ജില്ലാ കലക്ടർ എന്ന ബോർഡു വെച്ച കാർ സുഗന്ധി ടീച്ചറിന്റെ വീട്ടു മുറ്റത്തു വന്നു നിന്നു. ഇരുനിറമുള്ള സുന്ദരിയായ ഒരു യുവതി കാറിൽ നിന്നും ഇറങ്ങി. ഇളം നീല കോട്ടൺ സാരി ഭംഗിയായി ഉടുത്തിരിക്കുന്നു. അല്പം ഉയർത്തി
കെട്ടിവെച്ച മുടി. ഐശ്വര്യമുള്ള മുഖം. വാർദ്ധക്യസഹജമായ രോഗത്താൽ കഴിയുന്ന സുഗന്ധി ടീച്ചറെ കാണാൻ കൈയ്യിൽ കുറച്ചു റോസാപ്പൂക്കളുമായി അവൾ സിറ്റൗട്ടിലേയ്ക്ക് കയറി വന്നു.
പത്രവായന നിർത്തി മുഖമുയർത്തി ടീച്ചർ ആഗതയെ നോക്കി.
"ടീച്ചർ എന്നെ ഓർമ്മയുണ്ടോ?", പുഞ്ചിരിയോടെ അവൾ ചോദിച്ചു.
കണ്ണട അല്പം ഉയർന്നി നെറ്റി ചുളിച്ച് ടീച്ചർ അവളെ നോക്കി.
"എവിടെയോ കണ്ട പോലെ!
പ്രായമായില്ലേ മോളേ..നല്ല മുഖപരിചയം. പക്ഷേ ഓർമ്മ കിട്ടുന്നില്ല."
"ടീച്ചർ ഞാൻ ശ്രാവണി ശെൽവരാജ്.", ശ്രാവണി കൈയ്യിലുള്ള പുഷ്പോപഹാരം ടീച്ചറുടെ കൈയ്യിൽ കൊടുത്തു.
"ശ്രാവണീ..", ടീച്ചർ സ്നേഹത്തോടെ.. അതിലേറെ വാൽസല്യത്തോടെ അവളെ വിളിച്ചു.
ടീച്ചറിന്റെ ഓർമ്മകൾ കുറേ പിന്നിലേയ്ക്കു പറന്നു.
നാലാം ക്ലാസിൽ വച്ചാണ് ശ്രാവണി എന്ന മിടുക്കിക്കുട്ടി ടീച്ചറുടെ മനസിൽ കയറിക്കൂടിയത്.
വിവിധയിനം ആഹാരരീതികളെ ക്കുറിച്ചു പഠിപ്പിക്കുമ്പോൾ ഒരു കൗതുകത്തിനായ് ടീച്ചർ ചോദിച്ചു.
"നിങ്ങൾ രാവിലെ എന്താണ് കഴിച്ചത്?" ടീച്ചറുടെ ചോദ്യത്തിന് കുട്ടികൾ ഉൽസാഹത്തോടെ മറുപടി നൽകി.
"പുട്ടും കടലയും."
"ടീച്ചറെ ഞാൻഇഡ്ഡലിയും സാമ്പാറും." "ഞാൻ കഴിച്ചത് ദോശയും ചട്നിയും." "ഇടിയപ്പം."
"പുട്ടും പഴവും."
"ചോറാണ് കഴിച്ചത്."
പലരും മാറിമാറി അവരുടെ ഭക്ഷണ വിശേഷങ്ങൾ പങ്കു വെച്ചു.
മുൻ ബെഞ്ചിൽ ഇരിക്കുന്ന ശ്രാവണി എന്ന കുട്ടി മാത്രം ഒന്നും സംസാരിക്കാതെ നിശബ്ദയായി ഇരിക്കുന്നത് കണ്ടു.
"മോളെന്താ കഴിച്ചത് ?"
ടീച്ചർ ചോദിച്ചു.
"ഒന്നും കഴിച്ചില്ല. വീട്ടിൽ ഒന്നും ഇല്ലായിരുന്നു."
നിഷ്കളങ്ക ഭാവത്തിലുള്ള അവളുടെ മറുപടി കേട്ട് സുഗന്ധി ടീച്ചർക്ക് വിഷമം തോന്നി. ചോദിക്കേണ്ടിയിരുന്നില്ല! എല്ലാവരും വയറുനിറയെ പലയിനം പലഹാരങ്ങളും കഴിച്ച് വന്നപ്പോൾ ഒരു കുഞ്ഞു മാത്രം പട്ടിണിയിൽ. കുറേ ദിവസങ്ങളായി ടീച്ചർ അവളെ ശ്രദ്ധിക്കുന്നുണ്ട്. മറ്റു കുട്ടികളുടെ അത്ര പ്രസരിപ്പും, സന്തോഷവും ഇല്ലെങ്കിലും പഠനത്തിൽ അവൾ മിടുക്കിയായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങാറുണ്ട്. ഏത് ചോദ്യത്തിനും അവൾ ആൻസർ ചെയ്യാറുണ്ട്.
ഇന്റെർവെൽ സമയത്ത് ടീച്ചർ അവളെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.എല്ലാ കാര്യങ്ങളും അവളോട് ചോദിച്ചു. അങ്ങനെയാണ് അവളുടെ കഥ ടീച്ചർ അറിഞ്ഞത്. അച്ഛൻ തികഞ്ഞ മദ്യപാനി. അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് രണ്ട് അനിയത്തിമാരും മുത്തശിയുമടക്കം ആറ് അംഗങ്ങൾ ഭക്ഷണം കഴിക്കുന്നത്. അമ്മയ്ക്ക് പണി ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിൽ മുഴുപ്പട്ടിണിയാണ്. കൂലിപ്പണിക്ക് പോകുന്ന അച്ഛൻ കിട്ടുന്ന കാശ് മുഴുവൻ മദ്യപിച്ച് തീർക്കും. വല്ലപ്പോഴും എന്തേലും വാങ്ങി വന്നാലായി.
തമിഴ്നാട്ടിൽ നിന്നും തൊഴിലന്വേഷിച്ചു വന്നവരാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ല.പുറമ്പോക്കിൽ തകരഷീറ്റും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച കുടിലിലാണ് അവരുടെ താമസം. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന്
ടീച്ചർ മനസ്സിലുറപ്പിച്ചു. ഏത് രീതിയിൽ ആണ് സഹായിക്കാൻ പറ്റുക?
ടീച്ചർ സഹപ്രവർത്തകരുടേം ഹെഡ്മാഷിന്റേം മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചു. ചിലരൊക്കെ സഹായിക്കാൻ സൻമനസുകാട്ടി. മറ്റു ചിലർ നിരുൽസാഹപ്പെടുത്തി. ചിലർ പരിഹസിച്ചു. പക്ഷേ കാര്യമായ സഹായം ഒരിടത്തു നിന്നും കിട്ടിയില്ല. അപ്പോഴാണ് ടീച്ചർ ടിവിയിൽ ഒരു ക്വിസ് കോമ്പറ്റീഷൻ നടക്കുന്നുണ്ട് എന്ന് അറിഞ്ഞത്. അതിൽ പങ്കെടുക്കാൻ സാധിച്ചാൽ കിട്ടുന്ന പണം നൽകി ആ കുഞ്ഞിനെ സഹായിക്കാം. ടീച്ചർ അപേക്ഷ അയച്ചു കാത്തിരുന്നു.
ടീച്ചറുടെ ആഗ്രഹമോ,ശ്രാവണിയുടെ ഭാഗ്യമോ ടീച്ചർക്ക് സെലക്ഷൻ കിട്ടി. കോംപറ്റീഷനിൽ പങ്കെടുത്തു. അതുവഴി ടീച്ചർക്ക് ലഭിച്ച 'പന്ത്രണ്ടു ലക്ഷം രൂപ' കൊണ്ട് ആ കുടുംബത്തിന് ഒരു കൊച്ചു വീട് വെച്ച് കൊടുത്തു. ബാക്കി ശ്രാവണിയുടെ പഠനത്തിനായി ബാങ്കിൽ നിക്ഷേപിച്ചു. സുഗന്ധി ടീച്ചറുടെ നിരന്തരമായ ഉപദേശവും ഇടപെടലും കൊണ്ട് അവളുടെ അച്ഛൻ ശെൽവരാജ് മദ്യപാനം നിർത്തി ഒരു പുതിയ വ്യക്തിയായി മാറി. ഇന്നയാൾ കുടുംബനാഥനെന്ന ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നു. എല്ലാ ക്ലാസിലും ഫസ്റ്റ് റാങ്ക് വാങ്ങിയാണ് ശ്രാവണി വിജയിച്ചത്. അനുജത്തിമാരും അവളുടെ പാത പിന്തുടന്നു. സൻമനസുള്ളവരുടെ സഹായഹസ്തങ്ങൾ നിർലോപം കരുണ വർഷിച്ചു. അതിന്റെ ഫലമായി കുട്ടികൾ മൂന്നു പേരും നല്ല രീതിയിൽ പഠനം തുടരുന്നു.
"ടീച്ചർ ഇന്നു ഞാൻ കലക്ടറായി ചാർജെടുക്കുകയാണ്. എന്നെ അനുഗ്രഹിക്കണം." ശ്രാവണിയുടെ വാക്കുകൾ ടീച്ചറിനെ ചിന്തയിൽ നിന്നുണർത്തി.
ശ്രാവണി ടീച്ചറുടെ പാദങ്ങളിൽ തൊട്ട് നമസ്ക്കരിച്ചു.
ടീച്ചർ അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ എല്ലാ അനുഗ്രഹവും നിനക്കുണ്ടാവും, എന്നും..."
ടീച്ചർ അവളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു.
"ടീച്ചർ.. എത്ര നന്ദി പറഞ്ഞാലും തീരില്ല. തളർന്നു വീണുപോകാമായിരുന്ന എന്നെ കരുതലോടെ വീണ്ടെടുത്ത് വീടും, പഠന സൗകര്യവും ഒരുക്കി തന്ന് സ്വന്തമെന്ന പോലെ ചേർത്തു നിർത്തി ലക്ഷ്യത്തിലെത്തുവാൻ സഹായിച്ച ടീച്ചറിനോട് മരണം ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു."
തൊഴുകൈകളോടെ അവൾ പറഞ്ഞു.
"മോളേ ഞാൻ എന്റെ കടമ മാത്രമാണ് ചെയ്തത്." സുഗന്ധി ടീച്ചർ പറഞ്ഞു.
ആനന്ദാശ്രുക്കളോടെ ടീച്ചറോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ശ്രാവണിയുടെ മനസു നിറയെ തന്റെ ജീവിതത്തിൽ സുഗന്ധം വിതറിയ സുഗന്ധി ടീച്ചറായിരുന്നു.