മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
  • MR Points: 0
  • Status: Ready to Claim

Bajish Sidharthan

പൂർവാശ്രമത്തിൽ "പൊത്തിൽ കുട്ടൻ" എന്ന നാമധാരിയും ഇപ്പോൾ ജ്ഞാനദീക്ഷ നേടി " ആത്മാനന്ദതീർത്ഥ" യായ മനുഷ്യദൈവത്തിന്റെ മുന്നിലെ മാർബിൾ നിലത്ത് ചമ്രം പടിഞ്ഞിരുന്നുകൊണ്ട് "പ്രഭ " എന്ന ദിവ്യപ്രഭ അരുളിചെയ്യാൻ ആവശ്യപ്പെട്ടത് 

"സ്വാമി എന്റെ ദാസേട്ടന്റെ മനസ്സിൽ ഏതെങ്കിലും സ്ത്രീകൾ ഈയിടെ കയറിപറ്റിയിട്ടുണ്ടോ... അവരിൽ അദ്ദേഹത്തിന് കൈവിഷം കൊടുത്തവർ ആരൊക്കെ.. ഒന്ന് വായിൽ വിരലിട്ടു ശർദ്ധിച്ചാൽ ഒഴിഞ്ഞുപോകുന്ന വിഷമാണോ ഇതൊക്കെ..."

എന്നുമായിരുന്നു.....

തൂറിയതിനും, പെടുത്തതിനുമൊക്കെ സ്വാമിയെക്കണ്ട് പ്രവചനം ആരായുന്ന ഒരു ശീലം ദിവ്യപ്രഭ കെ നായർ എന്ന കുഞ്ഞൻനായർ പോലീസിന്റെ 32 കാരിയായ മകൾ ആവർത്തിച്ച് പോരുന്നുണ്ട്.

സ്വന്തം തീരുമാനങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും താക്കോൽ അവൾ സ്വാമിയുടെ (പൊത്തിൽ കുട്ടന്റെ ) പൊത്തിൽ കൊണ്ടു വെച്ചിരിക്കുകയാണ് എന്നൊരിക്കൽ സുഗുണൻദാസ് എന്ന അവളുടെ 40+ഭർത്താവ് കളിയാക്കിയിരുന്നു. ". Every action has a reaction " എന്ന സയൻസിൽ വിശ്വസിക്കുന്നവനായിരുന്നു കേച്ചേരി ഹൈസ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ സുഗുണദാസ്.

അതായത് അവനവൻ ചെയ്യുന്ന കർമ്മത്തിനു അനുസരിച്ചു അവനവനു കിട്ടും, നല്ലതു ചെയ്‌താൽ നല്ലത് ചീത്തതു ചെയ്‌താൽ അത് തന്നെ, അല്ലാതെ ലോകത്തിലെ എല്ലാ ഉഡായിപ്പും കാണിച്ച് ദൈവത്തിന്റെ മുന്നിൽ ഭജനമിരിക്കുന്നവർക്കും വെട്ടുകല്ല് പൊടിച്ചിട്ട് അതിന്മേൽ മുട്ടുകുത്തിയിരുന്നു വേദനിച്ചു പ്രാർത്ഥിക്കുന്നവരേക്കാൾ ആരെയും ദ്രോഹിക്കാതെ തോട്ടിപ്പണി ചെയ്യുന്നവനിലാണ് ദൈവം പ്രസാദിക്കുക എന്ന്‌ ദാസ് ഉറച്ചു വിശ്വസിക്കുന്നു.....


വൈഷ്ണേയന്റെ എഴുത്തുകാരി

വാതിൽ തുറന്നപ്പോൾ മുന്നിൽ ഒരു വിടർന്ന ചെമ്പനിനീർ പൂവ് പോലെ അവൾ. പിങ്ക് നിറമുള്ള ധാവണിയിലും, കൈകളിൽ നേർത്ത സ്വർണ്ണകരയുള്ള കസവിന്റെ ബോർഡറുള്ള പിങ്ക് ജാക്കറ്റിലും പൊതിഞ്ഞു നിൽക്കുന്ന സുന്ദരി..

" വൈഷ്‌ണേയൻ സാറല്ലേ?", അവളുടെ ശബ്ദത്തിലുമുണ്ട് ചിലങ്കകിലുക്കം.

" ഗൗരിയല്ലേ....?

എന്റെ മറുചോദ്യം...

" അതേ.... ഞാൻ സാറിന്റെ നോവലുകളും, കഥകളുമൊക്കെ വായിക്കാറുണ്ട്. 'പുതിയ നോവൽ എഴുതാൻ തുടങ്ങുന്നു. ഒരു സഹായിയെ തേടുന്നു'... എന്ന പരസ്യം കണ്ട് വന്നതാണ് "

ഗൗരിയുടെ കണ്ണിൽ ഏറെ ആഗ്രഹിച്ച ഒരിടത്തു എത്തിപ്പെട്ട ഭാവങ്ങൾ..

"ഞാൻ ഈ പുഴക്കരയിലുള്ള വാടകവീട്ടിലുള്ള കാര്യം ഗൗരിയോട് ആരാ പറഞ്ഞത്?"

"സാറിന്റെ നോവലിന്റെ രണ്ടാംപേജിലുള്ള വീട്ടുവിലാസത്തിൽ ഞാൻ പോയിരുന്നു അപ്പോൾ അമ്മയാണ് പറഞ്ഞത് ഇവിടെ കാണുമെന്ന് " അതു പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറുചിരിയുണ്ടായി.

" ഗൗരി ഒറ്റയ്ക്കാണോ വന്നത്?

" അതേ..... എന്തേ..?

" ഇവിടെ പെൺകുട്ടികൾ ആരും ഇതു വരെ വന്നിട്ടില്ല. പിന്നെ സഹായി എന്ന് ഞാൻ ഉദേശിച്ചത്‌ എന്റൊപ്പം താമസിച്ചു. ഞാൻ പറയുന്ന എന്റെ നോവൽ പകർത്തി എഴുതാൻ നല്ല കൈയക്ഷരമുള്ള ഒരാളെയാണ്..., ഒരാണിനെയാണ്... "

ഗൗരി എന്നെ സാകൂതം ഒന്ന് ചുഴിഞ്ഞു നോക്കി. അവൾ എന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ എന്നെ മുട്ടിയുരുമ്മി കൊണ്ട് തന്നെ വീടിനകത്തേക്ക് കയറുകയും, നേരെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ ബാക്കിയുണ്ടായ പാലെടുത്തു വാൽപാത്രത്തിലൊഴിച്ചു ഇൻജെക്ഷൻ സ്റ്റൗവിൽ വെക്കുകയും, മിനിട്ടുകൾക്കകം രണ്ട് ചായക്കപ്പുകൾ നിറയ്ക്കുകയും മിഴിച്ചു നിന്ന എന്റെ മുന്നിലെ ടീപ്പോയിൽ എനിക്കു കുടിക്കാനുള്ള ചായക്കപ്പ് വെച്ച് അവൾക്കുള്ളത് കൈയിൽ പിടിച്ച് ഞാൻ ഇരിക്കാൻ മറന്നു പോയ എന്റെ സോഫയുടെ എതിരറ്റത്തിരുന്നു. 

" ഇരിക്കൂ.... മാഷേ...... " എന്ന് പറഞ്ഞു..

എന്നെ ശരിക്കും ഇരുത്തുകയും ചെയ്തു..

"ഏട്ടൻ ഇപ്പോ എഴുതാൻ പോണ നോവലിന്റെ പ്രമേയം എന്താ...?

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല

"സാറും മാഷുമൊക്കെ പോയി ഇപ്പോ ഏട്ടനായോ..?

ചായ ഊതികുടിച്ചുകൊണ്ടവൾ, " ഞാൻ അങ്ങനെയെ വിളിക്കൂ...  പിന്നെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അടുത്ത് ഞാൻ എന്റെ എല്ലാ സ്വാതന്ത്ര്യവും എടുക്കും. എന്നെ പോലുള്ള വായനക്കാരല്ലേ നിങ്ങളുടെ ശക്തി. പിന്നെന്തിനാ ഞാൻ ബലം പിടിച്ചു നിക്കണേ?

ഗൗരിയുടെ മുന്നിൽ എനിക്ക് മറുപടികൾ ഇല്ലായിരുന്നു. 

വീണ്ടും ഒഴിഞ്ഞ ചായക്കപ്പ്‌ ടീപ്പോയിൽ വെച്ച് കാലുകൾ ആട്ടി കൊണ്ട് ഗൗരിയുടെ ചോദ്യം, " പറയൂ എഴുത്തുകാരാ നിങ്ങളുടെ പുതിയ നോവലിന്റെ പ്രമേയം എന്താണ്‌?

ഞാൻ വിനീതനായി മൊഴിഞ്ഞു

"ഒരു പ്രണയമാണ്... "

"പ്രണയം എന്ന് പറയുമ്പോൾ ഒരാണും മറ്റൊരാണും തമ്മിലുള്ളത് ആണോ...?
"അല്ല സഹായിയായി ആണിനെയാണ് ഉദേശിച്ചത്‌ എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് "

ഞാൻ അസ്വസ്ഥനായി പോയി.

" ഒരിക്കലുമല്ല ഒരെഴുത്തുക്കാരൻ അയാളുടെ പ്രണയത്തേ കണ്ടെത്തുന്നതാണ്... " ഞാൻ...... പറഞ്ഞു

ഗൗരി ഒന്ന് നിവർന്നിരുന്നു. അവളുടെ മൊഴികൾ വീണ്ടും പെയ്തു

"ഇപ്പോ എങ്ങനെയുണ്ട്... ഒരു പ്രണയനോവൽ പകർത്തിയെഴുതാൻ എന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെയല്ലേ എന്റെ എഴുത്തുകാരാ നിങ്ങൾക്ക് വേണ്ടത്.. അല്ലേ...?

ഗൗരിയുടെ കൊത്തി വെച്ച ശിൽപ്പം പോലുള്ള ഇരിപ്പും, എന്റെ ആത്മാവിനെ ആഴത്തിൽ തൊടുന്ന നോട്ടവും, ഹൃദയത്തിൽ മധുമഴ പെയ്യിക്കുന്ന കള്ളചിരിയ്ക്കും, മുന്നിൽ ഞാൻ വിസ്മിതനേത്രനായി നിൽക്കുകയാണ്.

"ചായ കുടിച്ചു ഒന്നുഷാറാവൂ എഴുത്തുകാരാ. അല്ല ഏട്ടാ. എന്നിട്ട് പറയൂ..?

ഗൗരി ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഞാൻ ശരിക്കും എന്റെ എഴുത്തുമേശയിലേയ്ക്ക് തിരിച്ചു വന്നു. ഒപ്പം അവളും.

അവളുടെ വെളുത്ത നീളൻ കൈവിരലുകളും ,അവളിലെ ചന്ദനത്തിന്റെ മണവും. എന്റെ സർഗാത്മകകാമനകളെ ത്രസിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.

വിജനമായ പുഴക്കരയിലെ എന്റെ പുതിയ എഴുത്തുവീട്ടിൽ എന്നെ തേടി വന്നിരിക്കുന്ന അതിസുന്ദരിയായ എന്റെ വായനക്കാരി..

ലഹരിയേകുന്ന അവളുടെ സൗന്ദര്യം..

എഴുത്തുകാരന്റെ അവകാശം പോലെ ഞാൻ ഗൗരിയെ പൊടുന്നനെ എന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി.

അവളുടെ മൂർദ്ധാവിലും, കണ്ണുകളിലും, ചുണ്ടിതളുകളിലും ദീർഘമായി ചുംബിക്കുകയും ചെയ്തു..

ഗൗരി വേനലിൽ പെയ്യുന്ന വീട്ടുമുറ്റത്തെ മഴയിലേക്ക് ഇറങ്ങി നിൽക്കുന്ന കുട്ടിയെ പോലെ നിന്നു..

അവളെ എന്റെ എഴുത്തുമേശക്കരികിലെ കസേരയിൽ എനിക്കഭിമുഖമായി ഞാൻ ഇരുത്തി..

"സ്ത്രീകളും, പൂക്കളും എഴുത്തുകാരനെ ദൗർഭാഗ്യങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് ഗാബോവിനെ പോലെ ഞാനും വിശ്വസിക്കുന്നു "..

വിശ്വാസം വരാത്തത് പോലെ ഗൗരി...

" അപ്പൊ ഞാൻ മെർസിഡസിനെ പോലെ.. വേണം..ല്ലേ..?

" വേണ്ട.. ഞാൻ വൈഷ്‌ണേയനും, നീ ഗൗരിയുമാണല്ലോ." എന്ന് ഞാൻ..

"എന്നെ ഈ നോവൽ എഴുതി കഴിയും വരെ ഇവിടെ താമസിപ്പിക്കണം. എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഒരെഴുത്തിനൊപ്പമെങ്കിലും ഉടലും ഉയിരുമാവാനുള്ള തീവ്രമായ മോഹം കൊണ്ടാണ്...
എന്നെ പറഞ്ഞുവിടരുത്.. "

ഗൗരി കരയാൻ തുടങ്ങുകയാണ്..

" ഗൗരി.. എന്റെ പകർത്തിയെഴുത്തുക്കാരിയായി നീ.... "

എനിക്ക് മുഴുമിപ്പിക്കാൻ കഴിയും മുൻപേ
ഗൗരി ചുടുചുംബനങ്ങളാൽ എന്റെ മൊഴികളെ ബന്ധനത്തിലാക്കി..

എന്നിലെ എഴുത്തുകാരൻ സർപ്പസൗന്ദര്യമുള്ള ഒരു സുന്ദരിയുടെ തടവിൽ അകപ്പെട്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ഗൗരി എഴുത്തുമേശയിലേയ്ക്ക് ഒരു ഫ്ലവർവേസിൽ ഹിമകണം പേറുന്ന ചുവന്ന പനിനീർപൂമൊട്ടുകൾ കൊണ്ട് വെച്ചു...

എനിക്കെഴുതാനുള്ള വെള്ളകടലാസുകൾ..

എഴുത്തുപേനകൾ..

അവൾക്ക് പകർത്തിയെഴുതാൻ പാകത്തിൽ എന്റെ എഴുത്തുമേശക്കരികിൽ ഒരു പാഡും പേപ്പറുകളുമായി അവൾ ഒരിരിപ്പിടമൊരുക്കി.

" നമുക്ക് പുഴയുടെ തീരത്തൂടെ ഒന്ന് നടന്നു വന്നാലോ...?

ഞാൻ പറഞ്ഞതും

അവൾ ഇറങ്ങി വന്നു..

ഞങ്ങൾ പുഴയെ നോക്കി കുറേ നേരം നിന്നു. പിന്നെ അരികത്തെ മണൽതിട്ടയിലൂടെ കുറേ നടന്നു. പുഴയിലേക്ക് ചായുന്ന മാവിൻ ചില്ലയിൽ അവൾക്കാടാനായി ഒരൂഞ്ഞാൽ ഞാൻ കെട്ടി കൊടുത്തു. ഒരു നേർത്ത ഓണപ്പാട്ടിന്റെ ഈരടികൾ ചുണ്ടിൽ ചേർത്ത് ഗൗരി ആടുന്നു.

രാത്രിയായത് അറിഞ്ഞില്ല.ആകാശത്തു നിന്ന് ആവണിനിലാവ് ഞങ്ങൾക്കരികിലേയ്ക്ക് ഇറങ്ങി വന്നു. ബ്രഹ്മശിവക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ നിളയുടെ വെള്ളത്തിലും പ്രകാശിക്കുന്നത് ഞങ്ങൾക്ക് കാണാം. ആറ്റുവഞ്ചികൾ പൂത്തുനിൽക്കുന്ന മണൽപ്പരപ്പിലൂടെ വൈഷ്‌നേയനും ഗൗരിയും നടന്നു. നിലാവ് താഴുമ്പോഴും രണ്ടുപേരും ഉറങ്ങിയിട്ടില്ല. വൈഷ്ണേയന്റെ പകർത്തിയെഴുത്തുക്കാരി അയാളിൽ നിന്ന് വാർന്നു വീഴുന്ന അക്ഷരപ്രാവാഹങ്ങളെ അവളുടെ ആത്മാവിലേക്ക് തന്നെ പകർത്തിയെടുക്കുകയാണ്.

വൈഷ്‌ണേയൻ ഒന്നമദ്ധ്യായത്തിൽ ഇങ്ങനെ കുറിച്ചു..

"ഗൗരി വന്നില്ലായിരുന്നെങ്കിൽ... അയാൾ ഈ നോവൽ എഴുതുമായിരുന്നില്ല..
കാരണം ഗൗരിയില്ലാതെ
അതു പൂർത്തിയാകില്ല..
അവളാണല്ലോ കഥ കൊണ്ടുപോകേണ്ടത്.. അവളുടെയും...
അയാളുടെയും... "

പുഴക്കരയിലെ ആ വീട്ടിൽ അപ്പോൾ ചന്ദനത്തിന്റെ ഗന്ധവും, കാൽച്ചിലങ്കകളുടെ ശബ്ദങ്ങളും കൊണ്ട് മുഖരിതമായി.


സുഗുണദാസ് മഠത്തിപറമ്പിൽ

[10/4, 08:19

ആത്മാനന്ദതീർത്ഥയുടെ ആമ പോലുള്ള പാദങ്ങൾക്കു നേരെ മുഖം കുനിച്ചിരുന്ന ദിവ്യ പ്രഭ, സുഗുണദാസ് എന്ന ഭർത്താവ് എഴുതിയ ആ പ്രണയകഥ അത്രയും ആസ്വാമിയ്ക്ക് മുന്നിൽ നിവർത്തി

" സ്വാമി.... ഏതു ഗൗരിയാണ് എന്റെ ദാസേട്ടന്റ്റെ മനസ്സിൽ കയറികൂടിയിരിക്കുന്നത്...? അവളെ എങ്ങനെ എനിക്ക് പുറത്താക്കാൻ കഴിയും?

സ്വാമി പറഞ്ഞു....

"ഒന്നുകിൽ ദാസിന്റെ എഴുത്ത് എന്നന്നേയ്ക്കുമായി ഞാൻ ബ്ലോക്ക് ചെയ്തിടാം അല്ലെങ്കിൽ അയാളെ എഴുതി കൊണ്ടേയിരിക്കാനുള്ള പണി വെയ്ക്കാം.. "

പ്രഭ കൺഫ്യൂഷനിലായി...

" അയ്യോ സ്വാമി ദാസേട്ടന്റെ എഴുത്ത് നിൽക്കാൻ പാടില്ല, എഴുത്താണല്ലോ അദേഹത്തിന്റെ ഐഡന്റിറ്റി പക്ഷേ ഇനി പ്രണയം മാത്രമാണ് അദ്ദേഹം എഴുതുന്ന പ്രേമേയങ്ങൾ എങ്കിൽ എനിക്ക് നോവും "

സ്വാമി കൺഫ്യൂഷനിലായി..

" മോളെ പ്രഭേ... ഞങ്ങൾ മനുഷ്യദൈവങ്ങൾക്ക് ലിമിറ്റേഷൻസുണ്ട്.. ഒന്നുകിൽ ഉണ്ടാക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക അല്ലാതെ... ഒരെഴുത്തുക്കാരനെ കൊണ്ട് പ്രണയം എഴുതിക്കില്ല . രതി എഴുതാൻ പാടുപെടുത്തുക, സയൻസ് ഫിക്ഷൻ എഴുതാൻ വിടില്ല.. എന്ന രീതിയിലുള്ള ആഭിചാരരീതികളൊന്നും ഇതു വരെ ഞങ്ങളുടെ യൂണിയൻ കണ്ടുപിടിച്ചിട്ടില്ല... "

പ്രഭ തളർന്നു പോയി....

[10/5 /08:37]

:സ്വാമി പറഞ്ഞു..

" ഒന്നും നോക്കണ്ട ആ കഥയങ്ങു കീറി കളഞ്ഞേക്ക്... എന്നിട്ട് അങ്ങോരോട് പറ.. ഇമ്മാതിരി സാനം ഇനി എഴുതണ്ടാന്ന്.. അപ്പോ അങ്ങോര് കൊന്നിയ്ക്ക് ഒരെണ്ണം തന്നാ.. ഒറപ്പാ... സംഭവം ഡിങ്കോൾഫിയാ.. "

???

പ്രഭ സ്വാമിയേ മറി കടന്നു വീട്ടിലേയ്ക്ക് മടങ്ങി വന്നു.

അവൾക്ക് തലവേദന വന്നു..
അവൾ ബെഡിൽ തളർന്നു കിടന്നു..
?

ദാസ് വന്നപ്പോൾ പ്രഭയുടെ കണ്ണ് കലങ്ങിയത് കണ്ടു..

വലിയ സങ്കടങ്ങൾ അവളെ വലയം ചെയ്ത പോലെ..

ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..

ദാസ് എഴുത്തുകാരനെ പോലെ അവളെ കുറിച്ച് ചിന്തിച്ചപ്പോൾ അയാൾക്ക് ആത്മാനന്തതീർത്ഥയുടെ അരികിലേക്ക് എന്നും ഭർത്താവിനെ ചൊല്ലിയുള്ള ആശങ്കകളുമായി ചെല്ലുന്ന ഒരു പാവം വീട്ടമ്മ യെ കുറിച്ച് ഭാവന വന്നു.

ദാസ് തന്റെ ആ പുതിയ കഥയും കൊണ്ട് പ്രഭയുടെ അരികിലേക്ക് വന്നു..

അവളെ തന്നോട് ചേർത്തിരുത്തി പറഞ്ഞു..

" പ്രഭേ നീ എന്നോട് പൊറുക്കണം സർഗാത്മകത സജീവമാകുന്ന സമയങ്ങളിൽ എന്നിൽ മുള പൊട്ടുന്ന എഴുത്തിനു വിഷയങ്ങൾ ഞാൻ ബോധപൂർവ്വം കണ്ടെത്തുന്നതല്ല.. ഒരു സൃഷ്ടിയായി അത് ഉറവയിടുമ്പോൾ.. അയാൾ എഴുതുന്നു... എഴുത്തിനു ശേഷമാണ് അയാൾ പോലും അതിന്റെ ആശയമെന്തെന്നു തിരിച്ചറിയുക.."

08:57]

:പ്രഭ ഓർഗാനിക് കെമിസ്ട്രി തന്നെ പഠിപ്പിക്കുന്ന സുരേഷ് സാറിനെ പോലെ ദാസിനെ നോക്കി..

ദാസ് പറഞ്ഞു..

" വായനക്കാർക്ക് എഴുത്തിൽ പുതുമ നൽകാനുള്ള ശ്രമം എഴുത്തുകാർ അവരുടെ സൃഷ്ടികളിൽ നിരന്തരം തുടർന്ന് കൊണ്ടേയിരിക്കും... അല്ലെങ്കിൽ എഴുത്തുകാരന് തന്നെ എഴുത്തിൽ മടുപ്പ് തോന്നും..

എഴുത്തിന്റെ തനിയാവർത്തനങ്ങൾ അയാളെ ജീവിതത്തോട് പോലും വിരസതയുള്ളവനാക്കും.. "

ഞാൻ അതാണ്‌ ഇങ്ങനെ ഒരു കഥ.. എഴുതിയത്

പ്രഭയ്ക്ക് എല്ലാം മനസ്സിലായി...

അവൾ തന്റെ മാത്രം സ്വന്തമായി കരുതുന്ന അയാളെയും, അയാളിലെ എഴുത്ത്കാരനെയും, എഴുത്തിനെയും.. ഒരിക്കലും വേദനിപ്പിക്കില്ല..

പക്ഷെ പ്രഭ വളരെ ബുദ്ധിപരമായ ഒരു മറു ചോദ്യം ചോദിച്ചു സുഗുണദാസ് എന്ന എഴുത്തുകാരനെ ചിന്തിപ്പിക്കുക തന്നെ ചെയ്തു..

അതെന്താണെന്ന് നിങ്ങൾ വായനക്കാർ പറയണം..

എഴുത്തുകാരന്റെ ഭാഷയിൽ തന്റെ ഒരു പ്രണയകഥയെഴുത്തിനു ന്യായീകരണം നൽകിയ സുഗുണദാസ് എന്ന ഭർത്താവിനോട്‌ അയാളുടെ കുറവുകളും കൂടുതലുകളും, ആഴത്തിൽ അറിയുന്ന ദിവ്യപ്രഭ എന്ന അയാളെ സ്നേഹിക്കുന്ന ഭാര്യ എന്താണ് ചോദിച്ചിരിക്കുക..?

വായനക്കാർ ദയവായി ദിവ്യപ്രഭയുടെ പക്ഷത്തു നിന്ന് പ്രതികരിക്കുക..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ