മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അതൊരു തണുത്ത പ്രഭാതമായിരുന്നു . മഞ്ഞിന്‍റെ ഈര്‍പ്പം തങ്ങി നിന്ന , ജനാലചില്ലിലൂടെ ഞാന്‍  നിര്‍നിമേഷനായ് പുറത്തേക്കു നോക്കിയിരുന്നു . പുറത്തെ പൂന്തോട്ടവും , ചുറ്റും നിന്ന വന്‍മരങ്ങളും , അകലെ മായിക ഭാവത്തില്‍ നിലകൊണ്ട നീല മലകളും തലേന്ന് രാത്രി പെയ്ത മഴയില്‍ നന്നഞ്ഞു തണുത്തുനിന്നു. 

ഞാന്‍ ഇരുന്ന കസേരയും ,കൈവച്ചിരുന്ന മേശയും തണുപ്പാണ് എനിക്ക് പ്രദാനം ചെയ്തത്  . എന്‍റെ ഓരോ കണത്തിലും നിറഞ്ഞു നിന്നത് തണുപ്പായിരുന്നു .  എന്‍റെ  മനസ്സിലും ഉറഞ്ഞു കിടന്നത് നിത്യമായശൈത്യം ആയിരുന്നു . നിര്‍വ്വചിക്കാന്‍ കഴിയാത്ത ഒരു വിഷാദവും  , അസുഖകരമായ ഒരു വേദനയും  മൂടല്‍മഞ്ഞു പോലെ പതുക്കെ എന്‍റെ  മനസ്സില്‍ നിറഞ്ഞു .

നനഞ്ഞു നിന്ന മരങ്ങളില്‍ നീലമലകളില്‍ നിന്നു വന്ന കാറ്റടിച്ചു . കാറ്റിന്‍റെ കുളിര്‍കരസ്പര്‍ശത്താല്‍ ഇലകള്‍  പുളഞ്ഞു . ആ കാഴ്ച എന്‍റെ മനസ്സിലേക്ക് കൊണ്ടുവന്നത് ,വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു പ്രഭാതമായിരുന്നു .  മഴനനഞ്ഞുനിന്ന  ആ തണുത്ത പ്രഭാതത്തില്‍ , പുഴയുടെ  മാറിലൂടെ ഒരു ചെറിയ ബോട്ടില്‍ ഭയപ്പാടോടെ എന്‍റെ  മകനെ ഞാന്‍ തിരയുകയായിരുന്നു . ചുറ്റും എന്നെപ്പോലെ തന്നെ ഉറ്റവരേ  തേടി ഏറെ മനുഷ്യര്‍ അലയുന്നുണ്ടായിരുന്നു . എവിടെയും കരിച്ചിലും , വേദനകളും മാത്രം . ബോട്ടു മറിയുന നിമിഷത്തില്‍ അവന്‍റെ ഭയന്നിരണ്ട മുഖവും , ഞാന്‍ ബലമായ്‌ പിടിച്ച അവന്‍റെ കൊച്ചു കയ്യും ഓര്‍മ്മയുണ്ട് . പിന്നെ എപ്പോഴോ അവന്‍ എന്‍റെ  കൈയ്യില്‍ നിന്ന് ജീവിതം പോലെ വഴുതിപ്പോയി . 

ഒടുവില്‍ എല്ലാ പ്രത്യാശകള്‍ക്കും , പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട് തണുത്ത വെള്ളത്തിനടിയില്‍ നിന്ന് ചേമ്പിലപോലെ തളര്‍ന്ന അവന്‍റെ ശരീരം , അപരിചിതനായ  ഒരു മനുഷ്യന്‍ ഉയര്‍ത്തിക്കൊണ്ട് വന്നു . , ആ മുഖത്ത് ഞാന്‍ കണ്ടത് അഗാധവും, നിത്യവുമായ ശാന്തതയായിരുന്നു . അവന്‍ സ്വപ്നം കണ്ടു തളര്‍ന്നുറങ്ങുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകം ഒരു നിമിഷം നിശ്ചലമായ്‌ .എനിക്ക് അസഹ്യമായ തളര്‍ച്ചയും , കഠിനമായ തണുപ്പും അനുഭവപ്പെട്ടു . ആ കാഴ്ച എന്‍റെ മനസ്സില്‍ എന്നന്നെക്കുമായ് ഒരു വലിയ ഗര്‍ത്തം ഉണ്ടാക്കി . അതിന്‍റെ സാന്നിധ്യം ഇപ്പോഴും ഞാന്‍ വേദനയോടെ അറിയുന്നു . ആ സംഭവത്തോടെ  എന്‍റെ ജീവിതം മറ്റൊന്നായ് മാറിയിരുന്നു . ഏറെ ചിന്തിച്ചാല്‍ ചെന്നെത്തുന്ന നിരാശയുടെ മുള്‍കാട്ടില്‍ നിന്ന് മനസ്സിനെ ഞാന്‍ പെട്ടെന്ന് പിന്തിരിപ്പിച് പുറത്തെ കാഴ്ചകളില്‍ കണ്ണുനട്ടൂ  .

ഏറെ അകലെ താഴെയായി , മൂടല്‍ മഞ്ഞിനിടയില്‍  ഒരു സര്‍പ്പം പോലെ വളഞ്ഞു പുളഞ്ഞു കിടന്ന  റോഡിലൂടെ , ഹെവന്‍ലി അബോഡിന്‍റെ പച്ച നിറത്തിലുള്ള വാന്‍ പതുക്കെ കയറി വരുന്നുണ്ടായിരുന്നു . ഹെവന്‍ലി അബോഡിലെക്കുള്ള    ആഹാര സാധനങ്ങള്‍ മലയാടിവാരത്തിലുള്ള , ഗ്രാമത്തില്‍ നിന്ന് വാങ്ങിക്കൊണ്ടുള്ള വരവാണ്  .

പരന്നു കിടക്കുന്ന സുഗന്ധമുള്ള കാപ്പി തോട്ടങ്ങളും , മേഘങ്ങള്‍ തഴുകുന്ന വലിയ  മരങ്ങളും, ഹെവന്‍ലി അബോഡിനെ വലയം ചെയ്തു  നില്‍ക്കുന്നു  . ഏകദേശം നൂറ്റന്‍പതോളം അന്തേവാസികള്‍ അവിടെയുണ്ട് . പ്രായം ചെന്നവര്‍ , അങ്കവൈകല്യം ഉള്ളവര്‍, അനാഥര്‍ , അങ്ങിനെ എല്ലാതരത്തിലുള്ള ആളുകള്‍ക്കും ഇവിടെ  അഭയം ഉണ്ട്  . ഞാന്‍ ഇവിടെ വന്നിട്ട് ഏഴ് വര്‍ഷത്തോളം ആയി .

എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വീശി , അത് തുറന്നിട്ട ജനാലയിലൂടെ , ഡയനിങ്ങ് റൂമിലേക്ക്‌ കയറിവന്നു . ദൂരെ അവിടെയോ മഴപെയ്യുന്നു . ആ ഡയനിങ്ങ് റൂമില്‍ പലയിടങ്ങളിലായി അന്തേവാസികള്‍  ചായ കുടിച്ചു കൊണ്ടിരുന്നു  . ചിലര്‍ തണുപ്പിന്‍റെ ആലസ്യത്തില്‍ കസേരയില്‍ കണ്ണടച്ച് ചാരിയിരുന്നു   .

“സാര്‍”  , പൊടുന്നനെയുള്ള വിളികേട്ട് പുറത്തെ  കാപ്പി ചെടികള്‍ നോക്കിയിരുന്ന ഞാന്‍ തിരിഞ്ഞു നോക്കി.

“ഇന്നലെ രാത്രി നല്ല മഴയായിരുന്നു , വെളുപ്പിനാണ് ഒന്നു തോര്‍ന്നത്‌” , കയ്യിലുള്ള ചായ എന്‍റെ മുന്നിലുള്ള ടേബിളില്‍ വച്ചുകൊണ്ട് , ദേവസ്സി പറഞ്ഞു. അവിടുത്തെ  ജോലിക്കാരന്‍ ആയിരുന്നു ദേവസ്സി .

അതെ, വെളുക്കും വരെ മഴപെയ്തു

അതെന്തേ സാറേ ഇന്നലെ ഉറങ്ങിയില്ലേ? ദേവസ്സി ചോദിച്ചു

ഞാന്‍ ഉത്തരമൊന്നും പറഞ്ഞില്ല ഒന്ന് ചിരിക്കുകമാത്രം ചെയ്തു .

ഞാന്‍ പതുക്കെ ചായ എടുത്ത് കുടിച്ചു , ദേവസ്സി കുറച്ചു നേരം അങ്ങിനെ നിന്നു ,പിന്നെ ആടുക്കളയിലേക്ക് നടന്നകന്നു .

എല്ലാം മറന്ന്, ഉറങ്ങിയിട്ട് വര്‍ഷങ്ങളായ് . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്  , ഇരുളടഞ്ഞ , ഭയാനകമായ ഗര്‍ത്തമാണ് . മനസ്സിലെ ആ ശൂന്യത , നിത്യമായ നിശബ്ധത എന്നെ വലയ്ക്കുന്നു . എനിക്ക് സമാധാനം തരുന്നില്ല  . വെറുതെ കണ്ണടച്ച് കിടക്കുക മാത്രമേ എനിക്ക് ചെയ്യാന്‍ കഴിയൂ , എല്ലാവരും , ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുന്നു . ഉറങ്ങുന്നതായ്‌ ഭാവിക്കുന്നു . എന്‍റെ ഓരോ ശ്രമങ്ങളും പരാജയങ്ങളാണ് . പരാജയങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു . ശരിക്കും പറഞ്ഞാന്‍ ഇന്നലെ ഒരു പോള ഞാന്‍ കണ്ണടിച്ചിട്ടില്ല  , മഴയുടെ ഓരോ തുള്ളിയും ,കാറ്റിന്‍റെ ആരവങ്ങളും , ഞാന്‍ കണ്ണടച്ച്  കിടന്ന്  അറിഞ്ഞു .  വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വന്ന എന്‍റെ മകന്‍ ഐസക്കിന്‍റെ  മുഖം കണ്ടത് മുതല്‍ , ഉറക്കവും , സമാധാനവും എന്നെവിട്ട്  അകലേക്ക്‌ പോയ്‌ മറഞ്ഞു .

പിന്നെ എന്‍റെ ഭാര്യയുടെ ഊഴമായിരുന്നു . വിവാഹം കഴിഞ്ഞ്  പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഐസക്ക് ജനിച്ചത്‌ . ഒരേ മകന്‍റെ  മരണത്തോടെ ,  എന്നെക്കാളും തളര്‍ന്നു പോയത് അവളായിരുന്നു . ആ മുഖത്ത് നിന്നും ചിരിയും , മനസ്സില്‍ നിന്ന് സന്തോഷവും , കടുത്ത  ദുഖത്തിന്‍റെ വേനല്‍ ഒപ്പിയെടുത്തു . ക്രമേണ അവള്‍  ജീവിതത്തെക്കാളും മരണത്തെ  സ്നേഹിക്കാന്‍ തുടങ്ങി  . ജീവിതത്തില്‍ ഇനി മറ്റൊന്നും ശേഷിക്കുന്നില്ല  എന്ന ചിന്ത അവളില്‍ വേരോടി ആഴ്ന്നിറങ്ങി വളര്‍ന്നു . പിന്നെ ഒരുനാള്‍ അവളും പോയി , ഞാന്‍ തനിച്ചായി .

റിട്ടയര്‍ ആകും വരെ നഗരത്തിലെ ചെറിയ ഫ്ലാറ്റില്‍ വീര്‍പ്പുമുട്ടി ജീവിച്ചു . പിന്നീടാണ് ഈ സ്ഥാപനത്തെക്കുറിച്ച് പത്രത്തില്‍ കാണുന്നത് . കൂടുതലൊന്നും ചിന്തിക്കാതെ എല്ലാം വിറ്റുപെറുക്കി ഇങ്ങോട്ടു പോന്നു . ഈ തീരുമാനത്തില്‍ പൂര്‍ണ്ണമായും  സന്തോഷിക്കുന്നു . ഈ തീരുമാനം എടുക്കാന്‍ വൈകിപ്പോയി എന്നെനിക്ക് പലപ്പോഴും തോന്നും .   

എന്തോശബ്ദം കേട്ട് ഞാന്‍ കണ്ണുതുറന്നു നോക്കി . ഒരാള്‍ മേശക്കപ്പുറത്തുള്ള കസേരയില്‍ എനിക്കഭിമുഖമായ് ഇരിക്കുന്നു .

ഞാന്‍ സൌഹൃത ഭാവത്തില്‍ ചിരിച്ചു

എന്നാല്‍ അതിനോട് പ്രതികരിക്കാതെ , അയാള്‍ എന്നെ തന്നെ തുറിച്ചു  നോക്കിക്കൊണ്ടിരുന്നു  .

ഞാന്‍ ,മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു ,പക്ഷെ എന്‍റെ കണ്ണുകള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല . എന്‍റെ മുന്‍പില്‍ ഇരിക്കുന്ന മനുഷ്യന്‍ ആരാണെന്ന് കണ്ടെത്താനുള്ള വെമ്പലില്‍ ആയിരുന്നു മനസ്സ് .

അയാള്‍ക്ക്‌ നാല്പ്പതിനോടടുത്ത് പ്രായം കാണും . നന്നേ ക്ഷീണിച്ച രൂപമാണ് . കണ്ണുകള്‍ വലുതും , നിര്‍ജ്ജീവവുമായിരുന്നു .  അയാളെ ആദ്യമായി ഇവിടെ കൊണ്ടുവന്ന ദിവസം ഞാന്‍ ഓര്‍ക്കുന്നു .  ഇവിടേക്ക് അയാളെ  കൊണ്ടുവന്നത് താഴ്വാര ഗ്രാമത്തിലെ ജീപ്പുകാരായിരുന്നു . ഒരു ഭീകര രൂപമായിരുന്നു അയാലുടെത് . നീണ്ട താടിയും , ജഡപിടിച്ച മുടിയും , മുഷിഞ്ഞു കീറിയ വസ്ത്രങ്ങളും . ദിവസങ്ങളായി അയാള്‍ മലയടിവരത്തെ ഗ്രാമത്തില്‍ അലഞ്ഞു തിരിയുകയായിരുന്നു.  .എവിടെ നിന്ന് എത്തിപ്പെട്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു .

അയാളുടെ കണ്ണുകളില്‍ ഭയം കുടിയേറിയിരുന്നു .ആ കണ്ണുകള്‍ എല്ലാ മുഖങ്ങളിലും  ആരെയോ തേടുന്നുണ്ടായിരുന്നു .  ഇവിടെ വന്നതിനുശേഷം  ദിവസങ്ങളോളം അയാള്‍ അകാരണമായ് വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു . ആരുമായും സംസാരിക്കില്ല , സൌഹൃദമില്ല  , രാത്രിയില്‍ ഉറക്കവുമില്ല  .    കണ്ണുകള്‍ ചലിക്കാതെ ഇമവെട്ടാതെ ദൂരെ എവിടെക്കോ നോക്കിയിരിക്കും .എന്തായിരിക്കാം അയാള്‍ തേടുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  

“ചായ കുടിച്ചില്ലേ” , ഞാന്‍ അയാളുമായ് സൌഹൃദം സ്ഥാപിക്കാനുള്ള ശ്രമം നടത്തി.

അയാളുടെ മുഖത്ത് എവിടെയോ ഒരു സൌഹൃദഭാവം മിന്നി മറഞ്ഞു  .

പൊടുന്നനെ പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. “ഇങ്ങനെ ഒരു പ്രഭാതത്തിലായിരുന്നു ഞങ്ങള്‍ അവിടെ ഉണര്‍ന്നത് . ജനാലക്ക്‌ പുറത്ത് കൊച്ചു കൊച്ചു കുന്നുകള്‍ മൂടല്‍ മഞ്ഞിനുപിറകില്‍ തണുത്തുറഞ്ഞു നിന്നു .ആ റിസോര്‍ട്ടിലെ ഞങ്ങള്‍ താമസിച്ച മുറിയുടെ ജനാലകള്‍ തുറക്കുന്നത്   അഗാധമായ ഇരുളടഞ്ഞ കൊക്കയിലേക്കായിരുന്നു . മകനാണ് കാലത്ത് ജനാല തുറന്നത് , താഴേക്കു നോക്കിയ അവന്‍ , കൊക്കയുടെ ആഴം കണ്ടു ഭയന്ന് , ജനാല അടച്ചു” .

“എവിടെ , ഏതു റിസോര്‍ട്ട്” ഞാന്‍ ചോദിച്ചു.

ആരോടും മിണ്ടാത്ത , അടുപ്പം കാണിക്കാത്ത , ഒന്നു ചിരിക്കാന്‍ പോലും കൂട്ടാക്കാത്ത ആ മനുഷ്യന്‍ പൊടുന്നനെ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി .  

സംഭാഷണം ഞാന്‍ തടസ്സപ്പെടുത്തിയതിന്‍റെ നീരസം ആ മുഖത്ത് വായിക്കാമായിരുന്നു . എന്നാല്‍ എന്‍റെ ചോദ്യം പെട്ടെന്ന് അയാളെ ചിന്തയിലാഴ്ത്തി . അയാള്‍ എന്‍റെ മുഖത്തു നിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കിയിരുന്നു . അയാള്‍ ചിന്തിക്കുകയായിരുന്നു . ആ കണ്ണുകള്‍ ചെറുതാകുകയും , നെറ്റി ചുളിക്കുകയും , എന്തോ പിറുപിറുക്കുകയും ചെയ്തു .

‘എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല’ കുറച്ചു നേരത്തെ ശ്രമത്തിനു ശേഷം അയാള്‍ പരാജിത ഭാവത്തില്‍ പറഞ്ഞു .

“സാരമില്ല , ഓര്‍മ്മ വരുമ്പോള്‍ പറഞ്ഞാല്‍ മതി”. എന്ന് പറഞ്ഞു ഞാന്‍ എണീറ്റു .

പൊടുന്നനെ അയാള്‍ എന്‍റെ കയ്യില്‍ പിടിച്ചു . “ഞാന്‍ പറയുന്നത് കേള്‍ക്കണം” , ആ സ്വരത്തില്‍  ഏറെ യാചനയും , തെല്ല്  അമര്‍ഷവും ഉണ്ടായിരുന്നു .

ഞാന്‍ ഇരുന്നു . എന്താണയാള്‍ എന്നോട് പറയാന്‍ ശ്രമിക്കുന്നത് . എന്തായിരുന്നാലും അതു പറയാന്‍  അയാളുടെ മനസ്സ് വെമ്പുന്നുണ്ട്. ശരി കേള്‍ക്കാം , ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു  .

അയാള്‍ ഒരു നിമിഷം കണ്ണടച്ച് ധ്യാനത്തില്‍ എന്നപോലെ ഇരുന്നു  .

‘ചിലപ്പോള്‍ ഞാന്‍ എല്ലാം മറന്നു പോകും’ അയാള്‍ പരിഭവത്തോടെ പറഞ്ഞു .

അയാള്‍ മേശയിലേക്ക്‌ ഏകാഗ്രതയോടെ നോക്കിയിരുന്നു , എന്നിട്ട് സ്വപ്നാവസ്ഥയിലെന്നപോലെ തുടര്‍ന്നു .

“അതിമനോഹരമായിരുന്നു മലമുകളിലെ ആ റിസോര്‍ട്ട് . അതിന്‍റെ ചുറ്റുപാടും  മനുഷ്യ നിര്‍മ്മിതമായ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല  . മൂടല്‍ മഞ്ഞ് ആ മലകളുടെ മുകളില്‍ അലസമായ്ക്കിടന്നു . ആ പ്രഭാതത്തില്‍ ഞാനും , അവളും പുതപ്പിനടിയില്‍ ഉറക്കം വിട്ടുമാറാതെ കിടന്നു . മകന്‍ ഞങ്ങളെ തട്ടി വിളിച്ചു കൊണ്ടിരുന്നു .

അയാള്‍ പിന്നെയും ചിന്തയില്‍ നഷ്ടപ്പെട്ടു .അയാള്‍ ഓര്‍മ്മകള്‍ പെറുക്കിയെടുക്കുന്ന ബദ്ധപ്പാടില്‍ ആയിരുന്നു

ആ നിമിഷം എന്‍റെ മനസ്സ്  , ഓര്‍മ്മകളുടെ ചതുപ്പില്‍ ആഴ്ന്നുപോയി  

എല്ലാവരും കൂടി ഒരു ദൂരെ എവിടെയെങ്കിലും യാത്ര പോണമെന്ന് അവന്‍ എന്നും ഞങ്ങളോട്  ആവശ്യപ്പെടുമായിരുന്നു . അവന്‍റെ ക്ലാസ്സിലെ പലകുട്ടികളും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം അവധികളില്‍ പലയിടത്തും പോകുന്ന വിവരങ്ങള്‍ അവന്‍ ഏറെ ആവേശത്തോടെ പലപ്പോഴും എന്നോടും ഭാര്യയോടും വന്നു പറയുമായിരുന്നു .എന്‍റെ ജോലിത്തിരക്ക് കാരണം പലപ്പോഴും , പലവിധത്തിലുള്ള  ഒഴിവുകഴിവുകള്‍  പറഞ്ഞ് ഞാന്‍ ആ യാത്ര ഒഴിവാക്കികൊണ്ടിരുന്നു. സ്കൂളില്‍ നിന്ന് പോകുന്ന ടൂറിനുപോലും  അവനെ ഞങ്ങള്‍ വിട്ടിരുന്നില്ല  . അവനെ  ഞങ്ങളുടെ ചിറകിന്‍റെ തണലും , ചൂടും , സുരക്ഷിതത്വവും വിട്ട് ഒറ്റയ്ക്ക് അയക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല  .

അങ്ങിനെയാണ് ഒരു അവധികാലത്താണ് ഞങ്ങള്‍ ദൂരെയുള്ള ആ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയത്. തിരിച്ചു  പോരുന്ന ദിവസം രാവിലെ ഞങ്ങള്‍ പുഴയില്‍  ബോട്ട് യാത്രക്ക് പോകാന്‍ തീരുമാനിച്ചു . വിനാശകരമായ ആ തീരുമാനം എന്‍റെതായിരുന്നു . മുപ്പതോളം ആളുകള്‍ കയറിയ ബോട്ടിലേക്ക് പെട്ടെന്നാണ് വെള്ളം കയറിയത് . എന്തെക്കിലും ചെയ്യും മുന്‍പ് , ബോട്ട് ഒരു വശത്തേക്ക് മറിഞ്ഞു . എന്നെ കെട്ടിപ്പിടിച്ചു നിന്ന അവന്‍റെ കൈകള്‍ വഴുതിപ്പോയി , അവനെ ജീവനോടെ അവസാനമായ് കണ്ട നിമിഷം അതായിരുന്നു . അവന്‍റെ കണ്ണുകളില്‍ കണ്ട ഭയം എന്നെ ഇന്നും വേട്ടയാടുന്നു . ഞാനും ഭാര്യയും എങ്ങിനെയോ സഹായത്തുവന്ന തോണിയില്‍ പിടിച്ചു കയറി . പാതിജീവനോടെ കരയിലെത്തിച്ച മനുഷ്യരില്‍ ഞങ്ങള്‍ നെഞ്ചിടിപ്പോടെ  അവനെത്തെടി , പക്ഷെ കണ്ടില്ല . അന്ന് മനസ്സില്‍ വിളിക്കാത്ത ദൈവങ്ങളില്ല . എന്നാല്‍ എല്ലാ ദൈവങ്ങളും ആ ദിവസം ഞങ്ങളെ കൈവെടിഞ്ഞു .       

മനസ്സ് പിന്നെയും , നിരാശയുടെ ഉള്ളറകളില്‍ ഊളിയിടാല്‍ തുടങ്ങുന്നു . ഞാന്‍ ചിന്തകളില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ച്‌ എന്‍റെ മുന്നിലിരിക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചു  . കുതറിയോടുന്ന ഗതകാല ഓര്‍മ്മകളെ അയാള്‍ പിന്തുടരുകയായിരുന്നു . ആ കഠിനയത്നത്തിന്‍റെ ഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറഞ്ഞു . പെട്ടെന്ന്   അയാള്‍ എകാഗ്ര ചിന്തയില്‍ നിന്നുണര്‍ന്ന് പിന്നെയും തുടര്‍ന്നു  .

“ഞങ്ങള്‍ ഉച്ചവരെ ആ റിസോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടു സമയം കഴിച്ചു . ആ റിസോര്‍ട്ടിന്‍റെ പിറകിലെ ബഞ്ചില്‍ ഇരുന്നാല്‍ , വിവിധയിനം പൂക്കളുടെ  വര്‍ണ്ണശബളമായ പരവതാനി വിരിച്ച താഴ്വാരങ്ങളും , മലനിരകള്‍ക്കിടയില്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട്  , ഒരു  നീല കല്ലുപോലെ നിശ്ചലായ് കിടക്കുന്ന തടാകവും കാണാം . അവിടെയിരുന്നപ്പോള്‍  ലോകത്തിന്‍റെ നെറുകയിലെ  , സിംഹാസ്സനത്തില്‍ ഇരിക്കുന്ന അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്  . ഞങ്ങളെ കൂടാതെ മറ്റൊരു കുടുംബം കൂടി ആ റിസോര്‍ട്ടില്‍ അവിടെ ഉണ്ടായിരുന്നു . പിന്നെ ചെറുപ്പകാരുടെ ഒരു ചെറു സംഘവും.  അവര്‍ ഒച്ചവച്ചും , മദ്യപിച്ചും സമയം കളയുന്നുണ്ടായിരുന്നു  .

ഉച്ചയ്ക്ക് ആഹാരം കഴിച്ചു . റിസോര്‍ട്ടില്‍ ഇനി കൂടുതല്‍ കാഴ്ചകള്‍ കാണാനില്ല എന്നു തോന്നിയപ്പോള്‍ . ചുറ്റുപാടും കാണാന്‍ പറ്റിയ സ്ഥലം ഉണ്ടോ എന്ന്  റിസെപ്ഷനില്‍ അന്വേഷിച്ചു .

‘ഇവിടെ വരുന്നവര്‍  സാധാരണ കാഴ്ചകള്‍ കാണാന്‍ എങ്ങും പോകാറില്ല. പിന്നെ ഇവിടെനിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ പോയാല്‍ ഒരു വെള്ളച്ചാട്ടം ഉണ്ട് . അതിനടുത്ത്  ഒരു മലയുണ്ട് , അതിന്‍റെ ചരുവില്‍ നിന്നാല്‍ താഴെ നഗരം കാണാം . ഇപ്പോള്‍ തന്നെ കുറച്ച് വൈകി .  മൂന്ന് മണിയോടെ മഞ്ഞു വീഴാന്‍ തുടങ്ങും , പിന്നെ വഴി കാണാന്‍ ബുദ്ധിമുട്ടാകും . അതിനാല്‍ എത്രയും പെട്ടെന്ന് പോയി തിരിച്ചു വരണം , റിസപ്ഷനില്‍ നിന്ന ചെറുപ്പകാരന്‍ പറഞ്ഞു .

അങ്ങിനെ എത്രയും പെട്ടെന്ന് വെള്ളച്ചാട്ടം കണ്ടു തിരിച്ചു വരാം എന്ന തീരുമാനമെടുത്തു . 

ഡ്രൈവ് ചെയ്യുക എന്നത് എനിക്ക് വല്ലാത്ത ഉത്സാഹവും ആവേശവും ആയിരുന്നു .വിചനമായ വഴികളിലൂടെ യാത്രചെയ്ത് , അപരിചിതമായ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതില്‍ ഞാന്‍ വല്ലാത്ത ലഹരി കണ്ടെത്തിയിരുന്നു  .വഴി തെറ്റി എത്ര  അലഞ്ഞാലും ഒടുവില്‍ എത്തേണ്ടിടത്ത് എത്തിപ്പെടും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു . വഴിതെറ്റിയുള്ള ഇത്തരം യാത്രകളുടെ അനിശ്ചിതത്വവും , സാഹസികതയും ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു . എന്‍റെ ഭാര്യക്കും ഇഷ്ടമായിരുന്നു ഈതരത്തിലുള്ള യാത്രകള്‍ . വിചനമായ പ്രദേശത്തുള്ള ഈ റിസോര്‍ട്ട് ഞങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കാരണവും ,ഈ സാഹസികതക്കുള്ള എന്‍റെ താല്പര്യമായിരുന്നു .എന്നാല്‍ എന്തുകൊണ്ടോ   അപരിചിതമായ സ്ഥലങ്ങളും , ആളുകളും മകനില്‍  ഭയം ഉണ്ടാക്കും.

റിസപ്ഷനിസ്റ്റ് പറഞ്ഞു തന്ന വഴിയിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി . രണ്ടു വശവും പടുമരങ്ങള്‍ തണലേകി നിന്ന വീതികുറഞ്ഞ റോഡിലൂടെ ഞങ്ങളുടെ വണ്ടി പൊയ്ക്കൊണ്ടിരുന്നു .

തികച്ചും വിജനമായിരുന്നു ആ റോഡ്‌ . മനുഷ്യനോ  , അവനാല്‍ നിര്‍മ്മിതമായ ഒന്നും തന്നെ ആ വനപ്രദേശത്ത് കാണാനില്ലായിരുന്നു . എവിടെയും കൂറ്റന്‍ മരങ്ങളും , മരങ്ങള്‍ക്കിടയിലെ ഇരുട്ടും മാത്രമായിരുന്നു .ചുറ്റും വന്യമായ പ്രകൃതിയുടെ ആധിപത്യവും ആയിരുന്നു . വന്യതയുടെ ഉള്ളറകളിലേക്ക് യാത്രചെയ്യുന്ന അനുഭവം .  വണ്ടിയുടെ പിറകിലെ സീറ്റില്‍  മകന്‍ നിശബ്ദനായിരുന്നു .അവനില്‍ ഭയം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു  .

യാത്ര തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും മറ്റൊരു വാഹനവും കണ്ടില്ല എന്നത് ഞങ്ങള്‍ക്ക് വിചിത്രമായ് തോന്നി . മുന്നോട്ടു പോകുന്തോറും റോഡിന്‍റെ വീതി കുറഞ്ഞു വരികയും  അതിന്‍റെ അവസ്ഥ പരിതാപകരമാകാനും തുടങ്ങി . റോഡ്‌ പൊട്ടി പൊളിഞ്ഞു കിടന്നു .ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകും . മനുഷ്യര്‍ യാത്രചെയാത്ത റോഡ്‌ ആരു നന്നാക്കാന്‍ .

ചാഞ്ഞ മരചില്ലകള്‍ കാഴ്ച മറച്ച ആ റോഡിലെ വളവു തിരിഞ്ഞു ചെല്ലുമ്പോള്‍ യാത്ര തടസ്സപെടുത്തി  ഒരു വലിയ മരം റോഡിനു കുറുകെ  വീണു കിടന്നു . വണ്ടിക്ക് കാര്യമായ വേഗത ഇല്ലാഞ്ഞിട്ടും പൊടുന്നനെയുള്ള വളവ് ആയതിനാല്‍ ബ്രെയിക്ക് ചവുട്ടിയിട്ടും  വീണുകിടന്ന മരത്തിന് വളരെ അടുത്തു ചെന്നാണ് വണ്ടി നിന്നത് .

ഞാന്‍ പുറത്തേക്കിറങ്ങി. വലിയ മരമാണ് വീണിരിക്കുന്നത് , ദ്രവിച്ചു പൊള്ളയായ അതിന്‍റെ വശം ഓടിഞ്ഞാണ് വീണിരിക്കുന്നത് .

“മുന്നോട്ടു പോകാന്‍ കഴിയില്ല , ഏതായാലും വണ്ടി തിരിക്കാം , വേറെ വഴി ഉണ്ടോ എന്ന് നോക്കാം” ഞാന്‍ ഭാര്യയോടു പറഞ്ഞു .

ഇടുങ്ങിയ റോട്ടില്‍ വണ്ടി തിരിക്കുക എന്നത് ഏറെ ശ്രമകരമായ ജോലി ആയിരുന്നു . ഒടുവില്‍ വണ്ടി തിരിച്ച് യാത്ര തുടങ്ങി . കുറച്ചു ദൂരം  മുന്‍പോട്ട് പോയപ്പോള്‍ , വലതു വശത്തായ് ഇടതൂര്‍ന്നു നിന്ന കാട്ടുമരങ്ങള്‍ക്കിടയിലൂടെ   ഇടുങ്ങിയ  ഒരു റോഡു കണ്ടു .

‘ഈ വഴി പോയാല്‍ നമുക്ക് കറങ്ങി മെയില്‍ റോഡില്‍ എത്താന്‍ കഴിയും’ , ഞാന്‍ പറഞ്ഞു . തുനിഞ്ഞിറങ്ങിയ കാര്യം നടക്കണം എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു .

അറിയാത്ത വഴിയല്ലേ  , അതും വളരെ ചെറുത്‌ , നമുക്ക് തിരിച്ചു പോകാം ഭാര്യ പറഞ്ഞു , അതു പറയുമ്പോള്‍ അവളുടെ മുഖത്ത് ഭയത്തിന്‍റെ നിഴലുകള്‍ കണ്ടു .

എന്നിലെ സാഹസികന്‍ ഉണര്‍ന്നിരുന്നു .

“നമുക്ക് ഈ വഴി പോയി നോക്കാം , വഴി മോശം ആണെകില്‍ തിരച്ചു പോരാം  ,ഞാന്‍ പറഞ്ഞു . ഭാര്യയുടെ പ്രതികരണത്തിനു കാതോര്‍ക്കാതെ ഞാന്‍ വണ്ടി ആ ചെറിയ വഴിലേക്ക് തിരിച്ചു .

 

സൂര്യപ്രകാശം ബദ്ധപ്പെട്ട് കടന്നുവരുന്ന , പാതിയും ഇരുള്‍ വീണ്  ഇടുങ്ങിയതായിരുന്നു ആ വഴി . കല്ലുകള്‍ നിറഞ്ഞ വഴി ഏറെ ശ്രമകരമായിരുന്നെങ്കിലും , ഫോര്‍വീല്‍ ഡ്രൈവ് ആയതിനാല്‍ വണ്ടി മുന്‍പോട്ട് പോയ്ക്കൊണ്ടിരുന്നു . വീതി വളരെ കുറവായിരുന്നു ,   കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാം . എതിരെ ഒരു വണ്ടി വന്നാല്‍ വശത്തേക്ക് ഒതുക്കാന്‍ ഇടമില്ല . പക്ഷെ അങ്ങനെ ഒരവസ്ഥ ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു .  തിങ്ങി നിന്ന മരങ്ങളും , ആര്‍ത്തു  വളര്‍ന്ന അടിക്കാടും ,പിന്നെ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന നീണ്ട പുല്ലും ചുറ്റും കാണപ്പെട്ടു  .  മുന്നോട്ട് പോകുന്തോറും ചെറുചെടികളും , പുല്ലും വഴി കയ്യടക്കി വളര്‍ന്നു നിന്നു .രണ്ടു വശത്തുനിന്നും വളര്‍ന്നു റോട്ടിലേക്ക് ചാഞ്ഞ ചില്ലകളും , മുന്‍പോട്ടുള്ള കാഴ്ച വല്ലാതെ മറച്ചു . എവിടെക്കാണ്‌ പോയ്ക്കൊണ്ടിരിക്കുന്നതെന്ന്  ഊഹിക്കാന്‍ പോലും കഴിയാത്തവിധം വഴി തടസ്സപ്പെട്ടിരുന്നു .

വണ്ടിയില്‍ തട്ടിയുരയുന്ന ചില്ലകളുടെ ശബ്ദത്തില്‍ മകന്‍ ഭയന്നു കരയാന്‍ തുടങ്ങി ,ഭാര്യയും ഭയന്ന് എന്‍റെ കയ്യില്‍ പിടിച്ചു  . വണ്ടി തിരിക്കാന്‍ ഒരു വഴിയും ഞാന്‍ കണ്ടില്ല . മുന്‍പോട്ട് പോകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞങ്ങളുടെ മുന്‍പില്‍ ഇല്ലായിരുന്നു . തിരിച്ചിറങ്ങാന്‍ കഴിയാത്തവിധം കൊടും കാട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്നത് പോലെ തോന്നി .  എന്‍റെ തീരുമാനം തെറ്റായിപ്പോയി എന്നെനിക്കു തോന്നി. എന്നില്‍ ഭയം നിറയാന്‍ തുടങ്ങിയിരുന്നു .

മകന്‍റെ കരച്ചിലിന്‍റെ അകമ്പടിയോടെ അങ്ങിനെ പോകുമ്പോള്‍ ,  സസ്യജാലങ്ങളുടെ പിടിയില്‍ നിന്ന് കാറ് പെട്ടെന്ന് പുറത്തേക്ക് മറ്റൊരു വഴിയിലേക്ക് ചാടി . ഞങ്ങള്‍  എല്ലാവരുടെയും തല വണ്ടിയുടെ മുകളില്‍ ഇടിച്ചു . വണ്ടിയുടെ അടിഭാഗം  പാറയില്‍ ഇടിച്ച് നടുക്കുന്ന ശബ്ദം ഉണ്ടാക്കി . .

വണ്ടി പെട്ടെന്ന് ഇരുട്ടില്‍ നിന്ന് പകല്‍ വെളിച്ചത്തിലേക്ക് പ്രവേശിച്ചു . നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോയ വണ്ടി ഒരുവിധത്തില്‍ ഞാന്‍ ബ്രെയിക്ക് ചവുട്ടി നിറുത്തി .വണ്ടിയുടെ മുന്‍പില്‍ വായും പിളര്‍ന്നു കാണപ്പെട്ടത് അഗാധത ആയിരുന്നു . വണ്ടി നിറുത്താന്‍  കുറച്ചു താമസിച്ചെങ്കില്‍ പാറകളും , വന്മരങ്ങളും വളര്‍ന്നു നിന്ന മുന്‍പിലെ ഇരുണ്ട  അഗാധതയിലേക്ക്‌ എന്നന്നേക്കുമായി ഞങ്ങള്‍ നഷ്ടപ്പെട്ടെനേ , എന്ന സത്യം ഞങ്ങളെ നടുക്കി  .കുറച്ചു നേരം ഞങ്ങള്‍ ഒന്നും മിണ്ടാന്‍ കഴിയാതെ ഇരുന്നു .

ഞാന്‍ പുറത്തേക്കിറങ്ങി ചുറ്റും നോക്കി . മുന്‍പില്‍  മലകളും  , മൊട്ട കുന്നുകളും , മരങ്ങളും മാത്രം . മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ പതിയാത്തെ ഒരിടം പോലെ എന്‍റെ മുന്‍പില്‍ വന്യമായ പ്രകൃതി സൌന്ദര്യം ആലസ്യത്തോടെ കിടന്നു . അകലെ മലമടക്കുകള്‍ ജന്മം കൊടുത്തതുപോലെ മൂടല്‍ മഞ്ഞ് നിറഞ്ഞു കിടന്നു  . ഏറെ താമസിയാതെ അവ വളര്‍ന്ന് ഈ ഭൂപ്രദേശം ആകെ മറയ്ക്കും . ഞാന്‍ പ്രകൃതിയുടെ വശ്യസൌന്ദര്യം നോക്കി നിന്നു . ഞാന്‍ എന്‍റെ ജീവിതത്തില്‍ എന്നും തേടിയത് ഇതുപോലെയുള്ള കാഴ്ചയായിരുന്നു . എന്നാല്‍ അവിടെ നിറഞ്ഞു നിന്ന വിജനത എന്നെ ഭയപ്പെടുത്തി .

അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു . “നമുക്ക് തിരിച്ചു പോകാം” അവളുടെ യാചനാശബ്ദത്തില്‍ ഭയം നിറഞ്ഞു നിന്നു   .

ഞാന്‍ കാറിലേക്ക് നോക്കി , മകന്‍ പിറകിലെ സീറ്റില്‍ , കിടക്കുകയായിരുന്നു . അവന്‍ ഭയത്തിന്‍റെ നടുക്കത്തില്‍ ആയിരുന്നു .ഞാന്‍ അവന്‍റെ അടുത്തേക്ക്‌ ചെന്ന് അവന്‍റെ മുടിയിലൂടെ കയ്യോടിച്ചു .”പേടിക്കേണ്ട നമ്മള്‍ തിരിച്ചു പോകുകയാണ്” . അവന്‍ ഒന്നും മിണ്ടിയില്ല . അവന്‍റെ കണ്ണീര് സീറ്റിലേക്ക് ഒഴുകിയിറങ്ങി  .

ഞാന്‍ വണ്ടി ഇടത്തോട്ട് തിരിച്ചു . ഈ റോഡിലൂടെ പോയാല്‍ റിസോര്‍ട്ടിലേക്ക് പോകുന്ന വഴിയില്‍ ചെന്ന് ചേരും ഞാന്‍ ഊഹിച്ചു .

ഞാന്‍ പുതിയ ഒരു വഴിയിലേക്ക് തിരിക്കുന്നത് കണ്ട ഭാര്യ ചോദിച്ചു , “നമുക്ക് വന്ന വഴി തന്നെ പോയാല്‍ മതിയില്ലേ”

“ആ വഴി ഇനി പോയാല്‍ അവന്‍ പിന്നെയും പേടിക്കും , കരയും , ഈ വഴി പോയാല്‍ റിസോര്‍ട്ടില്‍ എത്തും എന്നാണ് എനിക്ക് തോന്നുന്നത്” . ഞാന്‍ അവളുടെ വാക്കുകള്‍ ചെവികൊടുക്കാതെ ഞാന്‍ കാറ്  മുന്നോട്ടെടുത്തു .

പൊടുന്നനെ അയാള്‍ വര്‍ത്തമാനം നിറുത്തി പിന്നെയും ചിന്തയിലാണ്ടു . തുടര്‍ന്നു നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അയാള്‍ യത്നിച്ചുകൊണ്ടിരുന്നു  .

ഈ മനുഷ്യന്‍ പറയുന്ന സംഭവം എന്നെ വല്ലാതെ ആകര്‍ഷിച്ചു . ഒരു മനോരോഗിയുടെ വെറും ജല്പനങ്ങളല്ല , ഇതില്‍ സത്യമുണ്ട് .  എവിടെയ്ക്കാണ് അയാള്‍ എന്നെ കൊണ്ട് പോകുന്നതെന്ന് ഞാന്‍ ഊഹിക്കാന്‍ ശ്രമിച്ചു .

ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി . ആ മുഖത്ത് കോപം കലര്‍ന്ന നിരാശ പടര്‍ന്നു . ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അയാള്‍  മുഖം തിരുമ്മി .

പെട്ടെന്ന് അയാള്‍ പിന്നെയും തുടര്‍ന്നു

‘അവള്‍ പറഞ്ഞത് ഞാന്‍ അനുസരിക്കേണ്ടാതായിരുന്നു . പക്ഷെ ഞാന്‍ എന്‍റെ സഹചനവാസനയില്‍ അമിതമായ് വിശ്വസിച്ചു . അതൊരു വലിയ തെറ്റായിരുന്നു , അത് മനസ്സിലാകാന്‍ പിന്നെയും സമയമെടുത്തു’ .

ഒരു വിധം വീതി ഉള്ള റോഡ്‌ ആയിരുന്നു ഞങ്ങള്‍ പോയ്ക്കൊണ്ടിരുന്നത്   . ടാര്‍ ചെയ്ത്തിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ടാകുമെന്ന് അതിന്‍റെ  അവസ്ഥ കണ്ടാല്‍ അറിയാം ഒരു വശത്ത്‌ നീല മലകളും , മഞ്ഞിറങ്ങി തുടങ്ങിയ താഴ്വാരവും , മറുവശത്ത്‌ തിങ്ങി നിന്ന കാടും ആയിരുന്നു . ആ റോഡ്‌ വഴി മുകളിലെക്കാണ് പൊയ്ക്കൊണ്ടിരുന്നത് .

മകന്‍ കരച്ചില്‍ നിറുത്തി ഉറങ്ങി .  

“ഭൂമി ഉരുണ്ടാതാണെങ്കില്‍ താമസിയാതെ  നമ്മള്‍ തിരിച്ച് റിസോര്‍ട്ടില്‍ എത്തും” ഞാന്‍ അവള്‍ക്ക് ധൈര്യം നല്‍കി . അവള്‍ ഒന്നും മിണ്ടിയില്ല അവളുടെ മനസ്സിലെ പിരിമുറുക്കം എനിക്കനുഭവിക്കാന്‍ കഴിഞ്ഞു  .

അകലെ നിന്ന് യാത്രതുടങ്ങിയ മൂടല്‍മഞ്ഞ് ഏറെ താമസിയാതെ  ഇവിടെയെത്തും . മൂടല്‍ മഞ്ഞ് വഴിമറയ്ക്കും മുന്‍പ് റിസോര്‍ട്ടിലേക്കുള്ള റോട്ടില്‍ എത്തണം .  ഞാന്‍ കാറ് ആവുന്നത്ര വേഗത്തില്‍ ഓടിച്ചു  . എന്നാല്‍ ഏറെ മുന്നോട്ടു പോയിട്ടും മനുഷ്യവാസത്തിന്‍റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല . ഏറെ നേരം കഴിഞ്ഞിട്ടും റിസോര്‍ട്ടിലേക്കുള്ള റോഡ്‌ കണ്ടില്ല . ലക്ഷ്യമില്ലാതെ എവിടെക്കാണീ പോയ്ക്കൊണ്ടിരിക്കുന്നത്.

പിന്നെയും വഴി തെറ്റിയിരിക്കുന്നു എന്ന സത്യം ഏറെ നേരം കഴിയും മുന്‍പ്  ഒരു ഭീതിയോടെ ഞാന്‍ മനസ്സിലാക്കി.

ഇടതു വശത്തായി ഒരു ബോര്‍ഡ് കണ്ടു . ഞാന്‍ പെട്ടെന്ന് ബ്രേക്ക് ചവുട്ടി നിറുത്തി. .മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു കാണുന്നത് ഏറെ നേരത്തിന് ശേഷമാണ് . പലപ്പോഴും മനുഷ്യരില്‍ നിന്നും , തിരക്കില്‍ നിന്നും നമ്മള്‍ രക്ഷപെടാന്‍ ആഗ്രഹിക്കാറുണ്ടെങ്കിലും  . ഒറ്റപ്പെടുന്ന അവസ്ഥ തികച്ചും ഭയനകമാണെന്ന് ഞാന്‍ എന്‍റെ  അനുഭവത്തില്‍ നിന്ന് മനസ്സിലാക്കി .

ഇരുമ്പിന്‍റെ സാമാന്യം വലിയ ബോര്‍ഡ് ആയിരുന്നു അത് . എന്നാല്‍ അതിനെ പൂര്‍ണ്ണമായും  തുരുമ്പ് ആവരണം ചെയ്തിരുന്നു . കൂടാതെ വിചിത്രമെന്നോണം  അതില്‍ എഴുതിയിരുന്നതെല്ലാം ആരോ ചുരണ്ടി മാറ്റിയിരുന്നു . സി എന്ന അക്ഷരം മാത്രം ഒരിടത്ത് വായിച്ചെടുക്കാമായിരുന്നു  .

കുറച്ചു മുന്‍പോട്ട് പോയപ്പോള്‍ ഇടതു വശത്ത്‌ സാമാന്യം വീതിയുള്ള വളവുകള്‍ ഇല്ലാത്ത റോഡ്‌  കാണപ്പെട്ടു . ഒരു വലിയ മഴ പെയ്ത് തെളിഞ്ഞ ആകാശം പോലെ മനസ്സില്‍ വല്ലാത്ത ആശ്വാസം തോന്നി . മനസ്സില്‍ ആത്മവിശ്വാസം നിറഞ്ഞു .

ആ റോഡിന്‍റെ ഇരുവശവും മരങ്ങള്‍ വളര്‍ന്ന് കൈകോര്‍ത്തു നിന്നു  . റോഡ്‌ വളരെ പഴയാതാണെങ്കിലും , കാര്യമായ കുഴികള്‍ ഉണ്ടായിരുന്നില്ല , അതുകൊണ്ട് യാത്ര വേഗത്തില്‍ ആയി . റോഡു നിറയെ കരിയില പുതഞ്ഞു കിടന്നു . വര്‍ഷങ്ങളായി ഒരു വാഹനമോ മനുഷ്യനോ അതിലൂടെ പോയിട്ടിലെന്ന് തോന്നും. പക്ഷെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു ,  റോഡിന്‍റെ വശങ്ങളില്‍ നിശ്ചിത അകലത്തില്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നു . വിസ്മയകരമാം വിധം  അതെല്ലാം തന്നെ ആരോ ചുരണ്ടി അതിലെ എഴുത്ത് വായിച്ചെടുക്കാന്‍  കഴിയാത്ത വിധം മായ്ച്ചിരുന്നു . മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് , രണ്ടും വശവും വളര്‍ന്നു നിന്ന  മരങ്ങള്‍ നിശ്ചിത അകലത്തില്‍ ആയിരുന്നു എന്നതാണ് . സാധാരണ റോഡുകളും വശങ്ങളില്‍ തണലിനായ് നട്ടുവളര്‍ത്തുന ഇനത്തില്‍പ്പെട്ട മരങ്ങള്‍ ആയിരുന്നു അവയെല്ലാം തന്നെ  .   

അതില്‍ നിന്ന് ഞാന്‍ ഒരു നിഗമനത്തിലെത്തി . ഈ റോഡ്‌  ഒരു കാലത്ത് ഏറെ സജീവമായിരുന്നിരിക്കണം  . ഏറെ വാഹനങ്ങള്‍ ഈ വഴി പോയിട്ടുണ്ടാകണം . എന്നാല്‍  എന്തോ ഒരു വിചിത്രമായ കാരണം കൊണ്ട് ഇപ്പോള്‍ ഇതിലൂടെ ആരും പോകാറില്ല . എന്നാല്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യം  എന്തുകൊണ്ട് ബോര്‍ഡിലെ എഴുത്ത്  ചിരണ്ടിമാറ്റപ്പെട്ടിരിക്കുന്നു എന്നതായിരുന്നു   .

റോഡ്‌ അവസാനമില്ലാതെ മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. മുന്നിലെ കാഴ്ച തടപ്പെടുത്തി മൂടല്‍മഞ്ഞ് മരങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങി വന്നു . വാച്ചില്‍ സമയം നോക്കി സമയം നാലുമണി ആയിരിക്കുന്നു . ഞങ്ങള്‍ക്ക് വഴി തെറ്റിയിരിക്കുന്നു . മുന്നോട്ടു പോകുന്തോറും ഞങ്ങള്‍ അജ്ഞാതമായ ഈ ഭൂപ്രദേശത്തിന്‍റെ നിഗൂഡമായ ഉള്ളറകളിലേക്ക് പോകുന്നതായ്‌ അനുഭവപ്പെട്ടു . എന്നില്‍ അവശേഷിച്ചിരുന്ന ആത്മവിശ്വാസം ചോര്‍ന്നുപോയി . ഭയം എന്നെ പൂര്‍ണ്ണമായും കീഴടക്കിയിരിക്കുന്നു .

മകന്‍ തളര്‍ന്ന് ഉറങ്ങുകയായിരുന്നു . “നമുക്ക് ഇതേ വഴി തന്നെ തിരിച്ചു പോകാം”  ഭാര്യയുടെ ഇടറിയ  ശബ്ദത്തില്‍ ഭയം നിറഞ്ഞു നിന്നു , അവളുടെ കണ്ണുകള്‍  നനഞ്ഞു  .

ഞാന്‍ വണ്ടി റോഡിന്‍റെ വശത്തായ് നിറുത്തി .എന്ത് പറഞ്ഞ് അവളെ സമാധാനിപ്പികണം എന്നെനിക്കറിയില്ലായിരുന്നു . ,  “ഈ വഴി ചെന്നെത്തുന്നത് മനുഷ്യവാസം ഉള്ള ഏതെങ്കിലും സ്ഥലത്തായിരിക്കും” . നമുക്ക് ഇനി പിന്നോട്ട് പോകാന്‍  കഴിയില്ല , മുന്നോട്ട് തന്നെ പോകണം”  , മനസ്സില്‍ അലയടിക്കുന്ന ഭയം പുറത്തു കാണിക്കാതെ ഞാന്‍  പറഞ്ഞു

ഞങ്ങള്‍ ആവുന്നത്ര വേഗത്തില്‍  യാത്ര തുടര്‍ന്നു . വഴി പിന്നെയും മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു . കൈവഴികള്‍ ഒന്നും തന്നെ കാണാന്‍ ഇല്ലായിരുന്നു .   മരങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന മൂടല്‍മഞ്ഞ് റോഡിലേക്ക് പടര്‍ന്ന് കാഴ്ച തടസ്സപ്പെടുത്തി  . ഞാന്‍ ഹെഡ്ലൈറ്റ് തെളിച്ചു  . ഫ്യുവല്‍ ഇന്‍ഡിക്കേറ്ററില്‍ സൂചി പകുതിയില്‍ നിന്നു . ഇന്ധനം ഇല്ലാതെ വണ്ടി വഴിയില്‍ നിന്നുപോകില്ല , ഞാന്‍ മനസ്സില്‍ ആശ്വസിച്ചു .

ഏറെ താമസിയാതെ ലൈറ്റിന്‍റെ വെളിച്ചത്തില്‍ അകലെ ഒരു സാമാന്യം വലിയ ബോര്‍ഡു കണ്ടു , തുരുമ്പ് കയറിയ അതില്‍ നിന്ന് ഒന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല ,അതിന്‍റെ വശത്തു കൂടെ ഒരു വലിയ ഒരു റോഡ്‌ തുടങ്ങുന്നു .  രണ്ടും കല്‍പ്പിച്ച് ഞാന്‍ അതിലൂടെ യാത്ര തുടര്‍ന്നു .

റോഡിന്‍റെ ഇരുവശവും ഏഴോ എട്ടോ അടിയോളം ഉയരത്തില്‍ ഇരുമ്പ് വേലി കെട്ടിയിരുന്നു . ഏതോ ഫാക്ടറിയിലെക്കുള്ള വഴി ആയിരിക്കാം അതെന്ന് ഞാന്‍ അനുമാനിച്ചു . രണ്ടു വശവും നിരനിരയായ്‌ വന്‍ മരങ്ങള്‍ വളര്‍ന്നു നിന്നു . റോഡ്‌ കോണ്‍ക്രീറ്റ് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് , അതുകൊണ്ട് യാത്ര സുഖമായിരുന്നു .

ഇരുട്ടും  മൂടല്‍ മഞ്ഞും ആ പ്രദേശമാകെ പൂര്‍ണ്ണമായും വിഴുങ്ങിയിരുന്നു  . എവിടെയ്ക്കാന് പോകുന്നതെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല  . ശരീരത്തിലെ ഒരു കണത്തിലും ഭയം ത്രസിച്ചു  . കാഴ്ച മങ്ങിയ ഈ റോട്ടിലൂടെ എത്ര നേരം മുന്‍പോട്ട് പോകാന്‍ കഴിയും എന്നത് നിശ്ചയമില്ലായിരുന്നു . 

ഭാര്യയാണ് ആദ്യം അതു  കണ്ടത് . കുറച്ചകലെ ഇടതുവശത്ത്‌ മുള്‍വെലിക്കപ്പുറത്ത് എന്തോ ഒന്ന്  മരങ്ങള്‍ക്കിടയിലെ ഇരുട്ടില്‍ തിളങ്ങുന്നു . ഞാന്‍ വണ്ടി  പതുക്കെയാക്കി . ഏതോ ജീവിയുടെ കണ്ണുകള്‍ ആയിരുന്നു അത് . പെട്ടെന്ന് അത് അപ്രത്യക്ഷമായ് . ഏറെ നേരം കഴിയും മുന്‍പ് ഇരുമ്പ് വെലിക്കപ്പുറത്ത് പിന്നെയും ആ  കണ്ണുകള്‍ ബള്‍ബുകള്‍ പോലെ പ്രത്യക്ഷപ്പെട്ടു . അതില്‍ നിന്ന് ഭയാനകമായ മുരള്‍ച്ച ഉത്ഭവിച്ചു  . മുള്‍വേലി ആയിരുന്നു അതിനെ തടഞ്ഞത് .   നീണ്ട പല്ലുകള്‍കൊണ്ട്  , മുള്‍വേലിയില്‍ കടിച്ചു . ആരണ്ട  വെളിച്ചത്തില്‍ ചെന്നായുടെതിനു സമാനമായ ഒരു മുഖം ഒരു മിന്നായം പോലെ കണ്ടു  . എന്നാല്‍ ചെന്നായിലും വലിയ മുഖമായിരുന്നു ആയിരുന്നു അതിന് . . കാലപ്പഴാക്കം മൂലം തുരുമ്പേടുത്ത മുള്‍വേലി അതു പൊളിച്ചു  പുറത്തേക്ക് വന്നേക്കാം എന്ന ഭയത്തില്‍ , ഞാന്‍ വണ്ടി വേഗത്തില്‍ മുന്നോട്ടെടുത്തു . മുന്‍പിലെ ഹെഡ് ലൈറ്റിന് അപ്പുറം ഞങ്ങളെ കാത്തിരിക്കുനത് എന്താണെന്ന് ഊഹിക്കാന്‍ പോലും കഴിയാതെ ഞങ്ങള്‍ മുന്‍പോട്ടു പോയി . പിറകിലെ സീറ്റില്‍ മകന്‍ ഭയന്ന്  കണ്ണ് പോത്തിയിരുന്നു .

ഹെഡ് ലൈറ്റിനും ഭേതിക്കാന്‍ കഴിയാത്തവിധം മൂടല്‍ മഞ്ഞ് കനത്തു . മുന്‍പില്‍ റോഡാണോ , മരങ്ങളാന്നോ എന്നു പോലും നിശ്ചയിക്കാന്‍ ബുദ്ധിമുട്ടി . യാത്ര ഏറെ പതുക്കെയായി . ഹെഡ് ലൈറ്റ് മുന്‍പില്‍ ചലിക്കുന്ന എന്തോ ഒന്നില്‍ പതിഞ്ഞു. ഞാന്‍ ബ്രേക്ക് ചവുട്ടി . ഭയത്തോടും , ആശ്ചര്യത്തോടും കൂടെ ഞങ്ങള്‍ ആ കാഴ്ച കണ്ടു . ഒട്ടകത്തിന്‍റെ പൂഞ്ഞയും , പശുവിന്‍റെ വലുപ്പവും , സാമാന്യത്തിലധികം നീണ്ട മുഖവും , മൂക്കും ഉള്ള ഒരു ജീവി റോഡിന്‍റെ കുറുകെ നടന്നു പോകുന്നു . അതിന്‍റെ കട്ടിയുള്ള വാല്‍ നിലത്ത് ഇഴയുന്നുണ്ടായിരുന്നു . കാറിന്‍റെ വെളിച്ചം കണ്ട് അതൊന്നു നിന്നു. എന്നിട്ട് ഒട്ടും തന്നെ ധൃതികൂട്ടാതെ അപ്പുറത്തെ പാതി പൊളിഞ്ഞ ഇരുമ്പ് വേലിയിലൂടെ നിബിഡമായ മരകൂട്ടങ്ങളിലെ അന്ധകാരത്തില്‍ മറഞ്ഞു. .എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ കാറില്‍ തരിച്ചിരുന്നു .

എന്ത് ജന്തു ആയിരുന്നു അത് ,വിറയ്ക്കുന്ന ശബ്ദത്തില്‍  ഭാര്യ ചോദിച്ചു . എനിക്കറിയാകുന്ന ജന്തുക്കളില്‍ ഒന്നും അതിനെപ്പെടുത്താന്‍ കഴിയില്ല . “എനിക്കറിയില്ല” , മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഞെട്ടല്‍ മാറാതെ പറഞ്ഞു  . ഏതോ വിചിത്ര ലോകത്ത് എത്തിപ്പെട്ട അനുഭവമായുരുന്നു . ഞങ്ങള്‍ കടന്നുപോകുന്നത് ഏതോ  ദുസ്വപ്നത്തിലൂടെ ആണോ എന്ന് ഞാന്‍ സംശയിച്ചു .   

എല്ലാം അവസാനിപ്പിച്ച് വണ്ടി നേരം വെളുക്കും വരെ നിറുത്തിയിടാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല .  എന്തും വരട്ടെ എന്ന് മനസ്സില്‍ ഉറപ്പിച്ച് ഞാന്‍ വേഗത്തില്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു . ഏതോ മലയുടെ ഉച്ചിയിലെക്കാണ് ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത് . മരങ്ങള്‍ക്കിടയില്‍ മഞ്ഞും , ഇരുട്ടും ഇടകലര്‍ന്ന് ഒന്നായ്തീര്‍ന്നു .  

ഏറെ ദൂരം പോകും മുന്‍പ് വഴിയുടെ രണ്ടു വശവും വഴിവിളക്കിന്‍റെ  തൂണുകള്‍ കാണാറായി . പക്ഷെ ഒന്നിലും വെളിച്ചമില്ല. ഏതോ ഫാക്ടറിയിലേക്കാനാണ്‌ ഈ വഴി പോകുന്നതെന്ന് ഉറപ്പായിരുന്നു  . ഹെഡ്ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തില്‍ അകലെ വലിയ മതില്‍ കാണാറായി . മനസ്സിലേക്ക് വലിയ ആശ്വാസം ഇറങ്ങി വന്നു . വണ്ടി ചെന്നു നിന്നത് ഒരു വലിയ ഗയിറ്റിനു മുന്‍പില്‍ ആയിരുന്നു . ഞാന്‍ കാറിലിരുന്ന് ചുറ്റുപാടും നോക്കി . മൂടല്‍ മഞ്ഞിനപ്പുറം  ആകാശത്ത്‌ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചു നിന്നു . ചുറ്റും ഭയപ്പെടുത്തുന്ന നിശബ്ധത കനത്തു നിന്നു . വെളിച്ചമോ മനുഷ്യവാസത്തിന്‍റെ തെളിവുകളോ ഇല്ല .

വണ്ടിയില്‍ നിന്ന് പുറത്തെക്കിറങ്ങി നോക്കാം എന്നു തീരുമാനിച്ചു . വണ്ടിയുടെ ഡിക്കിയില്‍ ഒരു ഇരുമ്പ് പൈപ്പ് കിടക്കുന്നുണ്ട്. സ്വയരക്ഷയ്ക്ക് വേണ്ടി കരുതിയതാണ് .ഒരു വിധത്തിലും എന്നെ പോകാന്‍ അവള്‍ അനുവദിക്കുനുണ്ടായിരുന്നില്ല . ഒരു തരത്തില്‍ അവള്‍ക്ക് ധൈര്യം നല്‍കി  ആശ്വസിപ്പിച്ചതിനുശേഷം, പുറത്തിറങ്ങി ഡിക്കിയില്‍ നിന്ന്  ഇരുമ്പ് പൈപ്പെടുത്ത്  ഞാന്‍ ഗയിറ്റിലേക്ക്‌ നടന്നു .

കാറിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, ആദ്യം എനിക്കനുഭവപ്പെട്ടത്‌ തുളച്ചു കയറുന്ന തണുപ്പും ,  മൂക്കിലേക്ക് അടിച്ചു കയറുന്ന    വല്ലാത്ത രൂക്ഷ ഗന്ധം ആയിരുന്നു . ഏതോ കെമിക്കലിന്‍റെ ഗന്ധം ആയിരുന്നു അത്  .

ഞാന്‍ നടന്ന് ഗയിറ്റിന്‍റെ മുന്‍പിലെത്തി , തുരുമ്പ് ആക്രമിച്ചു കീഴടക്കാന്‍ തുടങ്ങിയ  വലിയ ഗയിറ്റായിരുന്നു അത്.   അതിന്‍റെ മുകളിലെ വലിയ ഇരുമ്പ് ബോര്‍ഡില്‍  എന്തോ എഴുതിയിരുന്നത് കറുത്ത പെയിന്‍റ്ടിച്ച് മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു  .ഒരു പക്ഷെ അത് ഫാക്ടറിയുടെ പേരായിരിക്കണം . അതു വായിച്ചെടുക്കാനുള്ള ശ്രമം വിഭലമായി  . ആ ഗയിറ്റ് പാതി തുറന്നു കിടന്നു . ഞാന്‍ അകത്തേക്ക് സൂക്ഷിച്ചു നടന്നു .ഒരു വശത്ത് സെക്യൂരിറ്റിയുടെ മുറി കണ്ടു . ഞാന്‍ അതിനകത്തേക്ക് കയറി . അവിടെ തുരുമ്പു കയറി പൊടിഞ്ഞു തുടങ്ങിയ മേശയും ,കസേരകളും മറിഞ്ഞു കിടന്നു . ഒരു വശത്ത്‌ അരങ്ങ വെളിച്ചത്തില്‍ കാണപ്പെട്ട  സ്വിച്ച് ഓണ്‍ ചെയ്തു , വെളിച്ചം കണ്ടില്ല . അവിടെ നിന്ന് ഞാന്‍ ഫാക്ടറിയുടെ അകത്തേക്ക് നോക്കി എവിടെയും മൂടല്‍ മഞ്ഞു പുതച്ച മരങ്ങള്‍ മാത്രം. ഞാന്‍ തിരിച്ചു നടന്നു .

ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ കണ്ടത് കാറിനകത്ത് ഭയന്നിരിക്കുന്ന ഭാര്യയെയും മകനെയുമായിരുന്നു . ‘നമുക്ക് അകത്തു പോയി നോക്കാം’ , മനുഷ്യവാസം ഉള്ളാതായി തോന്നുന്നില്ല . ഒരുപക്ഷെ  ഉള്ളില്‍ ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഉണ്ടാകും , ഇന്നുരാത്രി അവിടെ തങ്ങാം , കാറില്‍ എത്ര നേരം ഇരിക്കാന്‍ കഴിയും’ ഞാന്‍ പറഞ്ഞു .

കാറിനകത്ത് വച്ചിരുന്ന ടോര്‍ച്ചെടുത്തു . പേടിച്ചിരണ്ട അവര്‍ക്ക് ഞാന്‍ പറഞ്ഞത് അനുസരിക്കുകായല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു . ഞാന്‍ കൊടുത്ത ധൈര്യത്തില്‍ അവന്‍ കാറില്‍ നിന്നിറങ്ങി .

ഞങ്ങള്‍ കാര്‍ അടച്ച് ഗയിറ്റു കടന്ന് അകത്തേക്ക് നടന്നു . മൂടല്‍ മഞ്ഞിനുള്ളില്‍ വന്മരങ്ങള്‍ നിലാവിനെ മറച്ചു നിന്നു . നിലത്ത് കരിയില നിറഞ്ഞു കിടന്നു , ഞങ്ങളുടെ കാലുകള്‍ കരിയിലയില്‍ പുതഞ്ഞു . ഭയാനകമായ നിശബ്ധത അവിടെ ഘനീഭവിച്ചു നിന്നു . രൂക്ഷമായ രാസവസ്തുക്കളുടെ ഗന്ധം അവിടുത്തെ അന്തരീക്ഷത്തില്‍ തങ്ങി നിന്നു .

എനിക്ക് ദാഹിക്കുന്നു എന്‍റെ മകന്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു . ഞങ്ങളുടെ കയ്യിയുള്ള ബോട്ടിലില്‍ വെള്ളം തീര്‍ന്നിരുന്നു  . “ഇവിടെ പൈപ്പുകളോ ,  കിണറോ ഉണ്ടാകാതിരിക്കില്ല , അച്ഛന്‍ അവിടെ നിന്ന് വെള്ളമെടുത്തുതരാം ” , ഞാന്‍ മകനെ ആശ്വസിപ്പിച്ചു .

ഇവിടെ വല്ലാത്ത ഒരു കെമിക്കലിന്‍റെ ഗന്ധം , ഇത് ഏതോ കെമിക്കല്‍ ഫാക്ടറി ആണെന്ന്  തോന്നുന്നു’ ഭാര്യ സംശയം പറഞ്ഞു .

നാഗരികതയില്‍ നിന്നും എത്രയും അകലെ ഈ വിജനമായ മലയുടെ മുകളില്‍ , എന്തിനാണ് ഇത്രയും വലിയ ഒരു ഫാക്ടറി . എന്തുകൊണ്ടായിരിക്കാം പെട്ടെന്ന് ഇത് പ്രവര്‍ത്തനം നിറുത്തി ആളുകള്‍ ഇവിടം ഉപേക്ഷിച്ചു പോയത് .എന്‍റെ മനസ്സില്‍ ചോദ്യങ്ങള്‍ ഒന്നോനായ് കൊള്ളിയാന്‍ പോലെ പാഞ്ഞു  .

‘എന്‍റെ കാല് എന്തിലോ തട്ടി ഭാര്യ വിറയലോടെ പറഞ്ഞു’ . കയ്യിലിരുന്ന ചെറിയ ടോര്‍ച്ച് ഞാന്‍ താഴെക്കടിച്ചു . താഴെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍  രോമാവൃതമായ ഒരു ജന്തു കിടന്നു , ഭാര്യ ഭയന്ന് പിന്നോട്ട് മാറി . പെരുച്ചാഴിയുടെ രൂപത്തില്‍ ഏതോ ഒന്നായിരുന്നു അത് . അത് ജീര്‍ണ്ണിച്ച് അസ്തിപഞ്ചരം ആയിരുന്നു . ചത്തിട്ട് ഏറെ നാളുകള്‍ കഴിഞ്ഞിരിക്കും . ഞാന്‍ ചുറ്റും ടോര്‍ച്ചടിച്ചു നോക്കി . ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ മുന്‍പില്‍ കണ്ട കാഴ്ചയില്‍ ഭാര്യ അടക്കിയ ശബ്ദത്തില്‍ കരഞ്ഞു .

ഞങ്ങള്‍ നിന്ന പ്രദേശം മുഴുവനും കരിയിലകളാല്‍ ആവൃതമായ് അസംഖ്യം പക്ഷികളും , അണ്ണാക്കണ്ണന്‍മാരും ,എലികളും , പിന്നെ ഇതുവരെയും ഞങ്ങള്‍  കാണാത്ത ചില ചെറു ജന്തുക്കളും ചത്തുകിടക്കുന്നു  . അവ ജീര്‍ണ്ണിച്  ഉണങ്ങിയിരുന്നു.  അവയുടെ ശ്മശാനം പോലെ തോന്നി ആയിടം  .  ഇത്രയും  എണ്ണം ജന്തുക്കള്‍ എങ്ങിനെ ചത്തു . ഞങ്ങള്‍ എത്രയും ദൂരം നടന്നത് ഇവയ്ക്കിടയിലൂടെ ആയിരുന്നു എന്നത് എന്നില്‍ വെറുപ്പുളവാക്കി .

പെട്ടെന്ന് എന്‍റെ ഭാര്യ ചര്‍ദിച്ചു , അവളില്‍ ആ കാഴ്ച അറപ്പും , ഭയവും ഉണ്ടാക്കി . എന്‍റെ മകന്‍ അത് കണ്ടു കരഞ്ഞു .ആ കാഴ്ചയില്‍ എന്‍റെ അവശേഷിച്ച ആത്മധൈര്യം എന്നെ വിട്ടു പോയി , ഞാന്‍ തളര്‍ന്നു . ഞാന്‍ നിസ്സഹായനായ് തീര്‍ന്നു .

ഞാന്‍ കുറച്ചകലെത്തെക്ക് നോക്കി . ദൂരെ മൂടല്‍ മഞ്ഞിലൂടെ അരിച്ചു വന്ന  നിലാവില്‍ ഒരു വലിയ കെട്ടിടം കണ്ടു . നമ്മള്‍ക്ക് അവിടേക്ക് പോകാം എന്ന് പറഞ്ഞ് ഞാന്‍  മകനെ എടുത്തു . ഭാര്യ മുന്‍പോട്ടു നടക്കാന്‍ വിസമ്മതിച്ചു . എന്നാല്‍ എന്‍റെ നിര്‍ബന്ധിച്ചതിന് വഴങ്ങി അവള്‍ കണ്ണുകള്‍ ഇരുക്കിപ്പിടിച്ച് ചത്തുകിടന്ന ജന്തുക്കള്‍ക്ക് മുകളിലൂടെ അവിടേക്ക് നടന്നു .  

മുന്നോട്ട് പോകുന്തോറും അന്തരീക്ഷത്തിലെ ഗന്ധം കൂടുതല്‍ രൂക്ഷമായി .

“എന്‍റെ കണ്ണ് നീറുന്നു” , മകന്‍ കരഞ്ഞു . അവന്‍ പറഞ്ഞത് സത്യം ആയിരുന്നു ,കണ്ണ് മാത്രമല്ല , ശരീരത്തിന്‍റെ രോമകൂപങ്ങള്‍ ഓരോന്നും പുകഞ്ഞു. ശ്വാസം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു . മരം കോച്ചുന്ന തണുപ്പിലും ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു .

ഞങ്ങള്‍ നടക്കുമ്പോള്‍ ഒരു വശത്തായി വലിയ കുഴി കണ്ടു . അവിടെ വെള്ളം ഉണ്ടാകും എന്ന് കരുതി  അങ്ങോട്ട്‌ നടന്നു .  അതൊരു വലിയ കുളമായിരുന്നു . ഞാന്‍ ആശയോടെ അതില്‍ ചെന്ന് നോക്കി . അതില്‍ എണ്ണമറ്റ ഇരുമ്പ് ടിന്നുകളും , യന്ത്രഭാഗങ്ങളും , കറുത്ത നിറത്തില്‍ ഏതോ ദ്രാവകവും  നിറഞ്ഞു കിടന്നു . അതില്‍ നിന്ന് ആവിപോലെ ഏതോ ഒന്ന്‍ മുകളിലേക്ക് പൊങ്ങിക്കൊണ്ടിരുന്നു .   

ഒരു പ്രകാരത്തില്‍ ഞങ്ങള്‍ ആ കെട്ടിടത്തിനടുത്തെത്തി . നല്ല ഉയരത്തിലും  നീളത്തിലും പണിത ഫാക്ടറി കെട്ടിടം ആയിരുന്നു അത് . അതിന്‍റെ ഷട്ടറുകള്‍ ചിലത് തുറന്നു കിടന്നു . ഞാന്‍ അവരെ പുറത്ത് ഒരിടത്തിരുത്തി അകത്തേക്ക് നടന്നു .  

ടോര്‍ച്ചിന്‍റെ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ അവിടെ കണ്ടത് , വലിയ ഇരുമ്പു ക്യാനുകള്‍  ആയിരുന്നു . മഞ്ഞയും ,നീലയും പിന്നെ കറുപ്പും നിറത്തിലുള്ള ഇരുമ്പ് ക്യാനുകളളില്‍  അപായത്തിന്‍റെ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു . ചില ക്യാനുകള്‍ പൊട്ടി ഒലിച്ചിരുന്നു . അതില്‍ നിന്നോഴുകിയ ഇളം മഞ്ഞദ്രവകം മെഴുകുപോലെ നിലത്ത് ഖനീഭവിച്ചു കിടന്നു . ഞാന്‍ മുന്നോട്ട് നടന്നു ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ പൊടിപിടിച്ച വലിയ ബോയിലറുകളും , നെടുനീളെ പോകുന്ന പലതരം പൈപ്പുകളും, പൊടിപിടിച്ച് , മാറാല പൊതിഞ്ഞ കൂറ്റന്‍ യന്ത്രങ്ങളും കാണപ്പെട്ടു . പലതില്‍ നിന്നും ഏതോ ദ്രാവകം ഒഴുകി നിലത്ത് നിറഞ്ഞു കിടന്നു . ഇവിടെ എന്തോ അത്യാഹിതം നടന്നത് പോലെ തോന്നുന്നു . ഈ ഫാക്ടറി ഒഴിഞ്ഞു പോകാനുള്ള കാരണം പൊടുന്നനെ ഉണ്ടായ ഏതോ എത്യാഹിതം ആയിരിക്കണം .

എന്‍റെ കണ്ണുകള്‍ പെട്ടെന്ന് വല്ലാതെ പുകഞ്ഞു . ദേഹം  മുഴുവന്‍ തീപാളിയതുപോലെ പോലെ അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ടു . ഞാന്‍ പുറത്തേക്കോടി . പോകുന്ന വഴിയില്‍ എവിടെയോ തട്ടി വീണു . ഒരു വിധത്തില്‍  ഞാന്‍ പുറത്തു കടന്നു .

‘മകനും ഭാര്യയും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .

ആ മരങ്ങള്‍ക്കിടയില്‍ മറഞ്ഞു നിന്ന് എന്തോ നമ്മളെ നോക്കുന്നുണ്ട്’ , ഭാര്യയുടെ ശബ്ദം പെട്ടെന് മാറി . അവള്‍ സംസാരിച്ചത് ഉച്ചത്തില്‍ ആയിരുന്നു .

“എനിക്ക് പിറക്കാനിരുന്ന  അനുജത്തിയെ അമ്മ വയറ്റില്‍ വച്ച് കൊന്നതാണ് .  അമ്മ സ്വന്തം വയറ്റില്‍ ഇടിച്ചാണ് അവളെ കൊന്നത് . എന്‍റെ അച്ഛനുമായുള്ള  വഴക്കാണ് കാരണം . അച്ഛന് അമ്മയെ സംശയം ആയിരുന്നു . പക്ഷെ അച്ഛന്‍  വെറുതെ സംശയിച്ചതല്ല  , അമ്മയ്ക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നു , ഞാന്‍ കണ്ടിട്ടുണ്ട് അവള്‍ ഉന്മാദാവസ്ഥയില്‍ എന്നപോലെ  പുലമ്പിക്കൊണ്ടിരുന്നു . അവളുടെ മനോനില തെറ്റിയത് പോലെ എനിക്ക് തോന്നി .

“അമ്മെ എന്‍റെ കണ്ണ് നീറുന്നു , കണ്ണ് തുറക്കാന്‍ പറ്റുന്നില്ല  , മകന്‍ കരഞ്ഞു” . അവള്‍ മകനെ നോക്കുകപോലും ചെയ്യാതെ മുന്നോട്ട്‌ നടന്നു.  അവള്‍ പരസ്പര ബന്ധം ഇല്ലാതെ എന്തെല്ലാമോ  പറഞ്ഞു കൊണ്ടിരുന്നു . പെട്ടെന്ന് അവള്‍ തന്‍റെ വസ്ത്രങ്ങള്‍ ഒന്നൊന്നായ്  ഊരി എറിയാന്‍ തുടങ്ങി .  എനിക്ക് അവളെ തടയാന്‍ കഴിയും മുന്‍പ് മരങ്ങള്‍ക്കിടയിലെ മൂടല്‍മഞ്ഞു കലര്‍ന്ന് കിടന്ന ഇരുട്ടിലേക്ക്  അവള്‍ ഒരു ഭ്രാന്തിയെപ്പോലെ ഓടി മറഞ്ഞു . അവള്‍  ഊരി  എറിഞ്ഞ വസ്ത്രങ്ങള്‍ നിലത്തുകിടന്നു  .

അവളെ പിടിക്കനായ് മകനെ പിറകിലാക്കി ഇരുട്ടിലേക്ക് ഓടി . പുകയുടെ   തടവറയില്‍ പെട്ടത് പോലെ എനിക്കനുഭവപ്പെട്ടു  .എനിക്ക് ചുറ്റും മനുഷ്യരുടെയും , പക്ഷികളുടെയും , മൃഗങ്ങളുടെയും ഭയാനകമായ കരച്ചില്‍ അലയടിച്ചു  . ഇരുട്ടില്‍ നിന്നും എണ്ണമില്ലാത്ത വഴുവഴുത്ത  പോലെ എന്തോ ഒന്ന് എന്‍റെ ദേഹത്ത് മുഴുവന്‍ ഉഴിഞ്ഞു . എന്‍റെ മൂക്കിലൂടെ തീയാണ് പുറത്തേക് നിശ്വാസമായ് പോയത് .എനിക്ക് ഓട്ടം നിറുത്താന്‍ കഴിഞ്ഞില്ല .അവള്‍ എന്നന്നെക്കുമായ് എന്നില്‍ അകന്ന് ഇരുട്ടില്‍ മറഞ്ഞു . ഇരുട്ടില്‍ പതിയിരുന്ന്  എന്നെ നോക്കുന്ന അനേകം കണ്ണുകള്‍ക്ക്‌ മുന്‍പിലൂടെ ഞാന്‍ ഓടി . എന്‍റെ ദേഹത്ത് കിടന്ന വസ്ത്രങ്ങള്‍ എന്നെ പൊള്ളിച്ചു , ഞാന്‍ അത് ഒന്നോനായ്  ഊരിയെറിഞ്ഞു . ചന്ദന്‍ ഒരു വലിയ ഗോളമായ് മരങ്ങള്‍ക്ക് തൊട്ടു മുകളില്‍ ഒരു ഭീകരരൂപിയായ് കത്തി നിന്നു  . ഓടുന്നതിനിടയില്‍ ചന്ദ്രന്‍റെ  പ്രതലത്തിലുള്ള  പാറകളും ,കുന്നുകളും , പൂഴിമണലും ഞാന്‍ വ്യക്തമായ് കണ്ടു . എനിക്ക് ചുറ്റും തങ്ങി നിന്നത് ഉന്മാദത്തിന്‍റെ പുകയാണ് .എന്‍റെ ഇന്ദ്രിയങ്ങളില്‍ ആയിരം പുഷ്പങ്ങള്‍  വിരിഞ്ഞു .

‘എന്‍റെ മകന്‍ , അവനെ ഞാന്‍ തനിച്ചാക്കി’ അന്തലോടെ ഭീതിതമായ ചിന്ത എന്‍റെ മനസ്സിലേക്ക് വന്നു . ഭയം കൊണ്ടും കുറ്റബോധം കൊണ്ടും ഞാന്‍ കരഞ്ഞു. ഞാന്‍ ദിശയറിയാതെ ഓടിക്കൊണ്ടിരുന്നു ,. ആസ്ത്ര വേഗത്തില്‍ പാഞ്ഞ ഞാന്‍ പുകയുടെ കോട്ടയില്‍ നിന്ന് മോചിതനായി .

ഞാന്‍ ചുറ്റുപാടും എന്‍റെ മകനെ തിരഞ്ഞു , അവനെ ഒരിടത്തും കണ്ടില്ല . ഞാന്‍ തൊണ്ടകീറും വിധം ഉച്ചത്തില്‍ മകനെ വിളിച്ചു , അവന്‍ ഉത്തരം തന്നില്ല .  അവന്‍ ഞങ്ങളെ കാണാതെ ഭയക്കും . ഇവിടെ ചുറ്റുപാടും പതിയിരിക്കുന്നത്‌  അപകടങ്ങള്‍ ആണ് . എന്‍റെ മകന് എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ, എന്‍റെ മനസ്സ് പിടഞ്ഞു  . അവനെ തേടി ഞാന്‍ അവിടെ മുഴുവനും വൃഥാ  അലഞ്ഞു , എന്‍റെ തൊണ്ട വരണ്ടു കീറുന്ന വേദന . ശരീരമാകെ എണ്ണമില്ലാത്ത  സൂചികള്‍ പതുക്കെ കുത്തി  ഇറക്കുന്ന വേദന . വെള്ളം വേണം . ഞാന്‍ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു .

അകലെ  മരങ്ങളുടെ നിഴല്‍ മൂടിയ ഒരിടവഴി കണ്ടു , കഷ്ടിച്ച് രണ്ടാള്‍ക്ക്‌ തോള്‍ ചേര്‍ന്ന് നടക്കാവുന്നത്ര വീതി മാത്രമുള്ള ഒരു ഗ്രാമന്‍ ഇടവഴി . അതിന്‍റെ രണ്ടു വശങ്ങളിലും  , ഗന്ധമില്ലത്ത വയലറ്റ് പൂക്കള്‍ ഉള്ള ചെടികള്‍ നിറഞ്ഞു നിന്നു . ഒരു വശത്ത് ഞാന്‍ ഒരു വീടുകണ്ടു . ഓലമേഞ്ഞ് വൃത്തിയുള്ള ആ കൊച്ചു  വീടിന്‍റെ ഉമ്മറത്ത് ഒരു വിളക്ക് കത്തിച്ചു വച്ചിരുന്നു . ആ വീടിന്‍റെ ഉമ്മറത്ത് വടി കുത്തി നിന്ന കുതിരയോട് സാമ്യമുള്ള മുഖത്തോടു കൂടിയ കറുത്ത മനുഷ്യന്‍ എന്‍റെ വെളുത്ത നഗ്നത കണ്ട് കൈചൂണ്ടി കളിയാക്കി .  കൈകള്‍ കൊണ്ട് എന്‍റെ നഗ്നത മറച്ച് ഞാന്‍ മുന്നോട്ട് നടന്നു .

അതിനടുത്ത  വീടിന്‍റെ  വെട്ടുകല്‍ പടി കയറി ഞാന്‍ വീടിന്‍റെ മുന്‍പിലെത്തി  . ‘എനിക്ക് വെള്ളം വേണം’   ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു . ഇരുളടഞ്ഞ ആ വീടിന്‍റെ ഉള്ളറകളില്‍ നിന്ന് വയസ്സായ സ്ത്രീ പെട്ടെന്ന് , പുറത്തേക്ക് വന്നു . അവര്‍ അട്ടഹാസത്തോടെ ഒരു വഴുവഴുത്ത എന്തോ ദ്രാവകം  എന്‍റെ മുഖത്തെക്കൊഴിച്ചു .മുഖം പൊള്ളിയ ഞാന്‍ അവിടെ നോന്നോടി പടി കടന്നു .

ഞാന്‍ അടുത്ത വീട്ടിലേക്ക് കയറി ,നിലാവില്‍ കണ്ട കിണറിനടുത്തെക്ക് ചെന്നു . അവിടെ കറുത്ത ഒരു സ്ത്രീ വെള്ളം കൊരിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു . അവര്‍ കിണറില്‍ നിന്ന് മരത്തോട്ടിയില്‍ വെള്ളം കോരി നീട്ടിപ്പിടിച്ച കൈവെള്ളയിലേക്ക് ഒഴിച്ചു തന്നു . ദാഹം ശമിച്ചപ്പോള്‍ ഒരു കുട്ടിയെപ്പോലെ ഞാന്‍ നിലത്തിരുന്നു  ഇരുന്നു . അവള്‍ വലിയ തോട്ടി വെള്ളം എന്‍റെ തലവഴി ഒഴിചു .

എന്‍റെ ഭാര്യയേയും മകനെയും നിങ്ങള്‍ കണ്ടോ’ ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു അവര്‍ മുഖം വെട്ടിച്ച് വീടിനകത്തേക്ക് കയറിപ്പോയി .

ഞാന്‍ മലര്‍ന്നു കിടന്നു , ചന്ദ്രനും നക്ഷത്രങ്ങളും , എന്‍റെ നേരെ മുകളില്‍ , ഞാന്‍ കണ്ണടച്ചു . അവിടെ എന്‍റെ മകനും , ഭാര്യയും എന്നെ കാത്തിരിക്കുന്നു .

കഥ അവസാനിപ്പിച്ച് എന്‍റെ മുന്‍പിലിരുന്ന ആ മനുഷ്യന്‍ വിതുമ്പി . അയാളുടെ  കണ്ണുകളില്‍ നിന്ന് , കണ്ണുനീര്‍ ധാര ധാരയായ് ഒഴുകിയിറങ്ങി  .

എന്‍റെ മകന്‍ ,ഭാര്യ അവരെ എനിക്ക് നഷ്ടപ്പെട്ടു അയാള്‍ അലറി . ഞാന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ,  അയാള്‍ പെട്ടെന്ന് മേശയില്‍ ഇടിച്ചു , വായില്‍ നിന്ന് നുരയും , പതയും വന്നു . എനിക്ക് പിടിക്കാന്‍ കഴിയും മുന്‍പ് നിലത്തേക്ക് മറിഞ്ഞു വീണു .

ശബ്ദം കേട്ട് അറ്റണ്ടര്‍ വന്ന് താങ്ങിയെടുത്ത് അയാളെ  അകത്തേക്ക് കൊണ്ട് പോകുന്നത് ഞാന്‍ നോക്കി നിന്നു . എന്താണ് സംഭവിച്ചതെന്നരിയാനുള്ള ഉദ്വെഗത്തില്‍ പലരും എന്നോട് തിരക്കി . ഹെവന്‍ലി അബോഡില്‍ വന്നതിനു ശേഷം ആദ്യമായാണ്‌ ആ മനുഷ്യന്‍ മറ്റൊരാളോട് മിണ്ടുനത് പോലും.     

കുറച്ചു നേരം എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ തരിച്ചിരുന്നു . അയാള്‍ പറഞ്ഞ സംഭവങ്ങളിലെ സത്യവും , മിഥ്യയും എനിക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല . മനോനില തെറ്റിയ ഒരു മനുഷ്യന്‍റെ വെറും ജല്പനഗല്‍ അല്ലായിരുന്നു ഞാന്‍ കേട്ടത് . അയാളുടെ അനുഭവങ്ങളുടെ തീവ്രത ആ വാക്കുകളില്‍ ത്രസിച്ചു നിന്നു .അയാള്‍ പറയുന്നതില്‍ ഏറെ സത്യങ്ങള്‍ ഉണ്ട് , പക്ഷെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ആ സത്യങ്ങള്‍ എവിടെയോ വച്ച് മിഥ്യയില്‍ അലിഞ്ഞു ചേരുന്നു . അയാളുടെ അനുഭവം  എന്‍റെതും ആയിത്തീര്‍ന്നു .

ഞാന്‍ അന്നു രാത്രി എനിക്ക് ഉറങ്ങാല്‍ കഴിഞ്ഞില്ല . ആരാണീ മനുഷ്യന്‍ , അയാളുടെ പേരെന്താണ് ,  അയാളുടെ ബന്ധുക്കള്‍ എവിടെയാണ് ,  എവിടെ ആയിരക്കും അയാള്‍ പറഞ്ഞ ആ റിസോര്‍ട്ടും , നിഗൂഡമായ ആ മലകളും, കാടും  ,എന്തായുരുന്നു ആ ഫാക്ടറി , അയാളുടെ ഭാര്യക്കും , മകനും എന്ത് സംഭവിച്ചു . എങ്ങിനെ അയാള്‍ മാത്രം രക്ഷപെട്ടു,  എങ്ങിനെ അയാള്‍  ഈ  അടിവാരത്ത് എത്തിപ്പെട്ടു എപ്പോഴാണ് ഇത് സംഭവിച്ചത് ഒരു പാട് സമസ്യകള്‍ക്ക് എനിക്ക് ഉത്തരം കിട്ടിയില്ല . ഇന്നത്തെയും പോലെ വരാനിരിക്കുന്ന പല രാത്രികളും  ഉറക്കം നഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.   

പിറ്റേന്ന് അയാളെ ഞാന്‍ പുറത്തെങ്ങും  കണ്ടില്ല , കടുത്ത പനിമൂലം അടിവാരത്തെ ഹോസ്പിറ്റലില്‍ കൊണ്ടുപോയെന്ന് പിന്നീട് അറിഞ്ഞു .  കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അയാള്‍  പട്ടണത്തിലെ ആശുപതിയില്‍ മരിച്ചു എന്ന നടുക്കുന്ന വാര്‍ത്തയും എന്നെ തേടിയെത്തി  .

II

ആ മനുഷ്യനൊപ്പം നിഗൂഡമായ ആ സത്യങ്ങളും മണ്മറഞ്ഞു . എന്നിരുന്നാലും അയാള്‍ എന്നോടു മാത്രം പറഞ്ഞ  സത്യം തേടിയുള്ള എന്‍റെ  അന്വേഷണങ്ങള്‍ തുടര്‍ന്നു . അയാള്‍ പറഞ്ഞ കഥയിലെ ഭൂരിഭാഗവും സത്യമായിരുന്നു എന്ന നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അതിന്‍റെ  അടിസ്ഥാനം പണ്ടെങ്ങോ ഞാന്‍ വായിച്ച  ഒരു വിദേശ ഇംഗ്ലീഷ്  വാരികയിലെ കുറിപ്പയിരുന്നു . അത് ഇങ്ങനെ ആയിരുന്നു . “ ശീതയുദ്ധ സമയത്ത് ദക്ഷിണ ഇന്ത്യയിലെ ഒരു വനപ്രദേശത്ത്‌ ഒരു പ്രൈവറ്റ് കെമിക്കല്‍ ഫാക്ടറിയുടെ മറവില്‍ വളരെ രഹസ്യമായ്  ഇന്ത്യ രാസായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു ” .

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ