mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വിവാഹാലോചനകൾ എന്നും വരുന്നുണ്ട്. പല ഒഴിവു കഴിവുകളും പറഞാണു ഒരുവിധം എല്ലാം പറഞ്ഞു വിട്ടത് . ഭാഗ്യത്തിന്, കുറെ ആഴ്ചകളായി ഇപ്പോൾ ബ്രോക്കറേയും കാണാറില്ല. അല്ലെൻകിൽ കറുത്ത ബാഗും കുടയുമായി വരേണ്ടതാണ് ബസ്‌കൂലിയും ചായ കാശുമൊക്കെ ചോദിച്ചു.

എന്തോ... ചെറുപ്പത്തിൽ ചേച്ചിക്ക് പെണ്ണന്വേഷിച്ചു വരുന്ന ആളുകളോട് വലിയ വെറുപ്പായിരുന്നു. എത്ര തവണയാണ് ഓരോരുത്തരുടെയും മുന്നിൽ ചായയുമായി ചേച്ചി നിന്നിട്ടുള്ളത് എന്നറിയില്ല. സ്കൂൾ വിട്ടു വരുമ്പോൾ അപരിചിതർ മുൻവശത്തുണ്ടെങ്കിൽ ഉറപ്പിക്കാം പെണ്ണന്വേഷിച്ചു വന്നവരാകും. തന്നെ കണ്ടാൽ അനിയത്തിയാണോ എന്ന സ്ഥിരം ചോദ്യവും. ആദ്യമൊക്കെ കൗതുകം തോന്നിയിരുന്നു. വാതിൽ മറഞ്ഞു നിന്നു മുതിർന്നവരുടെ സംഭാഷണം കേൾക്കുമായിരുന്നു. പിന്നെ പിന്നെ പുതുമയില്ലാത്ത കാര്യമായി മാറി.

ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചപ്പോഴേക്കും ചേച്ചി കേരളത്തിന് പുറത്തു ജോലിയുള്ള ഒരാളെ കല്യാണം കഴിച്ച് അങ്ങോട്ടു പോയി. വർഷങ്ങൾ പലതും പിന്നിട്ടപ്പോഴാണ് ചേച്ചി ആദ്യമായി നാട്ടിൽ വന്നത്. അപ്പോഴേക്കും പാവാടയിൽ നിന്നും ധാവണിയിലേക്കു മാറിയിരുന്നു. തനിക്കും ആലോചനകൾ വന്നു തുടങ്ങിയിരുന്നു. ചേച്ചിയെ പോലെ ഒട്ടും പരിചയമില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അന്യദേശത്തേക്കു പോയി താമസിച്ചു വർഷങ്ങൾ കൂടിയുള്ള തിരിച്ചു വരവൊന്നും സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. അന്നേ മനസ്സിൽ കുറിച്ചിട്ടതാണ് ചേച്ചിയുടെ പോലെയുള്ള ഒരു ജീവിതം വേണ്ട എന്ന്.

ചേച്ചി ഒരിക്കലും ചേട്ടനെ കുറിച്ച് ഒരു പരാതിയും പറഞ്ഞു കേട്ടിട്ടില്ല. വളരെ സന്തോഷത്തിലാണ് കുട്ടികളോടും ഭർത്താവിനോടുമൊപ്പമുള്ള ജീവിതം. അത്ഭുതം തോന്നിയിട്ടുണ്ട് അപരിചിതരായ രണ്ടു പേർ ഒരുമിച്ച് എങ്ങനെ ജീവിക്കുന്നു ആലോചിച്ചു.

പിന്നീട് ഉപരിപഠനം വീട്ടിൽ ചർച്ചയായി വന്നപ്പോൾ എല്ലാവരും എതിർത്തു. കല്യാണം ആയിരുന്നു എല്ലാവരും നിർദേശിച്ചത്. ഒരു ഘട്ടത്തിൽ നെഞ്ചിടിപ്പ് കൂടിയതാണ്. ഏതോ ഒരു വലിയ തറവാട്ടിലെ പുറത്തു ജോലിയുള്ള പയ്യൻ ആലോചിച്ചത് വല്യമ്മ പറഞ്ഞപോഴായിരുന്നു അത്. പെട്ടെന്നു വേണം എന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് അതൊഴിവായിപ്പോയത് . തനിക്കു വേണ്ടി സംസാരിച്ചത് ചേച്ചിയായിരുന്നു.
"അവൾക്കു പഠിക്കണമെങ്കിൽ, അവൾ പഠിക്കട്ടെ. നാട്ടിൽ തന്നെ ഒരു ടീച്ചറുടെ ജോലി കിട്ടിയാലും നാട്ടിൽ തന്നെ താമസിക്കാമാല്ലോ. എന്നെ പോലെ പരിചയമില്ലാത്ത നാട്ടിൽ മിണ്ടാനും പറയാനും ആളില്ലാതെ ജീവിക്കേണ്ടിവരില്ലലോ".
അതിൽ ഒരു പരിഭവം ഉള്ളത് പോലെ തോന്നി. അപ്പോൾ ചേച്ചിയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ കാണാറുള്ള സുമുഖനായ ചന്ദനകുറിയിട്ട ചെറുപ്പക്കാരനെ അറിയാതെ ഓർത്തു. അതു വരെ സംസാരിച്ചു നടക്കുന്ന ചേച്ചി പെട്ടെന്നു മിണ്ടാതാകുന്നത് അയാളെ കാണുമ്പോൾ ആയിരുന്നു. ആരായിരുന്നു ആവോ, അറിയില്ല.

അകലെയുള്ള കോളേജിൽ ചേർന്നു പഠിക്കാൻ തുടങ്ങി. മാസത്തിൽ ഒരു തവണ മാത്രമാണ് വീട്ടിലേക്കുള്ള യാത്ര. പഠനത്തിന്റെ തിരക്കിലും വീട്ടിൽ നിന്നും സമപ്രായക്കാരായ പെൺകുട്ടികളുടെ വിവാഹകാര്യങ്ങൾ അറിയിക്കാറുണ്ട്. അതു കൊണ്ട് വിവാഹകാര്യം മനസ്സിൽ സജീവമായി നിന്നിരുന്നു.

കൂട്ടുകാരികളിൽ ചിലർ വിവാഹിതരായിരുന്നു. അവർ പഠനത്തിനിടയിൽ ചിലപ്പോഴൊക്കെ നഗരത്തിൽ ഭർത്താക്കന്മാരോടൊത്തു ഔട്ടിങ്ങിനിറങ്ങുമായിരുന്നു. ഔപചാരികതയുടെ പേരിൽ ക്ഷണിക്കുമെങ്കിലും എന്തെങ്കിലും പറഞ്ഞു പോകാതിരിക്കലാണ് പതിവ്. അപ്പോഴൊക്കെ മനസ് നിര്ബന്ധിക്കുമായിരുന്നു, ഒരു വാക്ക് മതി ഇതെല്ലാം നിർത്തി ഒരു വേഷപ്പകർച്ചക്ക്. അപ്പോഴൊക്കെ അകത്തു നിന്നാരോ പറയാറുണ്ടായിരുന്നു ക്ഷമിക്കാൻ. തന്നോടുതന്നെ യുദ്ധം ചെയ്തു ഡിഗ്രി നേടി വീണ്ടും നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് തെക്കേലെ പപ്പേടത്തി രഘുവേട്ടന്റെ ആലോചനയുമായി വന്നത്.

രഘുവേട്ടനോ?... എന്നറിയാതെ ചോദിച്ചു പോയി. ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ആളാണ്. കുഞ്ഞ് നാളിലേ ലീവിന് വരുമ്പോൾ എന്നും വൈകിട്ട് വീട്ടിൽ വന്നു അച്ഛനോടും മറ്റും കുറെ നേരം സംസാരിച്ചു പോകും . സ്വന്തം ഏട്ടനായെ ഇതു വരെ തോന്നിയിട്ടുള്ളൂ.

ചെറിയ കൊമ്പൻ മീശയും നനുത്ത പുഞ്ചിരിയും ആണ് രഘുവേട്ടൻ എന്നു പറഞ്ഞാൽ ഓർമ വരിക. സാമൂഹ്യപാഠത്തിലെ ഭഗത്‌സിംഗിന്റെ രൂപ സാദൃശ്യം ചേച്ചിയുമായി സംസാരിച്ചിട്ടുമുണ്ട്. അതു മാത്രമല്ല പണ്ട് സൈക്കിൾ കയറി കാലൊടിഞ്ഞപ്പോൾ ആശുപത്രി വരെ തന്നെ എടുത്തോടിയ കഥ പല തവണ കേട്ടിട്ടുണ്ട്. പക്ഷെ ഭർത്താവായി കാണാൻ കഴിയുമോ എന്നു തന്നോട് തന്നെ ചോദിച്ചു നോക്കി. ഉത്തരമില്ല. ഒപ്പം നിൽക്കുന്നതും വിവാഹവേഷത്തിലും അല്ലാതെയും ചേർച്ച ഉണ്ടാകുമോ എന്നു സങ്കല്പിച്ചും ഉറങ്ങാൻ കിടന്നു . എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. രാവിലെ അമ്മ വാതിൽ തട്ടി വിളിച്ചു രഘു വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ചാടി എഴുന്നേറ്റു. കുളിച്ചെന്നു വരുത്തി താഴേക്കു ചെന്നു.

ആൾ കസേരയിലിരിക്കുന്നു. അതേ ചിരി. മീശ പഴയപോലെ പിരിച്ചു വെച്ചിട്ടുണ്ട്.വെള്ള ജൂബയും വെള്ളമുണ്ടും ആണ് വേഷം. രണ്ടു വർഷമായി കാണും കണ്ടിട്ടു. ശബ്‌ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി ചിരിച്ചു. പെരുമാറ്റത്തിൽ ഒരു മാറ്റവുമില്ല. അപ്പോൾ പപ്പേടത്തി സ്വന്തം നിലക്ക് പറഞ്ഞതാകുമോ എന്നു ഒരു ശങ്ക തോന്നി. അങ്ങനെ അവരുതേ എന്നു മനസ്സും. ഒരു ജാള്യത അല്ലെങ്കിൽ ഒരു പതർച്ച, രണ്ടും കണ്ടില്ല. തിരിഞ്ഞ് അകത്തേക്കു നടക്കാൻ തുടങ്ങുമ്പോൾ ഇന്നലെ അമ്മ വന്നിരുന്നിലേ എന്നൊരു ചോദ്യം കേട്ടതോടെ മുഖം ചെമ്പരത്തി പൂപോലെ ആയി. തലകുനിച്ചു മൂളി പിൻവലിയാൻ നേരത്തു അമ്മ പിറകിൽ വരുന്നുണ്ടായിരുന്നു. മുഖം ഒളിപ്പിക്കാൻ പാടുപെടേണ്ടിവന്നു. കുറച്ചു നേരം സംസാരിച്ചു കക്ഷി പോയി.

ഇന്നിപ്പോൾ മുഹൂർത്തത്തിന് മുൻപായി നേരത്തെ തന്നെ അമ്പലത്തിൽ എത്താനുള്ള ഒരുക്കത്തിലാണ്. കൂട്ടുകാരികൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. ബന്ധുക്കൾ ഒക്കെ ഉപ്പുമാവും പഴവും പപ്പടവുമൊക്കെ കഴിക്കുന്ന തിരക്കിലാണ്. വിശ്വസിക്കാൻ കഴിയുന്നില്ല താൻ ഇന്നു വിവാഹിതയാകാൻ പോകുകയാണ് എന്നും പത്തു ദിവസങ്ങൾക്കു ശേഷം രഘുവേട്ടനോടൊപ്പം പറഞ്ഞു മാത്രം കേട്ടിട്ടുള്ള കശ്മീർ എന്ന സ്വപ്നനഗരത്തിലേക്കു പറിച്ചു നടാൻ പോകുകയാണ് എന്നും. നിന്റെ പഴയ തീരുമാനമൊക്കെ രഘുവിനെ കണ്ടതോടെ ഇല്ലാതായോ എന്ന ചേച്ചിയുടെ ചോദ്യം ഓർത്തു. കണ്ണാടിയിൽ ഒന്നു കൂടെ നോക്കി മുന്നിൽ വീണു കിടക്കുന്ന മുടി ഒരിക്കൽ കൂടി ഒതുക്കി എല്ലാം ശരിയല്ലേ എന്നു രണ്ടാമതൊരിക്കൽ കൂടി നോക്കി ഉറപ്പിച്ചു . എന്നും വിളക്കു വെക്കാറുള്ള കാരണവന്മാരുടെ അസ്ഥിത്തറയിൽ നോക്കി തൊഴുതു കാറിൽ കയറി. കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും കയറാത്ത ആ കതിർ മണ്ഡപത്തിലേക്കു രഘുവേട്ടന്റെ കൈ പിടിച്ചു കയറാൻ. ആ കൈകളുണ്ടെങ്കിൽ ലോകത്തെവിടെ പോകാനുമുള്ള ധൈര്യം
അപ്പോൾ മനസ്സിനുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ