മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
  • MR Points: 0
  • Status: Ready to Claim

അൻപത്തി ഏഴാമത്തെ വയസ്സിൽ അയാൾക്ക്‌ പുതിയ ലാവണത്തിൽ പ്രവേശിക്കേണ്ടിവന്നു. കർത്താവിന്റെ ലിസ്റ്റിൽ സൈമൺ പീറ്റർക്ക് ആ പ്രായത്തിൽ പെൻഷൻ അനുവദിച്ചിരുന്നില്ല. തികഞ്ഞ വിശ്വാസിയായ സൈമൺ അതു കർത്താവിന്റെ തീരുമാനമായി കരുതുകയും, ആത്മാർഥതയോടെ ജോലിയിൽ ഏർപ്പെടുകയും ചെയ്തു.

ജോലിയുടെ ഭാഗമായി വിൽക്കാനുള്ള ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുകയും, കുഞ്ഞക്ഷരങ്ങളിൽ അച്ചടിച്ചിരുന്ന അവയുടെ വിവരണങ്ങൾ ഫയലിൽ നിന്നും തപ്പിയെടുത്ത് അതോടൊപ്പം വയ്ക്കുകയും ചെയ്തുപോന്നു. 

ഏതു പുതിയ ജോലിയിൽ പ്രവേശിക്കുമ്പോളും പഠിക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ. ഒപ്പം ജോലിനോക്കുന്നവരെ പഠിക്കണം, എവിടെയൊക്കെ എന്തൊക്ക ഇരിക്കുന്നു എന്നറിയണം, ഓരോ സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന് അറിയണം. ഇതിനൊക്കെ പുറമെ, പ്രൈവസി പോളിസി മുതൽ സേഫ്ഗാർഡിങ് പോളിസി വരെയുള്ള ഒരു ഡസൻ നയോപായങ്ങൾ അറിഞ്ഞിരിക്കുകയും വേണം. ഈ അനൗപചാരിക പഠനത്തോടൊപ്പം ചില പരീക്ഷണങ്ങളിൽ പങ്കെടുക്കുകയും വേണം എന്നതാണ് മറ്റൊരു പ്രത്യേകത. വരുത്തനെ അളക്കാൻ പഴയ താപ്പാനകൾ ചില പണികൾ ഒപ്പിക്കും. കുപ്പിച്ചില്ലു വിരിച്ച കുഴിയുടെ വക്കിൽ കൊണ്ടു നിറുത്തുക, കൊനഷ്ടു പിടിച്ച ഫയലുകളുടെ അറ്റത്തു പിടിപ്പിക്കുക, മുറതെറ്റിയിരിക്കുന്ന എന്തെങ്കിലും എടുത്തുകൊണ്ടുവരാനായി ഏൽപ്പിക്കുക, അതു കണ്ടെടുക്കാൻ താമസിക്കുമ്പോൾ ലൈൻ മാനേജർ വിളിക്കുന്ന തെറിയല്ലാത്ത തെറി കേട്ടു ഗോപ്യമായി ചിരിക്കുക എന്നിങ്ങനെ പോകും സഹപ്രവർത്തകരുടെ സഹായ പരീക്ഷണങ്ങൾ. അതിലോക്കെ ആരെയും പിണക്കാതെ മുന്നോട്ടു പോയാൽ രക്ഷപെട്ടു. ഇങ്ങനെയൊക്കെയുള്ള തുടക്ക സമയത്തു തന്നെ സൈമൺ ഒരുദിവസം അത്യാവശ്യമായി അവധി വേണമെന്ന് ലൈൻ മാനേജർ എമ്മ വിത്സനോട് ആവശ്യപ്പെട്ടു. നാല്പതുകളിലും തികഞ്ഞ യവ്വനം കാത്തുസൂക്ഷിക്കുന്ന എമ്മ, ഒരു മടിയും  കൂടാതെ സൈമന് അവധി നൽകി. 

തിരക്കുള്ള ഡിപ്പാർട്മെന്റിൽ പെട്ടെന്ന് ആരെങ്കിലും അവധിയിൽ പ്രവേശിച്ചാൽ എമ്മയുടെ സമനില തെറ്റും. ജോലിക്കാരുടെ എണ്ണം കുറഞ്ഞാലും, കൂടിയാലും, വരുന്ന ഓർഡറുകൾ എല്ലാം പൂർണ്ണമാക്കുക എന്നത് എമ്മയുടെ ഉത്തരവാദിത്തമാണ്. ഏതവസ്ഥയിലും ഡെലിവറി ഡ്രൈവേഴ്സ് എത്തും മുൻപേ കൊടുത്തുവിടാനുള്ള പാക്കറ്റുകൾ തയാറായിരിക്കണം എന്നതിൽ അവരുടെ മുകളിലുള്ള ഉദ്യോഗസ്ഥർ ഒരു ഇളവും എമ്മയ്ക്കു നൽകിയിരുന്നില്ല.

മറ്റൊരു ആഴ്ചയിയിലെ ഒരു തിങ്കളാഴ്ച തനിക്കു വരാൻ വ്യക്തിപരമായ കാരണങ്ങളാൽ കഴിയില്ല എന്നറിയിച്ച സൈമൺ പീറ്ററോട്  അവധി കഴിഞ്ഞെത്തിയപ്പോൾ എമ്മ ചോദിച്ചു. 
"സൈമൺ, നിങ്ങൾ വരാതിരുന്നതിന്റെ കാരണം ചോദിക്കേണ്ട കാര്യമില്ല എങ്കിലും ചോദിക്കുകയാണ്. പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണമെന്നില്ല. ഏതെങ്കിലും വിധത്തിൽ എനിക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടിയാണ് കാരണം ചോദിക്കുന്നത്."
സൈമൺ പറഞ്ഞു "പറയാൻ ബുദ്ധിമുട്ടില്ല. എങ്കിലും കാരണം കേട്ടാൽ നിങ്ങൾ ചിരിക്കും. എന്നെ കളിയാക്കും. ഇന്നലെ എനിക്കു സമാധാനമായി ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്കം ആവശ്യത്തിനു ലഭിച്ചില്ലെങ്കിൽ, ഞാൻ ചെയ്യുന്ന ജോലിയിൽ അബദ്ധങ്ങൾ ഉണ്ടാക്കും. അതൊഴിവാക്കാനാണ്  അവധിയിൽ പ്രവേശിച്ചത്."

കിണർ കുഴിച്ചു തുടങ്ങിയാൽ വെള്ളം കാണുന്നതുവരെ കുഴിക്കുക എന്നതാണല്ലോ നാട്ടുനടപ്പ്. അവിവാഹിതയായ എമ്മ വീണ്ടും കുഴിച്ചു. 
സൈമൺ പറഞ്ഞു. "അതെ എമ്മ, ഇന്നലെ ഒപ്പം കിടന്ന റീനയ്ക് സാധാരണ പോലെ ഉറങ്ങാൻ കഴിഞ്ഞില്ല. മെനോപോസിനു ശേഷം റീനയ്‌ക്കു കടുത്ത ഹോട്ട്ഫ്ലഷ്  ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് രാത്രികളിൽ. എല്ലാവർക്കും തണുപ്പുള്ളപ്പോൾ അവൾക്കു ഉഷ്ണം ഉണ്ടാകും. ഞാൻ പുതപ്പു മാറ്റുന്ന അവസരങ്ങളിൽ അവൾ ചിലപ്പോൾ തണുത്തു വിറയ്ക്കും. കഴിഞ്ഞ രാത്രിയിൽ റീനയ്‌ക്കു അത്യുഷ്ണം ആയിരുന്നു. പല രാത്രികളിലും ഒരു തവണ മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷെ, കഴിഞ്ഞ രാത്രിയിൽ പല തവണ അവൾ വിയർത്തു കിടന്നു."

എമ്മ വിടാനുള്ള ലക്ഷണം കാണിച്ചില്ല "റീന നിങ്ങളുടെ ഭാര്യയൊ പങ്കാളിയോ ആയിരിക്കും, അല്ലെ?"
"അതെ"
"പക്ഷെ നിങ്ങൾക്ക് മാറിക്കിടന്നാൽ പോരെ? നിങ്ങളുടെ ഉറക്കം നഷ്ടപ്പെടില്ലല്ലോ."
"ശരിയാണ് മാഡം. ഞാൻ മാറിക്കിടന്നാൽ മതി. പക്ഷെ, പത്തു മുപ്പതു കൊല്ലമായുള്ള ശീലമല്ലെ. ബെഡ്‌ഡിൽ ഞാനില്ലെങ്കിൽ അവൾക്ക് ഉറങ്ങാൻ കഴിയില്ല. എന്തെങ്കിലും കാരണത്താൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായാൽ, കിടക്കുന്നതിനുമുൻപേ അവൾ മുൻകൈ എടുത്ത്  അതൊക്കെ കോമ്പ്രോമൈസിൽ എത്തിച്ചിരിക്കും. എന്തെങ്കിലും അത്യാവശ്യത്തിന് ഞാൻ ഒറ്റയ്ക്ക് എവിടെയെങ്കിലും ഒരു രാത്രി കഴിയേണ്ടിവന്നാൽ, വീർത്തു കെട്ടിയ കൺപോളകളുമായിട്ടാവും  അവൾ സ്വീകരിക്കുക."

ഓഫീസിന്റെ ഔപചാരികതകൾ കാരണം കിണറു കുഴിക്കൽ അവിടെ അവസാനിച്ചു. പിന്നീട് അതു തുടർന്നത് കോഫി ഹൗസിൽ വച്ചായിരുന്നു. പ്രവർത്തി കഴിഞ്ഞുള്ള ഒരു വൈകുന്നേരം. അടുത്തിരുന്നപ്പോൾ എമ്മ ഉപയോഗിച്ചിരുന്ന പെർഫ്യൂം അയാളെ അസ്വസ്ഥനാക്കി. ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം അവർ അത് ഉപയോഗിച്ചതാവാം.

സൈമൺ ചോദിച്ചു, "ഒറ്റയ്ക്കാണോ?"
"ഇപ്പോൾ അതെ. ജാക്കും ഞാനും യൂണിവേഴ്സിറ്റിയിൽ വച്ചു പരിചയപ്പെട്ടതാണ്. കുറേക്കാലം ഒന്നിച്ചു ജീവിച്ചു. പിരിയുമ്പോൾ കുട്ടികൾ ഉണ്ടായിരുന്നില്ല. പിന്നീടാകാം എന്നു കരുതി മാറ്റി മാറ്റി വച്ചു. ഇൻവെസ്റ്റ്മെന്റ് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജാക്ക് ഇപ്പോൾ."
"സോറി. എമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ വലിയ താല്പര്യം ഉണ്ടായിട്ടല്ല. ഒന്നിച്ചു കാപ്പി കുടിക്കുമ്പോൾ എന്തെങ്കിലുമൊക്കെ സംസാരിക്കണ്ടെ. അതുകൊണ്ടു ചോദിച്ചെന്നെ ഒള്ളു. ഒന്നും തോന്നരുത്. ഞാൻ പൊതുവെ സംസാരിക്കുന്നതിൽ അല്പം പിന്നിലാണ്. റീന നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ ഉറക്കത്തിൽപ്പോലും!"

"എന്തു തോന്നാൻ. എനിക്കു പൊതുവെ ഒളിച്ചുകളികൾ കുറവാണ്. തുറന്നു ചോദിക്കും. തുറന്നു പറയും. പലർക്കും അതൊന്നും ഇഷ്ടപ്പെടില്ല. അത് പോകട്ടെ. ഞാൻ നിങ്ങളുടെ ഉറക്കറ രഹസ്യങ്ങൾ ചോദിച്ചതിൽ സൈമന് എന്നോടു വിരോധമുണ്ടോ?"

"അങ്ങനെ രഹസ്യങ്ങൾ ഒന്നും ചോദിച്ചില്ലല്ലോ. ഞാൻ ഒട്ടു പറഞ്ഞിട്ടുമില്ലല്ലോ." 
അതുകേട്ട് എമ്മ ഉറക്കെ ചിരിച്ചു. ഒപ്പം അയാളും.

"ഹോട്ട് ഫ്ലഷ് വന്നു രാത്രിയിൽ വിയർക്കുന്ന ഭാര്യയെ ഉണർന്നിരുന്നു വീശിയുറക്കുന്ന നിങ്ങളിലെ ഭർത്താവിനെ എനിക്കിഷ്ടപ്പെട്ടു. ജാക്ക് പിരിയുമ്പോൾ പറഞ്ഞ ഒരു കാരണം, ഞാൻ കൂർക്കം വലിച്ചിരുന്നു എന്നതായിരുന്നു. എനിക്കവനെ ഒരുപാടിഷ്ടമായിരുന്നു. അവനു അത് നന്നായി അറിയാമായിരുന്നു. എന്നിട്ടും..."

സൈമൺ കാപ്പി സിപ്പ് ചെയ്തു ശേഷം താഴേക്കു നോക്കിയിരുന്നു. താൻ പറയുന്ന പച്ചക്കള്ളങ്ങൾ എല്ലാം ഇവൾ വിശ്വസിക്കുന്നുണ്ടല്ലോ എന്ന സഹതാപമായിരുന്നു മനസ്സിൽ. 

എമ്മ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു, "ജാക്കിന്റെ സ്ഥാനത്ത് എന്റെ അരികിൽ നിങ്ങളായിരുന്നു ഉറങ്ങിയിരുന്നതെങ്കിൽ, നിങ്ങൾ എന്നെ ഉപേക്ഷിക്കുമായിരുന്നോ?" 

നോട്ടം മടക്കിക്കൊണ്ട് അയാൾ മറ്റൊരു കള്ളം പറഞ്ഞു, "എനിക്കതിനു കഴിയില്ല."

അതു കേൾക്കെ എമ്മയുടെ കണ്ണുകൾ ജലാർദ്രമായി. "ഞാൻ ഒന്നുകൂടി ചോദിച്ചോട്ടെ? അനതർ ഹൈപോതെറ്റിക്കൽ ക്വസ്റ്റൻ, നിങ്ങൾ മരിച്ചുപോയാൽ റീന എന്തുചെയ്യും?"

അവൾ എങ്ങോട്ടാണ് അയാളെ വലിച്ചുകൊണ്ടു പോകുന്നത് എന്നറിഞ്ഞ അയാൾ ഗൂഢമായി ചിരിച്ചു. വാക്കുകളിൽ വൈകാരികത നിറച്ചുകൊണ്ട് സൈമൺ പ്രതിവചിച്ചു, "അതാണ് എമ്മ, എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..." 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ