മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Pearke Chenam

മഴ തിമിര്‍ത്തു പെയ്തുക്കൊണ്ടിരുന്നു. മേല്‍ക്കൂരയില്‍ നിന്നും ഊര്‍ന്നു വീഴുന്ന മഴവെള്ളത്തെ നോക്കി അയാള്‍ ചാരുകസേരയില്‍ അമര്‍ന്നു കിടന്നു. വീടിന്റെ അരികുപറ്റി ചാലുകളായി ഒഴുകുന്ന

ജലത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളപ്പോളകളെ നോക്കി ഊറി ചിരിച്ചു. പോളകള്‍ ഉതിരുകയും പൊട്ടിപ്പിളരുകയും ചെയ്തുക്കൊണ്ടിരിക്കുന്നത് കണ്ട് അയാള്‍ക്ക് ചിരിയടക്കാനായില്ല. അകത്ത് അയല്‍ക്കാരി നാണിയുമായി ഭാര്യ നാട്ടുവിശേഷങ്ങള്‍ പങ്കു വെയ്ക്കുകയായിരുന്നു. അയാളുടെ ഊറിയൂറിയുള്ള ചിരിയില്‍ ഭാര്യയ്ക്കു കൗതുകം തോന്നി. ഒരു തമാശ കാട്ടിത്തരാമെന്ന ആംഗ്യഭാവത്തോടെ നാണിയെ അവിടെയിരുത്തി അവള്‍ പുറത്തു വന്നു. ഇറയത്ത് ചാരുകസേരയില്‍ അമര്‍ന്നു കിടക്കുകയായിരുന്ന അയാളുടെ അരികില്‍ അവള്‍ കൗതുകത്തോടെ ഒരു നിമിഷം നോക്കി നിന്നു. ഏതോ മായാലോകത്തിലെന്നോണം അയാള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവള്‍ക്കും ആ വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിക്കാന്‍ മോഹമുണര്‍ന്നു. അവള്‍ അയാളെ തട്ടി വിളിച്ചു. അയാള്‍ ഞെട്ടിയുണര്‍ന്നെങ്കിലും ആനന്ദത്തിന്റെ വിസ്മയക്കാഴ്ചകള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. അയാളുടെ മുഖത്ത് അതിന്റെ തെളിച്ചം ഉണര്‍ന്നു നിന്നിരുന്നു.

ലോട്ടറിയടിച്ചതിന്റെ പണം ലഭിച്ചീട്ട് അധികം നാളായീട്ടില്ലായിരുന്നു. അതിന്റെ ആനന്ദം ഇനിയും വിട്ടൊഴിഞ്ഞീട്ടില്ലെന്ന് അവള്‍ കണക്കു കൂട്ടി. കൈ നിറയെ മോഹവലയങ്ങള്‍ തീര്‍ത്ത് തുള്ളിക്കിലുങ്ങുന്ന സ്വര്‍ണ്ണവളകളെ അവള്‍ കൗതുകത്തോടെ നോക്കി. അവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. മാറിലേയ്ക്കിറങ്ങി കിടക്കുന്ന കയറുപിരിയന്‍ മാലയില്‍ അവളറിയാതെ കൈവെച്ചു. പത്തു പവന്റെ മാല. സ്വപ്നത്തില്‍ പോലും അതു നിനച്ചിരുന്നതല്ല. ഒരൊറ്റ കോടിയല്ലേ അപ്രതീക്ഷിതമായി കയ്യില്‍ വന്നത്. അതിന്റെ ആനന്ദം അവളിലിപ്പോഴും നിറഞ്ഞു നിന്നിരുന്നു. അയല്‍ക്കാരെല്ലാം ഇടയ്ക്കിടെ അവളുടെ അടുത്ത് വരും. എല്ലാവര്‍ക്കും ഓരോരോ പ്രാരാബ്ധങ്ങള്‍ കെട്ടഴിക്കാനുണ്ടാകും. ചില ചില്ലറ സഹായങ്ങള്‍ ചോദിക്കാനുണ്ടാകും. ചെറിയ ചെറിയ സഹായങ്ങള്‍ എല്ലാവര്‍ക്കും ചെയ്തു കൊടുക്കും. അതു വഴി അയാളുടേയും അവളുടേയും മഹാമനസ്‌കത പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ രാധ മാത്രം ഒരു സഹായവും ചോദിച്ചു വന്നില്ല. അവളുടെ ഭര്‍ത്താവ്, രാമു, മരിച്ചതിന്റെ പ്രയാസം അവളെ ഇതുവരേയും വിട്ടൊഴിഞ്ഞിരുന്നില്ല. രാമു അയാളുടെ ഉറ്റ സുഹൃത്തായിരുന്നു. എന്തിനും ഏതിനും അയാളുടെ കൂട്ട് രാമുവായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ മഴക്കാലത്താണ് രാമു മരിച്ചത്. സാമ്പത്തിക ബാധ്യതകള്‍ ഏറെയുണ്ടായിരുന്നു. എന്നാലും ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടായിരുന്നുവോ... അവളതെപ്പോഴും ഒരു സമസ്യയായി സ്വയം തന്നോടുത്തന്നെ ചികഞ്ഞു ചോദിക്കാറുണ്ട്. പലപ്പോഴും രാമുവിന്റെ ആകസ്മികമായ വിയോഗത്തില്‍ അവള്‍ക്കു വേദന തോന്നാറുണ്ട്. അപ്പോഴെല്ലാം അവള്‍ തന്റെ ഭര്‍ത്താവിനോട് ചോദിക്കും. ''എന്തിനാ രാമു അങ്ങനെ ചെയ്തത്. പണിയെടുത്തു തീര്‍ക്കാവുന്ന ബാധ്യതകളല്ലേ ഉണ്ടായിരുന്നുള്ളൂ.'' അയാള്‍ നിസ്സംഗനായി പറയും. ''ങാ, ഓരോരുത്തരുടെ തലവിധി. അല്ലാതെന്താ പറയ്വാ...'' വീണ്ടും വീണ്ടും അതേപ്പറ്റി പറയാന്‍ ചെല്ലുമ്പോള്‍ അയാള്‍ക്കു ദേഷ്യം വരും. ''നീയൊന്നു പോകുന്നുണ്ടോ.'' അയാള്‍ തട്ടിക്കയറും. അവളപ്പോള്‍ പിന്മാറും. സ്വന്തം സുഹൃത്തിന്റെ മരണം അത്രയേറെ പ്രയാസപ്പെടുത്തുന്നുണ്ടാവാം. അവള്‍ കരുതും. പലപ്പോഴും അയാളില്‍ നിന്നും വാങ്ങുന്ന പണം രാധയ്ക്കു കൊടുക്കാനായി കൊണ്ടുപോകും. തിരിച്ചു വരുന്നതും നോക്കി അയാള്‍ കാത്തിരിക്കും. എത്തിയതും ചാടിക്കയറി ചോദിക്കും. ''എന്തു പറഞ്ഞു. കൊടുത്തതു വാങ്ങിച്ചോ?'' ഇല്ലെന്നു പറയുമ്പോള്‍ അയാളുടെ മുഖത്തു മ്ലാനത നിറയും. അവള്‍ പറയും. ''പ്രയാസപ്പെട്വൊന്നും വേണ്ട. നമ്മളു നമ്മളുടെ മര്യാദ ചെയ്തു. അവള്‍ക്കു താല്പര്യമില്ലെങ്കില്‍ വേണ്ട. അത്ര തന്നെ...'' രാമു മരിച്ചേപ്പിന്നെ എപ്പോഴും അയാളും മ്ലാനമായി ഒരേ ഇരിപ്പാണ്. പക്ഷെ ഇപ്പോള്‍ കുറേശ്ശേ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. മിഴികളിള്‍ തെളിച്ചം എപ്പോഴും നിറഞ്ഞു നില്‍ക്കുന്നതു കാണാം. ഇപ്പോഴത്തെ സന്തോഷത്തിന്റെ കാരണമറിയാന്‍ അവള്‍ക്കു തിടുക്കമായി. നാണിയും ആകാംക്ഷയോടെ അയാളെ ശ്രദ്ധിക്കുകയായിരുന്നു. അവള്‍ പതുക്കേ അയാള്‍ക്കടുത്തു കൂടി. അയാളിലപ്പോഴും ആ ഗൂഢസ്മിതം നിറഞ്ഞു നിന്നിരുന്നു.

''എന്തിനാ ചിരിക്കുന്നേ?'' അവള്‍ക്ക് ആകാംക്ഷയെ അടക്കി നിര്‍ത്താനായില്ല.

''ചിരിക്കാനെന്തിനാ കാരണങ്ങള്‍?'' അയാള്‍ നിറഞ്ഞ സന്തോഷത്തോടെ പ്രതിവചിച്ചു.

''എന്നാലും എന്തോ ഒന്നുണ്ട്...'' അവള്‍ കുത്തിക്കുത്തി അതു പുറത്തെടുക്കാന്‍ ആഗ്രഹിച്ചു.

''ഉണ്ട്. അതിലെന്താ സംശയം...'' അയാള്‍ കൂശലില്ലാതെ മറുപടി പറഞ്ഞു.

''അതെന്ന്യാ ഞാന്‍ തിരക്കുന്നത്.'' അതുകേട്ട് ഒരു ഉന്മത്തനെപ്പോലെ അയാള്‍ വീണ്ടും ചിരിച്ചു. ഒടുവില്‍ ആരോടെന്നില്ലാതെ അലക്ഷ്യമായി വിളിച്ചു പറഞ്ഞു.

''സാക്ഷ്യാണത്രേ... സാക്ഷി...'' പരിഹാസം നിറഞ്ഞ ഭാവത്തിലുള്ള അയാളുടെ പ്രതിവചനം എന്തെന്നു മനസ്സിലാകാതെ ഭാര്യ മിഴിച്ചു നിന്നു. അത് ആകാംക്ഷയെ വര്‍ദ്ധിപ്പിച്ചതല്ലാതെ ശമനമുണ്ടാക്കിയില്ല. ചടുലമായ ഉച്ഛ്വാസവായുവിനൊപ്പം അവളില്‍ നിന്നും ധിടുതിയില്‍ ചോദ്യമുയര്‍ന്നു.

''ആര്?'' അവള്‍ക്ക് ആകാംക്ഷയെ അടക്കി നിര്‍ത്താനായില്ല. അത് ആവര്‍ത്തിത ഗുണിതങ്ങളായി അവളില്‍ പെരുകിക്കൊണ്ടിരിക്കുകയായിരുന്നു.

''വെള്ളപ്പോളകള്‍... പോളച്ചുവര്വേം പൊട്ടിപ്പിളരേം ചെയ്യിണ ഈ വെള്ളപ്പോളകള്‍...''

''എനിക്കൊന്നും തിരിയിണ്ല്ല്യാ... ഒന്നു തെളിച്ച് പറയ്...''

''ആ ദാമുല്ല്യേ... കാറ്റു പോകാന്‍ നേരം അവനെന്നോടു പറഞ്ഞു. നീയിതിനനുഭവിക്കും. ഈ വെള്ളപ്പോളകള്‍ അതിന് സാക്ഷിന്ന്... എന്തു സാക്ഷി... വര്‍ഷം ഒന്നു കഴിഞ്ഞു ആരേങ്കിലും അതറിഞ്ഞോ?''

അവളൊന്നു പിന്‍മാറി. ഒരു ഞെട്ടലോടെ അതിനേക്കാളേറെ വിസ്മയത്തേടെ ചോദിച്ചു.

''അപ്പഴ് ദാമു കൊല ചെയ്യപ്പെട്ടതാ...'' അയാള്‍ യാതൊരു കൂശലുമില്ലാതെ മറുപടി പറഞ്ഞു.

''അതേ...'' രാധയുടെ സംശയങ്ങള്‍ എത്ര ശരി. അവളോര്‍ത്തു. പലപ്പോഴും രാധയോട് അങ്ങനെ ചിന്തിക്കരുതെന്ന് ഉപദേശിച്ചിരുന്നു. നല്ലവനായ രാമുവിനെ ആര്‍ക്കാണ് കൊല്ലാനാവുക. അത്രമാത്രം ദുഷ്ടത്തരമുള്ള ആരാണ് ഈ നാട്ടിലുളളത്. അതൊരു ആത്മഹത്യ തന്നെ... ഒരു പക്ഷേ രാധയറിയാത്ത എന്തെങ്കിലും പ്രയാസങ്ങള്‍ രാമുവിനുണ്ടായിരുന്നെങ്കിലോ... അതു മാത്രം രാധ എപ്പോഴും എതിര്‍ത്തിരുന്നു. ഞാനറിയാത്ത ഒരു പ്രശ്‌നങ്ങളും രാമുവിനില്ലെന്നവള്‍ ആണയിട്ടു. രാമുവിനെ കൊല്ലാന്‍ മാത്രം ദുഷ്ടനായ ഒരാള്‍ ആരാണിവിടെയുള്ളത്. അവളിലത് ഏറെ ആകാംക്ഷയുണര്‍ത്തി. ധിടുതിയില്‍ അവള്‍ പരിസരം മറന്ന് ചോദിച്ചു.

''ആരാ കൊന്നേ...'' അതു ചോദിക്കുമ്പോള്‍ അവള്‍ ദാമുവിനെ ഓര്‍ത്തു. എന്തു നല്ല മനുഷ്യനായിരുന്നു. ഏവരോടും സഹാനുഭൂതിയുള്ളവന്‍. ആര്‍ക്കും നന്മ മാത്രം ചെയ്യുന്നവന്‍. അങ്ങേരുടെ മരണത്തെ ഒരാള്‍ക്കും വിശ്വാസിക്കാനായില്ല. ശത്രുക്കളില്ലാത്ത ഒരു നല്ല മനുഷ്യന്‍ കൊല ചെയ്യപ്പെടാന്‍ മാത്രം യാതൊരു കാരണവുമില്ലായിരുന്നു. പലരും സംശയം പ്രകടിപ്പിച്ചതാണ്. രാധ അന്ന് അലമുറയിട്ടു കരഞ്ഞ് പറഞ്ഞുക്കൊണ്ടിരുന്നത് ഈ സംശയവും മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു. അവളുടെ മനസ്സിനകത്തിരുന്ന് രാമു പറയുന്നതുപ്പോലെ...

''ഈ ഞാന്‍, അല്ലാതാര്...'' അയാള്‍ അഹങ്കാരത്തോടെ ഒട്ടൊരാവേശത്തോടെ പറഞ്ഞു. ''എന്തിന്?'' ''അവനടിച്ച ലോട്ടറിയല്ലേ അത്. അതു ഞാന്‍ പിടിച്ചു വാങ്ങി. അതിന്റെ തെളിവു നശിപ്പിക്കാന്‍ അവനേം തട്ടി. അത്ര തന്നെ...'' ''മഹാപാപി... പണത്തിനായി സ്വന്തം കൂട്ടുകാരനെ...'' അവള്‍ ഷോക്കേറ്റതു പോലെ പുറകോട്ടു മറിഞ്ഞു. അകത്തെ മുറിയിലേയ്ക്ക് വെറുതേ ഒളിഞ്ഞു നോക്കി. നാണി അവിടെയില്ലായിരുന്നു. അല്പനിമിഷത്തിനു ശേഷം രാധയുടെ കരച്ചിലുയര്‍ന്നു. വിവരങ്ങള്‍ നാടു പരന്നു. വെള്ളപ്പോളകള്‍ അപ്പോഴും ഇറക്കാലി വെള്ളത്തില്‍ പതഞ്ഞുയരുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നുണ്ടായിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ