ഡിസംബർ 1997-ലെ മഞ്ഞിൽ നീരാടി ഈറനുടുത്ത പ്രഭാതമെനിക്കുമീതേ ഉണർന്നത് ഉത്തർപ്രദേശിലെ ഫുൽപൂർ ഗ്രാമത്തിലായിരുന്നു. ചെറുകാറ്റുമായെത്തുന്ന ധനുമാസക്കുളിരിനെ കരിയിലക്കൂട്ടം കത്തിച്ചു വരവേല്ക്കുന്ന സുഖകരമായ ഭൂതകാലമയവിറക്കി, കണ്ണുകളൊഴിച്ചുള്ള ശരീര ഭാഗങ്ങളെ വിവിധ കമ്പിളി ഉല്പന്നത്തിനുള്ളിലാക്കി ക്വാർട്ടേഴ്സിന്റെ വാതിൽ ചാരി പുറത്തിറങ്ങി.
UP 25 P4747 വെസ്പാ സ്കൂട്ടറിന്റെ ഒറ്റക്കണ്ണിൽ നിന്നും സ്ഫുരിക്കുന്ന മഞ്ഞവെട്ടത്തിൽ ശിശിര സൗന്ദര്യമാവാഹിച്ചു നിശബ്ദ നൃത്തം വെക്കുന്ന ശീത ബിന്ദുക്കളെ മുറിച്ചു ഹൗസിങ് കോളനി റോഡിലൂടെ സ്കൂട്ടർ പതുക്കെയോടി.
രാസവള നിർമ്മാണ ഫാക്ടറിയായ ഇഫ്കോയുടെ കൂറ്റൻ പ്രവേശന കവാടം കടക്കുമ്പോഴും മഞ്ഞുമറയ്ക്കുള്ളിൽ തലതാഴ്ത്തി മടിച്ചു നില്ക്കുന്നുണ്ടായിരുന്നു ബാലാർക്കൻ.
ഇഫ്കോ ഫാക്ടറിയുടെ രണ്ടാംഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ഡിമിനറലൈസേഷൻ പ്ലാന്റ് നിർമ്മിക്കുന്ന ഇൻഡോകാൻ കമ്പിനിയുടെ കമ്മിഷിണിംഗ് എഞ്ചിനീയറായിയെത്തിയിട്ട് രണ്ടു ദിവസമേ ആകുന്നുള്ളൂ. സീനിയർ എഞ്ചിനീയർമാരായ ബോസ്സ് മാത്യുവും ആനന്ദ് ഷിൻഡയും കമ്പിളിപ്പുതപ്പിനുള്ളിലാണെന്നോർത്തതും അവരോട് കുഞ്ഞസൂയ തോന്നി.
സൈറ്റ് ഓഫീസിനരികെ സ്കൂട്ടർ നിർത്തി, ഹെൽമെറ്റെടുത്തു ധരിച്ചു, ബ്ലൂപ്രിൻറുകളിലെ ഭാവനകളെ ഘനരൂപങ്ങളാക്കി ഉയർത്തുന്ന മനുഷ്യാധ്വാനത്തിന്റെ കളിത്തട്ടായ കൺസ്ട്രക്‌ഷൻ സൈറ്റിലേക്ക് നടന്നു.
പൊടിപടലങ്ങളോടൊപ്പം ഗ്രൈൻറിങ്ങ് വെൽഡിംഗ് മെഷീനുകളുടെ ആരവമുതിർക്കുന്ന സൈറ്റിന്ന് തണുപ്പിന്റെ ആലസ്യം വിട്ടു ഉണർന്നു വരുന്നേയുള്ളൂ. സൈറ്റിന്റെ കിഴക്കേ അറ്റത്ത്, ക്രെയിനിന്റെ ബലിഷ്ഠ കൈയ്യിൽ, തൂങ്ങി നില്ക്കുന്ന ടാങ്കിനരികെ നിന്ന് ലോഹപ്പൊരികൾ വായുവിലേക്ക് ചീറ്റിവീഴുന്നതു കണ്ടപ്പോൾ ഞാനങ്ങോട്ട് നടന്നു.
വെൽഡു ചെയ്തു വെച്ചിരിക്കുന്ന പൈപ്പുകളുടെ മേൽ ഗ്രൈൻഡർ ചലിപ്പിച്ചു കൊണ്ടിരുന്നാൾ, പെട്ടന്ന് എന്നെ കണ്ടതും ഗ്രൈൻഡർ നിലത്തു വെച്ചു ചാടിയെഴുന്നേറ്റു.
പവർ ഓഫാക്കാതെ വെച്ച ഗ്രൈൻഡർ, വട്ടം കറങ്ങി എനിക്കു നേരെ തുള്ളിവന്നു. ആയാസപ്പെട്ടു ഗ്രൈൻഡർ ഓഫാക്കി, നിവർന്നു കണ്ണുകളുയർത്തി.
വെളുപ്പ് ബാധിച്ച ശരീരവും കനം കുറഞ്ഞ വെള്ളി മീശയും, തവിട്ടു കണ്ണുകൾക്കു മേലെ നരച്ച പീലികളും പുരികങ്ങളും, തീ നാളം പോലുള്ള മുടിക്കു മീതെ മങ്കി ക്യാപ്പ് മടക്കി, മുഷിഞ്ഞ മുഴുക്കയ്യൻ സ്വറ്ററുമിട്ട യുവാവ്, പേടിച്ചു വിറച്ചു കൈകൂപ്പുന്നുണ്ടായിരുന്നു.
"വെൽഡർ മുന്നയുടെ ഹെൽപ്പർ അല്ലേ? നിങ്ങെളെന്തിനാ ഗ്രൈൻഡർ എടുത്തത്?"
വിറച്ചുനിന്നയാളുടെ നാവിൽ നിന്നു "സാബ്, സാബ്" എന്നു മാത്രം കിതച്ചു വീഴുന്നുണ്ടായിരുന്നു.
"നിങ്ങളുടെ പേരെന്താ,ഇത്ര നേരെത്തെ എന്താ വന്നത്?"
"രാജ് ബഹദൂർ. മുന്ന ബായി വരുന്നതിനു മുമ്പ് വെൽഡിങ് ചെയ്ത പെപ്പുകളെല്ലാം ക്ലീൻ ചെയ്തു വെക്കണം" ഭയം പുരണ്ട വാക്കുകൾ പുറത്തേക്കിടറി വീണു.
"സാർ ഇതാരോടും പറയരുതേ! ഹാജി അറിഞ്ഞാലെന്നെ ജോലിയിൽ നിന്നും പുറത്താക്കും" ദാരുണമായ അതിജീവനത്തിന്റെ ആത്മാംശം വാക്കുകളിൽ മുഴങ്ങിയിരുന്നു.
കമ്പിനിയിൽ നിന്നും വർക്ക് സബ് കോൺട്രാക്റ്റെടുത്ത ആദം ഹാജിയുടെ തൊഴിലാളികളാണ് സൈറ്റിൽ വർക്ക് ചെയ്യുന്നത്. രാജ് ബഹദൂറിനെ ആശ്വസിപ്പിച്ച് സൈറ്റ് ഓഫീസിലേക്ക് തിരിച്ചു നടന്നു. പേടിച്ചു നിന്നവന്റെ രൂപവും വിങ്ങി വിറച്ച വാക്കുകളുമെന്നെ അലോസരപ്പെടുത്തി പിൻതുടരുമ്പോഴായിരുന്നു സൈറ്റ് ഓഫീസിന്റെ വശത്തുള്ള കക്കൂസ് വാതിൽ തള്ളിത്തുറന്നു ഷൈലേഷ് പാണ്ഡെ പുറത്തിറങ്ങിയത്.
ചെവിക്കു മുകളിൽ ചുറ്റിവെച്ചിരിക്കുന്ന പൂണൂൽ ചുരുൾ നിവർത്തിക്കൊണ്ടവനാശ്ചര്യം ചോദ്യത്തിലൊതുക്കി.
"സാറെന്താ, ഇത്ര നേരെത്തെ?"
"ഉച്ചക്കു മുമ്പ് വർക്ക് പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കി ഹെഡ് ഓഫീസിലേക്കയക്കണം."
ഓഫീസ് ബോയ് എന്നതിലുപരി കോൺട്രാക്റ്ററിൽ നിന്ന് ഞങ്ങളിലേക്കും തിരിച്ചും രഹസ്യങ്ങളൊഴുകുന്ന നൂൽപ്പാതയാണ് ഷൈലേഷ് പാണ്ഡെ.
ഷൈലേഷ് മേശമേൽ കൊണ്ടു വെച്ച ചൂട് ചായ ഊതിക്കുടിക്കേ ഞാൻ രാജ് ബഹദൂറിനെക്കുറിച്ചന്വേഷിച്ചു. "സാർ അവൻ നമ്മുടെ ഫിറ്റർ ഷാനു ബഹദൂറിന്റെ അനിയനാണ്. പക്ഷേ..."
പൂർത്തീകരിക്കാത്ത വാക്യത്തിന്റെ തുടർച്ച കാംക്ഷിച്ചുള്ള എന്റെ നോട്ടത്തിനു മറുപടി നൽകാനുള്ള മുന്നൊരുക്കമെന്നോണം കൈവെള്ളയിലൊരു നുള്ള് തമ്പാക്കും ചുണ്ണാമ്പുമെടുത്തു താളത്തിലടിച്ചും ഉരുട്ടിയും സമന്വയിപ്പിച്ച മിശ്രിതം ഇരുവിരലുകൾക്കിടയിലാക്കി കീഴ്ച്ചുണ്ടിനകത്ത് നിക്ഷേപിച്ചു. ചുണ്ടു കൾക്കിടയിലെ രാസ വിസ്ഫോടനങ്ങൾ കറപിടിച്ച പല്ലുകൾകാട്ടി ഇന്ദ്രിയസുഖാനുഭൂതിയിൽ ഷൈലേഷ് തുടർന്നു.
"രാജ് ബഹദൂറിനേയും അമ്മയേയും ഭ്രഷ്ട് കല്പിച്ചകറ്റിയതാണ്."
ഭ്രഷ്ട് എന്ന വാക്കുണർത്തിയ കൗതകത്തിൽ നീട്ടി വെച്ചെന്റെ കാതുകളിൽ ഷൈലേഷ് ഭ്രഷ്ടിന്റെ പിന്നാമ്പുറ കഥകൾ കുറുക്കി ഒഴിച്ചു.
രാജ് ബഹദൂറിന്റെ അസ്വാഭാവിക നിറത്തിനും രൂപത്തിനും മേൽ ആഭിചാരക്രിയകളും മായാവിദ്യകളും നാട്ടുകാരാരോപിച്ചപ്പോൾ അവന്റെ പിതൃത്വത്തിലായിരുന്നു അച്ഛന്റെ സംശയ വേരുകളുറച്ചു നിന്നത്. സുന്ദരിയായ അവന്റെ അമ്മയുടെ പാതിവൃത്യത്തെ, അവർ താത്ക്കാലിക തൂപ്പുകാരിയായി ജോലി ചെയ്ത ഇഫ്കോ ഗസ്റ്റ് ഹൗസിൽ താമസിക്കാനെത്തുന്ന വിദേശികളുടെ തൊലിവെളിപ്പിന്റെ ജനിതകവുമായി ചേർത്തു വെച്ചു ഒരു "സായിപ്പു കുട്ടി" യായി രാജ് ബഹദൂർ സംശയിക്കപ്പെട്ടു.
വീടും നാടും കൈയ്യൊഴിഞ്ഞ രാജ് ബഹദൂറിനും അമ്മയ്ക്കും അവരുടെ സഹോദരൻ അമീർ ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തു താമസമൊരുക്കി കൊടുത്തു. എതിർപ്പുണ്ടായിട്ടും സഹോദരിയേയും മകനേയും പൂർണ്ണമായും ഉപേക്ഷിക്കാൻ അമീർ തയ്യാറായിരുന്നില്ല.
മൂത്ത മകൻ ഷാനു വളരുന്നതോടൊപ്പം അമ്മയോടും അനിയനോടുമുള്ള ശത്രുതയും വർദ്ധിച്ചു, സൗകര്യം കിട്ടുന്ന അവസരങ്ങളിലൊക്കെ അവരെ ഉപദ്രവിച്ചു.
വൈക്കോൽ ചെരിച്ചു മേഞ്ഞ ഒറ്റ മുറി ചതുരത്തിലെ ഏകാന്തതുരുത്തിൽ രാജ് ബഹദൂറിന് ഒരു കൂട്ടുകാരിയുണ്ട്, അമീറിന്റെ ഇളയ മകൾ അനീസ.
പരിഹാസത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും പെരുവായ തുറന്നു വെച്ച സ്കൂൾ പരിസരം, രാജ് ബഹദൂർ ഉപേക്ഷിച്ചിരുന്നെങ്കിലും ഒളിച്ചും പതുങ്ങിയുമെത്തി അനീസ അവനെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന അനീസയാണിന്ന് രാജ് ബഹദൂറിന്റെ നാവ്. അവളുടെ കൂട്ടുകാരിയുടെ അച്ഛനാണ് ആദം ഹാജി, ആ വകയിലാണ് അവനിവിടെ ജോലി കിട്ടിയത്.
ഷാനു വിവാഹം ചെയ്തിരിക്കുന്നത് അനീസയുടെ ചേച്ചിയാണ്. അതോടു കൂടി അനീസയും അമീറും രാജ് ബഹദൂറിനോടും അമ്മയോടും കാണിക്കുന്ന സ്നേഹത്തിനു മേലുള്ള ഷാനുവിന്റെ നീരസപ്രകടനങ്ങൾ അവർക്കു ചുറ്റും സദാ ഭ്രമണം ചെയ്തിരുന്നു.
അപ്പോഴേക്കും ഷിൻഡെ സാബും ബോസ്സ് മാത്യുവും ഓഫീസിലെത്തിയിരുന്നു, ഞാൻ റിപ്പോർട്ടിന്റെ പണിപ്പുരയിലേക്കുമിറങ്ങി.
ഭാഗം രണ്ട്
ഉച്ചയോടെ റിപ്പോർട്ട് ഫാക്സ് ചെയ്തതിനു ശേഷം, ഷൈലേഷിനോടൊപ്പം സൈറ്റിലേക്കിറങ്ങി. സ്കഫോർഡുകളും, സ്റ്റീൽ ബീമുകളും കൂറ്റൻ ടാങ്കുകളും പശ്ചാത്തലമാക്കി ചെറുതും വലുതുമായ സംഘങ്ങളായി തിരിഞ്ഞു വർക്കേഴ്സ് ഉച്ചഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അധ്വാനച്ചൂടേറ്റു രുചികൂടിയ ലഞ്ച്ബോക്സുകളിൽ നിന്നും വൈവിധ്യമാർന്ന രുചിഗന്ധങ്ങൾ സൈറ്റിലൊഴുകി. ആഹാരം പങ്കുവെച്ചും കഥകൾ പറഞ്ഞും ആനന്ദം തഴച്ചു വളർന്നിടത്തിൽ, ഒരാൾ മാത്രം അകലെ മാറിയിരുന്നു ഭക്ഷണം കഴിക്കുന്നു.
ഒറ്റപ്പെടുത്തലുകളുടെ ദീർഘ വഴികളേറെ താണ്ടി പരിശീലിച്ച രാജ് ബഹദൂർ, വെൽഡു ചെയ്തു വെച്ചിരിക്കുന്ന വലിയ സ്റ്റീൽ ബീമിനു മുകളിലിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.
"രാജ് ബഹദൂറേ ഞാനും കൂടട്ടെ?" അവനെന്നെ കണ്ടതും ഡബ്ബ അടച്ചായാസത്തോടെ എഴുന്നേറ്റു, വേദന ഉൾക്കൊള്ളിച്ചൊരു പുഞ്ചിരി ചുണ്ടിൽ പറ്റിനിന്നു. ഞാനവനടച്ചു വെച്ച ഡബ്ബ തുറന്നു, ചീന്തിയെടുത്ത ചപ്പാത്തി വഴുതിനങ്ങ സബ്ജി കൂട്ടി കഴിച്ചു. വിസ്മയവും ആനന്ദവും കണ്ണുപൊത്തിക്കളിച്ച അവന്റെ മുഖത്തൊടുവിൽ നിസ്സംഗത കൂടുകൂട്ടി നിന്നു.
"നല്ല രുചിയുണ്ട്, അമ്മ ഉണ്ടാക്കിയതാണോ?" തലയാട്ടി നിന്നവനെ ഞാൻ പിടിച്ചിരുത്തി വിശേഷങ്ങളാരായുമ്പോഴും അവൻ കാതങ്ങളകലെയാണെന്നു തോന്നി. താമസിച്ചെത്തുന്ന ഹ്രസ്വ വാക്കുകളും മൂളലും തലയാട്ടലും മറുപടിയായ് കിട്ടി. അവന്റെ കണ്ണുകളിൽ സന്തോഷം വിങ്ങി നിറഞ്ഞിരുന്നെങ്കിലും ചുറ്റിലുമൊരു ഭീതി തളംകെട്ടിയിരുന്നു.
തീക്ഷ്ണനോട്ടങ്ങളേയും പിറുപിറുപ്പുകളേയും അവഗണിച്ചുകൊണ്ട് ഒരു ദിവസം ഭക്ഷണം കഴിക്കാൻ രാജ് ബഹദൂറിന്റെ വീട്ടിൽ വരുന്നുണ്ടെന്ന പ്രഖ്യാപനം വായുവിൽ തൂക്കിയിട്ടു ഞാൻ സൈറ്റോഫിസിലേക്ക് മടങ്ങി.
വൈകുന്നേരം, തൊഴിലാളികൾക്ക് പ്രത്യേകിച്ചും രാജ് ബഹദൂറിന്റെ ചേട്ടൻ ഷാനുവിനു രാജ് ബഹുദൂറിന്റെ കൂടെ ഭക്ഷണം കഴിച്ചതിന്റെ ഇഷ്ടക്കേട് ഷൈലേഷിനെ അറിയിച്ചിരുന്നു.
ഭാഗം മൂന്ന്
ഗ്രാമത്തിലെ ഉത്‌സവത്തോടനുബന്ധിച്ചു നൽകിയ രണ്ടു ദിവത്തെ പ്രാദേശിക അവധിക്കു ശേഷം, രാജ് ബഹദൂറും ചേട്ടൻ ഷാനുവും ആശുപത്രിയിലാണെന്ന വാർത്തയുമായിട്ടാണ് ഷൈലേഷ് പാണ്ഡെ ഓഫിസിലെത്തിയത്.
രാജ് ബഹദൂറിനു ജോലി വാങ്ങിച്ചു കൊടുത്ത അനീസയുടെ പ്രവൃത്തി ഷാനു ചോദ്യം ചെയ്തു. വാക്ക്പ്പോരോളമെത്തിയ ചോദ്യം ചെയ്യലിനൊടുവിൽ താൻ രാജ് ബഹദൂറിനെ വിവാഹം കഴിക്കുമെന്നു അനീസ തുറന്നടിച്ചു. കുപിതനായി ഇറങ്ങിപ്പോയ ഷാനു, രാജ് ബഹദൂറും അമ്മയും മായാവിദ്യയാൽ അനീസയുടെ മനസ്സ് മാറ്റിയതെന്നു ആരോപിച്ചു.
ഉത്സവ രാവിൽ ഗ്രാമം ആഘോഷത്തിൽ മതിമറന്നപ്പോൾ, മഞ്ഞു പരത്തിയ നിലാവിന്നോരം പറ്റിയെത്തിയവർ രാജ് ബഹദൂറിനേയും അമ്മയേയും ആക്രമിച്ചു. അവരുടെ നിലവിളികൾ, ഇലമെത്തയിൽ മഞ്ഞിനോട് രമിച്ച കാറ്റ് സ്വന്തമാക്കിവെച്ചു. പരിക്കേറ്റു വീണ രാജ്ബഹദൂറിനേയും അമ്മയേയും സാക്ഷിയാക്കി ദുരിതങ്ങൾക്കു മേൽ പടുത്തുയർത്തിയ വീടിന്റെ വൈക്കോൽ മേൽക്കുര തീ വീഴുങ്ങി.
അനീസയുടെ ഒത്തിരി നേരെത്തെ പ്രയത്നത്തിനൊടുവിലാണ് രാജ് ബഹദൂറിനേയും അമ്മയേയും അലഹബാദ് സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു പിന്നിൽ ഷാനുവും കൂട്ടുകാരാണെന്നറിയാമെങ്കിലും ആർക്കും പരാതിയില്ല.
"ഷൈലേഷേ ഷാനു എന്തിനാണു ആശുപത്രിയിൽ അഡ്മിറ്റായത്? കേസിൽ നിന്നൂരാനാണോ?"
"ആരു കൊടുക്കാനാ സാർ കേസ്? അവന്റെ ഭാര്യയെ പ്രസവത്തിനായ് അവിടെ അഡ്മിറ്റാക്കിയിട്ടുണ്ട്"
പരിക്കുകൾ അത്ര സാരമുള്ളതല്ലെന്ന് ഷൈലേഷ് പറഞ്ഞതിനാൽ ഡിസ്ചാർജ് ചെയ്തു വന്നതിനുശേഷം വീട്ടിൽ ചെന്നു കാണാമെന്നു തീരുമാനമെടുത്തു.
നാലാം ഭാഗം
മെരുങ്ങാത്ത മഞ്ഞുപുലരിക്കൊപ്പം വീണ്ടുമൊരാഴ്ച പിന്നിട്ടശേഷം, രാവിലെ സൈറ്റിലെത്തി തലേദിവസം അയേൺ എക്സ്ചേഞ്ച് റെസീൻ നിറച്ചു വെച്ച സ്ട്രോങ്ങ് ആസിഡ് കാറ്റിയോൺ ടാങ്ക്, റീചാർജ് ചെയ്യിപ്പിക്കുമ്പോഴായിരുന്നു, അവിശ്വസിനീയമായ ഒരു കാഴ്ചയിലേക്ക് കണ്ണിറങ്ങിപ്പോയത്.
മഞ്ഞുമറ ഭേദിച്ചു പുറത്തുവന്ന സൂര്യനോടൊപ്പം ഷാനു സൈക്കിളോടിച്ചു വരുന്നു, പിന്നിലൊരു പൂച്ചക്കുഞ്ഞിനെ പോലെ രാജ് ബഹദൂർ ഒട്ടിപ്പിടിച്ചിരിപ്പുണ്ട്. രാജ് ബഹദൂറിനെ സൈക്കിളിൽ നിന്നിറക്കിയതിനു ശേഷം ഡബ്ബ സഞ്ചിയും തൂക്കി ഷാനു അടുത്തേക്കു വന്നു.
"സാർ രാജിനെ എന്റെ സഹായിയായി തരണം. അവനു തീരെ വയ്യ"
ഷാനുവെന്ന ചേട്ടന്റെ കുഞ്ഞനിയായി, ദൂരെ നില്ക്കുന്ന രാജ് ബഹദൂറിനെ നോക്കി, ഞാൻ കൈ ഉയർത്തി കാണിച്ചു. അന്നു സൈറ്റിൽ നിന്നു ഓഫീസിലേക്ക് തിരിച്ചു കയറുമ്പോൾ ഇണങ്ങാതെ വിറപ്പിക്കുന്ന മഞ്ഞുകാലം ഒളിപ്പിച്ചു വെക്കുന്ന വർണ്ണ ഋതുവിനെ ഞാനോർത്തു.
ഷൈലേഷ് രാവിലെ എടുത്തുവെച്ച തണുത്തുറഞ്ഞ ചായയ്ക്കും നല്ല രുചിയുണ്ടായിരുന്നു.
"ഷൈലേഷേ എന്താ സംഭവിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലലോ? ഷാനെങ്ങിനെ മാനസാന്തരപ്പെട്ടു?"
"വിധിയും പാരമ്പര്യവും ഒത്തുകളിച്ചപ്പോൾ അവനങ്ങു തോറ്റു പോയി, സാർ"
മനസ്സിലായില്ല എന്നർത്ഥത്തിൽ തല അല്പം ചെരിച്ചു ഞാൻ ഷൈലേഷിനെ നോക്കി.
"ഷാനുവിന്റെ ഭാര്യ ജന്മം നല്കിയ കുഞ്ഞ് രാജ് ബഹദൂറിനെ പോലെ സുന്ദരരനായൊരു 'സായിപ്പു കുട്ടി' യായിരുന്നു."
നിരാശയുടെ തമസ്സാഴങ്ങളിൽ വീണു പോയ ഷാനുവിനെ അനീസയും ആശുപത്രിയിലെ ഡോക്ടറും ഒത്തിരി കഷ്ടപ്പെട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ആൽബനിസത്തെയും അതിന്റെ ജനിതക വഴികളേയും അംഗീകരിക്കാൻ ഒടുവിൽ ഷാനു തയ്യറായി. ഷാനു അമ്മയോടും അനിയനോടും കരഞ്ഞു മാപ്പു പറഞ്ഞു.
ആശുപത്രിയിൽ നിന്നവരെല്ലാവരും ഡിസ്ചാർജ് ആയതിനു ശേഷം ഷാനുവിന്റെ വീട്ടിലേക്കായിരുന്നു പോയത്. ജനിതക വഴികളിൽ പടർന്ന അപക്വമായ വിശ്വാസമുള്ളുകളിൽ പോറലേറ്റ രാജ് ബഹദൂറിനും അമ്മയ്ക്കും നഷ്ടമായ ദിനരാത്രങ്ങൾ തിരിച്ചു നല്കാൻ ഷാനിന്റെ സ്നേഹ പരിചരണത്തിനാവും എന്നു വിശ്വസിച്ചു 'സായിപ്പു കുട്ടി' യെ വിശദമായി കാണാൻ ഞാൻ സൈറ്റിലേക്കിറങ്ങി.