മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നനഞ്ഞ ബൊഗൈന്‍ വില്ലകള്‍ തീര്‍ത്ത ആര്‍ച്ചു ഗേറ്റു കടന്നു അകത്തേക്കു പ്രവേശിച്ചപ്പോള്‍ അയാള്‍ ബവര്‍ എന്ന കവിതയിലെ വരികള്‍ അറിയാതെ ഓര്‍ത്തു പോയി. കടലാസു പൂക്കള്‍ വിതറിക്കിടന്ന മുറ്റത്തിന്‍റെ ചാരുതയാര്‍ന്ന ഒഴിവിലേക്ക്

കാര്‍ ഒതുക്കിയിട്ടതിനു ശേഷവും മിറാഷ് അതില്‍ നിന്നിറങ്ങാതെ പുറത്തെ ചാറ്റല്‍ മഴ ആസ്വദിച്ചിരുന്നു. പിന്നെ കഴിഞ്ഞ ദിവസം അവളിരുന്ന പിന്‍സീറ്റില്‍ വീണു കിടന്ന മുല്ലപ്പൂക്കളില്‍ ദൃഷ്ടികള്‍ പിന്‍വലിയാതെ പറ്റിപ്പിടിച്ചു കിടന്നപ്പോള്‍ സ്നിഗ്ദമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍..മുഗ്ദസങ്കല്‍പം തലോടി നില്‍ക്കേ.. എന്നു മൂളിക്കൊണ്ടിരുന്ന സ്റ്റീരിയോ ഓഫ് ചെയ്ത് സ്റ്റിയറിംഗില്‍ താളം പിടിച്ച് അയാള്‍ ഒരു കൗമാരക്കാരന്‍റെ റൊമാന്‍റിക് മൂഡിലേക്ക് മനസ്സിനെ സ്വയം സ്വതന്ത്രമാക്കി ആസ്വദിച്ചു. പിന്നെ ടെലിപ്പതിയിലൂടെ തന്‍റെ സോള്‍മേറ്റുമായി സംസാരിക്കാന്‍ശ്രമിച്ചു.

പ്രണയം ഓരോരുത്തരിലും അജ്ഞാതമായ പല ഭാവങ്ങള്‍ തുറന്നു തരുന്നു. പക്ഷെ നിങ്ങളതിനെ മുക്തിയുടെ കവാടമാക്കുക. അതിനായി നിങ്ങള്‍ക്കെന്തും ധ്യാനസാധകമാക്കാം. ഞാനിരുന്ന് എഴുന്നേറ്റു പോയ ഈ സീറ്റില്‍ ഉതിര്‍ന്നു കിടക്കുന്ന മുല്ലപ്പൂവിതളിലുള്ള കോണ്‍സന്ട്രേഷന്‍ പോലും അതു സാധ്യമാക്കും

ശരിയാണ്. സമ്മതിക്കുന്നു.

മിറാഷ് ചിരിച്ചു കൊണ്ട് തന്‍റെ അന്തരാത്മാവിനോട് പ്രതികരിച്ചു. ജയകുമാര്‍ വന്ന് കാറിന്‍റെ ഡോറില്‍ തട്ടിയില്ലായിരുന്നെങ്കില്‍ അയാള്‍ കുറേക്കൂടി തന്‍റെ സാങ്കല്‍പിക ലോകത്തില്‍ വിരാജിച്ചേനെ. അല്ലെങ്കിലും ഇത് സാങ്കല്‍പിക ലോകമല്ല. ആ വാക്കു തന്നെ തെറ്റാണ്. ഇതാണ് യഥാര്‍ത്ഥ ലോകം. മനസ്സിനിഷ്ടപ്പെട്ട ഒരു ജീവിതം ആന്തരികമായി സ്വയം സൃഷ്ടിക്കുക. അതില്‍ മുഴുകുക. അതിലെ ഓരോ നേര്‍ത്ത സ്വനങ്ങള്‍ക്കും ചലനങ്ങള്‍ക്കും അനിര്‍വചനീയമായ ഒരാനന്ദമുണ്ട്. ശാന്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരവധൂതന്‍റെ ആത്മ നിര്‍വൃതി.

ജയകുമാറിന്‍റെ കൂടെ നിവര്‍ത്തിപ്പിടിച്ച കുടക്കീഴില്‍ നടക്കുമ്പോഴും അയാളുടെ ചോദ്യങ്ങള്‍ക്ക് കൃത്രിമമായി ഉത്തരം നല്‍കുമ്പോഴും സീറ്റിലെ മുല്ലപ്പൂവില്‍ നിന്ന് തന്‍റെ ധ്യാനതലം അടര്‍ത്തിയെടുക്കാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു.

വര്‍ഷങ്ങള്‍ക്കു പിറകില്‍ നിന്നവളുടെ ശബ്ദം തൊട്ടു മുന്നില്‍ നിന്നെന്ന വണ്ണം നെഞ്ചില്‍ ചലിച്ചു.

അത് ഒരു വിഗ്രഹത്തിന് മുമ്പില്‍ മനസ്സ് കൂര്‍പ്പിച്ച് ആരാധനയോടെ നില്‍ക്കുന്നതു പോലെയാണ്. ഏതു യോഗിയും ആദ്യം പറയുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബാഹ്യമായ ഒരുപാധിയെക്കുറിച്ചാണ്. അതൊരു ബിന്ദുവാകാം. ഒരു ഒബ്സഷനാവാം. പക്ഷെ അതിരുകളില്ലാത്ത ലോകത്തേക്കുള്ള ഒരു പ്രവേശന കവാടം കൂടിയാണത്. അതിലേക്കു മാത്രമായി പൂര്‍ണ്ണമായും ചുരുങ്ങാന്‍, ബോധത്തിന്‍റെ വാതില്‍ തുറക്കപ്പെടാന്‍ എത്ര നേരം കാത്തിരിക്കണ്ടി വരും എന്നുള്ളതാണു കാര്യം. ചിലപ്പോഴതു സംഭവിച്ചില്ലെന്നു വരാം. ഞാന്‍ പറയുന്നത് പ്രണയത്തെക്കുറിച്ചാണ്. ഇറോസ്, ഫിലിയ, എഗേപ് എന്നീ തലങ്ങളില്‍ നിങ്ങള്‍ വായിച്ചും അനുഭവിച്ചും അറിഞ്ഞവയല്ല. പകരം അതിനെ ഞാന്‍ ഡിറ്റാച്ഡ് എന്നുവിളിക്കും. ഏറ്റവും അപരിഷ്കൃതമായ വേര്‍പെടുത്തപ്പെട്ട എന്ന അര്‍ത്ഥത്തിലല്ല, വേണമെങ്കില്‍ നിര്‍മമത എന്നെടുത്തോളൂ. എന്നാല്‍ അത് പ്രണയത്തിലേക്കുള്ള പ്രവേശന കവാടം മാത്രമാണ്.

മിറാഷ്, കഴിഞ്ഞ ദിവസം നിന്‍റെ കൂടെ സഞ്ചരിച്ച് വഴിയിലെവിടെയോ ഇറങ്ങിപ്പോയ എന്‍റെ മുടിയിഴകളില്‍ നിന്ന് അറിയാതെ ഉതിര്‍ന്ന ഒരു മുല്ലപ്പൂവിതളിനെ നിന്‍റെ ശ്രദ്ധയാല്‍ പൊതിയുന്നതിലൂടെ സാവധാനം എന്നിലേക്ക്, എന്‍റെ സാമീപ്യത്തിലേക്ക്, ബാഹ്യരൂപത്തിലേക്ക്, പിന്നെ അന്തരാത്മാവിലേക്ക് നിനക്കെത്തിച്ചേരാനാവും. ഓര്‍മകളില്‍ അടയിരിക്കുന്ന സ്വപ്നജീവി എന്നൊന്നും കരുതേണ്ട. ഇത് നിന്‍റെ സ്വാഭാവിക ജീവിതത്തിന് കൂടുതല്‍ കരുത്തു പകരുകയാണു ചെയ്യുക. ഞാനെത്ര തവണ നിന്നോടിതു പറഞ്ഞതാണ്. അനുഭവിപ്പിച്ചതാണ്.

ശരിയാണ്. ഞാന്‍ ബൊഗൈന്‍ വില്ലകള്‍ കണ്ടിരുന്നു. മഴ കണ്ടിരുന്നു. കാറിന്‍റെ അകത്തളം കണ്ടിരുന്നു. പുറത്തെ ഗുല്‍മോഹര്‍ വൃക്ഷങ്ങളും അവയില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളും കണ്ടിരുന്നു. അവയുടെ മണവും നിറവും അസ്തിത്വവും കണ്ടിരുന്നു. ജയകുമാറിനെ കണ്ടിരുന്നു. ജയകുമാറിനോടു കൈമാറിയ വാക്കുകള്‍ കണ്ടിരുന്നു. കുടയും നടപ്പാതയും കണ്ടിരുന്നു. ഇപ്പോഴിതാ സുന്ദരമായ ഈ കൊച്ചു മുറിയിലെ ചെറുതും വലുതുമായ ഓരോ വസ്തുക്കളും കാണുന്നു. പൂര്‍ണ്ണമായ വ്യക്തതയോടെ.. സൗന്ദര്യത്തോടെ.. അങ്ങനെ അവയെ കാണാനും അറിയാനും എനിക്ക് കഴിയുന്നത് ഞാന്‍ ജീവിക്കുന്നത് കൊണ്ടല്ല. നിന്നെ പ്രണയിക്കുന്നത് കൊണ്ടാണ്. ഇത് റൊമാന്‍റിക് ഭാവനയുടെ വര്‍ണ്ണക്കാഴ്ചകളല്ല. കാരണം, ഇന്നലെ ഏകനായി ഡ്രൈവു ചെയ്യുന്നതിനിടയില്‍ വഴിയിലെവിടെയോ വെച്ച് അവിചാരിതമായി എന്‍റെ സഹയാത്രികയാവുകയും, ഒരു വാക്കു പോലും ഉരിയാടാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്നതിനിടയില്‍ തങ്ങിനിന്ന നിശ്ശബ്ദതയില്‍ നിറഞ്ഞത് പതിനഞ്ചു വര്‍ഷക്കാലത്തെ അസാന്നിദ്ധ്യം പകര്‍ന്ന ഡിറ്റാച്മെന്‍റോ അതോ വേര്‍തിരിക്കാനാവാത്ത വിധം ആത്മാവില്‍ അലിഞ്ഞു പോയ ആല്‍ക്കലികളുടെ രസതന്ത്രമോ?

ഇതെല്ലാം എന്നെ പഠിപ്പിച്ചത് നീയായിരുന്നു. ഒടുവിലായി ഞാന്‍ വായിച്ച നിന്‍റെ വരികള്‍ ഒരു സൂഫി സൂക്തം പോലെ ഞാനോര്‍ക്കുന്നു.

'നീയെന്‍റെ അരികില്‍ വരികയോ ഞാന്‍ നിന്നെ പ്രണയിക്കുകയോ ചെയ്തിട്ടില്ല
പിന്നെ നിനക്കെങ്ങിനെ എന്നില്‍ നിന്ന് പിരിഞ്ഞു പോകാനാവും?'

മഴയുടെ ശക്തി കൂടി വന്നു. വൈകുന്നേരമായിട്ടും പുറത്തു പോകാനുള്ള തോന്നല്‍ മാറ്റി വെച്ച് അയാള്‍ കിടക്കയില്‍ തന്നെ ചടഞ്ഞു കൂടി. ശരിക്കു പറഞ്ഞാല്‍ ഇവിടെ എത്തിയതിനു ശേഷം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറായി വെറും മനോരാജ്യത്തില്‍ മുഴുകുകയല്ലാതെ താന്‍ ചുറ്റുപാടുകളിലേക്ക് ഇറങ്ങി വന്നിട്ടേയില്ലെന്ന് അയാള്‍ യാതൊരു വൈക്ലബ്യവുമില്ലാതെ ഓര്‍ത്തു. അല്ല, ജീവിതത്തിന്‍റെ പരിസരങ്ങളിലേക്ക് ചാരി നില്‍ക്കാന്‍ ഈ അകക്കാഴ്ചകളാണ് കരുത്തേകുന്നത്. മാത്രമല്ല, അതയാള്‍ അത് കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു. ഇടയ്ക്കെപ്പോഴോ ജയകുമാര്‍ ഔചിത്യബോധമില്ലാതെ മുറിയിലേക്കു കടന്നു വന്നു. ലൈറ്റിട്ടു. പിന്നെ പടിക്കു പുറത്തു നിന്നിരുന്ന പയ്യനില്‍ നിന്നും ചായ ഗ്ലാസ്സ് വാങ്ങി മേശ മേല്‍ മൂടി വെച്ചു. കയ്യിലുണ്ടായിരുന്ന ഫയല്‍ ഒന്നു കൂടി തുറന്നു നോക്കി എല്ലാം ഭദ്രമായുണ്ടെന്നുറപ്പു വരുത്തി അയാള്‍ കാണാന്‍ പാകത്തില്‍ അടുക്കി വെച്ചു.

സര്‍ ചായ

മിറാഷ് ചെറുതായൊന്നു മൂളുക മാത്രം ചെയ്തു.

"പതിമൂന്നെണ്ണമുണ്ട് സര്‍. ഏറ്റവും മെച്ചപ്പെട്ട രണ്ടെണ്ണമാണ് തെരഞ്ഞെടുക്കേണ്ടത്."

അയാള്‍ വീണ്ടും മൂളിയെന്നു വരുത്തി. കൂടുതല്‍ സംസാരിച്ച് ശല്യപ്പെടുത്താതെ വാതില്‍ ചാരിയിട്ടു കടന്നു പോയ ജയകുമാറിന്‍റെ ദയാവായ്പിന് അയാള്‍ മനസ്സാ നന്ദി പറഞ്ഞു. വീണ്ടും കുറേക്കൂടി കഴിഞ്ഞാണ് മേശപ്പുറത്തുള്ള പതിമൂന്നു ചെറുകഥകളില്‍ രണ്ടെണ്ണം തെരഞ്ഞെടുക്കുക എന്നുള്ള ദൗത്യ നിര്‍വ്വഹണത്തിനായി അയാള്‍ക്കു തോന്നിയത്.

അതിനായി ഇടയില്‍ നിന്നും ഒരെണ്ണം വലിച്ചെടുത്തു. മിക്കവാറും കഥകള്‍ ടൈപ്പു ചെയ്തിരുന്നവയായിരുന്നു. അവയ്ക്കിടയില്‍ വടിവൊത്ത കൊച്ചു കൈപ്പടയിലെഴുതിയ ഡിറ്റാച്ച്ഡ് എന്ന കഥയാണ് അയാള്‍ക്ക് ആദ്യം വായിക്കാന്‍ തോന്നിയത്. ആദ്യഭാഗം വായിച്ചപ്പോള്‍ തന്നെ അയാളൊന്നമ്പരന്നു.

ഞാന്‍ ശിഖ. ജനനത്തിയ്യതി അറിയാത്തതു കൊണ്ട് വയസ്സ് കൃത്യമായറിയില്ല. അവിഹിതഗര്‍ഭം ധരിച്ചതിനാല്‍ മിറാഷെന്ന ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ സന്തതി. അപമാനം കൊണ്ട് അമ്മയാല്‍ വഴിയരികിലുപേക്ഷിക്കപ്പെട്ടവള്‍. ബന്ധങ്ങളുടെ തേഞ്ഞുപോയ സെന്‍റിമെന്‍സു പറഞ്ഞ് ബോറടിപ്പിക്കാനുള്ള ശ്രമമല്ല. അല്ലെങ്കിലും ഇതിലൊന്നും വലിയ കൗതുകം എന്‍റെ തലമുറ കാണുന്നില്ല. എന്നെ എടുത്തു വളര്‍ത്തിയ ദേവി എന്ന സ്ത്രീയാണ് എനിക്കെന്‍റെ അമ്മ. ഞാന്‍ താന്ത്രിക് വിജ്ഞാനില്‍ റിസര്‍ച്ച് ചെയ്യുന്നു. അച്ഛന്‍ അറിയില്ല (മിസ്റ്റര്‍ മിറാഷിനെ അച്ഛനെന്നു വിളിക്കാനാണെനിക്കു താല്‍പര്യം) എന്നെയറിയില്ലെങ്കിലും എനിക്കറിയാം. പ്രഗല്‍ഭനായ എഴുത്തുകാരന്‍. ഉപനിഷദ് ദര്‍ശനങ്ങളിലെ ശാസ്ത്രീയതയില്‍ ഡോക്ടറേറ്റ്. യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. ഉപേക്ഷിക്കപ്പെട്ട ഭാര്യ ഇപ്പോഴയാളുടെ കൂടെ ഉണ്ടെന്നു പറയപ്പെടുന്നു. ഈ കഥയില്‍ ഇങ്ങനെയൊരു മുഖവുര ആവശ്യത്തിലധികമാണ്. എന്‍റെ ബയോഡാറ്റയ്ക്ക് ഈ കഥയുമായി വലിയ ബന്ധവുമില്ല. മിക്കവാറും ലോക ക്ലാസ്സിക്കുകളെല്ലാം തുടങ്ങുന്നത് കുടുംബ പശ്ചാത്തല വിവരണത്തോടെയല്ലോ.. ഇതൊന്നുമല്ല എനിക്ക് പറയാനുള്ളത്. ഈ രീതിയില്‍ എഴുതാനുദ്ദേശിച്ചതുമല്ല. ഞാന്‍ ഇന്നലെ വരെ മനനം ചെയ്ത് ഭാവനയില്‍ രൂപപ്പെടുത്തി വെച്ചതല്ല എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ വരുന്നത്. മനസ്സില്‍ വന്നതല്ല, കടലാസ്സില്‍ അക്ഷരങ്ങളായി ജനിക്കുന്നത്. ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ അവിചാരിതമായി മിറാഷ് സാറിന്‍റെ കാറില്‍ യാത്ര ചെയ്യാന്‍ ഇടയായതാണ് ഇതിന്‍റെ ഘടന ഇങ്ങനെ ശിഥിലവും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാതെയും പൊളിച്ചെഴുതേണ്ടി വന്നത്.

അങ്ങനെ മല്‍സരാര്‍ത്ഥിയും, വിധി കര്‍ത്താവും ഒന്നിച്ചാണു വന്നത്. മിസ്റ്റര്‍ മിറാഷ് മകളെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഈ കഥാമല്‍സരത്തില്‍ വിജയി ഞാന്‍ തന്നെയാണെന്നെനിക്കുറപ്പുണ്ട്. ഇതൊരഹങ്കാരമല്ല, പഴയ തലമുറക്കില്ലാത്തതും പുതിയ തലമുറയുടെ ഏറ്റവും പ്രധാന നേട്ടവുമായ വിജയത്തിലുള്ള ആത്മവിശ്വാസമാണ്.

ഈ കഥയുടെ പ്ലോട്ട് എന്‍റെ അമ്മയുടെ പഴയ ഇരുമ്പു പെട്ടിയില്‍ നിന്നു അവിചാരിതമായി കണ്ടൈടുക്കപ്പെട്ട ഒരു പുസ്തകമാണ്. ജാതകവും, ആധാരവും, രാമായണവും സൂക്ഷിച്ചിരുന്ന പെട്ടിയിലാണതു കണ്ടത്. അതൊരു കയ്യെഴുത്തു പ്രതിയായിരുന്നു. അനശ്വര പ്രണയത്തിന്‍റെ അപൂര്‍വ്വ രഹസ്യങ്ങള്‍ അതിലുണ്ടായിരുന്നു. അമ്മയുടെ കൈപ്പടയിലാണതെഴുതപ്പെട്ടിരുന്നത്. ദേവി എന്നു പേരുള്ള എന്‍റെ അമ്മ ഏതെങ്കിലും അപൂര്‍വ്വ ജനുസ്സില്‍ പെട്ടതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പശുവിനെപ്പോറ്റിയും കൃഷിപ്പണി ചെയ്തും അലക്കും അടുക്കളയുമൊക്കെയായി കഴിഞ്ഞു കൂടിയ ഒരു സാധാരണ സ്ത്രീ. സീരിയലുകള്‍ കാണുകയും പൈങ്കിളി വാരികകള്‍ വായിക്കുകയും ചെയ്യുന്നതിനപ്പുറം അവര്‍ക്ക് ഗഹനമായ വിഷയങ്ങളിലെന്തെങ്കിലും കഴിവുള്ളതായി എനിക്കറിയില്ല. പട്ടാളക്കാരനായ മകളുടെ ഭര്‍ത്താവ് മരണപ്പെട്ടു പോയതായാണ് മുത്തച്ഛന്‍ എല്ലാവരോടും പറഞ്ഞു നടന്നിരുന്നത്. അതു കളവാണെന്നറിയാമായിരുന്നിട്ടും അവിവാഹിതയായ അമ്മയെക്കുറിച്ച് അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കും ഇഷ്ടം.

ശാന്തി എന്ന നാമത്തിലായിരുന്നു ആ പുസ്തകത്തിലെ ലിഖിതങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത്. ചില നിര്‍വ്വചനങ്ങള്‍, രേഖാ ചിത്രങ്ങള്‍, യാത്രക്കുറിപ്പുകള്‍, ധ്യാനരീതികള്‍, ജീവിതാനുഭവങ്ങള്‍, കഥകള്‍, മിസ്റ്റിക് ചിന്തകള്‍.. എല്ലാം കൂടിക്കുഴഞ്ഞ ഒരു ഡയറി പോലായിരുന്നു ഡിറ്റാച്ച്ഡ് എന്ന് നാമകരണം ചെയ്തിരുന്ന ആ പുസ്തകം. എന്നാല്‍ എല്ലാം കൂടി കൃത്യമായ ഒരു ക്രാഫ്റ്റുള്ള ഫിക്ഷന്‍ കൂടിയായിരുന്നു അത്. അതിലെ താളുകള്‍ക്ക് ആത്മാവിന്‍റെ ഗന്ധമുണ്ടായിരുന്നു. അത് ഒളിച്ചു വായിച്ചു കൊണ്ടിരിക്കെ അമ്മയുടെ ചലനങ്ങള്‍ ഞാന്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും അന്യാദൃശമായ ഒരു ദ്വൈദവ്യക്തിത്വം അവരില്‍ ഒളിഞ്ഞു കിടക്കുന്നതായി എനിക്കു തോന്നി. ആന്തരികവും ബാഹ്യവുമായ അവരുടെ ലാവണ്യം ഏതെങ്കിലും ദേവതാ സങ്കല്‍പത്തിന്‍റെ അവതാരമാണെന്നു ഞാനുറച്ചു വിശ്വസിച്ചു.

ആരും കാണാതെ ഓരോ ദിവസവും ഞാനതെടുത്തു വായിച്ചു യഥാ സ്ഥാനത്തു വെച്ചു. ഒരു ദിവസം ഒരു പേജു പോലും എനിക്കു കഷ്ടിച്ചു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ഗഹനവും ദുരൂഹവുമായിരുന്നു ഉള്ളടക്കം. അനാവശ്യമെന്നു തോന്നിച്ച ചില വരകളും ചിത്രങ്ങളും കുരുക്കഴിക്കാന്‍ എനിക്കു മാസങ്ങള്‍ വേണ്ടി വന്നു. പലതും മനസ്സിലായതേയില്ല. ആ സമയമത്രയും അമ്മയെ നിരീക്ഷിക്കുന്നതും ഞാന്‍ തുടര്‍ന്നു കൊണ്ടിരുന്നു. അതെന്നെ കൂടുതല്‍ കൂടുതല്‍ ദുര്‍ഗ്രാഹ്യതയിലാണ് കൊണ്ടെത്തിച്ചത്.

തികച്ചും സാധാരണ രീതിയില്‍ ജീവിച്ചു വന്ന ദേവി എന്ന നാട്ടുമ്പുറത്തുകാരി സ്ത്രീയുടെ അടുക്കലതെങ്ങിനെ വന്നു എന്ന അന്വേഷണമായിരുന്നു പിന്നീട്. പാരാ സൈക്കോളജിയും, സിക്സ്ത് സെന്‍സും, ടെലിപ്പതിയും, ക്ലെയര്‍വോയന്‍സും, ഇ.എസ്.പിയും, ഇന്‍കാര്‍നേഷനുമൊക്കെയായി ലോകമെമ്പാടുമുള്ള എന്‍റെ യാത്രയും റിസര്‍ച്ചും പെട്ടെന്ന് വീട്ടിനുള്ളിലെ കൊച്ചു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. അമ്മയ്ക്കെവിടെ നിന്നു കിട്ടി ഈ പുസ്തകം? ആരാണിതിവിടെ കൊണ്ടു വന്നത്? ആരാണീ ശാന്തി?

ജിജ്ഞാസ സഹിക്ക വയ്യാതെ ഒടുവില്‍ ഞാനത് അമ്മയോട് ചോദിക്കുക തന്നെ ചെയ്തു. ഉത്തരമായി കിട്ടിയ മൗനം എന്നെ അത്ഭുതപ്പെടുത്തി. അതിനു പിന്നാലെയെത്തിയ വാക്കുകള്‍ അതിലേറെയും.

പുറമെയുള്ള യാത്രകളിലല്ല, അകമെയുള്ള വിശ്രമത്തിലാണ് ചിലപ്പോള്‍ നിനക്കാവശ്യമുള്ള ജീവിത ദര്‍ശനങ്ങളടങ്ങിയിട്ടുണ്ടാവുക. ഹിമാലയത്തിന്‍റെ മുകളില്‍ നീ തിരയുന്നത് ഞാനീ അടുക്കളയിലന്വേഷിക്കുന്നു. നിനക്കു നിന്‍റെ വഴി.

"ആരാണീ ശാന്തിയെന്നു പറയൂ."
അവരതിനുത്തരം പറയാതെ കോഴികള്‍ക്ക് തീറ്റ കൊടുക്കാനായി പോയി.

ഞാന്‍ വല്ലാത്തൊരങ്കലാപ്പോടെ തന്‍റെ റിസര്‍ച്ചിനെപ്പറ്റിയോര്‍ത്തു. സെന്നും ത്വരീഖതും ഉപനിഷതും സമന്വയിപ്പിച്ചുള്ള തന്‍റെ പഠനത്തിനായി ചെലവഴിച്ച എത്ര വര്‍ഷങ്ങള്‍, യാത്രകള്‍, ധ്യാനങ്ങള്‍, വായനകള്‍.. ഒക്കെയും ഒറ്റയടിക്കു ഒന്നുമല്ലെന്നു പഠിപ്പിക്കുന്ന വെറും അടുക്കളക്കാരിയായ അമ്മയുടെ കയ്യില്‍ ആരും വായിക്കാതെ കിടന്ന പുസ്തകത്തില്‍ കണ്ടെത്തുന്നു. എന്താണിതിന്‍റെയൊക്കെ പൊരുള്‍?

ഞാനാ പുസ്തകത്തില്‍ അവസാനമായി വായിച്ച വരികളോര്‍ത്തു.
നേടുന്നതിലല്ല, ത്യജിക്കുന്നതിലാണ് സ്വന്തമാക്കലിന്‍റെ രഹസ്യമിരിക്കുന്നത്.

അമ്മയോട് അന്വേഷിച്ചതിന്‍റെ പിറ്റേന്ന് ആ പുസ്തകം അവിടെ കാണാതായി. ഞാനാ വീടു മുഴുവന്‍ അടുത്ത ദിവസങ്ങളില്‍ അതു തിരഞ്ഞു നടന്നു. നിരാശയായിരുന്നു ഫലം. അമ്മയോടു ചോദിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായി. കാരണം ചോദിക്കുന്നതിനൊന്നുമായിരുന്നില്ല ലഭിക്കുന്ന ഉത്തരം. വായന പാതി പോലുമാകാതെ നഷ്ടപ്പെട്ടു പോയ ആ പുസ്തകം കണ്ടെത്തിയ അന്നു തന്നെ മാറ്റിവെക്കുകയോ പകര്‍പ്പെടുപ്പുകയോ ചെയ്യാത്തതില്‍ എനിക്ക് എന്നോടു തന്നെ കടുത്ത വിരോധം തോന്നി. പെട്ടെന്നാണ് ഞാനൊരു ഞെട്ടലോടെ ഓര്‍ത്തത്. അമ്മയുടെ കയ്യില്‍ നിന്നും ഇനിയൊരിക്കലും എനിക്കത് ലഭിക്കാന്‍ പോകുന്നില്ല. എത്രയും പെട്ടെന്ന് ചെയ്യേണ്ടത് വായിച്ചവയില്‍ ഓര്‍മയുള്ള ഭാഗം എഴുതിത്തുടങ്ങുക എന്നതാണ്. അപ്പോള്‍ തന്നെ മുറിയിലേക്കോടി കടലാസും പേനയുമെടുത്ത് എഴുതാന്‍ തുടങ്ങി.

ലക്ഷ്യത്തിലെത്താതിരിക്കുക എന്നതാണ് ജീവിതത്തിലെ ആനന്ദം. എന്നാല്‍ ലക്ഷ്യത്തില്‍ മാത്രമായിരിക്കുക എന്നതാണ് ആനന്ദത്തിലെ ജീവിതം.

യഥാര്‍ത്ഥത്തില്‍ ആ പുസ്തകവുമായുള്ള എന്‍റെ ഓര്‍മകളുടെ മല്‍സരമായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ നടത്തിക്കൊണ്ടിരുന്നത്. അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ഓര്‍മയില്‍ നിന്ന് ഞാന്‍ സ്വരുക്കൂട്ടി വെച്ച കുറിപ്പുകള്‍ കഥാ രൂപത്തില്‍ എഴുതുക എന്നുള്ള എന്‍റെ ഉദ്ദേശത്തെ തകിടം മറിച്ചു കൊണ്ട് രണ്ട് കാര്യങ്ങള്‍ നടന്നു. അതിലൊന്ന് ഡിറ്റാച്ഡ് എന്ന പുസതകത്തിലെ സോള്‍ മേറ്റ് എന്നു കുറിക്കപ്പെട്ടിട്ടുള്ള വ്യക്തിയെ എനിക്കു കണ്ടെത്താനായി എന്നുള്ളതാണ്. അതു കൊണ്ട് തല്‍ക്കാലം ഞാന്‍ അമ്മയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവരണം ഇവിടെ നിര്‍ത്തിവെക്കുന്നു. എന്നിട്ട് ഇന്നലെത്തെ എന്‍റെ യാത്രയെക്കുറിച്ചു പറയുന്നു. ഇനി പറയുന്ന ഭാഗം ഞാന്‍ ഇവിടെ എത്തിയതിനു ശേഷം കൂട്ടിച്ചേര്‍ത്തതാണ്.

വിജനതയില്‍ ഇരുട്ട് മഴയുമായി ഇടകലരുമ്പോഴാണ് ഭൂമി ആദിഭാവങ്ങളുടെ വനഥഃ പുറത്തെടുക്കുന്നത്. അത്തരമൊരന്തരീക്ഷത്തില്‍ ചുരത്തിലൂടെയുള്ള യാത്ര അടുത്തിരിക്കുന്ന ഓരോരുത്തരിലും ഓരോ വികാര പ്രപഞ്ചമാവാം വിടര്‍ത്തുന്നത്. കണ്ണടച്ചു ചാരിക്കിടക്കുന്ന അമ്മ ഉറക്കത്തിലാണെന്നു തോന്നിച്ചു. പക്ഷെ അവള്‍ക്കറിയാം അമ്മ ഓര്‍മകളില്‍ സഞ്ചരിക്കയാണ്. വാഹനത്തിന്‍റെ താളാത്മകമായ ചലനത്തോടൊപ്പമുള്ള അവരുടെ ഇളക്കങ്ങള്‍ക്കുമുണ്ട് അതിന്‍റെതായ ഒരു ചാരുത. ഓരോ സ്ത്രീയിലും ആരും കാണാതെ ആരോടും പങ്കിടാതെ ഒളിപ്പിച്ചു വെക്കുന്ന ഒരു ലോകമുണ്ടാവും. മറ്റൊരു സ്ത്രീക്കല്ലാതെ അത്തരമൊരു ലോകം അവള്‍ക്കു സമ്മാനിക്കുന്ന പുരുഷനു പോലും അതു കണ്ടെത്താനായെന്നു വരില്ല.

പലരും വാഹനമോടിക്കുന്നു. ചിലരത് കവിത പോലെ മനോഹരമാക്കുന്നു. അറിയുന്ന എല്ലാവര്‍ക്കും വശമില്ലാത്ത ഒരു കലയാണ് എന്ന് വിളിച്ചോതുന്നതാണ് അച്ഛന്‍റെ ഡ്രൈവിംഗ്. മുന്‍ സീറ്റിലിരിക്കുന്ന മുത്തച്ഛന്‍റെ നിര്‍ത്താതെയുള്ള സംസാരത്തിന് മൂളിക്കൊടുക്കുമ്പൊഴും അദ്ദേഹം പുറത്തെ മഴ ആസ്വദിക്കുന്നുണ്ട്. കാറിനുള്ളിലെ അന്തരീക്ഷം ആസ്വദിക്കുന്നുണ്ട്. സര്‍വ്വോപരി പിന്‍സീറ്റിലിരിക്കുന്ന തന്‍റെ ശാന്തിയുടെ മുഖം ലാളിക്കുന്നുണ്ട്. സൈഗാളിന്‍റെ നേര്‍ത്ത ഈണവും, മുത്തശ്ശന്‍റെ ചറപറാ സംസാരവും വലിയ മഴത്തുള്ളികള്‍ വാഹനത്തിന്‍റെ മൂര്‍ദ്ധാവില്‍ പതിക്കുന്വോഴുണ്ടാകുന്ന ശബ്ദങ്ങളെയുമെല്ലാം അതിജീവിക്കുന്നതായിരുന്നു അവര്‍ക്കിടയില്‍ സംവേദിച്ചു കൊണ്ടിരുന്ന മൗനത്തിന്‍റെ ശബ്ദം. മനസ്സാണ് ഏറ്റവും ദുര്‍ഗ്രാഹ്യമായ നിഗൂഡത എന്ന കാര്യമോര്‍ത്തപ്പോള്‍ ശിഖയ്ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ ശ്രീമാന്‍ മിറാഷ് എന്ന യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കറിയാമോ പിറകിലിരിക്കുന്ന പെണ്‍കൊച്ച് തന്‍റെ മകളാണെന്ന്. അടുത്തിരിക്കുന്ന അമ്മയ്ക്കറിയാമോ അമ്മയുടെ മകളല്ല താനെന്നുള്ള വിവരം തനിക്കറിയാമെന്ന്.

പുതിയ തലമുറയ്ക്ക് ഇത്തരം സെന്‍റിമെന്‍റ്സിലൊന്നും വലിയ താല്‍പര്യമില്ല. ജീവിതത്തിലുടനീളം കൊണ്ടു നടക്കാന്‍ തോന്നുന്ന വലിയ വികാരങ്ങളൊന്നും അവര്‍ തോളേറ്റാറുമില്ല. ജീവിതം എന്നത് മാറി വരുന്ന ഭാവങ്ങള്‍ക്കൊത്ത് അപ്പപ്പോള്‍ ഡിഫൈന്‍ ചെയ്യാനുള്ള ഒന്നാണ്. അതൊരിക്കല്‍ കാണുന്നത് പോലെയല്ല തൊട്ടടുത്ത നിമിഷം. ഒരാളില്‍ തന്നെ ഉരുത്തിരിയുന്ന പരസ്പര വിരുദ്ധമായ നിര്‍വ്വചനങ്ങളുടെ ആകെത്തുകയാണത്. അങ്ങനെ നോക്കുമ്പോള്‍ അതിനൊരു സമഗ്രത കാണില്ല. അഥവാ സമഗ്രത ഉണ്ടാവരുത്. ഒരാള്‍ ഓരോ ദിവസവും ഓരോ വ്യത്യസ്ത ജീവിതമാണ് നയിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ ദിവസവും ഒരാള്‍ ഓരോ വ്യക്തിയാണ്. കാണുന്നത് വ്യത്യസ്ത ലോകമാണ്.

ആ ചിന്തകള്‍ തന്‍റെ തലച്ചോറില്‍ അധികം കൂടുകൂട്ടാന്‍ അവള്‍ അനുവദിച്ചില്ല. പകരം തനിക്കു ചുറ്റും ജീവിതത്തിന്‍റെ പരിച്ഛേദം പോലെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അപ്പോഴുള്ള രംഗങ്ങളിലും കഥാപാത്രങ്ങളിലും അഭിരമിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ യാദൃശ്ചികമെന്നു തോന്നിക്കുന്ന മുന്‍കൂട്ടി തിരിച്ചറിയാനാവാത്ത സുനിശ്ചിതങ്ങളാണ് ജീവിതം നിറയെ.. എല്ലാം കാലേക്കൂട്ടി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ വൈഖരി മാഗസിന്‍റെ കഥാമല്‍സരത്തില്‍ ഏറ്റവും നല്ല കഥ മിറാഷിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെടണം എന്നുള്ളതും അതിന് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് എത്തിക്കൊള്ളാം എന്ന് സമ്മതിച്ചതും അവിചാരിതമാണെന്നു വരുമോ.. ഇടമുറിയാത്ത മഴയില്‍ ഗസല്‍ നനഞ്ഞുള്ള യാത്രയില്‍ ഒരു പ്രത്യേക ഹരം അയാള്‍ അനുഭവിക്കുന്നുണ്ടായിരിക്കാം.

വഴിയില്‍ നിന്നു പോയ സര്‍ക്കാര്‍ ബസ്സില്‍ കുടുങ്ങിപ്പോയവരില്‍ അധികവും ദൂര യാത്രക്കാരായിരുന്നു. പേര്യ കഴിഞ്ഞുള്ള അഞ്ചു കിലോ മീറ്റര്‍ ഔഷധത്തോട്ടങ്ങളും, അപൂര്‍വ്വം സസ്യജാലങ്ങളടങ്ങിയ പ്ലാന്‍റേഷന്‍ ഫോറസ്റ്റുമാണ്. തോട്ടം തൊഴിലാളികളും മറ്റുമായി അഞ്ചാറു കുടുംബങ്ങളും ശൂന്യതയുടെ നെഞ്ചിലേക്കു നാട്ടിയതു പോലെ കുരിശു പേറുന്ന ഒരു പള്ളിയും മാത്രമാണ് ഫോറസ്റ്റതിര്‍ത്തിയില്‍ മനുഷ്യരുടെ സാന്നിദ്ധ്യമറിയിക്കാനായിട്ടുള്ളത്. അവിടെ നിന്നും പിന്നീടുള്ള യാത്രയത്രയും റോഡിനിരു വശവും കൊടും കാടാണ്. വെള്ളത്തൊട്ടി എന്നറിയപ്പെടുന്ന ആറാം വളവിനടുത്തെത്തിയപ്പോഴാണ് ശകടം പിണങ്ങി നിന്നു കളഞ്ഞത്. ലാസ്റ്റ് ബസ്സെന്നു പറഞ്ഞപ്പഴേ ശിഖ തര്‍ക്കം പറഞ്ഞതാണ്. അത് അറം പറ്റുക തന്നെ ചെയ്തു. നാല്‍പതാം നമ്പര്‍ മഴയെ വക വെക്കാതെ മൂത്രമൊഴിക്കാനായി ഇറങ്ങിയവരുടെ ശരീരത്തിലൊക്കെയും അട്ടകള്‍ ഒളിച്ചു കയറി. എവിടെ നിന്നെന്നറിയാതെ ചോര പുരണ്ട വസ്ത്രങ്ങളുമായാണ് പലരും തിരിച്ചു വന്നത്.

അടച്ചിട്ട ഷട്ടറുകളുടെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് എന്തു വന്നാലും പുറത്തു ചാടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. എല്ലാവരും തിരിച്ചു കയറാന്‍ തിടുക്കപ്പെടുമ്പോഴായിരുന്നു അവള്‍ പുറത്തിറങ്ങുന്നത്. അമ്മയ്ക്കും മുത്തച്ഛനും അവളെ അനുഗമിക്കുകയല്ലാതെ വേറെ വഴിയിണ്ടായിരുന്നു. തലതിരിഞ്ഞ മക്കളുള്ള അച്ഛനമ്മമാരുടെ എല്ലാം ഗതിയിതു തന്നെ എന്നു മനസ്സില്‍ ശപിച്ചു കൊണ്ടായിരുന്നു മുത്തച്ഛന്‍ കൂടെ ഇറങ്ങിയത്. സ്റ്റെപ്പില്‍ കണ്ടക്ടറോടു പലരും റീഫണ്ടിനായി തര്‍ക്കിച്ചു കൊണ്ടിരുന്നു. ഇനി പണം മടക്കിക്കിട്ടിയാല്‍ തന്നെ മറ്റു വാഹനങ്ങളൊന്നുമില്ലാതെ ഈ കാട്ടിനുള്ളില്‍ എന്തു ചെയ്യാനാണ്. രാത്രി രണ്ടു മണിക്കോ മറ്റോ ഒരു ഊട്ടി ബസ്സ് ചുരമിറങ്ങി വരാനുണ്ടെന്നാണ് ആള്‍ക്കാര്‍ പറയുന്നത്.

മറ്റെല്ലാ കാഴ്ചകളെയും കെടുത്തിക്കൊണ്ട് ഇരുട്ടിനെ കീറിമുറിച്ചെത്തിയ ഹെഡ്ലൈറ്റുകളുടെ പ്രകാശധാരയില്‍ കുളിച്ചു നിന്നപ്പോള്‍ അതു ഞങ്ങളെ മാത്രം തേടി വന്ന രക്ഷാവാഹനമാണെന്ന് തെല്ലും നിനച്ചില്ല. ഏകനായി കാറോടിച്ചു വന്ന മിറാഷ് എന്ന വൈസ് ചാന്‍സലറുടെ മുമ്പില്‍ മുത്തച്ഛന്‍റെ വിശദീകരണത്താല്‍ കിട്ടിയ ലിഫ്റ്റല്ലതെന്ന് അമ്മയെക്കാള്‍ മുമ്പ് തിരിച്ചറിഞ്ഞത് ശിഖയായിരുന്നു. കണ്ടില്ലേ എന്‍റെ ആറാമിന്ദ്രിയം പ്രവര്‍ത്തിച്ചതു കൊണ്ടാണ് ബസ്സില്‍ നിന്നിറങ്ങാന്‍ തോന്നിയത് എന്ന് പറഞ്ഞ് അമ്മയുടെയും മുത്തച്ഛന്‍റെയും മുന്നില്‍ തുള്ളിച്ചാടണമെന്ന തോന്നല്‍ തല്‍ക്കാലം ഉള്ളിലൊതുക്കി. സ്വന്തം ജീവിതത്തില്‍ തല തിരിഞ്ഞവരാണ് പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിന്‍റെ തലവര നിര്‍ണ്ണയിക്കുന്നത്.

ഏതായാലും അച്ഛനും അമ്മയും മകളും തമ്മിലുള്ള സമാഗമം ഏറെ കൗതുകകരമായി. അല്ലെങ്കിലും ഓരോ യാത്രയും ജീവിതത്തിന്‍റെ തന്നെ നേര്‍ക്കാഴ്ചകളാണ്. അടുത്തടുത്ത് ജീവിക്കുമ്പോഴും ബന്ധങ്ങളുടെ വിലയറിയാതെയുള്ള ഈയൊരു വെറും യാത്ര പോലെ തന്നെയാണ് ജീവിതമെന്ന മഹായാനം. ഓര്‍ക്കുന്തോറും അവളുടെയുള്ളില്‍ അടക്കാനാവാത്ത നിസ്സാരതയുയര്‍ന്നു. അത് ആത്മപുച്ഛത്തിന്‍റെയോ, വ്യര്‍ത്ഥമായ നിസ്സഹായതയുടെയോ, നിഗൂഡമായ ജീവിത പരിവേഷങ്ങളുടേതോ, പൊരുളറിയാത്ത വൈകാരികതകളുടെതോ ഏതെന്നവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പെട്ടെന്നാ കൊച്ചു വാഹനം താന്‍ കാണുന്ന ലോകത്തിന്‍റെ തന്നെ അനുപൂരണമാണെന്നവള്‍ക്ക് തോന്നി. ഒരര്‍ത്ഥത്തില്‍ ആരും ആരുടെയും ബന്ധുവല്ല. എന്നാല്‍ എല്ലാവരും അപരിചിതരായ ബന്ധുക്കളാണു താനും. മിറാഷും ശാന്തിയും ഭാര്യയും ഭര്‍ത്താവുമാണ്. ശിഖ അവരുടെ മകളാണ്. അവരുടെ ജീനുകള്‍ നേരത്തെ തന്നെ ഒന്നാണ്. എന്നാലതു വിതക്കപ്പെട്ടതു മറ്റേതൊക്കെയോ ജീവിതങ്ങളിലാണ്. പലവഴിക്കു ചിതറിപ്പോയ ഉറ്റവരുടെ അവിചാരിതമായ തിരിച്ചറിയാത്ത ഒത്തു ചേരല്‍. തിരിച്ചറിയാത്തത് എന്ന് പറയുന്നത് തീര്‍ത്തും ശരിയല്ല. അച്ഛനറിയാം പിറകിലിരിക്കുന്നത് ശാന്തിയാണെന്ന്. അമ്മയ്ക്ക് തിരിച്ചും. എന്നിട്ടും അവര്‍ അപരിചിതരെപ്പോലിരിക്കുന്നു. അല്ലെങ്കില്‍ അച്ഛന്‍ അമ്മ മകള്‍ എന്നതൊക്കെ വെറും വിശ്വാസങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഞാനാരുടെ മകളാണ്? എന്‍റെ അമ്മ ഏതോ ഉത്തരേന്ത്യന്‍ ക്ലബ്ബില്‍ ഡാന്‍സ് ചെയ്യുന്നുണ്ടാവും. അച്ഛന്‍ ഏതെങ്കിലും കൂട്ടിക്കൊടുപ്പുകാരനായിരിക്കും.

അടുത്ത മണിക്കൂറിനകം വഴിപിരിഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് അലിയേണ്ടവരുടെ ജീവിതം പോലൊരു യാത്ര. ഇഷ്ടപ്പെട്ടവരെയെല്ലാം ഒരവസരത്തില്‍ നമുക്കു വേര്‍പിരിയേണ്ടി വരും. വേര്‍പിരിഞ്ഞതെല്ലാം അറിയാതെ ഒരിക്കലെങ്കിലും വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും.

പെട്ടെന്നു വണ്ടി ബ്രേക് ചെയ്തത് ശിഖയെ ചിന്തയില്‍ നിന്നുണര്‍ത്തി. മിറാഷ് പിറകിലേക്ക് തിരിഞ്ഞു നോക്കിയ നിമിഷം ശിഖയുടെ ദൃഷ്ടികള്‍ പതിഞ്ഞത് അയാളുടെ കൃഷ്ണമണികളിലായിരുന്നു. ഓടിക്കൊണ്ടിരുന്ന വാഹനമോ, മങ്ങിയ വെളിച്ചമോ, മുഖാമുഖമല്ലാത്ത അവസ്ഥയോ, കണ്ണടയുടെ കവചമോ, ഒന്നും തന്നെ ആ നോട്ടത്തിന്‍റെ നിമിഷാര്‍ദ്ധത്തിലൂടെ അയാളുടെ ആത്മാവിന്‍റെ റെറ്റിനയിലേക്ക് ആഴ്ന്നിറങ്ങുന്നതിന് അവള്‍ക്ക് തടസ്സമായില്ല. അതാവട്ടെ മിറാഷിന്‍റെ ഭൂതകാലത്തിന്‍റെ ഒരേടും, ശിഖയ്ക്ക് എഴുതാനുള്ള കഥയുടെ അകമേയുള്ള ചിട്ടപ്പെടുത്തലുമായിരുന്നു.

വീണ്ടും ഞാന്‍ ഡിറ്റാച്ച്മെന്‍റ് എന്ന ഡയറിയിലേക്കു തിരിച്ചു വരികയാണ്. ആ പുസ്തകം ഇന്നെന്‍റെ കയ്യിലില്ലെന്നു പറഞ്ഞല്ലോ. അതു കൊണ്ടു തന്നെ ഇത് ഓര്‍മയില്‍ നിന്നുള്ള പകര്‍ത്തെഴുത്താണ്.

അയാള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു തന്‍റെ ബേഗിനകത്തു വെച്ചു. പതുക്കെ എഴുന്നേറ്റു വാതിലിനടുത്തേക്കു നടന്നു. ട്രെയിനിന്‍റെ വേഗതക്കനുസരിച്ച് അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലേക്ക് അയാള്‍ ചൈതന്യരഹിതനായി നോക്കി നിന്നു. യാത്ര എന്നത് ചലനവും നിശ്ചലതയും തമ്മിലുള്ള നിരന്തരമായ ഇഴ ചേരലും ഇഴ പിരിയലുമാണ്.

മുന്നിലെ ഇരുള്‍ മൂടിയ കടല്‍ കാഴ്ചയുടെ അനന്തത മറച്ചു പിടിച്ചു. അപാരതയുടെ ഇരമ്പല്‍ വണ്ടിയുടെ ശബ്ദത്തോടൊപ്പം ശ്രവണേന്ദ്രിയങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ദൂരെയായുള്ള വെളിച്ചപ്പൊട്ടുകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകള്‍ മനസ്സിലുണ്ടാക്കേണ്ടതുണ്ട് എന്നു വേണമെങ്കില്‍ സ്വയം വിശ്വസിപ്പിച്ചെടുക്കാം. പക്ഷെ ഒന്നും അയാളെ ആകര്‍ഷിച്ചില്ല. ഇല്ല, എന്തെങ്കിലും പ്രത്യേകത നിറഞ്ഞ ഒരു വാക്കു പോലും അയാളുടെയുള്ളില്‍ തെളിയപ്പെട്ടില്ല.

മറ്റു യാത്രക്കാരാരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ തിരിച്ചും. പക്ഷെ അയാള്‍ക്കറിയാമായിരുന്നു നമ്മള്‍ ശ്രദ്ധയില്ലാതെ കടന്നുപോകുന്ന ജീവിത വഴിത്താരയിലും ചിലരുടെ ചിത്രങ്ങള്‍ അകക്കണ്ണുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. ആവശ്യമുള്ള അവസരത്തില്‍ എടുത്തുപയോഗിക്കാന്‍. അതു കൊണ്ടാണ് ചിലരെ നമുക്ക് എവിടെയോ കണ്ടതു പോലുള്ള തോന്നലുണ്ടാവുന്നത്.

ദൈവം മൗനത്തിന്‍റെ ലിപികളാല്‍ തന്‍റെ ശൂന്യ മനസ്സില്‍ മരണമെന്ന വാക്ക് കോറിയിടുന്നതായി അയാള്‍ക്കു തോന്നി. എല്ലാ പിടച്ചിലുകളും, സംഘര്‍ഷങ്ങളും അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. കാലസാഗരത്തില്‍ നിന്നെടുത്ത ഒരുതുള്ളി നിമിഷത്തിന്‍റെ നെഞ്ചിനു നേര്‍ക്ക് ഏകനായി നില്‍ക്കുമ്പോഴാണ് ജീവിതത്തിന്‍റെ പൊരുളറിയുന്നത്. വേഗതയില്‍ നിന്നും നിശ്ചലതയിലേക്കു ചാടാന്‍ ഒരുങ്ങവേ പെട്ടെന്നെവിടെ നിന്നോ പൊട്ടിവീണതു പോലെ അപരിചിതയായ അവള്‍ അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നും പറയാതെ അയാളുടെ കൈപിടിച്ച് ഇരിപ്പിടത്തിലേക്കു നടന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളെ അനുഗമിക്കുകയല്ലാതെ അയാള്‍ക്കു മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.

തനിക്കഭിമുഖമായിരിക്കുന്ന അവളുടെ വശ്യമായ പുഞ്ചിരിയിലേക്ക് അലിഞ്ഞിറങ്ങുമ്പോള്‍ താന്‍ ആദ്യമായി കാണുന്നതിന്‍റെ അപരിചിതത്വം അയാള്‍ക്കവളില്‍ തോന്നിയില്ല. അവളത്രയും നേരം തന്‍റെ അരികിലെവിടെയോ സഹയാത്രികയായുണ്ടായിരുന്നു. ഒരുപക്ഷെ താന്‍ കയറിയ സ്റ്റേഷനില്‍.. അതുമല്ലെങ്കില്‍ ഇന്നലെകളിലെവിടെയോ തിരക്കുപിടിച്ചു നടന്ന നഗരപഥങ്ങളില്‍.. അതുമല്ലെങ്കില്‍ കഥകളിലൊക്കെ പറയുന്ന പോലെ കഴിഞ്ഞ ജډങ്ങളിലെങ്ങോٹ എന്തു തന്നെയായാലും ഇവളെനിക്കപരിചിതയല്ല. മിറാഷും ശാന്തിയും. ഒരര്‍ത്ഥത്തില്‍ ലോകത്തില്‍ ഓരോ ആത്മാവും തന്‍റെ സൃഷ്ടിപ്പില്‍ ഇണയായി പിന്നെ വേര്‍പെട്ടുപോയ മറുപാതിയെ തേടിക്കൊണ്ടിരിക്കയാണ്.

അടുത്ത സ്റ്റേഷനില്‍ ഭൂരിഭാഗം പേരും ഇറങ്ങി. അതു വരെയും അയാള്‍ അവളുടെ മുഖത്തിന്‍റെ ഭൂപടം വായിച്ചെടുക്കുകയായിരുന്നു. സാരിക്കിടയിലൂടെ തെളിഞ്ഞ അവളുടെ പൊക്കിള്‍ച്ചുഴികളില്‍ തന്‍റെ മിഴികള്‍കൊണ്ട് ചുംബിക്കുന്നതില്‍ അയാള്‍ക്ക് തെല്ലും അനൗചിത്വം തോന്നിയില്ല. മരണം സുനിശ്ചിതമാകുമ്പോഴാണ് ജീവിതത്തിന്‍റെ സൗന്ദര്യം തെളിഞ്ഞു കാണുന്നത്.

അവള്‍ പറഞ്ഞു.

ജീവിതം അസംതൃപ്തമായ പലതിനോടുമുള്ള നിരന്തരമായ സമരസപ്പെടലാണ്. ആത്മഹത്യ ഭീരുത്വമോ ഒളിച്ചോട്ടമോ അല്ല, അത് വഴി തീരുന്നതിനു മുമ്പുള്ള യാത്ര നിര്‍ത്തലാണ്. ചില സാഹചര്യങ്ങള്‍ക്ക് അത് ഏറെ യോജിച്ചതായിരിക്കാം. ചിലര്‍ വലിയൊരു ജീവിതം കൊണ്ട് അവശേഷിപ്പിച്ചിട്ടില്ലാത്ത സന്ദേശങ്ങള്‍ ആത്മഹത്യയുടെ ഒരു നിമിഷം കൊണ്ട് എന്നെന്നേക്കുമായി കാലത്തില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ അത് വളരെയധികം നെഗറ്റീവ് എനര്‍ജി അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുന്നു.

അതെങ്ങനെ?

വരൂ. പറയാം..

വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു. അധികമാരും കയറാനോ ഇറങ്ങാനോ ഇല്ലാത്ത ഒരു കൊച്ചു സ്റ്റേഷന്‍. ചിലപ്പോള്‍ അങ്ങിനെ ചില കാന്തിക തരംഗങ്ങള്‍ സംഭവിക്കുന്നുണ്ടായിരിക്കാം. ലക്ഷ്യം വെക്കുന്ന സകലതിനെയും തകിടം മറിക്കുന്ന രീതിയില്‍ ദൈവം ചില ജങ്ഷനുകള്‍ ഓരോരുത്തരുടെയും യാത്രക്കായ് കരുതിവെക്കും. തന്‍റെ ബേഗും തോളിലേറ്റി അവള്‍ക്കു പിന്നാലെ അയാളും അവിടിറങ്ങി.

വഴിയിലുടനീളം ഓരോ പുല്‍ക്കൊടിയോടും അവള്‍ സംസാരിച്ചു കോണ്ടിരുന്നു. അയാള്‍ക്കത് അസഹ്യമായി തോന്നി. എന്നാല്‍ അതൊക്കെയും നിരാശനായ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായുള്ള ചില ഉപാധികളായി പരിണമിക്കുന്നവയായിരുന്നു. വീതികുറഞ്ഞ നടപ്പാത പിന്നിട്ട് കുന്നിന്‍ മുകളിലേക്കുള്ള വഴി ഏറെ പ്രയാസമേറിയതായി. ഇടക്ക് ഒന്നു രണ്ടു തവണ അയാള്‍ക്ക് ചുവടു തെറ്റുകയും ചെയ്തു. എന്നാല്‍ അതൊന്നും അവളെ കാര്യമായി ബാധിച്ചതേയില്ല. പ്രയാസമേറിയ ആ വഴികള്‍ അവള്‍ക്ക് അത്രയധികം വഴങ്ങുന്നവയായിരുന്നു. സാവധാനം ഇരുട്ട് ഒരനാഥന്‍റെ ആലിംഗനം പോലെ അയാളുടെ മനസ്സടക്കം മൂടിക്കളഞ്ഞു.

നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?

യാത്രയുടെ ലക്ഷ്യം ആരും അറിയുന്നില്ല. സ്വയമേ ഉണ്ടാക്കുന്ന ലക്ഷ്യങ്ങള്‍ക്ക് സ്ഥായീ ഭാവവുമില്ല. ജീവിതം കൊണ്ട് മരണത്തെ മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ മരണ ചിന്ത കൊണ്ടാണ് ജീവിതത്തെ മനസ്സിലാക്കേണ്ടത്.

ചെറുതും ഓടു മേഞ്ഞതുമായ ആ കൊച്ചു കെട്ടിടത്തിലെ ചായ്പ് അയാള്‍ക്ക് നന്നെ ഇഷ്ടപ്പെട്ടു. മുള കൊണ്ടുള്ള കട്ടിലും പുല്‍പ്പായും റാന്തല്‍ വിളക്കും മാത്രമല്ല, അവിടെയുള്ള സകലതിനും പ്രകൃതിയുമായി കലാപരമായ ബന്ധമുണ്ടായിരുന്നു. എല്ലാറ്റിലൂടെയും കണ്ണോടിക്കുന്നതിനിടയില്‍ അവള്‍ ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത ഗ്രീന്‍ ടീ കൊണ്ടു വന്നു. പിന്നെ വശ്യമായ പുഞ്ചിരിയോടെ പറഞ്ഞു.

പഞ്ചഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചുവെന്നു മാത്രമല്ല, അവയൊക്കെയും നമ്മുടെ ആത്മാവുമായി നിരന്തരം അനുപൂരണം നടത്തുന്നുമുണ്ട്. മുളന്തണ്ടും നാദവുമെന്ന പോലെ.. അതു കൊണ്ട് സൂര്യനില്ലെങ്കില്‍, പുഴയില്ലെങ്കില്‍, കാറ്റില്ലെങ്കില്‍ പിന്നെ നാമില്ല. അവയില്‍ നിന്നുള്ള ഊര്‍ജം നമ്മിലേക്കും തിരിച്ചും നിരന്തരം പ്രസരിക്കുന്നു. മരണമെന്നുള്ളത് മരത്തില്‍ നിന്ന് പാകമായ ഒരു പഴം അല്ലെങ്കില്‍ ഒരില പൊഴിയും പോലെ സ്വാഭാവികമായി സംഭവിക്കേണ്ട ഡീജനറേറ്റിംഗ് പ്രോസസ്സാണ്. അത് ബലമായി പറിച്ചെടുക്കുമ്പോള്‍ കറ വീഴുന്നു. പിഴുതു മാറ്റുന്ന ആത്മാവ് അന്തരീക്ഷത്തില്‍ വിരുദ്ധോര്‍ജ്ജം വിസര്‍ജ്ജിക്കുന്നു. അത് പ്രകൃതിയുടെ നൈസര്‍ഗ്ഗികതയെ പ്രതികൂലമായി ബാധിക്കുന്നു.

അയാള്‍ അവളുടെ കൃഷ്ണ മണികളിലേക്ക് നോക്കിയിരുന്നു.

ഇത് ഒരു ആശ്രമമോ, വാസസ്ഥാനമോ, ലൈബ്രറിയോ അല്ല. എന്നാല്‍ നിങ്ങള്‍ക്കിതിനെ ഇവയിലേതായും സ്വീകരിക്കാം. ചിന്തകള്‍ വന്നു പൊയ്ക്കൊള്ളട്ടെ. തടയാന്‍ ശ്രമിക്കേണ്ട. കണ്ണാടിയിലൂടെ മേഘങ്ങളെന്ന വണ്ണം അവയുടെ ഒഴുക്കിന് വെറും സാക്ഷിയാവുക. ഞാന്‍ നാളെ വരാം. അപ്പോഴും മരിക്കണമെന്ന ബോധം ശക്തമെങ്കില്‍ ഞാനൊരു മരുന്ന് തരാം. പലതരം കാട്ടു ചെടികളില്‍ നിന്നുണ്ടാക്കുന്ന ഒരു രഹസ്യ മിശ്രിതം. ഈ ജന്‍മത്തിലെ മുഴുവന്‍ ഓര്‍മകളും ബന്ധങ്ങളും നിങ്ങളുടെ തലച്ചോറില്‍ നിന്ന് അത് മായ്ചു കളയും. ഈ രാത്രി നിങ്ങള്‍ക്ക് ഞാന്‍ കാവലാളെന്നു കരുതുക.

തിരിഞ്ഞു നടക്കുന്നതിനിടയില്‍ വടിവൊത്ത അവളുടെ നിതംബങ്ങളെ അയാള്‍ നിര്‍ന്നിമേഷനായി നോക്കി നിന്നു. അയാളോര്‍ത്തു. ഒരു നേര്‍ത്ത സൗന്ദര്യപ്പൊട്ടിനാല്‍, ഒരു വാക്കിന്‍റെ തുണ്ടിനാല്‍, ഒരു നോക്കിന്‍റെ നൈമിഷികതയാല്‍ മരണത്തിന്‍റെ മുനമ്പില്‍ നിന്നും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു നടത്താം.. നേരെ തിരിച്ചും..

നില്‍ക്കൂ. എന്താണ് നിങ്ങളുടെ പേര്?
ശാന്തി.

പിറ്റേന്ന് പ്രഭാതത്തിലും അയാളുടെ മാനസിക വ്യാപാരത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. പക്ഷെ ആ പരിസരവും അന്തരീക്ഷവും ശാന്തിയുടെ സാമീപ്യവും അയാളുടെ ബോധ തലത്തില്‍ ഒരു നേവാ നദിയുടെ അന്തര്‍ദ്ധാര അയാളറിയാതെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ചുറ്റും കണ്ണെത്തുന്ന ദൂരത്തെങ്ങും ആരും വസിക്കുന്നതായി തോന്നിച്ചില്ല. കാടിന്‍റെ സ്വതസിദ്ധമായ അശരീരികളോടൊപ്പം ഇടക്ക് മൃഗങ്ങളുടെയും ദൂരെ നിന്നുള്ള ആദിവാസികളുടെ അടയാള ചിഹ്നങ്ങളായ ചൂളം വിളികളുമല്ലാതെ മറ്റൊന്നും അയാളുടെ ശ്രവണേന്ദ്രിയങ്ങള്‍ പിടിച്ചെടുത്തില്ല. ആരാണീ സ്ത്രീ. താഴ്വാരത്തിലെവിടെയാണവള്‍ താമസിക്കുന്നത്. ഇവിടെ ഈ ഒറ്റപ്പെട്ട സ്ഥലത്ത് എന്താണവള്‍ക്ക് കാര്യം. ഇവളൊരു സന്യാസിനിയാണോ. അതോ എന്നെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാന്‍ അവതരിച്ച പൂര്‍വ്വ ജന്‍മ സുകൃതമോ. ഒന്നും അയാള്‍ അവളോട് ചോദിച്ചില്ല. ചോദിക്കേണ്ടതായി തോന്നിയില്ല. പകരം അവള്‍ കൊണ്ടു വന്ന ഭക്ഷണം കഴിച്ചും അവിടുത്തെ ലൈബ്രറിയിലെ അപൂര്‍വ്വ പുസ്തകങ്ങളില്‍ അഭിരമിച്ചും ചില ദിനങ്ങള്‍ അയാളവിടെ ഒറ്റപ്പെട്ടു ജീവിച്ചു. അതിനിടയില്‍ വ്യക്തി ജീവിതത്തിന്‍റെ തിരിച്ചറിയലിനായി രണ്ടുപേരും ശ്രമിച്ചതേയില്ല.

ചിലപ്പോള്‍ താന്ത്രിക് വിദ്യ കൊണ്ടും മറ്റു ചിലപ്പോള്‍ അതിന്ദ്രീയതയാലും തന്‍റെ ട്രാന്‍സ്മൈഗ്രേഷന്‍ അവള്‍ അയാളില്‍ സ്ഥാപിച്ചെടുത്തു. അതിന്‍റെ പരിപൂര്‍ണ്ണതയില്‍ ഒരിക്കല്‍ അയാള്‍ അവളോടു ചോദിച്ചു.

ഞാന്‍ നിന്നെ സ്വന്തമാക്കിക്കോട്ടെ?
അവള്‍ പറഞ്ഞു
ഉപേക്ഷിക്കാന്‍ കഴിയാത്തതൊന്നും സ്വന്തമാക്കാന്‍ ശ്രമിക്കരുത.്

ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
തുടങ്ങുന്ന ഏന്തും അവസാനിക്കാനുള്ളതാണ്. അതുകൊണ്ട് പ്രണയം തുടങ്ങാനുള്ളതല്ല. ഉറവയെ നമ്മള്‍ കാണുന്നത് അതിനെ മൂടിയിരിക്കുന്ന മണ്ണ് നീക്കുമ്പോഴാണ്. ചാരത്തെ നീക്കുമ്പോള്‍ കനലെന്ന പോലെ..മനസ്സിലാക്കുക. നേരത്തെ തന്നെ അതവിടെയുണ്ട്.

എങ്കില്‍ അതിലേക്കുള്ള തടസ്സങ്ങളെ ഞാനെങ്ങിനെയാണ് തിരിച്ചറിയേണ്ടത?്
ആത്മാവു കൊണ്ടു അറിയേണ്ടതൊന്നും അക്ഷരങ്ങളില്‍ തിരയരുത്. ജീവിതം കൊണ്ട് പഠിക്കാനുള്ളതൊന്നും വാക്കുകളിലും.

നിന്‍റെ സൗന്ദര്യം എന്നെ വല്ലാതെ ലഹരി പിടിപ്പിക്കുന്നു.
നവദ്വാരങ്ങളില്‍ നിന്ന് വമിക്കുന്ന വൃത്തിഹീനതയെ സൂക്ഷിച്ചു വെക്കുന്ന ഒരു മണ്‍പാത്രം മാത്രമാണ് ശരീരമെന്നറിയുക.

ഒരിക്കലും നിലക്കാത്ത പ്രവാഹമായി പിന്നെയെങ്ങനെയാണ് ഞാന്‍ നിന്നെ സ്നേഹിക്കേണ്ടത്? എന്നോട് അനശ്വര പ്രണയത്തെക്കുറിച്ച് പറയൂ. പഠിപ്പിക്കൂ.
നുള്ളി നോക്കുക. വിരലുകളവിടെയുണ്ട്. വേദനയെയാണ് കാണാന്‍ കഴിയാത്തത്. ചുംബിക്കുന്ന ചുണ്ടുകളും കവിളുകളും കാണാം. ചുംബനത്തിന്‍റെ ആനന്ദം അദൃശ്യമാണ്. അദൃശ്യമായ വേദനയും ആനന്ദവും സൂക്ഷിക്കുന്നിടത്താണ് സ്നേഹമിരിക്കേണ്ടത്.

ഇപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത്?
ആദ്യം ഉപേക്ഷിച്ചുകളഞ്ഞ ഭാര്യയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരൂ. നഷ്ട പ്രണയത്തെക്കുറിച്ചോര്‍ത്തു വിലപിക്കുന്ന കാമുകിയുടെ കണ്ണീര്‍ സൗഹൃദത്തിന്‍റെ തൂവാല കൊണ്ട് തുടക്കൂ.

ഓരോ ദിവസവും ഓരോ പാഠങ്ങള്‍ അവളില്‍ നിന്ന് അയാള്‍ പഠിച്ചു കൊണ്ടിരുന്നു. അഥവാ അവള്‍ പഠിപ്പിച്ചു കൊണ്ടിരുന്നു. തകര്‍ന്ന പ്രണയവും അതിനേക്കാള്‍ തകര്‍ന്ന കുടുംബ ബന്ധവും കാരണം ആത്മഹത്യക്കൊരുങ്ങിയതിലെ വിഡ്ഢിത്തം അയാള്‍ തിരിച്ചറിഞ്ഞു. നിരീശ്വരത്വവും ആത്മീയതയും, പ്രകൃത്യോപാസനയും ധ്യാനവും, പൗരാണികതയും നാഗരികതയും, സ്വയംകൃതവും ഗ്രന്ഥാവലംബവും.. അങ്ങനെ പരസ്പര വിരുദ്ധമെന്നു തോന്നിക്കുന്ന പലതിനെയും സമന്വയിപ്പിച്ചുള്ള ഒരു ശാസ്ത്രീയ പരീക്ഷണശാലയിലാണ് താനെന്ന് ശാന്തിയുമൊത്തുള്ള ഓരോ നിമിഷവും അയാള്‍ക്ക് തോന്നിത്തുടങ്ങി. അത്തരം തോന്നലിന്‍റെ ഒരു നിമിഷത്തിലാണ് ഒക്കെയും എഴുതിവെക്കാന്‍ തുടങ്ങിയത്. പിന്നീടതൊരു ശീലമായി, മാറ്റത്തിന്‍റെ സ്പര്‍ശം അയാള്‍ അനുഭവിച്ചു തുടങ്ങി.

ഒടുവില്‍ മിറാഷ് ജീവിതത്തിലേക്ക് പടിയിറങ്ങി. അവള്‍ പറഞ്ഞതു പോലെ ചെയ്യാന്‍ തയ്യാറായിക്കൊണ്ട്. പിരിയാന്‍ നേരം അയാള്‍ ചോദിച്ചു.

എന്‍റെ ജീവിതം കാറും കോളും നിറഞ്ഞതാണ്. സ്വന്തമല്ല, പലപ്പോഴും മറ്റുള്ളവര്‍ക്കു വേണ്ടത് ആയിത്തീരാന്‍ കഴിയാതാവുമ്പോഴാണ് പരാജയപ്പെടുന്നത്. കുന്നിന്‍മുകളിലെ ഏകാന്തതയിലിരുന്ന് ജീവിതത്തെ നിര്‍വ്വചിക്കാന്‍ എളുപ്പമാണ്. എന്നാല്‍ തിരക്കേറിയ തെരുവിലേക്ക് വരിക. അവിടെ ഈ വേതാന്തങ്ങള്‍ കൊണ്ടൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഒറ്റ നിമിഷം മതി എല്ലാം തകിടം മറിയാന്‍. ഈ പാഠങ്ങളെല്ലാം മറന്നു പോകാന്‍. അത്രമാത്രം ടെന്‍സ്ടാണ് ജീവിതം. ഇന്ന് പലരും ദുഖം എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത് ടെന്‍ഷന്‍ എന്നാണ്. അല്ലെങ്കില്‍ പറയൂ. നിങ്ങള്‍ക്കു കഴിയുമോ. ഗാര്‍ഹസ്ഥ്യത്തിന്‍റെ സങ്കീര്‍ണ്ണതകളെ മറികടക്കാന്‍.. ദൂരെ നിന്ന് നോക്കിക്കാണുന്നവര്‍ക്ക് എല്ലാം ലളിതമാണ്.

ശാന്തി അതിന് മൃദുവായും ദീര്‍ഘമായും ചിരിച്ചു.
നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്. നിങ്ങള്‍ പറഞ്ഞതൊക്കെ തെറ്റുമാണ്. ഒരിക്കല്‍ നിങ്ങള്‍ പറഞ്ഞില്ലേ എന്നെ വിവാഹം കഴിക്കുന്ന കാര്യം. അങ്ങിനെയായാലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക. ജീവിതം പലരീതികളില്‍ ജീവിച്ചു തീര്‍ക്കാം. അതിലൊന്നു മാത്രമാണ് നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്ന സുഖ ദുഃഖ സമ്മിശ്രമായ ഈ ബയോളജിക്കല്‍ എക്സിസ്റ്റന്‍സ്. പരമമായ ആനന്ദം മാത്രം നിലനിര്‍ത്തി ജീവിക്കുന്നവരുണ്ട്. നടക്കുക എന്നത് യാത്രയുടെ ഒരു മാധ്യമം മാത്രമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വാഹനമുപയോഗിക്കാം. ജീവിത യാത്രയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിങ്ങള്‍ പോയി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തിട്ടു വരൂ. ഞാന്‍ നിങ്ങളെ അനശ്വര പ്രണയം പഠിപ്പിക്കാം. പിന്നെ നിങ്ങള്‍ ഗാര്‍ഹസ്ഥ്യത്തിന്‍റെ സങ്കീര്‍ണ്ണതകളെക്കുറിച്ചു പറഞ്ഞു. അതു കഴിഞ്ഞല്ലേ വാനപ്രസ്ഥമുള്ളൂ. തെരുവിലെ ബഹളത്തില്‍ തന്നെ ജീവിച്ചു കൊള്ളുക. ഒന്നും ഉള്ളിലേക്കു പ്രവേശിപ്പിക്കരുതെന്നേയുള്ളൂ. സംഭവിക്കുന്നതെല്ലാം പുറത്താണ്. നിങ്ങള്‍ വെറും സാക്ഷി മാത്രമാവുക. തോണിയില്‍ ദ്വാരം വീഴാതെ ശ്രദ്ധിക്കുക. എങ്കില്‍ എത്ര അലറിമറിയുന്ന സമുദ്രത്തെയും അതിലിരുന്ന് ശാന്തമായി വീക്ഷിക്കാം. ജലത്തിനു മുകളിലല്ലാതെ നൗകയ്ക്ക് യാനമില്ല. എന്നാല്‍ ജലം അകത്തു കടന്നാല്‍ നൗകയുമില്ല.

കാട്ടു ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതിനിടയിലെ ഇടുങ്ങിയ ഒറ്റയടിപ്പാതയിലേക്ക് നടന്നു തുടങ്ങി തിരിഞ്ഞു നിന്ന് അയാള്‍ ഒരിക്കല്‍ കൂടി അയാളവളുടെ പേര് ചോദിച്ചു. അപ്പോഴവള്‍ പറഞ്ഞത് ദേവി എന്നായിരുന്നു.

ഞാന്‍ ശിഖ. വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ഒരു കഥാകാരിയുടെ സ്വാതന്ത്ര്യം കയ്യിലെടുത്ത് ഡിറ്റാച്മെന്‍റ് എന്ന ഡയറിക്കുറിപ്പിലില്ലാത്ത ഒരു വരി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

മിറാഷിന്‍റെ തിരോധാനം നിറഞ്ഞ മിഴികളോടെയാണ് ശാന്തി എന്ന ദേവി പിന്നില്‍ നിന്ന് നോക്കി നിന്നത്. ഏതൊരു സാധാരണ സ്ത്രീയിലും താനിഷ്ടപ്പെടുന്ന പുരുഷനു വേണ്ടി മാത്രം സൂക്ഷിക്കുന്ന ഒരസാധാരണത്വം ഉണ്ട് എന്നതിന്‍റെ പ്രകടതയായി അവള്‍ നിന്നു. സ്വയം വേദനിക്കുമ്പോഴും തന്‍റെ ദൗത്യം നിറവേറ്റിയതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് അവള്‍ അന്നത്തെ കുടുംബശ്രീ മീറ്റിംഗിന് പോയത്.

ഡിറ്റാച്മെന്‍റ് എന്ന പുസ്തകത്തില്‍ ഏറ്റവും അവസാനമായി വായിച്ച പേജുകളാണ് ശിഖ ഏറ്റവുമാദ്യം മറന്നത്. അതു കൊണ്ട് പുസ്തകത്തിന്‍റെ പകര്‍ത്തെഴുത്ത് ഏങ്ങുമെത്താതെ നിന്നു. ദിവസങ്ങള്‍ക്കു ശേഷം അതിന്‍റെ അകത്താളുകളിലെവിടെയോ വരച്ചിടപ്പെട്ട ഒരു ചിത്രം അവളുടെ മനസ്സിനെ അലോസരപ്പെടുത്താന്‍ തുടങ്ങി. നിശ്ശബ്ദതയില്‍ കണ്ണുകളടച്ചു പിടിച്ച് അവളതിനെ തെളിച്ചമുള്ളതാക്കാന്‍ ശ്രമിച്ചു. അതിനായവള്‍ സാല്‍വദോര്‍ ദാലിയുടെ ജീവിതവും പിക്കാസോയുടെ ഗുര്‍ണിക്കയുമെല്ലാം നിരവധി തവണ വിശകലനം ചെയ്തു. അഞ്ചു ദിവസങ്ങളോളം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കിടന്ന് ബോധതലത്തെ മാറ്റിയെടുത്തുള്ള ഉډാദാവസ്ഥയില്‍ അവളത് വരഞ്ഞെടുത്തു. അത് ബവര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ളതും പൂര്‍വ്വ ജന്‍മത്തില്‍ ശാന്തിയും മിറാഷും ഒരുമിച്ചു ജീവിച്ചിരുന്നതുമായ ഗൃഹസ്ഥാശ്രമത്തിന്‍റെതായിരുന്നെന്ന് അവള്‍ കണ്ടെത്തി.

തൊട്ടടുത്തെത്തുന്നതു വരെ അങ്ങനെയൊരു കെട്ടിടം അവിടെയുണ്ടെന്നറിയാന്‍ പ്രയാസമായിരുന്നു. അത്രമാത്രം മരങ്ങളും കാട്ടു ചെടികളും അതിനെ മൂടിക്കഴിഞ്ഞിരുന്നു. ചുറ്റും വിസ്തൃതമായിക്കിടക്കുന്ന വനത്തിനുള്ളില്‍ വര്‍ഷങ്ങളോളമായി മനുഷ്യസാന്നിദ്ധ്യത്തിന്‍റെ ഒരടയാളവും അവശേഷിക്കപ്പെട്ടിരുന്നില്ല. ഒരുകാലത്ത് ചുറ്റും വിസതൃതമായി കിടന്നിരുന്ന മുറ്റം നിറയെ ചെറുതും വലുതുമായ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരിക്കുന്നു. ഭിത്തിയിലും മേല്‍ക്കൂരയിലും പടര്‍ന്നുകയറിയിരിക്കുന്ന വള്ളികളും കാട്ടുചെടികളും നീളന്‍പുല്‍നാമ്പുകളും.. ചുരുക്കത്തില്‍ ആ കൊച്ചുകെട്ടിടത്തെ മുഴുവന്‍ വനം ആവാഹിച്ചുകളഞ്ഞിരുന്നു. തൊട്ടടുത്തെത്തിയാല്‍ പോലും അങ്ങനെയൊരു കെട്ടിടം വനത്തിനുള്ളില്‍ കിടക്കുന്നുണ്ടെന്ന് കണ്ടെത്താനാവില്ലായിരുന്നു. അര മണിക്കൂര്‍ നേരത്തെ പ്രയത്നം കൊണ്ടാണ് ഇദ്രീസ് അതിന്‍റെ വാതില്‍ കണ്ടുപിടിച്ച് കേടുപാടുകളുണ്ടാക്കാതെ തുറന്നത്. ഇദ്രീസ് ഇല്ലായിരുന്നെങ്കില്‍ തനിക്കീ പ്രത്നം സഫലമാക്കാനാവാതെ തിരിച്ചു പോകേണ്ടി വന്നേനെ എന്ന് ശിഖ ഉറപ്പിച്ചത് അപ്പോഴായിരുന്നു.

അകത്ത് ഭിത്തികളിലും തറയിലും നനവാര്‍ന്നു പൂപ്പല്‍ പിടിച്ചും, കാട്ടു ചെടികള്‍ വളര്‍ന്നും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള പുരാതനമെന്നു തോന്നിപ്പിച്ച ആ കെട്ടിടത്തിനുള്ളില്‍ പക്ഷെ ഒന്നിനും ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. മേല്‍ക്കൂരയും ഭിത്തിയും പുസ്തകങ്ങള്‍ സൂക്ഷിച്ച അലമാരകളും എന്തിനേറെ കാലങ്ങള്‍ക്കു മുമ്പുപയോഗിച്ച ഉപകരണങ്ങളുമെല്ലാം അനേകതരം ചെറു ജീവികളുടെ സാന്നിദ്ധ്യത്താല്‍ നശിച്ചില്ലെന്നു മാത്രമല്ല, പഴക്കത്താല്‍ കൂടുതല്‍ കരുത്തുറ്റതായാണു അവള്‍ക്കു തോന്നിയത.് അജ്ഞാതമായ ഏതോ ഒരൂര്‍ജ്ജം അവളുടെ സിരകള്‍ക്ക് കരുത്തു പകര്‍ന്നു. അതിനാലാവാം പ്രതികൂലമായ അന്തരീക്ഷത്തിന്‍റെ പ്രതിസന്ധികളൊന്നും അവളെ ബാധിച്ചതേയില്ല.

പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറക്കുന്നതിനിടയില്‍ അവളുടെ കൈകള്‍ മുറിഞ്ഞു. അതുവരെയും കേടുപാടുകള്‍ സംഭവിക്കാതിരുന്ന ചില്ലുകള്‍ പൊട്ടി. പഴയതും പുതിയതുമായ പുസ്തകങ്ങള്‍ പ്രസരിപ്പിക്കുന്ന ഗന്ധങ്ങളുടെ ശീലിച്ച മാതൃകകളില്‍ നിന്നും വിരുദ്ധമായി മറ്റെന്തോ അവളുടെ നാസാരന്ദ്രങ്ങളിലൂടെ ബോധ തലങ്ങളിലേക്കു പ്രവഹിച്ചു. എത്ര നേരം അപൂര്‍വ്വമായ ആ ഗ്രന്ഥങ്ങളൊക്കെയും സൂക്ഷ്മതയോടെ മറിച്ചു നോക്കി അവളവിടെ ചെലവഴിച്ചെന്നറിയില്ല, ഒടുവിലത് അവള്‍ക്ക് അംഗീകരിക്കേണ്ടതായി വന്നു. അവളന്വേഷിച്ചു കൊണ്ടിരിക്കുന്നതായ പുസ്തകം അതിനിടയിലില്ല. അവിടെയുണ്ടായിരുന്ന പല പുസ്തകങ്ങളുടെയും പഴക്കവും ഭാഷയും അവളെ അല്‍ഭുതപ്പെടുത്തി. കടലാസുകള്‍ക്കു പകരം ഏതോ നേര്‍ത്ത മരപ്പാളികളില്‍ എഴുത്താണി കൊണ്ടും ഇലനീരുകൊണ്ടും മനസ്സിലാകാത്ത ഭാഷയില്‍ ലിഖിതപ്പെടുത്തപ്പെട്ടവയായിരുന്നു. എന്നിരുന്നാലും കാലത്തെ അതിജീവിക്കുന്ന തരത്തില്‍ അവയൊക്കെയും പുസ്തകങ്ങളുടെ രൂപത്തില്‍ ഭംഗിയായി ചിട്ടപ്പെടുത്തി തുന്നിച്ചേര്‍ത്തിരുന്നു.

സമയം കടന്നു പോകുന്തോറും വല്ലാത്തൊരു ഭയം അവളെ ഗ്രസിച്ചു തുടങ്ങി. ഇരുട്ട് അവളുടെ അന്തരാളത്തില്‍ നിന്നും കണ്ണുകളിലേക്കും കണ്ണുകളില്‍ നിന്ന് തനിക്കു ചുറ്റുമുള്ള പരിസരങ്ങളിലേക്കും പതിയെ പടര്‍ന്നു പിടിക്കുന്നു. തൊണ്ട വരളുന്നതു പോലെ തോന്നിയ ശിഖ സഹായത്തിനായി ഇദ്രീസിനെ ഉച്ചത്തില്‍ വിളിച്ചു. എന്നാല്‍ അത് മനുഷ്യ ശ്രവണേന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാനുള്ള തരംഗ ദൈര്‍ഘ്യത്തിലുള്ളതായിരുന്നില്ല.

കഥയിലവളതിങ്ങനെ തുടര്‍ന്നു.

തന്‍റെ നെഞ്ചിലൊട്ടിപ്പിടിച്ചു കിടന്ന വിളറിയ മഞ്ഞ നിറമാര്‍ന്ന കടലാസു താള്‍ മനുഷ്യന്‍ പേപ്പറും എഴുത്തുപകരണങ്ങളും ആ്വ്യമായി കണ്ടു പിടിച്ച കാലത്തുള്ളതു പോലെ ശിഖയ്ക്കു തോന്നി. എത്ര സൂക്ഷിച്ചു കൈകാര്യം ചെയ്തിട്ടും ഓരോ തവണ എടുക്കുമ്പോഴും അത് പൊടിഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും അറിഞ്ഞു കൂടാത്ത ആ കാനനാശ്രമത്തില്‍ നിന്നും താനെങ്ങനെ തിരിച്ചെത്തിയെന്നോ ഏതോ പുസ്തകത്തിലെ ഒരു പേജു മാത്രം തന്‍റെ കയ്യിലെങ്ങനെ വന്നു പെട്ടുവെന്നോ ഉള്ള അതിശയ ചിന്തകളെക്കാള്‍ അവളെ ഭരിച്ചത് അവയിലെ അക്ഷരങ്ങളുടെ പൊരുളറിയാനുള്ള കൗതുകമായിരുന്നു. ആയിരം കഷണങ്ങളായി മാറിയ ആ ഒരു പേജ് ലിംഗ്വിസ്റ്റിക് വിദഗ്ദരുടെ സഹായത്തോടെ അവള്‍ ഒട്ടിച്ചെടുത്തു.

a shepherded od strane brda će ponovo rođen u zemljišta od boga. Njegovo ime će biti prikazan je reč o optički fenomen. Svoju srodnu dušu doći će do spašavanja života na istom mestu. Njeno ime će biti opisani u poslednje linija poema iz zemlje Jenki imenovan je da t.

അത് സെര്‍ബിയന്‍ ഭാഷയിലെഴുതപ്പെട്ടതായിരുന്നു. നെറ്റിലെ ട്രാന്‍സലേഷന്‍ സൈറ്റിലൂടെ അവളത് ഇംഗ്ലീഷിലാക്കി. അപ്പോഴും ചില വാക്കുകള്‍ അവളെ വീണ്ടും കുഴക്കി.

A shepherded from the other side of the hill will born again in to the place which will call later Dieux propre pays. His name will be shown by the word of the optical phenomenon. His soul mate will come to rescue his life in the same land. Her name will be described in the last line of a poem from the land of Yankee named He do the Police in Different Voices, which will be published 46 years before her birh.

തന്‍റെ പരീക്ഷണങ്ങളില്‍ നിന്നും അവള്‍ പിന്നോക്കം പോയില്ല. Dieux propre pays എന്നത് ഫ്രഞ്ച് ഭാഷയില്‍ ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണെന്നും, ഓപ്റ്റിക്കല്‍ ഫിനോമിനന്‍ എന്നത് മരീചിക എന്നര്‍ത്ഥം വരുന്ന മിറാഷ് എന്ന വാക്കാണെന്നും അവള്‍ കണ്ടെത്തി. യാങ്കി എന്നത് അമേരിക്കക്കാരെ വിശേഷിപ്പിക്കുന്ന പദമാണെന്നറിഞ്ഞിട്ടും He do the Police in Different Voices എന്ന പേരില്‍ ഒരു കവിതയുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അമ്മയുടെ ജനനത്തീയതി വെച്ച് കണക്കു കൂട്ടിയപ്പോള്‍ 1922 ലാണത് പ്രസിദ്ധീകൃതമാവാന്‍ സാധ്യതയെന്നു മനസ്സിലായി. ഒടുവിലാണ് ടി.എസ് എലിയറ്റിന്‍റെ വെയിസ്റ്റ് ലാന്‍റ് ആദ്യം എഴുതപ്പെട്ടത് He do the Police in Different Voices എന്ന ടൈറ്റില്‍ വെച്ചാണെന്ന് മനസ്സിലായത്. അതിന്‍റെ അവസാന വരികള്‍ പ്രതിപാദിക്കുന്നത് ഏതു വാക്കുകളാണെന്നു കണ്ടെത്തുക പ്രയാസമുള്ള കാര്യമായിരുന്നില്ല.

ചില ബോധോദയങ്ങള്‍ ചില സമയങ്ങളില്‍ മാത്രമേ ചിലരെ അനുഗ്രഹിക്കുകയുള്ളൂ. ഇപ്പോള്‍ ഏതോ സ്വപ്നത്തില്‍ കണ്ടതു പോലെ മാത്രമാണ് ഡിറ്റാച്ഡ് എന്ന പുസ്തകവും കാട്ടിനുള്ളിലെ ആശ്രമസ്ഥലിയും ഇദ്രീസ് എന്ന ഒരിക്കല്‍ മാത്രം കണ്ട യുവാവും എന്‍റെ ഓര്‍മയിലുള്ളൂ. അവയൊന്നും ഇനിയൊരിക്കലും വീണ്ടെടുക്കാനാവില്ലെന്ന് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു.

ഒന്നു മാത്രമെനിക്കുറപ്പുണ്ട്. എന്‍റെ അമ്മയുടെ യഥാര്‍ത്ഥ പേര് ദേവി എന്നല്ല, ശാന്തി എന്നാണെന്നും മിറാഷ് എന്ന വൈസ് ചാന്‍സലര്‍ കഴിഞ്ഞ ജന്‍മത്തില്‍ ചൈനയിലെ ആട്ടിടയാണെന്നും. ഓരോ തവണ അടുക്കളയില്‍ നിന്നും ഓടിയെത്തി അമ്മ എനിക്കുള്ള മരുന്നെടുത്തു തരുമ്പോഴും അക്കാര്യത്തില്‍ മാത്രം എന്‍റെ സ്മരണകള്‍ പിഴച്ചു പോയിരുന്നില്ല.


നിരന്തരമായി കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് മിറാഷ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ പുറത്ത് ജയകുമാര്‍ ഫയലുമായി നില്‍ക്കുന്നു. അയാളുടെ മുഖത്ത് സാര്‍ അസമയത്ത് ഉറങ്ങിപ്പോയതായിരുന്നോ എന്ന ചോദ്യം വായിച്ചെടുക്കാമായിരുന്നു.

പതിമൂന്നെണ്ണമുണ്ട് സര്‍. ഏറ്റവും മെച്ചപ്പെട്ട രണ്ടെണ്ണമാണ് തെരഞ്ഞെടുക്കേണ്ടത്. മണി ഒന്‍പതാവാറായി. സാറിനു അത്താഴത്തിനു ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്. കഴിക്കാറാവുമ്പോള്‍ പറഞ്ഞാല്‍ മതി.

അപ്പോള്‍ താന്‍ നേരത്തെ കൊണ്ടു വന്നത്?

മിറാഷ് മേശപ്പുറത്തേക്കു നോക്കി. ഇല്ല അവിടം ശൂന്യമായിരുന്നു. ജയകുമാര്‍ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. അയാള്‍ ഒരു മനോരോഗിയുടെ ജിജ്ഞാസയോടെ ജയകുമാര്‍ കൊണ്ടു വന്ന ഫയല്‍ വലിച്ചിട്ടു തുറന്നു തിരഞ്ഞു. ഇല്ല. അതില്‍ ഡിറ്റാച്ച്ഡ് എന്ന പേരില്‍ കൈപ്പടയിലെഴുതിയ ഒരു കഥയില്ല. തിടുക്കത്തില്‍ വാതില്‍ ചാരി പുറത്തിറങ്ങി മിറാഷ് കാറിനടുത്തേക്കു നടന്നു. പിറകിലത്തെ സീറ്റില്‍ കൊഴിഞ്ഞു കിടന്നിരുന്ന മുല്ലപ്പൂക്കള്‍ ഡോര്‍ തുറക്കാതെ തന്നെ അയാള്‍ക്കു കാണാമായിരുന്നു. അവ തെല്ലും വാടിയിരുന്നില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ