mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ഞങ്ങൾ മൂന്നുപേര് റോസിനെ രക്ഷിക്കുവാൻ മാർഗങ്ങൾ ചിന്തിച്ചു കൂട്ടിയത് ഈ തെരുവിൽ നിന്നായിരുന്നു, ഞങ്ങൾ എന്ന് പറയുമ്പോൾ മേഘാലയക്കാരൻ കാൾട്ടൻചാപ്പ്മാൻ, ബംഗ്‌ളാദേശ്‌ ചിറ്റഗോങ്ങ്കാരൻ

നിതാദാസ്, പിന്നെ ഈ ഞാനും, ബംഗാളി ദാദു എന്ന് പറഞ്ഞു നിതാദാസിനെ നമുക്ക് വിലകുറച്ച് കാണുവാൻ കഴിയില്ല കേട്ടോ, കാരണം ഞങ്ങൾ മൂന്നു പേരുടെ കൂട്ടത്തിൽ വിവരവും വിദ്യാഭ്യാസവും കൂടുതലുള്ളത് ബംഗാളി നിതാദാസിന് തന്നെയായിരുന്നു, ചരിത്രത്തിൽ ഡിഗ്രി എടുത്ത് പിജി ചെയ്യാൻ ഒരുങ്ങവേയാണവൻ മസ്കറ്റിലേക്ക് വിമാനം കയറിയത്. നിതാദാസ് സക്കീന എന്ന ഡാൻസ് ബാറിൽ ജോലിക്ക് കയറിയപ്പോൾ, അതേ സമയത്തു തന്നെ സക്കീന ബാറിന്റെ എതിർവശത്തായുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിലേക്ക് ഞാൻ താമസത്തിനായി കുടിയേറിയിരുന്നു. 

തന്റെ ജീവിതത്തിലെ ഒരുപാട് നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷിയായ ആ തെരുവിലേക്ക് വർഷങ്ങൾക്ക് ശേഷം വീണ്ടും, നടന്നടുക്കുമ്പോൾ ശ്യാംസുന്ദറിന്റെ ചിന്തകളിലും ഓർമ്മകളുടെ ചാറ്റൽമഴ ചിന്നിതെറിക്കുന്നുണ്ടായിരുന്നു, സുന്ദറിന്റെ വാക്കുകൾക്ക് കാതോർത്തു കൂടെ സഹപ്രവർത്തകനും, സോഷ്യൽമീഡിയയിലെ എഴുത്തുകാരനുമായ പങ്കജും, ദൂരെ നിന്ന് തന്നെ കാൾട്ടൻസ് ബാർ എന്ന ബോർഡ് സുന്ദറിന്റെ കാഴ്ച്ചയിലേക്ക് കടന്നുവന്നു. എന്തോ ആലോച്ചിട്ടെന്നോണം സുന്ദർ മൊബൈൽ കയ്യിലെടുത്തു വാട്ട്സാപ്പിൽ നിതാദാസിന് ഒരു ശബ്ദസന്ദേശമയച്ചു.

" ഞാനിപ്പോൾ പഴയ സക്കീനയുടെ അടുത്തുണ്ട് " എന്നതായിരുന്നു ആ ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം. നിതാദാസും ഇടക്കെപ്പോഴോ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു, എന്തായാലും അവൻ തന്റെ മെസ്സേജ് കണ്ടിട്ടില്ല.

അടുത്തുള്ള ബൂഫിയയയിലേക്ക് കയറി ഓരോ മസാലചായ ഓർഡർ ചെയ്തിട്ട് കൂടെയുണ്ടായിരുന്ന പങ്കജിനോടായി കാൾട്ടൻസ് ബാർ ചൂണ്ടിക്കൊണ്ട് സുന്ദർ പറഞ്ഞു,
"ദാ അവിടെയാണ് മുമ്പ് മേഴ്‌സി അക്കയുടെ സക്കീന ബാർ പ്രവർത്തിച്ചിരുന്നത്." ഒപ്പം റോഡിന്റെ മറുവശത്തെ കെട്ടിടത്തിലേക്ക് ചൂണ്ടികാണിച്ചു കൊണ്ട്, താൻ കുറേക്കാലം താമസിച്ച റൂം അതിനുള്ളിലാണെന്നും, സുന്ദർ സൂചിപ്പിച്ചു.

"എന്താണ് സുന്ദർ ബായ്, നിങ്ങൾ ഇങ്ങനെ ഒരു അടുക്കും ചിട്ടയുമില്ലാതെ, കാര്യങ്ങൾ പറഞ്ഞാൽ ഞാൻ ഇതെങ്ങനെ കഥയാക്കും?" പങ്കജിന്റെ വാക്കുകളിൽ പരിഭവം നിറഞ്ഞു. ഡ്യുട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങേണ്ട സമയത്താണ്, നിനക്ക് കഥ എഴുതാനുള്ള ത്രെഡ് തരാമെന്ന് പറഞ്ഞുകൊണ്ട് സുന്ദർ കിലോമീറ്ററുകൾ വണ്ടിയോടിച്ചു അവനെ ഇവിടെ കൂട്ടികൊണ്ടു വന്നത്. കഥക്കുള്ള ത്രെഡ് ഇവിടെ ഇരുന്നു പറഞ്ഞാൽ പോരെ എന്ന പങ്കജിന്റെ ചോദ്യം അവഗണിച്ചു കൊണ്ടാണ് സുന്ദർ അവനെയും കൂട്ടി കനത്ത ട്രാഫിക്ക് ബ്ലോക്കിനെ മറികടന്ന് ഇത്രയും ദൂരം എത്തിയത്.  

"ഇത് കഥ അല്ല ജീവിതം ആണ് , അപ്പോൾ അവിടെ, ആ ലൊക്കേഷനിൽ നിന്ന് പറഞ്ഞാലേ, അതിന്റെ ഫീൽ ലഭിക്കുള്ളു" എന്നതായിരുന്നു സുന്ദറിന്റെ പക്ഷം.

ആ ബൂഫിയയുടെ പുറത്ത് നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് സുന്ദർ വീണ്ടും പറഞ്ഞു തുടങ്ങി.  

"രാത്രി നേരങ്ങളിൽ പലപ്പോഴും മൂന്നാം നിലയിലെ എന്റെ മുറിയിലെ ജനൽപാളികൾ തുറക്കുമ്പോൾ കണ്ണിലേക്കു ആദ്യം ഓടിയെത്തുക സക്കീന ബാറിലെ വർണ്ണപ്രകാശമായിരിക്കും. സക്കീനയുടെ നടത്തിപ്പുകാരിയായ മാവേലിക്കരക്കാരി മേഴ്‌സി ഞങ്ങൾ സക്കീനയിലെ വിരുന്നുകാർക്ക് മേഴ്‌സി അക്കയാണ്. 

നിതാദാസിനെ പോലെയുള്ള ബാറിലെ സ്റ്റാഫുകൾക്കും, സന്ധ്യ മയങ്ങികഴിഞ്ഞാൽ ബാറിലെ ഏറ്റവും വലിയ ആകർഷണമായ ശരീര വിൽപ്പന നടത്തുന്ന മലയാളികൾ ഉൾപ്പടെ വിവിധ ദേശക്കാരായ സ്ത്രീജനങ്ങൾക്കും അവർ മേംസാബാണ്. 

നഗരത്തിലെ ചില ഫ്ലാറ്റുകളുടെ പ്ലംബിങ് ഇലക്ട്രിക്കൽ മെയിന്റനൻസ് പണികൾ ഏറ്റെടുത്ത് മുന്നോട്ട് നീങ്ങികൊണ്ടിരുന്ന ഞാൻ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു മാസത്തിൽ ഒന്നോ രണ്ടോ തവണ സക്കീനയിൽ സന്ദർശനം നടത്തുമായിരുന്നു, അവിടെ വെച്ചാണ് നിതാദാസിനെ പരിചയപ്പെടുന്നത് , അങ്ങനെ നിതാദാസ് വഴി പരിചയം മേഴ്സിഅക്കയിലേക്കും നീണ്ടു.  

തടിച്ചു ഉയരംകൂടിയ, ചുരുണ്ട മുടിയും, ഇരു നിറവുമുള്ള മേഴ്‌സി അക്കയുമായുള്ള പരിചയം, സക്കീനയിലെയും മെയ്ന്റനന്സ് പണികൾ എനിക്ക് ലഭിക്കുവാൻ കാരണമായി, അതോടെ സക്കീനയിലെ ഒരു സ്ഥിരം സന്ദർശകനായി ഞാൻ മാറിതുടങ്ങി.

" അപ്പോൾ കിട്ടുന്ന കാശൊക്കെ മേഴ്‌സിഅക്കയുടെ പേഴ്‌സിലേക്ക് പോയികാണുമല്ലോ? " സുന്ദറിന്റെ കഥപറച്ചിൽ സക്കീനയുടെ അകത്തളങ്ങളിലേക്ക് കടന്നതോടെ, അതുവരെ അതൃപ്തിയുടെ കാർമേഘങ്ങൾ മൂടിയിരുന്ന പങ്കജിന്റെ മുഖം തെളിഞ്ഞു. ഇടയിൽ കയറിയുള്ള പങ്കജിന്റെ തമാശ കലർന്ന ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി കൊണ്ട് സുന്ദർ തുടർന്നു,

"സുന്ദർബായിക്ക് ആ ഇരിക്കുന്നതിൽ ഏതിലെങ്കിലും താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞോളൂ, റേറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്യാമെന്ന്, മേഴ്‌സി മാം പറഞ്ഞു "

രണ്ടു പെഗ്ഗ് അടിക്കുക കുറച്ച് സമയം തള്ളിനീക്കുക എന്ന ലക്ഷ്യത്തോടെ മാത്രം സക്കീന സന്ദർശിക്കുന്ന എനിക്കായ്, ഇടക്കൊരു രാത്രി, മേഴ്‌സിഅക്കയുടെ സ്പെഷ്യൽഓഫർ അറിയിപ്പുമായി നിതാദാസ് എന്റെ ടേബിളിനരികിലെത്തിയത്.

" നിന്റെ മേഴ്‌സി മാമിനെ കിട്ടാൻ എത്ര റിയാൽ മുടക്കേണ്ടി വരും "

എന്റെ മറു ചോദ്യത്തിന് അന്ന് നിതാദാസിൽ നിന്ന് ഒരു പുഞ്ചിരി മാത്രമാണ് ആദ്യം വിടർന്നത്, ചുറ്റുപാടുമൊന്ന് സൂക്ഷിച്ചു നോക്കിയ ശേഷം എന്റെ ടേബിളിനോട് ചേർന്ന് നിന്ന് കൊണ്ട്, ഗ്ലാസ്സിലെ മദ്യത്തിലേക്ക് സോഡാ പകരൂന്ന വ്യാജേന അവൻ പറഞ്ഞു. 

"മേം സാബ് ആർക്കും കൊടുക്കില്ല ബായ്, ദാ അപ്പുറത്തെ ടേബിളിൽ നിൽക്കുന്ന പെണ്ണിനെ കണ്ടോ, നേപ്പാളിയാണ്, അവളാണ് മേംസാബിന്റെ കൂട്ടുകിടപ്പ്കാരി, രണ്ടു വർഷത്തെ വിസ കാലാവധി കഴിഞ്ഞു അവൾ പോകുവാണ്, അടുത്ത ദിവസം തന്നെ നിങ്ങളുടെ കേരളത്തിൽ നിന്ന് പുതിയ പെണ്ണ് വരുന്നുണ്ട് " 

സുന്ദർ പറഞ്ഞു നിർത്തുമ്പോഴേക്കും, റോഡിലൂടെ കടന്നുപോയ മുൻസിപ്പാലിറ്റി വാഹനത്തിന്റെ ഹോണടി ശബ്ദത്തിനൊപ്പം പങ്കജിന്റെ സംശയവും ഉയർന്നു,

"എനിക്കങ്ങോട്ട് കത്തിയില്ല സുന്ദർബായ് പറഞ്ഞത്"

കീശയിൽ നിന്നെടുത്ത റോത്തമൻസ്‌ പാക്കറ്റിൽ നിന്നും ഒരെണ്ണത്തിന് തീ കൊളുത്തികൊണ്ട് സുന്ദർ തുടർന്നു.  

"ഡാ സക്കീനയിൽ വെയിറ്ററായി ജോലി ചെയ്യുന്ന പെൺകുട്ടികളിൽ നിതാദാസ് എനിക്ക് കാണിച്ചു തന്ന നേപ്പാളിപെണ്ണ് മേഴ്‌സിഅക്കയുടെ കിടപ്പറയിലെ പങ്കാളികൂടിയാണ്. അവൾക്ക് കിട്ടുന്ന ഒരു ഗുണമെന്ന് വെച്ചാൽ സക്കീനയിലെ മറ്റ് പെണ്ണുങ്ങളെ പോലെ മറ്റുള്ളവർക്ക് ശരീരം പങ്കുവെക്കേണ്ട ആവശ്യമില്ല, മേഴ്‌സിഅക്കയെ തൃപ്ത്തിപ്പെടുത്തിയാൽ മതി "

" ഈ മേഴ്‌സി അക്കക്ക് ഭർത്താവ് ഒന്നുമില്ലേ? " പങ്കജിലെ സംശയം വീണ്ടും കനത്തു

"വർഷങ്ങൾക്ക് മുമ്പ്, ഇതുപോലെ മദ്യം വിളമ്പാൻ സക്കീനയിലെത്തിയ മേഴ്‌സിയക്ക, മദ്യത്തിനൊപ്പം തന്റെ ശരീരവും വിളമ്പി മിടുക്ക് കാട്ടി , സക്കീനയുടെ ഉടമസ്ഥരിൽ ഒരാളായ ലെബനോനിയുടെ 'മസ്‌കറ്റിലെഭാര്യ' യാകുകയും, തുടർന്നു, ലെബനോനിയുടെ മരണത്തോടെ സക്കീനയുടെ നടത്തിപ്പ് ഏറ്റെടുക്കുകയുമാണ് ഉണ്ടായതെന്ന് ചാപ്പ്മാൻ പറഞ്ഞു കേട്ടിട്ടുണ്ട്. വേറൊരു ഒമാനിയുടെ കൂടെ പാർട്ട്ണർഷിപ്പിലാണ് മേഴ്‌സിഅക്ക സക്കീന നടത്തിയിരുന്നത്, സക്കീനയുടെ ദൈനം ദിന കാര്യങ്ങളിൽ ഒന്നും ഒമാനി ഇടപെടാറില്ലായിരുന്നു, അയാൾക്ക് മാസം നിശ്ചിത തുക കിട്ടിയാൽ മതിയായിരുന്നു "

" സുന്ദർ ബായ് ചാപ്പ്മാനെ കുറിച്ച് കൂടുതൽ പറഞ്ഞില്ലല്ലോ ? " 

ചാപ്പ്മാനിൽ നിന്നും താൻ മനസിലാക്കിയ സക്കീനയുടെയും, മേഴ്‌സിഅക്കയുടെയും മുൻകാല ചരിത്രങ്ങൾ സുന്ദർ വിവരിക്കുന്നതിനിടയിൽ, പങ്കജിന്റെ അടുത്ത സംശയം ചാപ്പ്മാനെ കുറിച്ചായി.

"എന്റെ ഓർമ്മകൾ ശരിയാണേൽ അന്നേ ദിവസം തന്നെയാണ് , അതായത് മേഴ്‌സിഅക്ക സക്കീനയിലെ സ്ത്രീ ശരീരങ്ങൾ ഏത് തിരഞ്ഞെടുത്താലും തനിക്ക് ഡിസ്‌കൗണ്ട് ഓഫർചെയ്ത അതേ ദിവസം തന്നെ, സക്കീനയുടെ സ്‌മോക്കിങ് ഏരിയയിൽ നിൽക്കുമ്പോഴാണ് കാൾട്ടൻചാപ്പ്മാനുമായി ഞാൻ പരിചയപ്പെടുന്നത്."  

"രണ്ടു പെഗ്ഗ് അകത്തുചെന്ന് കഴിഞ്ഞപ്പോൾ പുകവലിക്കുവാനായി സ്‌മോക്കിങ് ഏരിയയിൽ എത്തിയ ഞാൻ സിഗരറ്റിനു തീ കൊളുത്തിയ നേരത്ത് തന്നെയാണ്, മൊറോക്കോകാരിയായ ആ തടിച്ച സുന്ദരി ലൈറ്റർ ആവശ്യപ്പെട്ട് കൊണ്ട് എനിക്ക് നേരെ കൈ നീട്ടിയത്, അകത്തു കിടന്ന പെഗ്ഗിന്റെ പ്രതിപ്രവർത്തനമാകാം, ലൈറ്റർ നൽകുന്നതിനൊപ്പം അവളുടെ വലതുകൈവെള്ളയിൽ എന്റെ ചൂണ്ടുവിരൽ ഉരഞ്ഞു, ഒരു ടിപ്പിക്കൽ മലയാളി ചൊറിച്ചിൽ"

" ഡോണ്ട് ടച്ഛ് മൈ ഹാൻഡ് "

"അവളുടെ കൈ എന്റെ മുഖത്തിന്‌ നേരെ പൊങ്ങിയ നേരത്ത് തന്നെ ഞങ്ങൾക്കിടയിലേക്ക് പ്രതിരോധത്തിന്റെ കവചം പോലെ ഏകദേശം നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഉയരംകൂടിയ ആ മനുഷ്യൻ കടന്നുവന്നു. അവിടെ രണ്ടു സൗഹൃദങ്ങൾ കൂടി മുള പൊട്ടുകയായിരുന്നു"

"എന്തിനാണ് ബായ്, വല്ലിടത്തും വന്നു തല്ല് വാങ്ങി കൂട്ടുന്നത് " എന്നോ മറ്റോ ആണ് കാൾട്ടൻ ചാപ്പ്മാൻ എന്ന ആ മേഘാലയക്കാരൻ ഉപദേശരൂപത്തിൽ തന്നോട് അപ്പോൾ പറഞ്ഞതെന്ന് ഓർക്കുന്നു,

അതിനിടയിൽ കത്തിച്ച സിഗരറ്റ് തറയിൽ കുത്തികെടുത്തി ഇംഗ്ലീഷിൽ ഏതോ ഒരു തെറിയും എനിക്ക് സമ്മാനിച്ചിട്ട് ആ മൊറോക്കക്കാരി സക്കീനയുടെ മറ്റേതോ ഭാഗത്തേക്ക്‌ നടന്നുനീങ്ങി,

"അവൾ മേഴ്‌സി മാമിന്റെ പ്രിയപെട്ടവളാണ്, ജെന്നിഫർ, ഈ സക്കീനയിൽ ഏറ്റവും വിപണിമൂല്യമുള്ള സ്ത്രീ ശരീരം അവളുടേതാണ്, നീ ബില്ലടച്ചു വേഗം സ്ഥലം കാലിയാക്കാൻ നോക്ക് "

ആ മൊറോക്കോക്കാരിയെ കുറിച്ച് അല്പം അറിവുകൾ ആ തണുപ്പുള്ള രാത്രിയിൽ ആദ്യമായി കണ്ടപ്പോൾ തന്നെ കാൾട്ടൻ ചാപ്പ്മാൻ എനിക്ക് പകർന്നു തന്നു.

രാത്രിയിൽ തിരികെ മുറിയിലെത്തി കിടക്കയിലേക്ക് ചരിയുമ്പോഴും, നിതാദാസിന്റെ ഓർമ്മപ്പെടുത്തൽ മനസ്സിലൂടെ കടന്നുപോയികൊണ്ടിരുന്നു ,

"നിങ്ങൾ ഇവിടെ സ്ഥിരം വരുന്നത് കൊണ്ടും, ഇവിടുത്തെ മെയിന്റനൻസ് ജോലികൾ ചെയ്യുന്നത് കൊണ്ടുമാണ്, അയാൾ പ്രശ്നം ഇങ്ങനെ പരിഹരിച്ചത്, അല്ലേൽ ബായ് ഇവിടെ കിടന്നു മേടിച്ചു കൂട്ടിയേനെ "

സക്കീനയിൽ പ്രശ്നം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യുവാൻ മേഴ്‌സി അക്ക ചെല്ലും ചിലവും കൊടുത്തു നിർത്തിയിരിക്കുന്ന വാടകഗുണ്ടയാണ് ചാപ്പ്മാൻ എന്ന് ഓർത്തപ്പോൾ അവിടുന്ന് തല്ല് കൊള്ളാതെ രക്ഷപെട്ടത് ആലോചിച്ചു ആ രാത്രി ഞാൻ ആശ്വാസം കൊണ്ടു. ലെബനോനി സക്കീന നടത്തുന്ന കാലം മുതൽ അവിടെ പ്രശ്നം ഉണ്ടാക്കുന്നവരെ "കൈകാര്യം" ചെയ്യുക എന്ന ജോലിചെയ്തുവരുന്ന ആളാണ് കാൾട്ടൻ ചാപ്പ്മാൻ. തുടർന്ന് സക്കീനയിൽ മദ്യപിക്കാനോ, മെയിൻറ്റനൻസ് ജോലിക്കോ ഒന്നിനും തന്നെ ഞാൻ പോകാതെയായി. 

തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം എന്നെ തേടിയൊരു ഫോൺ കാൾ എത്തി, മറുതലക്കൽ മേഴ്‌സി അക്കയായിരുന്നു. " സുന്ദർ നീ ഇവിടെ വരെ അത്യാവശ്യമായി വരണം "

ജോലിക്ക് അല്ല മറ്റേതോ അത്യാവശ്യമാണ് എന്നറിയിച്ചതോടെ ഏറെ നാളുകൾക്കു ശേഷം ഞാൻ വീണ്ടും സക്കീനയിലേക്ക് നടന്നു. സക്കീനയുടെ വാതിൽക്കൽ കാത്ത് നിന്ന ചാപ്പ്മാൻ എന്നെ കൂട്ടികൊണ്ട് പോയത്, മേഴ്‌സി അക്കയുടെ ഓഫീസ് മുറിയിലേക്കായിരുന്നു. അവിടെ തലകുനിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു മലയാളി പെൺകുട്ടി, ഗൗരവഭാവത്തിൽ മേഴ്‌സിഅക്കയും സമീപത്ത് തന്നെയുണ്ട് "

" ആരായിരുന്നു അത് ? "  

അടുത്ത സിഗരറ്റിനു തീ കൊളുത്തുവാൻ സുന്ദർ ഇടവേളയെടുത്ത നേരത്ത് പങ്കജിന്റെ ചോദ്യം വീണ്ടും ഉയർന്നു,

" റോസ് "

ഒരു പുക പുറത്തേക്ക് ഊതി കളഞ്ഞു കൊണ്ട് സുന്ദർ തുടർന്നു,

ഹോട്ടൽമാനേജ്‌മെന്റ് പഠനം കഴിഞ്ഞ ചുരുണ്ട മുടികളുള്ള വെളുത്തസുന്ദരി, ഏതോ മൾട്ടിസ്റ്റാർ ഹോട്ടലിലെ ഫ്രണ്ടോഫീസ് ജോലി പ്രതീക്ഷിച്ചെത്തിയ അവളെ കാത്തിരുന്നത്, സക്കീനയിലെ മദ്യം വിളമ്പുന്ന ജോലിയാണെന്നത് ആദ്യ ദിവസം അവൾക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല, കൂടാതെ ഓവർടൈം ജോലിയെന്നോണം മേഴ്‌സിഅക്കയുടെ കൂടെ കിടപ്പും.

കായംകുളംകാരിയായ റോസ് തന്റെ അടുത്ത പ്രദേശവാസി ആയത് കൊണ്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുവാനാണ് എന്നെ അവിടേക്ക് മേഴ്‌സിയക്ക വിളിപ്പിച്ചത്,

"സുന്ദർ, ഇവിടെ ജോലിചെയ്യുന്ന മറ്റ് പെമ്പിള്ളേരെ പോലെ വേറെ ആണുങ്ങൾക്ക് മുന്നിൽ തുണി ഉരിയേണ്ട ആവശ്യമൊന്നും ഇവൾക്കില്ല, കൂടാതെ അവരെക്കാൾ കൂടുതൽ പണവും ഇവൾക്ക് ലഭിക്കും, നിന്റെ അടുത്ത നാട്ടുകാരിയല്ലേ നീയത് പറഞ്ഞു മനസ്സിലാക്ക് അവളെ " എന്നോടായി മേഴ്‌സിയക്കയുടെ ശബ്ദം ഉയർന്നു.

കെണിയിലകപ്പെട്ട സാധുമൃഗത്തെപോലെ ഭയം നിഴലിച്ച റോസിന്റെ മുഖം മനസ്സിൽ വല്ലാത്തൊരു വിങ്ങലായി മാറി. താല്പര്യമില്ലാത്ത ജോലിക്ക് ആ പെണ്കൊച്ചിനെ നിര്ബന്ധിക്കേണ്ട, തിരിച്ചുവിട്ടുകൂടെ എന്ന എന്റെ ചോദ്യത്തിന് മെഴ്‌സിയക്കയുടെ മറുപടി റോസിനെ നോക്കിയായിരുന്നു. 

"ഇവളുടെ വീട്ടിലെ ബുദ്ധിമുട്ടും പ്രയാസവും ഒക്കെ അറിഞ്ഞത് കൊണ്ടാണ് ഇല്ലാത്ത വിസ റെഡിയാക്കി ഞാൻ കൊണ്ടുവന്നത്, വിസക്കും ടിക്കറ്റിനുമൊക്കെ എനിക്ക് ചിലവായ പൈസ ജോലി ചെയ്തു തീർക്കാതെ ഇവിടുന്ന് പോകുന്നതിനെ കുറിച്ച് ആലോചിക്കേണ്ട"

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും, എന്റെ മനസ്സിൽ റോസിന്റെ ദൈന്യത നിഴലിച്ച മുഖമാണ് തെളിഞ്ഞു നിന്നത്.  

"എന്ത്‌ ചെയ്യാനാണ് ബായ്, നമുക്ക് ആലോചിച്ചു എന്തേലും വഴി കണ്ടെത്താം ",

ആ രാത്രിയിൽ റോസിനെ കുറിച്ചുള്ള ആകുലത വീണ്ടും എന്നെ ചാപ്പ്മാന്റെ അടുത്ത് എത്തിച്ചു, അവന്റെ വാക്കുകളിലും റോസിനോട് ഒരു സോഫ്റ്റ്‌ കോർണർ നിറഞ്ഞിരിന്നുവെന്ന് മനസിലായി,

സക്കീനക്ക് അകത്ത് ജോലിചെയ്യുന്നതിനാൽ ചാപ്പ്മാനും, നിതാദാസിനും, മേഴ്‌സിഅക്കയുടെ കണ്ണ് വെട്ടിച്ചു, റോസുമായി ഇടയ്ക്കിടെ സംസാരിക്കുവാൻ കഴിയുമായിരുന്നു , തല്ക്കാലം പിടിച്ചുനിൽക്കുവാനും, അവസരം ഒത്തുകിട്ടുമ്പോൾ നാട്ടിലേക്ക് മടക്കിഅയക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാമെന്നുമൊക്കെ പറഞ്ഞു, അവളെ അവർ ആശ്വസിപ്പിച്ചിരുന്നു. മസാലചായയുടെ കാശ് നല്കി തിരികെ ആ തെരുവിലൂടെ കാൾട്ടൻസ് ബാറിന്റെ ( പഴയ സക്കീനയുടെ) ഭാഗത്തേക്ക്‌ നടക്കുമ്പോൾ പങ്കജിന്റെ ചോദ്യം റോസിനെക്കുറിച്ചായിരുന്നു.

"എന്നിട്ട് റോസ് ആ ജോലിയുമായി പൊരുത്തപ്പെട്ടോ? "

അതേ എന്ന അർത്ഥത്തിൽ ഒരു മൂളൽ മാത്രം മറുപടിയായി സുന്ദർ നൽകിയതോടെ, പങ്കജിൽ നിന്ന് വീണ്ടും ചോദ്യമുയർന്നു,

"മേഴ്‌സിഅക്കക്കൊപ്പം കിടക്കുന്ന ജോലിയും അവൾ ചെയ്തു തുടങ്ങിയോ?"

അല്പനേരം മൗനത്തിന്റെ അകമ്പടിയോടെ പോയകാല ഓർമ്മകളിലേക്ക് ഊളിയിട്ട സുന്ദർ വീണ്ടും പറഞ്ഞു തുടങ്ങി.  

ഏതാനും ദിവസങ്ങൾക്കു ശേഷം ഞാൻ വീണ്ടും സക്കീനയിലേക്ക് പോയി, രണ്ടു പെഗ്ഗ് അടിക്കുക എന്നതിലുപരി റോസിനെ ഒന്ന് കാണുക എന്നതായിരുന്നു പ്രധാന ലക്ഷ്യം, അതിനിടയിൽ തന്നെ ഞാനും, ചാപ്പ്മാനും, നിതാദാസും ചേർന്ന് റോസിനെ രക്ഷപെടുത്തുവാൻ വേണ്ട പദ്ധതികൾ സമാന്തരമായി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. സക്കീനയിൽ അന്ന് എന്റെ ടേബിളിൽ മദ്യം വിളമ്പാൻ എത്തിയത്, റോസായിരുന്നു. മദ്യം വിളമ്പുന്ന ജോലി എങ്ങനെയും തുടരാം പക്ഷേ മേഴ്‌സിഅക്കയുടെ കൂടെയുള്ള കിടപ്പ് അത് സഹിക്കാൻ കഴിയുന്നില്ല എന്ന് അവൾ സങ്കടത്തോടെ പറഞ്ഞത് ശരിവെക്കുന്ന വിധത്തിൽ, അവളുടെ കവിളിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മേഴ്‌സിഅക്കയുടെ കാമഭ്രാന്തിന്റെ മുദ്രകൾ തെളിഞ്ഞുകാണാമായിരുന്നു,

മേഴ്‌സിഅക്കയുടെ വലകുടുക്കിൽ നിന്ന് റോസിനെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാക്കിയ പദ്ധതികൾ ഞാൻ റോസിനെ അറിയിച്ചു,

"പിന്നീട് നിങ്ങൾ എങ്ങനെയാണ് അവളെ സക്കീനയിൽ നിന്ന് രക്ഷിച്ചത്? "

സുന്ദറും പങ്കജും നടന്നു കാൾട്ടൻസ് ബാറിന്റെ മുന്നിലെത്തിയ നേരത്ത് തന്നെയാണ് പങ്കജിൽ നിന്ന് വീണ്ടും ചോദ്യമുയർന്നത്,

" നിയമപരമായി കേസുമായി മുന്നോട്ട് പോയാൽ, ഒരുപാട് നൂലാമാലകൾ ഉള്ളതിനാൽ, അതൊഴിവാക്കി റോസിനെ എങ്ങനെ നാട്ടിലേക്ക് മടക്കിയയക്കാം എന്നായിരുന്നു ഞങ്ങൾ ആലോചിച്ചത്. ആ വർഷത്തെ ന്യൂഇയർ തലേന്ന് രാത്രിയിലേക്ക് മുൻകൂട്ടി തന്നെ ഞാൻ റോസിന് വേണ്ടി മസ്കറ്റിൽ നിന്നും തിരുവന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു. മേഴ്‌സിഅക്ക സൂക്ഷിച്ചിരിക്കുന്ന റോസിന്റെ പാസ്സ്പോർട്ട് കൈക്കലാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് ചാപ്പ്മാനായിരുന്നു, അത് കൃത്യമായി അവൻ നിറവേറ്റി. സക്കീനയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ഡിസംബർ മുപ്പത്തൊന്നിന് രാത്രിയിൽ മേഴ്‌സിഅക്കയുടെ കണ്ണ് വെട്ടിച്ചു, ഡ്യുട്ടി ഡ്രസ്സിൽ തന്നെ റോസിനെ സക്കീനക്ക് പുറത്തെത്തിക്കാൻ നിതാദാസിന് കുറച്ച് പാട്പെടേണ്ടി വന്നു. ഇതെല്ലാം തന്നെ ഒരുപാട് രാത്രികളിൽ ഞങ്ങൾ മൂന്നു പേരും ഈ തെരുവിൽ നിന്ന് രഹസ്യമായി പദ്ധതിയിട്ടതായിരുന്നു. റോസിനെ എയർപോർട്ടിൽ എത്തിക്കുന്ന ജോലി നിർവഹിച്ചത് ഞാനായിരുന്നു,

എന്തായാലും രണ്ടായിരത്തി പതിനഞ്ച് പിറവിയെടുത്തപ്പോൾ വെറും കയ്യോടെയാണെങ്കിലും റോസ് സക്കീനയിൽ മേഴ്‌സിഅക്കയുടെ കുടുക്കിൽപെട്ടിട്ട് രക്ഷപെട്ടു പോയ ആദ്യത്തെ പെണ്ണ് എന്ന ഖ്യാതിയോടെ നാട്പിടിച്ചു,

"അപ്പോഴും എനിക്ക് ചില സംശയങ്ങൾ ഉണ്ട് സുന്ദർബായി "

"മേഴ്‌സിഅക്കയുമായി ഇത്രയും അടുപ്പമുള്ള, മേഴ്‌സിഅക്കയുടെ ഇത്തരം തോന്ന്യവാസങ്ങൾക്ക് എല്ലാം കൂട്ടുനിന്നിട്ടുള്ള, സക്കീനയുടെ തുടക്കം മുതലുള്ള, ചാപ്പ്മാൻ എന്ത്‌ കൊണ്ടാണ് റോസിനെ രക്ഷിക്കാൻ നിങ്ങൾക്കൊപ്പം കൂടിയത് ? "

പങ്കജിന്റെ അതേ സംശയം ആദ്യം എനിക്കും നിതാദാസിനും ചാപ്പ്മാനെ കുറിച്ച് ഉണ്ടായിരുന്നു, പക്ഷേ ആതമർത്ഥമായി ചാപ്പ്മാൻ റോസിനെ രക്ഷിക്കാൻ സഹായിച്ചു, അതിന് അവനു വിലനല്കേണ്ടി വന്നത് സക്കീനയിലെ അവന്റെ ജോലിയായിരുന്നു, ചാപ്പ്മാൻ അറിയാതെ പാസ്സ്പോർട്ട് കൈക്കലാക്കി റോസിന് രക്ഷപെടുവാൻ കഴിയില്ലയെന്ന് മനസിലാക്കിയ മേഴ്‌സി അവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, പക്ഷേ നിതാദാസിന്റെ പങ്ക് മെഴ്‌സിക്ക് മനസിലായതുമില്ല.  

കാലമേറെ കഴിയും മുമ്പ് തന്നെ ഇവിടെ സക്കീനയുടെ പാർട്ട്ണറായ ഒമാനിയുമായി എന്തൊക്കെയോ വിഷയങ്ങളിൽ പെട്ട് മേഴ്‌സിഅക്കക്ക് സക്കീന നിർത്തി നാടുപിടിക്കേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, പിന്നീട് അവരെ കുറിച്ച് ഒരു വിവരവും ഇല്ല, "

എന്തായാലും പേരും നടത്തിപ്പുകാരും മാറിയെങ്കിലും പഴയ സക്കീന ബാർ തന്നെയല്ലേ ഇത് ഇവിടെവരെ വന്നിട്ട് ഓരോ ബിയർ കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ, സുന്ദർ പങ്കജിനെയും കൂട്ടികൊണ്ട് കാൾട്ടൺസ് ബാറിന്റെ അകത്തേക്ക് കടന്നു. ബാറിനകത്ത് പുഞ്ചിരി തൂകികൊണ്ട് അവരെ സ്വീകരിച്ചത് ഒരു മലയാളിപെൺകുട്ടി തന്നെയായിരുന്നു. 

"പാവം മറ്റൊരു റോസായിരിക്കും ഇതും അല്ലേ? "

അവരുടെ ഓർഡർ സ്വീകരിച്ചു മടങ്ങിയ ആ പെൺകുട്ടിയെ നോക്കി പുറത്തേക്ക് വന്ന പങ്കജിന്റെ വാക്കുകളിൽ സഹതാപത്തിന്റെ ചുവയുണ്ടായിരുന്നു,

"അല്ല ചോദിക്കാൻ മറന്നു എന്നിട്ട് റോസിപ്പോൾ എവിടെയാണ് ? "

പങ്കജിന്റെ ചോദ്യത്തിനൊപ്പം ബിയറുമായി ആ പെൺകുട്ടിയും ആ ടേബിളിനരികിലേക്ക് കടന്നു വന്നിരുന്നു. മലയാളികൾ അടക്കം നല്ല പെമ്പിള്ളേർ ഉണ്ട് വേണേൽ പറയണമെന്ന് , ബിയർ ഗ്ലാസിലേക്ക് പകർത്തുന്നതിനിടയിൽ അവൾ ഇരുവരോടുമായി പറഞ്ഞു.  

"നിങ്ങളുടെ മാനേജർ ഉണ്ടോ ഇവിടെ എന്ന മറു ചോദ്യമാണ് അവളോടായി സുന്ദർ ചോദിച്ചത് " സാർ നാട്ടിൽ പോയേക്കുവാണെന്നും, മാഡം ഉണ്ടെന്നും അവൾ അറിയിച്ചു,

ഇരുവരും ഓരോ ബിയർ അകത്താക്കി ഇറങ്ങാൻ നേരം കാൾട്ടൻസ് ബാറിന്റെ ഇടനാഴിയുടെ വലതുവശത്തുള്ള മാനേജർ എന്ന ബോർഡ് വെച്ച മുറിക്കുള്ളിലേക്ക് ചൂണ്ടി സുന്ദർ പങ്കജിനോടായി പറഞ്ഞു,

"നീ ചോദിച്ചില്ലേ റോസിപ്പോൾ എവിടെയാണെന്ന്, ആ ഇരിക്കുന്നതാണ് റോസ്. നേരുത്തേയാ വെയിറ്റർ പെണ്ണ് പറഞ്ഞ നാട്ടിൽപോയിരിക്കുന്ന സാർ ചാപ്പ്മാനാണ്. റോസിനെ രക്ഷിക്കാൻ ചാപ്പ്മാൻ എന്ത്‌കൊണ്ട് മുൻകൈ എടുത്തുവെന്ന നിന്റെ ചോദ്യത്തിനുള്ള ഉത്തരവും ഇത് തന്നെയാണ്. 

മേഴ്‌സി ചാപ്പ്മാനെ സക്കീനയിൽ നിന്ന് പുറത്താക്കിയെങ്കിലും, വർഷങ്ങളായി സക്കീനയിൽ നിന്ന് കളിപഠിച്ച ചാപ്പ്മാൻ, സക്കീനയുടെ പാതി പാർട്ട്ണറായ ഒമാനിയുമായി ചേർന്ന് മേഴ്സിയെ സക്കീനയിൽ നിന്ന് തുരത്തുകയായിരുന്നു എന്നാണ് കേൾക്കുന്നത്. എന്തായാലും മേഴ്സിയുടെ സ്ഥാനത്ത് റോസ്, സക്കീനക്ക് പകരം കാൾട്ടൻസ് അത്രേയുള്ളൂ മാറ്റം, ബാക്കിയൊക്കെ പഴയപടി തന്നെ. നിനക്ക് ഇത്രയും പോരെ ഒരു കഥക്ക്"

കാൾട്ടൻസ് ബാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് പങ്കജിനോടായി സുന്ദറിന്റെ ചോദ്യമുയർന്നു,

"കഥയൊക്കെ ഓക്കേ,എന്നാലും ഒരു സംശയം ഈ ചാപ്പ്മാനും, റോസും തമ്മിൽ പ്രണയത്തിലായിരുന്നോ?"

പങ്കജിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് കൈമലർത്തുക മാത്രമായിരുന്നു സുന്ദറിന്റെ മറുപടി,

"സുന്ദർ ബായ് ഞാൻ ഈ കഥക്ക് സക്കീനബാർ എന്ന പേരിടുവാണ് "

മടക്കയാത്രയിൽ തന്റെ മനസ്സിന്റെ ചുവരിൽ കഥാപാത്രങ്ങളെയും, കഥാസന്ദർഭങ്ങളെയും യഥാവിധി വിന്യസിക്കുന്ന തിരക്കിലായിരുന്നു പങ്കജ്. 
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ