"ഇന്നൊരു മാലൂദ് (പ്രാർത്ഥന) ചൊല്ലിത്തരാമോ ഉസ്താദേ?" രണ്ട് ദിവസം താമസിക്കുന്നതിനായി ഭാര്യയെയും മക്കളെയും ഭാര്യ വീട്ടിലാക്കി തിരച്ചെത്തിയ ഷറഫു ഉസ്താദിനോട് വഴിയിൽ വച്ച് തന്നെ അയൽവാസി ഖാദർ ചോദിച്ചു.
"അതിനെന്താ ഞാൻ വരാലോ" എന്ന് പറഞ്ഞ് ഒരു നേരിയ മൂത്ര ശങ്ക ഉണ്ടായിരുന്നതിനെ അവഗണിച്ച് ഉസ്താദ് ബൈക്ക് ഖാദറിന്റെ വീട്ടിലേക്ക് ഓടിച്ചു കയറ്റി.
അവിടെ ചെന്ന് മൗലൂദ് ചൊല്ലി ഭക്ഷണവും കഴിച്ച് അപ്പോഴേക്കും കലശലായ മൂത്രശങ്കയോടെ ഉസ്താദ് സ്വന്തം വീട്ടിലെത്തി. (എപ്പോഴും സ്വന്തം വീട്ടിൽ നിന്ന് മാത്രമേ ഉസ്താദ് ശങ്ക തീർക്കാറുള്ളൂ). വാതിൽ തുറക്കാൻ നോക്കിയപ്പോൾ വീടിന്റെ ചാവി കാണുന്നില്ല. സാധാരണ ഭാര്യ വിരുന്നു പോകുമ്പോൾ ചാവി തന്റെ ബൈക്കിന്റെ ചാവിയുമായി ബന്ധിപ്പിച്ചിടലാണ് പതിവ്. ബൈക്കിന്റെ കവറിനുള്ളിലും താഴെയും വീടിന്റെ പരിസരങ്ങളിലും മുഴുവൻ തിരഞ്ഞെങ്കിലും ചാവി മാത്രം കിട്ടിയില്ല.
ഉസ്താദ് തൊട്ടടുത്ത് തന്നെയുള്ള അനിയന്റെ വീട്ടിലേക്ക് പോയി (ഒരു പറമ്പിൽ തന്നെയാണ് രണ്ട് വീടും) അനിയന്റെ ഭാര്യയോട് വിവരം പറഞ്ഞ് തന്റെ ഭാര്യക്ക് വിളിക്കാൻ ഫോണെടുത്തപ്പോൾ ഫോൺ ചാർജില്ലാതെ ഓഫായിരിക്കുന്നു. ചാർജറാണെങ്കിൽ ഭാര്യ വീട്ടിലും. സ്വന്തമായി ഫോണില്ലാത്ത ഭാര്യയെ കിട്ടണമെങ്കിൽ ഭാര്യ വീട്ടിൽ വിളിക്കണം .അവിടുത്തെ നമ്പറാണെങ്കിൽ ഉസ്താദിന് കാണാതെ അറിയുകയുമില്ല.
വെട്ടിലായ ഉസ്താദ് അനിയത്തിയുടെ ഫോണിൽ നിന്നും പെങ്ങൾക്ക് വിളിച്ച് സ്വന്തം ഭാര്യ വീട്ടിലെ നമ്പർ തിരക്കി. പുതിയ ഫോൺ മാറിയപ്പോൾ ഒരു വിധം എല്ലാ നമ്പറുകളും നഷ്ടപ്പെട്ട പെങ്ങൾ കൈ മലർത്തി. ഹതാശനായ ഉസ്താദിനെക്കണ്ട അനിയത്തി തന്റെ ഫോൺ കോണ്ടാക്ടിൽ വെറുതെ തിരഞ്ഞപ്പോൾ എന്നോ എപ്പോഴോ സേവ് ചെയ്ത റാബിയ എന്നൊരു പേര് കണ്ട് ശങ്കയോടെ അതിലേക്ക് വിളിച്ചു (ഉസ്താദിന്റെ ഭാര്യയുടെ ജേഷ്ടത്തിയാണ് റാബിയ ).
ഭാഗ്യത്തിന് ഒറിജിനൽ റാബിയയെത്തന്നെ കിട്ടി. വിവരങ്ങളറിഞ്ഞ റാബിയ കാര്യങ്ങൾ ദ്രുതഗതിയിലാക്കി. വീട്ടിലേക്ക് വിളിക്കുന്നു... വിവരങ്ങൾ പറയുന്നു .... ഭാര്യ ഉസ്താദിന് അനിയത്തിയുടെ ഫോണിലേക്ക് വിളിക്കുന്നു.... ചാവി ചോദിച്ചപ്പോൾ ഭാര്യ മക്കളെപ്പറയുന്നു ... മക്കളോട് ചോദിച്ചപ്പോൾ മക്കൾ ഉമ്മയെയും ഉപ്പയെയും ഒരുമിച്ച് പറയുന്നു .... ആകെ ജഗ പൊഗ ...
ചാവി കിട്ടില്ല എന്ന് മനസ്സിലായ ഉസ്താദ് അടുത്ത മാർഗ്ഗമന്വേഷിച്ചു ("തട്ട് സഹിക്കാം ... കൊട്ട് സഹിക്കാം ... മുട്ട് സഹിച്ചൂടാ... എന്നൊരു അവസ്ഥയിലെത്തിയിരുന്നു അപ്പോഴേക്കും ഉസ്താദിന്റെ മൂത്രശങ്ക.) അനിയന്റെ സ്നേഹിതൻ ആശാരി മനുവിനെ വിളിച്ച് വിവരം പറഞ്ഞതും സെക്കന്റുകൾക്കുള്ളിൽ മനു ആശാരിമാരുടെ സ്വന്തം ആയുധമായ സ്ക്രൂ ഡൈവറുമായി പാഞ്ഞെത്തി. അര മണിക്കൂർ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഉസ്താദും മനുവും കൂടി ഡബിൾ ലോക്കുള്ള പൂട്ട് പൊട്ടിച്ചു. ശേഷം മനുവിനെ പറഞ്ഞയച്ച് ആശ്വാസത്തോടെ അദ്ദേഹം ബാത്റൂമിലേക്ക് പോയി.
ഈ സമയത്താണ് ഇതൊന്നുമറിയാതെ ഒരു കല്യാണത്തിന് പോയിരുന്ന ഉസ്താദിന്റെ ഉമ്മ കുഞ്ഞിപ്പാത്തുമ്മ തിരിച്ചെത്തിയത്. എത്തിയ ഉടനെത്തന്നെ ഉസ്താദിന്റെ അനിയന്റെ മകൾ ഉമ്മയോട് പറഞ്ഞു " ഉപ്പമ്മ അറിഞ്ഞോ? അമ്മായി ചാവി കളഞ്ഞു, പപ്പുവിന്റെ (ഷറഫു ഉസ്താദ് കുട്ടികൾക്കെല്ലാവർക്കും പപ്പുവാണ്) വീട് മനു മാമൻ പൊളിച്ചു ". കാര്യം മുഴുവനന്വേഷിക്കാതെ മരുമകളെ അടിക്കാൻ ഒരു വടി കിട്ടിയ കുഞ്ഞിപ്പാത്തുമ്മ ചാടിയിറങ്ങി ഉസ്താദിന്റെ വീട്ടിലേക്കോടി . റോഡിൽ വച്ചു തന്നെ മകനെ വഴക്ക് പറയാനാരംഭിച്ചു
"അല്ലെങ്കിലും പെറ്റ തള്ള ഇത്രയടുത്തുണ്ടാകുമ്പോ ഭാര്യയുടെ അടുത്ത് ചാവി കൊടുത്ത നിനക്ക് ഇതല്ല; ഇതിനപ്പുറവും സംഭവിക്കുമെടാ... നിന്റെ ഭാര്യ അല്ലെങ്കിലും ഒരഹങ്കാരിയാണ്... അവളാ ചാവി മന:പൂർവ്വം കളഞ്ഞതാണോ എന്നെനിക്ക് സംശയമുണ്ട്." കുഞ്ഞിപ്പാത്തുമ്മ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ബഹളം കേട്ട് കാര്യമന്വേഷിച്ച അയൽക്കാരോടും കുഞ്ഞിപ്പാത്തുമ്മ ഉസ്താദിന്റെ ഭാര്യയുടെ പിടിപ്പുകേടും ഉസ്താദിന്റെ ഉമ്മയോടുള്ള സ്നേഹമില്ലായ്മയും വിവരിച്ചു പറഞ്ഞു കൊണ്ടിരുന്നു.
വഴക്കും ബഹളവുമെല്ലാം ബാത്റൂമിൽ നിന്നു കേട്ട ഉസ്താദ് തലയിൽ കൈവച്ചു കൊണ്ടാലോചിച്ചു... പടച്ചോനെ എന്റെ ഭാര്യ ഇവിടെയില്ലാതിരുന്നത് നന്നായി ... ഇല്ലെങ്കിൽ ഇവിടെയിന്ന് ബദറും ഉഹ്ദും (ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ രണ്ട് യുദ്ധങ്ങൾ) ഒരുമിച്ച് നടന്നേനെ...
എന്തായാലും ഈ സംഭവത്തിൽ നിന്നും ഉസ്താദ് ചില കാര്യങ്ങൾ പഠിച്ചു.
1. തന്റെ കുടുംബത്തിലെ ഏറ്റവും വലിയ നൂനി (പരദൂഷക) തന്റെ അനിയന്റെ മകളാണ്
2. ബാത്റൂമിൽ പോകേണ്ടി വന്നാൽ സ്വന്തം വീട് തന്നെ തിരയാൻ നിൽക്കരുത്.
3. സ്വന്തം വീടിന്റെ ചാവി എപ്പോഴും സ്വന്തം ഉത്തരവാദിത്തമായിരിക്കണം.
4. ഭാര്യവീട്ടിലെ ഒരു ഫോൺ നമ്പറെങ്കിലും കാണാതെ പഠിച്ചിരിക്കണം.
5. അവസാനത്തേതും പ്രധാനപ്പെട്ടതുമായ പാഠം; ഉമ്മയോടുള്ള സ്നേഹം വീടിന്റെ ചാവിയിലാണിരിക്കുന്നത് അത് മനസ്സിലാക്കിയില്ലെങ്കിൽ നാട്ടുകാർക്ക് മുന്നിൽ നാണം കെടേണ്ടിവരും.