എന്തോ ദുസ്വപ്നം കണ്ടെന്നോണം രാജീവൻ ഞെട്ടിയുണർന്നു.സമയം രാത്രി ഒരുമണി. വല്ലാത്ത പരവേശം. മനസ്സിൽ ഭയം കട്ട പിടിച്ചിരിക്കുന്നു. ഭാര്യയെ നോക്കി. പാവം നല്ല ഉറക്കമാണ്. ഉറക്കത്തിലും ഇടക്ക് ഞെട്ടിയിട്ടെന്നോണം അവൾ അവനെ ഇറുകെ പിടിച്ചിരുന്നു.
അവൻ ആലോചിച്ചു. നാളെ....അവർ ശിക്ഷ(അതോ സുഖവാസമോ?) കഴിഞ്ഞ് പുറത്തിറങ്ങുന്ന ദിവസം. തനിക്കും കുടുംബത്തിനും എന്താവും സംഭവിക്കുക? അതിനുമാത്രം തങ്ങളെന്ത് തെറ്റാണ് ചെയ്തത്? ഇഷ്ടമില്ലാഞ്ഞിട്ടും ആ ഓർമകൾ അഹങ്കാരത്തോടെ മനസ്സിൽ കയറി വിഹരിക്കുന്നു.വീണ്ടും വീണ്ടും കുത്തിനോവിക്കാനെന്ന വണ്ണം.
എന്നത്തേയും പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയതായിരുന്നു രാജീവൻ. മുറ്റത്തു നിന്ന് അപരിചിതരായ രണ്ടുമൂന്നു പേർ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് റോഡിലേക്കിറങ്ങി പോകുന്നത് കണ്ടു. അവനെ കണ്ടതും മക്കൾ കരഞ്ഞുകൊണ്ട് ഓടിചെന്ന് കെട്ടിപ്പിടിച്ചു. ഭാര്യയാകട്ടെ ആകെ ഭയന്ന് വിളറിയിരിക്കുന്നു. എല്ലാവരെയും സമാധാനിപ്പിച്ചശേഷം അവൻ അവിടെ ഉണ്ടായിരുന്ന അയൽക്കാരോട് കാര്യമാരാഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന ക്രിമിനൽ ടീമാണത്രെ അവർ. ലഹരിയിൽ വീട്ടിൽ കേറി വന്ന് വെള്ളവും ഗ്ളാസ്സും ചോദിച്ചു. തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ബലമായി അകത്തുകേറാൻ ശ്രമിച്ചു. ഭാര്യ വാതിലടച്ചു കുറ്റിയിട്ടു. അതോടെ വാതിലിനു നേരെയായി പരാക്രമം. അതു കണ്ടു വന്ന അയൽക്കാരാണ് എല്ലാവരെയും ഓടിച്ചു വിട്ടത്. "രാജീവൻ രാത്രി ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ"...അബൂട്ടിക്ക പറഞ്ഞു.
എല്ലാവരും പിരിഞ്ഞു പോയ ശേഷവും അവളുടെ വിറയൽ മാറിയിരുന്നില്ല.രാത്രി ഭക്ഷണം കഴിച്ച് നേരത്തെ കിടന്നു.ഒരു പന്ത്രണ്ടു മണിയായിക്കാണും,വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ടാണ് അവർ ഞെട്ടിയുണർന്നത്.ടോർച്ചുമെടുത്ത് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ഭാര്യ കരഞ്ഞു കൊണ്ട് തടഞ്ഞു. അപ്പോഴേക്കും വാതിൽ പൊളിഞ്ഞിരുന്നു. നോക്കുമ്പോൾ അവർ തന്നെ!ലഹരി മൂത്തപ്പോൾ പ്രതികാരം ചെയ്യാൻ വന്നതാണ്. മുറ്റത്തു നിന്ന് അബൂട്ടിക്കയുടെയും മറ്റും ശബ്ദം കേട്ടപ്പോൾ അവന് ധൈര്യമായി. ഉമ്മറത്തെത്തിയപ്പോഴേക്കും അബൂക്ക തയ്യാറാക്കി നിർത്തിയിരുന്ന അയലത്തെ ചുണക്കുട്ടികൾ എല്ലാവരെയും തല്ലി ഒതുക്കിയിരുന്നു.
പോലീസ് വന്ന് എല്ലാവരെയും തൂക്കി എടുക്കുമ്പോൾ അതിലൊരുത്തൻ പറഞ്ഞ വാക്കുകൾ ഇപ്പോളും രാജീവന്റെ ചെവിയിൽ അലക്കുന്നു. "ഞങ്ങളെ തൂക്കികൊല്ലാനൊന്നും പോകുന്നില്ലെടാ നായേ. കുറച്ചുകാലം ജയിലിലൊക്കെ കിടന്ന് ഞങ്ങൾ പുറത്തുവരും. അന്ന് തൊട്ട് നിന്റെയും ഭാര്യയുടെയും കഷ്ടകാലവും തുടങ്ങും. എണ്ണിവെച്ചോ" പോലീസുകാരുടെ മുന്നിൽ നിന്ന് പോലും ഇങ്ങനെ പറയണമെങ്കിൽ അവർക്കിതെത്രമാത്രം ശീലമായിരിക്കണം?പൊലീസുകാരാകട്ടെ അത് കേട്ട ഭാവം പോലും നടിച്ചില്ല.
പിന്നീടെപ്പോഴോ അവൻ കേട്ടു അവരെ ആറു മാസത്തെ തടവിന് വിധിച്ചു എന്ന്. പോലീസുകാർക്ക് സന്തോഷം. അവരുടെ ജോലി കഴിഞ്ഞല്ലോ. കോടതിക്കും സന്തോഷം.കഠിനമായ ശിക്ഷ തന്നെ കൊടുത്തല്ലോ. അവർക്കും സന്തോഷം.കുറച്ചു നാൾ സുഖിച്ചു കഴിയാമല്ലോ. ആവശ്യമുള്ളതെല്ലാം ജയിലിലും കിട്ടുമെങ്കിൽ പിന്നെന്തു വേണം?
പക്ഷേ സന്തോഷവും സമാധാനവും പോയത് അവനും കുടുംബത്തിനും മാത്രം.
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ അവൻ ചിന്തിച്ചു. ഈ ശിക്ഷയിലൂടെ കോടതി എന്തായിരിക്കും ഉദ്ദേശിച്ചിരിക്കുക?ശിക്ഷ കഴിയുന്നതോടെ അവർ എല്ലാം മറന്ന് നല്ലവരായി മാറുമെന്നോ?അതോ മാനക്കേട് സഹിക്കാതെ എങ്ങോട്ടെങ്കിലും ഓടിപ്പോകുമെന്നോ?കുറ്റവാളികളെ ഇത്രയേറെ പരിഗണിക്കുന്ന നീതിപീഠം എന്തേ അവരുടെ ഇരകളായ തങ്ങളെ അവഗണിക്കുന്നു?അവർ പുറത്തിറങ്ങി കഴിഞ്ഞാൽ തങ്ങളുടെ ജീവന്റെയും ജീവിതത്തിന്റെയും സുരക്ഷ ആരെങ്കിലും മാനിക്കുന്നുണ്ടോ?
രാജീവൻ കണ്ണു തുറന്ന് കാത്തിരുന്നു. തങ്ങളുടെ ജീവിതത്തെയും മാനത്തെയും ഇല്ലാതാക്കാൻ വരുന്നവരെയും അവരെ ശിക്ഷിക്കാൻ വേണ്ടി കാത്തിരിക്കുന്ന നീതി പാലകരെയും.