ആരും കാണാതെ മീനു തീവണ്ടിയിൽക്കയറിയെങ്കിലും ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ബോധ്യം അവൾക്കില്ലായിരുന്നു. തീവണ്ടി എവിടെവരെപ്പോകുമോ അവിടം വരേയും; ആരുടേയും കണ്ണിൽപ്പെടാതെയുള്ള യാത്ര; ആരും തേടിവരാത്തയത്രയും ദൂരം; അത്രയേ മനസ്സിലുള്ളൂ.
"പതിനഞ്ചുവയസ്സു മാത്രമുള്ള ഒരു പെൺകുട്ടിക്കു എത്ര ദൂരം ഒറ്റയ്ക്കു സഞ്ചരിക്കുവാനാകും? എന്തൊക്കെ തരണം ചെയ്യേണ്ടി വരും?"
ഒന്നും ചിന്തിക്കാതെയാണ് അവളിറങ്ങിത്തിരിച്ചത്. ഒന്നുമാത്രമേ മനസ്സിലുള്ളൂ. മാതാപിതാക്കൾ തന്നെയന്വേഷിച്ചു വരരുത്. ഇനിയും അവരുടെ ഉപദ്രവം താങ്ങുവാനുള്ള ശക്തി മനസ്സിനും ശരീരത്തിനുമില്ല.
"അല്ലെങ്കിലും എന്തിനു തേടിവരണം? സ്വന്തം മകളോടെന്നപോലെ എപ്പോഴെങ്കിലും അവർ സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ? കുട്ടിയായിട്ട് താൻ മാത്രമേയുള്ളൂ മാതാപിതാക്കൾക്ക്. എന്നിട്ടുപോലും ഒരു തരി സ്നേഹം അവർ തനിക്കു നൽകിയിട്ടില്ല. തനിക്കു മാത്രമാണോ ഈ ദുരവസ്ഥയുള്ളത്? അതോ ഇതുപോലുള്ള മാതാപിതാക്കൾ ഇനിയും ഭൂമിയിലുണ്ടോ?"
ചോദ്യങ്ങളുടെ നീണ്ടനിരതന്നെ അവളുടെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ തന്റെ ചുറ്റിലുമിരിക്കുന്നവരെ ഒന്നു നോക്കുവാൻവരെ അവൾക്കു കഴിഞ്ഞില്ല. പക്ഷേ, അവരെല്ലാം അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവളുടെ മുഷിഞ്ഞ വസ്ത്രവും അലസമായ മുടിയും അവർക്കു ചർച്ചയ്ക്കുള്ള വിഷയമായി മാറിയിരുന്നു. അവളുടെ മുഖം കണ്ടാൽ ആർക്കും തോന്നും നാടുവിട്ടുപോകുന്ന ഒരുവളാണെന്ന്. എങ്കിലും ആരും വിഷയമെന്തെന്നു ചോദിക്കുവാൻ തുനിഞ്ഞില്ല.
പെട്ടെന്ന് അവൾ ചിന്തയിൽനിന്നുമുണർന്നു. അവൾ ചുറ്റിലേക്കും കണ്ണോടിച്ചു. ഏവരുടേയും ശ്രദ്ധ താനാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ഷോളുകൊണ്ട് കൈയിലെ മുറിപ്പാടുകൾ മറയ്ക്കുവാൻ ശ്രമിച്ചു. ഒരു കൈകൊണ്ട് മുടിയുമൊതുക്കി. അപ്പോഴെല്ലാം അവർ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവർക്കിടയിൽ അവളൊരു അദ്ഭുതവസ്തുവായി മാറിക്കഴിഞ്ഞിരുന്നു.
ഒരു മടുപ്പുമില്ലാതെ തീവണ്ടി അതിന്റെ യാത്രതുടർന്നു. ആ കംപാർട്ടുമെന്റിലുണ്ടായിരുന്ന പലരും തങ്ങളുടെ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു. അവൾക്കു തുണയെന്നപോലെ ഒരാൾ മാത്രം അതിലവശേഷിച്ചു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് അവരുറങ്ങുകയാണെന്ന് അവൾക്കു മനസ്സിലായത്. വൃദ്ധയായ ഒരു സ്ത്രീ, അവളേപ്പോലെ വെറുംകൈയോടെയാണ് യാത്ര. അബോധാവസ്ഥയിൽ അവരെന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഒരു പേരു മാത്രം അവരാവർത്തിച്ചു. ഒരുപക്ഷേ, അതവരുടെ മകനായിരിക്കാം.
"എങ്കിൽ, ആ മകനെവിടെ?"
അവർ പതിയെ കണ്ണുതുറന്നു. ആ കണ്ണുകൾ ആരെയോ തേടുന്നതുപോലെ അവൾക്കു തോന്നി. തന്റെകൂടെയാരുമില്ലായെന്നു തിരിച്ചറിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു.
"മകൻ തന്നെയുപേക്ഷിച്ചിരിക്കുന്നു. ഇത്രയും കാലത്തെ ജീവിതം അവനുവേണ്ടിയായിരുന്നു. എന്നിട്ടും..."
ആ മനസ്സ് അവനെ ശപിച്ചില്ല. തന്റെ ദുഃഖം അവന് ദോഷമായി ഭവിക്കരുതേയെന്നു പ്രാർഥിക്കുക മാത്രമേ അവർ ചെയ്തുള്ളൂ.
അവളവരുടെ അടുത്തേക്കിരുന്നു. വിറയാർന്ന അവരുടെ കൈകൾ അവൾ ചേർത്തുപിടിച്ചു. ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം അവർക്കു വേണ്ടിവന്നില്ല. അവർ സ്വയം തിരിച്ചറിഞ്ഞു. ഇനിയുള്ള ദൂരം എത്രമാത്രമുണ്ടെന്ന നിശ്ചയം അവർക്കില്ല. പക്ഷേ, യാത്രയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന സത്യം മാത്രം അവർ മനസ്സിലാക്കി. ഒരുപക്ഷേ, ഇതൊരു നിയോഗമായിരിക്കാം.