mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

രാജാവ് സൗന്ദര്യരാധകനായതിനാൽ ശില്പികളെയും ചിത്രമെഴുത്തുകാരെയും നർത്തകിമാരെയും കൊട്ടാരത്തിൽ തന്നെ പാർപ്പിച്ചിരുന്നു .ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള  ശിൽപങ്ങളും ചിത്രങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.

രാജാവിൻറെ സങ്കല്പത്തിന് ഒത്ത് ഉയരാത്തവർക്ക് തക്കതായ ശിക്ഷ ഉറപ്പ് . പൂന്തോട്ടത്തിൻ്റെയും പക്ഷിസങ്കേതത്തിൻ്റെയും ചുമതലക്കാരുടെ ഉത്തരവാദിത്വവും അതുതന്നെയായിരുന്നു. പുതിയ പുഷ്പങ്ങളിലൂടെയും പക്ഷികളിലൂടെയും സൗന്ദര്യത്തിൻ്റെ വ്യത്യസ്തമായ രീതിശാസ്ത്രങ്ങൾ അവതരിപ്പിക്കുക. പക്ഷേ പലപ്പോഴും അവർക്ക് പരാജയപ്പെട്ട് ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നു. 

സുന്ദര വസ്തുക്കളുടെ പുറകെ പായുന്ന രാജാവിനോട് ഇടയ്ക്ക് ഭരണകാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. രാജാവ് അത് കേട്ടതായി ഭാവിച്ചില്ല. പിന്നീടൊരിക്കൽ ജനങ്ങൾ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്, എന്തെങ്കിലും ചെയ്തേപറ്റൂ എന്ന് ഉണർത്തിക്കാൻ പോയ മന്ത്രിയുടെ അഹങ്കാരത്തിനും കിട്ടി രാജാവിൻറെ ശിക്ഷ. 

ഇത്രയൊക്കെ സൗന്ദര്യം ആസ്വദിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും രാജാവ് തൃപ്തനായിരുന്നില്ല. തൻറെ സൗന്ദര്യാത്മക ജീവിതം പുതിയൊരു തലത്തിൽ എത്തണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. സുന്ദര ശിൽപമായും ചിത്രമായും പൂവായും പക്ഷിയായും താൻ തന്നെ മാറുക. ആ സൗന്ദര്യത്തിൽ ലയിക്കുക. എത്ര മനോഹരമാകും ആ അവസ്ഥ.

അങ്ങനെയാണ് രാജാവ് ചിത്രശലഭം ആകാൻ ആഗ്രഹിക്കുന്നത്. ഈ ലോകത്ത് ഏറ്റവും ഭംഗിയുള്ള ശലഭമായി മാറുക. ആരെയും അസൂയപ്പെടുത്തുന്ന ആ ചിറകുകൾ വീശി പൂവിൽ നിന്ന് പൂവിലേക്ക് പാറി നടക്കാം. ഇഷ്ടംപോലെ തേൻ നുകരാം. 

രാജാവിൻറെ ആഗ്രഹം സർവ്വശക്തൻ്റെ സന്നിധിയിലെത്തി.

"അതു വേണോ ?" -സർവശക്തൻ ചോദിച്ചു.

"വേണം. നമുക്കൊരു പൂമ്പാറ്റയായി ജനിക്കണം."

"നല്ലോണ്ണം ആലോചിച്ചോ? "

"ദിവസങ്ങളായി ഇതുതന്നെയാണ് നമ്മുടെ ചിന്ത. ഉറപ്പിച്ചു. "

"എന്നാൽ അങ്ങനെയാകട്ടെ. നാളെ തന്നെ ഒരു പുതിയ പൂമ്പാറ്റയുടെ ജനനത്തിന് തയ്യാറായിക്കോളൂ."

മുട്ടയായി മാറിക്കഴിഞ്ഞപ്പോഴാണ് രാജാവ് പൂമ്പാറ്റയുടെ ജീവിതഘട്ടങ്ങളെപ്പറ്റി ഓർക്കുന്നത്. ഇതുവരെ വർണ്ണച്ചിറകുമായ് പാറുന്ന ചിത്രശലഭം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോൾ ലാർവയും പ്യൂപ്പയും ഒക്കെ കടന്നു കിട്ടണമല്ലോ. 

മുട്ടയായി മൂന്നു ദിവസം കഴിഞ്ഞപ്പോൾ തന്നെ രാജാവിൻറെ ക്ഷമ നശിച്ചു തുടങ്ങി. മുട്ടവിരിഞ്ഞു പുഴുവായി പുറത്തു വന്നപ്പോൾ അദ്ദേഹം ഒന്ന് തീരുമാനിച്ചു. ഇനിയും ഈ ഇലയിൽ ഒളിച്ചിരുന്നു പ്യൂപ്പയാകാനൊന്നും നമുക്ക് വയ്യ. നാം ഈ രാജ്യത്തെ രാജാവാണ്. നാം പറയുന്നതാണ് നിയമം. നാം ഇപ്പോൾതന്നെ മലർവാടിയിലെ സുന്ദര പുഷ്പങ്ങളിലേക്ക് പോവുകയാണ്. നാം അവിടെയെത്തുമ്പോഴേക്കും നമ്മെ ഒരു സ്വർണ്ണചിറകുള്ള ചിത്രശലഭമായി മാറ്റി തന്നാൽ മതി.     

രാജവീഥിക്ക് അപ്പുറമാണ് മലർവാടി. രാജാവ് പുഴുവായി വീഥിക്കു കുറുകെ ഇഴയുകയാണ്. അതാ എന്തോ ഉരുണ്ടു വരുന്നു. രാജാവ് ഒന്ന് വിരണ്ടു. താൻ അതിൻറെ അടിയിൽപ്പെട്ട് ചതഞ്ഞരയുമോ! പുഴു അവിടെനിന്ന് തലയുയർത്തി നോക്കി .അതൊരു രഥമാണ്. തൻറെ മന്ത്രി സത്തമൻ്റെ വാഹനംതന്നെ. പിന്നെ താൻ എന്തിന് ഭയക്കണം. രഥം കടന്നുപോയി. പുഴു വീണ്ടും മുന്നോട്ട്. ഒരു കാളവണ്ടി വരുന്നു. കൊട്ടാരത്തിലേക്കുള്ള പച്ചക്കറികൾ കൊണ്ടുവരുന്നതാണ്. പുഴുവിനെ സ്പർശിക്കാതെ അതും കടന്നുപോയി. പിന്നെ ഒരു പടയാളി. അതിനുശേഷം വേച്ചു വേച്ച് ഒരു കൃഷീവലൻ. അവരുടെ കാലിനടിയിൽ പെടാത്തതിനാൽ പുഴു ഇഴഞ്ഞു കൊണ്ടേയിരുന്നു.

മറുവശം എത്താറായി. അപ്പോഴാണ് ഒരു തെരുവുനായയുടെ വരവ്. അവൻ പുഴുവിനെ കണ്ട് തുറിച്ചു നോക്കി നിന്നു. കേവലം ഒരു നായയുടെ യാതൊരു ആദരവും ഇല്ലാത്ത ആ പ്രവൃത്തി രാജാവിന് ഒട്ടും ഇഷ്ടമായില്ല. നായയുടെ പിന്നിലായി വന്ന ഒരു ബാലൻ കല്ല് എടുക്കുന്നത് കണ്ട് നായ ഓടിപ്പോയി.

രാജവീഥി മുറിച്ചുകടന്ന സമാധാനത്തിൽ പുഴു അൽപനേരം വിശ്രമിച്ചു. അപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. വീഥിക്കരികിലെ തണൽ മരത്തിൽ ഇരുന്ന ഒരു കാക്ക പറന്നുവന്ന് പുഴുവിനെ  കൊത്തിക്കൊത്തി കുടയാൻ തുടങ്ങി. രാജാവ് പിടഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആ വേദനക്കിടയിലും രാജാവിൻറെ ചിന്ത ഇതായിരുന്നു. "സൗന്ദര്യത്തെ ഉപാസിച്ച് ജീവിച്ച തൻ്റെ അന്ത്യം -ഒരു കാക്ക കാരണ മായല്ലോ….യാതൊരു സൗന്ദര്യബോധവും ഇല്ലാത്ത വെറുമൊരു കാക്ക…. " 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ