മനസ്സ് പായുകയാണ്. അതിനെ ഒരിടത്തും പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. ആ പാച്ചിലിൽ തെളിയുന്ന മുഖങ്ങളിൽ പലതും തനിക്ക് നൊമ്പരമാണ്. കാലത്തിന്റെ ഇന്ദ്രജാലത്തിൽ ഇന്ന് വളരെയേറെ മാറ്റം വന്നിരിക്കുന്നു. പ്രകൃതിയിലും, തന്നിലും. പ്രകൃതിയുടെ മാറ്റം കൊഴിഞ്ഞുവീണ അഞ്ചുവർഷത്തിന്റെതാണ്. പക്ഷേ തന്നിലോ?
അതാണ് താനിപ്പോ തിരയുന്നത്.
ഇന്നലെ രാത്രിയിൽ ഉറങ്ങാൻ സാധിച്ചിട്ടില്ല. ചെവികരികിലൂടെ മൂളിപ്പായുന്ന കൊതുകിൽ നിന്നും രക്ഷനേടാൻ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് കിടക്കുമ്പോഴും ഉറക്കം തന്റെ കൺപോളകളെ തളർത്തിയില്ല.
കാരണം മനസ്സു മുഴുവൻ കുറ്റബോധമായിരുന്നു. കഴിഞ്ഞുപോയ കാലങ്ങൾ ഇന്നലെ തന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ഇവിടേക്ക് വരുമ്പോൾ ഇതൊരു ഇരുട്ടറയായിരുന്നു. വഴിതെറ്റി പോകുന്നവരെ നല്ല വഴിക്ക് നടത്താൻ ഒരു സ്ഥാപനം. ദുർഗുണ പരിഹാര പാഠശാല.
താനിവിടെ വന്നിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുകയാണ്. അതിലുപരി തന്റെ ശിക്ഷയുടെ കാലാവധി പൂർത്തിയാവുകയാണ്. കൈവിട്ടു പോയത് ജീവിതമാണെന്ന തിരിച്ചറിവിലാണ് താൻ ഇപ്പോൾ.
സെല്ലിലെ കമ്പി അഴികളിൽ പിടിച്ച് അലക്സ് പുറത്തേക്ക് നോക്കി നിന്നു.
സെല്ലിൽ ഉണ്ടായിരുന്നവരെ എല്ലാം ജോലികൾക്കായി പുറത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. താൻ ഇന്ന് മോചിതൻ ആവുന്നത് കൊണ്ട് സെറ്റിൽ തന്നെ വിശ്രമിക്കാൻ അവസരം കിട്ടി.
ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല. ഈ തനിച്ചിരിപ്പ് തന്നെ ഭ്രാന്തൻ ആക്കുകയുള്ളൂ. ഇരുമ്പഴിക്കുള്ളിൽ ഉള്ളവരെല്ലാം തന്റെ സമപ്രായക്കാരാണ്. യൗവനവും, കൗമാരവും ഇരുമ്പഴിക്കുള്ളിൽ തളയ്ക്കപ്പെട്ടവർ.
അലക്സ് സെല്ലിലെ കമ്പിയിൽ തല ചേർത്തുവച്ചു. ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു.
അമ്മയുടെ വേർപാടാണ് തന്നെ ഏകനാക്കി തീർത്തത്. പണവും പ്രതാപവും വേണ്ടുവോളമുള്ള അപ്പച്ചന് ജീവിതം തിരക്ക് നിറഞ്ഞതായിരുന്നു. ആ തിരക്കിൽ പലപ്പോഴും താനും അമ്മയും ബംഗ്ലാവിൽ അപ്പച്ചന് അന്യരായിരുന്നു. ആ അകൽച്ച അപ്പച്ചനോടുള്ള വെറുപ്പായി പലപ്പോഴും തന്നിൽ മാറിയിരുന്നു. ഇന്നതെല്ലാം ഓർമ്മകളാണ്.
ഒരുവശം തളർന്ന് കട്ടിലിൽ നിന്നെഴുന്നേൽക്കാനാവാതെ അമ്മ കിടക്കുമ്പോൾ താൻ കണ്ടത് അപ്പച്ചന്റെ മറ്റൊരു മുഖമായിരുന്നു. അമ്മയുടെ കിടപ്പ് അപ്പച്ചനെ തളർത്തി കളഞ്ഞു. അതിലുപരി ആ കട്ടിലിൻ അരികിൽ നിന്നും മാറാതെ അമ്മയെ ശുശ്രൂഷിച്ചു കൊണ്ട് അപ്പച്ചൻ ഇരിക്കുമായിരുന്നു. അത് കാണുമ്പോൾ അപ്പച്ചനോടുള്ള അമർഷം തന്റെയുള്ളിൽ സ്നേഹമായി മാറുകയായിരുന്നു. അപ്പച്ചനെ തെറ്റിദ്ധരിച്ചപ്പോൾ മനസ്സിൽ താൻ അറിയാതെ തന്നെ പറഞ്ഞു.
'എല്ലാം വെറും തോന്നലുകൾ..'
അമ്മയുടെ മരണശേഷം ആ വലിയ ബംഗ്ലാവിൽ താൻ ഒറ്റയ്ക്കാണെന്ന് തോന്നിപ്പോകും ആയിരുന്നു. ഇടയ്ക്കിടയ്ക്ക് അപ്പച്ചൻ സാന്ത്വനവുമായി ഓടിയെത്തും.
കോളേജ് ജീവിതമാണ് തന്നെ മാറ്റിമറിച്ചത്. അമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ഏകനായി കോളേജ് മുറ്റത്തെ വാകമരച്ചോട്ടിലൂടെ നടക്കുമ്പോഴാണ് താൻ ആദ്യമായി ഡെയ്സിയെ കാണുന്നത്. ആ അടുപ്പം തന്നെയുള്ളിൽ പ്രേമമായി മൊട്ടിട്ടപ്പോൾ ഡെയ്സിക്ക് അത് വെറും സൗഹൃദം മാത്രമായിരുന്നു.
ഡെയ്സിയുടെ മനസ്സ് മുഴുവൻ അനന്തനായിരുന്നു. കഥകളെയും, കവിതകളെയും പ്രണയിച്ച അനന്തൻ, ഡെയ്സിയുടെ ആരാധനപാത്രമായി. തന്നെ ഒഴിവാക്കിക്കൊണ്ട് ഡെയ്സി അനന്തന് പിറകെ പായുകയായിരുന്നു.
ഒറ്റപ്പെട്ടവന്റെ വേദന പ്രതികാരം ആയി മാറി. കയ്യിൽ കരുതിയിരുന്ന കൊലക്കത്തി ഡെയ്സിയുടെ നേരെ ആഞ്ഞുവീശിയത് അവളെ വക വരുത്താൻ തന്നെയായിരുന്നു. പക്ഷേ തനിക്ക് പിഴച്ചു. ഡെയ്സിയുടെ നേരെ കത്തി വീശുന്നത് കണ്ട അനന്തൻ അവളുടെ മുന്നിലേക്ക് ചാടി വീണു. തന്റെ കൈയ്യിലിരുന്ന കത്തി അനന്തന്റെ അടിവയറ്റിൽ തന്നെ ആഴ്ന്നിറങ്ങി.
അലക്സ് കിതപ്പോടെ കമ്പി അഴികളിൽ മുറുകെ പിടിച്ചു.
കൊലക്കത്തി പിടിച്ച കൈകളിലേക്ക് അയാൾ വെറുപ്പോടെ നോക്കി. സ്നേഹം തേടിയിറങ്ങി അവസാനം പകയുടെ നെരിപ്പോടിൽ ജീവിതം തുലച്ചവൻ... അലക്സിന് തന്നോട് തന്നെ വെറുപ്പ് തോന്നി.
പക്ഷേ താൻ ഇന്ന് ആ പഴയ അലക്സ് അല്ല. അതിനു കാരണം ഫാദർ ജോൺ ആണ്.
ഇരുട്ടു നിറഞ്ഞ മനസ്സിൽ പ്രകാശം പരത്തിയത് ഫാദർ ആണ്.പലപ്പോഴും ജയിലിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെടാറുള്ള ഫാദറിന്റെ മുഖം പലരുടെയും മനസ്സിൽ പല രീതിയിലായിരുന്നു. ഹരിയും, അബ്ദുവും, തോമസും ഒക്കെ ഫാദറിനെ അവജ്ഞയോടെ നോക്കി കണ്ടപ്പോൾ, ചിലർ ജയിൽ വാർഡന്റെ ശിക്ഷ ഭയന്ന് ഫാദറിന്റെ മുന്നിൽ വന്നിരിക്കുമായിരുന്നു.
ഇതിനിടെ ഏകാന്തത തേടിയിറങ്ങിയ തന്റെ ഒറ്റപ്പെട്ട ജീവിതമാണ് ഫാദറിനെ തന്നിലേക്ക് അടുപ്പിച്ചത്. തന്റെ കഥ അച്ചന് മുന്നിൽ നിരത്തുമ്പോൾ ഒരു അഭയ തീരം തേടുകയായിരുന്നു താൻ. ഫാദറിന്റെ വാക്കുകളാണ് താൻ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ കാരണമായത് തന്നെ.
പ്രണയത്തിനു വേണ്ടി ജീവിതം ഹോമിക്കാൻ തുനിഞ്ഞിറങ്ങിയ തനിക്ക് ഫാദർ തന്ന ഉപദേശം മറന്നിട്ടില്ല.
"പ്രണയം ഒരു അനുഭവമാണ്.. പക്വതയാർന്ന മനസ്സിലെ തീവ്രമായ അനുഭവം."
ശരിയാണ്, തന്റെ മനസ്സിലെ പ്രണയം ഒരിക്കലും പക്വതയോടെ ആയിരുന്നില്ല. പ്രണയത്തിന്റെ നോവിലും, വിരഹത്തിന്റെ വേദനയിലും താൻ മറന്നുപോയ ഒന്നുണ്ടായിരുന്നു... പച്ചയായ ജീവിതത്തിന്റെ സുഗന്ധം. അതായിരുന്നു ഫാദർ തനിക്ക് കാണിച്ചുതന്നത്.
രാത്രിയുടെ ഏതോയാമത്തിൽ അനന്തനും,ഡെയ്സിയും, കോളേജ് മുറ്റവും, വാകമരത്തിന്റെ ചുവട്ടിൽ വീണു കിടക്കുന്ന ചുവന്ന വാകപ്പൂക്കളും മനസ്സിൽ ഓടിയെത്തിയപ്പോൾ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
' എല്ലാം വെറും തോന്നലുകൾ..'
ഉറക്കമില്ലാത്ത രാത്രികളുടെ അറുതി പോലെ ഫാദറിന്റെയൊപ്പം ഒരിക്കൽ തന്നെ കാണാൻ വന്ന രൂപത്തെ ഇന്നും താൻ മറന്നിട്ടില്ല.... അനന്തൻ.
ഒരു വർഷത്തോളം ആശുപത്രി കിടക്കയിൽ എഴുന്നേൽക്കാനാവാതെ ഒരേ കിടപ്പായിരുന്നു അനന്തൻ എന്നറിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് മനസ്സുനിറി. എല്ലാറ്റിനും അന്ന് താങ്ങായി ഡെയ്സി കൂടെയുണ്ടായിരുന്നുവെന്ന് അനന്തൻ പറഞ്ഞപ്പോൾ, അലക്സിന്റെ മനസ്സിലേക്ക് ഓടിയെത്തിയത് തന്റെ കുടുംബചിത്രമായിരുന്നു.
മനസ്സിന്റെ ഭാരമെല്ലാം അനന്തൻ വന്ന അന്നാണ് താനിറക്കിവെച്ചത്. ആളിക്കത്തിയിരുന്ന നെരിപ്പോടിൽ അലിവിന്റെ ജീവജലം തളിച്ചതാകട്ടെ ഫാദർ ജോണും.
മനസ്സിന്ന് തുടി കൊട്ടുകയാണ്. കഴിഞ്ഞ അഞ്ചുവർഷം തിരിഞ്ഞു നോക്കലിന്റെതായിരുന്നു. ഇനിയുള്ളതാകട്ടെ പശ്ചാതാപത്തിൽ നിന്നുയിർകൊണ്ട പുത്തൻ ഒരു ഉയർത്തെഴുന്നേൽപ്പിന്റെയും.
ജയിൽ വാർഡന്റെ മുന്നിൽ ചെല്ലുമ്പോൾ ഫാദർ ജോൺ അവിടെ ഉണ്ടായിരുന്നു. ഒരു യാത്രാമൊഴി പോലെ എല്ലാവരുടെയും നേരെ തലയാട്ടി. ഫാദറിനൊപ്പം പുറത്തേക്കിറങ്ങുമ്പോൾ, ഗേറ്റിന് അരികിൽ ആയി ഒരു കാർ കിടപ്പുണ്ടായിരുന്നു.
അതിലേക്ക് ശ്രദ്ധ തിരിക്കാതെ അലക്സ് യാത്ര ചോദിക്കാനായി ഫാദറിന്റെ നേരെ തിരിഞ്ഞു.
"യാത്രാമൊഴി ഒന്നും വേണ്ട അലക്സ്, ജീവിതത്തിൽ വഴിമുട്ടുന്ന ഏതവസ്ഥയിലും എന്നെ നിനക്ക് വന്നു കാണാം.... " അതിനു മറുപടി പോലെ അലക്സ് തലയാട്ടി.
ഈ സമയം അരികിൽ കിടന്നിരുന്ന കാറിന്റെ ഡോർ തുറന്നു ഇറങ്ങിയ രൂപത്തിലേക്ക് അലക്സിന്റെ കണ്ണുകൾ പാഞ്ഞു.
അനന്തനായിരുന്നു അത്. എന്നാൽ അനന്തൻ ഒപ്പം കാറിൽ നിന്നിറങ്ങിയ മറ്റൊരാളെ കണ്ടതും, അലക്സ് വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് നോക്കി.
'ഡെയ്സി' - ആ ചുണ്ടുകൾ ചലിച്ചു.
ഡെയ്സിയുടെ കൈയിൽ ഇരുന്ന കൊച്ചുകുട്ടിയിലേക്ക് അലക്സിന്റെ കണ്ണുകൾ പാഞ്ഞു.
ഫാദറിന്റെ ഒപ്പം അവർക്ക് അരികിലേക്ക് എത്തുമ്പോൾ അലക്സ് ആ മുഖങ്ങളിലേക്ക് നോക്കാൻ വിഷമിക്കുകയായിരുന്നു. നിറഞ്ഞ കണ്ണുകൾ തുളുമ്പും എന്ന ആയപ്പോൾ അലക്സിന്റെ ചുമലിൽ അനന്തൻ കൈകൾ വച്ചു. ഡെയ്സിയോട് സംസാരിക്കുമ്പോൾ അലക്സിന്റെ ചുണ്ടിൽ നിന്ന് അടർന്നു വീണത് പശ്ചാതാപത്തിന്റെ വാക്കുകളായിരുന്നു.
"അലക്സ്, ഇനിയുള്ള യാത്ര ഇവർക്കൊപ്പം ആകാം. അലക്സിന്റെ അപ്പച്ചനോടും ഞാൻ എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അലക്സിനെ ഇവർ വീട്ടിലെത്തിക്കും.... "
നന്ദി നിറഞ്ഞ മുഖത്തോടെ അലക്സ്,ഫാദറിനെ നോക്കി. എല്ലാം ഫാദറിന്റെ കണക്കുകൂട്ടലുകൾ ആയിരുന്നു.
അവർക്കൊപ്പം അലക്സും കാറിൽ കയറി. കാർ അകന്നു പോകുമ്പോൾ, പിറകിലത്തെ ഗ്ലാസിലൂടെ തങ്ങളുടെ നേരെ കൈ വീശുന്ന ഫാദറിന്റെ മുഖം അലക്സ് കുറച്ചുനേരം നോക്കിയിരുന്നു. പിറകിൽ നിന്ന് കണ്ണുകൾ എടുത്ത് അലക്സ് നോക്കിയത് ഡെയ്സിയുടെ ചുമലിൽ കിടന്ന് തന്നെ ശ്രദ്ധിക്കുന്ന ഡെയ്സിയുടെ കുട്ടിയെ ആയിരുന്നു. കുഞ്ഞു പല്ലുകൾ കാട്ടിയുള്ള അവന്റെ ചിരി മായാതെ അലക്സിന്റെ ഹൃദയത്തിൽ പതിച്ചു.
ആ കുഞ്ഞു മുഖം കണ്ടപ്പോൾ അലക്സിന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഫാദറിന്റെ വാക്കുകളായിരുന്നു.
പ്രണയം ഒരു അനുഭവമാണ്, പക്വതയാർന്ന മനസ്സിലെ തീവ്രമായ അനുഭവം. ശരിയാണ്, ഈ പ്രണയം അനശ്വരമാണ്. ബാക്കിയെല്ലാം വെറും തോന്നലുകൾ മാത്രം.