ജയേട്ടനും കുട്ടികളും യാത്രയായപ്പോൾ, കാലത്തെ തിരക്ക് തെല്ലൊന്ന് ഒതുക്കിയവൾ മൊബൈൽ എടുത്തു നോക്കി. കൂട്ടുകാരുടേയും കുടുംബക്കാരുടേയും മെസേജുകൾ ധാരാളം വന്നുകിടപ്പുണ്ട്. പക്ഷേ
അവൾ കാത്തിരുന്ന അയാളുടെ മെസ്സേജുകൾ മാത്രമല്ല. ഫോണെടുത്താൽ ഇന്ദുകല എന്നും ആദ്യം നോക്കുന്നത് അയാളുടെ മെസ്സേജുകൾ ആണ്.
"ചായ കുടിച്ചോ ?"
''കഴിച്ചോ "
"എന്താ സ്പെഷ്യൽ ?"
"കുളിച്ചോ ?"
എന്നു തുടങ്ങി ഡ്രസിൻ്റെ കളർ വരെ തിരക്കും.ദിവസവും പതിവുള്ളതാണെങ്കിലും ഒരിക്കലും അവൾക്ക് മുഷിവ് തോന്നീട്ടില്ല.
അയാളുടെ ആശംസകൾക്കായി അവൾ മൊബൈലിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേനേരമായി. ഇന്ന് എന്തോ മനസിനൊരു വല്ലാത്ത നൊമ്പരം തോന്നുന്നു. അയാളുടെ മെസ്സേജ് ഇതുവരെ വന്നില്ല.
ഓൺലൈനിൽ വന്നിട്ടുപോലുമില്ല. അയാൾ സാധാരണ ആറു മണിക്ക് ഓൺലൈനിൽ വരുന്നതാ. വന്നാൽ സുപ്രഭാതമടക്കം അഞ്ചാറ് മെസേജുകൾ കാണും. എല്ലാം കുളിർമഴ പോലെ മനസിനെ തണുവണിയിക്കുന്നത്.
വാട്സ്ആപ്പിലെ അയാളുടെ മെസേജുകൾ ഒരിക്കൽ കൂടി അവൾ എടുത്തു നോക്കി.
"എനിക്കൊരു നല്ല ഫ്രണ്ടിനെ വേണം. എല്ലാക്കാര്യങ്ങളും തുറന്നു പറയാൻ പറ്റിയ നല്ലൊരു ഫ്രണ്ട്. "
"അതിനെന്താ ഞാൻ അങ്ങനെ തന്നെയാണല്ലോ." ഒരു സ്മൈലിയോടൊപ്പം അവൾ മറുപടിയിട്ടു.
പിന്നെന്നും പല പല ചോദ്യങ്ങളുമായി അയാൾ അവളുടെ സമയം അപഹരിച്ചു. ചില നേരങ്ങളിൽ അയാളുടെ സന്ദേശങ്ങൾ മനസിനെ തരളിതമാക്കാറുണ്ട്. പലപ്പോഴും സൗഹൃദത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് അയാളിൽ ഒരു കഴുകൻ ചിറകടിച്ചുയരുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.
പക്ഷേ അയാൾ വിടാൻ ഭാവമില്ലാതെ അവളുടെ വിലപ്പെട്ട സമയവും സ്വൈര്യതയും കവരാൻ തുടങ്ങിയപ്പോൾ പ്രതികരിക്കാതെ തരമില്ലാതായി.
''മോളൂ എനിക്കൊരു സൂപ്പർ സെൽഫി തരാമോ ?"
ഇന്നലെ അയാൾ ചോദിച്ചപ്പോൾ 'തരില്ല 'ന്ന് അവൾ കട്ടായംപറഞ്ഞു.
"നാം തമ്മിൽ പിന്നെന്ത് സൗഹൃദമാണ് ?" അയാൾ സ്വന്തം ഒരു ഫോട്ടോ ഇട്ട് കൊണ്ട് ചോദിച്ചു .
"ഞാൻ നിങ്ങളോട് ഫോട്ടോ ചോദിച്ചില്ലല്ലോ. പിന്നെന്തിന് ഈ ചിത്രം ?" അവൾ ചോദിച്ചു .
"ഞാൻ എൻ്റെ ഇഷ്ടം പ്രകടിപ്പിക്കുന്നത് ഇങ്ങനാണ്."
അയാൾ പറഞ്ഞതു കേട്ട ഇന്ദുവിന് ദേഷ്യമടക്കാനായില്ല. ഒരു ബ്ലോക്കുകൊണ്ട് തീരുന്ന പ്രശ്നമേ ഉള്ളൂ എങ്കിലും ആത്മസംയമനത്തോടെ അവൾ ചോദിച്ചു .
"സൗഹൃദം നഷ്ടപ്പെടുത്തരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ചോദിക്കട്ടെ.നിങ്ങളുടെ ഭാര്യയോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അവൾ എന്തു മറുപടി നൽകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? "
അതിന് അയാൾ ഒന്നും പറഞ്ഞില്ല.
"എനിക്ക് ഒരു മറുപടി തരണം."
ഇന്ദുകലയുടെ ആ മെസ്സേജും അയാൾ കണ്ടു .
അതിനും മറുപടിയില്ല. തൻ്റെ തുറന്ന സൗഹൃദം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം കുറേ നാളായി അവളുടെ മനസ്സിൽ തോന്നിയിരുന്നു .
"നാം എന്തെങ്കിലും ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കണം.സ്വന്തം ഭാഗത്തു നിന്നും മറ്റുള്ളവരുടെ ഭാഗത്തുനിന്നും.നമ്മുടെ പ്രവൃത്തി കഴിയുന്നതും ആരെയും വേദനിപ്പിക്കരുത്. നല്ലൊരു സൗഹൃദം ആണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഇവിടെത്തന്നെയുണ്ട്. അല്ലെങ്കിൽ ഒരു കൂപ്പു കൈ ചിത്രത്തോടെ അവൾ നിറുത്തി. കൂടെ ഒരു ഗുഡ് നൈറ്റ് ചിത്രവും ഇട്ടു.
അവസാനമായി അയാൾക്ക് ഒരു മെസേജു കൂടി കൊടുക്കണമെന്ന് അവൾക്കു തോന്നി. വഴിതെറ്റുന്ന സൗഹൃദങ്ങൾ അനവധിയാണ്. പക്ഷേ തന്നെ അതിന് കിട്ടൂല എന്ന് അയാളെ അറിയിക്കാനായ്
അവൾ മൊബൈലിൽ ടൈപ്പു ചെയ്തു.
"നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്ന ഏതൊരാളും എന്നും എൻ്റെ ഫ്രണ്ടായ് കൂടെയുണ്ടാവും."