മുറിയുടെ മൂലയ്ക്കിരിക്കുന്ന സ്യൂട്ട്കേസ് തുറന്ന് നോക്കി. ഒന്നും വിടാതെ എടുത്ത് വെച്ചിട്ടുണ്ട്. വിവാഹവാർഷികത്തിനു ശ്രീലക്ഷ്മി സമ്മാനിച്ച ചുവന്ന ഷർട്ട് മുകളിൽ തന്നെയുണ്ട്. പാവം ശ്രീ, ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് എല്ലാം എടുത്ത് വെച്ച് കഴിഞ്ഞത്. ഓരോന്നാലോചിച്ച് അടുക്കളയിലേക്ക് നടന്നു. മേശപ്പുറത്തു ദോശയും ചട്ണിയും ഉണ്ട്. ശ്രീയുണ്ടാക്കുന്ന ഭക്ഷണത്തിനെല്ലാം ഒരു പ്രത്യേക സ്വാദുണ്ട്.
ഓഫീസിൽ എല്ലാവരും ശ്രീയുടെ കൈപുണ്യത്തിനെക്കുറിച്ച് സംസാരിക്കും. അത് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഇത്തിരി അഹങ്കാരം തലപൊക്കും.
അന്ന്, ഓഫീസിൽ നിന്നും എല്ലാവരും വന്നപ്പോൾ ശ്രീ കൂട്ടുകറിയും അവിയലും അടപ്രഥമനും ഉണ്ടാക്കിയിരുന്നു. നന്ദിനിയാണന്ന് ശ്രീയെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത്.
"എത്ര നല്ല പെരുമാറ്റമാണല്ലേ, എന്തൊരു ഭംഗിയാ അവരെ കാണാൻ."
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ശ്രീ നന്ദിനിയെക്കുറിച്ച് വാചാലയായി. ഫോണിൽ നിന്നും മെസ്സേജ് വന്ന ശബ്ദം. ഒരു ഞെട്ടലോടെ തുറന്ന് നോക്കി. റെയിൽവേ സ്റ്റേഷനിൽ എത്തീന്ന്.......
കാത്തുനിൽക്കുകയാണ്..... കയ്യിന്റെ ഉൾഭാഗം വിയർത്ത് തുടങ്ങി. ചെവിക്കുള്ളിൽ ചൂട് പടരുന്ന പോലെ. തിരുവനന്തപുരത്ത് കലാസാഹിതി സംഘത്തിന്റെ ശില്പശാല ഉണ്ടെന്നാണ് ശ്രീയോട് പറഞ്ഞത്. നന്ദിനി എന്താണ് വീട്ടിൽ പറഞ്ഞിരിക്കുന്നതെന്നറിയില്ല. ഓഫീസിലെ ആവശ്യങ്ങൾക്കാണെന്നാവും.
"ശ്രീ, ഭക്ഷണം ഞാൻ പുറത്തൂന്ന് കഴിച്ചോളാം."
എങ്ങനെയോ പറഞ്ഞൊപ്പിച്ചു അടുക്കളയിൽ നിന്നിറങ്ങി.
"ഏട്ടാ...... ഒരു മിനിറ്റ്.."
ശ്രീ ഒരു കവർ എന്റെ നേരെ നീട്ടി. അതും വാങ്ങിച്ച് വേഗത്തിൽ നടന്നു. നന്ദിനി പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുകയായിരുന്നു. ട്രെയിനിനകത്തിരുന്ന് ശ്രീ തന്ന കവർ തുറന്നു.
രണ്ട് പൊതിച്ചോറ്. കൂടെ ഒരു കുറിപ്പും.
"യാത്രയിൽ കൂട്ടുകാരനും ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ. ഭക്ഷണം ഹോട്ടലിൽ നിന്നും കഴിക്കണ്ട. പിന്നേയ്... ഒരു സമ്മാനം വെച്ചിട്ടുണ്ട്. കൂട്ടുകാരന് കൊടുക്കണേ."
ആകാംക്ഷയോടെ പൊതി തുറന്ന് നോക്കി.
തലക്ക് ചൂട് പിടിച്ച പോലെ. നാവ് ഒട്ടിപിടിച്ചുവെന്ന് തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നു.
വിവാഹവാർഷികത്തിന് താൻ കൊടുത്ത സാരി. ചുവന്ന സാരിയിലെ ഗോൾഡൻ നിറത്തിൽ തിളങ്ങുന്ന പൂക്കൾ എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരി........