അന്‍സിയ ബസ്സിറങ്ങി പുറത്തേയ്ക്ക് നടന്നു. ഷാള്‍ തോളില്‍ നിന്നെടുത്ത് തലയിലേയ്ക്കിട്ടു. ശിരോവസ്ത്രം ധരിക്കുന്ന ശീലം പതിവില്ലെങ്കിലും പരിചിതമല്ലാത്ത സ്ഥലമായതിനാല്‍ ഒരു സുരക്ഷിതത്വമെന്ന
നിലയില്‍ അങ്ങനെ ചെയ്യാന്‍ തോന്നിയെന്നുമാത്രം. ബസ്സിറങ്ങി പടിഞ്ഞാറോട്ടുനടന്ന് ആദ്യം കാണുന്ന ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്ഥലമെത്തുമെന്നാണ് അടുത്ത വീട്ടിലെ മണിചേട്ടന്‍ പഠിപ്പിച്ചുതന്നത്. അതനുസരിച്ച് കുറേ നടന്നുകഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഒരു കിലോമീറ്ററിനുപകരം രണ്ടോ അതിലധികമോ നടന്നുതീര്‍ത്തെന്ന്. എങ്കില്‍ വഴിതെറ്റിയെന്നതുറപ്പ്. റോഡുകള്‍ കവലകളായും കവലകള്‍ അനേകമായി പിളര്‍ന്ന് പല വഴിയ്ക്കും ആനയിച്ചപ്പോള്‍ വരച്ചുതന്ന വഴികള്‍ നൂറ്റാണ്ടുകള്‍ക്കുപുറകില്‍ ഓടിയൊളിച്ചു. മുന്നേ ഇവിടം പരിചയമുള്ള മണിചേട്ടനാണ് വഴി വരച്ചുതന്നത്. അഞ്ചുവര്‍ഷം മുമ്പുവരെ അദ്ദേഹം ഈ ടൗണില്‍ ജോലി ചെയ്തിരുന്നു. നല്ല മനുഷ്യരാണ് ഒന്നും പേടിക്കാനില്ല എന്ന ഉപദേശവും അദ്ദേഹം നല്‍കിയപ്പോള്‍ നല്ല ആത്മധൈര്യത്തോടെയാണ് പോന്നത്. ഇപ്പോള്‍ ഏതുവഴിയായിരുന്നു തനിക്ക് തിരിയേണ്ടിയിരുന്നതെന്നതില്‍ സന്ദേഹമുണ്ടായി. വഴികളെല്ലാം തലവരപോലെ അതിസങ്കീര്‍ണ്ണമായിരിക്കുന്നു. കയ്യിലുള്ള അഡ്രസ്സ് എടുത്ത് ഒരു വഴിപോക്കനെ കാണിച്ചു. അയാള്‍ക്കറിയില്ലെന്ന് തലയുരുട്ടി കടന്നുപോയി. അടുത്തുകണ്ട ബസ് വെയ്റ്റിങ്ങ് ഷെഡ്ഢിലെ ബഞ്ചില്‍ കയറിയിരുന്നു.
സോഷ്യല്‍ മീഡിയ വഴി പരിചിതനായ ഇവിടത്തുകാരന്‍ ഒരു രമേശിനെയോര്‍ത്തു. ഫോണെടുത്ത് അതില്‍ നമ്പറുകള്‍ തിരഞ്ഞ് ബസ് സ്റ്റോപ്പിലെ കൈവരിയില്‍ ഇരുന്നു. അതെല്ലാം ശ്രദ്ധിച്ച് പലരും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ചിലരുടെ അടക്കം പറച്ചിലുകള്‍ തീരെ ഇഷ്ടപ്പെട്ടില്ല. അവരെ തലയുയര്‍ത്തി ഒന്നു കടുപ്പിച്ചു നോക്കി. അവര്‍ യാതൊരു കൂശലുമില്ലാതെ തുറിച്ചുനോക്കികൊണ്ട് അടുത്തു വന്നു ചോദിച്ചു.
''എന്താ ഇവിടെയിരിക്കുന്നേ?''
''ഒരു സുഹൃത്തിനെ കാത്തിരിക്ക്യാണ്.''
''ഞാന്‍ പറഞ്ഞത് ശരിയായില്ലേ?''
അയാള്‍ സുഹൃത്തിനു നേരെ തിരിഞ്ഞ് ഒരു ചോദ്യമിട്ടുകൊണ്ട് വേഗത്തില്‍ നടന്നുപോയി. എന്തായിരിക്കും അയാള്‍ എന്റെ യാത്രയെപ്പറ്റി അയാളുടെ സുഹൃത്തിനോട് പറഞ്ഞീട്ടുണ്ടാകുക. ആന്‍സിയയ്ക്ക് ഒന്നിലും ഒരെത്തുംപിടിയും കിട്ടിയില്ല. അവളതെല്ലാം വിട്ടുകൊണ്ട് വീണ്ടും സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ തിരഞ്ഞുകൊണ്ടിരുന്നു. അതിനിടെ മറ്റൊരുവന്‍ കയറി വന്നു ചോദിച്ചു.
''അയാളുതന്നെ വേണമെന്ന് എന്താണിത്ര നിര്‍ബന്ധം. ഞാനായാലും പോരെ?''
അയാളോട് അസഹ്യമായ വെറുപ്പുതോന്നി. തീഷ്ണമായി അയാളെ ഒന്നു നോക്കി. കാരിരുമ്പിന്റെ ഉള്ളം പോലും പിളര്‍ക്കാന്‍ അത് പര്യാപ്തമായിരുന്നു. അതില്‍ ഭയന്നീട്ടെന്നോണം അയാള്‍ മുഖത്തേയ്ക്കുകൂടി നോക്കാതെ സ്ഥലം കാലിയാക്കി. പിന്നെ തുടരെത്തുടരെ ആളുകള്‍ അതുവഴി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. അതൊന്നും വഴിപ്പോക്കരായിരുന്നില്ലെന്നത്. ആദ്യം വന്നവര്‍ മാറിമാറി ഓരോരുത്തരെയായി കൂട്ടിവന്ന് തന്നെ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്ന കാര്യം അപ്പോഴാണ് ബോധ്യം വന്നത്. എന്തിനായിരിക്കും. ഒന്നും തിരിഞ്ഞില്ല. ഓരോ നാട്ടിലെ ഓരോ സമ്പ്രദായങ്ങള്‍ അല്ലാതെന്തുപറയാന്‍. രമേശിന്റെ നമ്പര്‍ തിരഞ്ഞത് കണ്ടെത്താനായപ്പോള്‍ സന്തോഷം തോന്നി. വേഗം അയാളെ വിളിച്ച് ഒരു സഹായം ആവശ്യപ്പെട്ടു. അയാള്‍ വേഗം വരാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉമ്മ ചോദിച്ചിരുന്നു.
''അന്യനാട്ടിലേയ്ക്ക് തനിച്ച് എങ്ങനെ പോകും.''
''സോഷ്യല്‍ മീഡിയ ഇത്രയും ശക്തമായ ഇന്ന് എവിടെ പോകാനും എന്തിനാണ് ഭയപ്പെടുന്നത്?''
സോഷ്യല്‍ മീഡിയയില്‍ ഇടപ്പെടുകയും നാടുമുഴുവന്‍ അനേകം സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തീട്ടുള്ളതിന്റെ ഗര്‍വ്വോടെ ഉമ്മയോടങ്ങനെ തിരിച്ചു ചോദിച്ചു. ഉമ്മ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു. ഇന്റര്‍വ്യുവിനു പോകുന്ന മകള്‍ എത്രയും പെട്ടെന്ന് അതില്‍ പങ്കെടുത്ത് ഒരു ജോലി നേടി വരട്ടേയെന്ന് ആ ഉമ്മ അനുഗ്രഹിച്ച് യാത്രയാക്കി.
വിജനമായ പ്രദേശത്തെ ആ ബസ് സ്റ്റോപ്പില്‍ ആളുകള്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. നടന്നുള്ള വരവുകള്‍ക്ക് ശേഷം സ്‌കൂട്ടറുകളിലും ബൈക്കുകളിലുമായി പലരും അവിടെ വന്നുപോകാന്‍ തുടങ്ങിയപ്പോള്‍ അവിടത്തെ കാത്തിരിപ്പ് ഒരു പ്രശ്‌നമായി തോന്നി. അവരുടെ ചെന്നായ് കണ്ണുകളിലൂടെയുള്ള കടിച്ചുപറിക്കുന്ന നോട്ടങ്ങള്‍ അതിനേക്കാളേറെ അസ്വസ്ഥപ്പെടുത്തി. അല്പനേരത്തെ കാത്തിരിപ്പിനുശേഷം രമേശാണ് എന്ന് പറഞ്ഞ് ഒരാള്‍ ബൈക്കുമായി എത്തി. രമേശിനെ നേരില്‍ കണ്ടു പരിചയമില്ലാത്തതിനാല്‍ പറഞ്ഞ വാക്കുകളെ വിശ്വസിച്ച് അയോളോട് കാര്യങ്ങള്‍ പറഞ്ഞു. കമ്പനിയുടെ ലെറ്റര്‍പേഡില്‍ വന്നിട്ടുള്ള കത്ത് കാണിച്ചു കൊടുത്തു.
''ശരി, കയറിക്കോളൂ.'' അയാള്‍ ബൈക്ക് റൈഡിങ്ങിന് തയ്യാറാക്കി നിന്നു. അയാളുടെ പുറകില്‍ കയറി മുന്നോട്ടു പോയി. ഒരു മെരുക്കമില്ലാത്ത ഡ്രൈവിങ്ങായിരുന്നു അയാളുടേത്. ദേഹത്ത് പരസ്പരം കൂട്ടിയിടിയ്ക്കുന്ന വിധത്തില്‍ കുത്തിക്കുലുക്കിയായിരുന്നു അവന്റെ റൈഡിങ്ങ്. ഒരു വിധത്തില്‍ അതിനു പുറകില്‍ ബലമായി പിടിച്ചിരുന്നു. വഴി ഏറെ ദൂരം പോയിക്കാണും. റോഡുകള്‍ വിജനമാകാന്‍ തുടങ്ങി. അയാളോട് ചോദിച്ചു.
''ഇനിയെത്ര ദൂരം പോകണം.''
''ഇതാ, എത്താറായി.''
അയാള്‍ വീണ്ടും റേയ്‌സ് ചെയ്ത് വിട്ടു. ആ സമയത്ത് സെല്‍ഫോണ്‍ ഒച്ച വെച്ചു. ഒരു കൈകൊണ്ട് വണ്ടിയെ പിടിച്ച് മറുകൈകൊണ്ട് ഫോണ്‍ എടുത്തു.
''ആന്‍സിയ ഞാന്‍ ബസ് സ്റ്റോപ്പില്‍ എത്തിയിട്ടുണ്ട്. നീ എവിടെയാണ്.''
''ആരാണ്...''
''ഞാന്‍ രമേശ്.''
''രമേശാണെന്ന് പറഞ്ഞു വന്ന ഒരാളിന്റെ വണ്ടിയില്‍ ഞാന്‍ പോയിക്കൊണ്ടിരിക്കുകയാണല്ലോ...''
''എവിടെയാണ്.''
''അറിയില്ല.''
മറ്റു കാര്യങ്ങള്‍ ചേദിച്ചറിയുന്നതിനുമുമ്പേ ഫോണ്‍ ഡിസ്‌കണക്റ്റഡ് ആയി. വണ്ടി അപ്പോള്‍ കൂടുതല്‍ വിജനമായ ഒരു ഫാം ഹൗസിലേയ്ക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. വണ്ടി ഓടിച്ചുകൊണ്ടിരുന്ന ആളോട് ചോദിച്ചു.
''നിങ്ങള്‍ ആരാണ്.''
''നീ തേടി വന്ന ആളുതന്നെ...''
''ഞാന്‍ ആരേയും തേടി വന്നതല്ല. എനിക്കൊരു ഇന്റര്‍വ്യു ഉണ്ട്. അതിനു പോകാനായി വന്നതാണ്. വഴിയറിയാതായപ്പോള്‍ ഇവിടെയുള്ള സുഹൃത്തിനെ വിളിച്ചെന്നേ ഉള്ളൂ.''
''അതു സാരമില്ല. വഴിയെല്ലാം ഞാനും കൂട്ടുകാരും കാണിച്ചു തരാം.''
പുറകിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കുറേ പേര്‍ പല വണ്ടികളിലായി വരുന്നുണ്ടായിരുന്നു. ഭയം പെരുകി വരാന്‍ തുടങ്ങി. വെപ്രാളപ്പെട്ട് ബഹളം വെച്ചു.
''വണ്ടി നിര്‍ത്തണം.''
''നിര്‍ത്താം. അല്പം കൂടി കഴിഞ്ഞാല്‍ സ്ഥലമെത്തി.''
''ഇല്ല. ഇവിടെ നിര്‍ത്തണം.''
അയാള്‍ വണ്ടിയുടെ വേഗത കൂട്ടുകയാണ് ചെയ്തത്. ഭയന്നു വിറച്ച് എന്തു ചെയ്യണമെന്നറിയാതെ നിശ്ചലയായിപോയ നിമിഷങ്ങളായിരുന്നു. വണ്ടിയില്‍ നിന്നും ചാടിയാലും ഓടി രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. പുറകേ വരുന്ന വണ്ടിക്കാര്‍ ഇവന്റെ കൂട്ടുകാര്‍ തന്നെയായിരിക്കണം. ഫാം ഹൗസിലേയ്ക്ക് തിരിയുന്ന വഴിയുടെ അടുത്തെത്തിയപ്പോള്‍ ഒരു ജീപ്പ് എതിരെ വരുന്നതു കണ്ടു. ഇതുതന്നെ അവസരം. ജീപ്പിനുമുന്നിലേയ്ക്കായി ബൈക്കില്‍ നിന്നും എടുത്തുചാടി. ഒരു കാലിലൂടെ ജീപ്പിന്റെ പിന്‍ചക്രം കയറിയിറങ്ങി. ബൈക്കുകാരന്‍ നിര്‍ത്താതെ വാഹനം ഓടിച്ചുപോയി. പുറകെ വന്നിരുന്നവര്‍ വേഗം തിരിച്ചുപോയി. എതിരെ വന്ന വാഹനം ഒരു പോലീസ് ജീപ്പായിരുന്നു. അവര്‍ ജീപ്പില്‍ കോരിയിട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പോകും വഴി അവര്‍ എന്തൊക്കെയോ ചോദിച്ചു. ഒന്നിനും ഉത്തരം പറയാനായില്ല. അതിനുമുന്നേ അബോധാവസ്ഥയിലേയ്ക്ക് ഊളിയിട്ടിരുന്നു.
മിഴി തുറക്കുമ്പോള്‍ ഒരു യുവാവിനെ പോലീസ് കൊണ്ടു വന്നിട്ടുണ്ട്. ആളെ മനസ്സിലായില്ല. പോലീസുകാര്‍ പറഞ്ഞു.
''തന്റെ ഫോണിലേയ്ക്ക് അവസാനമായി വിളിച്ചത് ഇയാളായിരുന്നു.''
''സര്‍, ഇയാളല്ല എന്നെ തട്ടിക്കൊണ്ടുപോയത്. ഇയാളെ സഹായം തേടി ഞാനാണ് വിളിച്ചത്. ഇയാളെത്തുന്നതിനും മുന്നേ ഇയാളാണെന്ന പേരില്‍ എന്നെ അവര്‍ തട്ടികൊണ്ടുപോകുകയായിരുന്നു.''
പോലീസ് ഫോണ്‍ കോളുകള്‍ എല്ലാം പരിശോധിച്ച് പറഞ്ഞതെല്ലാം ശരിയാണെന്ന് സ്വയം ബോധ്യപ്പെട്ടപ്പോള്‍ അയാളോട് ക്ഷമ ചോദിച്ചു.
''ഒരു പരാതി എഴുതി തരൂ. ഞങ്ങള്‍ അവരെ കണ്ടു പിടിച്ചോളാം.''
പ്ലാസ്റ്ററിട്ട കാല്‍ നീട്ടിവെച്ച് കിടക്കയില്‍ ചരിഞ്ഞിരുന്ന് എഴുതി തയ്യാറാക്കിയ പരാതി പോലീസുകാര്‍ക്ക് കൈമാറി. രമേശ് അടുത്തു വന്ന് ചോദിച്ചു.
''ഞാനെന്താ ചെയ്തുതരേണ്ടത്... വീട്ടുകാരെ അറിയീക്കട്ടേ...''
''വേണ്ട. ഉമ്മ പേടിയ്ക്കും. ഒരു വണ്ടി പിടിച്ച് വീട്ടില്‍ പോകാന്‍ ഒന്നു സഹായിച്ചാല്‍ മതി.''
''അപ്പോള്‍ ഇന്നത്തെ ഇന്റര്‍വ്യൂ.''
''ആ ചാന്‍സ് പോയി. എന്നാലും ജീവന്‍ കിട്ടീലോ, അതുതന്നെ വലിയ കാര്യം.''
കാലിലെ എല്ലുപൊട്ടിയതല്ലാതെ തനിയ്ക്ക് മറ്റൊന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.