mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സിവിൽ സ്റ്റേഷന് മുന്നിൽ ബസ്സിറങ്ങി വലിയ കവാടം കടക്കുമ്പോൾ എന്നത്തേയും പോലെ തന്നെ ബാഹുലേയന്റെ ഹൃദയത്തെ അസ്വസ്ഥതയുടെ ചോണനുറുമ്പുകൾ വന്നു ഞെരിച്ചു. അയാൾ ഉയർന്നു നില്ക്കുന്ന ബഹുനില കെട്ടിടങ്ങളിലേക്കും ഓഫീസ് മന്ദിരങ്ങളിലേക്കും നോക്കി നെടുവീർപ്പിട്ടു. പുതിയതായി ഒരുപാട് കെട്ടിടങ്ങൾ പണിതു കൊണ്ടിരിക്കുന്നു.

സിവിൽ സ്റ്റേഷനിലേക്ക് ഒരു വിധം സർക്കാർ ഓഫീസുകളും മാറ്റപ്പെട്ടിരിക്കുന്നു. താലൂക്ക് ഓഫീസ്, ലീഗൽ മെട്രോളജി, എംബ്ളോയ്മെന്റ് ഓഫീസ്, അഗ്രികൾച്ചർ, സപ്ളെ ഓഫീസ്, ആർ.ടി.ഓഫീസ് , ട്രഷറി തുടങ്ങി എല്ലാവിധ ഓഫീസുകളും ജനസൗകര്യം മുൻനിർത്തി ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു. കോടതി സമുച്ചയം, ജയിൽ, റൂറൽ പോലീസ് മന്ദിരം, വിവിധ ബാങ്കുകൾ എന്നിവയ്ക്കായി പുതിയ കെട്ടിടങ്ങളുടെ പണി തുടങ്ങിയിട്ടുമുണ്ട് .      

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആ കെട്ടിടത്തിൽ ഒരു ഓഫീസിൽ സൂപ്രണ്ട് തസ്തികയിൽ നിന്നുമാണ് ബാഹുലേയൻ വിരമിച്ചത്. അന്ന് ഈ സിവിൽ സ്റ്റേഷൻ ഇത്രയും വിസ്തൃതമായിരുന്നില്ല. വിപുലമായിരുന്നില്ല. ഇന്നങ്ങിനെയല്ല. മിക്ക സർക്കാർ ഓഫീസുകളും ഇങ്ങോട്ട് മാറിയിരിക്കുന്നു .  

"ബാഹുലേയൻ സാർ എവിടെ ?" "ബാഹുലേയൻ സാറിനെ ഒന്ന് കാണണം " "ബാഹുലേയൻ സാറ് ലീവിലാണ് സാറുണ്ടെങ്കിൽ ഓഫീസിൽ വരാനൊരു സുഖമാണ് " "ബാഹുലേയൻ സാറാണ് എൻ്റെ കാര്യം ശരിയാക്കി തന്നത്." "ബാഹുലേയൻ സാറിനോട് പറഞ്ഞാൽ മതി " മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സ്നേഹവും പ്രീതിയും പിടിച്ചുപറ്റിയ ഒരു ഉദ്യോഗസ്ഥനായിരുന്നു ബാഹുലേയൻ. ജോലിയിൽ കൃത്യനിഷ്ഠയും ആത്മാർത്ഥത യും അയാൾ പാലിച്ചു.  

ബാഹുലേയൻ്റെ ഉദ്യോഗജീവിതം താഴ്ന്ന നിലയിൽ നിന്നും ഉയർന്ന് സീനിയർ സൂപ്രണ്ട് വരെ എത്തി. ജോലി ചെയ്തിരുന്ന ഓഫീസുകളിലൊക്കെ അയാളുടെ ജോലി കൃത്യമായിരുന്നു. ഓഫീസിലേക്ക് ബാഹുലേയൻ സാറാണ് എത്തുന്നതെന്നറിഞ്ഞ് അയാളെ വരവേൽപ്പ് നൽകി സ്വീകരിച്ചതും ഓഫീസിലുണ്ടായിരുന്ന അവസരങ്ങളിൽ പലരേയും സഹായിച്ചതും തൻ്റെ പിറന്നാളും വിവാഹവാർഷികങ്ങളും കുഞ്ഞുണ്ടായപ്പോൾ മുതൽ മകൾ പഠിപ്പിൽ വിജയിച്ചപ്പോഴും അവളുടെ വിവാഹം വരെ എത്രയോ മുഹൂർത്തങ്ങൾ സഹപ്രവർത്തകർ ആഘോഷിച്ചതുമൊക്കെ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു  

പെൻഷൻ പറ്റി പിരിഞ്ഞു പോരും നേരം എല്ലാവരുടെയും മുഖം ശോകമായിരുന്നു. വിതുമ്പിയും കരച്ചിലടക്കാൻ പാടുപെട്ടും ജോലിയിലുണ്ടായിരുന്ന സുവർണ്ണകാലം പങ്കുവച്ചും പലരും ബാഹുലേയൻ സാറിന് നന്മകളും മംഗളാശംസകൾ നേരുകയും ചെയ്തിരുന്നു.

ബാഹുലേയൻ പെൻഷൻ പറ്റും മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. കെങ്കേമമായി തന്നെ. ഓഫീസിലും പുറത്തും ആളുകൾ ബാഹുലേയൻ സാറിന്റെ ഭാഗ്യം സൂചിപ്പിച്ചു.   

"മരുമകൻ അമേരിക്കയിലാണല്ലോ.. പെൻഷനായാൽ അമേരിക്കയിലേക്ക് പോവാലോ…"   "ബാഹുലേയൻ സാറിന് ഇനി ഒന്നും നോക്കാനില്ല..എല്ലാ പ്രാരാബ്ധങ്ങളും ഒഴിഞ്ഞു. വീട് കെട്ടി, മകളുടെ വിവാഹവും കഴിഞ്ഞു...പെൻഷൻ ആയാൽ യാത്രകളും എഴുത്തുമായി കൂടാം."   സീനിയർ ക്ളാർക്ക് മോഹനൻ പറഞ്ഞു    "അതേ മോഹനൻ സാറേ.. നമ്മുടെ കാര്യം നോക്കണേ.. വീടിന്റെ ഒരു കാര്യം പോലുമായില്ല.. മക്കളൊക്കെ എന്താവുമോ ആവോ…"   ക്ളാർക്ക് വിജയം പറഞ്ഞു    "ബാഹുലേയൻ സാറിന് ജോലിയിലെ പോലെ തന്നെ ശ്രദ്ധ കുടുംബകാര്യത്തിലും ഉണ്ട് .. അവിടെ ഒരു വിചാരവുമില്ല ചിന്തയുമില്ല ".   ടൈപ്പിസ്റ്റ് ശാലിനി അവരുടെ വീട്ടുകാര്യം അതിനിടയിൽ കൊളുത്തി.  

ബാഹുലേയൻ അങ്ങിനെ സന്തോഷത്തോടെ സമാധാനത്തോടെ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി അയാളുടെ ജീവിതം വേറൊരു വഴിയിലേക്ക് തിരിഞ്ഞു പോയത്. വർണങ്ങൾ മങ്ങിത്തുടങ്ങിയിരുന്നു. ഒരിക്കൽ ജോലിയോടും ജീവിതത്തോടും നിറഞ്ഞു നിന്നിരുന്ന മനസ്സ് ഒറ്റപ്പെടലിന്റെയും വേദനയുടെയും കടലിൽ മുങ്ങിപ്പോയിരിക്കുന്നു. ബാഹുലേയൻ സാറിന്റെ ഒരേയൊരു മകൾ ഭർത്താവിനോടൊപ്പം അമേരിക്കയിലേക്ക് പോയി. അവളുടെ കുഞ്ഞിനെ നോക്കാൻ വേണ്ടി ബാഹുലേയൻ്റെ ഭാര്യയാണെങ്കിൽ അവരുടെ കൂടെയാണ്. വലിയൊരു വീട്ടിൽ ബാഹുലേയൻ തനിച്ചായി. മിണ്ടാൻ പോലും ആരുമില്ല. ആഴ്ചയിൽ വീട് വൃത്തിയാക്കാൻ വരുന്ന ജോലിക്കാരനു പോലും സംസാരിച്ചു നിൽക്കാൻ സമയമില്ല. ഒരു ദിവസം നാലഞ്ചു വീടുകളിൽ പോയി പണിയെടുക്കുന്ന അവൻ വരുന്നത് പോലും വിലകൂടിയ ബൈക്കിലാണ്. അവന് ഓരോ മിനിറ്റും വിലപ്പെട്ടതായിരുന്നു. നിശബ്ദത ബാഹുലേയനെ വീർപ്പുമുട്ടിച്ചു. വച്ച് വിളമ്പാൻ ആളില്ലാതായതോടെ ഒരാൾക്ക് വേണ്ടി ഉണ്ടാക്കാനുള്ള മടി കൊണ്ട് പലപ്പോഴും ഭക്ഷണം ഹോട്ടലിൽ നിന്നായി. ചിലപ്പോൾ ഹോട്ടലിൽ പോകാനുള്ള മടി കാരണം ബാഹുലേയൻ പട്ടിണിയും കിടന്നു. പെൻഷൻ പറ്റി കഴിഞ്ഞാൽ പല പല കാര്യങ്ങളും പ്ളാൻ ചെയ്യാമെന്നും യാത്ര പോകാമെന്നും വായിക്കാമെന്നും എഴുതാമെന്നുമൊക്കെ കണക്കുകൂട്ടൽ നടത്തിയ ബാഹുലേയന് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.   ഓർമ്മകൾ മാത്രമായിരുന്നു ബാഹുലേയന്റെ ഒരേയൊരു സുഹൃത്ത്. ഓഫീസിലെ സുവർണ്ണ കാലം സഹപ്രവർത്തകരുടെ സ്നേഹം, ജീവിതത്തിലെ അനേകം നേട്ടങ്ങൾ... എല്ലാം ബാഹുലേയൻ്റെ മനസ്സിൽ തെളിഞ്ഞു നിന്നു.

പെൻഷൻ പറ്റിയ ശേഷം ബാഹുലേയൻ ആദ്യകാലത്ത് പഴയ ഓഫീസിൽ പോയിരുന്നു. ഇടയ്ക്കിടെ ബാഹുലേയൻ ചെല്ലുമ്പോൾ പലരും അവരുടെ ജോലിതിരക്കിലായിരിക്കും. ഒന്ന് കണ്ട് പുഞ്ചിരിച്ചു എന്ന് വരുത്തി അവർ അവരുടെ ജോലിയിൽ വ്യാപൃതരാവും. കുറച്ചു കാലം കഴിഞ്ഞപ്പോൾ അവിടെ നിന്നും പലരും മാറിപ്പോയി. പുതിയ മുഖങ്ങൾ , പുതിയ ചുറ്റുപാടുകൾ... അദ്ദേഹത്തിന് അത് അന്യമായി തോന്നി. താൻ ചെല്ലുന്നത് പലർക്കും ഇഷ്ടപ്പടുന്നില്ലെന്ന ഒരു ചിന്ത വന്നത് ഒരിക്കൽ പഴയ ഓഫീസിൽ ചെന്ന് തിരിച്ചു പോരുമ്പോൾ കേട്ട സംസാരത്തിൽ നിന്നാണ്.   

"ജോലീന്ന് പോയിട്ടും കാലം കൊറേയായി... ഇങ്ങനെ കേറി നടക്കും…. ജോലി ചെയ്ത ഓഫീസുകളിൽ...വല്ല പണീം വേണ്ടേ…"   ബാഹുലേയന് അതുകേട്ട് മനസ്സിനാകെ വിഷമമായി. അയാൾ പിന്നെ ഓഫീസിൽ പോകുന്നത് നിർത്തി.   പഴയ സുഹൃത്തുക്കളെ തേടി പോകാനും മനസ്സ് അനുവദിച്ചില്ല. അല്ലെങ്കിലും എല്ലാവരും പലപല തിരക്കുകളിൽ പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ എവിടെയാണ് അല്പനേരമെങ്കിലും ഒന്നിച്ചു കൂടാൻ നേരം?    

ഒരു ദിവസം, ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ ഒരു പഴയ സഹപ്രവർത്തകനെ കണ്ടുമുട്ടി. അദ്ദേഹത്തോട് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറയാൻ ആഗ്രഹിച്ചെങ്കിലും അല്പം തിരക്കിലാണ് പിന്നെ കാണാമെന്ന് പറഞ്ഞ് സഹപ്രവർത്തകൻ പിരിഞ്ഞു. വീട്ടിലേക്ക് മടങ്ങുമ്പോൾ ബാഹുലേയൻ്റെ ഉള്ളിൽ നിരാശയുടെ ആഴം മാത്രമായിരുന്നു. ജീവിതത്തിന്റെ അർത്ഥം തന്നെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ.   ദിവസങ്ങൾ കടന്നുപോകെ മനസ്സിൻ്റെ അസ്ഥസ്ഥചിന്തകൾ ബാഹുലേയന്റെ ആരോഗ്യം മോശമാക്കി. അമേരിക്കയിൽ നിന്നും വല്ലപ്പോഴും വീഡിയോ കോൾ വഴിയുള്ള ചെറിയ മുറിഞ്ഞ സംഭാഷണങ്ങൾ ബാഹുലേയന് അവ്യക്തമായിരുന്നു. ചെറിയ ചെറിയ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടി. ഡോക്ടറെ കാണാൻ പോലും അയാൾക്ക് മടിതോന്നി . ആർക്കുവേണ്ടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് അയാൾക്ക് തോന്നി തുടങ്ങിയിരുന്നു.   ഒരു ദിവസം, വൈകുന്നേരം, അദ്ദേഹം തന്റെ പഴയ ഓഫീസിന്റെ മുന്നിലെത്തി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ കെട്ടിടത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു. ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു. അദ്ദേഹം മനസ്സിൽ പറഞ്ഞു,  "എന്റെ ജീവിതം ഒരു സ്വപ്നം പോലെയായിരുന്നു. ഞാൻ ജീവിച്ചു. ഞാൻ പ്രവർത്തിച്ചു. ഞാൻ സ്നേഹിച്ചു. ഇപ്പോൾ ഞാൻ തനിച്ചാണ്…. ഇനി ഞാൻ പോകുന്നു."   ബാഹുലേയൻ അവിടെ നിന്നും നടന്നു നീങ്ങി. അയാളുടെ ഹൃദയം അപ്പോൾ ശാന്തമായിരുന്നു.  അന്നു രാത്രി അയാൾ സുഖമായി ഉറങ്ങി. അതൊരു നിത്യനിദ്രയിലേക്കുള്ള പ്രയാണമായിരുന്നു. ബാഹുലേയൻ സാറിന്റെ ജീവിതം ഒരു പൂർണ്ണവിരാമത്തിലേക്ക് എത്തിച്ചേർന്നിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ