mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(T V Sreedevi )

മുറ്റത്തെ അയയിൽ ഉണക്കാൻ ഇട്ടിരുന്ന തുണികൾ എടുക്കാൻ ഇറങ്ങി യതായിരുന്നു ലേഖ. ഒരു മഴയ്ക്കുള്ള ആരംഭമുണ്ട്. തുണികളെല്ലാം എടുത്ത് തിരിച്ചു കയറാൻ ഒരുങ്ങുമ്പോഴാണ് അവൾ കണ്ടത്, തൊട്ടടുത്ത വീടിന്റെ അടുക്കളപ്പുറത്തെ പടിയിൽ ഇരുന്ന് ഏങ്ങലടിച്ചു കരയുന്ന ഒരു കൊച്ചു പെൺകുട്ടി.



ഇരുട്ട് വീണു തുടങ്ങിയത് കൊണ്ട് അവളുടെ മുഖം ലേഖക്ക് വ്യക്തമായില്ല. എങ്കിലും അവളുടെ ഏങ്ങലടികളുടെ ശബ്ദം അവളുടെ മനസ്സിനെ അലോസരപ്പെടുത്തി. എത്ര വയസ്സുണ്ടാകും അവൾക്ക്? ഏറിയാൽ എട്ടു വയസ്സ്.

"അച്ഛനോ അമ്മയോ വഴക്കു പറഞ്ഞിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ ഒരു കുഞ്ഞടി കൊടുത്തിട്ടുണ്ടാകും. അതിനായിരിക്കും ഈ സങ്കടം.കുഞ്ഞു മനസ്സുകൾക്ക് മുറിവേൽക്കാൻ ചെറിയ കാര്യം മതിയല്ലോ"

ലേഖയുടെ വിവാഹം കഴിഞ്ഞിട്ട്, ഭർത്താവിന്റെ ആ വീട്ടിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു. വീട്ടിലേക്കുള്ള യാത്രകളും വിരുന്നുകളും ഒക്കെയായി തിരക്കായിരുന്നു. അതുകൊണ്ട് അയൽവാസികളെ ആരെയും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. ഇന്നാണ് ലേഖയുടെ ഭർത്താവ്, ഹൈക്കോടതിയിൽ അഭിഭാഷകനായ രാജീവ്, അവധിക്കുശേഷം കോടതിയിൽ പോയിത്തുടങ്ങിയത്. 

തുണിയുമായി അകത്തു കയറി വാതിൽ അടക്കാൻ തുടങ്ങുമ്പോഴാണ് ഉച്ചത്തിലുള്ള ആ സ്ത്രീ ശബ്ദം കേട്ടത്. "പുറത്തിറങ്ങിയിരുന്ന് കരഞ്ഞുകൂവി അയലത്തുള്ളവരെക്കൂടി വിവരം അറിയിക്കാനാണോടീ ചൂലേ നിന്റെ ഭാവം?" ഒപ്പം രണ്ടുമൂന്നു അടികളുടെ ശബ്ദവും അടക്കിപ്പിടിച്ചുള്ള കുട്ടിയുടെ തേങ്ങലും. ലേഖക്ക് ആകെ വിഷമം തോന്നി. വീട്ടിലെ ഇളയ സന്തതി ആയതിനാലാവാം,അവൾക്ക്‌ കുട്ടികളെ വലിയ ഇഷ്ടമാണ്.

"ആ കുട്ടി അവരുടെ വേലക്കാരിയായിരിക്കുമോ? അങ്ങനെ ആകാൻ വഴിയില്ലല്ലോ.. ബാലവേല നിരോധിച്ചിരിക്കുകയല്ലേ.?
ഒരു പക്ഷേ അവൾ അവരുടെ മകളായിരിക്കും. കുട്ടികളെ ശാസിച്ചു വളർത്തുന്ന രീതിയായിരിക്കും അവരുടേത്." ലേഖ വിചാരിച്ചു. എന്നിരുന്നാലും ആ ഏങ്ങലടിയുടെ അലകൾ അവളുടെ മനസ്സിനെ,നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.
   

രാജീവ്‌ കോടതിൽ നിന്നും, രാജീവിന്റെ അനിയത്തി കോളേജിൽ നിന്നും വന്ന്, എല്ലാവരും ചേർന്ന് അത്താഴത്തിനിരുന്നപ്പോഴാണ്, ലേഖ ഇക്കാര്യം ചോദിച്ചത്. 
"അതൊരു കഥയാണ് മോളെ.."അമ്മ പറഞ്ഞു."ആ വീട്ടിൽ താമസിക്കുന്നത് വനജ എന്ന അധ്യാപികയും കുടുംബവുമാണ്. അവരുടെ ഭർത്താവ് വിദേശത്താണ്.
വിവാഹം കഴിഞ്ഞു അനേക വർഷം കുട്ടികളുണ്ടാകാതിരുന്ന വനജ അവധിയെടുത്ത് ഭർത്താവിനോടൊപ്പം വിദേശത്ത് പോയി."

"അനേക വർഷങ്ങളിലെ ചികിത്സക്കും, പ്രാർത്ഥനകൾക്കും ഫലമുണ്ടായില്ല. പിന്നീട് ടീച്ചർ ലീവ് ക്യാൻസൽ ചെയ്തു നാട്ടിലേക്ക് വന്നു. ഒടുവിൽ അവർ ഒരുകുട്ടിയെ എവിടെ നിന്നോ ദത്തെടുത്തു.
'അവളാണ് ഇന്ന് ലേഖമോൾ കണ്ട പെൺകുട്ടി." രാജീവിന്റെയമ്മ പറഞ്ഞു.

"അയ്യോ പിന്നെന്തിനാ അവർ അതിനെ ഉപദ്രവിക്കുന്നത്?" ലേഖ ചോദിച്ചു. 

"അഞ്ചു വർഷങ്ങൾക്ക് മുൻപ് അവർക്ക് ഇരട്ടക്കുട്ടികൾ പിറന്നു." രണ്ടും പെൺകുട്ടികൾ."

"പിന്നീട് ഈ കുട്ടി അവർക്കൊരു ഭാരമായിക്കാണും അല്ലേ?" ലേഖ ചോദിച്ചു.
 
അഞ്ചു വർഷക്കാലമായി ആ കുട്ടി അനുഭവിക്കുന്ന പീഡനങ്ങൾ അമ്മ വിവരിച്ചപ്പോൾ ലേഖക്ക് സങ്കടം വന്നു. ഇതിന് ഒരു പരിഹാരം എന്താണെന്ന് ലേഖ, രാജീവുമായി കൂടിയാലോചിച്ചു
"മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ തലയിടണോ?" എന്ന രാജീവിന്റെ ചോദ്യത്തിന് ജേർണലിസത്തിൽ  ഉന്നത ബിരുദം നേടിയ ലേഖ നൂറു കാരണങ്ങൾ നിരത്തി സമർത്ഥിച്ചു.

ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയോ, നിയമസഹായം തേടുകയോ ചെയ്‌താൽ.., അത് മീഡിയ ആഘോഷമാക്കി മാറ്റും..., എന്നറിയാവുന്നതുകൊണ്ട് ആ വഴി വേണ്ടെന്നു വെച്ചു.

പിന്നീടുള്ള അന്വേഷണത്തിൽ ഇടുക്കി ജില്ലയിലെ തൊടുപുഴയ്zക്കടുത്ത്, ഏഴുമുട്ടം എന്ന ഗ്രാമത്തിൽ നിന്നാണ് ആ കുട്ടിയെ ദത്തെടുത്തത് എന്ന വിവരം ലഭിച്ചു.  ലേഖയും രാജീവും അന്വേഷണം തുടർന്നുകൊണ്ടിരുന്നു.
        
ശോഭനയുടെ പുതിയ വീടിന്റെ പാലുകാച്ചൽ നടക്കുകയാണ്. രാവിലെ തന്നെ ഗണപതി ഹവനം നടന്നിരുന്നു. നാടടച്ചുള്ള സദ്യയാണ്.., എല്ലാവരും ശോഭനയുടെയും, ഭർത്താവ് ഗോപിനാഥന്റെയും ഭാഗ്യത്തിൽ സന്തോഷമുള്ളവരാണ്.

നാലഞ്ചു വർഷങ്ങൾക്കുളിൽ ഒരു വലിയ മാറ്റമാണ് അവർക്ക് ഉണ്ടായത്. അർദ്ധ പട്ടിണിക്കാരായിരുന്ന അവരുടെ മൂത്ത മകൻ  "സഞ്ജയ്‌ "യും, രണ്ടാമൻ" അജയ് യും മൂന്നാമൻ വിജയ് യും ഇന്ന് വിദേശത്താണ്.

നാലാമത്തെ പെൺകുട്ടി കോളേജിൽ പഠിക്കുന്നു. മൂന്ന് ആൺമക്കളും ചേർന്ന് ഒരുമയോടെ പണിത കൂറ്റൻ മാളിക വീടിന്റെ കേറീത്താമസമാണ്‌ ഇന്ന് നടക്കുന്നത്. അച്ഛനും അമ്മയ്ക്കും അവർ നൽകുന്ന സമ്മാനം.

പക്ഷെ..., ശോഭനയുടെ കണ്ണുനീർ തോർന്നില്ല. അവൾ പുറകിലുള്ള തന്റെ പഴയ വീടിന്റെ ഇറയത്തു  വഴിക്കണ്ണുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.പുതിയ വീട്ടിൽ ഒരുക്കുന്ന സദ്യയിലോ, ഒരുക്കങ്ങളിലോ  ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല.

തനിക്ക് അഞ്ചാമതും നിനച്ചിരിക്കാതെ പിറന്ന പെൺകുഞ്ഞിനെയോർത്തു കരയാത്ത ദിവസങ്ങൾ ഇല്ല.
ജനിച്ചു ഒരാഴ്ചക്കകം കൈവിട്ടുകളഞ്ഞ പാവം കുഞ്ഞ്.
മൂത്തമകന് ഇരുപതും, രണ്ടാമന് പതിനെട്ടും, മൂന്നാമന് പതിനാറും, നാലാമത്തെ പെൺകുഞ്ഞായ മിനിക്കുട്ടിക്ക് പതിന്നാലും വയസ്സുള്ളപ്പോഴാണ് നിനച്ചിരിക്കാതെ അഞ്ചാമതും ഗർഭം ധരിക്കുന്നത്.
വീട്ടിൽ ആകെ നിറഞ്ഞു നിന്നത് ദാരിദ്ര്യം മാത്രം. ആൺമക്കൾ മൂന്നുപേരും പഠിക്കാൻ അതി സമർഥരായിരുന്നു
     
സ്കോളർഷിപ്പും, ഫീസിളവും കിട്ടിയതുകൊണ്ട്  മൂത്തവർ രണ്ടുപേരും ഡിപ്ലോമക്കും, രണ്ടാമൻ, പന്ത്രണ്ടാം ക്ലാസ്സിലും മോൾ പത്താം ക്ലാസ്സിലും പഠിക്കുമ്പോഴാണ് ആ സംഭവം.അന്നന്നത്തെ ആഹാരത്തിന് വക തേടാൻ ഗോപിനാഥൻ വിഷമിക്കുന്ന സമയം.

ആദ്യമൊന്നും അറിഞ്ഞില്ല. അറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു. പ്രസവിച്ച ഉടനെ താൻ രോഗിയുമായി. കുട്ടിക്ക് പാലുകൊടുക്കാൻ പോലും എഴുന്നേറ്റു നിൽക്കാൻ പറ്റാത്തത്ര നടുവ്‌വേദന. വാ കൂട്ടാതെയുള്ള കുഞ്ഞിന്റെ കരച്ചിൽ. വീട്ടിലെ അരക്ഷിതാവസ്ഥ. പട്ടിണി. ഗവണ്മെന്റ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞു കൂടെ നിൽക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. കണ്ണീരിൽ കുതിർന്ന ദിവസങ്ങൾ.

അപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നേഴ്‌സ് ആ കാര്യം പറഞ്ഞത്. "ശോഭന ഈ കുഞ്ഞിനെ എങ്ങനെ വളർത്തും?"

"വിദഗ്ധ ചികിത്സ കിട്ടാതെ എഴുന്നേൽക്കാൻ പോലും കഴിയില്ല തനിക്ക്.""ഈ കുഞ്ഞ് പട്ടിണികിടന്നും, നോക്കാൻ ആളില്ലാതെയും ചത്തു പോകുകയേ ഉള്ളു."

"കുഞ്ഞുങ്ങളില്ലാത്ത ഞാൻ അറിയുന്ന ഒരു ദമ്പതികൾക്ക് ഇതിനെ കൊടുത്തുകൂടെ നിങ്ങൾക്ക്.? അവരിതിനെ പൊന്നുപോലെ നോക്കും. രാജകുമാരിയെ പോലെ ഇവൾ വളരും. തനിക്ക് വല്ലപ്പോഴും പോയിക്കാണുകയുമാവാം."

അങ്ങനെ വളരെയേറെ ആലോചിച്ച് താനും ഭർത്താവും കൂടി കുട്ടിയെ അവർക്ക് കൈമാറി. പ്രസവിച്ച ഉടനെ ആ കുട്ടി മരിച്ചുപോയി എന്ന് എല്ലാവരോടും നുണ പറഞ്ഞു. അവർ തന്ന പണം വലിയ അനുഗ്രവും ആശ്വാസവുമായിരുന്നു. തന്റെ ചികിത്സക്കും മക്കളുടെ പഠനത്തിനും അത് ഉപകരിച്ചു.

മൂത്ത മകൻ സഞ്ജുവിനോട് മാത്രം സത്യം പറഞ്ഞു. മൂന്നുപേരും കുറെ നേരം കരഞ്ഞു. ആദ്യത്തെ കുറച്ചു നാൾ മോളെ പോയിക്കാണുന്നതിന് അവർക്ക് സമ്മതമായിരുന്നു. എന്നാൽ അധികം വൈകാതെ അവർ എങ്ങോട്ടോ  താമസം മാറ്റി. എട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നവൾ വരുന്ന ദിവസമാണ്. അവളെ കൂട്ടിക്കൊണ്ട് വരാൻ ഗോപിച്ചേട്ടനും, സഞ്ജുവും രാവിലെ തന്നെ പോയിരിക്കുന്നു

സഞ്ജുവിന്റെ എറണാകുളത്തുള്ള ഒരു കൂട്ടുകാരൻ വക്കീല് വഴിയാണ് രാജീവൻ എന്ന അഡ്വക്കേറ്റ്, ഭാര്യ ലേഖയെയും കൂട്ടി വിവരം അറിയിക്കാൻ ഇവിടെ വന്നത്. അവൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേട്ടപ്പോൾ വാ വിട്ട് കരഞ്ഞുപോയി. അവളെ കൊണ്ടുപോയവർക്ക് വേറെ കുട്ടികൾ ഉണ്ടായി പോലും. അവർ ഇടപെട്ട് മോളെ മടക്കിത്തരാൻ അവളെ കൊണ്ടുപോയവർ തയ്യാറായിരിക്കുന്നു

"നിന്നെ രാജകുമാരിയായി വളർത്താൻ വിട്ടുകൊടുത്ത ഈ അമ്മ എന്തു മഹാപാപിയാണ് കുഞ്ഞേ.? "അവൾ പൊട്ടിക്കരഞ്ഞു."എത്ര നേമായി കണ്മണീ നിന്റെ വരവും കാത്ത് ഈ പാപിയായ അമ്മ ഇവിടെ കാത്തിരിക്കുന്നു."

കയറിത്താമസത്തിനുള്ള മുഹൂർത്തം ആകാറായി. ചടങ്ങുകൾ തുടങ്ങാറായി. 
"എവിടെ അമ്മേ അച്ഛനും സഞ്ജുവേട്ടനും..?" മകൾ അടുത്തുവന്നു."അമ്മ എന്തിനാ കരയുന്നത്? "അവൾ തിരക്കി.ആൺമക്കളും അടുത്തുവന്നു. അവരെയും ചേർത്തു നിർത്തി പൊട്ടിക്കരഞ്ഞു.

അപ്പോഴാണ് സഞ്ജുവിന്റെ ചുവന്ന മാരുതി പുതിയ വീടിന്റെ മുറ്റത്തേക്ക് വന്നത്. പിന്നെ ശോഭന ഓരോട്ടമായിരുന്നു. തന്റെ കുഞ്ഞുമോളെ വാരിപ്പുണരുമ്പോൾ..,അത്  ഏഴ് ദിവസം മാത്രം പ്രായമുള്ള
തന്റെ ഓമനക്കുഞ്ഞാണെന്ന് അവൾക്ക് തോന്നി. ചുറ്റുമുള്ളവർ ഒന്നും മനസ്സിലാകാതെ അമ്പരന്നു നിൽക്കുമ്പോൾ അവൾ തന്റെ കുഞ്ഞിനെ ആയിരം ഉമ്മകൾ കൊണ്ടുമൂടി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ