(ഉമ)
വന്നവർ ഓരോരുത്തരായി പിരിഞ്ഞു പോയി. പോകുംമുൻപ് അവരവരുടെ ഭാവനയ്ക്കനുസരിച്ച് മനസ്സിനെ തൃപ്തിപ്പെടുത്താൻ മറന്നില്ല. അതിനിടയിൽ മുണ്ടിന്റെ കോന്തല കൊണ്ട് മൂക്കു പിഴിഞ്ഞ് സരസ്വതി ശങ്കരന്റടുത്തെത്തി പരിഭവക്കെട്ടഴിച്ചിട്ടു. എന്നാലും എന്റെ ശങ്കരേട്ടാ, അവളീ കടുംകൈ ചെയ്തല്ലൊ? പൊന്നേ തേനേന്ന് വച്ച് വളർത്തിയതല്ലെ? ഈ മനസ്സ് നോവീച്ചേന് കൊണം പിടിക്കത്തില്ല.
നിർവ്വികാരനായിരുന്ന ശങ്കരന്റെ ഉള്ളൊന്നാളി. ദയനീയമായി സരസ്വതിയെ നോക്കി. കണ്ടു നിന്ന പൊന്നമ്മ പറഞ്ഞു. "സരസ്സുവെ പോവാൻ നോക്ക്. പുരകത്തുമ്പം വാഴവെട്ടല്ലെ?"
രണ്ടു പേരും ശങ്കരന്റെ സഹോദരിമാരാണ്. സരസ്വതി കിട്ടാത്ത മുന്തിരി പുളിപ്പിച്ചതിന്റെ സമാധാനത്തോടെ പിൻവാങ്ങി.
എന്നാലും ആ കൊച്ചിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, രാവിലെ പോകുമ്പം പോലും ഒരുഭാവമാറ്റോമില്ലാതെ പെരുമാറാനെങ്ങനെ കഴിഞ്ഞു? അയൽവാസി ശാരദ പിറുപിറുത്തു. അവളുടെ നെഗളിപ്പ് കണ്ടപ്പൊഴെ ഞാൻ വിചാരിച്ചതാ ഇങ്ങനെ വരൂന്ന്. തൊട്ടടുത്തു നിന്ന കമലമ്മ പിൻതാങ്ങി.
എല്ലാം കേട്ട് കണ്ണുകൾ കാട്ടരുവിയാക്കിയ സുഭദ്ര നെഞ്ചു പൊട്ടി കരയുന്നുണ്ടായിരുന്നു.
കുറെ നേരം പറഞ്ഞു മടുത്ത പോലെ എല്ലാവരും പിരിഞ്ഞു പോയി. എല്ലാത്തിനും തിരികൊളുത്തിയ ഗോപി വേലിക്കൽ പടർന്ന കിഴുക്കുത്തി മുല്ലയ്ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. സരസ്വതിയുടെ ഒറ്റപ്പുത്രനാണ് ഗോപി. നാട്ടുകാരുടെ കണ്ണിലെ കരടായ "കരിങ്കണ്ണൻ ഗോപി". ഗോപിയോടാകെ സ്നേഹത്തിൽ പെരുമാറിയിരുന്നത് മുറപ്പെണ്ണായ അശ്വതി മാത്രമായിരുന്നു. രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പ് വരെ അശ്വതി എന്ന അച്ചൂട്ടിക്ക് കൂട്ടായി പോവുകയും അതു കഴിഞ്ഞാൽ മറ്റുള്ളവരുടെ ശാപം ഏറ്റുവാങ്ങലും മാത്രമായിരുന്നു ഗോപിയുടെ ജോലി. ഗോപി എന്തിലെങ്കിലും നോക്കി നാവനക്കിയാൽ അതോടെ അതിന്റെ നാശമാണെന്ന് നാട്ടുകാർ വിശ്വസിച്ചു. എട്ടാം ക്ലാസ്സിൽ തന്നെ പഠിത്തം നിർത്തേണ്ടിവന്നതും ഈ കഴിവുകൊണ്ടാണ്. സ്ക്കൂളിലെ പ്രിൻസിപ്പളായിരുന്ന ശോശാമ്മ ടീച്ചറിനെ നടുവിടിപ്പിച്ച് വീഴ്ത്തി കിടപ്പിലാക്കിയ വകയിൽ സ്ക്കൂളിൽ നിന്നു തന്നെ പുറത്താക്കി. ഏണിക്കാലുപോലെയുള്ള ചെരുപ്പിൽ കുണുങ്ങുക്കുണുങ്ങി നടന്നു പോയ ശോശാമ്മ ടീച്ചറെ സൂക്ഷിച്ചു നോക്കി പറഞ്ഞു ആ ചെരിപ്പൊന്ന് ചരിഞ്ഞാലെന്തു രസമായിരിക്കും എന്ന്. പറഞ്ഞു നാവെടുത്തില്ല, പടിയിറങ്ങിക്കൊണ്ടിരുന്ന ശോശാമ്മ ടീച്ചർ നടുവിടിച്ച് നിലത്ത്.
കൂടെയിരുന്ന ഉണ്ണിയാണ് ചതിച്ചതെന്ന് ഗോപി. അവൻ പറഞ്ഞില്ലെങ്കിൽ ആരും അറിയില്ലായിരുന്നു ആ രഹസ്യം. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട ഗോപിക്ക് ആകെ ആശ്വാസം അമ്മാവൻ ശങ്കരനും അച്ചൂട്ടിയുമായിരുന്നു. ആരും ആട്ടിയോടിക്കാത്ത ഒരേ ഒരു വീട്. ഇന്നിപ്പോൾ അവിടേക്ക് പോകാൻ അവന് ഭയമായിരിക്കുന്നു.
ഏതോ ഒരു വെളിപാട് പോലെ അടുത്തിരുന്നു സമാധാനിപ്പിച്ചുകൊണ്ടിരുന്ന പൊന്നമ്മയെ തള്ളിമാറ്റി സുഭദ്ര എണീറ്റകത്തേക്കോടി. 'നാത്തൂനെ' എന്ന് വിളിച്ച് പൊന്നമ്മ പിറകാലെ.
അശ്വതിയുടെ മുറിയിലെത്തി എല്ലാം വാരിവലിച്ചു നോക്കി. ഒന്നും കാണുന്നില്ല. ഏയ് അവളങ്ങനെ ചെയ്യില്ല. പൊന്നമ്മയെ കെട്ടിപ്പിടിച്ച് വീണ്ടും കാട്ടരുവിയായി സുഭദ്ര.
ഗോപി പറഞ്ഞത് ശരിയാണോ? അവനെന്തിന് കള്ളം പറയണം. അവനല്ലെ അവളുടെ കൂട്ടുകാരൻ. സമപ്രായക്കാരും കളിക്കൂട്ടുകാരുമല്ലെ. എട്ടാം ക്ലാസ്സിൽ പഠിത്തം നിർത്തിയ അവനെ പത്താംക്ലാസ്സ് വീട്ടിലിരുന്ന് പഠിക്കാൻ സഹായിച്ചതും, ഇംഗ്ലീഷ് നന്നായി പറയാനും വായിക്കാനും, എന്തിന് ഏതു കാര്യം ചോദിച്ചാലും മറ്റുള്ളവരെ വാപൊളിപ്പിച്ച് നിർത്താനും കരുത്തുറ്റവനാക്കിയത് അച്ചുവാണ്. അശ്വതി പറയുന്നത് ബയോടെക്നോളജിയിൽ ബിരുദാനന്തരബിരുദം നേടിയ അവളെക്കാൾ അറിവ് ഗോപിക്കാണെന്നാണ്.
'കരിങ്കണ്ണൻ ഗോപിയോട്' ആ കാര്യത്തിൽ സമപ്രായക്കാർക്കും, മുതിർന്നവർക്കും എല്ലാം ബഹുമാനമാണ്. അവന്റമ്മ സരസ്വതി എപ്പോഴും പറയും ആ ശോശാമ്മ ടീച്ചർ കാരണമാണ് അവന്റെ ഭാവി ഇരുളടഞ്ഞതെന്ന്. അല്ലെങ്കിൽ കരിങ്കണ്ണൻ ഗോപി ഇന്നെവിടെയോ എത്തുമായിരുന്നു എന്ന്.
ഒപ്പം ഒരു പ്രാക്കും, "ആ മുടിഞ്ഞവൾ നശിച്ചു പോവത്തെ ഒള്ളു". അതാണ് സരസ്വതിയുടെ ഏക ആശ്വാസം.
കരിങ്കണ്ണന്റെ ഭാവിയില്ലാതാക്കിയതിൽ ശോശാമ്മ ടീച്ചറിനും വല്ലാത്ത വിഷമം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതൊക്കെയാണെങ്കിലും അച്ചൂന് കൂട്ടുപോകലല്ലാത്ത ഒരു പണിയും ചെയ്യാൻ അവനിഷ്ടമല്ല.
ആരാമം എന്ന കൊച്ച് സ്വർഗ്ഗം ഇപ്പോൾ ഒരു മരണവീടു പോലെയാണ്.
ചുറ്റിനും കട്ടപിടിച്ച ഇരുട്ടിന് ശക്തി കൂടിക്കൂടി വരുന്നു. ഗോപിയുടെ കണ്ണുകൾ പൂച്ചെടികൾക്കിടയിലൂടെ ഒളിച്ചു നോക്കുമ്പോഴും ഹൃദയം വേദനയാൽ പിടയുന്നുണ്ടായിരുന്നു. അച്ചൂന് എന്തു പറ്റിയിട്ടുണ്ടാകും?
ആലോചിച്ച് നിൽക്കുമ്പോഴേക്കും സുഭദ്ര ഒരു കൊടുങ്കാറ്റു പോലെ വികാരവിക്ഷോഭത്താൽ വിറങ്ങലിച്ച ശങ്കരന്റടുത്തേക്ക് പറന്നെത്തി.
ശങ്കരേട്ടാ, നിങ്ങൾ കേട്ടതെല്ലാം വിശ്വസിച്ചോ? നമ്മുടെ മോൾ അങ്ങനെ ചെയ്യുമോ? ഒന്നെഴീച്ചേ, നമുക്കിപ്പം തന്നെ പോലീസ്റ്റേഷനിലേക്ക് പോണം.
ഒന്നും മിണ്ടാതിരുന്ന ശങ്കരനെ കുലുക്കി വിളിച്ചവൾ ഒച്ചയിട്ടു.
"ഞാനാണ് അവളെ വളത്തിയത്. എനിക്കറിയാം എന്റെ കുട്ടിക്കെന്തോ അപകടം പറ്റീതാകും".
അത് കേട്ടതും ശങ്കരൻ ചീടിയെണീറ്റു. നാവാട്ടം നിന്ന നാവ് ചലിച്ചു. അതേ അതാവും. അവൾ നമ്മുടെ മകളാണ്. അവൻ കള്ളം പറഞ്ഞതാവും. പോകാം... പോലീസ് സ്റ്റേഷനില്ക്ക്.
അത് കേട്ടതും ഗോപീടെ നെഞ്ചു കത്തി. ഇനി? എവിടേയ്ക്കെങ്കിലും ഓടി ഒളിക്കണം എന്ന് മനസ്സാഗ്രഹിച്ചിട്ടും കാലുകൾ ചലനമില്ലാതെ ഉറച്ചു പോയി. വേണമെന്ന് വച്ച് ചെയ്തതല്ല. അവളെ എന്നും ചേർത്തു നിർത്തണം എന്ന തോന്നലിൽ പെട്ടെന്നുണ്ടായ ആവേശത്തിൽ ചെയ്തതാണ്. വെപ്രാളത്തിനിടെ എന്തു പറ്റിയെന്ന് നോക്കിയില്ല. ഇവിടെ വന്നൊരു കള്ളം പറഞ്ഞപ്പോൾ പുറമെ ആശ്വസിച്ചെങ്കിലും ഉള്ളു പിടയ്ക്കുന്നുണ്ട്. അവളെന്റെ ജീവനാണ്. എന്നിട്ടും...
ശങ്കരൻ പറഞ്ഞു, അവളെ ആർക്കും അപകടപ്പെടുത്താൻ പറ്റില്ല. കരാട്ടെ ബ്ലാക്ക് ബെൽറ്റല്ലെ? ആരെങ്കിലും ചതിച്ചതാവും... മ്ം അങ്ങനാവും.. ഉറപ്പ്.
ശങ്കരനും സുഭദ്രയും പുറത്തേക്കിറങ്ങുമ്പോൾ പടികടന്നു വന്ന ആംബുലൻസ് കണ്ട് ശങ്കരന്റെ ശ്വാസം നിലച്ചു പോയി. സുഭദ്രയും കണ്ടു നിന്ന പൊന്നമ്മയും ആർത്തലച്ചു കരഞ്ഞു. എന്റെ മോളെ...
സുഭദ്ര പൊന്നമ്മയുടെ തോളിലേക്ക് പതിച്ചു.
ആംബുലൻസിന്റെ പിറകാലെ ഒരു പോലീസ് ജീപ്പും എത്തി.
ഗോപി വേരറ്റുപോയ ഉണക്കമരം പോലെ ഉലയാൻ തുടങ്ങി. ഇരുട്ടുകയറിയ കണ്ണുകൾ ആംബുലൻസിന്റെ വാതിൽ തുറക്കുന്നത് നോക്കിനിന്നു.
തലയിലൊരു വലിയ കെട്ടുമായി വലതു കൈ കഴുത്തിൽ തൂക്കി അവശയായ അച്ചൂനെയും കൊണ്ട് ഒരു നഴ്സ് പുറത്തേക്ക് വന്നു.
പിന്നാലെയെത്തിയ പോലീസ്കാരൻ പറഞ്ഞു, രക്തം വാർന്ന് മരിക്കുമായിരുന്നു. നിങ്ങളുടെ ഭാഗ്യം വഴിയരികിലെ പൊന്തക്കാടിൽ തല കല്ലിലിടിച്ച് കിടന്ന ഇവരെ ഒരു സ്ത്രീ കണ്ടത്.
മരവിച്ചു നിന്ന ശങ്കരൻ മുന്നോട്ടാഞ്ഞ് മകളെ താങ്ങി. എങ്ങനെ സംഭവിച്ചു. എന്തു പറ്റി? ചോദ്യശരങ്ങളോടെ സുഭദ്ര മകളെ നെഞ്ചോട് ചേർത്തു. ചീറിപ്പാഞ്ഞ് വന്ന ഏതോ വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ കാൽ വഴുതി വീണതാണെന്നാണ് ഇവർപറഞ്ഞത്.
പക്ഷെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ശരീരത്തിൽ ആരോ ബലം പ്രയോഗിച്ചത് പോലെ ക്ഷതങ്ങളുണ്ട്.
കൂടുതൽ ചോദിച്ചറിയുക. എപ്പോഴാണെങ്കിലും പരാതി തരാം. നേഴ്സ് ആശുപത്രി രേഖകളും മരുന്നും ശങ്കരനെ ഏല്പിച്ചു. ശരി എന്തെങ്കിലും പ്രശ്നം തോന്നിയാൽ ആശുപത്രിയിലേക്ക് വരണം എന്ന് പറഞ്ഞ് നഴ്സും ആംബുലൻസിലേക്ക് കയറി.
രണ്ടു വാഹനങ്ങളും ഗേറ്റ് കടന്ന് വെളിച്ചം മറഞ്ഞപ്പോഴാണ് ഇരുട്ടിൽ പൂച്ചെടികൾക്ക് മറഞ്ഞു നിന്ന ഗോപിക്ക് ആശ്വാസമായത്. അവളെന്തായിരിക്കും ഞാനാണവളെ ഉപദ്രവിച്ചതെന്ന് പറയാഞ്ഞത്.
ഞാൻ പറഞ്ഞ കള്ളവും അവളറിയില്ലെ? അവൾ ഇഷ്ടപ്പെട്ടവനോടൊപ്പം ജീവിതം തേടി പോയെന്ന കഥ. അമ്മാവന് അംഗീകരിക്കാൻ പറ്റാത്ത ഒരു ബന്ധത്തിന്റെ കഥ. സ്വന്തം കൂടപ്പിറപ്പാണെന്ന് അവളെന്നും ഓർമ്മിപ്പിച്ചിട്ടും അവൾ തന്ന സ്നേഹത്തെ മൃഗത്തിനു പോലുമില്ലാത്ത വന്യതയിലേക്ക് സന്നിവേശിപ്പിച്ചതിന് എന്തു ന്യായീകരണം ഉണ്ട്.
കരിങ്കണ്ണനെന്നും കോങ്കണ്ണനെന്നും ഉള്ള അവഗണന, പരിഹാസം ഇതിൽ നിന്നെല്ലാം ഒഴിവാകാൻ അവളെപ്പോലൊരു സുന്ദരിയെ സ്വന്തമാക്കണമെന്ന മൃഗീയ ചിന്ത എപ്പോഴോ ഉള്ളിൽ കടന്നു കൂടിയിരുന്നു. ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ അതിവേഗം നടക്കുമ്പോൾ എത്രയും വേഗം അകലങ്ങളിലെത്തണമെന്ന വന്യമായ ആവേശമായിരുന്നു ഉള്ളിൽ.