രാത്രി അത്താഴം കഴിഞ്ഞ് കിടക്കാൻ പോകുമ്പോഴാ പുറത്തൊരു മുട്ട് കേട്ടത്. മാധവൻ കോമരം വാതിൽ തുറന്നു. ശേഖരൻ. തൊഴുതുകൊണ്ട് നിൽക്കാണ്.
“എന്താ ശേഖരാ? എന്ത് പറ്റി?”
“ന്റെ മോള് ഇന്ന് സന്ധ്യക്ക് ന്തോ കണ്ട് പേടിച്ചതാ...ഇപ്പോ തുള്ളപ്പനിയാ....കോമരം ഒരു ചരട് ജപിച്ച് തന്നാ.....”
മാധവൻ ഒന്ന് ആലോചിച്ചു.
“അത്താഴം കഴിഞ്ഞല്ലോ ശേഖരാ....ഇപ്പോ ഞാനൊരു പൊടി തരാം. അത് കരിക്കിൻ വെള്ളത്തിൽ കലക്കി കൊടുക്കാ....നാളെ പുലർച്ചെ വന്നോളു, ചരട് കെട്ടിത്തരാം.”
ശേഖരൻ ബഹുമാനത്തോടെ തലയാട്ടി.
അകത്ത് പോയി ഒരു പേപ്പറിൽ പൊടി പൊതിഞ്ഞു കൊണ്ട് വന്ന് ശേഖരന് കൊടുത്തു. അയാൾ അത് വാങ്ങി മടിയിൽ വെച്ച് പോക്കറ്റിൽ നിന്ന് കാശ് എടുത്തു.
അപ്പോഴേക്കും മാധവൻ വാതിലടച്ചു കഴിഞ്ഞിരുന്നു.
മാധവന് നാൽപത് പ്രായം. 4 വയസ്സുളള മകളുണ്ട്. വൈകി കല്യാണം കഴിച്ചതാണ്. അച്ഛനും അമ്മയുമൊന്നുമില്ല. ഒരു കൂടെപ്പിറപ്പ് മാത്രം. സന്ധ്യ. കോളേജിൽ പഠിക്കുന്നു. ഭാര്യ രജനി 28 വയസ്. മാധവന് കല്യാണമൊന്നും താൽപര്യമില്ലായിരുന്നു. ഇരുപതാം വയസിൽ, അച്ഛന്റെ മരണശേഷം ഒരു ദിവസം അർദ്ധരാത്രി വെളിപാട് വന്ന് തുള്ളാൻ തുടങ്ങി. ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ മാധവൻ നടക്കൽ നിന്ന് വെളിച്ചാവോളം തുള്ളി. ചുറ്റുംകൂടിയ നാട്ടുകാർ അമ്പരപ്പും ഭക്തിയും കലർന്ന ഭാവത്തോടെ ആ കർമ്മത്തിന് സാക്ഷിയായി. അന്ന് മുതൽ മാധവൻ അവിടുത്തെ കോമരമായി മാറി.
നാട്ടുകാർക്ക് ചരടുകൾ ജപിച്ചും ചെറിയ പൂജകൾ ചെയ്തും മാധവൻ പ്രസിദ്ധനായി മാറി. മാധവനെ ദേഷ്യപ്പെട്ട് ആരും കണ്ടിട്ടില്ലെ എന്ന് തന്നെ പറയാം. അത്രക്കും സാധുവായ മനുഷ്യൻ. അനിയത്തിയുടെ നിരന്തരശ്രമം കാരണം മാധവൻ രജനിയെ മനസില്ലാ മനസ്സോടെ പെണ്ണുകാണാൻ പോയി. ആദ്യകാഴ്ചയിൽ തന്നെ രജനിയെ ഇഷ്ടമായി.
ഒരു പ്രണയത്തിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്ന രജനിക്ക് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മാധവനെ വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ, അയാളെ അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.
ആദ്യരാത്രി അവൾ ഒരു കണ്ടീഷൻ മുന്നോട്ട് വെച്ചു.
എന്റെ മനസ് എന്ന് നിങ്ങളെ വേണമെന്ന് പറയുന്നോ അന്ന് മാത്രമേ എന്റെ ദേഹത്ത് സ്പർശിക്കാവൂ എന്ന്....
ആരോടും പറയാത്ത ഒരു രഹസ്യംകൂടി അവൾ മാധവിനോട് തുറന്ന് പറഞ്ഞു. അവൾ ഗർഭിണിയാണെന്ന്....
ഒന്നും മിണ്ടാതെ, കണ്ണുമിഴിച്ച് ഇരിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളൂ....പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ രജനി വിരി എടുത്ത് താഴെ വിരിച്ച് കിടന്നുറങ്ങി. അന്ന് തൊട്ട് ഇന്ന് വരേക്കും അവർ അങ്ങനെ കഴിഞ്ഞു. ഏട്ടനും ഏട്ടത്തിയമ്മയും തമ്മിൽ നല്ല ബന്ധമല്ലെന്ന് സന്ധ്യ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവൾ ഏട്ടനെ സമാധാനപ്പെടുത്തി. ഏട്ടത്തിയമ്മയ്ക്ക് അവളോട് സ്നേഹമുണ്ടെങ്കിലും രജനി സ്വന്തം നിലപാടിൽ ഉറച്ച് നിന്നു. പക്ഷേ, ആ കുഞ്ഞ് വേറെ ആണെന്ന് മാധവിനും രജനിക്കും മാത്രമേ അറിയുമായിരുന്നുള്ളൂ...
പുറം ദേശങ്ങളിൽ പ്രേതദുരിതങ്ങളോ ബാധാദുരിതങ്ങളോ ഉണ്ടെങ്കിൽ ഒഴിപ്പിക്കാനായി സത്കർമ്മം നടത്തുന്ന മന്ത്രവാദികൾ, തുണക്കായി ഉഗ്രശക്തിയുടെ കോമരമായ മാധവനെ വിളിക്കാറുണ്ട്. എത്ര ശക്തിയേറിയ പ്രേതങ്ങളാണെങ്കിലും മാധവൻ ഉണ്ടെങ്കിൽ വേഗത്തിൽ ഒഴിവ് നടത്താമെന്നുളള വിശ്വാസം പരക്കെ എല്ലാവരുടെ ഇടയിലുമുണ്ടായിരുന്നു.
അന്ന് ഇതുപോലൊരു അറിയിപ്പ് വന്നപ്പോൾ യാത്രയ്ക്കായി മാധവൻ തയ്യാറെടുത്തു. സന്ധ്യ കോളേജിൽ പോയേക്കാണ്. കൈയ്യിലൊരു ബാഗും കുടയുമെടുത്ത് മാധവൻ പുറത്തേക്ക് വന്നു. പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന മിന്നുട്ടി. അവൾ അച്ഛനെ കണ്ടതും ഓടിയെത്തി. അവളെ വാരിയെടുത്ത് മുത്തം കൊടുത്തു. അവളുടെ കൊഞ്ചലുകളും സംസാരങ്ങളുമെല്ലാം മാധവൻ ആസ്വദിച്ചുകൊണ്ടിരുന്നു.
അയാൾ രജനിയെ അവിടെ മുഴുവൻ അന്വേഷിച്ചു. വീടിന്റെ പുറക് വശത്തേക്ക് ചെന്നപ്പോൾ തൊടിയിൽ നിന്ന് രജനി കയറി വന്നു. അവളുടെ മുഖം വാടിയിരുന്നു. മുഖത്ത് അടികൊണ്ടപോലൊരു പാട്
“നീ എവിടെയായിരുന്നു? നിന്റെ മുഖത്തെന്താ പറ്റിയേ?”
അവൾ ഒന്നും മിണ്ടാതെ അയാളെ കടന്ന് മോളെ എടുത്ത് അകത്തേക്ക് നടന്നു. മാധവൻ അവളുടെ പുറകെ നടന്നു.
“ഞാൻ ഒരു കർമ്മത്തിന് പോകാ....രണ്ട്മാസമെടുക്കും തിരികെയെത്താൻ…”
മറുപടിയില്ല.
മാധവൻ ഒന്ന് ആലോചിച്ച് നിന്നു.
അകത്ത് നിന്ന് മിന്നുട്ടിയുടെ ചിണുങ്ങിക്കരച്ചിൽ കേട്ടു, അച്ഛനോടൊപ്പം പോകാൻ....
കുറച്ച് നേരം കൂടി അങ്ങനെ നിന്ന് ഒന്നും മിണ്ടാതെ അയാൾ പടികടന്നു.
മിന്നു വാശി പിടിച്ചോണ്ടിരുന്നു. ദേഷ്യം വന്ന രജനി അവളെ തല്ലി. ഉറക്കെ കരയുന്ന മിന്നു. അമർഷത്തോടെ പിറകിലെ വാതിൽ തുറന്ന് അവൾ പുറത്തേക്കിറങ്ങി. രജനിയുടെ മനസ് ഇളകി മറയുകയായിരുന്നു.
പ്രണയിച്ച പുരുഷൻ വേറൊരു ബന്ധം വന്നപ്പോൾ കയ്യിലൊരു സമ്മാനവും തന്ന് നിഷ്ക്കരുണം കൈവിട്ടു. വീട്ടുകാരുടെ നിർബന്ധത്താൽ തനിക്ക് ഒരിക്കലും ചേരാത്ത പുരുഷനെ കെട്ടേണ്ടി വന്നു.
നാട്ട്കാർക്ക് അയാൾ ദൈവമായിരിക്കാം...പക്ഷേ, തനിക്ക് എന്തോ അയാളെ വെറുപ്പാണ്. ഒരു സ്ത്രീക്ക് വേണ്ടത് സുരക്ഷയാണ്..... സംരക്ഷണമാണ്.... അവളുടെ മനസറിഞ്ഞ് പ്രവർത്തിക്കണം.... സ്നേഹിക്കണം…
പൊന്നിനോടും പണത്തിനോടുമൊന്നും തനിക്ക് ആഗ്രഹമില്ല. ചമഞ്ഞു നടക്കാനും ആഗ്രമില്ല. പക്ഷേ, ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു തനിക്ക്.... സദാസമയവും... പൂജയും മന്ത്രവുമായി നടക്കും. എന്ത് പറഞ്ഞാലും പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ല. എന്തിന്, തന്നോട് മോശമായി പെരുമാറിയ ആന്റോയെ കുറിച്ച് പറഞ്ഞപ്പോൾ ദൈവം അവനോട് ചോദിച്ചോളും എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.
പറയണ്ടാന്ന് വെച്ചതാ.. പക്ഷേ, സന്ധ്യ അറിഞ്ഞപ്പോൾ അവളാ മാധവനോട് പറഞ്ഞത്. അവൾക്കും ഉപദ്രവം ഉണ്ടായിട്ടുണ്ടത്രേ…
ഇന്നിതാ മറ്റൊരുത്തൻ.... ഭർത്താവൊരു പോഴൻ... പൂജയും മന്ത്രോക്കെയായിട്ട് തുള്ളി നടക്കാ... നീ സഹകരിച്ചാൽ ആ ഭർതൃസുഖം തരാം എന്നും പറഞ്ഞ് തന്റെ കൈക്ക് കേറി പിടിച്ചു. മുഖമടച്ച് കൊടുത്തു.
ഒരു കുടുംബത്തെ നോക്കാനറിയില്ലെങ്കിൽ ഇയാളെന്തിനാ ഒരു പെണ്ണിനെ കെട്ടിയേ? സ്വന്തം പെണ്ണിനെ തൊട്ടാൽ ഏത് ഞാഞ്ഞൂലും ഒന്ന് പ്രതികരിക്കും.... ഇവിടെ....... തന്റെ വിധി.
പലരും അടുത്തുകൂടുന്നുണ്ട്....പല വാഗ്ദാനങ്ങളും പറഞ്ഞ്....അവർക്കൊക്കെ തന്റെ ശരീരാണ് വേണ്ടത്...
“ഏട്ത്തി, ഏട്ടനെവിടെ?” സന്ധ്യയുടെ ശബ്ദം.
“ആ....എനിക്കറിയില്ല”.
രജനി ചിന്തയിൽ നിന്ന് ഉണർന്നു. അവളെ നോക്കാതെ പണികൾ ചെയ്യാൻ തുടങ്ങി.
“അച്ഛൻ പോയി.....കുറച്ചീസം കഴിഞ്ഞേ വരൂ....മിന്നുട്ടിയെ കൊണ്ടോയില്ല.....”
മിന്നുട്ടി കരഞ്ഞുകൊണ്ട് സന്ധ്യയുടെ അടുത്തേക്ക് വന്നു.
“ആണോ......മോളെ ചിറ്റ കൊണ്ടവാട്ടോ.... വാ ഒരു സൂത്രം കാണിച്ചു തരാം....”
രജനി ചുമരിൽ ചാരി നിന്നു. അച്ഛന്റെ ബാധ്യത ഒന്നുകൊണ്ട് മാത്രാ ഈ വിവാഹത്തിന് സമ്മതിച്ചേ. താഴെ നിൽക്കുന്ന അനിയത്തിമാരുടെ കാര്യം ഭംഗിയായി നടക്കട്ടെ…
“ഏട്ത്തി, നാളെ നമുക്കൊരിടം വരെ പോണം. എന്റെ കൂടെ വര്വോ?” തൊട്ടരികിൽ സന്ധ്യ.
“എവ്ടേക്കാ?”
“എന്റെ ഫ്രണ്ടില്ലേ ശ്രീജ, അവളുടെ ചേച്ചിയുടെ കല്യാണാ....ഏട്ത്തികൂടെ വാ”
“ഞാനില്ല.”
“ഏട്ത്തി പ്ലീസ്....എനിക്ക് വേണ്ടി....”
സന്ധ്യ ഒരുപാട് കെഞ്ചി...അവസാനം രജനി ഓകെ പറഞ്ഞു. സന്ധ്യ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞ് രജനിയും സന്ധ്യയും ബസ്സ് കേറാൻ നടന്നു. സന്ധ്യ നല്ല സന്തോഷത്തിലായിരുന്നു. മിന്നുട്ടി അവളുടെ തോളത്ത് കിടന്ന് മയങ്ങി.
“ഈ വഴിയാ എളുപ്പം. നേരത്തേ നമ്മൾ ഒരുപാട് വളഞ്ഞാ വന്നേ....”
സന്ധ്യ പറഞ്ഞു.
“വേഗം നടക്ക്....നേരം സന്ധ്യയാകാറായി. ചെന്നിട്ട് പണികളുളളതാ....” രജനി തിടുക്കം കൂട്ടി. അവളുടെ മനസ് അപ്പോഴും ചിന്തകളിൽ നിന്നും മോചിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
“എന്താ അവിടെ? ആൾക്കൂട്ടം? “
“അറിയില്ല ഏട്ത്തി, പോയി നോക്കാം.”
അവർ അങ്ങോട്ട് ചെന്നു. ഒരുപാട് പഴക്കം ചെന്ന ദേവീക്ഷേത്രത്തിന് മുമ്പിൽ ധാരാളം ആളുകൾ കൂടി നിൽക്കുന്നുണ്ട്. വലിയൊരു കളം വരച്ച് അതിനു ചുറ്റും ഇരുന്ന് പൂജകൾ ചെയ്യുന്ന കർമ്മികൾ
ചുറ്റുഭാഗത്തും കുരുത്തോലാ അലങ്കാരം. നിറദീപങ്ങൾ തെളിഞ്ഞ് നിൽക്കുന്നു. കൊട്ടും വാദ്യവുമെല്ലാം നിറഞ്ഞ അന്തരീഷം. ഭ്രാന്തിളകിയപോലെ നാല് പേരെ കളത്തിന് അരികെ പിടിച്ചിരുത്തിയിട്ടുണ്ട്. അവർ അലറുകയും ചിരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.
ബാധ ഇറക്കുന്നതാ... ഈ ക്ഷേത്രത്തെക്കുറിച്ചാ ശ്രീജ പറഞ്ഞത്. ചിലപ്പോൾ ഏട്ടൻ ഇവിടേക്കാവും വന്നിട്ടുണ്ടാകുക. അത് കേട്ടതും രജനി തിരിഞ്ഞ് നടന്നു.
“വാ....വേഗം പോണം…”
“ഏട്ത്തി....നിൽക്കൂ....നമുക്ക് നോക്കിയിട്ട് പോകാം.....എന്നെ ഇത് വരെ കാണാൻ ഏട്ടൻ അനുവദിച്ചിട്ടില്ല. നീ വരണ്ടാന്നേ പറയൂ...ഏട്ത്തി കൂടെയുണ്ടെങ്കിൽ ഒന്നും പറയില്ല. ഏട്ത്തി.... പ്ലീസ്....”
രജനി അതൊന്നും ശ്രദ്ധിച്ചില്ല. നടത്തത്തിന്റെ വേഗം കൂട്ടി.
പുറകിൽ നിന്ന് ദിഗന്തം നടുങ്ങും പോലെ ഒരു അലർച്ച. രജനി ഭയത്താൽ സ്തംഭിച്ചു നിന്നു. അടിമുടി വിറച്ചപോലെ ഒരു വൈബ്രേഷൻ അവൾക്ക് അനുഭവപ്പെട്ടു. യാന്ത്രികമായി രജനി തിരിഞ്ഞ് നോക്കി.
വാദ്യഘോഷങ്ങൾ നിലച്ചു. എങ്ങും നിശബ്ദത... എല്ലാവരുടെയും മുഖത്ത് ഭയഭക്തി. ഇരുഭാഗത്തേക്കും വഴിമാറി നിൽക്കുന്ന ആളുകൾ ആരെയോ പ്രതീക്ഷിച്ച് അകത്തേക്ക് നോക്കി. അകത്ത് നിന്നും ഒരു രൂപം പുറത്തേക്ക് ചാടി വന്നുനിന്നു. പറന്നു വന്നപോലെയാണ് അവൾക്ക് തോന്നിയത്. ചുവപ്പും കറുപ്പും കലർന്ന പട്ട് തുണിയുടുത്ത്, അരയിൽ രണ്ട് വരി മണിക്കിങ്ങിണി കെട്ടി, ഒരു കൈയ്യിൽ വാളും, മറുകൈയ്യിൽ ചിലമ്പുമായി നനഞ്ഞ് വിയർത്ത ശരീരത്തോട് കൂടി മാധവൻ. നെറ്റിയിലെ സിന്ദൂരക്കുറി വിയർപ്പിൽ കുതിർന്ന് നെറ്റിയിലേക്ക് ഒലിച്ചിറങ്ങി.
അയാളുടെ കണ്ണിലെ രൂക്ഷത ആദ്യമായി കാണുകയാണ് അവൾ....അയാൾ ഇളകിയാടി അലറി. നീളൻ മുടി അയാളുടെ മുഖം മറച്ചു. ബാധാകയറിയവരിൽ മൂന്ന് പേരും നിശ്ചലരായി നിലത്ത് വീണു. ഒരാൾ ആക്രോശത്തോട് കൂടി ചാടിയടുത്തു.
കത്തിത്തീരാറായ നിലവിളക്കെടുത്ത് മാധവകോമരത്തെ ആഞ്ഞുകുത്തി. ഒരു മിന്നൽ പോലെ വട്ടംതിരിഞ്ഞ മാധവൻ ബാധയേറ്റവന്റെ തൊട്ടുപുറകിലെത്തി. അയാളുടെ ചെവിയിൽ ഉറക്കെ അലറി. ആ അലർച്ചയിൽ കൈകൾ കൂപ്പി ബാധയേറ്റവൻ കുഴഞ്ഞ് വീണു. കലി തീരാതെ മാധവൻ ഉയർന്ന് ചാടി. രണ്ടാൾ പൊക്കത്തിലുളള മതിലിലേക്ക്. അവിടെ നിന്ന് ക്ഷേത്ര മണ്ഡപത്തിലേക്ക്. ജനങ്ങളിൽ നിന്നും ഭക്തിആരവങ്ങൾ ഉയർന്നു. കണ്ണും മിഴിച്ച് നിൽക്കുകയാണ് രജനി. തൊഴുകൈകളോടെ നിന്ന സന്ധ്യ ഏട്ത്തിയെ നോക്കി. കൽപ്പന പുറപ്പെടുവിക്കുന്ന മാധവിന്റെ മുമ്പിൽ വളഞ്ഞ് ബഹുമാനത്തോടെ നിൽക്കുന്ന ആളെ കണ്ട് രജനി ഞെട്ടി.
തന്നെയും കുടുംബത്തേയും നിരന്തരം ഉപദ്രവിച്ചിരുന്ന പലിശ വാസു. ഇപ്പോൾ അയാളുടെ ശല്യമില്ലെന്നും പണം തിരികെ വേണ്ടെന്നും അച്ഛൻ പറഞ്ഞത് അവളോർത്തു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥമാരുമൊക്കെ മാധവന്റെ അനുഗ്രഹം വാങ്ങാൻ മുന്നോട്ട് വന്നു.
ഉറക്കെ അലറിയ മാധവൻ തുള്ളാൻ തുടങ്ങി. അലർച്ചയും തുള്ളലും ഉയർന്നുള്ള ചാട്ടവുമൊക്കെ കണ്ടപ്പോൾ രജനിക്ക് തല കറങ്ങുന്ന പോലെ തോന്നി. പത്താൾ പിടിച്ചിട്ടും അടങ്ങാത്ത കോപം.
“ദേവീ അടങ്ങുന്നില്ലല്ലോ......”
ആരോ പറയുന്നത് കേട്ടു. മാധവന്റെ ക്രോധം വർദ്ധിച്ചുവന്നു. ഉയർന്ന് ചാടിയ മാധവൻ വന്ന് നിന്നത് രജനിയുടെ മുന്നിൽ. ചുവന്ന് കലങ്ങിയ രൂക്ഷത നിറഞ്ഞ കണ്ണുകൾ. രജനി പകച്ചു പോയി. മിന്നുട്ടി ഉണർന്ന് കരയാൻ തുടങ്ങി.
പെട്ടെന്ന് അയാളുടെ കണ്ണിലെ ഭാവം മാറി. രജനി അയാളെ ഭയത്തോട് കൂടി നോക്കി. മാധവിന്റെ കണ്ണുകളിൽ ശാന്തഭാവം. കുറച്ച് നേരം അയാൾ അവരെ നോക്കി നിന്നിട്ട് തിരിഞ്ഞ് നടന്നു. ആർത്തിയോടുകൂടി വെട്ടി വെച്ച കരിക്കുകൾ ഒന്നൊന്നായി കുടിക്കാൻ തുടങ്ങി.
രജനി തിരിഞ്ഞോടി.....ഏട്ത്തിയെ വിളിച്ചുകൊണ്ട് പിന്നാലെ സന്ധ്യയും.
ബസ്സിറങ്ങി നടക്കുമ്പോൾ രജനിയുടെ മനസ് ദ്രുദഗതിയിൽ സഞ്ചരിക്കുകയായിരുന്നു. എതിരേ വന്ന ആന്റോ...അവന്റെ കൈകൾ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് രജനി ശ്രദ്ധിച്ചു. ആ കൈകൊണ്ടാണ് അവൻ തന്നെ ഉപദ്രവിച്ചത്. പേടിയോടെ തന്നെ നോക്കുന്ന ആന്റോ. തന്നെ ഉപദ്രവിച്ചവരുടെ മുഖങ്ങൾ അവളുടെ മനസിലേക്കോടി വന്നു. അവരെല്ലാം പിന്നീട് തന്നെ കാണുമ്പോൾ അകലം പാലിച്ചിരുന്നു.
അതിനർത്ഥം....
മാധവൻ അവരെയൊക്കെ രഹസ്യമായി കണ്ടിരുന്നുവല്ലേ.... മാധവന്റെ ശൗര്യവും കായിക ബലവും താൻ നേരിട്ട് കണ്ടതാണല്ലോ… നാണക്കേട് കാരണം ആരും പുറത്ത് പറയുന്നുമില്ല. തന്റെ മനസ് വേദനിച്ചപ്പോഴൊക്കെ അയാൾ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ഇടക്കിടക്ക് മാധവൻ തന്റെ വീട്ടിൽ ചെന്നിരുന്നുവെന്ന് ഈയടുത്താണ് അമ്മ പറഞ്ഞത്. പറയേണ്ടന്ന് പറഞ്ഞിരുന്നുവത്രേ... തനിക്കത് ഇഷ്ടമാവില്ലെന്ന് അറിയുന്നതോണ്ടാകും. ആരോ കടങ്ങളൊക്കെ വീട്ടിയെന്ന് അച്ഛൻ പറഞ്ഞത് അവൾ ഓർത്തു. ആരാണെന്ന് അറിയാൻ ഒരുപാട് ശ്രമിച്ചിരുന്നു. അതും മാധവൻ തന്നെയാണെന്ന് ഇപ്പോൾ മനസിലായി.
താൻ അയാളെ വെറുക്കും തോറും അയാൾ തന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചിരുന്നു. പലപ്പോഴും പ്രണയത്തോടെയുളള നോട്ടങ്ങളും സമീപനങ്ങളും ശക്തമായി അവഗണിച്ചിരുന്നു.. തന്റെ മകളല്ലെന്നറിഞ്ഞിട്ടും മിന്നുട്ടിയെ ജീവനാണ് മാധവന്. കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം എല്ലാ കുട്ടികൾക്ക് കിട്ടുന്നതിൽ കൂടുതൽ അവൾക്ക് ലഭിച്ചിട്ടുണ്ട്...മിന്നൂട്ടി എപ്പോഴും മാധവന്റെ അടുത്താണ്. ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം..... പക്ഷേ, എന്തോ, അതൊക്കെ തന്നെ വരുതിയിലാക്കാനുളള തന്ത്രമാണോ എന്നുപോലും സംശയിച്ചിരുന്നു.
വീട്ടിലെത്തിയത് അറിഞ്ഞില്ല. വീണ്ടും ഉറക്കമായ മിന്നുട്ടിയെ കട്ടിലിൽ കിടത്തി സന്ധ്യ രജനിയുടെ അടുത്തേക്ക് വന്നു. ഏട്ത്തിയുടെ കൈ പിടിച്ച് തന്റെ മുറിയിലേക്ക് നടന്നു അവൾ. മുറിയിലെത്തിയ സന്ധ്യ അലമാരിയുടെ മുകളിൽ വെച്ച ചാവിയെടുത്ത് തുറന്നു. അതിലേക്ക് നോക്കിയ രജനി അമ്പരന്ന് പോയി. അതിൽ നിറയെ തനിക്കിഷ്ടപ്പെട നിറത്തിലുളള സാരികൾ, ദാവണികൾ, ചുരിദാറുകൾ. ഒരു ചെറിയ പെട്ടിയെടുത്ത് തുറന്ന് കാണിച്ചു. സ്വർണ്ണാഭരണങ്ങൾ......
എന്ത് പറയണമെന്നറിയാതെ അവൾ സന്ധ്യയെ നോക്കി.
“ഏട്ത്തിക്ക് വേണ്ടി ഏട്ടൻ വാങ്ങിയിട്ടുളളതാ ഇതെല്ലാം. എന്നെയും കൂട്ടി കൊണ്ടാ പോകാറ്. എത്ര വാങ്ങിയാലും മതിയാകില്ല ഏട്ടന്. ഇത് ഏട്ത്തി ഇട്ടാൽ എങ്ങനെയിരിക്കും എന്നൊക്കെ ചോദിച്ച് ഓരോന്നും എടുത്തു തരും.”
“ഒരിക്കലും ഏട്ത്തിയോട് പറയരുതെന്ന് നെറുകയിൽ കൈവെച്ച് സത്യം ചെയ്യിച്ചിട്ടുണ്ട്. “
“ഒരിക്കൽ ഏട്ത്തിക്ക് ഏട്ടനോട് ഇഷ്ടം തോന്നും. അന്ന് സമ്മാനിക്കാനാ എന്നാ പറഞ്ഞേ....”
സന്ധ്യക്ക് സങ്കടംകൊണ്ട് പറയാൻ പറ്റാതെയായി. രജനിയുടെ കണ്ണുകൾ അവളറിയാതെ നിറഞ്ഞു തുളുമ്പി. ജീവന്റെ ജീവനെന്ന് കരുതി സ്നേഹിച്ച ഒരുവൻ നിഷ്ക്കരുണം തള്ളി....വെറുത്തു ജീവിച്ച ഒരാൾ ഇതാ ജീവൻ തന്നെ തന്നിരിക്കുന്നു. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നു. കപടസ്നേഹത്തിൽ വീണുപോയ തനിക്ക് യഥാർത്ഥ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ല. പത്ത് പേര് പിടിച്ചിട്ടും കലിഅടങ്ങാതിരുന്ന മാധവൻ തന്നെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു. ആ മുഖത്തെ സ്നേഹഭാവം അവൾ കണ്ടു. അവൾ സന്ധ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“എനിക്ക്.....എനിക്ക്....മാധവനെ കാണണം....ഇപ്പോ തന്നെ....”
“ഇല്ല ഏട്ത്തി.....രണ്ട് മാസം കഴിഞ്ഞാലെ ഇനി ഏട്ടനെ കാണാൻ സാധിക്കൂ. തുള്ളൽ കഴിഞ്ഞാൽ വ്രതമെടുക്കണം. അത് മുറിയാൻ പാടില്ല. ഈ കാത്തിരിപ്പിനൊരു സുഖമുണ്ടല്ലോ ഏട്ത്തി....അല്ലേ…”
സന്ധ്യ ചിരിച്ചു....രജനിയുടെ മുഖം വേദനയാൽ വിങ്ങി. അവൾ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.
മാധവൻ കിടക്കാറുളള കിടക്കയിൽ വന്നിരുന്നു.
“കുറച്ച് നേരം ഞാൻ ഒറ്റക്കിരിക്കട്ടെ?”
സന്ധ്യ പുഞ്ചിരിയോട് കൂടി പുറത്തേക്ക് നടന്നു. വാതിൽ പതുക്കെ ചാരി.
രജനി കട്ടിലിൽ കിടന്നു....മാധവന്റെ ഓർമ്മകൾ....കിടക്കയിൽ നിന്നും ഉയരുന്ന അവന്റെ ഗന്ധം.......തന്റെ പുരുഷന്റെ....