മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അമ്പലത്തിലെ കൽവിളക്കുകളുടെ പ്രഭയിലാണ് ഞാനവനെ വീണ്ടും കാണുന്നത്. കണ്ടിട്ട് ഒരു പാട് നാളൊന്നും ആയില്ല .കൂടിപ്പോയാൽ ഒരു മാസം, ആ ദിവസങ്ങൾ കൊണ്ട് അവനിൽ ഒരു പാട് മാറ്റങ്ങൾ

വരുത്തിയതായെനിക്കു തോന്നി, എപ്പൊഴും സുന്ദരനായി നടക്കാനിഷ്ടപ്പെട്ടിരുന്ന അവനെയന്ന് കണ്ടപ്പോഴെന്റെ ഉള്ളമൊന്ന് തേങ്ങി, താടി രോമങ്ങൾ വളർന്ന് ആകെ കോലം കെട്ട മട്ട്. പ്രണയം തുളുമ്പുന്ന ആ മിഴികളിലേക്ക് വീണ്ടും നോക്കാൻ കഴിയാതെ ഞാനെന്റെ കണ്ണുകൾ താഴ്ത്തി.

എന്തിനായിരുന്നു പിണക്കം അറിയില്ല. നിനക്ക് ഒരുപാട് മാറ്റം വന്നു പോയെന്ന് കുറ്റപ്പെടുത്തിയത് ഞാനായിരുന്നു. അതിന്റെ കാരണം തേടിയലഞ്ഞ എനിക്കതിനുള്ള ഉത്തരവും കിട്ടി "മാറ്റം" അതെനിക്കു തന്നെയായിരുന്നു ... നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൂടി അതൊരിക്കലും നിന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താതിരിക്കാൻ.

ഞാൻ കണ്ടെത്തിയ മനോഹരമായ അഭിനയത്തിലൊന്നായിരുന്നു അത്. ഒരു വിരൽത്തുമ്പിലകലെ നിന്നിരുന്ന നീയെന്റെ ഹൃദയത്തിലേക്ക് എത്തി നോക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അകലങ്ങളുടെ മതിൽ കോട്ടകൾ പണിതു തുടങ്ങിയത്. പിന്നെ പിന്നെ ഇടക്കിടെ പിണങ്ങി പോക്കുകളിലേക്കത് പതിവായതും, ചിലപ്പോൾ കാരണങ്ങളുണ്ടാക്കിയും മറ്റു ചിലപ്പോൾ കാരണമില്ലാതെയും. അപ്പോഴൊന്നും ഒരു പരാതിയോ, പരിഭവമോ പറയാതെ ക്ഷമയുടെ മൂർത്തീ ഭാവമായി നിലയുറപ്പിച്ച് നീ നിന്റെ ഇഷ്ടങ്ങളെ ആ വിടർന്ന മിഴികളിലൊളിപ്പിച്ച് എനിക്കു മുന്നിൽ നിന്നു. എല്ലാം മനസിലായിട്ടും മനസിലായില്ലെന്ന ഭാവത്തിൽ നടക്കുവാനേ എനിക്ക് കഴിയുമായിരുന്നുള്ളു.

അല്ലെങ്കിലും എന്റെ നട്ടപ്പിരാന്തുകൾക്ക് നിന്നെ ബലിയാടാക്കുവാൻ എനിക്കൊരിക്കലും താൽപ്പര്യ മില്ലായിരുന്നു.

സ്നേഹം നീട്ടിയ മനസും, സ്നേഹം കൊതിക്കുന്ന മനസും പാടെ അവഗണിക്കുമ്പോൾ അവന്റെ കൂട്ടുകാർ കളിയാക്കി പറയുന്നത് എന്റെ കാതിൽ വന്നലയ്ക്കാതിരുന്നില്ല.

"അവൾക്ക് ഹൃദയമില്ലെടാ " ഉണ്ടായിരുന്നെങ്കിൽ, ഇതൊക്കെ മനസിലാകാതിരിക്ക്വോ; ശരിയാണ് ഹൃദയം നഷ്ടപ്പെട്ടു പോയിരുന്നു.

നീയെന്ന അർബുദം എന്റെ മനസിനെ വ്യാപിച്ചപ്പോഴാണ് എനിക്കെന്റെ ഹൃദയം നഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു മരുന്നിനും, റേഡിയേഷനും ഭേദമാക്കാൻ കഴിയാത്തയത്ര അതെന്റെ ഹൃദയത്തെ കാർന്നു തുടങ്ങിയിരുന്നു .

മുഖത്തു നോക്കി പറയാതിരുന്ന പലകാര്യങ്ങളും അവന്റെ മനസു വായിക്കാൻ കഴിഞ്ഞിരിക്കുന്ന എനിക്ക് മനസിലായി തുടങ്ങിയപ്പോൾ മുതൽ ഞാനെന്റെ നാവിനേയും ബന്ധനത്തിലിട്ടു. സംസാരിക്കാൻ ഒത്തിരി താൽപ്പര്യ മുണ്ടായിട്ടും, സമയമില്ലെന്ന് പറഞ്ഞ് ഇല്ലാത്ത തിരക്കഭിനയിച്ച് മനപ്പൂർവ്വം അകന്നു മാറിയതും മൗനത്തിന്റെ വാൽമീകത്തിൽ സ്വയം ഒളിച്ചതും, എന്നെ പ്രതി നിന്റെ കണ്ണ് നിറയാതിരിക്കാനായിരുന്നു .

കാണാതേയും, മിണ്ടാതേയും ഇരുന്നാൽ പതിയേ നീ യെന്നെ മറന്ന് എന്നെക്കാളും നല്ലൊരു കുട്ടിയെ കണ്ടെത്തിക്കോളുമെന്ന് ഞാൻ വെറുതെ മോഹിച്ചു. അതു വെറുമൊരു വ്യാമോഹം മാത്രമായിരുന്നു എന്ന് ഇന്ന് എനിക്ക് നിന്നെ കണ്ടപ്പോൾ മനസിലായി.

ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ആ കണ്ണുകൾ നിറയാതിരിക്കാനായിരുന്നു.

അന്നാ ത്രിസന്ധ്യയിൽ നിന്റെ വീടിന്റെ പടിക്കെട്ടുകൾ ഞാനിറങ്ങിയത്. ആ പടിക്കെട്ടുകൾ ഇറങ്ങി പോരുമ്പോൾ മനസിൽ ഞാനൊരു തീരുമാനമെടുത്തിരുന്നു. ആ പടിയിറക്കം നിന്റെ മനസിൽ നിന്നു തന്നെയായിരിക്കണമെന്ന്.

ഒരു ഓർമ്മപ്പെടുത്തലായി ഇനിയൊരിക്കലും നിന്റെ മുന്നിലെത്തരുതെന്ന് ആഗ്രഹിച്ചിട്ടും; അതു തന്നെ സംഭവിച്ചു .

കണ്ണും, കാതും ഇല്ലാത്ത കൽപ്രതിമകൾക്കു മുമ്പിൽ തല കുമ്പിടാൻ എത്തില്ല എന്ന നിന്റെ പ്രഖ്യാപനത്തിൽ വിശ്വസിച്ചു കൊണ്ടാണ് മാസങ്ങൾക്കു ശേഷം ഞാനീ നടയിൽ ധൈര്യത്തിലെത്തിയത്.

പക്ഷെ എന്റെ പ്രതീക്ഷകളെ ആകെ തെറ്റിച്ചു കൊണ്ട് , മറ്റൊരു കൽപ്രതിമ പോലെ നീ വീണ്ടും എനിക്കു മുന്നിൽ...!

ഒരു മാസമായി മനസിലടക്കിയ സാഗരം സുനാമിയായി കുതിച്ചുയരുമോയെന്നു ഞാൻ ഭയന്നു.

ഊടുവഴികളിലൂടെ വീട്ടിലേക്കുള്ള തിരിച്ചു നടപ്പിനിടയിൽ പലരുടെയും പിൻവിളികൾ ഞാൻ കേട്ടതേയില്ല.

അടക്കിപ്പിടിച്ച തേങ്ങലുകൾ, പൊട്ടിക്കരച്ചിലിന് വഴിയൊരുക്കിയതും, പിന്നെയത് പൊട്ടിച്ചിരികൾക്ക് കളമൊരുങ്ങിയതും, കാലങ്ങൾ കടന്നതും, കാലിലെ കൊലുസിൻ കിലുക്കം മാറി, ചങ്ങല കിലുക്കമായി മാറിയതും ഞാനറിഞ്ഞതേയില്ല...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ