mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(അബ്ബാസ് ഇടമറുക്) 

"നഫീസു, നീ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. പടച്ചവനെ മറന്നു നീ പ്രവർത്തിച്ചില്ല... അവന്റെ തൃപ്തി കിട്ടാൻ ഇത് അനിവാര്യമായിരുന്നു... ഇല്ലെങ്കിൽ അള്ളാഹു പൊറുക്കില്ല."

കല്യാണനിശ്ചയത്തിന് വന്നവരൊക്കെ നഫീസുവിന്റെ കരം കവർന്നുകൊണ്ട് ഇത് പറഞ്ഞപ്പോൾ അവൾ വെറുതേ പുഞ്ചിരിക്കുകമാത്രം ചെയ്തു. 

വിവാഹം കഴിഞ്ഞ് മോളുണ്ടായി ആറുവർഷം കഴിഞ്ഞപ്പോൾ നഫീസുവിന്റെ ഭർത്താവ് മറ്റൊരുവളെ സ്നേഹിച്ചു വിവാഹംകഴിച്ചു വീടുവിട്ടുപോയതാണ്. അന്ന് എല്ലാവരും നഫീസുവിനെ നിർബന്ധിച്ചതാണ് ഭർത്താവുമായുള്ള ബന്ധം പിരിഞ്ഞു മറ്റൊരുവിവാഹം കഴിക്കാൻ. പക്ഷേ, അവൾ കേട്ടില്ല... ജീവിതം ഒരുപാട് മുന്നോട്ടു നീണ്ടുകിടക്കുകയാണ്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ... അവൾ ധൈര്യംപൂർവ്വം മുന്നോട്ടു നീങ്ങി. കൂലിവേലചെയ്തും രാത്രികാലങ്ങളിൽ തയ്ച്ചും മകളെ ചേർത്തുപിടിച്ചു ജീവിച്ചു. ഇപ്പോൾ വർഷം പതിനഞ്ചു കഴിഞ്ഞിരിക്കുന്നു. മകൾ വളർന്നു...അവൾക്ക് വിവാഹപ്രായമായി.

അപ്പോഴാണ് ഒരിക്കൽ ഉപേക്ഷിച്ചുപോയ ഭർത്താവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് നഫീസുവിന് തോന്നിയതും ചിലരെല്ലാം ഇതിനെക്കുറിച്ച് അവളോട്‌ സൂചിപ്പിച്ചതും.

വിവാഹനിശ്ചയത്തിന്റെ ദിവസം വീട്ടിൽ വന്നുചേർന്ന ആളുകളുമായി സംസാരിച്ചു നിൽക്കുമ്പോൾ പറഞ്ഞറിയിക്കാനാവത്ത സന്തോഷമായിരുന്നു അവൾക്ക്. ഒരുനിമിഷം മുറ്റത്തിന്റെ കോണിൽ ഒതുങ്ങിനിന്ന ആളുടെ മുഖത്ത് മിഴികളുടക്കിയതും അവളുടെ ഉള്ളൊന്നു പിടഞ്ഞു. തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ഏറെക്കഴിഞ്ഞെങ്കിലും തന്റെ ഭർത്താവിന്റെ മുഖം തിരിച്ചറിയാൻ അവൾക്ക് അധികം പ്രയാസമുണ്ടായിരുന്നില്ല. ആ കാഴ്ച സമ്മാനിച്ച നൊമ്പരവും മനസ്സിലേറ്റി എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് അവളെ ഞെട്ടിച്ചുകൊണ്ട് മകളുടെ ദേഷ്യംകലർന്ന ശബ്ദം കാതിലെത്തിയത്.

"എന്താ ഉമ്മാടെ ഉദ്ദേശം ബാപ്പാനെ വിളിച്ച് ഇനിയും വീട്ടിൽ കയറ്റാനാണോ... എനിക്കറിയാം ഉമ്മാക്ക് ള്ളിൽ ഇപ്പോഴും ബാപ്പയോട് ഇഷ്ടമാണെന്ന്. ഈയിടെയായി ആ ഇഷ്ടം അൽപ്പം കൂടിയിട്ടുണ്ട് താനും. എന്റെ കൂട്ടുകാരോടും മറ്റും ബാപ്പയുമായി നമുക്ക് ഒരു ബന്ധവുമില്ലെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അതോർമ്മയിലിരിക്കട്ടെ."

"എന്തിനാമോളെ നീ ഇങ്ങനൊക്കെ പറയുന്നേ... ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നീ പറയുന്നതൊക്കെ. ഒരുപാട് കാലംകൂടി വാപ്പയെ ഞാൻ കാണുന്നതുതന്നെ ഇന്നാണ്. നിന്റെ വിവാഹനിശ്ചയത്തിന് ബാപ്പയെന്നനിലയിൽ ഞാൻ ക്ഷണിച്ചു എന്നല്ലാതെ."

"അതങ്ങനെതന്നെ ഇരുന്നാൽ കൊള്ളാം. അല്ലാതെ വേറെവല്ല വിചാരവും മനസ്സിലുണ്ടെങ്കിൽ എന്നെ അറിയാല്ലോ...എല്ലാം ഇട്ടെറിഞ്ഞു ഞാനെന്റെ പാടുനോക്കി എങ്ങോട്ടെങ്കിലും പോകും.ഇത്രകാലവും ഇല്ലാത്തൊരു വാപ്പയെ ഇനി എനിക്കും ഉമ്മക്കും വേണ്ട."

അത്രയുംപറഞ്ഞിട്ട് മകൾ മുഖം വെട്ടിതിരിച്ചു നടന്നകലുമ്പോൾ ആ വാക്കുകൾക്ക് മുന്നിൽ നിച്ഛലം നിൽക്കാനല്ലാതെ മറുത്തൊരക്ഷരം പറയുവാനുള്ള കരുത്ത് അവർക്ക് ഉണ്ടായിരുന്നില്ല. തന്റെ നിസ്സഹായതയിൽ അവർക്ക് സങ്കടം തോന്നി.

ഈ സമയം അദ്ദേഹത്തിന്റെ ഇടറുന്നപാദങ്ങൾ തന്റെ നേർക്ക് നടന്നുവരുന്നത് അവൾ കണ്ടു. അടുത്തെത്തിയിട്ട് ഒരുനിമിഷം അയാൾ അവളുടെ മുഖത്തേക്ക് നോക്കിനിന്നു.അവസാനമായി നാലുവർഷങ്ങൾക്കുമുൻപ് ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ കണ്ടതിനേക്കാൾ അദ്ദേഹം വല്ലാതെ മാറിപ്പോയെന്ന് അവൾക്ക് തോന്നി.

"നഫീസു,"

 ആ ഒരു വിളിക്ക് തന്റെ അത്രയുംകാലത്തെ എല്ലാ ദേഷ്യവും വെറുപ്പും അലിയിച്ചുകളയാനുള്ള ശക്തി ഉള്ളതുപോലെ അവൾക്ക് തോന്നി.

"ഞാൻ വന്നത് മോൾക്ക് ഒട്ടും ഇഷ്ടമായിട്ടില്ലെന്ന് എനിക്കറിയാം. എന്റെ ഒരേയൊരു മോളുടെ വിവാഹനിശ്ചയമല്ലേ... ഇവിടെവരെ വരാതെ ഒരുപിടി ചോറുണ്ണാതെ ഇരിക്കാൻ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ടാണ് നീ വിളിച്ചപ്പോൾ മോൾക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും വന്നത് ഈ പാപിയോട് ക്ഷമിക്കൂ. "അയാളുടെ ശബ്ദമിടറി.

ആ നാവിൽനിന്നുതിർന്ന ഓരോ വാക്കുകളും അവളുടെ ഉള്ളതെ വല്ലാതെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു. ഈ സമയം തന്റെ പോക്കറ്റിൽനിന്നൊരു കടലാസുപൊതിയെടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

"എന്റെ അവസാന സമ്പാദ്യവും വിറ്റുപെറുക്കി ഞാൻ വാങ്ങിയതാണ്. ബാപ്പയെന്നനിലയിൽ എന്റെ മോൾക്ക് നൽകാൻ ഇതേ എന്റെ കൈയിലുള്ളൂ... അവൾക്ക് വേണ്ടുന്നതൊക്കെ നീ ഉണ്ടാക്കികൊടുത്തിട്ടുണ്ടെന്നറിയാം. മോളെ കണ്ട് ഇതേല്പിക്കണമെന്നുണ്ട്. പക്ഷേ, വേണ്ട... ഒരുനിമിഷം പോലും എന്നെ കാണാൻ ഇഷ്ടപ്പെടാത്ത അവളെ ഞാൻ വെറുതേ ദേഷ്യം പിടിപ്പിക്കുന്നില്ല. ഇപ്പോൾ നിന്റെ മുന്നിൽ തന്നെ ഇങ്ങനെ നിൽകുമ്പോൾ എന്റെ ഹൃദയം വിങ്ങുകയാണ്. അതിന്റെ കൂടെ മറ്റൊരു സങ്കടംകൂടി... അതും ഇവിടെവെച്ചു വേണ്ട എനിക്കതു താങ്ങാനാവില്ല." അയാൾ പറഞ്ഞുനിറുത്തി.

"ഇക്കാക്ക് സുഖമാണോ.?"

ഒരുപാടൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ തൊണ്ടയിൽനിന്ന് അത്രയുമേ പുറത്തുവന്നൊള്ളൂ. നരബാധിച്ച താടിയിലൂടെ പടർന്നിറങ്ങിയ കണ്ണുനീർതുള്ളികളെ കൈകൊണ്ട് തുടച്ചുമാറ്റിയിട്ട് അയാൾ അവളെനോക്കി പുഞ്ചിരിക്കാനൊരു വിഫലശ്രമം നടത്തി.

"സുഖമാണ്... എനിക്ക് സങ്കടമൊന്നുമില്ല. എന്റെ പ്രവർത്തികൾ വെച്ചുനോക്കുമ്പോൾ ഞാനിന്ന് അനുഭവിക്കുന്നതിനുപോലും അർഹനല്ലെന്ന് തോന്നിപോകുന്നു. കഴിഞ്ഞ ഏതാനുംവർഷത്തെ ജീവിതംകൊണ്ട് ഒരുമനുഷ്യജന്മത്തിൽ അനുഭവിക്കാവുന്നതൊക്കെ ഞാൻ അനുഭവിച്ചുതീർത്തു. അതിലൊട്ടു ദുക്കവുമില്ല. എന്റെ കാര്യമോർത്തു നീ വിഷമിക്കണ്ട. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിഞ്ഞാൽ മതി. ഞാൻ പോകുന്നു."

അവളെനോക്കി ഒരിക്കൽക്കൂടി കണ്ണുകൾകൊണ്ട് യാത്രപറഞ്ഞു പ്രാർത്ഥനയോടെ തിരിഞ്ഞുനടക്കുമ്പോൾ ആ മനുഷ്യന്റെ പാദങ്ങൾ ഒട്ടുംതന്നെ ഇടറുന്നുണ്ടായിരുന്നില്ല. വീണുപോയാൽ താങ്ങാൻ ആരുമില്ലെന്ന് അറിയാവുന്നതുകൊണ്ടാവാം അയാൾ കാലുകൾ ഉറപ്പിച്ചുചവിട്ടി പുറത്തേക്ക് നടന്നു.

നഫീസു കൈയിലിരുന്ന പൊതി തുറന്നുനോക്കി. ഒരു കുഞ്ഞു സ്വർണവള. മകൾക്ക് വാപ്പയുടെ സമ്മാനം.വിറകൈകളോടെ അവളതു കൈയിലെടുത്തു. അതിന് വല്ലാത്തൊരു തിളക്കമുണ്ടെന്ന് അവൾക്കുതോന്നി.

ചെയ്തുപോയ തെറ്റിന്റെപേരിൽ കുറ്റബോധത്താൽ വർഷങ്ങളോളം നീറിപ്പിടഞ്ഞ ഒരുപിതാവിന്റെ കണ്ണുനീർതുള്ളികളുടെ തിളക്കമാണതെന്ന് അവൾക്ക് തോന്നി.

ഈ സമയം മകൾ അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. ഉമ്മ എന്തോ വലിയതെറ്റ് പ്രവർത്തിച്ച ഭാവമായിരുന്നു അവളുടെ മുഖത്ത്.അവൾ മെല്ലെ മകളുടെ അടുക്കലേയ്ക്ക് നടന്നു.

"മോളെ നീ എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ വെറുത്താലും അദ്ദേഹത്തെ മറക്കാനോ വെറുക്കാനോ എനിക്കാവില്ല. എന്റെ ജീവിതത്തിൽ ഒരേയൊരു പുരുഷനെ ഉണ്ടായിട്ടുള്ളൂ... അത് അദ്ദേഹമാണ്. എന്നിലെ സ്ത്രീത്വത്തെ പൂർണ്ണതയിലെത്തിച്ചയാൾ, നിന്നെ എനിക്ക് സമ്മാനിച്ചയാൾ." മോളുടെ കാതിൽ മെല്ലെ പറഞ്ഞിട്ട് അവൾ അകത്തേക്ക് നടന്നു. 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ