വഴിക്കണ്ണുമായ് 'പാറുവമ്മ 'തന്റെ കൂട്ടുകാരി 'മാളു'വിനെ കാത്തിരിക്കുകയായിരുന്നു. പാറുവമ്മക്ക് ചെറിയ ചെറിയ ഓർമ പിശകുകൾ വന്നത് കൊണ്ട് ഒരു മാസം മുമ്പ്, മകൻ 'രഘു 'പട്ടണത്തിലുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഡോക്ടർ പാറുവമ്മയെ വിശദമായ പരിശോധിച്ചു, എന്നിട്ട് പറഞ്ഞു, അമ്മക്ക് മറവി രോഗത്തിന്റെ തുടക്കം ആണെന്ന്. അത് കേട്ട് പാറുവമ്മ ഒന്ന് ഞെട്ടാതിരുന്നില്ല, എന്നിട്ടും ധൈര്യം അഭിനയിച്ചു കൊണ്ട് തന്റെ മുൻ വരിയിലെ പല്ലില്ലാത്ത മോണ കാണിച്ചു വെളുക്കെ ചിരിച്ചു.
പാറുവമ്മയുടെ, കൂട്ടുകാരി മാളുവിനെ കാത്തിരിക്കുന്നതിന്റെ രഹസ്യം വേറെ ഒന്ന് തന്നെയാണ്, 'അടുത്ത വർഷം ഓർമയോടെ ഉണ്ടാവുമെന്ന് ദൈവത്തിനേ അറിയൂ.... 'ഈ വരുന്ന തിങ്കളാഴ്ച നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണല്ലോ, അതിനെ കുറിച്ചുള്ള അറിവുകൾ 'മനോരമ 'ന്യൂസ് പേപ്പറിൽ എന്താണ് കൊടുത്തിരിക്കുന്നത് എന്ന് അറിയണം, 1920 ഓഗസ്റ്റ്ൽ 18ന് നമ്മുടെ രാഷ്‌ട പിതാവ് മഹാത്മാഗാന്ധി കോഴിക്കോട്ടെ മണ്ണിൽ കാലു കുത്തിയതും, കേരള ത്തിൽ തന്നെ ചരിത്ര വിഷയമാണ്. അവിടെ താമസിച്ചതിനെ കുറിച്ച് മൊക്കെ ന്യൂസിൽ കൊടുത്തിട്ടുണ്ടെങ്കിൽ അതും അറിയണം, കാരണം വേറെ ഒന്നുമല്ല, ആ കൂട്ടത്തിലെ വഴി കാഴ്ചകൾ ഒരുക്കാനും, ഗാന്ധിജിയെ ഒന്ന് തൊടാനും, ഭാഗ്യം കിട്ടിയ ആളാണ് പാറുവമ്മയുടെ അച്ഛന്, പിന്നീട് അച്ഛൻ ഗാന്ധിമാർഗം സ്വീകരിക്കുകയായിരുന്നു. കുട്ടികളോടും, ചെറുമക്കളോടും, ഇതെല്ലാം പറയുമ്പോൾ മുത്തശ്ശിയുടെ ഒരു തള്ള് എന്ന് പറഞ്ഞു പരിഹസിക്കും, എന്നാൽ തന്റെ കൂട്ടുകാരി മാളുവിന് അറിയാം, രാജ്യത്തിനു വേണ്ടി സ്വയം ജീവിതം ബലിഅർപ്പിച്ച് പോരാടി, മരണം വരിച്ച രക്ത സാക്ഷികളെ കുറിച്ചും, സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും, കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അവിസ്മരണീയം എന്ന് വിശേഷിപ്പിച്ച കോഴിക്കോടിന്റെ മണ്ണ് അന്ന് പുണ്യമാകുകയായിരുന്നു എന്നതിനെ കുറിച്ച് മൊക്കെ.
വൈകിട്ട് അഞ്ചു മണിയായി മാളു തന്റെ കൂട്ടുകാരിയോട് വിശേഷം പറയാൻ വന്നപ്പോൾ.
"നിന്നെ എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു" എന്ന് മാളുവിന്റെ കണ്ടപ്പോൾ പാറുവമ്മ പരിഭവം പറഞ്ഞു.
"ഒന്നുമില്ല പാറു.... "മാളു വിഷമത്തോടെ പറഞ്ഞു.
എന്താപ്പോ ഇന്ക്ക് പറ്റിയത്? സാധാരണ ഇങ്ങനെയല്ലല്ലോ! ഇന്നെ കാണാറ്."
"അത് പിന്നെ 'വാർത്തകൾ' ഒക്കെ ഇപ്പോ അത്ര രസത്തിൽ അല്ല.അഴിമതി, സ്വർണകടത്ത്, കൊലപാതകം, അതിനൊക്കെ പുറമെ ആളുകൾ സ്വാർത്ഥരാണ്, വളരെ യേറെ, ആർക്കും ഇപ്പോ പഴയ പോലെ ആത്മാർത്ഥയൊന്നും ഇല്ല."
"അതിപ്പോ ഇങ്ങനെ തന്നെയല്ലേ... 'ചേര തിന്നുന്ന നാട്ടിൽ പോയാൽ ചേരയെ തിന്നണം എന്നല്ലേ,'പറയാറ്. കാലമൊക്കെ മാറി ഇന്റെ മാളൂ, വരും തലമുറകൾ എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നോ ആവോ."
നമ്മുടെ 'മധു'വിന്റെ കേസ് എന്തായി...? ആ കുട്ടിയെ ഓർക്കുമ്പോ ഇന്റെ വയറ്റിന്ന് ഒരു കാളലാണ്, പാവം വിശക്കുന്ന വയറിന്റെ വിളി അറിയാതെ പോയീലെ എല്ലാരും."
"മ്മ്... മ്മ്...." മാളു മൂളി, എന്നിട്ട് പറഞ്ഞു, ഒന്നും ആയിട്ടില്ല പാറൂ...അല്ലെങ്കിലും എന്താവാനാ... അയാൾക്കും, അയാളെ വീട്ടുകാർക്കും പോയി." മാളു തന്റെ മടിശീലയിൽ നിന്ന് വെറ്റില എടുത്തു പാറുവമ്മക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.
"ആരു പറഞ്ഞു ഒന്നും ആയിട്ടില്ലന്ന്, ഈ പ്രകൃതിയെ ശപിച്ചാണ് ആ കുട്ടി പോയിട്ടുള്ളത്, കെട്ടിയിട്ട് അടിക്കുമ്പോൾ ഒന്ന് തടുക്കാൻ പോലുമാവാതെ...? പാറുവമ്മ വേദനയോടെ തല അങ്ങോട്ടും, ഇങ്ങോട്ടും ചലിപ്പിച്ചു."
"നോക്കൂ...വേദനകൊണ്ട് കണ്ണീരിൽ കുതിർന്ന വിലപിക്കുന്ന അനേകായിരം നിരപരാധികളുടെ ശാപമാണ്....നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഓരോ ദുരന്തവും, സ്വാർത്ഥരായ മനുഷ്യരുടെ കൊടും ക്രൂരതകൊണ്ട്, ഇനി എന്തൊക്കെയാണോ നമ്മൾ അനുഭവിക്കാൻ കിടക്കുന്നത്.അവരുടെ ശാപം ഈ ഭൂമിയിൽ മോക്ഷം കിട്ടാതെ അലയും,നമ്മളാൽ അനുഭവിക്കും,"
"ആരോട് പറയാനാ... പാറു, കാലം മാറിയില്ലേ, അതിനേക്കാൾ മുന്നിലായി ആളുകളും മാറിയില്ലേ...."
"നമ്മുടെ രാജ്യം സ്വതന്ത്ര്യമായി, എന്നാൽ ഇവിടെ വസിക്കുന്ന ജനങ്ങളുടെ മനസ്സ് ഇടുങ്ങിയ ചിന്താഗതിയിൽ നിന്നും ഇനി എന്നാണാവോ സ്വതന്ത്രമാകുന്നത്? ഒന്നും കാണാതെയും, കേൾക്കാതെയും അങ്ങ് മരിച്ചാൽ മതിയായിരുന്നു."പാറുവമ്മ വ്യസനത്തോടെ പറഞ്ഞു.
"ഇയ്യ് ഒരു കണക്കിന് ഭാഗ്യവതിയാ, ഇന്ക്ക് അല്ലേ മറവി രോഗം വരുമെന്ന് പറഞ്ഞെ! "മാളു പോകാനുള്ള തയ്യാറെടുപ്പോടെ തന്റെ കൂട്ടുകാരിയെ പക്കൽ നിന്ന് എണീറ്റ് കൊണ്ട് പറഞ്ഞു.
"അതും ഒരു കണക്കിന് ഭാഗ്യമാ.... "പാറുവമ്മ പിറുപിറുത്തു.മാളു തന്റെ കൂട്ടുകാരിയെ വിട്ട് പോകാൻ യാത്ര ചോദിച്ചു.
"എന്നാ ഞാൻ പോട്ടെ, നാളെ വരാം, അല്ല... ഇന്ക്ക്പ്പം എന്നെ മറന്നു പോയാൽ ഞാൻ സഹിക്കൂലാട്ടോ... നമ്മുടെ ഉറ്റവരെയും, ഉടയവരെയും, ഒന്നുമൊന്നും അറിയാത്ത ഒരവസ്ഥ ...ഞാൻ പിന്നെ ഇങ്ങോട്ട് വരുകേ ഇല്ല, സങ്കടം ആവുംന്നെ"
"അങ്ങിനെയൊന്നും ഉണ്ടാവൂലെടീ... അത് പറയുമ്പോൾ എന്തിനെന്നറിയാതെ പാറുവമ്മയുടെ കണ്ണിൽ നിന്ന്കണ്ണീർ വന്ന് മൂടി.