ഓർമ്മകൾ മഴനൂലുപോലെ ചിന്തകളിൽ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .... താൻ മരിച്ചിട്ടില്ല.... ഇപ്പോഴും ജീവിച്ചിരിക്കുന്നു..... അതും പൂർണ്ണ ബോധത്തോടെ തന്നെ... ഇടതു കൈത്തണ്ടയിൽ ട്രിപ്പ് ഇട്ടിട്ടുണ്ട് ... താൻ മലർന്നാണ് കിടക്കുന്നത്... ലതുകൈ ചലിപ്പിക്കാനുമാകുന്നുണ്ട്... നെഞ്ചിൽ ഇടതുഭാഗത്തായി മറ്റൊരു ട്യൂബ് ഇട്ടിട്ടുണ്ട് ... അത് എന്തിനാണാവോ...? സത്യത്തിൽ ഇടത്തോട്ടോ , വലത്തോട്ടോ
ചലിക്കക്കണമെന്നുണ്ട്. എന്നാലതിനു കഴിയുന്നില്ല... അപ്പോഴാണയാൾക്ക് കലശലായ മൂത്രശങ്കയുണ്ടെന്ന് തോന്നിയത് .... എന്നാലും സംസാരിക്കാൻ കഴിയാത്തത് അത് പോലെ .... എന്നിട്ടും കൂടി അയാൾ വിളിച്ചു കൂവി....
" സിസ്റ്റർ "
താൻ മുഴുവൻ ശക്തിയും സംഭരിച്ച് വിളിച്ചിട്ടും അവർ എത്തിനോക്കാത്തതുപോലെ... എന്നാൽ അത് തൻറെ തോന്നലായിരുന്നു ....ആരോ തൻറെ അടുത്തപ്പോഴുമുള്ളതുപോലെ... ഒരു നിഴൽ പോലെ ഒരു രൂപം .... അവർ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു ....അപ്പോൾ വീണ്ടും അയാൾ ഉറക്കെ പറഞ്ഞു..
" എനിക്ക് ബാത്റൂമിൽ പോകണം"
താൻ പറയുന്നതവർ കേൾക്കുന്നില്ലെന്ന് തോന്നി ... അടുത്തു നിന്നിരുന്ന നേഴ്സ് വീണ്ടും ഒന്നുകൂടി അടുത്തു വന്ന് അയാളുടെ മുഖത്ത് വച്ചിരുന്ന ഓക്സിജൻ മാസ്ക് അൽപമൊന്ന് നീക്കി കാര്യം തിരക്കി ....
ബാത്റൂമിൽ പോകണമെന്ന് പറഞ്ഞപ്പോൾ അവർ ഒരു വിരൽ ഉയർത്തിക്കാട്ടി ...തലയാട്ടുമ്പോൾ സാധിച്ചേക്കു എന്നു പറഞ്ഞത് കേട്ടയാൾ ആശങ്കയോടെ തിരക്കി .
" ഈ ബെഡ്ഡിലൊ ....? "
അതെയെന്നവർ ഒരു ചിരിയോടെ പറഞ്ഞപ്പോഴാണ് അവിടെയും ട്യൂബ് ഇട്ടിട്ടുണ്ടെന്ന് വ്യക്തമായത് ....
കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ പിന്നെ വല്ലാത്തൊരു പരാക്രമമായിരുന്നു....
ഒരു തുള്ളി വെള്ളമിറക്കാൻ..
മാസ്ക് അല്പമൊന്നു നീക്കി ആ കാര്യവും പറഞ്ഞു... അവരതു വിലക്കിക്കൊണ്ട് പറഞ്ഞു ...
"എയ് വെള്ളം കുടിക്കാനൊ ... പറ്റില്ല ....."
വാശി പിടിച്ചപ്പോൾ അവരൊരു കുറ്റിപെൻസിൽ പോലെ ഒന്ന്ഒരു ബ്ലേഡ് കൊണ്ട് ചെത്തി മുറിച്ച് ചുണ്ടിൽ തേച്ചു തന്നു ...ഒരു ചെറിയ നനവ് ചുണ്ടിൽ തട്ടി.... പോരാ എന്ന് അവരെ നോക്കി പറഞ്ഞപ്പോൾ അവർ തിരിച്ചു പറഞ്ഞു....
"വലിയ ഓപ്പറേഷൻ ആണ് കഴിഞ്ഞിട്ടുള്ളത് ....നെഞ്ചിൻകൂട് പൊളിച്ചത് ...വെള്ളം കുടിക്കാറാകുമ്പോൾ ഞാൻ പറയാം..."
അങ്ങിനെ വീണ്ടും മൂന്നുനാലു ദിവസം കൂടി കഴിഞ്ഞായിരുന്നു കുടിക്കാൻ വെള്ളവും ഒരു ചായയും അയാൾക്കനുവദിച്ചു കൊടുത്തത്...
ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് വേണമെന്നു പറഞ്ഞപ്പോൾ ഡോക്ടർ അയാൾക്കടുത്തുണ്ടായിരുന്ന ഭാര്യ കോടാണ് പറഞ്ഞതു മുഴുവൻ..
"ശ്രദ്ധിക്കണം ഫുഡും മരുന്നമെല്ലാം ഞാൻ പറഞ്ഞു തരുന്നത് പോലെ കൃത്യമായും അനുസരിച്ചാകണം വീട്ടിലും കൊടുക്കേണ്ടത്... "
അതെല്ലാമവൾ ശ്രദ്ധിച്ചു കേട്ടതു പ്രാവർത്തികമാക്കിയേക്കുമെന്ന് ഡോക്ടർക്കുറപ്പായ ശേഷമായിരുന്നു ഡിസ്ചാർജ് അനുവദിച്ചത് .
അതിനു മുന്നേ തന്നെയവൾ വീണ്ടും നടക്കാൻ പഠിപ്പിക്കുകയായിരുന്നു... ആശുപത്രിയിൽ... ഒരാഴ്ചയിലെ ഐസിയുവിലും ആശുപത്രിയിലേയും ഭക്ഷണക്രമീകരണം കൊണ്ട് ശരീരം തീർത്തും മെലിഞ്ഞു ചെറുതായി കഴിഞ്ഞിരുന്നു.... തീർത്തും പെടാപ്പാടുപെട്ട് കൊണ്ട് തന്നെയായിരുന്നു നടക്കാൻ തുടങ്ങിയത്... ചുവടുകൾക്ക് താങ്ങായി ഒരേ ഒരാൾ മാത്രം അവൾ , അയാളുടെ രണ്ടു പെൺമക്കളുടെയും അമ്മ ... ഭാര്യ എത്ര സമചിത്തതയോടെയായിരുന്നു അവളുടെ പ്രതിബന്ധങ്ങളോടുള്ള സമീപനം ....
ആവശ്യത്തിനും അനാവശ്യത്തിനും താൻ വഴക്കു പറഞ്ഞിരുന്നതിനെല്ലാം പ്രതിഷേധമൊന്നുമില്ലാതെ കേട്ടു സഹിച്ചു നിന്നിരുന്നവൾ ..... ഐ സി യു വിൽ കയറുന്നതിനു മുന്നേ , ഓപ്പറേഷൻ തീയേറ്ററിൽ കയറിയപ്പോൾ മുതൽ , ആശുപത്രി വരാന്തയിൽ ഒരു വിധ ബന്ധുക്കളുടെയും കൈത്താങ്ങില്ലാതെ തന്നെ കാത്തു മാത്രം ആ ആശുപത്രിവരാന്തയിൽ ഉറങ്ങാതെ ഉറങ്ങിയെന്നു വരുത്തി നഴ്സുമാരുടെ വിളിക്കായി കാതോർത്തു കിടന്നവൾ ... വീണ്ടുമിപ്പോൾ അയാളെ താങ്ങിപ്പിടിച്ചു നടത്താൻ തുടങ്ങി... കീറിപ്പൊളിച്ച നെഞ്ചും , ഇടതുകാലിലെ ഒരു വശം മുഴുവനും തുന്നിക്കെട്ടുമായി ബാൻഡേജ് ചുറ്റി കെട്ടി നടക്കാൻ വയ്യാത്ത നിലയിലും തൻറെ കരം കവർന്നു പിടിച്ചുകൊണ്ടവൾ പറഞ്ഞു...
'' നിൽക്കല്ലേ ചേട്ടാ വേഗം... ഈ ഒരൊറ്റ റൗണ്ട് കൂടി നടന്നാൽ മതി.. "
വീണ്ടും മുറിവുണങ്ങും വരെ അത് വീട്ടിൽ തന്നെ ചെയ്യണമെന്നും തൂക്കം 60കിലൊയിൽ കൂടരുതെന്നും ഡോക്ടർ പ്രത്യേകമാേർമ്മിപ്പിച്ചിട്ടുണ്ടായിരുന്നു .... മുറിവ് ഡ്രസ്സ് ചെയ്യേണ്ട വിധം അവൾ നെഴ്സിൽ നിന്നും നോക്കി കൃത്യമായി മനസ്സിലാക്കി കൊണ്ടിരുന്നു.... അപ്പോഴും അവളുടെ ഉള്ളിൻ്റെ ഉള്ളിലുണ്ടായിരുന്നു രോഷം ഒരിട പുറത്തേയ്ക്കു തികട്ടിവന്നു.... ഓപ്പറേഷനായി കൊണ്ടുവന്ന ഒരാളുടെ ഭാര്യ , വിശേഷം ചോദിച്ചപ്പോഴായിരുന്നു അത്...
" ഇയാൾക്കിത് വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ ....ഇയാളെ കടിക്കാത്ത എന്തൊക്കെയായാലും ഇയാൾ കടിച്ചു കീറിത്തിന്നും...പിന്നെ കള്ളുകുടിയും , സിഗരറ്റ് വലിയും ... "
അപ്പോൾ അവർ പറഞ്ഞു
"ഇവിടെ വെറും പച്ചക്കറി മാത്രമേ കഴിക്കാറുള്ളൂ ..ഏറ്റവും വലിയ ആഹാരം സാമ്പാറും എന്നിട്ടും അഞ്ചു ബ്ലോക്കുണ്ടെന്നാ ഡോക്ടർ പറഞ്ഞത് ....."
അവൾ കേട്ടവൾ അന്തംവിട്ടു നിന്നു പോയി.... കാരണം അയാൾക്ക് മൂന്നു ബ്ലോക്കെ ഉണ്ടായിരുന്നുള്ളൂ
നേരത്തെ താൻ പറഞ്ഞതിൻ്റെ വിഷമത്തിലെന്നവണ്ണം ,.ഒരു ക്ഷമാപണം പോലെ അവളയാളുടെ മുടിയിഴകളിലൂടെ വെറുതെ വിരലോടിച്ചുകൊണ്ടിരുന്നു...
ഡിസ്ചാർജ്ജിന് ശേഷം വീട്ടിലേക്കെത്തിയപ്പോഴായിരുന്നു അവളൊന്നു തിരക്കിയത് ...
"സത്യത്തിൽ അതിനെന്താ കാരണം.. "
അയാൾ മറുപടി പറയാതെയിരുന്നപ്പോൾ അവൾ വീണ്ടും തിരക്കി .....
"അല്ല ഡോക്ടർ പറഞ്ഞു... ഇത് ആദ്യമായിട്ടായിരിക്കാൻ വഴിയില്ലെന്ന് ...... മുന്നെ തന്നെ സിംമ്റ്റസുണ്ടായിരിക്കാമെന്ന് ..."
തനിക്കു വേണമെങ്കിൽ മറുപടി പറയാം അല്ലെങ്കിൽ പറയാതിരിക്കാം ... പ്രത്യേകിച്ചൊന്നും തന്നെയവൾ പറയുകയില്ലയെന്ന് അയാൾക്കറിയാമായിരുന്നു ... എന്നാലും ഇനിയെന്തിനാെളിക്കണം .... താനൊളിപ്പിച്ചാലും അറിയും ...... മരിക്കുന്നെങ്കിൽ എല്ലാം മനസ്സിലൊതുക്കി കടന്നു പോകാമായിരുന്നെന്ന ചിന്തയിലായിരുന്നു ആരോടുമെന്നും പറയാതെ വച്ചത്.... ആത്മഹത്യ ചെയ്യാൻ ഭയവുമായിരുന്നു .
ഒരു നിമിഷത്തെ കൂടി ആലോചനയ്ക്ക് ശേഷം അയാൾ പറഞ്ഞു .....
"മരിച്ചാൽ മതിയായിരുന്നു ... "
"ഏട്ടാ അപ്പോൾ ... "
"അതെ മക്കളിൽ ഒരാൾക്ക് ജോലിയും , നിനക്ക് ഫാമിലി പെൻഷനും കിട്ടുമായിരുന്നു ..... അപ്പോളീ ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങേണ്ടി വരികയുമില്ലായിരുന്നു. "
"അതെന്താ ഇറങ്ങേണ്ടി വരുമെന്നു പറഞ്ഞത് ....."
"ചിലപ്പോൾ അടുത്തുതന്നെ പ്രമോഷനുമുണ്ടാകും... "
"പ്രമോഷൻ ഒരു നല്ല കാര്യമല്ലേ..... "
"ഞാൻ പറഞ്ഞില്ലേ ....മരിച്ചാൽ മതിയായിരുന്നു ... "
"അതിനാണൊ ഞാനീ നെട്ടോട്ടം മുഴുവനുമോടി കടമിരന്ന് ഈ ഓപ്പറേഷൻ നടത്തിയത്... നിങ്ങൾ ഇത് പറയാൻ ഒരു കാരണം കാണുമല്ലോ..."
"മടുത്തു ഈ ജീവിതം... നിങ്ങൾക്കായി ഞാനൊന്നും കരുതി വയ്ക്കാതെ .... ആരോടൊക്കെയൊ പക തീർത്തു .. കള്ളുകുടിച്ചു നടന്നു"
"ഇപ്പോൾ ... കുടിയൊക്കെ നിങ്ങൾ തന്നെ നിർത്തിയില്ലേ ....ഇനി സിഗരറ്റു വലി കൂടി നിർത്തിയാൽ പത്തുകൊല്ലം കൊണ്ട് നമുക്ക് എല്ലാം തിരിച്ചു പിടിക്കാം ... "
അതു കേട്ടയാൾ പറഞ്ഞു
"ആവില്ല ഒന്നിനും "
" അതെന്താ ..."
"ഒരു ചതി നടന്നിട്ടുണ്ട് ഓഫീസിൽ.."
"എന്ത് ചതി... "
"വെക്കേറ്റ് ചെയ്തു പോകുന്ന കുട്ടികൾക്ക് കൊടുക്കേണ്ട കാേഷൽ ഡെപ്പോസിറ്റിൽ ഒരു ചെറിയ കുറവ് എൻ്റെ ശ്രദ്ധയില്ലായ്മ എല്ലാം ശരിയെന്ന വിശ്വാസവും ..."
അതു കേട്ടതുമവൾ നെഞ്ചിൽ കൈ ചേർത്ത് വച്ചു വേവലാതിയോടെ അയാളെ നോക്കി കൊണ്ടു പറഞ്ഞു
"എന്താ പറ്റിയത് ...? "
"ഒരു പന്ത്രണ്ട് കുട്ടികൾ വീണ്ടും വാങ്ങി പോയി.... കൂടുതൽ വാങ്ങി പോയി എന്ന് വെച്ചാൽ
കുട്ടികളുടെ ഐഡി കാർഡ് വരെ വാങ്ങി വെച്ചിട്ടാണ് വെക്കേറ്റിംങ്ങിനുള്ള ഫോം ഫില്ല് ചെയ്തു വാങ്ങി വയ്ക്കാറ് . പുതിയ കുട്ടികൾ വരുമ്പോഴേ പഴയവർക്ക് അത് തിരികെ കൊടുക്കാറുള്ളൂ ..... അങ്ങനെ ഒരു പന്ത്രണ്ടോളം പേർ കൂടുതൽ വാങ്ങി പോയതായി മനസ്സിലായി ...."
"ഏകദേശം അതെത്ര രൂപ വരും.... "
"ഒരു 48,000 രൂപ.... അതിൽ കുറവുണ്ട് ....ഏതുസമയത്തും സസ്പെൻഷൻ ഉണ്ടായേക്കാം...... "
" ഈശ്വരന്മാരെ... "
" എങ്ങിനെയും ആ പണമടക്കേണ്ടതായി വരും .... പിറകെ ശിക്ഷാ നടപടികളുമുണ്ടാകും ...."
ആദ്യത്തെ അങ്കലാപ്പിൽ നിന്നും മോചിതയായവൾ ചിന്തിച്ചു കൊണ്ടു പറഞ്ഞു
" ഒരു വഴി കണ്ടെത്താനാവുമെന്നു കരുതാം , എല്ലാം ശുഭമായി പര്യവസാനിക്കമെന്ന് വിശ്വസിക്കു് ...."
" എനിക്കതുറപ്പില്ല..... ഞാനതറിഞ്ഞപ്പോഴായിരുന്നു ആദ്യത്തെ തവണ..... പിന്നെ സ്വയം തീരുമാനമെടുത്തു തീരട്ടെയെന്ന്..... വീണ്ടും ജീവിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു ....."
" നിങ്ങളത് എന്തിനു ചെയ്തു ...."
" ചെയ്തല്ല പറ്റിപ്പോയതാ.... പിള്ളേരെ ഇളക്കിവിട്ടും പ്രലോഭിപ്പിച്ചും തന്ത്രപരമായി കുടുക്കിപ്പോയി.... "
" നിങ്ങൾക്ക് പറയാമായിരുന്നില്ലേ എന്നോടെങ്കിലും ... "
" എന്തിന് .. കുട്ടികളെയും കൂടെ ക്കൂട്ടി ആത്മഹത്യ ചെയ്യാനൊ .... ഇതിപ്പാേൾ ഞാൻ പോയിക്കിട്ടിയാൽ..."
അപ്പോഴും അവളുടെ വിരലുകൾ അയാളുടെ തലമുടിയിഴകളുടെ നിർത്താതെ ചുരമാന്തി കൊണ്ടിരുന്നു ..ഒപ്പം അയാളുടെ നെറ്റിത്തടത്തിൽ ഇടമുറിയാതെ ചൂട് കണ്ണീ നീർത്തുള്ളികളും വീണുകൊണ്ടിരുന്നു ..... പിന്നെ എന്താെ ഓർത്തിട്ടെന്ന പോലെ അവൾ പറഞ്ഞു .....
" ഒരു ദിവസം നിങ്ങളുടെ സൂപ്രണ്ട് വിളിച്ചിരുന്നു .... "
അയാൾ ആകാംക്ഷയോടെ അത് കേട്ടു കൊണ്ട് ചോദിച്ചു
" എന്നിട്ട് കര്യം പറഞ്ഞില്ലെ .... ? "
" ഡിസ്ചാർജ് എന്നാണെന്ന് തിരക്കി...."
" സത്യത്തിൽ മരിച്ചാൽ മതിയായിരുന്നു ....."
" അതുകൊണ്ട് ഇത് കണ്ടെത്താതാതെരിക്കുമായിരുന്നാെ....? നമുക്ക് നേരിടാം എന്തു വന്നാലും എന്തിനും ഞാനൊപ്പമുണ്ടാകും ...... "
അവളതു പറയുമ്പോൾ നിറഞ്ഞു തേട്ടിയത് അയാളുടെ കണ്ണുകളായിരുന്നു....
ക്വാർട്ടേഴ്സിലെ മുറികളിൽ കുട്ടികളെ ഒഴിവാക്കി നിർത്തിയിരുന്ന് ഒന്നു വിങ്ങിപ്പൊട്ടി കരയാൻ പോലും തീരെ ഇടമില്ലായിരുന്നു ......തുട മുതൽ കാൽ പാദം വരെ കീറി വെയ്നെടുത്തായിരുന്നു ബ്ലോക്ക് തീർത്തുള്ള വെയ്ൻ ഘടിപ്പിക്കാൻ നെഞ്ച് പൊളിച്ചത് .... വലിയ ഓപ്പറേഷനെന്ന് നഴ്സ് പറഞ്ഞ ബൈപാസ്സ് സർജറി .
അവൾ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ചെറിയ വരുമാനത്തിന് ജോലിക്ക് തിരിക്കും മുമ്പ് ബാത്റൂമിലേക്ക് വിളിപ്പിച്ചു നെഞ്ചിലും കാലിലുമുള്ള അയാളുടെ മുറിവുകളിൽ പറ്റി പിടിച്ച പൊറ്റ ഡെറ്റോളുമുക്കിയ പഞ്ഞിയാൽ മെതുവെ തുടച്ചു വൃത്തിയാക്കി ബെറ്റഡിൻ പുരട്ടി പഞ്ഞി വെച്ച് ഡ്രെസു ചെയ്യുമ്പോൾ പറയും....
" വേദനയുണ്ടാവും ട്ടോ കുറേശ്ശെ.... എന്നാലും പഴുക്കാതിരിക്കണം... പഴുത്താൽ പ്രശ്നമാകും ..... നിങ്ങൾക്ക് ഇനി ഒരു ഓപ്പറേഷൻ കൂടി താങ്ങാനുള്ള കരുത്തുണ്ടാവില്ല "
പിന്നെ ഏന്തിയേന്തി കരയാൻ തുടങ്ങും ....ഒപ്പം അതൊരു അവസരമെന്ന നിലയിൽ അയാളും ഡ്രസ്സിങ്ങെന്ന് പറഞ്ഞ ബാത്റൂമൊരു കരച്ചിലിടം തന്നെയായി മാറി......
ഒരു ദിവസം പറഞ്ഞു
" നിങ്ങളുടെ ആളുകൾ തന്നെയല്ലേ ഭരണത്തിലിരിക്കുന്നത് . നിങ്ങളുടെ സംഘടനാ നേതാക്കന്മാർ വഴി ഏതെങ്കിലും എംഎൽഎമാരെയൊ എംപിമാരെയൊ കണ്ടു പറഞ്ഞാൽ ഇതിന് ഒരു പരിഹാരമുണ്ടാവുകയില്ല ...... "
പിന്നെ പല നേതാക്കന്മാരുമായി ഫോണിൽ കൂടെ തന്നെ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അവർ പറഞ്ഞു തുടങ്ങും ...
" ഇത് സർക്കാർ പണം മോഷ്ടിച്ച ഒരു കേസല്ലേ നമ്മളെങ്ങനെ ഇത് ഒതുക്കാൻ പറയും തെറ്റല്ലേ..... "
പിന്നെയായിരുന്നു ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്ന അത്രയും വേണ്ടപ്പെട്ട ചില സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചത്.... അവരിൽ ചിലരെല്ലാം ആദ്യമാദ്യം ഫോണെടുത്തു വെങ്കിലും പിന്നെ പിന്നെ ഫോൺ എടുക്കാതെയുമായി തീർത്തും ഒറ്റപ്പെട്ട ഒരു അവസ്ഥ... ബന്ധുക്കളും പ്രതികരിച്ചത് തീർത്തും അവജ്ഞയോടെ തന്നെ.... അവസാനം അത് സംഭവിക്കുക തന്നെ ചെയ്തു . ആറുമാസത്തേക്ക് അന്വേഷണവിധേയമായി സർവീസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു..... അങ്ങിനെ അനിവാര്യമായ സസ്പെൻഷൻ ഓർഡർ..... അതും വന്നുചേർന്നു
ബാത്റൂമിലെ കരച്ചിലിന്നും ഈണം കൂടി ഒരു ദിവസവും വീണ്ടും അയാൾ പറഞ്ഞു
" നമുക്ക് ഒരുമിച്ച് ഇത് അവസാനിപ്പിച്ചാലോ.... നമ്മളെ സഹായിക്കാൻ ഈ ഭൂലോകത്തിൽ ആരും തന്നെയില്ല സുഹൃത്തുക്കളും ബന്ധുക്കളും ആരുമാരും "
സസ്പെൻഷൻ... പകുതി ശമ്പളവുമായി ആറു മാസം നിയമ നടപടികൾ തുടർന്ന് ആറുമാസമെന്നത് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ...... ജോലിക്ക് തിരിച്ചു കയറാതെയിരുന്നപ്പോൾ പലരും തിരക്കി..... അയാൾ സസ്പെൻഷനിലാണ് എന്നറിഞ്ഞിട്ടും അത് അറിയാത്ത ഭാവത്തിൽ ഓപ്പറേഷൻ്റെ ലീവ് കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയില്ലേയെന്ന്...
മരണ വക്രങ്ങളിൽ നിന്ന് ഏതോ ഒരു ശക്തിയാൽ ജീവിതത്തിലേക്ക് തിരിച്ചു നടന്നപ്പോൾ ലേബർ കോടതി ഉത്തരവ് പ്രകാരം , എൻക്വയറി കമ്മീഷൻ്റെ നിശ്ചയ പ്രകാരമുള്ള പണം തിരിച്ചടച്ച് ഇൻക്രിമെൻറ് ബാറോടു കൂടി സർവീസിൽ തിരിച്ചു കയറാനായി....
" എല്ലാ ദൈവങ്ങളോടും നന്ദി പറഞ്ഞ് ഇറങ്ങു ട്ടൊ "
അവൾ വിളിച്ചു പറഞ്ഞു ....മറ്റൊരു ദൈവങ്ങളോടും അയാൾക്ക് നന്ദി പറയാനില്ലായിരുന്നു . അയാളവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
" നീ..... നീ തന്നെയാണ് ഞാൻ കണ്ട ദൈവം..."
ജോയ് താണിക്കൽ