മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Liju Jacob)

ചെറുപ്പത്തിൽ തന്നെ എല്ലാ കാര്യങ്ങളിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുക എന്നത് അയാളുടെ ഒരു സ്വഭാവമായിരുന്നു. നല്ല കാര്യങ്ങളെ കാണാതിരിക്കുകയും, വളരെ ചെറിയ കുറവുകൾ പോലും പർവതീകരിച്ച്, അതിനെ താറടിച്ച് കാണിക്കുന്ന അയാളുടെ സ്വഭാവം എല്ലാവർക്കും അരോചകമായിട്ടാണ് അനുഭവപ്പെട്ടിരുന്നത്.

എങ്കിലും പ്രായമാകുമ്പോൾ ഈ ശീലം മാറുമായിരിക്കും എന്ന് വീട്ടുകാരും നാട്ടുകാരും കരുതി.

നിർഭാഗ്യവശാൽ മുതിർന്നപ്പോഴും അയാളുടെ ആ ശീലം അല്‌പം പോലും കുറഞ്ഞില്ലന്നു മാത്രമല്ല, വളരെയധികം കൂടുകയും ചെയ്തു. ധാരാളം വായിക്കുന്ന സ്വഭാവമുണ്ടായിരുന്ന അയാൾ, തനിക്ക് കിട്ടുന്ന പുസ്തകങ്ങളിൽ അവയുടെ കുറ്റങ്ങളും കുറവുകളും തേടി നടന്നു. അവ പകർന്നു തരുന്ന സന്തോഷങ്ങളോ, വികാര വിസ്ഫോടനങ്ങളോ ഒന്നും അയാളെ സ്വാധീനിച്ചില്ല. പകരം അവയുടെ ന്യൂനതകൾ കണ്ടെത്തി അതിനെ കീറി മുറിച്ച് വിമർശിക്കുന്നതിലായിരുന്നു അയാളുടെ ആനന്ദം.

അയാൾ, താൻ കണ്ടെത്തിയ കുറ്റങ്ങൾ കടലാസിൽ പകർത്തി മാസികകൾക്ക് അയച്ചു കൊടുത്തു. എന്നാൽ മാസികയുടെ എഡിറ്റർമാർ മറുപടി പോലും നല്കാതെ അവയെ നിഷ്കരുണം ചവറ്റുകുട്ടയിലിട്ടു.
അതോടെ അയാൾ അതെല്ലാം പത്രഎഡിറ്റർമാരുടെ സഹായം കൂടാതെ, സോഷ്യൽ മീഡിയയിലെ തന്റെ അയഥാർത്ഥ ഭിത്തികളിൽ എഴുതി വെച്ച് പുളകം കൊണ്ടു. അതിൽ വലിയ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവർ അവയെ അവഗണിച്ചു. ചിലരാകട്ടെ വായിച്ചു പോലും നോക്കാതെ ലൈക് ചെയ്യുകയും, എഴുത്തുകാരോട് വിരോധം വെച്ചു പുലർത്തിയവർ ഉജ്വലം, ഗംഭീരമായിരിക്കുന്നു എന്നിങ്ങനെ കമന്റിടുകയും ചെയ്തു!. അതെല്ലാം കണ്ട അയാൾക്ക് താനൊരു വലിയ സoഭവമാണെന്ന് സ്വയം തോന്നി തുടങ്ങി!

അതോടെ എതൊരു എഴുത്തുകാരന്റേയും രചനകളെ തന്റെ സോഷ്യൽ മീഡിയ ഭിത്തികളിൽ അയാൾ വലിച്ചു കീറി ഒട്ടിച്ചു തുടങ്ങി. അല്പന്മാരോട് വാക് പോരിന് താല്പര്യമില്ലാത്തവർ അയാളെ അവഗണിച്ചു കൊണ്ടേയിരുന്നു. അയാളാകട്ടെ, തന്നോടുള്ള ഭയം നിമിത്തവും, തന്റെ കഴിവിനോടുള്ള മതിപ്പും കാരണമാണ് ആരും തന്നോട് തർക്കിക്കാൻ വരാത്തതെന്ന് കരുതി, കൂടുതൽ പുസ്തകങ്ങളെ തന്റെ വധശിക്ഷക്ക് വിധേയനാക്കി കൊണ്ടേയിരുന്നു.

ഒരിക്കൽ പുതു തലമുറയിലെ ഒരെഴുത്തുകാരന്റെ പുസ്തകം അയാളുടെ ദയാവധത്തിന് വിധേയമായി. നിരൂപകരും സാധാരണ വായനക്കാരും നല്ലതെന്ന് മുക്തകണ്ഠം പ്രശംസിച്ച ഒരു പുസ്തകമായിരുന്നു അത്. പക്ഷേ വിമർശകൻ അതിനെ ഒന്നിനും കൊള്ളാതെ ചവറ്റുകൊട്ടയിൽ കളയേണ്ട ഒന്നായാണ് അതിനെ വിലയിരുത്തിയത്. തന്റെ പുസ്തകത്തെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന എഴുത്തുകാരനെ ആ വിമർശനം പ്രകോപിതനാക്കി. നേരത്തെ മുതൽ തന്നെ വിമർശകന്റെ കുറിപ്പുകൾ ആ എഴുത്തുകാരനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. തന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ പോസ്റ്റിനു കീഴിൽ വിമർശകനോട് അയാൾ ഒരു വെല്ലുവിളി നടത്തി.

"താങ്കൾ നിരന്തരം എല്ലാത്തരം എഴുത്തുകളേയും മോശപ്പെട്ടവയായി ചിത്രീകരിക്കുന്നു. എന്നാൽ നല്ലെതെന്ന് ഒന്നിനേപ്പറ്റിയും പറഞ്ഞിട്ടില്ല. നല്ലതൊന്നും താങ്കൾ ഇതുവരേയും കണ്ടിട്ടില്ലങ്കിൽ നല്ലതൊന്ന് താങ്കൾ തന്നെ എഴുതൂ.. അതിന് കഴിയുന്നില്ലങ്കിൽ ഇനി പുസ്തകങ്ങളുടെ ആരാച്ചാരായി താങ്കളെ സമൂഹത്തിന് ആവശ്യമില്ല."

വിമർശകന്റെ ആത്മാഭിമാനത്തിനേറ്റ അടിയായിരുന്നു ആ കമൻറ് . വിമർശകനോട് എതിർപ്പുണ്ടായിരുന്നവരെല്ലാം ആ കമന്റിനെ പിന്തുണക്കുകയും ചെയ്തതോടെ പോസ്റ്റിനേക്കാളും വൈറലായി കമൻറ്.

വെല്ലുവിളി ഏറ്റെടുത്ത് , അതിന് മറുപടിയായി എല്ലാം തികഞ്ഞ ഒരു കഥയെഴുതാൻ വിമർശകൻ തീരുമാനിച്ചു. പക്ഷേ എഴുതിയത് വായിച്ചു നോക്കുമ്പോൾ, തന്റെ എഴുത്തിൽ പോലും കുറ്റങ്ങൾ മാത്രമേ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. വിമർശിക്കുന്നത്ര എളുപ്പമല്ല എഴുതാൻ എന്ന് അയാൾക്ക് മനസ്സിലായത് അപ്പോഴാണ്. അതോടെ വെല്ലുവിളി പൂർത്തീകരിക്കാൻ കഴിയാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം പൂട്ടിക്കെട്ടി അയാൾ മൗനത്തിലായി.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ