"രാത്രിയിലെ ട്രെയിനിൽ നമുക്ക് പോവാം. രാവിലെ തന്നെ വീടെത്താം.താൻ റെഡിയായിക്കോ." സുരേട്ടന്റെ വാക്കുകൾ എന്റെ മനസ്സിനെ തേൻമഴ പോലെ കുളിരണിയിച്ചു.
"മുത്തശ്ശിക്കു മാളൂനേ കാണാൻ കൊതിയാണത്രേ. ഒന്നു വന്ന് കണ്ടൂടെ കുട്ടീ. തീരെ വയ്യാണ്ടായി. ഇനിയെത്ര നാളെന്നു വച്ചാ.."
അമ്മയുടെ ഫോൺ വന്നപ്പോൾ മുതൽ ആഗ്രഹിച്ചതാണ് മുത്തശ്ശിയെ പോയി കാണണംന്ന്. മുത്തശ്ശിയെക്കുറിച്ച് ഉള്ള ഓർമ്മകൾ എന്നെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോയി. അതിവിശാലമായ മുറ്റത്തും തൊടിയിലും പൂത്തുമ്പിയെ പോലെ പാറി പറന്നു നടന്ന കാലം. ചക്കരമാവിൻ ചുവട്ടിലും ആറ്റിറമ്പിലെ മണൽപ്പരപ്പിലും മഴവില്ലു വിരിയിച്ച കുട്ടിക്കാലം. നാട്ടുമാവിന്റെ കൊമ്പിൽ ഊഞ്ഞാലുകെട്ടി തറവാട്ടിലെ കുട്ടികൾക്കൊപ്പം കളിക്കവേ വികൃതിക്കുട്ടികൾ തള്ളി വീഴ്ത്തിയപ്പോൾ മുട്ടു പൊട്ടി ചോര പൊടിച്ചതും, പിന്നീടാവകയിൽ മുത്തഛൻ തന്ന പ്രത്യേക പരിഗണനയും.
തറവാട്ടിലെ ഏക പെൺതരിയെന്ന പേരിൽ ഏറെ അഭിമാനിച്ചിരുന്നു. മുത്തച്ഛന്റെ വീടിന്റെ ഉമ്മറത്തിരുന്നാൽ കാണാം ആകാശം മുട്ടേ ഉയരത്തിൽ ശിഖരങ്ങളുമായി പടർന്ന് പന്തലിച്ചു നില്ക്കുന്ന വലിയ നാട്ടുമാവ്. ഉരുക്കു നെയ് ഒഴിച്ച ചൂടു കഞ്ഞി പ്ലാവിലക്കുമ്പിൾ കൊണ്ട് കോരി കുടിക്കുമ്പോൾ, വലിയ ഭരണിയിൽ നിന്നും കോരിയെടുത്ത കണ്ണിമാങ്ങാ അച്ചാർ മുത്തശ്ശി കഞ്ഞിയിൽ ഇട്ടു തരും. എരിവും പുളിയും ഉപ്പും ഒക്കെ കലർന്ന അച്ചാർ കഞ്ഞിയുടെ ഒപ്പം കഴിക്കുവാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്.മറ്റു കറികൾ ഒന്നും കാണില്ല. ചിലപ്പോൾ കനലിൽ ചുട്ടെടുത്ത വലിയ പപ്പടവുമുണ്ടാവും. കുട്ടിക്കാലത്ത് പപ്പടം കണ്ടാലുടൻ മനസിലോടിയെത്തുക മാനത്തെ അമ്പിളിയമ്മാവനാണ്.
ചരലുകൾ വാരിയെറിയുന്നതുപ്പോലെ ശബ്ദങ്ങൾ വർഷിച്ചു മുറ്റത്തും പറമ്പിലുമൊക്കെ നനുത്ത കാറ്റിൽ മഴത്തുള്ളികൾ വന്നു പതിക്കുമ്പോൾ അവയോടൊപ്പം വീഴുന്ന നാട്ടു മാമ്പഴത്തിന്റെ മാധുര്യം തേൻ തുള്ളിയ്ക്കു പോലുമില്ല.അത്രയ്ക്ക് സ്വാദാണ്.
മുറ്റത്ത് വീഴുന്ന മഴത്തുള്ളികൾ കെട്ടി നിന്ന് ചെറിയ ജലാശയം ഉണ്ടാകുന്നതും, അവയിൽ ചെറിയ കുമിളകൾ ഉണ്ടായി അവ കുറച്ച് ദൂരം സഞ്ചരിച്ച് പൊട്ടിപ്പോകുന്നതു നോക്കി നിൽക്കുമ്പോഴും, മുറ്റത്ത് കടലാസുവഞ്ചിയിറക്കി കളിക്കുമ്പോഴും കൈയ്യിൽ ഉണ്ടാവും പാതി കടിച്ച ഒരു കുഞ്ഞുമാമ്പഴം. മുത്തശ്ശിയുണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരിയുണ്ടേൽ ഊണിന് മറ്റു കറികൾ ഒന്നും വേണ്ട.
വേനൽ കാലത്ത് മേയുന്ന കന്നുകാലികൾക്കും കളിക്കുന്ന കുട്ടിപ്പട്ടാളത്തിനും ഒരു പോലെ തണലും കുളിരും നൽകുന്ന മാവിൻ ചുവട് എല്ലാവർക്കും ഒരഭയ കേന്ദ്രമാണ് . അയൽവക്കത്തെ സ്ത്രീ ജനങ്ങളെല്ലാം കൂട്ടം കൂടിയിരുന്ന് കുശലം പറഞ്ഞു കൊണ്ട് ഈർക്കിൽ ചീകി ചൂലുണ്ടാക്കുകയും ,ഓല മെടയുകയും ചെയ്തിരുന്നത് ഈ മാഞ്ചുവട്ടിലാണ്.
ഒരോ മാമ്പഴകാലമെത്തുമ്പോഴും ചുണ്ടത്തും മുഖത്തുമൊക്കെ മാങ്ങയുടെ ചുന വീണ് പൊള്ളിയ പാടുമായിട്ടാണ് അവധികാലം കഴിഞ്ഞ് സ്ക്കൂളിലോട്ട് പോകുന്നത്.പുതിയ കുപ്പായം വാങ്ങിയാലും അതിലും വീണിട്ടുണ്ടാവും മാങ്ങാക്കറ. മധുരമുള്ള മാമ്പഴക്കാലത്തിന്റെ ഓർമ്മയ്ക്കായ് ചിലപാടുകൾ മായാതെ അങ്ങനെ കിടക്കുന്നുണ്ടാവും. പന്തലിച്ചു നില്ക്കുന്ന നാട്ടുമാവിന്റെ കൊമ്പിൽ കൂടുവച്ച പലയിനം പക്ഷികൾ, അണ്ണാറക്കണ്ണൻമാർ അവരാണ് ശരിക്കും മുത്തശ്ശൻ മാവിന്റെ മക്കൾ. അവർ തിന്ന് തൃപ്തിവന്ന ശേഷമേ ഞങ്ങൾക്ക് മാമ്പഴം കിട്ടാറുള്ളൂ. മാഞ്ചുവട്ടിൽ കളിക്കുന്ന കുട്ടികൾക്ക് ഒരിക്കലും വിശപ്പില്ലായിരുന്നു. തറവാട്ടിൽ പോകുന്ന കാര്യം ഓർക്കുമ്പോഴേ ആദ്യമോർമ്മയിലെത്തുക നാട്ടുമാവിൻ ചുവടും അങ്ങിങ്ങായ് വാരി വിതറിയ പോലെ വീണു കിടക്കുന്ന ഇത്തിരി കുഞ്ഞൻ മാമ്പഴങ്ങളും. രവിയമ്മാവനോട് ഒരിക്കൽ 'മാവു വിൽക്കുമോ നല്ല വില തരാം'എന്ന് പറഞ്ഞ് തടിക്കച്ചവടക്കാരൻ ബീരാനിക്കാ വന്ന് ചോദിച്ചതാണ്. മുത്തശി സമ്മതിച്ചില്ല.'ഞാൻ മരിക്കുമ്പോൾ മാത്രമേ അതിൽ നിന്ന് ഒരു ശിഖരം മുറിക്കാവൂ 'എന്ന് മുത്തശി നിർബന്ധം പറഞ്ഞു. പണ്ട് മുത്തശ്ശൻ മരിച്ചപ്പോഴാണ് ചക്കരമാവിന്റെ ഒരു ശിഖരം മുറിച്ചത്.
ഓർമ്മകൾ.. മധുരമുള്ള ഓർമ്മകൾ. തിരിച്ചു കിട്ടാത്ത ആ ഇന്നലെകളെയാ ണ് ഞാൻ ഇന്നും തേടുന്നത്. ഓർമ്മകൾ.. ഒരു പക്ഷെ കാലങ്ങൾക്കപ്പുറം ഒരു മഴയായ് പെയ്തെന്നിരിക്കും. ഒരു കൊച്ചു കുട്ടിയായ് ആ മഴയിൽ കുളിച്ച് മുറ്റത്തെ ചെളി വെള്ളത്തിൽ കളിവഞ്ചിയിറക്കി കളിക്കാനും പുതുമഴയിൽ വീണ മാമ്പഴങ്ങൾ പെറുക്കിയെടുക്കാനും അതുമായി മുത്തശ്ശിയുടെ ചാരത്ത് അണയാനും ഞാൻ ഇന്നും കൊതിയോടെ. എന്റെ മനസ്സിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു മാമ്പഴകാലവും നഷ്ടപ്പെട്ട കൗമാരവും മാത്രം. മുത്തശ്ശിയും ചക്കരമാവും എനിക്ക് ഒരു പോലെ പ്രിയതരമായതെങ്ങിനാണാവോ?
"മാളൂ.. താൻ എത് ലോകത്താ? നമുക്കിറങ്ങാറായി."
സുരേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്. ബാഗുമെടുത്ത് സുരേട്ടന്റെ പിറകെ നടക്കുമ്പോൾ മുത്തശ്ശിയുടെ അടുത്തെത്താൻ മനസുവെമ്പി. റെയിൽവേ സ്റ്റേഷനു പുറത്ത് കാത്തു കിടക്കുന്ന ടാക്സിയിൽ പോകുമ്പോൾ സ്പീഡ് തീരെയില്ല എന്ന് തോന്നി. മുത്തശ്ശിയെ കണ്ടു കഴിഞ്ഞിട്ടു വേണം മാവിൻ ചുവട്ടിൽ പോയി വയറുനിറയെ മാമ്പഴം പെറുക്കി തിന്നാൻ. എത്ര കാലമായി മാമ്പഴം തിന്നിട്ട്. അവധിക്കു വരുമ്പോഴൊക്കെ മാമ്പഴം പോയിട്ട് കണ്ണിമാങ്ങ പോലും കിട്ടാറില്ല. ഇത് മാമ്പഴക്കാലമാണെന്ന് അമ്മ ഇന്നലെയും പറഞ്ഞിരുന്നു. ഏതായാലും ഈ വരവിനു കാരണ മായ മുത്തശ്ശിയോട് നന്ദി പറയണം.
ടാക്സിക്കാർ മുറ്റത്തേയ്ക്കു കയറ്റാൻ സാധിക്കാത്ത രീതിയിൽ വഴിയിൽ വീണു കിടക്കുന്ന വലിയ മരം. മുറ്റത്തും തൊടിയിലുമൊക്കെ ധാരാളം ആൾക്കാർ നിൽക്കുന്നു. ചിലർ മഴു കൊണ്ട് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നു. ടാക്സിയിൽ നിന്നിറങ്ങിയപ്പോഴാണ് അത് വെറുമൊരു മരമല്ല ചക്കരമാവാണ് എന്നും, വീണതല്ല അത് വെട്ടിയതാണെന്നും മനസിലായത്!
ഉള്ളിൽ നിന്നും വന്ന ഒരു നേർത്ത തേങ്ങലിൽ "ന്റെ മുത്തശ്ശീ.. " എന്ന വിളി അലിഞ്ഞു പോയി.