mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


ചന്ദനത്തിരിയുടെ ഗന്ധം മൂക്കിൽ ഇരച്ചു കയറിയപ്പോളാണവൾ തന്റെ മുടിയിഴകളിൽ വീണ നരകളെ കുറിച്ച് ഓർത്തത്.

കുന്തിരിക്കം പുകച്ചു മുടിയിഴകൾക്കിടയിൽ വെച്ച് മുടിയെ തഴച്ചു വളർത്തുന്ന കാലം. 

രാത്രിയിൽ കൈവെള്ളയിൽ വെച്ച് താലോലിച്ചു വളർത്തിയ തന്റെ മുലകളെ കുറിച്ച്. മുടി വളരുന്നതിനൊപ്പം തന്റെ മുല വളരുന്നതിലും അവൾക് അഭിമാനം ഉണ്ടായി. 

ഒരുപാടു കാലങ്ങൾക്കിപ്പുറം പെറ്റിക്കോട്ട് ഇട്ടു വലിച്ചു നിർത്തി അതിന്റെ മുഴുപ്പ് നോക്കാൻ അവൾക്കു ആഗ്രഹം തോന്നി.

കുളിപ്പിച്ചെടുത്ത രമേശന്റെ ശരീരം വടിപോലെ പലകയിൽ നെടുനീളത്തിൽ കിടക്കുന്നു. അവൾക്ക് ചിരിയാണ് വന്നത് ആദ്യരാത്രയിൽ തുണിയഴിച്ചു വടി പോലെ കിടന്ന രമേശ്, അന്നിത്ര വയറില്ല നെഞ്ചിലെ രോമങ്ങൾ കറുത്ത് ചുരുണ്ടിരുന്നു.

"എന്താ സാവിത്രീ ഇങ്ങനെ നോക്കുന്നത്" അയാൾ ഇടർച്ച വന്ന തൊണ്ടയെ വിഴുങ്ങാൻ ശ്രമിച്ചു. നോക്കി നിൽക്കെ അയാളോട് ഒരു മകനോട് തോന്നുന്ന വാൽസല്യം ആണ് സാവിത്രിക്കു തോന്നിയത്.
അവൾ ബ്ലൗസ് ഊരി അയാളെ മടിയിൽ കിടത്തി ഒരു കുഞ്ഞിനെ ഊട്ടും പോലെ മുലയൂട്ടി. ഒരു ഞരമ്പ് പഴുതാരയെ പോലെ ശരീത്തിലെ പലയിടത്തേക്കും ഓടി, അമ്മയുടെ മുലപാല് കുടിച്ചേ അയാൾക്ക്‌
ശീലം ഉള്ളൂ നോർത്തു അവൾക് അയാളോട് സഹതാപം തോന്നി.

വഞ്ചി എന്തിലോ തട്ടിയെന്നു തിരിച്ചറിഞ്ഞാണ് വർക്കി പപ്പനോടു പെട്രോമാക്സ് നീട്ടി പിടിക്കാൻ പറഞ്ഞത്. പെട്രോമാക്സ് വെളിച്ചത്തിൽ ഒരു ചാക്കുകെട്ട് പൊന്തി കിടക്കും പോലെ തോന്നി. "വല്ല ങ്കൊച്ചിനെയും കെട്ടി താത്തിയതാണോടാ" അയാൾ തുഴ കൊണ്ട് കുത്തി നോക്കി പന്നിയുടെ വയറ്റിൽ കുത്തും പോലെ പ്‌തും പ്‌തും ശബ്ദം "വർക്കി ചാച്ചാ മനുസേനാ" പപ്പൻ നിലവിളിച്ച വായിൽ ഇരുട്ട് വിഴുങ്ങി ഇരുട്ടിനൊരു ശവത്തിന്റെ രുചി, അയാളത് നീട്ടി വലിച്ചു പുഴയിലേക്ക് തുപ്പി തുഴ പോലെ നീണ്ട വർക്കിയുടെ ചുമലിൽ രമേശന്റെ തുറിച്ച കണ്ണുകൾ ഭൂമിയെ നോക്കി ഉയരം കുറഞ്ഞു ഉരുണ്ട പപ്പന് മുന്നിൽ അയാളുടെ ജനനേന്ദ്രിയം കിടന്നു ആടി...
പപ്പൻ അതിനെ നിസ്സഹായത്തോടെ നോക്കി.

"അല്ല വർക്കിചാച്ചാ ചൂട് ഇതിനു തിരേം പറ്റത്തില്ല ന്നു പറയുന്നത് ഒള്ളതാന്നോ !?"
"അതിപ്പോ അവനവിടേം അവളിവിടേം അല്ലയോ, അപ്പൊ ഇച്ചിരെ ചൂടടിച്ച എന്ന പ്രശനം"

വർക്കി തോളുമാറ്റി ഒന്ന് കൈ ആയത്തിൽ വീശി അയാളുടെ കൈ നീണ്ടു ഒരു വാലായി, ശരീരത്തിന് നിലാവിന്റെ നിറമായി കുഞ്ചിരോമങ്ങൾ എഴുന്ന് നിന്നു, രമേശിന്റെ കണ്ണുകളേക്കാൾ അയാളുടെ കണ്ണുകൾ
തുറിച്ചു, ഇമവെട്ടാതെ തിളങ്ങി.

കണ്ണിൽ നിന്നു നോട്ടം തെറ്റിക്കരുത് ന്നു മുതിർന്നവർ പറഞ്ഞ പോലെ സാവിത്രി ഇമ വെട്ടാതെ നിന്നു തന്റെ കണ്ണിലേക്കല്ല ആ ജന്തുവിന്റെ നോട്ടം എന്നവൾ തിരിച്ചറിഞ്ഞു.

മുലയിലെ രക്തം വറ്റുകയും ആ ജന്തുവിനു ചോര നിറം വരുന്നതും അവൾ തീരിച്ചറിഞ്ഞു കാറ്റു പോകുന്ന ബലൂൺ പോലെ മുല വറ്റി നെഞ്ചോടു ചേർന്നു. ആദ്യമായി മുല കുറഞ്ഞതിൽ അവൾക്കു ആശ്വാസം തോന്നി, അമ്മയുടെ പാകപ്പെടുത്തിയെടുത്ത ബ്രെസിയർ ചുരിദാറിനിടയിലൂടെ കൈ കടത്തി അഴിച്ചെടുത്തു ബാഗിനുള്ളിൽ വെച്ച് അവൾ കോളേജിലേക്ക് നടന്നു ഒന്ന് വെട്ടി തിരിഞ്ഞു മുതുകിലെ കൂനൻ കുഞ്ഞി ഉയർത്തി ആ ജന്തു അവളെ തന്നെ നോക്കി നിന്നു.

എന്നാണ് തിരിച്ചു പോകുന്നത് നുള്ള ചോദ്യം രമേശൻ നേരിടുന്നത് കൊണ്ട് ആരുടേയ കുഴപ്പം നുള്ള ചോദ്യം സാവിത്രി ഏറ്റെടുത്തു തുടങ്ങി, വർഷത്തിൽ രണ്ടു മാസം ആ കള്ളം തുടർന്ന് കൊണ്ടിരുന്നു...
രാത്രി കിടക്കുമ്പോൾ എങ്കിലും രമേശൻ കുറ്റം ഏറ്റു പറഞ്ഞു ഒന്ന് സമാദനിപ്പിക്കും ന്നു അവൾ കരുതിപ്രതീക്ഷിച്ചു.

'മച്ചി പെണ്ണാണെകിൽ നീ നിന്റെ ജീവിതം കളയണോ' എന്നുള്ള ചോദ്യത്തിന് എന്നെങ്കിലും അയാൾ പ്രതികരിക്കുമെന്ന് കാത്തിരുന്നു.

മുല കുടിച്ചുറങ്ങിയ രമേശനെ നീക്കി കിടത്തി അവൾ ജീവിതത്തിൽ കണ്ടു മുട്ടിയ പല പുരുഷന്മാരെയും ഓർത്തെടുക്കാൻ ശ്രമിച്ചു. എല്ലാവരുടെയും മുഖങ്ങൾ ഒരേ പോലെ ഇമ വെട്ടാത്ത കണ്ണുകളും കുഞ്ചി രോമങ്ങളും എഴുന്നു നിന്നു.

കോളേജ് വിട്ടു വരുന്ന വഴി ഇടവഴിയിലെ തിണ്ടിൽ നിന്നും ഇണ പിരിഞ്ഞു പൊത്തോ എന്നടിച്ചു നിലത്തു വീണു ഉയർന്നു നിന്ന പാമ്പുകൾ വഴി തടഞ്ഞു, പൊത്തോ ശബ്ദത്തിനു ശ്രുതി ഒപ്പിച്ചു ഹൃദയം ധും ധും മിടിച്ചു കൊണ്ടിരുന്നു പുറകിലേക്ക് വലിഞ്ഞു പറങ്കിമാവിന്റെ വേരിലൂടെ വലിഞ്ഞു കയറി തിണ്ടിനു മുകളിൽ കേറി, പാമ്പു ചുരുണ്ട പോലെ രണ്ടു മനുഷ്യന്മാർ അതിൽ പുരുഷന്റെ കണ്ണുകൾ തിളങ്ങി ഇമ വെട്ടാതെ തന്നെ നോക്കി, ഒരു അരണ തലവെട്ടിക്കും പോലെ പെൺകുട്ടിയും തിരിഞ്ഞു നോക്കി.

സൗദാമിനി തുണികൾ വാരി പിടിച്ചു അവൾ വീട്ടിലേക്കു ഓടിയപ്പോൾ ഇടവഴയിൽ പാമ്പുകൾ വേർപെട്ടിരുന്നു.

തന്റെ നേരെ ചെരിഞ്ഞു കിടന്നുറങ്ങുന്ന രമേശന്റെ കുഞ്ചിരോമങ്ങൾ എഴുന്നു കണ്ണുകൾ തിളങ്ങി, ചോര വലിച്ചു കുടിക്കാൻ അവൾ ആഗ്രഹിച്ചു. ആണുങ്ങളുടെ തിളങ്ങുന്ന കണ്ണുകളെ കുറിച്ച് അന്ന് അനുജത്തിയോട് പറഞ്ഞത് തിരുത്തി പറയണം ചില ആണുങ്ങളുടെ കണ്ണുകൾ കണ്ടാൽ കൃഷ്ണമണികൾ നിറഞ്ഞു ആർദ്രമായി തോന്നും എന്നും.

അല്ല അവൾക്കിപ്പോൾ തന്നെക്കാൾ കണ്ണുകൾ കണ്ടു പരിചയം ആയി കാണും.

"അവളിരിക്കുന്ന ഇരിപ്പു കണ്ടാലെ അറിയില്ലേ, ചെറുക്കൻ പറയുന്നതിൽ കാര്യമുണ്ടെന്നു" ഭിത്തിയിൽ രമേശൻ സ്ഥാനം നോക്കിയടിച്ച ക്ളോക്കിന്റെ മണിനാദത്തിനിടയിലൂടെ ആരുടെയോ വാക്കുകൾ
ചന്ദനതിരിയുടെ പുകയിൽ തട്ടി നിന്നു.

ഒന്നുടെ പുക വലിച്ചു കയറ്റിയപ്പോ പുക പറഞ്ഞു മച്ചി ആയതു കൊണ്ട് തെളിവെടുക്കാനും പറ്റില്ലലോ എന്ന്

ഒരിക്കൽ വിസിറ്റ് വിസയിൽ ദുബായി കാണാൻ അയാളുടെ കൂടെ പോയപ്പോൾ വിമാനത്തിന്റെ ജനലിൽ ബാത്ത് ടവൽ ചുരുട്ടി വെച്ച ഓട്ടയിലൂടെ മേഘങ്ങൾക്കൊപ്പം സഞ്ചരിച്ച പോലെ രമേശന്റെ ഗന്ധമുള്ള പുകച്ചുരുൾ ആകാശത്തിലേക്കു കയറി പോകുന്നത്
വരാന്തയിൽ ഇരുന്നു അവൾ കണ്ടു. അത് മുകളിൽ വിലയം പ്രാപിച്ചു അയാളുടെ നെഞ്ചിലെ ചുരുണ്ട രോമങ്ങൾ പോലെ ആകാശത്തിൽ പറ്റിപിടിച്ചു. ആകാശത്തിൽ പുക ലയിക്കുന്നതിനു മുന്നേ ആളുകൾ വീടൊഴിഞ്ഞു തുടങ്ങി... എങ്കിലും ചന്ദന തിരിയുടെ പുക അവിടിവിടെ ഒട്ടി നിന്നു. വരാന്തയിൽ വെച്ച സിസി ടിവി ക്യാമറയുടെ ചുറ്റും പുക വലയം വെച്ചു. 
"മാഡം, രമേശൻ സാർ വിളിച്ചു പറഞ്ഞതാണ്"
അതെയോ എന്താണിത്?!
"ഇവിടെ വരാന്തയിൽ വെച്ചാൽ കള്ളന്മാരുടെ ശല്യം കുറയും"
അതിനെ പറ്റി വലിയ ധാരണ ഇല്ലാത്തതു കൊണ്ട് സ്ഥാനം പറഞ്ഞു കൊടുത്തു അവൾ അകത്തേയ്ക്കു പോയി.

പിന്നീട് ആ ആർദ്രതയുള്ള നോട്ടത്തിനെ ഒന്ന് പ്രകോകിപ്പിക്കാൻ കുളിച്ചു മുടി വിടർത്തി, മുലയെടുപ്പോടെ അതിനു മുന്നിൽ പോയി നിൽക്കാറുണ്ടായിരുന്നു. പിന്നീടെപ്പോഴോ ആ കണ്ണുകളെ മറന്നു, രണ്ടു വർഷത്തിന് ശേഷം ഇന്നാണ് ആ കണ്ണുകളെ നോക്കുന്നത് ആർദ്രതയ്ക്കുളിൽ ഒളിപ്പിച്ച തിളങ്ങുന്ന കണ്ണുകൾ അവൾ കണ്ടു അത് ഇമ വെട്ടാതെ തന്നെ തന്നെ നോക്കി നിന്നു. ചോര വലിച്ചെടുത്തു, ഇപ്പൊളതിനെ കാണാൻ ഒരു വലിയ ചോരത്തുള്ളി പോലുണ്ട്, അവൾക്കിറങ്ങി ഓടാൻ തോന്നി ഓടിയാൽ ആ കണ്ണുകൾ വികസിച്ചു വരും അത് കൊണ്ട് നടത്തത്തിനു വേഗത കൂട്ടി....

ഇടവഴയിൽ പാമ്പുകൾ ഉണ്ടായിരുന്നില്ല പകരം വഴികളിൽ ഓന്തുകൾ പ്രത്യക്ഷപെട്ടു. വലിയ തിളങ്ങുന്ന കണ്ണുകൾ ഇമ വെട്ടാതെ തന്നെ നോക്കി, പറങ്കി മാവിനു താഴെ ആരോ തുണിയഴിച്ചു ഇണ ചേർന്നു. 

അവൾ നേരെ നടന്നു, നടന്നു നടന്നു വഴി മുതലയുടെ ചെകിളകൾ പോലെ കറുത്ത് വലിയൊരു മരത്തിലേക്ക് കയറി. വഴി തീർന്നതും അവൾക്ക് കുഞ്ചി രോമങ്ങൾ മുളച്ചു, കണ്ണുകൾ തിളങ്ങി ശരീരം കറുത്ത നിറമായി വാലുകൾ മുളച്ചു. മരത്തിലേക്ക് അവൾ വലിയ കാലുകൾ എടുത്തു വെച്ചു ഒരു ജിംന്യസ്റ്റിക്കിന്റെ മെയ് വഴക്കത്തോടെ കയറി. ഒത്ത നടുക്കെത്തി ചുറ്റുപാടും തല വെട്ടിച്ചു നോക്കി, പിന്നെ മരത്തിനോട് ചേർന്നു മരത്തിലേക്ക് ചേർന്നു....

ഇടവഴിയിലെ ഓന്തുകൾ പറങ്കി മാവിനു താഴെ ഇണ ചേരുന്ന മനുഷ്യ ഉടലിനെ പൊതിഞ്ഞു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ