ഓഷ്യാനസ് ഫിഫ്റ്റീൻ ഫ്ലാറ്റ് സമുച്ചയത്തിലെ 10 C യിൽ പാർക്കുന്ന അംബുജാക്ഷൻ നായരെ അറിയുന്നവരെല്ലാം "കാപ്പിരി" എന്ന കളിപ്പേരിട്ടു വിശേഷിപ്പിക്കുന്നത് അയാൾ കറുത്തവനായതുകൊണ്ടോ, അയാൾക്ക് അല്പം വട്ടുസ്വഭാവമുള്ളതുകൊണ്ടോ മാത്രമല്ല, മറിച്ച് അയാൾ വലിയ കാപ്പി കുടിയൻ ആയതുകൊണ്ടാണ്.
തന്നെ തൃപ്തിപ്പെടുത്തുന്ന കാപ്പികൾ തേടി ഹൈക്കോടതി വളപ്പിലെ ഇന്ത്യൻ കോഫീ ഹൗസിലും, ശരവണ ഭവനിലും, അറിയാവുന്ന എല്ലാ റെസ്റ്റോറന്റ്കളിലും അയാൾ പതിവായി എത്തിക്കൊണ്ടിരുന്നു.
അംബുജാക്ഷൻ നായർ തന്റെ മുന്നിൽ നിറച്ചുവെച്ച കാപ്പിക്കപ്പുകൾക്ക് നേരെ ആദ്യം നിസ്സംഗതയും പിന്നെ മൗനവും തുടർന്ന്, കഷായം കുടിക്കുമ്പോൾ ഉള്ള കൈപ്പേറിയ ഒരു മുഖഭാവവുമാണ് ഹോട്ടൽ വിളമ്പുകകാർക്ക് നേരെ പ്രകടിപ്പിക്കുക. പിന്നീട് ഒരു പതിവു പ്രാഥമിക കർമ്മം നിർവഹിക്കും മട്ടിൽ ചായക്കപ്പിലെ അരക്കാപ്പി കുടിച്ച് അയാൾ പുറത്തേക്കിറങ്ങും.
ഭൂമിയിലെ ഒരു കാപ്പിക്കും തന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന ചൂടും മധുരവും ഉന്മേഷവുമില്ലെന്ന നിരാശയോടെ അയാൾ വീട്ടിലെ ഇൻഡക്ഷൻ കുക്കറിൽ , ബ്രൂ കാപ്പിയും, നെസ് കോഫിയും സ്വയം ഉണ്ടാക്കി കുടിക്കാൻ ശ്രമിച്ചിട്ടും അസംതൃപ്തി നല്ലതല്ലാത്ത ഒരു കാപ്പിയുടെ രൂപത്തിൽ അയാളെ അലട്ടിക്കൊണ്ടിരുന്നു.
ചെന്നൈ മദിരാശി ആയിരുന്ന കാലത്ത് കോടമ്പാക്കത്ത് അയാൾക്ക് ഒരു അപ്പള കമ്പനി സ്വന്തമായുണ്ടായിരുന്നു. അയാൾ ധനാഢ്യനായത് ആ ബിസിനസിലൂടെ ആയിരുന്നു.
മലയാള സിനിമ കോടമ്പാക്കം വിട്ട് കൊച്ചിയിൽ എത്തിയപ്പോൾ, ഉണ്ടാക്കിയ പണം ബാങ്കിലിട്ട് അയാൾ പത്തുകൊല്ലം മുമ്പ് ഓഷ്യാനസിലെ ഫ്ലാറ്റ് ഉടമയാകുകയായിരുന്നു. ഒരു ക്രോണിക് ബാച്ചിലർഷിപ്പുമായി ജീവിതം കൊണ്ടുനടക്കുമ്പോളൊന്നും രുചിയുള്ള ഒരു കപ്പ് കാപ്പി തേടി ഹോട്ടലുകൾ തോറും അലയേണ്ടി വരുന്ന ദിനങ്ങളെ കുറിച്ച് അയാൾ ചിന്തിച്ചിരുന്നില്ല.
ഏകാന്തമായ ജീവിത പരിസരങ്ങളിൽ കൊതിപ്പിക്കുന്ന ഒരു കാപ്പി കുടിക്കാൻ പലപ്പോഴും അയാൾ ആഗ്രഹിച്ചു. മഴ പെയ്യുന്ന ദിനങ്ങളിൽ ഒരു കട്ടൻ കാപ്പി, മഞ്ഞുവീഴുന്ന ഡിസംബർ രാത്രികളിൽ പനമ്പിള്ളി നഗറിലെ നടപ്പാതയിലേക്ക് തുറക്കുന്ന കാപ്പി കടയിൽ നിന്ന് ഒരു കപ്പൂച്ചിനോ, വെറുതെ നടക്കാൻ തോന്നുമ്പോൾ മറൈൻഡ്രൈവിലെ ഹൈബി ഈഡനാൽ സംഭാവന ചെയ്യപ്പെട്ട ഓപ്പൺ ജിമ്മിനരികിൽ നിർത്തിയിട്ട കാപ്പി വണ്ടിയിൽ നിന്ന് ഒരു ഫുൾ കോഫി...
ഇങ്ങനെയൊക്കെ തന്റെ കാപ്പികുടി ശീലം അംബുജാക്ഷൻ നായർ തുടർന്നു കൊണ്ടിരുന്നു.
ഒരിക്കൽ തന്നെ തൃപ്തിപ്പെടുത്താത്ത കാപ്പികളെ ഉപേക്ഷിക്കാനുള്ള ഒരു തീരുമാനം അംബുജാക്ഷൻ നായർ കൈക്കൊണ്ട ഒരു പത്തു മണി പകൽ നേരത്താണ്,...
മുട്ടോളം മെടഞ്ഞിട്ട മുടിയിഴകളുള്ളവളും, ചങ്ങമ്പുഴ കവിതക്കാലത്തെ കാല്പനികതയെ ഓർമ്മിപ്പിക്കുന്ന മുത്തുകമ്മലിട്ടവളും, ഒന്ന് ചേർന്നു നിന്നാൽ തന്റെ മകളല്ലെന്ന് ആരും പറയില്ലെന്നു കരുതുന്നവളുമായ ഒരു പെൺകുട്ടി അയാളുടെ ഫ്ലാറ്റിന്റെ തുറന്നു കിടന്ന മുൻവാതിക്കലെത്തിയത്.
വാത്സല്യം തോന്നുന്ന ഒരു പുഞ്ചിരിയോടെ അഭിമുഖമായിനിന്ന അവളോട്
"എന്താ കുട്ടി? "
എന്ന് ചോദിച്ചപ്പോൾ,
"സാർ ഓർഗാനിക് കാപ്പിക്കുരു പൊടിച്ചുണ്ടാക്കിയ ഒരു കാപ്പിപ്പൊടിയുമായാണ് ഞാൻ വന്നിരിക്കുന്നത്" എന്ന മറുപടി അവളിൽ നിന്നും ലഭിച്ചു.
ഇഷ്ടപ്പെടാത്ത കാപ്പി കുടിച്ച് എന്റെ നാവു മരവിച്ചു"
എന്നയാൾ പറഞ്ഞപ്പോൾ, അവൾ പറഞ്ഞ മറുപടി അയാളുടെ അറുപതു വയസ്സിനെ ആഴത്തിൽ ഒന്നു തൊട്ടു.
"സാറിന്റെ പ്രശ്നം കാപ്പികളല്ല, മറിച്ച് മനോഭാവമാണെന്ന് ഞാൻ കരുതുന്നു. സാർ, ഇഷ്ടത്തോടെ അല്ലാത്ത ഒരു പ്രവൃത്തിയും നമുക്ക് സംതൃപ്തി തരില്ല, പഴനിയിലെ പഞ്ചാമൃതം പോലും അസംതൃപ്തിയോടെ കഴിക്കാൻ ശ്രമിച്ചാൽ അരുചി തന്നെയാകും ഫലം. അതുകൊണ്ട് തന്നെ അവനവനിലും ചുറ്റുപാടുമുള്ള മനുഷ്യരിലും, കുടിക്കുന്ന കാപ്പിയിലും മധുരം കണ്ടെത്താൻ ശ്രമിക്കുക. തീർച്ചയായും ഇനിയങ്ങോട്ട് കുടിക്കുന്ന കാപ്പികൾ സാറിനെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പ്."
പെൺകുട്ടി പറഞ്ഞു തീർന്നപ്പോഴേക്കും അയാൾക്ക് അവളോട് മതിപ്പു തോന്നിക്കഴിഞ്ഞിരുന്നു.
വല്ലാത്ത ഒരു വാത്സല്യവും. ഹൃദയത്തിൽ ഒരു ആർദ്രത നിറഞ്ഞ നിമിഷം അയാൾ അവളോട് ഇങ്ങനെയാണ് ചോദിച്ചത്,
"മോള് കൊണ്ടുവന്ന കാപ്പിപ്പൊടികൊണ്ട് എനിക്ക് ഒരു നല്ല കാപ്പി ഉണ്ടാക്കി തരാമോ?"
പെൺകുട്ടി സമ്മതം മൂളിക്കൊണ്ട് തന്റെ ചുരിദാറിന്റെ ഷാൾ തോളിലും അരയിലുമായി ചേർത്തു കെട്ടിക്കൊണ്ട് അയാളുടെ സമ്മതം ചോദിക്കാതെ കിച്ചണിലേക്ക് കടക്കുകയും, ഫ്രിഡ്ജിൽ നിന്നും മിൽമ പാലിന്റെ കവർ തുമ്പു നുള്ളിമാറ്റി, പാൽ പാത്രത്തിൽ ഒഴിച്ച് ഗ്യാസ് സ്റ്റൗവിൽ വെയ്ക്കുകയും, കുറഞ്ഞ സമയത്തിനുള്ളിൽ താൻ കൊണ്ടുവന്ന കാപ്പിപ്പൊടി ചേർത്ത് ഒരു നല്ല കാപ്പി ഉണ്ടാക്കി അവളുടെ കൈകൊണ്ട് കഴുകി വൃത്തിയാക്കിയ വെളുത്ത കപ്പിൽ ഒഴിച്ച് അയാൾക്ക് നേരെ പുഞ്ചിരിയോടെ നീട്ടുകയും ചെയ്തു.
ആ നിമിഷം മകളോ മരുമകളോ പുഞ്ചിരിയോടെ നീട്ടുന്ന സ്നേഹത്തിന്റെ ഒരു കപ്പ് കാപ്പി കുടിച്ചതുപോലെ ഒരു നവോന്മേഷം അംബുജാക്ഷൻ നായർക്ക് തോന്നി.
അടുത്തനിമിഷം അവൾ മുൻപ് പറഞ്ഞ വാചകങ്ങൾ അയാളിൽ ഒരു തിരിച്ചറിവ് ഉണ്ടാക്കി.
"എത്ര പാക്കറ്റ് കാപ്പിപ്പൊടി വേണം സാർ?"
എന്ന അവളുടെ ചോദ്യത്തിന്, അവളെ അമ്പരപ്പിച്ച അയാളുടെ മറുപടി ഇതായിരുന്നു,
"കൊണ്ടുവന്ന ബാഗിലെ കാപ്പിപ്പൊടികൾ അത്രയും ഇവിടെ വെച്ചോളൂ. ഞാൻ എടുത്തോളാം".
കാപ്പിപ്പൊടിയുടെ വില കണക്കാക്കി പണമത്രയും പെൺകുട്ടിയുടെ കൈകളിലേക്ക് ഏൽപ്പിച്ച അംബുജാക്ഷൻ നായർ ദീർഘമായി ഒന്ന് നിശ്വസിച്ചു.
മധുരമായ ഒരു കാപ്പി ഉണ്ടാക്കിത്തന്ന് മകൾ പടിയിറങ്ങി പോകും പോലൊരു വേദന ഉള്ളിൽ നിറഞ്ഞെങ്കിലും പെൺകുട്ടിയെ ലിഫ്റ്റ് വരെ അംബുജാക്ഷൻ നായർ അനുഗമിച്ചു
"പത്താം നിലയിൽ നിന്നും ലിഫ്റ്റ് സീറോയിൽ എത്തുംവരെ ഞാനിവിടെ നിൽക്കും" എന്ന് മാത്രം അയാൾ പെൺകുട്ടിയോട് പറഞ്ഞു.
ലിഫ്റ്റിൽ കയറും മുമ്പ് പെൺകുട്ടി, അച്ഛനോട് എന്നപോലെ അയാളെ ഒന്ന് നോക്കി... പിന്നെ പറഞ്ഞു,
"സങ്കടപ്പെടണ്ടട്ടോ... ഇടയ്ക്കൊക്കെ ഞാൻ ഇങ്ങനെ വന്ന് നല്ല കാപ്പി ഉണ്ടാക്കി തരാം".
പെൺകുട്ടി കയറിയ ലിഫ്റ്റ് പത്തിൽ നിന്നും പൂജ്യത്തിൽ എത്തിയപ്പോൾ അംബുജാക്ഷൻ നായർ തിരിഞ്ഞു നടന്നു. പ്ലാറ്റിനകത്തേക്ക് കയറിയ അയാളുടെ കണ്ണുനീരിനാൽ പെൺകുട്ടി ഉണ്ടാക്കിയ കാപ്പിക്കപ്പ് നിറഞ്ഞു.