മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Krishnakumar Mapranam)

ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . എന്നെ കണ്ടതും തിരുമേനി ചോദിച്ചു ''എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട്... ദൈവവിശ്വാസം ഒന്നുല്ല്യല്ലേ.'' 
''അങ്ങനെയൊന്നും നിരീച്ചട്ടല്ല.. തിരുമേനി...എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ, അതിപ്പോ ഇബടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും ഉടുത്തൊരുങ്ങി വരും ... അവര്‍ക്കെയുള്ളു ദൈവവിശ്വാസം എന്നങ്കട് കരുത്യാലോ .......''

''ഏയ് തര്‍ക്കിക്കാനൊന്നും പറഞ്ഞതല്ലാട്ടൊ. കാണാറില്ല ..ആരേം ..അല്ല വീട്ടീന്നും ഇങ്കടൊന്നും  കാണണില്ലല്ലോ ... അമ്മയ്ക്കൊക്കെ സുഖാണോ ... ഇശ്ശി കാലായിരിക്കണൂ കണ്ടിട്ട് ...''
'''വയസ്സായില്ലേ പൊറത്തൊന്നും പോവാറില്ല... ഒരീസം ഒന്നങ്കട് വീഴ്വേം ചെയ്തു..''
''ശിവശിവാ വല്ലോം പറ്റ്യോ ..എനിക്കങ്കട് ഒന്ന് കാണണം ന്ന് ണ്ട് ..വിവരങ്ങളൊന്നും ആരും അങ്കട് പറഞ്ഞൂല്ല്യ ..''
''ഒന്നു രണ്ടുമാസം കൊറച്ച് പ്രയാസായിരുന്നു, ഇപ്പൊ അതൊക്കെ മാറി ന്നാലും പൊറത്തൊന്നും പോവാറില്ല ..''
''ഉം എന്താ ചെയ്യാ ..ഗ്രഹപ്പിഴ....ഒക്കെ ശര്യാവും ......
''പിന്നെ .....താനെന്തൊക്കെയൊ ഒരൂട്ടം എഴുതുണൂന്നൊക്കെ കേട്ടല്ലോ ..സാഹിത്യം ല്ലേ ...''
''അങ്ങനൊന്നുംല്ല്യ ഒരു രസത്തിന് .''
''ഒരു രസം എപ്പഴും നല്ലതാ ..ഇന്നാള് എന്തോ പത്രത്തിലൊക്കെ പടം കണ്ടല്ലൊ. നങ്ങേമക്കുട്ടി കാണിയ്ക്കേണ്ടായേ ...അവള്‍ക്കുംണ്ടേ തന്നെപ്പോലെ ഒരു രസം ''

''ഓ നങ്ങേമക്കുട്ടി ഇപ്പോ ഏത് സ്ക്കൂളിലാ ...ഞങ്ങള് ഒരുമിച്ച് പഠിച്ചതാണ് ...കണ്ടിട്ട് ത്ര കാലായി ..''
''അവള് ഇപ്പോ ഇല്ലത്തുണ്ട് ഇബടുന്നാ പോയിവരണേ ...ആറുമാസായി ..ഇങ്കട് മാറ്റായിട്ട് ..പിന്നെന്നെച്ചാല് ജോലിയ്ക്കു പോവുമ്പോ എളേ കുട്ടീനെ നോക്കാനും ഒരാളു വേണ്ടേ ഇബട്യാച്ചാല് സാവിത്രീണ്ടല്ലൊ '
''അതു നന്നായി''
''അല്ലാ ചോദിക്കാന്‍ വിട്ടു ..എവിട്യാ ഇപ്പോ ഉദ്യോഗം ''
''തൃശ്ശൂരാ ....''
''അത്യോ ..വടക്കുനാഥന്‍റെ മണ്ണില് ..നന്നായി ''


''പിന്നെ തിരുമേനി ഞാനിപ്പോ വന്നത് എനിക്കൊരു വഴിപാട് കഴിക്കണം ''
''ആവാലോ ....പറഞ്ഞോളൂ .''
''ഒരു പുഷ്പാഞ്ജലി ''
''കഴിക്കാം ആരുടെ പേര്‍ക്കാ ...... നാളും പേരും പറഞ്ഞോളൂ ''
''നാള് മകം  പേര് ..............''
''ങ്ങേ.....'' പേരുകേട്ടതും തിരുമേനി എന്നെയൊന്നു സൂക്ഷിച്ചു നോക്കി
''ആരാ ഈ ...........   അതും അന്യമതത്തിലുള്ള ... ....നമ്മടെ അമ്പലത്തിലിങ്ങനെ ആദ്യായിട്ടാലോ ..അതു വേണോ?"
''അതെന്താ തിരുമേനി  അങ്ങനെ ചോദിച്ചേ. എന്താ അന്യ മതസ്ഥരുടെ പേര്‍ക്ക് പുഷ്പാഞ്ജലി കഴിക്കണോണ്ട് കൊഴപ്പം''
''അങ്ങിനോരേര്‍പ്പാടിണ്ടായിട്ടില്ല....അതോണ്ട്ചോദിച്ചൂന്നേളൂ ആരാ ഈ ......''
''അതെനിക്ക് വേണ്ടപ്പെട്ട ഒരാളാണ് തിരുമേനി ...
''എന്നു വച്ചാ....തിരൂമേനി അര്‍ത്ഥഗര്‍ഭമായി വീക്ഷിച്ചു.

ഒരുപാടു വേദനിക്കുന്ന കഷ്ടപ്പെടുന്ന ഒരാള് ..എന്തൊക്കെയോ അസുഖങ്ങളും അവര്‍ക്കുണ്ട്...അവരെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല ..ഫോണിലൂടെ മാത്രം കേട്ടറിഞ്ഞതാണ് ...അവരുടെ വേദനകള്‍ കേട്ടപ്പോള്‍ എനിക്കങ്കട് തോന്നീ ..അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ഒരു പുഷ്പാഞ്ജലി കഴിക്കാനും ....എനിക്കുവേണ്ടി ഇതുവരേയും  പ്രാര്‍ത്ഥിച്ചിട്ടില്ല ...ഇതിപ്പോ ഒരുതോന്നല്...എന്താ അതില് കൊഴപ്പം ''

''ഒരു കൊഴപ്പോംല്യ ...അതിശയായിരിക്കണൂ ...''
''അവര് പറഞ്ഞീട്ടൊന്നുമല്ലാട്ടോ ഈ പുഷ്പാഞ്ജലി കഴിക്കണേ ....ഒരു തോന്നല്‍..... പിന്നെ തിരുമേനി ഒന്നു ചോയിച്ചോട്ടേ...ഈ ജാതീം മതോം നമ്മള് തന്ന്യല്ലേ ഇണ്ടാക്കീത് ചോരേടെ നിറം ഒന്നുതന്ന്യല്ലേ ......''
''ശര്യാ താന്‍ പറഞ്ഞെ ...എഴുതുംന്ന് കേട്ടെങ്കിലും ഇത്രയ്ക്കങ്ങട് നോം കരുതീല്ല്യ ....''

''ആര്‍ക്കും എവിടേം പോയി പ്രാര്‍ത്ഥിക്കാം അതല്ലേ ശരി ....വഴിപാടും കഴിക്കാം ഒക്കെ ഒരു വിശ്വാസം ല്ലേ ... ദൈവമെന്നതു  ഒരു ശക്തിയാണ് രുപമൊക്കെ നാം തന്നെ ഇണ്ടാക്കീത് ...ഓരോരുത്തര്  അവരോരുടെ താല്പര്യംപോലെ ഓരോരോ ദൈവങ്ങളേയും മതങ്ങളേയും ഇണ്ടാക്കീ . ഭൂമീല് ആദ്യമായ് വല്ല മതോ ജാത്യോ ഉണ്ടായിരുന്നോ .....''
''ആയ് ...ഇത്രയ്ക്കങ്ങട് ...കരുതീല്ല്യ ...ഒന്നും കരുതണ്ടാട്ടോ ...
''അല്ല പറഞ്ഞുവന്നപ്പോ അങ്കട് പറഞ്ഞു അത്രയ്ക്കേള്ളൂ..
''ശരി ...താന്‍ പോയി വിശ്വാസംണ്ടെങ്കി...തൊഴുതോളു ...പ്രാര്‍ത്ഥിക്കണം ന്നുണ്ടെങ്കി ചെയ്തോളു ...അതല്ലേലും ആ കുട്ടിയ്ക്കുവേണ്ടി ഞാനങ്ങട് കഴിച്ചോളാം ..പ്രത്യേകം തന്നെ പോരെ ....''
തിരുമേനി ശ്രികോവിലേയ്ക്കു പോയതും ഞാന്‍ നടയ്ക്കല്‍ നിന്ന്  വളരെകാലത്തിനു ശേഷം തൊഴുതു പ്രാര്‍ത്ഥിച്ചു. ഒരിക്കലും നേരിട്ടുകാണാത്ത അവര്‍ക്കുവേണ്ടി. അവരുടെ കഷ്ടതകളും ദുരിതങ്ങളും മാറി സുഖപ്പെടുവാന്‍.  ശ്രീകോവിലിനകത്തു മാത്രം കുടിയിരിക്കപ്പെട്ട ദൈവത്തോടായിരുന്നില്ല.  എന്‍റെ പ്രാര്‍ത്ഥന മനസ്സില്‍ കുടിയിരിക്കപ്പെട്ട ദൈവമായിരുന്നു എന്‍റെ മുന്നിലപ്പോള്‍. രുപമില്ലാത്ത ആ ദൈവം വിളികേട്ടിരിക്കുമെന്ന വിശ്വാസത്തില്‍ മുന്നു പ്രദക്ഷിണവും വച്ച്  നടയ്ക്കല്‍ എത്തിയതും തിരുമേനി പുഷ്പാഞ്ജലി കഴിച്ച പൂവും പ്രസാദവുമായി പുഞ്ചിരിച്ചു നില്‍ക്കുന്നു . ഇലക്കീറില്‍ നല്‍കിയപ്രസാദം വാങ്ങി തിരുമേനിയ്ക്കു ദക്ഷിണ കൊടുത്തപ്പോള്‍ തിരുമേനി പറഞ്ഞു
''ഈ പ്രസാദവും പൂവൂം അയച്ചുകൊടുക്കു ആ കുട്ടിയ്ക്കുവേണ്ടി പ്രത്യേകം തന്നെ കഴിച്ചിട്ടുണ്ട്. നന്നായി വരട്ടെ '''
തിരുമേനിയോടു വരട്ടെയെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ നിന്നും പോരുമ്പോള്‍ മനസ്സിനു വല്ലാത്തൊരാശ്വാസം തോന്നി .

അന്നത്തെ സ്പീഡ്പോസ്റ്റില്‍ തന്നെ അവര്‍ക്കിതു അയച്ചുകൊടുക്കണമെന്നു കരുതി ഞാന്‍ പോസ്റ്റോഫിസിലേയ്ക്കു വേഗത്തില്‍ നടന്നു...
ഒരാഴ്ചയ്ക്കുശേഷം മേല്‍വിലാസക്കാരനെയൊന്നും തേടിനടന്നു കാണാതെ ആ കവര്‍ തിരിച്ചെന്നില്‍ തന്നെ  വന്നു ചേര്‍ന്നപ്പോള്‍ അതിനുള്ളില്‍ ആ പുഷ്പാഞ്ജലിയുടെ പൂവും പ്രസാദവും ഉണങ്ങികരിഞ്ഞുപോയിരുന്നു ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ