mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
welcome friend

sohan

സുരേഷിന്‍ടെ തുടര്‍ച്ചയായ ഫോണ്‍വിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും കാരണമാണ് രവി ആ മലയോരഗ്രാമത്തിലേയ്ക്ക് യാത്ര പുറപ്പെട്ടത്. സുരേഷ് സഹപാഠിയായിരുന്നു. സ്കൂളിലും കോളേജിലും.

പഠിപ്പ് കഴിഞ്ഞതിനു ശേഷം അവിചാരിതമായി ഒരു ഉത്സവസ്ഥലത്തോ അതോ മറ്റെവിടെയോ വച്ചോ കണ്ടു മുട്ടുകയായിരുന്നു. ക്യത്യമായി ഓര്‍ക്കുന്നില്ല. എന്തായാലും 20 വര്‍ഷം മുംബൈയിലായിരുന്നുവെന്നും ഇപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങിയെന്നും സുരേഷ് അന്ന് പറഞ്ഞിരുന്നു. മാത്രമല്ല നാട്ടിലെപഴയ തറവാട് വീട്ടിലാണ് താമസമെന്നും. തന്‍ടെ കാര്യത്തിലും വ്യത്യാസമൊന്നുമില്ലല്ലോ.

രവി ആലോചിച്ചു ഗള്‍ഫിലെ ജോലിവിട്ട് മടങ്ങിയതിനു ശേഷം ഒരു ഫ്ളാറ്റ് വാങ്ങി അതില്‍ താമസിയ്ക്കുന്നു. വര്‍ഷങ്ങളായി.. ആവര്‍ത്തനവിരസമായ ഒരു വിശ്രമജീവിതവുമായി മുന്നോട്ടു പോകുന്നു.

വെളുപ്പിന് 6 മണി കഴിഞ്ഞപ്പോള്‍,ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. രാത്രി 11 മണിയ്ക്ക് കയറിയതാണ്. പ്ളാറ്റ് ഫോമില്‍ സുരേഷ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കാറെടുത്ത് വരേണ്ടതില്ല, ദുര്‍ഘടമായ വഴികളിലൂടെ കാറില്‍ പോകാന്‍ പ്രയാസമാണെന്ന് അയാള്‍ പ്രത്യേകം പറഞ്ഞിരുന്നു.

'ആദ്യം ഒരു ചായ കുടിയ്ക്കാം. ശേഷം ബസ്സ്റ്റാന്‍ഡില്‍ പോകണം. ഒരു മണിക്കൂറിനുള്ളില്‍ ഒരു ബസ് പുറപ്പെടുന്നുണ്ട്. ശേഷം 2 മണിക്കൂര്‍ യാത്രയുണ്ട്'.

ഹോട്ടലില്‍ നിന്നും ബ്രേക്ഫാസ്റ്റ് കഴിയ്ക്കുമ്പോള്‍ പഴയ പല കാര്യങ്ങളും അവര്‍ സംസാരിച്ചു. ജോലി. വിവാഹം അങ്ങനെ പലതും. എങ്കിലും സുരേഷ് തന്‍ടെ ഗ്രാമത്തെക്കുറിച്ചോ വീടിനെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. ചോദിച്ചിട്ടും അതൊക്കെ പിന്നീട് കാണാമല്ലോ എന്ന് മാത്രമാണ് പറഞ്ഞത്.

ക്യത്യം 7 മണിയ്ക്ക് തന്നെ ബസ് പുറപ്പെട്ടു. പോകുന്ന വഴിയില്‍ നിരവധി യാത്രക്കാര്‍ കയറിയിറങ്ങിപ്പോയി. അധികവും നഗരത്തില്‍ വന്ന് തിരിച്ച് പോകുന്നവരും. ഗ്രാമീണരുമായിരുന്നു. 

രവി സൈഡ് സീറ്റിലാണ് ഇരുന്നത്. മെല്ലെ മെല്ലെ ബസില്‍ ആളുകളുടെ തിരക്ക് കുറഞ്ഞു വന്നു. 

പ്രക്യതിയുടെ സ്വഭാവവും മാറിക്കൊണ്ടിരുന്നു. മനോഹരമായ താഴ് വരകളും ക്യഷിഭുമികളും ചെരിവിലും നിരപ്പിലും ചെറിയ വീടുകളും .... പിന്നിട്ട് ജാലകകാഴ്ചകളിലൂടെ വലിയ കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും തിരിവുകളും കടന്ന് യാത്ര മുന്നോട്ട് പോയി. 

ഒടുവില്‍ രാവിലെ 9 മണി കഴിഞ്ഞപ്പോള്‍ ബസ് കിതച്ച് കൊണ്ട് ഒരു ബസ് സ്റ്റോപ്പില്‍ ചെന്ന് നിന്നു. പ്രഭാതത്തിലെ ഇളം വെയില്‍ മെല്ലെ വ്യാപിച്ചിരുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്നും അവര്‍ ഒരു ഓട്ടോയില്‍ കയറി. രണ്ടോ മൂന്നോ കടകളും ഓട്ടോറിക്ഷകളും മാത്രമേ ആ കവലയില്‍ ഉണ്ടായിരുന്നുള്ളു.

2 km ഓടിയപ്പോള്‍ വഴി അവസാനിച്ചു. അതും ഒരു സിമന്‍റ് ടൈലിട്ട നിരത്ത്. ടാര്‍ റോഡ് എപ്പോഴേ ബസ്സ്റ്റോപ്പില്‍ തന്നെ അവസാനിച്ചിരുന്നു .

ഇനി വണ്ടി പോകില്ല. കുത്തനെ കയറ്റമാണ്. അല്‍പ്പം നടക്കണം .സുരേഷ് പറഞ്ഞു. രാത്രിയിലെ ഉറക്കമിളപ്പും ബസ് യാത്രയും കൊണ്ട് രവി ആകെ ക്ഷീണിതനായിരുന്നു.

വീണ്ടും അര മണിക്കൂറോളം അവര്‍ നടന്നു കാണും. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും കമുകിന്‍ തോപ്പുകളും നെല്‍ വയലുകളും താണ്ടി മുന്നോട്ടു പോയി. ഒരു ചെറിയ കുന്ന് കയറിയിറങ്ങിയപ്പോള്‍ വീതി കുറഞ്ഞ ഒരു പുഴയെത്തി. പുഴയ്ക്ക് കുറുകെയുള്ള പാലം കടന്ന് ഇടവഴിയിലൂടെ അല്‍പ്പം നടന്നു കാണും.

'ഇതാ എത്തിപ്പോയി. ഇവിടെയാണ് ഇപ്പോള്‍ എന്‍ടെ താമസം'' കരിങ്കല്‍ കൊണ്ട് കെട്ടിയ അനേകം പടവു കള്‍ക്ക് മുകളില്‍ അല്‍പ്പം അകലെയായി മരങ്ങള്‍ക്കിടയില്‍ ഭാഗികമായ മറഞ്ഞ ഒരു വലിയ ഓടിട്ട വീട് കാണാമായിരുന്നു. 

പടവുകള്‍ കയറി വീടിന്‍ടെ മുന്‍വശത്ത് വിശാലമായ ഇറയത്തേയ്ക്ക് കയറിയപ്പോഴേയ്ക്കും രവി കിതച്ചു. അയാള്‍ ആകെ തളര്‍ന്നിരുന്നു. ഇറയത്ത സിമന്‍റ്‌ തിണ്ണയില്‍ തൂണിന്‍മേല്‍ അയാള്‍ ചാരിയിരുന്നു.

സുരേഷ് അകത്തേയ്ക്ക് നോക്കി വിളിച്ചു. 

'സുനന്ദേ .... ' ഞങ്ങള്‍ എത്തി.

ശബ്ദം കേട്ട് സുരേഷിന്‍ടെ ഭാര്യ ഇറങ്ങിവന്നു.

'കുറച്ചു വെള്ളം .'.രവി ആദ്യം പറഞ്ഞത് ഇതാണ്.

ഒരു പാത്രം നിറയെ സംഭാരവുമായാണ് സുനന്ദ പിന്നീട് വന്നത്. എൈസിട്ട പോലെ നല്ല തണുപ്പ്. ഒറ്റ വലിയ്ക്ക് രവി അത് കാലിയാക്കി.

'അകത്തേയ്ക്ക് വന്നോളൂ. തത്കാലം ഇവിടെ ത്തന്നെ കുളിച്ച് അല്‍പ്പം വിശ്രമിയ്ക്കാം. വൈകുന്നേരം നമുക്ക് നടക്കാനിറങ്ങാം. പുഴയും കുന്നും കാവും ക്യഷിസ്ഥലവും എല്ലാം ചുററി നടന്ന് കാണാം. നിനക്ക് ഒരു വ്യത്യസ്ഥ അനുഭവമായിരിയ്ക്കും'

കുളിച്ച് കഴിഞ്ഞ് വന്നപ്പോള്‍ ഭക്ഷണം റെഡിയായിരുന്നു. ക്യഷി ചെയ്തുണ്ടാക്കിയ നല്ല കുത്തരിയും പച്ചക്കറികളും കൂട്ടിയുള്ള ഒരു വിഭവസമ്യദ്ധമായ ഊണ്. ഒന്നു മയങ്ങാന്‍ കിടന്ന രവി ഉണര്‍ന്നത് വൈകുന്നേരം 4 മണിയ്ക്ക് സുരേഷ് വിളിച്ചുണര്‍ത്തിയപ്പോഴാണ്.

'തികച്ചും ഒറ്റപ്പെട്ട സ്ഥലം. തനി നാട്ടിന്‍പുറം തന്നെ അല്ലെ?' ചായ കുടിയ്ക്കുമ്പോള്‍ രവി ചോദിച്ചു.

'അതെ. ആദ്യമൊക്കെ അല്‍പ്പം ബുദ്ധിമുട്ട് തോന്നും. പക്ഷേ പിന്നീട് ശീലമായാല്‍ ഇവിടത്തെ ജീവിതം എളുപ്പമാണ്. പിന്നെ.. വികസനമെന്ന് പറയാന്‍ ഒന്നുമില്ല.' ഒന്നു നിര്‍ത്തിയിട്ട് സുര.ഷ് തുടര്‍ന്നു.

'വൈദ്യുതി വന്നത് തന്നെ രണ്ട് വര്‍ഷം മുന്‍പാണ്. അടുത്തുള്ള ആശുപത്രിയും സ്കുളും ആറേഴു കിലോമീറ്റര്‍ പോകണം. കോണ്‍ക്രീറ്റ് വീടുകളൊന്നു മില്ല.'

'അടുത്തൊന്നും ഒരു വീടും കാണുന്നില്ലല്ലോ..!" രവി അത്ഭുതപ്പെട്ടു.

'ഈ വീടും ചുറ്റുമുള്ള 7 ഏക്കറും പാരമ്പര്യസ്വത്താണ്. പൂര്‍വ്വികര്‍ 50 വര്‍ഷം മുന്‍പ് കുടിയേറിയതാണ്.' 

പിന്നെ ഗ്രാമവാസികളെന്നു പറയാന്‍ പത്തിരുന്നുറ് പേരെ ഉള്ളു. പ്രധാനതൊഴിലും ക്യഷിയാണ്. എല്ലാവരും പരസ്പരം അറിയും. എന്ത് കാര്യത്തിനും ഒന്നിച്ച് നില്‍ക്കും. സഹായിയ്ക്കും. പിന്നെ ഒരു സ്ഥാപനമെന്നു പറയാന്‍ അടുത്തുള്ളത് ക്ഷീരോല്‍പാദകസഹകരണസംഘം ഓഫീസാണ്. 

കടകളെന്നു പറയാന്‍ നമ്മള്‍ ഇറങ്ങിയ ബസ്റ്റോപ്പില്‍തന്നെ പോകണം. ഒരു മാസത്തേയ്ക്കുള്ള സാധനങ്ങള്‍ ഒന്നിച്ച് വാങ്ങും. പിന്നെ,ഈയിടെ യാണ് മൊബൈല്‍ സിഗ്നലൊക്കെ ശരിയ്ക്കും കിട്ടിത്തുടങ്ങിയത്.

സുരേഷിന്‍ടെ സംഭാഷണം തുടര്‍ന്നു 

'വരൂ നമുക്കൊന്നു നടന്നിട്ട് വരാം.,, അയാള്‍ പറഞ്ഞു.'

കരിങ്കല്‍പ്പടവുകളിറങ്ങി അവര്‍ പുഴയുടെ തീരത്തേയ്ക്ക് നടന്നു. സായാഹ്നത്തിലെ,സ്വര്‍ണ്ണനിറമുള്ള ഇളം വെയില്‍ അവിടെ വ്യാപിച്ചിരുന്നു. നല്ല,തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. ഉയര്‍ന്ന,പ്രദേശത്തെ സുഖകരമായ കുളിര്‍മ്മയുള്ള അന്തരീക്ഷം.

'ഇവിടെ എനിയ്ക്ക് നെല്‍ക്യഷിയും തെങ്ങും കമുകും പച്ചക്കറിക്യഷിയുമ എല്ലാം ഉണ്ട്. കൂടാതെ മൂന്നാലു പശുക്കളുള്ള ചെറിയ ഫാമും . അതെല്ലാം ഒരു വിധം നന്നായി പോകുന്നു.' 

പുഴയില്‍ വെള്ളം കുറവായിരുന്നു. തീരത്തെ ചെറിയ മണല്‍ത്തിട്ടയിലൂടെ അവര്‍ നടന്നു. മനസ്സിന്, വല്ലാത്ത ശാന്തതയും സമാധാനവും രവിയ്ക്ക് അനുഭവപ്പെട്ടു. തികച്ചും വ്യത്യസ്ഥമായ ഒരു അനുഭൂതി തന്നെ. അല്‍പ്പം കൂടി ചെന്നപ്പൊള്‍, പുഴയോരത്ത് തന്നെ ഒരു ചെറിയ കാവ് കണ്ടു.

'ഇതാണ് ഗ്രാമക്ഷേത്രം. മാസത്തിലൊരിയ്ക്കല്‍ നട തുറന്ന് പൂജയുണ്ട് .വര്‍ഷത്തിലൊരിയ്ക്കല്‍ ഒരു ദിവസത്തെ ഉത്സവവും. മഴക്കാലത്ത് കാവിന്‍ടെ മുററം വരെ വെള്ളം വരും പക്ഷേ മുങ്ങിയതായി ചരിത്രമില്ല.'

അടഞ്ഞു കിടക്കുന്ന കാവിന് മുന്‍പിലെ പുല്‍ത്തകിടിയില്‍ അവര്‍ ഇരുന്നു. പുഴയിലേയ്ക്ക് നോക്കിക്കൊണ്ട്..

'10 km കൂടി കിഴക്കോട്ട് പോയാല്‍ വനാതിര്‍ത്തിയായി', സുരേഷ് പറഞ്ഞു.

പുഴയ്ക്കരെ വല്ലപ്പോഴും വെള്ളം കുടിയ്ക്കാന്‍ വരുന്ന ആനകളെ കാണാം. പക്ഷേ ഗ്രാമത്തില്‍ വന്യമ്യഗശല്യം എന്നത് കേട്ടു കേഴ്വിയില്ലാത്ത കാര്യമാണ് .'

'നിങ്ങള്‍ 2 പേര്‍ മാത്രമേ ഇവിടെ താമസമുള്ളൂ. മക്കള്‍..'രവി ചോദിച്ചു.

'ഒരു മകനേയുള്ളൂ അവന്‍ വിദേശത്താണ്.  നാട്ടില്‍ വന്നാലും അവന് ഇവിടെ താമസിയ്ക്കാന്‍ മടിയാണ്.,'സുരേഷ് പറഞ്ഞു.

'സ്വഭാവികം. പുതിയ തലമുറയ്ക്ക് ഇതൊക്കെ പൊരുത്തപ്പെടാന്‍ പ്രയാസമാണ്''

'അതെ. ഇവിടെ പത്രം വരുത്തുന്നില്ല. ടെലിവിഷന്‍ ഇല്ല. ആകെ ഉള്ളത് റേഡിയോ ആണ്'. സുരേഷ് ചിരിച്ചു.

 പിന്നെ, സഹായത്തിന് ഒരാളുണ്ട് . ദാമു. പകല്‍ മുഴുവന്‍ വീട്ടിലെ പണിയ്ക്ക് സഹായിയ്ക്കും വൈകുന്നേരം അവന്‍ വീട്ടില്‍,പോകും.'

കുറച്ചു നേരം കൂടി അവര്‍ അവിടെ ഇരുന്നു. നിശ്ശബ്ദമായി. എന്തെല്ലാമോ ഓര്‍മ്മകളില്‍,മുഴുകി.. സന്ധ്യ കഴിഞ്ഞാണ് അവര്‍ മടങ്ങിയത് 

മടങ്ങുമ്പോള്‍ വിശാലമായ വയലും തെങ്ങിന്‍ തോട്ടവും രവി കണ്ടു. വയ്ക്കോല്‍ കൂനയും പശുക്കളെ കെട്ടുന്ന ആലയും കണ്ടു. ഒരു പത്തിരു പത് വര്‍ഷം പുറകോട്ട് സഞ്ചരിച്ച പോലെയാണ് രവിയ്ക്ക് തോന്നിയത്. രാത്രിയില്‍ അത്താഴത്തിനൂ ശേഷം, മുറ്റത്ത് തീ കൂട്ടി അതിനു ചുറ്റും അവര്‍ ഇരുന്നു. നല്ല നിലാവും നേരിയ മഞ്ഞുമുള്ള രാത്രി.

അകലെ കുന്നുകള്‍ക്കുമപ്പുറത്ത് നിന്നും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഏറെ നേരം അവര്‍ സംസാരിച്ചു. 

സുരേഷ് മുംബൈയില്‍ എഞ്ചിനീയറായിരുന്നു. സുനന്ദ ലോയറും. ജോലി മതിയാക്കി പോരികയായിരുന്നു. കാടു പിടിച്ച് കിടന്ന ഭൂമി ശരിയാക്കാന്‍ വര്‍ഷങ്ങളുടെ അദ്ധ്വാനം വേണ്ടി വന്നു. ഇപ്പോള്‍ അവര്‍ക്ക് കഴിഞ്ഞു പോയ ആ തിരക്കു പിടിച്ച യാന്ത്രികജീവിതം ഓര്‍ക്കാന്‍ പോലും കഴിയാറില്ല.

'ഇവിടെ ബാറില്ല. പാറമടയില്ല. വോട്ടു ചോദിയ്ക്കാനല്ലാതെ രാഷ്ട്രീയക്കാര്‍ ആരും വരാറില്ല. പുതിയ നിര്‍മ്മാണ പ്രവ്യത്തികള്‍ ഒന്നുമില്ല. ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളില്ല. ഇടവഴികളും ഒറ്റയടിപ്പാതകളും ആണ് കൂടൂതലും. തികച്ചും ശാന്തമായ അന്തരീക്ഷമാണ്‌. ഒരു പക്ഷേ നാളെ സ്ഥിതി മാറിയേക്കാം. സുരേഷ് പറഞ്ഞു.

''അപ്പോള്‍ വികസനത്തിന്‍ടെ മുദ്രകള്‍ ഒന്നുമില്ല അല്ലേ.. അത്രയും നല്ലത്. ' രവി പറഞ്ഞു.

അന്നു രാത്രി രവി സുഖമായി ഉറങ്ങി. ഒരു പക്ഷേ ഇത്രയും സ്വസ്ഥമായി ദീര്‍ഘമാായി ഉറങ്ങുന്നത് ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു. സറ്റേഷനില്‍ നിന്നു ട്രെയിനില്‍ കയറാന്‍ നേരം രവി പറഞ്ഞു. ഭാഗ്യമുള്ള ജീവിതമാണ് നിങ്ങളുടേത്. ഞാന്‍ ഇനിയും വരും . കൂടുതല്‍ ദിനങ്ങള്‍ തങ്ങാന്‍.

സുരേഷ് കൈ വീശി യാത്ര പറഞ്ഞു.

വണ്ടി മുന്നോട്ടു നീങ്ങി. ഒട്ടേറെ മധുര സ്മരണകളുമായി രവി സീറ്റില്‍ ചാരിയിരുന്നു. 

രവിയുടെ സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗതുല്യമായ മറ്റൊരു സുന്ദരഗ്രാമം ജനിയ്ക്കുകയായി. മാലാഖച്ചിറകുകളുമായി അയാള്‍ അങ്ങോട്ടേയ്ക്ക് പറന്നുയര്‍ന്നു

അപ്പോള്‍ വീണ്ടും......

തിരക്ക് പിടിച്ച ജീവിതത്തിലേയ്ക്കുള്ള വണ്ടിയുടെ വേഗത കൂടിക്കൂടി വന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ