ശ്രീധരൻ നായരും കുടുംബവും കാലങ്ങളായി ആ നാട്ടിൽ തന്നെയാണ് താമസം. നായർക്കറിയില്ല തന്റെ കുടുംബം ഏത് കാലത്താണ് ആ നാട്ടിൽ എത്തിചേർന്നത് എന്ന്. അപ്പനപ്പുപ്പൻമാരുടെ കാലം തൊട്ടേ അവർ
അവിടെ തന്നെയാണ് .ശ്രീധരൻ നായർ അമ്മയുടെ ഗർഭപാത്രത്തിൽ സിക്താണ്ഡമായി ഒട്ടിപിടിച്ചതും ഭ്രൂണമായി വളർന്നതും ഭൂമിദേവിയെ ആദ്യമായി കണ്ടതും എല്ലാം ഇവിടെ വെച്ചു തന്നെ.
പിന്നെ എപ്പോഴാണ് അയാൾ ചിലർക്ക് അന്യനായി മാറിയത്.?
മഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഒരു പ്രഭാതം. അയാൾ മൂടൽമഞ്ഞിനെ ആസ്വദിച്ച് നന്നെ സ്ട്രോങ്ങ് കുറഞ്ഞ ചായയും മൊത്തി കുടിച്ച് വരാന്തയിൽ അങ്ങനെ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് കാട്ടാളൻമാരെ പോലെ തോന്നിക്കുന്ന കുറച്ച് പേർ ആക്രോശങ്ങളുമായി ശ്രീധരൻ നായരെ തേടി വന്നത്.
അയാൾ അതുവരെ കാണാത്ത മുഖങ്ങൾ. ഭീവത്സമാണ് ഭാവം. കൈയ്യിൽ മാരകായുധങ്ങൾ. നായർ ആദ്യമൊന്ന് പേടിച്ചു.പിന്നെ സമചിത്തത വീണ്ടെടുത്തു. മുറ്റത്ത് കുട്ടംകൂടി നിൽക്കുന്ന അവരോട് തന്റെ സ്വതവേ ഉള്ള ശാന്തതയോടെ ചോദിച്ചു?
ആരാണ് നിങ്ങൾ. എന്ത് വേണം.? എന്തിനാണീ മാരകായുധങ്ങൾ. എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് സംസാരിച്ച് തീർക്കാമല്ലൊ?
അതിന് അവരുടെ മറുപടി കൊലച്ചിരി ആയിരുന്നു.
നേതാവ് എന്ന് തോന്നിക്കുന്നയാൾ മുൻപോട്ട് വന്നു. ഇളം കാറ്റിൽ ഒരു വല്ലാത്ത ദുർഗന്ധം അവിടെ പരന്നു.
അയാൾ തന്റെ കൈയ്യിലുള്ള വടിവാൾ നിലത്ത് കുത്തി കൊണ്ട് പറഞ്ഞു.
"നീയും നിന്റെ കുടുംബവും ഇവിടം വിട്ട് പോകണം.കാരണം ഇത് നിന്റെ മണ്ണല്ല. ഞങ്ങളുടെതാണ്. ഞങ്ങളാണിതിന്റെ അവകാശികൾ. ഇല്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നീ അനുഭവിക്കേണ്ടി വരും."
അത് കേട്ട് ശ്രീധരൻ നായർ ആകെ അങ്കലാപ്പിലായി. ഇതെങ്ങനെ ഇവരുടെ താവും. താവഴി ആയി തനിക്ക് കിട്ടിയ സ്വത്തുക്കൾ. അച്ചന്റെതായിരുന്നു സ്വത്ത്.അതിന് മുൻപ് മുത്തച്ചന്റെ. അങ്ങനെ തലമുറകൾ കൈമാറി വന്ന സ്വത്ത്. താനായിട്ട് ഒരു സെൻറ് പോലും വിൽക്കുകയോ പണയ പെടുത്തുകയോ ചെയ്തിട്ടില്ല.
പിന്നെങ്ങനെ?
തന്റെ മനസ്സിൽ ഉദിച്ച അതേ ചോദ്യം തന്നെ ശ്രീധരൻ നായർ അവരോടും ചോദിച്ചു.
നിന്റെ ചോദ്യങ്ങൾ, അതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല. നിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുവാനല്ല ഞങ്ങളിവിടെ വന്നതും. മരണമെന്ന മൂന്നക്ഷരങ്ങളെ കൂട്ട് പിടിക്കാനും പ്രണയിച്ച് മൂടി പുതച്ച് കിടക്കുവാനുമാണ് നീയാഗ്രഹിക്കുന്നതെങ്കിൽ നിനക്ക് ചോദ്യങ്ങൾ തുടരാം. ഉത്തരങ്ങൾ കിട്ടുമെന്നുള്ളത് നിന്റെ വ്യാമോഹങ്ങൾ മാത്രമാണ്. ഇപ്പോയത്തെ ചോദ്യത്തിനുള്ള ഉത്തരം തൽക്കാലം പറയാം.
നിന്റെ നൂറ്റാണ്ട് കൾക്കപ്പുറത്ത് ഉള്ള തലമുറകൾ, അവർ പുറംനാട്ട് കാരായിരുന്നു. ഏതോ ദേശങ്ങളിൽ നിന്നും പാലായനം ചെയ്ത് വന്നവർ. അവർ കൈവശപെടുത്തിയതാണീ മണ്ണ്'. ആ ദ്രോഹികൾ വരുന്നതിന് മുൻപ് ഞങ്ങളുടെ പൂർവ്വീകരായിരുന്നു ഇവിടുത്തെ താമസക്കാർ.
നേതാവ് വീണ്ടും ശ്രീധരൻ നായരോട് പറഞ്ഞു. നായരാകെ അങ്കലാപ്പിലായി. അയാൾ അവരെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയരാക്കി. ഹിറ്റ്ലറുടെയും ഗീബൽസിന്റെയും തനി പകർപ്പുകളാണ് മുൻ പിൽവന്ന് നിൽക്കുന്നത്. നുണയെ ഒരായിരം തവണ ആവർത്തിച്ച് പറഞ്ഞ് സത്യമാക്കുവാൻ കഴിവുള്ളവർ. അവരുടെ കൈയ്യിലെന്താണ് മെയിൻ കാംഫിന്റെ പതിപ്പുകളോ. നാട്ടിൽ കോൺസ്ട്രന്റെഷൻ ക്യാമ്പുകൾ തുടങ്ങാൻ തക്ക ശക്തിയുള്ളവർ. അവർക്ക് എന്തുമാവാം. കൈയ്യു ക്കിന്റെ ഭാഷ ആണവ ർ സംസാരിക്കുന്നത്.
പക്ഷെ അവർ പറയുന്നത് എനിക്കെങ്ങനെ സാധ്യമാക്കി കൊടുക്കുവാൻ സാധിക്കും. ഞാനെങ്ങോട്ട് പോവാൻ. ഇനി ഒരു വാദത്തിന് വേണ്ടി എന്റെ ഏതോ തലമുറ എവിടെ നിന്നോ വന്ന് ഇവിടെ താമസം ആരംഭിച്ചതാണ് എന്ന് കരുതുക.. വികലമാവാത്ത ചരിത്രം സത്യസന്ധതയോടെ മറിച്ച് നോക്കുമ്പോൾ നമുക്ക് കാണുവാൻ കഴിയുന്നതെന്താണ്.
പുണ്യപുരാണ കാലഘട്ടങ്ങ ൾ, മനുഷ്യ കുലം കുടുതൽ പച്ചപ്പുള്ള സ്ഥലങ്ങൾ അന്യേഷിച്ച് അലഞ്ഞ് നടന്നിരിക്കാം. തെക്കോട്ട് ഉള്ളവർ വടക്കോട്ടും പടിഞ്ഞാറ് ഉള്ളവൻ കിഴക്കോട്ടും വന്നിരിക്കാം. അന്ന് ദേശങ്ങൾക്ക് അതിരുകൾ ഇല്ലായിരുന്നുവല്ലോ?
ആ കാലത്തിലേക്ക് ഇനി തിരിച്ച് സഞ്ചരിക്കുവാൻ കഴിയുമോ?ഘടികാരത്തിലെ സൂചികളെ പിറകോട്ട് സഞ്ചരിപ്പിക്കുന്നതെങ്ങനെ?
ഭൂമിയും, ദേശങ്ങളും, നാം നമ്മുടെ സൗകര്യത്തിന് വേണ്ടി അതിരുകൾ കെട്ടിവെച്ചതല്ലെ? ഇതൊന്നും ആരുടെയും സ്വന്തം അല്ലല്ലോ? മനുഷ്യനെന്തിനാണ് അതിരുകൾ.മരിച്ച് മരവിച്ച് മണ്ണിലേക്കെടുത്ത് വെച്ചാൽ പിന്നെ എന്ത് അതിര്. ഇങ്ങനെ പോയി ശ്രീധരൻ നായരുടെ മനസ്സ്.
നായർ ഒരു പുൽക്കൊടിനാമ്പിന് പോലും ദ്രോഹം ചെയ്ത വ്യക്തി അല്ല. എല്ലാവരോടും പുഞ്ചിരി തൂകി മാത്രം സംസാരിക്കുന്ന ഒരു സാത്വികൻ.
അവർ വീണ്ടും ബഹളം കൂട്ടുവാൻ തുടങ്ങി.
"നീ ഇവിടം വിട്ട് പോയില്ലെങ്കിൽ ചുട്ട് ചാമ്പലാക്കുക തന്നെ ചെയ്യും ഞങ്ങൾ "
അവരുടെ അപസ്വരങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങി തുടങ്ങി.
മോഹങ്ങൾ, മോഹഭംഗ ങ്ങൾ, എല്ലാം അനുഭവിച്ച തന്റെ പ്രിയപെട്ട മണ്ണ്.അതിൽ നിന്നും ഇറങ്ങി കൊടുക്കണം എന്നാണ് രാക്ഷസ വംശത്തിൽ പിറന്ന ഇവർ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്.ഈ പറയുന്നതെമ്മാടിത്തരത്തെ ചോദ്യം ചെയ്യാൻ ആരുമില്ലെ?
ശ്രീധരൻ നായർ ചുറ്റ് പാടും കണ്ണോടിച്ചു.
എല്ലാം കണ്ട് ഭയന്ന് വിറച്ച് നിൽക്കുന്ന ആൾകൂട്ടം.
കുറച്ചകലെ ഒരു മരക്കൊമ്പിൽ കുറെ പേരെ കെട്ടി തൂക്കി ഇട്ടിരിക്കുന്നു. തന്റെ പ്രിയ സുഹൃത്ത് അവിരായും അവന്റെ മകൻ തോമസും മരത്തിൽ കിടന്നാടുന്നു. കണ്ണുകൾ തുറിച്ച് ദേഹമാസകലം അടി കൊണ്ട പാടുമായി .മറ്റ് ചിലരുടെ ശരീരത്തിൽ വെടിയുണ്ട തുളച്ച് കയറിയിരിക്കുന്നു.
അവരുടെ കൈകളിൽ പേനകൾ. ശരീരത്തിൽ നിന്നും രക്തതുള്ളികൾ ഇറ്റ് വീഴുന്നു.എല്ലാത്തിനും മൂകസാക്ഷിയായ മരം തണുത്ത് മരവിച്ച് നിൽക്കുന്നു. നിസ്സഹായതയുടെ നേർകാഴ്ചകൾ.
"കണ്ടോ നീ?"
മരക്കൊമ്പിനു നേരെ വിരൽ ചൂണ്ടി കൊണ്ട് അവർ പറഞ്ഞു. "പറയുന്നത് അനുസരിച്ചില്ലെങ്കിൽ അതേ ഗതി തന്നെയാണ് നിന്നെയും കാത്തിരിക്കുന്നത്. ഇത് ഞങ്ങളുടെ മണ്ണാണ് .ഞങ്ങളുടെത് മാത്രം.
ഒന്നുകിൽ നീ ഇവിടെ നിന്നും ഒഴിഞ്ഞ് പോവുക.. അല്ലെങ്കിൽ ഞങ്ങൾ പറയുന്നത് മാത്രം അനുസരിച്ച് ഇവിടെ കഴിഞ്ഞ് കൂടി കൊള്ളുക. അങ്ങനെ കഴിയണം എന്നുണ്ടെങ്കിൽ വീടിന് പുറത്തിറങ്ങാൻ പാടില്ല. നിന്റെ നാവുകൾ അത് കെട്ടിയിട്ടു കൊള്ളുക. കണ്ണുകൾ കറുത്ത തുണിയെടുത്ത് നീ കെട്ടിയിടണം."
നിങ്ങൾ എന്തിനാണ് ഇത്ര അധർമ്മകാരികളാവുന്നത്? ധർമ്മത്തെ അല്ലെ നാം സംരക്ഷിക്കേണ്ടത്. അധർമ്മത്തെ അല്ലല്ലോ? നമ്മുടെ പൈതൃകം. സംസ്ക്കാരം എല്ലാം നിലകൊള്ളുന്നത് ധർമ്മത്തിലൂടെയല്ലെ? ശ്രീധരൻ നായരുടെ മനസ്സ് അവരോട് പിറുപിറുത്തു.
പക്ഷെ അവരത് കേട്ടില്ല.
അവർ വീടിന് ചുറ്റും കിടങ്ങുകൾ കുഴിക്കുവാൻ ആരംഭിച്ചു.ആ കിടങ്ങിന് പുറത്തേക്ക് ശ്രീധരൻ നായർ ഇറങ്ങാൻ പാടില്ല എന്ന് അവർ താക്കീതും നൽകി.
മൂടൽമഞ്ഞ് വിടവാങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് ഭയാനക ശബ്ദങ്ങൾ. മറുവശത്ത് തേങ്ങ ലുകളും, നിലവിളികളും. മനസ്സിനെനിശ് ചലമാക്കുന്ന കാഴ്ചകൾ. എല്ലാം നഷ്ടപെട്ടവനെ പോലെ നായർ നിന്നു.
തന്റെ പൂർവ്വികർ സ്വതന്ത്ര്യത്തിന് വേണ്ടി രക്തം ചിന്തിയ മണ്ണ്. അവരുടെ ചോരയും മാംസതുണ്ടുകളും മനസ്സും ചിതറി വീണ മണ്ണ്.അതേ മണ്ണിന്റെ സൂചികൾ പിറകിലേക്ക് തിരിക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുന്നു.
വിഷവിത്തുകൾ പാകിയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ നീചമുഖങ്ങൾ എല്ലാം കണ്ട് കൈകൊട്ടി ചിരിക്കുന്നു.
എവിടെ നൻമയുടെ പൂക്കൾ.?
ശ്രീധരൻ നായർ ദയയ്ക്കായി ചുറ്റും തന്റെ കൈകൾ നീട്ടി. നൻമയുടെ മഹാവ്യക്ഷം തന്നെ ഉണങ്ങി പോയിരിക്കുന്നു. പിന്നെ എങ്ങനെ അതിൽ കായ്കൾ ഉണ്ടാവും.
അതിരുകളില്ലാത്ത ലോകം സ്വപ്നം കണ്ട കാറൽ മാർക്സ് അങ്ങകലെ നിന്നും വിതുമ്പി കൊണ്ടിരിക്കുന്നു.
സഹായിക്കാൻ ആരുമില്ലാ എന്ന തിരിച്ചറിവിൽ ശ്രീധരൻ നായർ താഴെക്കിരുന്നു.