"ശ്രീനീഷ്, എന്നെ ഓർമ്മയുണ്ടോ ?", വാട്സാപ്പിൽ പുതിയൊരു നമ്പറിൽ നിന്നും വന്ന മെസ്സേജ്. DP നോക്കിയപ്പോൾ ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. നമ്പർ പരിചയമില്ല. അപ്പോഴേയ്ക്കും ഫോൺ റിംഗ് ചെയ്തു. പരിചിതമല്ലാത്ത നമ്പർ.
"ഹലോ ശ്രീ .. " ഒരു കളമൊഴി. ശ്രീനിഷ് ചോദിച്ചു.
"ആരാണ് ? എനിക്ക് മനസ്സിലായില്ല."
"മനസ്സിലായില്ലേ ?എന്നെ മറന്നൂല്ലേ, പക്ഷേ ശ്രീയെ ഞാൻ മറന്നിട്ടില്ല.", കൊഞ്ചലോടെ അവൾ പറഞ്ഞു.
"ആരാണെന്ന് പറയൂ !" ശ്രീനിഷിന് ദ്വേഷ്യം വന്നു.
"എന്നെ മനസിലാക്കാൻ ഓർമ്മകൾ കുറച്ച് പിന്നോട്ട് കൊണ്ടുപോകേണ്ടി വരും."
ശ്രീനിഷ് വീണ്ടും ചോദിച്ചു
"എത്ര വർഷം ?"
"നാലുവർഷം. "
നാലു വർഷം!
നാലു വർഷങ്ങൾക്കു മുൻപ്,
സന്തോഷവും സങ്കടവും നിറഞ്ഞ ആ കാലങ്ങൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
"നിഷാന ആണോ ?" ശ്രീനിഷ് ചോദിച്ചു.
"അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ?" അവളുടെ മറുപടി.
"ഞാൻ മറന്നിട്ടില്ല. നീയല്ലേ മറന്നു പോയത്. ഇപ്പോൾ എന്താണ് പതിവില്ലാതെ ?" അവൻ ചോദിച്ചു.
" ശ്രീ, ഞാനും മറന്നിട്ടില്ല..ഒന്നും. സാഹചര്യങ്ങൾ കൊണ്ട് അകന്നു മാറിപോയെങ്കിലും എന്നും ഓർമ്മയിൽ എന്റെ ശ്രീ ഉണ്ടായിരുന്നു."
'എന്റെ ശ്രീ'
"നീ പഴയതൊന്നും ഇനി എന്നെ ഓർമ്മിപ്പിക്കരുത്. എല്ലാം ഞാൻ മറക്കാൻ ശ്രമിക്കുന്ന അദ്ധ്യായങ്ങളാണ്. മറക്കാൻ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു സത്യം. എന്തിനാ നീ വിളിച്ചത് ?"
ശ്രീനിഷ് ചോദിച്ചു.
"ശ്രീ നിന്റെ മാര്യേജ് കഴിഞ്ഞോ?" അവൾ ചോദിച്ചു .
"മാര്യേജോ ? അത് ഇനി എന്റെ ജീവിതത്തിൽ ഇല്ല."
"ശ്രീ ഞാൻ .. " അവൾ പാതിയിൽ നിർത്തി.
"നീ കാര്യം പറയൂ.എനിക്ക് ജോലിയുണ്ട്. " ശ്രീനിഷ് താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
"ശ്രീയ്ക്ക് തിരക്കാണെങ്കിൽ ഞാൻ പിന്നെ വിളക്കാം."അവൾ പറഞ്ഞു. അവൻ ഫോൺ കട്ട് ചെയ്തു.
"നിഷാന" - ഗതകാല സ്മരണയിലേക്കൊരു തിരിച്ചു പോക്ക്.
ഓർമ്മകളുടെ ഓളങ്ങളിൽ തട്ടി മനസിലെ കണ്ണീർക്കണങ്ങൾ പളുങ്കു മണികൾ പോലെ താഴെ വീണുടയുന്നു. നീണ്ട ഏഴു വർഷത്തെ പ്രണയം. കണ്ടാൽ ആർക്കും അസൂയ തോന്നുന്ന പ്രണയ ജോഡികളായായിരുന്നു അവർ. ശ്രീനിഷും നിഷാനയും. ഓർമ്മകൾ ഒരു തേങ്ങലായി മനസിലിരുന്നു വിങ്ങി. ഒരു പാട് സ്വപ്നങ്ങൾ. താലോലിച്ച മോഹങ്ങളൊക്കെയും കൊഴിഞ്ഞു പോയി. നഷ്‌ട സ്വപ്നങ്ങളിലെ ചിതറിപ്പോയ മുത്തുകളെ പെറുക്കി കൂട്ടുമ്പോൾ വിതുമ്പുന്ന ഹൃത്തടം
ഏഴു വർഷം ജീവന്റെ ജീവനായ് കരുതിയവൾ. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാവുമെന്ന് പറഞ്ഞവൾ. മരണം വരെ നെഞ്ചോട് ചേർന്നു നിൽക്കാൻ കൂടെ വേണമെന്ന് മൊഴിഞ്ഞവൾ.
ഒരു പണക്കാരനെ കണ്ടപ്പോൾ അവൾ എല്ലാം മറന്നു. ഏഴു വർഷം നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ചവിട്ടിയരച്ച് നിഷ്കരുണം അവൾ പോയി. എത്ര ശ്രമിച്ചിട്ടും മറക്കാനും, വെറുക്കാനും പറ്റാത്തതു കൊണ്ട് ഇന്നും ആ ഓർമ്മകളിൽ ജീവിക്കുന്നു.
രാത്രി ഒൻപതു മണിക്ക് അവൾ വാട്സപ്പിൽ സന്ദേശം അയച്ചു.
"ശ്രീ എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയാനുണ്ട്. നിനക്കറിയാമല്ലോ എന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. അന്നുതൊട്ട് ഇന്നു വരെ ഞാൻ സമാധനമെന്തെന്ന് അറിഞ്ഞിട്ടില്ല. ഞാൻ ഇന്നും നിന്നെ സ്നേഹിക്കുന്നു. നിന്നെ മാത്രം. എന്ന് നിന്റെ സ്വന്തം നിഷാന."
മെസ്സേജ് വായിച്ച അവന്റെയുള്ളിൽ കോപം ഇരച്ചുകയറി.
"എന്റെ നിഷാനയോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു. നാലു വർഷങ്ങൾക്കു മുമ്പ് അവൾ മരിച്ചു. അന്ന് ഈ ശ്രീനിഷും മരിച്ചു. നീ എന്നെ ചതിച്ചു. ഇപ്പോൾ താലി കെട്ടിയ പുരുഷനെ വഞ്ചിക്കാൻ ശ്രമിക്കുന്ന നീ ഒരു മനുഷ്യ സ്ത്രീയാണോ ?ഏഴു വർഷം ഞാൻ ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടു പോലും നിന്നെ ഞാൻ കളങ്കപ്പെടുത്തീട്ടില്ല. നീ ഒരു വഞ്ചകിയാണ്. നിന്നെപ്പോലെ അധ:പതിക്കാൻ ഈ ശ്രീനിഷിനെ കിട്ടില്ല. ഇന്നു ഞാൻ അഭിമാനിക്കുന്നു. നിന്നെപ്പോലെ ഒരു വഞ്ചകിയെ ഭാര്യയാക്കാൻ ഇടവന്നില്ലല്ലോ എന്നോർത്ത്. "
"ഇനി മേലാൽ നീ എന്നെ ഫോൺ ചെയ്യരുത്.", അവളുടെ നമ്പർ അവൻ ബ്ലോക്ക് ചെയ്തു.