mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പ്രിയപ്പെട്ടവനേ, 

നിനക്കു സുഖമാണോ?

ആ ചോദ്യത്തിന് അർത്ഥമേതുമില്ലെന്ന് എനിക്കറിയാഞ്ഞിട്ടല്ല. സുഖമില്ലാതിരിക്കാൻ എന്താണ്?! എങ്കിലും വെറുതേ...

അങ്ങനെയാണല്ലോ ഒരു കത്ത് തുടങ്ങേണ്ടത്. വിരസമായ ചില ആവർത്തനങ്ങൾ. അതുകൊണ്ടുമാത്രം... വെറുതേ... ഒരാവർത്തനം.

ഈയിടെയായി ഞാൻ വല്ലാതെ ഫിലോസഫിക്കലാവുന്നെന്നാണ്  പാവം എൻ്റെ  കാമുകന്മാർ പറയുന്നത്. നിനക്കും തോന്നുന്നുണ്ടോ അങ്ങനെ? ഞാനെപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നല്ലോ? ഒരു നിമിഷം...

അത്... സുന്ദരനായ എന്‍റെ കാമുകൻ വന്ന് (പേര് ഞാൻ പറയുന്നില്ല. അതിലെന്തിരിക്കുന്നു! പ്രത്യേകിച്ചും... നിനക്കറിയാം... എൻ്റെ ജീവിതത്തിൽ) നെയ്റോസ്റ്റിന്‍റെ ചൂടുള്ള ഒരു ചെറിയ കഷണം വായിൽ വെച്ചുതന്നിട്ട് പോയതാണ്. ഞാൻ എഴുതുന്നത് കണ്ട് അവൻ ഒളികണ്ണിട്ടുനോക്കി. 

" നീയിതെന്താണ് കവിതയെഴുതുന്നോ?" എന്ന്! എനിയ്ക്ക് ചിരി വരുന്നു...

'നീയിതെന്താണ്..' - അല്ലാ...പേരിനു മാത്രമല്ലാ... പ്രായത്തിനും വർഷങ്ങൾക്കുമൊന്നും കഴമ്പില്ലാതെയായിരിക്കുന്നു. എങ്കിലുമെന്‍റെ തലനാരുകളിലാദ്യത്തേത് വിളറിവെളുക്കുന്ന ആ ദിവസത്തെ ഇടയ്ക്കിടെ ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്. ദുഃസ്വപ്നം എന്നാണോ പറയേണ്ടത്? അറിയില്ലാ. പക്ഷേ അതോർക്കുമ്പോൾ ചിലപ്പോഴൊന്നും എനിയ്ക്ക് ഉറങ്ങാനേ കഴിയാറില്ലാ...

എൻ്റെ രാജകുമാരാ...

ഒരു സ്ത്രീയെ ഭോഗിക്കേണ്ടതെങ്ങനെയെന്ന് ഞാനാണവനെ പഠിപ്പിച്ചത്. സത്യം! അവനൊരു കൊച്ചുകുട്ടിയായിരുന്നു. ഞങ്ങളാദ്യമായി പരിചയപ്പെട്ട അന്ന് ഞാനെന്‍റെ ഇരുകൈകളും നീട്ടി അവനെ വാരിയെടുത്ത്... പറഞ്ഞില്ലേ, അവനൊരു കൊച്ചുകുട്ടിയായിരുന്നു!

അല്ല, എവിടെയാണ് നിർത്തിയത്? മറന്നുപോയി. അടുക്കും ചിട്ടയുമില്ലാതെ, തടഞ്ഞുനിർത്താൻ കഴിയാതെ, എൻ്റെ ആർത്തവരക്തം പോലെ മുറതെറ്റിത്തുടങ്ങിയ ചുവന്ന വാക്കുകൾ... എഴുതിയതിലേക്ക് വീണ്ടും മടങ്ങിച്ചെല്ലാനോ വിട്ടുപോയിടം പൂരിപ്പിക്കാനോ കഴിയാത്തവിധം... എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു.

വേശ്യകൾ എഴുതരുതെന്ന് ആരാണ് പറഞ്ഞത്? കുട്ടിക്കാലത്ത് ചെറിയ തോതിൽ ഞാൻ കവിതകളെഴുതുമായിരുന്നു. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ പേജുകളിൽ നീളൻ മയിൽപ്പീലികൾക്കൊപ്പം ആകാശം കാണാതെ അവയെയും അമൂല്യമായി കാത്തുവെച്ചു. പിന്നീട് അമ്മ മരിച്ചപ്പോൾ (മരിച്ചപ്പോൾ?) ചിതയോടൊപ്പം, എൻ്റെ സ്വപ്നങ്ങൾക്കൊപ്പം, അതും എരിഞ്ഞില്ലാതെയായി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അത്യാനന്ദത്തിന്‍റെ ഗിരിശൃംഗങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ ഡയറിക്കുറിപ്പുകള്‍ എഴുതി. സുന്ദരമായ പുലര്‍കാലസ്വപ്നങ്ങളിലെ ജല്പനങ്ങള്‍ മാത്രമാണ് എന്‍റെ യാഥാര്‍ത്ഥ്യങ്ങളും എന്ന് മനസ്സിലാക്കിയ നാളിൽ അതും അവസാനിച്ചു. വീണ്ടും മാറി ചിന്തിക്കുന്നത് നീ വന്നതു മുതൽക്കാണ്. വീണ്ടുമെന്‍റെ തുടക്കം - അതേ, നമ്മുടെ ഈ കത്തുകളിലൂടെയാണ്...

പുതിയ വിശേഷമുള്ളത്, ഇവിടെയടുത്ത് ഒരു മാർവാടി കുടുംബം താമസിക്കാനെത്തിയിരിക്കുന്നു. അടുത്തെന്നു പറഞ്ഞാൽ എൻ്റെയീ ജനാലയിലൂടെ നോക്കിയാൽ ആ സ്ത്രീയെ കാണാം. വെളുത്തു മെലിഞ്ഞ കൈത്തണ്ടകളിൽ നിറയെ ചുവപ്പും മഞ്ഞയും ഇടകലർന്ന കുപ്പിവളകൾ കിലുക്കിക്കൊണ്ട് അവൾ എന്തെല്ലാമോ പാചകം ചെയ്യുന്നത് കൗതുകത്തോടെ (തെല്ലൊരസൂയയോടെയും?) ഞാൻ നോക്കിയിരിക്കും. അതൊരു രസമാണ്! ശകുന്തള എന്നാണ് അവളുടെ പേരെന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. എൻ്റെ അതിഥികളിലാരോ ഒരാൾ പറഞ്ഞുള്ള അറിവാണ്. അയാളെങ്ങിനെയാണറിഞ്ഞത്..?

പാചകം ചെയ്യുമ്പോൾ ശകുന്തളയുടെ രണ്ടാൺകുട്ടികൾ - ഏഴോ എട്ടോ വയസ്സുണ്ടാവും അവർക്ക് - ചുറ്റിലും നിന്ന് അവളുടെ കൈയനക്കങ്ങൾ സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഒക്കത്ത് രണ്ട് വയസ്സോളം വരുന്ന ഒരു പെൺകുഞ്ഞിനെ അവളടക്കിപ്പിടിച്ചിരിക്കും. ഈ കാഴ്ച കാണുമ്പോഴെല്ലാം എൻ്റെ അടിവയറ്റിൽ നിന്നും അജ്ഞാതമായ ഒരു വേദന ഉയരും...ഞാൻ നിന്നെയോർക്കും. 

വ്യാപാരത്തിനായി എത്തിയതാണ്. അതും ഇവിടെ, ഈ ചുറ്റുവട്ടത്തിൽ, എന്തോ അബദ്ധം പറ്റിയതെന്നു തീർച്ച! കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവൾക്കെന്നെപ്പറ്റി കൃത്യമായി മനസ്സിലാവുന്നത്. അതുവരെയും എൻ്റെ നേർക്കവളെറിഞ്ഞു തന്നിരുന്ന ദുർബലമായ നോട്ടങ്ങൾ, കുഞ്ഞു പുഞ്ചിരികൾ - പാതി വിരിഞ്ഞ ഒരു പൂമൊട്ടിനെ ഓർമ്മപ്പെടുത്തുന്നത് - പെട്ടെന്നില്ലാതായപ്പോൾ ഞാനതൂഹിച്ചു. പ്രതീക്ഷിച്ചിരുന്നതാണ്.രാത്രികാലങ്ങളിലെ എൻ്റെ സന്ദർശകർ, ഇവിടെനിന്നുയരുന്ന അടക്കിപ്പിടിച്ച ശബ്ദങ്ങൾ... പാവം. വല്ലാതെ പേടിച്ചിരിക്കണം. ഞാൻ പുറത്തുണ്ടാവുന്ന സമയങ്ങളിലെല്ലാം ഭർത്താവിനെ മാർവാരിയിൽ എന്തോ പറഞ്ഞ് അവൾ ധൃതിപ്പെട്ട് അകത്തേക്ക് കൂട്ടിക്കൊണ്ടുപോകും ഇപ്പോൾ. എന്തോ ചീത്ത വാക്കാണെന്ന് ഞാനൂഹിക്കുന്നു. ചീത്തവാക്ക്? ഞാനങ്ങനെ പറഞ്ഞുകൂട അല്ലേ? വേശ്യകൾക്കെവിടെയാണ് നല്ലതും ചീത്തയും?!

എനിക്ക് ചിരിയാണ് വരിക. അപ്പോഴെല്ലാം അവളുടെ ദുഷ്യന്തനെ (മേഘ് രാജ് എന്നോ മറ്റോ ആണ് അയാളുടെ ശരിയായ പേര്. രൂപം മാറലുകൾ, ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള സ്വാഭാവികമായ പ്രയാണവും, മേഘങ്ങൾക്ക് എത്ര  ആയാസരഹിതമാണെന്നത് എന്നെ കുറച്ചൊക്കെ സന്തോഷിപ്പിക്കുന്നുണ്ട്. നോക്കൂ..എത്ര ദുഷ്ടയാണു ഞാൻ.) അയാൾ പോലുമറിയാതെ എന്നിലേക്കാവാഹിക്കുന്നതും പിന്നീടൊരിക്കൽ എൻ്റെ ഉമ്മറപ്പടിമേൽ മുദ്രാമോതിരവുമായി വന്നുനിന്ന് അവൾ കരഞ്ഞു നിലവിളിക്കുന്നതും വെറുതെയെങ്കിലും ഞാൻ പകൽക്കിനാവ് കാണാറുണ്ട്. ഈയിടെയായി എനിക്കതൊരു വിനോദോപാധി കൂടെയായിരിക്കുന്നു. ഏതൊരു പെണ്ണിനും തട്ടിയെടുക്കാൻ തോന്നും വിധത്തിൽ അത്രമേൽ പൗരുഷ ഭാവമുള്ളൊരു സുന്ദരനാണയാൾ എന്നു ഞാൻ പറഞ്ഞാൽ നീ അസൂയപ്പെടുമോ..? പക്ഷേ വേണ്ടാ... ശകുന്തളയുടെ വെളുത്തുമെലിഞ്ഞ ആ കൈകളാണ് എനിക്കതിലുമേറെയിഷ്ടം!

എത്രാമത്തേതാണ് ഈ കത്ത്? നിനക്കോർമ്മയുണ്ടോ? എണ്ണമിട്ടു വിളിക്കാൻ കഴിയാത്ത വലിയൊരു കാക്കത്തൊള്ളായിരം! കാക്കത്തൊള്ളായിരം... കുട്ടികളങ്ങനെയല്ലേ പറയുക? ഇരുപത് വിരലുകളുമെണ്ണി വീണ്ടുമെണ്ണി തെറ്റിച്ച് ഒടുക്കം നിശ്ചയമില്ലാതെയാകുമ്പോൾ... കാക്കത്തൊള്ളായിരം.

നിനക്കെഴുതുമ്പോൾ മാത്രമാണ് രാജകുമാരാ ഞാൻ ഞാനായി ജീവിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഒരിക്കലെങ്കിലും നിന്‍റെ മറുപടിക്കായി, നീ വരുമെന്ന പ്രതീക്ഷയിൽ, ഞാനിനിയുമിനിയും... ഇങ്ങനെ...

എന്നോടുള്ള നിന്‍റെ പ്രണയത്തേക്കുറിച്ച്, അതിന്റെ ആഴത്തേക്കുറിച്ച് മറ്റാരാണറിയുക? കണ്ണുകൾ നിറയുന്നതെന്തിനെന്നാണ് ഞാനിപ്പോഴോർക്കുന്നത്. ചെറുപ്പത്തിൽ കൃഷ്ണനെ നോക്കി നാമം ചൊല്ലുമ്പോൾ മാത്രമാണിങ്ങനെ കാരണമില്ലാതെ കണ്ണുകൾ തൂവിയിട്ടുള്ളത്. ഇത്തവണ സത്യമായും നീ വരും! മനസ്സങ്ങനെ തന്നെ പറയുന്നൂ; വരുമെന്ന്...

നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ? ചെറുപ്പത്തിൽ - ഒരു ഒൻപത് വയസ്സുണ്ടാവും അന്നെനിക്ക് - "നിനക്കാരാവണം?" എന്ന് ശ്രീധരൻ മാസ്റ്റർ ചോദിച്ചപ്പോ ഞാൻ പറഞ്ഞത് "തേബ്ടിച്ചിയാവണം" എന്നായിരുന്നു. തേവിടിശ്ശി! ആ വാക്ക് ശരിയായി ഉച്ചരിക്കാൻ പോലും അന്നെനിക്കറിവില്ലായിരുന്നു. മാസ്റ്റർ അന്നെന്നെ പൊതിരെ തല്ലി. ഒരു നീളൻ പുളിവാറലുകൊണ്ട്. എന്‍റെ കണങ്കാലുകൾ രണ്ടും ചോര വാർക്കുവോളവും. എല്ലാവരുടേയും മുന്നിൽ വെച്ച്. നീറിപ്പുകയുമ്പോഴും എൻ്റെ കുഞ്ഞുമനസ്സ് ചികഞ്ഞത് 'കാരണ'മായിരുന്നു. വാക്കുകളിലെ കണ്ടെത്താൻ കഴിയാത്ത തെറ്റ്.  ഓ! വേദനിക്കുന്നൂ ഇപ്പോഴും...

എന്‍റെ അമ്മ ഒരു തേവിടിശ്ശിയായിരുന്നു. മുത്തശ്ശി അങ്ങനെയാണ് അമ്മയെ വിളിക്കാറ്:

"നിന്‍റെ തള്ള ഒരു തേവിടിച്ചിയാ.."

ഞാനീ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് എന്‍റെ അമ്മയെ ആയിരുന്നു. അതുകൊണ്ടാണ് അമ്മയെപ്പോലെയാകാൻ ആഗ്രഹിച്ചതും. 

പിന്നെയുമെവിടെയായിരുന്നു തെറ്റ്?!

 

ഒരിക്കെ രാവിലെ എഴുന്നേറ്റുവന്നയുടൻ കട്ടൻകാപ്പിക്കായി - അതെനിക്കു പതിവുള്ളതാണ്, പല്ലുതേക്കുന്നതിനു മുന്നേ ഇപ്പോഴും - ഞാൻ ചെന്ന നേരം, 'നിങ്ങളെ ഞാൻ എന്തു വിളിക്കണം' എന്ന് തലേന്നു ഞാൻ കണ്ട ആളിനോട് ചോദിക്കാനായി മുത്തശ്ശി എന്നെ പറഞ്ഞുവിട്ടു. പാവം! ഒരു കട്ടൻകാപ്പിക്കായി എന്താണ് ഞാനന്നു ചെയ്തുകൂടാത്തത്?! എൻ്റെ രാജകുമാരന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലല്ലോ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി നിങ്ങൾക്കു നഷ്ടമായി എന്നാണ് ഞാൻ പറയുക.

ഉറപ്പില്ലാത്ത  വാതിൽ തുറന്ന് അമ്മയുടെ മുറിയിലേക്ക് ഞാൻ കയറിച്ചെന്നു. അമ്മയുടെ വെളുത്ത സുന്ദരമായ തുടകളിലേയ്ക്ക് ഉണക്കച്ചുള്ളികൾ പോലെ വികൃതമായ കാലുകൾ പിണച്ചുവെച്ച് കിടക്കുന്ന ആ മനുഷ്യനോട് ഒരു കട്ടൻകാപ്പിയുടെ തികഞ്ഞ ധൃതിയിൽ നിഷ്കളങ്കമായി ഞാൻ ചോദിച്ചു:

"നിങ്ങളെ ഞാനെന്താണു വിളിക്കേണ്ടത്..?"

ഉണങ്ങിയ പുളിവാറലിന്‍റെ നീറ്റൽ മാത്രമാണ് ഓർമ്മയിൽ എൻ്റെ കുട്ടിക്കാലം...

 

ഒരുപാട് ചുള്ളിക്കമ്പുകൾ നരച്ച, അമ്മയുടെ അത്രയും ഭംഗിയില്ലാത്ത എൻ്റെ തുടകളിലേയ്ക്ക് പിണഞ്ഞുരസുമ്പോഴും, ഇപ്പോഴും, ഞാനാ വേദന അറിയാറുണ്ട്. ആ വേദനയിൽ അമർന്നുകൊണ്ട് വീണ്ടും ഞാനെന്‍റെ തെറ്റിനേക്കുറിച്ചോർമ്മിക്കും. എവിടെയാണു പിഴച്ചത്? ഈ ഉണങ്ങിയ പുളിവാറലുകൾ എന്തിനാണെന്നെ ഇത്രമാത്രം മുറിപ്പെടുത്തുന്നത്?

ഒരു വേദനയുടെ മാത്രം വ്രണിതവികാരത്തോടെ വശത്തെ ഭിത്തിയിലേക്ക് നോക്കി ഓരോ സംഭോഗവും കഴിയുന്ന നിമിഷത്തിനായി ഞാൻ നിശ്ചലയായി കാത്തുകിടക്കും. എൻ്റെ കാമുകന്മാർ പേപ്പട്ടികളേപ്പോലെ കുരച്ചുകൊണ്ട് എന്നോട് ചോദിക്കും:

"തേവിടിശ്ശി! നീയിതാരെയോർത്തു കിടക്കുകയാണ്?"

"എൻ്റെ പെണ്ണേ.. നിന്‍റെ പഴയ പ്രസരിപ്പെല്ലാം എവിടെപ്പോയി?"

ഞാൻ നിന്നെയോർക്കുകയായിരുന്നു...

 

ഉണങ്ങിയ പുളിവാറലുകൾകൊണ്ട് നീയൊരിക്കലും എൻ്റെ തുടകളിലുരസുകയോ മുറിപ്പാടുകളിൽനിന്നും ചോര കിനിയുകയോ ഇല്ല. തൊട്ടശുദ്ധമാക്കാൻ കൂട്ടാക്കാതെ എൻ്റെ നഗ്നമായ വിഗ്രഹത്തെ നീ വളരെ നേരം ഭക്തിയോടെ നോക്കിനിൽക്കും. ഞാനെന്‍റെ രണ്ടുകൈകളും നീട്ടി നിന്നെ വാരിപ്പുണർന്ന് എൻ്റെ മുഴുവൻ സ്നേഹവും തരും. എന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് നീയെന്‍റെ വ്രണങ്ങളെല്ലാം തുടച്ചുമാറ്റും. നിറഞ്ഞ സ്നേഹത്തോടെ എന്നെ ഒരിക്കൽ ചുംബിക്കണം നീ. ആ നിമിഷം എന്നേയ്ക്കും, ലോകം നിലനിൽക്കുവോളവും, തുടരണമെന്ന പ്രാർത്ഥനയിൽ ഞാൻ കണ്ണുകളിറുകിയടച്ച് സ്വയം മറന്നു കിടക്കട്ടേ...

അന്ന് ഞാനെന്റെ ദേഹത്തെ ആദ്യമായറിയും. അതിന്റെ ഭാഷ നീയും!

 

ആ ദിവസത്തിനുവേണ്ടി മാത്രമാണ്, നിനക്കറിയാം, ഞാനിന്നു ജീവിക്കുന്നതുതന്നെ. ഇനിയും താമസിക്കരുത്. ഇല്ലാ... എന്തോ... മനസ്സങ്ങനെ തന്നെ പറയുന്നു. നീ വരും... ഉടനേ വരുമെന്ന്.

വാതിലിലാരോ മുട്ടുന്നുണ്ട്. നിർത്തുകയാണ്. എൻ്റെ കാക്കത്തൊള്ളായിരത്തി ഒന്നാമത്തെ കത്ത്. നീയിത് വായിക്കുക. എന്നെ തേടി ഉടനേ വന്നെത്തുക. നീ വരുമെന്ന പ്രതീക്ഷയിൽ..

എങ്കിലുമെന്‍റെ രാജകുമാരാ.. നിന്‍റെ മേൽവിലാസം മാത്രം... എവിടെയോ വെച്ച് ഞാനത് മറന്നുപോയിരിക്കുന്നു. 

അല്ലെങ്കിൽ... ശരിയാണ്... എന്നാണെനിക്കത് ഓർമ്മയുണ്ടായിരുന്നത്?!

അത്രമേൽ പ്രണയിനിയായ ഞാൻ,

നിന്‍റെ വേശ്യ. 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ