നീലക്കടലിനെ വാരിപ്പുണരാനായി ചുമന്നു തുടുക്കുന്ന സൂര്യൻ. ഇരുട്ടും മുന്നേ കൂടണയാൻ പറന്നകലുന്ന പക്ഷികൾ. സൂര്യന്റെയും കടലിന്റെയും പ്രണയ സംഗമത്തിന് സാക്ഷിയാവാൻ കൈകോർത്തിരിക്കുന്ന യുവമിഥുനങ്ങൾ. നീതു
തന്റെ രണ്ടാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽ പതിവുപോലെ ചായയുമായി വന്നിരുന്നു. ബീച്ചിലെ ഒരു കോണിൽ പേരറിയാത്ത മരത്തിനു കിഴിൽ ഒരു ബെന്ചിട്ടിട്ടുണ്ട്. ഇന്നവിടെ ആരെയും കാണാനില്ല. ആ ബെഞ്ചിന് സ്ഥിരം അതിഥികൾ ഉള്ളതായിരുന്നു. 60-65 വയസ്സ് പ്രായം തോന്നിക്കുന്ന ദമ്പതികൾ. പ്രായം അവരുടെ ശരീരത്തിന് മാത്രമേ അനുഭവപെട്ടിട്ടുള്ളു. അകലെ നിന്നു കാണുന്ന അവരിൽ കൗമാരക്കാരുടെ ചെറുപ്പമാണ് നീതു കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ നീതു അവരെ Mr. & Mrs. 18 എന്നാണ് പറയാറ്. Mr. 18 Mrs. 18 ന്റെ തോളിൽ കൈ ഇട്ടു ചേർത്തു പിടിക്കുന്നത് കാണാം. Mrs. 18 തോളോട് ചേർന്ന് ഇരിക്കുന്നതും. കുറച്ചു നേരം അവരങ്ങനെ ഇരിക്കും. പതിയെ mrs.18, mr.18 ന്റെ കൈ തോളിൽ നിന്നും എടുത്ത് മുഖത്തേക്കു നോക്കി ചിരിക്കും. എന്നിട്ട് ആ കൈ കെട്ടിപിടിച്ചു തോളിൽ തല ചായ്ച്ചങ്ങിനെ കിടക്കും. അവരെന്തെങ്കിലും സംസാരിക്കുന്നതായി നീതുവിന് ഇതുവരെ തോന്നിയിട്ടില്ല. സംസാരിക്കുകയാണെങ്കിൽ തന്നെ ഇനി എന്ത് മിണ്ടാനാ. പറയാനുള്ളതും ചെയാനുള്ളതുമായ കാര്യങ്ങളൊക്കെ ഒരു ജീവിതം കൊണ്ട് തീർത്തുകാണും. ഇനിയിപ്പോ മക്കളുടെയും കൊച്ചുമക്കളുടെയും ജീവിതം കണ്ടു ആനന്ദിക്കാം. നീതു മനസ്സിൽ പറഞ്ഞു ചിരിച്ചു.
കാണേണ്ട സമയം കഴിഞ്ഞിട്ടും ഇന്നവരെ മാത്രം കണ്ടില്ല. ആർക്കെങ്കിലും വല്ല അസുഖവും പിടിച്ചോ. നീതു ഫോൺ എടുത്ത് നവീൻ എന്നു സേവ് ചെയ്ത നമ്പറിലേക് ഡയൽ ചെയ്തു. "ഹലോ നവീൻ" നീതു. "ഹലോ.. പറ നീതു, " മറുവശം. "നവീൻ ഞാൻ ഇന്നു എന്റെ യുവമിഥുനങ്ങളെ മിസ്സ് ചെയുന്നു. ഇന്നവർ ബീച്ചിൽ വന്നിട്ടില്ല. എന്ത് പറ്റിയോ ആവോ. " നീതു പറഞ്ഞു. "ഓ.. നിന്റെ mr. &mrs. 18. നിന്റെ കണ്ണ് വീണു കിളവനോ കിളവിയോ തട്ടിപ്പോയോ." നവീൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"കരിനാക്കിട്ടു വളയ്ക്കാതെ നവീൻ.. അവരില്ലാത്ത ഈ സായംസന്ധ്യ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്". നീതു പൊട്ടിച്ചിരിച്ചു. ഒപ്പം നവീനും. നീതുവിന്റെ കൂടെ വർക്ക് ചെയുന്ന ആളാണ് നവീൻ. ഇരുവരും പ്രണയത്തിലാണ്. പ്രണയം വീട്ടിൽ പറഞ്ഞു വീട്ടുകാർക്കും സമ്മതം. വിവാഹം എപ്പോൾ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും രണ്ടുപേർക്കും തന്നെ. ഫോൺ വിളികൾക്കിടയിൽ എപ്പോളോ നീതുവിന്റെ കണ്ണ് ആ ബെഞ്ചിലേക്ക് തന്നെ പോയി. "ദേ നവീൻ എന്റെ mr. 18 ഇരിക്കുന്നു.. mrs. 18 നെ കാണുന്നില്ലാലോ.. എവിടെ പോയെന്നവോ.." നീതു.. "ഓ അത് വല്ല കപ്പലണ്ടിയും വാങ്ങാൻ പോയതായിരിക്കും. അവരവിടെങ്ങാനും ഇരിക്കട്ടെ". നവീൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്നാൽ അങ്ങിനെയാവട്ടെ അവരുടെ സ്വർഗ്ഗത്തിലേക്കു നമുക്കും നമ്മുടെ സ്വർഗത്തിലേക്ക് അവരെയും കടത്തിവിടണ്ട". രണ്ടു പേരും ഫോണിലൂടെ ചിരിച്ചു. ദിവസങ്ങൾ കടന്നു പോയി.. mr. 18 നെ അല്ലാതെ mrs. 18 നെ നീതു പിന്നെ കണ്ടിട്ടില്ല. ഇവർക്കിതെന്തു പറ്റി.. നീതുവിന് ആകാംഷ കൂടി.
ഒരു ദിവസം വൈകുന്നേരം നീതു രണ്ടും കല്പിച്ചു mr.18 ന്റെ അടുത്ത ചെന്നിരുന്നു. "ഹലോ uncle" mr. 18 ഒന്ന് നോക്കി ചിരിച്ചു. ഞാനിവിടെ അടുത്ത ഫ്ലാറ്റിൽ ആണ് താമസം. Evening എന്നും ഞാൻ നിങ്ങളെ കാണാറുണ്ട്. അങ്ങിനെ നിങ്ങളെ എനിക്കറിയാം". നീതു പറഞ്ഞു. "
കുട്ടിയുടെ പേര്? " mr. 18.
"നീതു"
വൃദ്ധൻ ഒന്ന് ചിരിച്ചിട്ട് വീണ്ടും കടലിലേക്ക് നോക്കി ഇരുന്നു.
"Auntye കുറച്ചായി കാണാറില്ലലോ.. എന്തെകിലും വയ്യായ്ക വല്ലോം ആണോ? " നീതു ഒരുവിധം ചോദിച്ചു.
"അറിയില്ല". Mr. 18.
"അറിയില്ലേ.. uncle എന്താണീ പറയുന്നത് നിങ്ങൾ daily ഇവിടെ വരാറുള്ളതല്ലേ എന്നിട്ട് auntye പറ്റി അറിയില്ലേ..
" നീതു. "ഇല്ല എനിക്കറിയില്ല" mr. 18. "നിങ്ങൾ ഒരു വീട്ടിൽ നിന്നല്ലേ.. " നീതു.
"അല്ല" വൃദ്ധൻ ഒന്ന് നെടുവീർപ്പിട്ടു. നീതുവിന് ഒന്നും മനസിലായില്ല.
"അപ്പോൾ നിങ്ങൾ രണ്ടുപേരും... ഞാൻ കരുതിയത്.. " നീതു മുഴുമിപ്പിച്ചില്ല.
"അവർ എന്റെ ആരും അല്ല ഞാൻ അവരുടെയും.. പക്ഷെ ഞങ്ങൾ പ്രണയിക്കുന്നു". വൃദ്ധൻ പറഞ്ഞു. നീതു ഒന്നും മനസിലാകാതെ ഇരുന്നു. അൽപസമയത്തിനകം നീതു വീണ്ടും ചോദിച്ചു.
"അപ്പോൾ aunty ഇപ്പൊ എവിടെയാ താമസം.. ആരുടെ കുടെയാ താമസം.. uncle അനേഷിച്ചില്ലേ ഇത്ര day കാണാഞ്ഞിട്ടും.. ".
"ഇല്ല അനേഷിച്ചില്ല. അവളെ പറ്റി ഒന്നും അറിയുകയുമില്ല.. ചിലപ്പോൾ ഭർത്താവിനൊപ്പം ചിലപ്പോൾ മക്കൾക്കൊപ്പം.., വര്ഷങ്ങള്ക്കു ശേഷം ഞാനവളെ ഇവിടെ വെച്ചു കണ്ടു. പിന്നീടങ്ങോട്ട് കണ്ടുകൊണ്ട് ഇരിക്കുന്നു. അത്രയും മാത്രമേ എനിക്കവളെ പറ്റിയും അവൾക്കെന്നെ പറ്റിയും അറിയുള്ളു". വൃദ്ധൻ പറഞ്ഞു നിർത്തി.
"അപ്പോൾ നിങ്ങൾ നേരത്തെ അറിയുമോ.. " നീതു. "അറിയും ആദ്യം ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു, പിന്നീട് കമിതാക്കൾ, ദമ്പതികൾ.. പിന്നീട് ആരും അല്ലാതെയും ആയി". വൃദ്ധൻ.
"ആരും അല്ലാതെയോ.. uncle ഒന്ന് തെളിച്ചു പറയൂ.. " നീതുവിന് ആകാംഷ കൂടി. വൃദ്ധൻ ഒന്ന് ചിരിച്ചു കടലിനടുത്തേക്കു നടന്നു.. നീതു പിന്നാലെയും.
"കുട്ടീ.. ഈ കടലിനും സൂര്യനും ഒരുപാടു പരിഭവങ്ങൾ ഉണ്ട്. അറിയുമോ? . വൃദ്ധൻ.
"അറിയില്ല" "നോക്കു.. എത്ര കൊതിച്ചാണവർ ഒന്നിക്കാൻ ആഗ്രഹിക്കുന്നത്. അവർ നമ്മളെ കാണുന്നില്ല ചുറ്റുമുള്ള ഒന്നിനും കാണുന്നില്ല.. അവർ അവരെമാത്രം കാണുന്നു.. ഒന്നിക്കുന്നു.. ഒടുവിൽ അവർ തിരിച്ചറിയും സൂര്യൻ ആകാശത്തിന്റെയും കടൽ കരയുടെയും ആണെന്ന്.. രണ്ടുപേരും കലഹിക്കും.. സൂര്യൻ കടലിനെ ആകാശം ചുറ്റാനും, കടൽ സൂര്യനെ കരയെ പുണരാനും ക്ഷണിക്കും. ഇരുവരും തങ്ങളുടെ വാശിയിൽ നില്കും. ഒടുവിലവർ പിരിയും.. പിരിയുമ്പോൾ അടുക്കാൻ തോന്നും.. അടുക്കുമ്പോൾ പിരിയാനും.. സ്നേഹം സ്വാർത്ഥമാണ്.. സ്വാർത്ഥതയ്ക് മുൻപിൽ തോല്കുമ്പോൾ മറ്റൊരാൾ തോല്പിക്കപെടുമ്പോൾ ജീവിതം അവസാനിക്കും. അങ്ങിനെ തോല്കാതിരിക്കാൻ വേണ്ടി ചില അകൽച്ചകൾ നല്ലതാണ്. അത്തരം അകൽച്ചകൾ തന്നെയാണ് ഈ ലോകത്തെ ഇതുപോലെ കൊണ്ടുപോകുന്നത്. ഞങ്ങളും അകന്നു. ആരും ആരുടെയും അല്ലാതായി.. ഒരു കൂടിച്ചേരലിനായി വര്ഷങ്ങളോളം കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടി. എല്ലാ ദിവസവും ഈ സായംസന്ധ്യക്കായി ഞങ്ങൾ ഇരുവരും ഒരുപാടാഗ്രഹിക്കുന്നു എന്നു മാത്രം എനിക്കറിയാം.. അവൾക്കും.. അവൾ ഇനിയും വരും എന്നിലേക്കു ലയിക്കാൻ.. എന്നിട്ട് പറന്നകലും എന്നിലേക്കു തന്നെ തിരിച്ചു വരാനായി. ഞാനിവിടെ അവൾക്കായി കാത്തിരിക്കും". വൃദ്ധൻ പതിയെ നടന്നകന്നു. നീതു ഇരുട്ടു വീണ കടലിലേക്ക് നോക്കി നിന്നു. ഇതാണോ യഥാർത്ഥ പ്രണയം... നീതുവിന് ഒന്നും മനസിലായില്ല. എന്നിരുന്നാലും അന്നാദ്യമായിട്ടാണ് നീതുവിന് അസ്തമയം ഇത്ര സുന്ദരമാണെന്നു തോന്നിയത്...