാളേയ്ക്കോ  ..ഒന്നിനും സമമാവില്ല .ഇന്നത്തെ ദിവസം നിങ്ങൾ ഒരിക്കലും മറക്കുകയുമില്ല  ,

അയാൾ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.  

"കുറച്ചു നിമിഷങ്ങൾക്കപ്പുറം എന്ത് സംഭവിക്കുമെന്ന്  നിങ്ങൾക്ക് ഊഹിച്ചെടുക്കാൻ പോലുമാവില്ല ... എന്നാൽ അത് ഞാൻ നിങ്ങൾക്ക്  പറഞ്ഞു തരാം കൂട്ടുകാരാ ... "

 ബസിന്റെ വേഗത്തിലുണ്ടാകുന്ന വ്യതിയാനങ്ങളൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല . വലിയ കിടങ്ങുകളിൽ പല വട്ടം ബസ്  ഉരുണ്ടു വീണു കയറിയിട്ടും ഇപ്പോൾ ഞങ്ങൾ ഇരുന്ന ഇരുപ്പടങ്ങൾ മാത്രം അനങ്ങിയില്ല . അയാളുടെ കണ്ണുകളിൽ കത്തി നിന്ന  പച്ചവെളിച്ചത്തിൽ സ്വയം മറന്നവനെ പോലെ അയാൾ പറയുന്നതിൽ മാത്രം ശ്രദ്ധച്ചു ഞാനിരുന്നു .

 അത് വരെ ഉണ്ടായിരുന്ന ചിരിയും നിഷ്കളങ്കഭാവവും കുടഞ്ഞെറിഞ്ഞതിനു ശേഷം അയാൾ തുടർന്നു .

 "ഇന്ന് നിങ്ങൾ ബസ് ഇറങ്ങിയതിനു ശേഷം  എന്നത്തേയും പോലെ മുന്നോട്ടു നടന്നു തുടങ്ങുമ്പോൾ  പിന്നിൽ നിന്നൊരു സ്ത്രീശബ്ദം നിങ്ങളെ വിളിച്ചു നിർത്തും . മുന്നോട്ടു നടക്കാൻ ആഗ്രഹിച്ചാലും സാധിക്കാത്തതു പോലെ നിങ്ങൾ നിൽക്കുമ്പോൾ  കണ്ടാൽ അതി സുന്ദരിയായൊരു പെൺകുട്ടി നിങ്ങളുടെ അടുത്തേയ്ക്കു നടന്നു വരും . വിറയൽ കലർന്നൊരു ശബ്ദത്തോടെ അവൾ നിങ്ങളോട് സഹായം ആവശ്യപ്പെടും . കണ്ടാൽ മാന്യനായ നിങ്ങളോട്  അവൾ , അവളെ വീട്ടിലാക്കണമെന്നു  അപേക്ഷിക്കും . തനിയെ ഈ സമയത്തു ഓട്ടോറിക്ഷയിൽ പോകാനുള്ള ഭയം കൊണ്ടാണെന്നു അവൾ നിങ്ങളോടു പറയും . അവളുടെ കണ്ണുകളിലെ ഭയം തിരിച്ചറിഞ്ഞ നിങ്ങൾ അവൾക്കൊപ്പം നടക്കും . ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ നിങ്ങൾ അവളുമായി കയറും . ഇരുട്ടിൽ കുതിയ്ക്കുന്ന ഓട്ടോയിലിരുന്നു നിങ്ങൾ അവളുടെ ഗന്ധം ആസ്വദിക്കും . ഷാമ്പൂ പുരട്ടി മിനുക്കിയ മുടിയിഴകൾ മുഖത്ത് തഴുകുമ്പോൾ നിങ്ങൾ സ്വയം മറന്നു കണ്ണുകളടയ്ക്കും  . ഓട്ടോയുടെ ചലനത്തിനൊത്തു അവളുടെ ദേഹം നിങ്ങളുടെ ശരീരത്തിൽ ഉരസുമ്പോൾ നിങ്ങളുടെ ഹൃദയത്തിന്റെ താളം മുറുകും ..ശരീരം ചൂട് പിടിക്കാൻ തുടങ്ങും .. കണ്ണുകൾ തുറന്നു നോക്കുമ്പോൾ , ഇതുവരെ നിങ്ങള്ക്ക് പരിചിതമല്ലാത്തൊരു വഴിയിൽ കൂടിയായിരിക്കും നിങ്ങളുടെ സഞ്ചാരം ....."

 ഇമ വെട്ടാൻ പോലും മറന്ന് ഞാനിരിക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടയാൾ  ചാടി എഴുന്നേറ്റു , " ആളിറങ്ങണം .." അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു . ഒന്നും മനസ്സിലാകാതെ ഒരു തികഞ്ഞ പൊട്ടനെ പോലിരുന്ന എന്റെ മുഖത്ത് നോക്കി അയാൾ വീണ്ടും കണ്ണിറുക്കി ... " ഇനി എല്ലാം നേരിട്ട് ....."കറുത്തൊരു ഭാണ്ഡക്കെട്ടു പോലെ അയാൾ ഉരുണ്ടിറങ്ങി പോയി.  അകന്നു പോയ ശബ്ദത്തിനൊപ്പം  ഇരുളിൽ വെളിച്ചം കെട്ടു പോയൊരു മിന്നാമിനുങ്ങിനെ പോലെ അയാൾ അപ്രത്യക്ഷനായി . അപരിചമായൊരു സ്ഥലത്തു ഒറ്റയ്ക്കായി പോയൊരു കൊച്ചു കുട്ടിയെ പോലെ ഞാൻ ചുറ്റിനും നോക്കി . എല്ലാം ഒരു തോന്നൽ മാത്രമാണെന്ന് തോന്നിക്കും വിധം ചുറ്റുമുള്ള കാഴ്ചകളിലെല്ലാം പരിചിതത്വം നിറഞ്ഞു നിന്നു . ഉറക്കം തൂങ്ങുന്ന സഹയാത്രികർ . പിന്നിൽ , ടിക്കറ്റുകൾ എണ്ണി  ബാഗിലെ കാശ് കൃത്യമാണോ എന്ന് പരിശോധിച്ച്  അടുക്കി വെയ്ക്കുന്ന കണ്ടക്ടർ . ഷർട്ട് പിന്നിലേക്ക് വലിച്ചിട്ടു ഏതോ ഒരു ഹിന്ദിപ്പാട്ടു മൂളിക്കൊണ്ടു  വണ്ടി ഓടിക്കുന്ന ഡ്രൈവർ  . എല്ലാം തികച്ചും സാധാരണം .പുതിയതായി ഒന്നുമില്ല . ഇനി ഏകദേശം പത്തുമിനിറ്റ് മാത്രമാണ് എനിക്കിറങ്ങാനുള്ള സ്റ്റോപ്പിന് , അയാൾ പറഞ്ഞത് പോലെ നടക്കുമോ , ഇനി അയാൾ പോലുമൊരു തോന്നൽ മാത്രമായിരുന്നോ . മുരളുന്ന വാഹനത്തിനു മുന്നേ കുതിയ്ക്കാൻ വെമ്പുന്ന മനസ്സുമായി ഞാനിരുന്നു .

 അയാൾ  പറഞ്ഞത് പോലെ ഒന്നും സംഭവിക്കില്ലെന്ന  ഉറച്ച വിശ്വാസത്തോടെയാണ് ബസിൽ  നിന്നും പുറത്തേയ്ക്കു ഇറങ്ങിയത് . എട്ടു മണിക്ക് ശേഷം ആൾത്തിരക്കോ ബഹളമോ ഇല്ലാത്തൊരു നിശബ്ദ ശ്‌മശാനം പോലെയാണ്  ഈ നാടെന്നു എപ്പോഴും എനിക്ക് തോന്നാറുണ്ട് . പ്രിയപ്പെട്ടവരിൽ നിന്നും വലിച്ചെറിയപ്പെട്ടവനെ പോലെ ഞാൻ ഇരുളിലേക്ക് നടന്നിറങ്ങി . ബസ് പോയി കഴിഞ്ഞപ്പോൾ ചുറ്റും അരിച്ചിറങ്ങിയ ഇരുളിലൂടെ ഞാൻ  നടക്കാൻ തുടങ്ങി   . പാദങ്ങൾക്ക് ചുറ്റും മൊബൈലിന്റെ മഞ്ഞ  വെളിച്ചം ഒഴുകി പരന്നൊരു  വൃത്തത്തിനകത്തേയ്ക്കു ഒതുങ്ങി നിന്നു . അയാൾ സാധാരണ ഓട്ടോ കിടക്കാറുള്ള ദിശയിലേക്കു നോക്കി . കറണ്ട്  പോയതു  തന്നെയാണ് , ഓട്ടോ സ്റ്റാന്ഡിലേക്കുള്ള  വെളിച്ചം ചുമന്നു നിൽക്കാറുള്ള  വഴി വിളക്കും കണ്ണടച്ച് ഉറക്കത്തിലാണ്ടു കിടക്കുകയാണ് . ചെവി വട്ടം പിടിച്ചു ഒരിക്കൽ കൂടി കാതോർത്തു  , അയാൾ പറഞ്ഞത് പോലൊരു പിൻവിളി മുഴങ്ങുന്നുണ്ടോ , നെഞ്ചിടിപ്പിന്റെ താളം മുറുകുന്നു . ഇല്ലാ ആരുമില്ല . ഞാൻ എന്റെ നടപ്പിന് വേഗം കൂട്ടി ..

 സർ ...... എന്റെ സർവ നാഡികളും സ്തബ്ധമാക്കിക്കൊണ്ടു  പിന്നിൽ നിന്നുമൊരു പെൺശബ്ദം . നിന്ന നിൽപ്പിൽ ഞാൻ ഉരുകി വിയർത്തു . വെറും തോന്നൽ മാത്രമാണെന്ന ഉറപ്പില്ലാഞ്ഞിട്ടും  ആ ശബ്ദത്തെയും തോന്നലിനെയും പൂർണമായും അവഗണിച്ചു കൊണ്ട്  മുന്നോട്ടു നടക്കാൻ തുടങ്ങിയ എന്റെ പിന്നിൽ പദസരമണികൾ കിലുക്കി കൊണ്ടാരോ വന്നു നിൽക്കുന്നത് ഞാനറിഞ്ഞു . വൈകി വന്നൊരു സ്‌കൂൾ കുട്ടിയെ  പോലെ  ആ രൂപം കിതക്കുന്നുണ്ടായിരുന്നു . കാൽ ചുവട്ടിലെ വട്ട വെളിച്ചത്തിൽ എന്റെ  നിഴലിന്റെ പിന്നിലായൊരു പെൺ നിഴൽ കൂടി ഞാൻ വ്യക്തമായി കണ്ടു . വിറച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നിന്നു  . പാതിയും മുറിഞ്ഞു പോയൊരു നിലാവെളിച്ചത്തിൽ ഇരുണ്ട നിറങ്ങൾ മാത്രം കളങ്ങൾ പാകിയൊരു  ചുരിദാറിൽ    മുടി വിടർത്തിയിട്ടവൾ നിന്നു . കൈയ്യിൽ അധികം വലുപ്പമില്ലാത്തൊരു ബാഗും ഭയന്നൊട്ടിയ കണ്ണുകളും .

"സർ , എന്നെ  ഒന്ന് വീട്ടിലാക്കുമോ , രാത്രയിൽ തനിച്ചു ഓട്ടോയിൽ പോകാൻ ഭയമായിട്ടാണ് , പ്ലീസ് സർ.."

 ഒരു കൈ കൊണ്ടവൾ അപേക്ഷിക്കും പോലെ ആംഗ്യം കാണിച്ചു . എന്ത് ചെയ്യണമെന്നറിയാതെ ഞാനവളുടെ മുഖത്തേയ്ക്കു തന്നെ സൂക്ഷിച്ചു നോക്കി . ആ തടിയൻ പറഞ്ഞത് മുഴുവൻ തെറ്റിച്ചു കൊണ്ട് ഇപ്പോൾ തനിക്കു വേണമെങ്കിൽ ഇവളെ ഇവിടെ ഉപേക്ഷിച്ചു മടങ്ങാം .എന്നിട്ടു  ഇന്ന് നടന്ന സംഭവങ്ങളെ ഓർത്തു മുറിയിലിരുന്ന് തനിയെ ചിരിക്കാം . പക്ഷെ നാളത്തെ പ്രഭാതം സമ്മാനിക്കുന്ന ചൂടുള്ള വാർത്തകൾക്കു ഇവളുടെ ചോരയുടെയോ മാനത്തിന്റെയോ  കഥ പറയാനുണ്ടെങ്കിൽ   ഇത്രയും നാൾ മാന്യനെന്നും നല്ലവനെന്നും സ്വയമഹങ്കരിച്ച  എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നില്ലേ . തീരുമാനങ്ങൾ എടുക്കാൻ വളരെ കുറച്ചു സമയം മാത്രമേ എനിക്ക് മുന്നിലുണ്ടായിരുന്നുള്ളൂ  . പെട്ടെന്ന്, വളരെ പെട്ടെന്ന്  കറണ്ട് വന്നു ,കാൽക്കീഴിലെ മൊബൈൽ വെളിച്ചം അപ്രത്യക്ഷമായി . വഴി വിളക്ക്  തല നിവർത്തി കണ്ണ് മിഴിച്ചു . അവൾ , സുന്ദരിയായ അവൾ എന്റെ മുന്നിൽ കൈകൾ  കൊണ്ടും കണ്ണുകൾ കൊണ്ടും അപേക്ഷിച്ചു നിന്നു  .

 എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത് . ഇപ്പോൾ ഞാനും അവളും പരിചയമില്ലാത്തൊരു ഓട്ടോയിൽ അവളുടെ വീട്ടിലേക്കു പോവുകയാണ് . കാറ്റിന് അവളുടെ ഗന്ധമാണ് . മൂക്കിലേക്കടിച്ചു കയറുന്ന പെണ്ണിന്റെ മാദക ഗന്ധം .  എണ്ണമയമില്ലാത്ത ഷാമ്പൂ ചെയ്ത മുടി മുഖത്തെ ചുംബിക്കുന്നു . ഇടവേളകൾ ശരീരങ്ങൾ തമ്മിലുരസി ചൂട് പിടിക്കുന്നു . ഞാൻ കണ്ണുകളടച്ചു

 " ചേട്ടാ ഈ വഴിയല്ല  പോകേണ്ടത് , നമുക്ക് വഴി തെറ്റി ..." അവൾ  ഭയത്തോടെ പുറത്തേയ്ക്കു നോക്കി കൊണ്ടാണത് പറഞ്ഞത് . ഞാനും പുറത്തേയ്ക്കു നോക്കി . പരിചിതമല്ലാത്തൊരു വഴി , ചുറ്റിനും കാട് പോലെ പടർന്നു കിടക്കുന്ന റബർ തോട്ടം  ഇപ്പോൾ ഓട്ടോറിക്ഷ വലിയൊരു കയറ്റം കയറുകയാണ് . ചീവീടുകളുടെ കരച്ചിൽ ചെവി തുളച്ചു കയറുകയാണ് .

 അല്ല മോളെ , ഇതൊരു ഷോർട് കട്ടാണ്  , വേഗം എത്തും ... അയാൾ തിരിഞ്ഞു നോക്കാതെയാണ് പറഞ്ഞത് . അവൾ പരിഭ്രമത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കി . ഞാൻ പേടിക്കേണ്ടെന്നു കണ്ണടച്ച് കാണിച്ചു . കയറ്റം കയറി ഇറങ്ങിയ വണ്ടി പെട്ടെന്ന് നിന്നു . ചുറ്റും ഇരുട്ട് വീണ്ടും കട്ട പിടിച്ചു . ഞാൻ മൊബൈൽ വെട്ടം തെളിച്ചു . പൊടുന്നനെ ഓട്ടോയ്ക്ക് ചുറ്റുമായി ആരെല്ലാമോ ഉള്ളത് പോലെ എനിക്ക് തോന്നി . വീണ്ടും ഓട്ടോയിലെ പ്രകാശം  തെളിഞ്ഞു കത്തി . മുന്നിൽ രണ്ടു പേരെ  കൂടി അപ്പോൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു .  . ചുണ്ടിൽ എരിയുന്ന ബീഡി . ഒരു വികടൻ  ചിരിയുമായി ഓട്ടോ ഡ്രൈവറും അവർക്കൊപ്പം ഇറങ്ങി ചേർന്ന് നിന്നു . അവൾ ചൂടുള്ള കൈകൾ കൊണ്ടെന്റെ കൈ അമർത്തി പിടിച്ചു . ഞാൻ വിയർക്കാൻ തുടങ്ങി .ഭയം അവളെയും എന്നെയും ഒരു പോലെ വിഴുങ്ങാൻ തുടങ്ങി . അവളെ ഓട്ടോയിലിരുത്തി ധൈര്യം സംഭരിച്ചു  ഞാൻ പുറത്തേക്കിറങ്ങി . എന്റെ മുന്നിൽ ഉള്ളത് മൂന്നു പേരും മല്ലന്മാരാണ് .

 "അണ്ണാ ...അണ്ണൻ വിട്ടോ , പക്ഷെ പോകുമ്പോൾ , ദേ  ഈ ഒരു ഓട്ടത്തിന്റെ കാര്യം മറന്നിട്ടു വേണം പോകാൻ ... ഇവളെയും ..." അത് പറയുമ്പോൾ അവൻ നാവു കൊണ്ട് ചുണ്ട് നനച്ചു . ഞാൻ ഒറ്റയ്ക്കാണ്. വേണമെങ്കിൽ  ഓടി രക്ഷപെടാം. പക്ഷെ എന്നെ വിശ്വസിച്ചു വന്ന പെൺകുട്ടി. ഞാൻ പതുക്കെ പിന്നോട്ട് മാറി . കാലിൽ എന്തോ തടഞ്ഞു . ഒരു വലിയ ഉരുളൻ തടിയാണ്  .  മുന്നിൽ നിൽക്കുന്നത് ഇരയെ വേട്ടയാടി പിടിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ക്രൂര മൃഗങ്ങളാണ്. ദംഷ്ട്ര ഇല്ലാത്ത ഇരുകാലി മൃഗങ്ങൾ . കണ്ണിൽ എരിയുന്നത്  കാമമാണ് . ഇന്നത്തെ വിശപ്പടക്കാനുള്ള ഇരയാണ് എന്നെ  അഭയം പ്രാപിച്ചവൾ  . വേട്ട മൃഗങ്ങളുടെ ഇടയിൽ നിന്നുമൊരു ഇരയെ മോചിപ്പിക്കുക, ഇതെന്റെ ദൗത്യമാണ്. മൊബൈൽ വെട്ടമണച്ചു കൊണ്ട് ഞാൻ കാലിൽ തടഞ്ഞ തടി കഷണം  കൈയ്യിലെടുത്തു .

 പേടച്ചരണ്ട  ഇരയുടെ മേലേക്ക് ചാടി വീഴാൻ തുടങ്ങിയ മൃഗങ്ങളെ ഞാൻ ശക്തമായി നേരിട്ടു . എന്റെ രക്തയോട്ടം കൂടുന്നതും വല്ലാത്തൊരു ശക്തി എന്നിൽ നിറയുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു . പോരാട്ടത്തിനൊടുവിൽ  രണ്ടു പേർ  ഇരുളിലേക്ക് ഓടി മറഞ്ഞു , ശേഷിച്ചവന്റെ ശിരസ്സ് നോക്കി തടി കഷണം  വീശിയതും , നെഞ്ചിനു താഴെയായി   ഒരു ഇരുമ്പു ദണ്ട് തുളഞ്ഞു കയറുന്നത് ഞാനറിഞ്ഞു . ഒന്നല്ല പല വട്ടം . ഓടി പോയ മൂന്നാമന്റെ നേരെ ഞാൻ തടിക്കഷണം വീശിയെറിഞ്ഞു . വീണ്ടും ഇരുട്ട് . കണ്ണിലും ചുറ്റിലും ഇരുട്ട് നിറഞ്ഞു.ഓട്ടോക്കുള്ളിൽ നിന്നും അടക്കി പിടിച്ച നിലവിളിയുടെ ചീളുകൾ എന്റെ കാതിൽ തറച്ചു . ഓട്ടോയിൽ ചാരി,ഞാൻ മെല്ലെ ഊർന്നിറങ്ങി . ചുറ്റും ഭയപ്പാടോടെ നോക്കി കൊണ്ട്  ആ പെൺകുട്ടി ഓട്ടോയിൽ നിന്നുമിറങ്ങി വന്നു . ഞാൻ എന്റെ മൊബൈൽ തെളിച്ചു അവൾക്കു കൊടുത്തു .

മോള്  പൊയ്ക്കോ ...അവന്മാർ ഇനി വരില്ല ... 

എന്റെ ശബ്ദം വിറയ്ക്കുകയും , ഇടയ്ക്കിടെ മുറിഞ്ഞു വീഴുകയും ചെയ്തു . കണ്ണുകൾ അടഞ്ഞു പോവുകയാണ് . മുന്നിലൊരു വെളിച്ചം അകന്നു പോകുന്നുണ്ട് . കണ്ണുകളെ ഇരുട്ട് മൂടുകയാണ് .

"സർ ഇറങ്ങുന്നില്ലേ .................."

ബോധതലത്തിനും അബോധ തലത്തിനുമിടയിലേക്കു ആണ്ടിറങ്ങി പോയവനെ പോലെ സ്വയം നഷ്ടപ്പെട്ടു കുറച്ചു നേരം മുന്നിൽ നിൽക്കുന്ന  മനുഷ്യനെ ഞാൻ സൂക്ഷിച്ചു നോക്കി . ചുണ്ടിലേക്കു ഒലിച്ചിറങ്ങി ചോര വിരൽത്തുമ്പിൽ വെളുത്ത നിറത്തിലൊട്ടി നിന്നു . അകന്നു പോകുന്ന മൊബൈൽ വെളിച്ചം അനക്കമറ്റ്‌  എന്നെ ത്തന്നെ സൂക്ഷ്മമായി നോക്കുന്നു . തോളിൽ ശക്തമായി അമർത്തി കൊണ്ട് അയാൾ വീണ്ടും പറഞ്ഞു .

സർ സ്റ്റോപ്പെത്തി , ഇറങ്ങുന്നില്ലേ .... വെറുതെ മനുഷ്യനെ മെനക്കെടുത്താൻ , അതയാൾ  പതുക്കെയാണ് പറഞ്ഞത് എനിക്ക് കേൾക്കാവുന്ന ശബ്ദത്തിൽ  . അതിലെ  തമാശ ഓർത്തെടുത്തു ചിരിക്കാൻ കഴിയുന്ന മനസികാവസ്ഥയിലായിരുന്നില്ല ഞാൻ . കണ്ടതത്രയും ഒരു സ്വപ്നമായിരുന്നെന്നു വിശ്വസിക്കാനും കഴിയുന്നില്ല . മെല്ലെ ബോധ മനസ്സിലേക്ക് തിരിച്ചു വന്നു ബസിൽ  നിന്നും ഇറങ്ങി . അകലെ കണ്ണു  മിഴിച്ചെന്നെ നോക്കുന്ന  വിളക്കുമരം . ഞാൻ അങ്ങോട്ട് നടന്നു .

പെട്ടെന്ന് , വളരെ പെട്ടെന്ന് എന്നെ ഇരുട്ടിലാഴ്ത്തി കളഞ്ഞു കൊണ്ട് കറണ്ട്  പോയി . അടുത്ത നിമിഷത്തിൽ ഞാൻ  ഇരുട്ടിൽ ആ റബർതോട്ടത്തിന്റെ  നടുവിൽ ചീവീടുകളുടെ കരച്ചിലിന്റെ വക്കോളമെത്തി . അടുത്ത നിമിഷം  ബോധത്തിലേക്ക് തിരിച്ചു വന്ന ഞാൻ മൊബൈൽ വെളിച്ചം തെളിയിച്ചു . കാലിൽ കുരുങ്ങി കിടന്ന വെളിച്ചം  ഒരു വട്ടത്തിന്റെ മധ്യത്തിൽ എന്നെ പൂട്ടിയിട്ടു . ഞാൻ മുന്നോട്ടു നടന്നു ...

സർ .......    പിന്നിലൊരു പെൺശബ്ദം ..അടുത്ത നിമിഷം ഞാൻ മരിച്ചവനെ പോലെ നീലച്ചു കനച്ചു .

ഒരു സഹായം ചെയ്യുമോ സർ ..... പെൺശബ്ദം തൊട്ടു പിന്നിലെത്തി വള  കിലുക്കുന്നു . നെഞ്ചിനു നേരെ താഴെയായി  ആഴത്തിൽ  ഒരു മുറിവ്  തനിയെ പൊട്ടിയൊലിക്കാൻ  തുടങ്ങി .  അകന്നു പോയ മൂന്നു പേർ  തിരിച്ചു വരികയാണ് . എന്റെ കാലുകളിലേയ്ക്ക് രക്തയോട്ടം കൂടുന്നത് ഞാനറിഞ്ഞു . മറ്റൊന്നും ചിന്തിക്കാതെ , ആ തടിയനെയും പെണ്ണിനേയും പാതിയിൽ മുറിഞ്ഞ സ്വപ്നത്തെയും ആ ഇരുട്ടിൽ ഉപേക്ഷിച്ചു  പിന്നോട്ട് നോക്കാതെ ഒരു  ഭ്രാന്തനെ പോലെ ഞാൻ ഓടാൻ തുടങ്ങി.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ