മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"If a story is born, one person becomes a human "- chinua achebe.

വിയർത്തൊട്ടിയ മുഖത്തെ കർച്ചീഫുകൊണ്ട് മറച്ചു പിടിക്കാൻ വിഫലശ്രമം നടത്തികൊണ്ടയാൾ വലതു കൈവിരലുകൾ മൊബൈൽ ഫോണിന്റെ ടച്ച് സ്ക്രീനിൽ സ്പർശിച്ചു.  ആളുകളുടെയെണ്ണം കൂടി

വരുന്നതിനനുസരിച്ച് കണ്ണുകൾ മങ്ങുകയും വിയർപ്പിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുകയും നെഞ്ചിടിപ്പു കൂടി വരികയും ചെയ്യുന്നു. എല്ലാം വിധിയായിരിക്കാം. അയാളോർത്തു..

ഭയന്ന് വിറച്ചു മനസ്സിൽ രാമമന്ത്രം ഉരുവിട്ടു കൊണ്ട് അനിരുദ്ധ് തലയുയർത്തി നോക്കി. ചിതറി തെറിച്ചു നിൽക്കുന്ന ആൾരൂപങ്ങൾ അയാളിലെ ഭാവമാറ്റങ്ങളും ഇടർച്ചകളും അവർ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

"നമ്മുടെ അശോകേട്ടന്റെ മോനാ. പൊട്ടനാ. മൊയന്ത് ചങ്ങായി ഇരിക്കുന്ന കോലം കണ്ടില്ലെ ഹ ഹ ഹ ഹ .. "

ആളുകൾ ചിരിച്ചു കൊണ്ട് മന്ത്രിക്കുന്നതയാൾ കേട്ടു .

പുറത്ത് രണ്ട് പൂച്ച കുഞ്ഞുങ്ങൾ കഥ പറഞ്ഞ് രസിക്കുന്നുണ്ടായിരുന്നു. പരസ്പരം തൊട്ട് തലോടിയും സാറ്റ് കളിച്ചും അവ കാണികളെ രസിപ്പിച്ചു. അനിരുദ്ധിനെ നോക്കി പൂച്ചകൾ മന്ദഹസിച്ചു. അയാൾക്ക് ചിരിക്കാൻ തോന്നിയില്ല. പൂച്ചകൾ തന്നെ പരിഹസിക്കുന്നതു പോലെ അനിരുദ്ധിന് തോന്നി.

ഓർമ വെച്ച നാൾ മുതൽ അയാൾ അങ്ങനെയായിരുന്നു. എന്തിനെയും പേടിയോടെ മാത്രം കാണുന്ന ഒരാൾ. ആൾക്കൂട്ടങ്ങൾക്കു നടുവിൽ ഭയന്ന് വിറങ്ങലിച്ചു നിൽക്കും. പലതും മനസ്സിലെ ചില്ലുകൂട്ടിൽ ഒരുക്കി വെച്ചിട്ടും അവയൊന്നും തന്നെ പുറത്തേക്കെടുക്കാൻ ആവില്ല. പാതിവഴിയിൽ ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ. പറയാൻ തുടങ്ങുമ്പോഴേക്കും മനസ്സ് പതറാൻ തുടങ്ങും. വിറയ്ക്കുന്ന ശരീരവും തകർന്ന മനസ്സുമായി അവിടെ നിന്നും ഓടിയൊളിക്കാനേ തോന്നുകയുളളൂ.

മനസ്സിനുള്ളിലെ ആത്മവിശ്വാസത്തെ ആരാണ് ചോർത്തിക്കളഞ്ഞത്.?

അറിയില്ലയാൾക്ക്.

കല്യാണപരിപാടിക്കായിരുന്നു അനിരുദ്ധ് വന്നത്. അമ്മയുടെ അനുജത്തിയുടെ മകളുടെ വിവാഹമായിരുന്നുവത്. അഛനും സഹോദരിമാരുമായി അര മണിക്കൂറോളം നീണ്ട് നിന്ന തർക്കത്തിനൊടുവിലാണയാൾ അവിടെ എത്തിയത്. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല വന്നത്.

മഞ്ഞുതുള്ളികൾ ചേമ്പിലകളിൽ ഉരുണ്ട് കളിക്കുന്നത് നോക്കി ഒരുതരം അലസ ഭാവത്തിൽ നിൽക്കുമ്പോഴാണ് അഛൻ വിളിക്കുന്നത്.

"അനീ എവിടാ നീ .കല്യാണത്തിനു പോകണ്ടെ. കുറച്ചു ദൂരം ഓടാനുണ്ടെന്നറിയില്ലെ. വേഗം റെഡിയാകു"

മനസ്സിൽ വെറുപ്പിനെ തിരുകി കയറ്റിയാണ് അഛനടുത്തേക്ക് ചെന്നത്.

ശുഭ വസ്ത്രധാരിയായി നിൽക്കുകയാണച്ചൻ. വസ്ത്രത്തിലെ തിളക്കം മുഖത്ത് കാണാനില്ല പകരം കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു .

കൂട്ടായി സഹോദരിമാരും. ശരിയാക്കി തരാം എന്ന മട്ടിൽ.

എല്ലാവരും റെഡിയായിരിക്കുന്നു. അയാൾ മാത്രമാണ് കുളിക്കാതെ പല്ലു തേക്കാതെ നിൽക്കുന്നത്. അനുജത്തിമാർ ചായം പൂശി മുഖത്തെ ശാലീനത കളഞ്ഞു കുളിച്ചിരിക്കുന്നു.

മഞ്ഞുതുള്ളികളുടെ സംഗീതം ആസ്വദിക്കാൻ വേണ്ടി മാത്രമാണയാൾ അന്ന് അടുക്കളമുറ്റത്തേക്കിറങ്ങിയത്.അതു കഴിഞ്ഞ് വീണ്ടും നിദ്രയെ പൂകണം. സൂര്യനെ നോക്കി പുഞ്ചിരി തൂകണം .തണുത്ത പ്രഭാതത്തെ പുതപ്പിനുള്ളിൽ കയറാൻ സമ്മതിക്കാതെ തലവരെ മൂടി കിടക്കുകയും. ഇരുട്ടിനെ പ്രണയഗീതങ്ങൾ പാടി കേൾപ്പിക്കുകയും വേണം എന്നൊക്കെ കരുതിയതാണ്.. ഒന്നും നടക്കുമെന്ന് തോണുന്നില്ല.
വിലങ്ങുതടിയായി മുൻപിൽ നിൽക്കുകയാണഛൻ.

"അഛാ ഞാനിന്ന് കല്യാണത്തിന് വരുന്നില്ല. നിങ്ങൾ പോയ്ക്കോളൂ.'' അയാൾ അച്ചനെ നോക്കി പറഞ്ഞു.

മടി മാത്രമായിരുന്നില്ല അനിരുദ്ധിനെ കൊണ്ടത് പറയിപ്പിച്ചത്. ആളുകൾ കൂട്ടം കൂടിയിരിക്കുന്ന സ്ഥലത്ത് താനൊരു നനഞ്ഞ കോഴിയെ പോലെ നിൽക്കേണ്ടി വരും എന്നോർത്തായിരുന്നു അയാൾ അങ്ങനെ സംസാരിച്ചത്. 

അയാളുടെ മനസ്സ് സഹോദരിമാർക്കറിയാമായിരുന്നു. പേടി മാറ്റിയേ തീരു എന്ന ഉറച്ച തീരുമാനം നേരത്തെ തന്നെ എടുത്തിട്ടാണവർ അച്ചന്റെ മുൻപിലേക്കവനെ എറിഞ്ഞു കൊടുത്തത്. ചേമ്പിലകളെ നോക്കിയിരിക്കുന്ന അവനെ അഛനു കാണിച്ചു കൊടുക്കാൻ കാരണവും അതായിരുന്നു.

തർക്കങ്ങൾ വീടിനെ ശബ്ദമുഖരിതമാക്കി. അവസാനം തോൽവി സമ്മതിച്ച് അനിരുദ്ധ് കൂടെ പോകാമെന്നേറ്റു. മനസ്സിലെ ചിന്തകൾക്ക് തൽക്കാലം വിരാമമിട്ടയാൾ തലയും ചൊറിഞ്ഞ് അയയിൽ നിന്നും തോർത്ത്മുണ്ടുമെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.

പൈപ്പ് തുറന്ന് വെച്ച്. കൈയ്യിൽ സോപ്പ് പതപ്പിച്ച് മുണ്ടിനടിയിലേക്ക് ചലിപ്പിക്കുമ്പോൾ മനസ്സിൽ അഛന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്. ചെയ്തു കൊണ്ടിരിക്കുന്ന പ്രവ്യത്തിയിൽ പരാജിതനായി എന്നു മനസ്സിലാക്കിയപ്പോൾ തലയിലേക്ക് വെള്ളം കോരിയൊഴിച്ചു. പാതി വഴിയിൽ നിലച്ചുപോയ രതിസുഖത്തെ മനസ്സിൽ നിന്നും പറിച്ചെറിയാൻ അയാൾക്ക് തെല്ലൊന്ന് വിഷമിക്കേണ്ടി വന്നു.

മനസ്സിനെ വിഷമവൃത്തത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി മൂളി പാട്ടുകൾ പാടുകയും ബാത്ത് റൂമിന്റെ മൂലയിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന തവളയെ നോക്കി കണ്ണിറുക്കുകയും ചെയ്തു അയാൾ.
കണ്ണിന്റെ മാസ്മരിക പ്രകടനങ്ങൾ കണ്ട് തവള അന്ധാളിച്ചു നിന്നു. എല്ലാം കഴിഞ്ഞ് കുളിമുറിയിൽ നിന്നുമിറങ്ങുമ്പോൾ ഭീകര സത്വങ്ങൾ പിടികൂടുകയും വാ പൊളിച്ച് അയാൾക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതു കണ്ട് അനിരുദ്ധിന്റെ മനസ്സ് വിറച്ചു. വിറയൽ പതുക്കെ ശരീരത്തെയും ബാധിച്ചു. തളർന്ന കൈകാലുകളുമായി മുറിയിലേക്കെത്തിയ അയാൾ കട്ടിലിലേക്ക് വീണു. കണ്ണുകൾ മുകളിലേക്കുയർത്തി കിടന്നു. ബെയറിങ്ങ് കേടായി കറകറ ശബ്ദത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന സീലിംഗ് ഫാനിനെ ഭയപാടോടെ നോക്കി.

കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. നാവ് വരണ്ടിരിക്കുന്നു. ചുണ്ടുകൾ ചലിപ്പിക്കുവാൻ സാധിക്കുന്നില്ല. അനീറ്റയുടെ മുഖം തന്നെ നോക്കി പരിഹസിക്കുന്നുവോ?

കോളേജ് കാലഘട്ടത്തിലെ പ്രണയത്തിന്റെ പിന്നാമ്പുറകഥകളിലേക്ക് മനസ്സ് നടക്കാൻ തുടങ്ങി.

കവിളിൽ നുണക്കുഴിയുണ്ടായിരുന്ന അനീറ്റ,. വിറയ്ക്കുന്ന കാൽപാദങ്ങളും തളർന്ന മനസ്സുമായി കോളേജ് ക്യാമ്പസിലൂടെ അവളെ പിന്തുടരുമ്പോൾ ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിരുന്നു.പക്ഷെ എല്ലാം മനസ്സിലാക്കാനുള്ള കഴിവ് അവളിലുണ്ടായിരുന്നു. തല താഴ്ത്തി പെൺകുട്ടികളുടെ മുഖഭാവവുമായി നടക്കാറുള്ള അയാളുടെ ഹൃദയത്തിലെ നിശ്ശബ്ദ പ്രണയഗീതങ്ങൾ അവളുടെ മനസ്സിനെ തഴുകുകയും ഒരു കുളിർ കാറ്റായി മാറുകയും ചെയ്തിട്ടുണ്ടാവാം.

അനിരുദ്ധിലെ കാമുകനെയവൾ തിരിച്ചറിഞ്ഞു. പറിച്ചെറിയാൻ കഴിയാത്തവിധം പ്രണയം മനസ്സിന്റ ആഴങ്ങളിൽ ചെന്ന് പതിച്ചിട്ടും അയാൾക്കവളോട് സ്വതന്ത്ര്യത്തോടെ പെരുമാറാൻ കഴിഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കരതലങ്ങൾ അവൾക്കു നേരെ നീട്ടി അയാൾ തൊട്ടാവാടിയെ പോലെ നിന്നു. ഒന്നും ഉരിയാടാതെ തന്നെ നോക്കി നിൽക്കുന്ന അയാളെ എന്തു ചെയ്യണമെന്ന് അനീറ്റയ്ക്ക് മനസ്സിലായില്ല. അയാൾക്കു പകരം കോളേജ് ക്യാമ്പസിൽ നിറം പകരാനെത്തിയ പൂക്കളോടും ചിത്രശലഭങ്ങളോടും അവൾ ചിരിച്ചും മിണ്ടിയുമിരുന്നു.
അപ്പോഴെല്ലാം അയാൾ അവളെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

അവൾ തിരിച്ചു നോക്കുന്നുണ്ട് എന്ന് മനസ്സിലായാൽ അയാൾ മുഖം തിരിച്ചുകളയുകയും പതുക്കെ എഴുന്നേറ്റ് ആരെയും ശ്രദ്ധിക്കാതെ നടന്നു പോവുകയും ചെയ്യും. ക്ലാസ്സിനകത്ത് അയാൾക്ക് സുഹൃത്തുക്കളായി ബെഞ്ചുകളും ഡസ്ക്കുകളും പിന്നെ കുറച്ച് പുസ്തകങ്ങളും മാത്രമേയുണ്ടായിരുന്നുള്ളു. അവ അയാളുടെ ലോകത്തേക്ക് കടന്നു വന്ന് കലപില സംസാരിക്കാനാരംഭിച്ചു.വർഷങ്ങളായി മനസ്സിൽ കെട്ടിവെച്ചിരുന്നതെല്ലാം പറഞ്ഞു തീർത്തുവയാൾ.

അനീറ്റയാവട്ടെ അവളുടെമനസ്സിലെ വികാരവിചാരങ്ങൾക്ക് അയാൾ ചെവിയോർക്കാത്തതോർത്ത് വിഷമിച്ചു..

മാസമുറ തുടങ്ങുന്നതിന്റെ തലേ ദിവസങ്ങളിൽ അയാളെ കാണുവാനും കെട്ടിപ്പിടിച്ച് ഒരുപാട് സമയം സംസാരിച്ചു നിൽക്കുവാനും അവളാഗ്രഹിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വേദനിക്കുന്ന അടിവയറിന്റെ മാംസളതയിലേക്ക് അയാളുടെ വിരലുകൾ ഒരു മാന്ത്രിക സ്പർശമായി കടന്നു വന്നിരുന്നുവെങ്കിലെന്നാഗ്രഹിക്കുകയും അയാളെ നോക്കി വശ്യമായി പുഞ്ചിരിക്കുകയും ചെയ്തിരുന്നവൾ.

.മൗനത്തിന്റെ നീണ്ട തടവറയിലായിരുന്ന അയാൾ ഒന്നും കണ്ടിരുന്നില്ല. അതൊന്നും മനസ്സിലാക്കുവാനുള്ള ഗണിത സൂത്രങ്ങൾ അയാളുടെ പക്കലുണ്ടായിരുന്നില്ല.

പകരം തന്റെ ചത്ത കണ്ണുകൾ കൊണ്ടവളെ തുറിച്ചു നോക്കി നിന്നു. അപ്പോൾ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.  കാലുകൾ തളരുകയും വിയർപ്പ് ശരീരത്തെ ആഗിരണം ചെയ്യുകയും ചെയ്തിരുന്നു. അനീറ്റയ്ക്കൊന്നും മനസ്സിലായില്ല. മനസ്സിനെ സാന്ത്വനിപ്പിക്കാൻ അവൾ ആവതും ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.

പ്രണയം നാൾക്കുനാൾ വർദ്ധിച്ചു വരികയും നനഞ്ഞ പടക്കത്തെ ഉണക്കിയെടുത്ത് ഉഗ്രസ്ഫോടനത്തോടെ പൊട്ടിക്കാൻ എല്ലാ വഴികളും തേടുകയും ചെയ്തിരുന്നവൾ. ഒന്നും ഫലിച്ചില്ല. അവൾ നടന്നുവരുന്ന വഴികളിലെല്ലാം ഇരുമ്പ് മതിലുകൾ പണിത് അതിന്റെ കാവൽക്കാരനായി അയാൾ നിന്നു നിഷ്ക്രിയമായ നോട്ടങ്ങൾ മാത്രം ബാക്കിയായി. വിറയ്ക്കുന്ന ശരീരവും.

പാഴായിപ്പോയ മൂന്ന് വർഷങ്ങൾ. ഡിഗ്രിയുടെ അവസാന ക്ലാസ്സും കഴിഞ്ഞ് അറ്റൻഡർമാർ റൂമുകൾ താഴിട്ടു പൂട്ടുമ്പോഴും അയാൾ അവളെ നോക്കി നിന്നു. അവൾ അയാളുടെ മുൻപിലായി നടന്നു നീങ്ങുകയാണ്. കണ്ണുകൾ എത്തി ചേർന്നത് അവളുടെ. ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന വസ്ത്രത്തിലായിരുന്നു. എല്ലാം മറന്ന് അവളുടെ തടിച്ചു പുറത്തേക്ക് തള്ളിനിൽക്കുന്ന മാംസള ഭാഗങ്ങളുടെ ഭംഗിയെ പിന്തുടർന്നയാൾ ഒരൊച്ചിനെ പോലെ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു.

ഇടയ്ക്കെപ്പോഴോ പിന്തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് തന്റെ ശരീരത്തിനു നേരെ തിരിച്ചു വെച്ചിരിക്കുന്ന അവന്റെ കണ്ണുകളെയായിരുന്നു. സർവ്വവും വിവസ്ത്രമാക്കുന്ന കണ്ണുകൾ.

അന്നാദ്യമായവൾക്കവനോട് അറപ്പും വെറുപ്പും തോന്നി. പ്രണയത്തെ അവൾ ഹൃദയത്തിൽ നിന്നും പുറത്താക്കി അവിടം തൂത്ത് വൃത്തിയാക്കി വെച്ചു. അവന്റെ നൈമിഷിക കാഴ്ചകളിൽ നിന്നും അവൾ അകന്നകന്നു പോയി. അവൾ വെറുമൊരുമായ മായ കാഴ്ചകൾ മാത്രമായി അനിരുദ്ധിന്.

ഇപ്പോൾ ഇടയ്ക്കു ചില സമയങ്ങളിൽ ഒരു രാജകുമാരിയെപ്പോലെ അവന്റെ മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും അവൾ പുറത്തേക്കിറങ്ങി വരും. വേദനകൾ മാത്രം അവശേഷിപ്പിച്ചു കൊണ്ടവൾ മടങ്ങിപ്പോവുകയും ചെയ്യും. നഷ്ടപ്രണയമുണ്ടാക്കുന്ന വേദനയുടെ ആഴങ്ങളിൽ അവൻ നീന്തി തുടിച്ചു.

"അനീ വേഗം വരുമോനേ. നേരം വല്ലാതെ വൈകുന്നു' , പുറത്ത് നിന്നും അച്ചന്റെ ശബ്ദം അവന്നെ ഓർമകളിൽ നിന്നും ഉണർത്തി.

അയാൾ എഴുന്നേറ്റു.കണ്ണാടിക്കു മുൻപിൽ നിന്ന് മുടി ചീകവേ തലമുടിയെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന താരന്റെ വെളുത്ത പൊടി അയാളെ നോക്കി പല്ലിളിച്ചു കാണിച്ചു വസ്ത്രങ്ങൾ ഒരുവിധത്തിൽ ധരിച്ചയാൾ അച്ചനെ മുഖം കാണിക്കുവാൻ പുറത്തേക്കോടി.

വരാന്തയിൽ കാറിന്റെ ചാവിയും പിടിച്ച് അക്ഷമനായി നിൽക്കുകയായിരുന്നു അച്ചൻ.

കാറിലിരിക്കുമ്പോൾ അനിരുദ്ധിന് വീണ്ടും കൈകാലുകൾ വിറയ്ക്കാനാരംഭിക്കുകയും എ സി യുടെ തണുത്ത കാറ്റയാൾക്ക് കൂടുതൽ ഉഷ്ണമുണ്ടാക്കുകയും ചെയ്തു. മനസ്സിനെ വിറയൽ വിട്ടുമാറുന്നുണ്ടായിരുന്നില്ല. താൻ എത്താൻ പോകുന്ന സ്ഥലത്തെ ആൾക്കൂട്ടം വ്യാഘ്രത്തെ പോലെ വന്ന് തന്നെ ആക്രമിക്കുമെന്നും അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞുകിടക്കുകയാണെന്നും അയാളോർത്തു

അങ്ങനെയാണയാൾ ആ കല്യാണമണ്ഡപത്തിൽ എത്തിചേർന്നത്. അച്ചന്റെ പരിചയക്കാരും ബന്ധുക്കളും വന്ന് കൈകൾ പിടിക്കുമ്പോൾ കണ്ണുകൾ ഇറുക്കിയടക്കുകയായിരുന്നയാൾ. മനസ്സിലെ ലോല തന്ത്രികളുടെ താളം പിഴക്കുന്നുണ്ടായിരുന്നു.കാലുകളിലെ വിറയൽ കസേരയിലേക്ക് വ്യാപിച്ച് അതിനെ ആട്ടിയുലക്കുന്നുണ്ടായിരുന്നു. ചുറ്റും കൂർത്ത മുഖങ്ങളോടുകൂടിയ ഭീകരജീവികൾ .അവ അലറിക്കൊണ്ട് അയാൾക്കു നേരെ പാഞ്ഞടുത്തു. ഭയം എന്ന വികാരം ഇത്രയും രൂക്ഷമായി തന്നിലേക്കെത്തിയത് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണോ അതോ ഭൂമിയിലെ യാത്രയുടെ തുടക്കത്തിലെവിടെയോ വെച്ച് സംഭവിച്ചതാണോ?
അറിയില്ല അയാൾക്ക്.

ഓർമകൾ അയാളുടെ മനസ്സിനെ സ്ക്കൂളിലെ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയി. അയാളേക്കാൾ ഒരു പാട് മുതിർന്ന സഹപാഠികൾ.

കാരിരുമ്പിന്റെ കരുത്തുള്ളവർ .അവരുടെ ആർത്തട്ടഹാസങ്ങൾ എന്നും ഒരു നെരിപ്പോടായി അയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. ബന്ധങ്ങൾക്കു പകരം ബന്ധനങ്ങളാണവർ അയാൾക്കു പകുത്ത് നൽകിയത്.മുൾക്കിരീടമെടുത്ത് തലയിൽ ചൂടി കൈകാലുകൾ ചങ്ങലയാൽ ബന്ധിച്ച് അനിരുദ്ധിനെയെവർ ഒരു അഗാധ ഗർത്തത്തിൽ കൊണ്ട് പോയിട്ടു. നേരിയ നിലാവെളിച്ചത്തിൽ അയാൾ അവിടെ നിന്നും എഴുന്നേറ്റ് വേച്ച് വേച്ച് നടന്നു.

മനസ്സ് വീണ്ടും വർത്തമാന യാഥാർത്യത്തിലേക്ക് കടിഞ്ഞാണില്ലാത്ത കുതിര കണക്കെ തിരിച്ചു വന്നു. കല്യാണ മണ്ഡപത്തിൽ വധു വരൻമാർ അഗ്നിയെ സാക്ഷിയാക്കി തങ്ങളുടെ ജീവിതയാത്ര തുടങ്ങിയിരിക്കുന്നു. മനസ്സിനെ തളർച്ചയിൽ നിന്നും മാറ്റി നിറുത്താനാകുന്നില്ല. ഭീകരരൂപങ്ങൾക്ക് ഒന്നുകൂടി ഭയാനകത കൈവന്നിരിക്കുന്നു. അവ അയാളെ പിച്ചാനും മാന്തി പറിക്കാനും തുടങ്ങി. ചോര വാർന്നു തുടങ്ങിയ മാംസത്തിലവർ മുളക് വെള്ളം കോരി ഒഴിച്ചു കൊടുത്തു.

അസഹനീയമായ വേദന .മനസ്സിനും ശരീരത്തിനും. കൈകാലുകൾക്ക് വിറയൽ വല്ലാതെ കൂടിയിരിക്കുന്നു.അനിരുദ്ധ് ചുറ്റും പകച്ചു നോക്കി കൊണ്ട് ഉറക്കെ കരഞ്ഞു. എല്ലാ കണ്ണുകളും അയാൾക്കു നേരെയായി. ഒടുക്കമയാൾ കസേരയിൽ നിന്നുമെഴുന്നേറ്റ് മുൻപോട്ടേക്ക് കുതിച്ചു. അയാളുടെ പ്രയാണത്തെ ആർക്കും തടഞ്ഞു നിറുത്താനായില്ല.


അയാൾ എത്തി ചേർന്നത് കടലോരത്തായിരുന്നു. ആർത്തട്ടഹസിച്ച് കരയിലേക്കാഞ്ഞടുക്കുന്ന കൂറ്റൻ തിരമാലകൾ.അവയുടെ ഭംഗി കാണുവാൻ ഒരീച്ച പോലും അവിടെങ്ങുമില്ലായിരുന്നു.
പെട്ടെന്നാണത് സംഭവിച്ചത്.

കാലാവസ്ഥയാകെ മാറിയിരിക്കുന്നു. മുകളിൽ നിന്നും കിരാത ശബ്ദങ്ങൾ. ആർത്തട്ടഹാസങ്ങൾ. അവ അയാളെ ചകിതനാക്കി. ഭൂമിയെ ഇരുട്ട് വലയം ചെയ്തിരിക്കുന്നു. കടലിനെ പിളർത്തി കൊണ്ട് ആബേലച്ചൻ കരയിലേക്ക് കയറി വരുന്നത് വിഭ്രാന്തിയുടെ നിമിഷത്തിൽ അയാൾ കണ്ടു.

അയാളുടെ നാട്ടിലെ ഇടവകയിലെ ഫാദറായിരുന്നുവദ്ദേഹം. ആബേലച്ചൻ എപ്പോയാണ് അനന്തതയിൽ അഭയം പ്രാപിച്ചതെന്ന് അനിരുദ്ധിനറിയില്ല.

ഗ്രാമത്തിലെ ഇടവഴിയിൽ കൂടെ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തെ അയാൾ കാണാറുണ്ടായിരുന്നു. കുനിഞ്ഞ മുഖവുമായി ഒന്നും ഉരിയാടാതെ വിറയ്ക്കുന്ന കാലടികൾ കൊണ്ട് ഭൂമിയെ സ്പർശിച്ചയാൾ മുൻപോട്ടേക്ക് നടക്കും. അതിനപ്പുറം യാതൊരു ബന്ധവും അദ്ദേഹവുമായി അനിരുദ്ധിനുണ്ടായിരുന്നില്ല.

ഈറൻ വസ്ത്രങ്ങളുമായി ആബേലച്ചൻ മുൻപിൽ നിൽക്കുന്നു. ശാന്തതയാർന്ന മുഖം. താടിരോമങ്ങൾ അങ്ങിങ്ങായി നരച്ചു തുടങ്ങിയിട്ടുണ്ട്.

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' അഛൻ അനിരുദ്ധിനെ നോക്കി പറഞ്ഞു.

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെയെന്ന് തിരിച്ചു പറയുവാൻ അയാളുടെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു. നാവുകളിൽ നിന്നാ ശബ്ദം പക്ഷെ പുറത്തേക്ക് വന്നില്ല. ആബേലച്ചൻ കണ്ണുകളടച്ചു പിടിച്ച് അനിരുദ്ധിന്റെ തലയിൽ തലോടി.പിന്നെ കൈകൾ പിടിച്ചു മുൻപോട്ടേക്ക് നയിച്ചു. കടലിനെ അലങ്കരിച്ചു കൊണ്ട്പാറക്കല്ലുകൾ വിശ്രമിക്കുന്നു. അവിടെക്കാണയാൾ അനിരുദ്ധിനെ കൊണ്ട് പോയത്. ഞണ്ടുകൾ ഉമ്മവെച്ചു കളിക്കുന്നതും നോക്കി അനിരുദ്ധ് പാറക്കല്ലിൻമേൽ പോയിരുന്നു. ആബേലച്ചൻ തൊട്ടടുത്തുണ്ടായിരുന്നു. കടൽ അവരെ നോക്കി പുഞ്ചിരി തൂകി.

പറയൂ എന്താണ് നിന്റെ പ്രശ്നം. കണ്ണുകൾ ഈറനായിരിക്കുകയും മനസ്സ് വിഷാദത്തിൽ അലയടിക്കുകയും ചെയ്യുന്നുണ്ടല്ലോ?

ആബേലച്ചൻ അവനോട് ചോദിച്ചു.

ചോദ്യങ്ങൾക്കുത്തരമെന്നവണ്ണം അനിരുദ്ധ് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. ഒടുക്കം അയാൾ ആബേലഛനു മുൻപിൽ മനസ്സിന്റെ വാതായനങ്ങൾ തുറന്നു വെച്ചു. താളം പിഴച്ച ജീവിതവും തകർന്ന മനസ്സും അഛൻ കണ്ടു. അയാളുടെ മനസ്സിനെ പാകപ്പെടുത്താൻ ഇനിയൊരു വഴിമാത്രമേയുള്ളൂ. അച്ചൻ എഴുന്നേറ്റു.

വിറക്കുന്ന കാലുകളും വിയർത്തൊലിക്കുന്ന മുഖവുമായി നിൽക്കുന്ന അനിരുദ്ധിനെ ആബേലച്ചൻ തോളിലേറ്റി. തിരിഞ്ഞു കടലിനെ ലക്ഷ്യമാക്കി നടന്നു.

അനിരുദ്ധ് കാഴ്ചകൾ പലതും കണ്ടു.കടലിനടിയിലെ മത്സ്യകന്യകമാരുടെ കൊട്ടാരങ്ങളും അവരുടെ അന്തപുരവാതിലുകളും കണ്ടു. മുത്തു ചിപ്പികളും പവിഴങ്ങളും കണ്ടു. ഇണ ചേർന്നു കൊണ്ടിരിക്കുന്ന മീനുകളെ കണ്ടു. കന്യകമാർ കാമം നിറച്ച കണ്ണുകളുമായി വന്ന് ആബേലഛന്റെ തോളിൽ നിന്നും അനിരുദ്ധിനെ ഏറ്റുവാങ്ങി. കൊട്ടാരം നർത്തകിമാർ നൃത്തചുവടുകൾ വെച്ചു.കന്യകമാരുടെ കൊട്ടാരത്തിലേക്ക് കയറാൻ അനിരുദ്ധ് വലതുകാൽ മുൻപോട്ടെടുത്തു വെച്ചു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ