മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആനന്ദക്കണ്ണുനീർ തുടച്ചുകൊണ്ട് പ്രിയതമന്റെ കൈയും പിടിച്ച് പരസ്പരം തോളുരുമ്മി രജിസ്ട്രാപ്പീസിന്റെ പടികളിറങ്ങുമ്പോൾ റംലയുടെ മനസ്സുനിറച്ചും സന്തോഷമായിരുന്നു.

ഇതാ തന്റെ പ്രണയം പൂവണിഞ്ഞിരിക്കുന്നു. നാട്ടിലുള്ള അന്യമതത്തിൽപെട്ട യുവാവുമൊത്ത് ഒളിച്ചോടി രജിസ്ട്രാപ്പീസിലെത്തി വിവാഹം കഴിച്ചിരിക്കുന്നു. ഈ വാർത്തയറിയുമ്പോൾ വീട്ടിലും നാട്ടിലുമെല്ലാം എന്തൊക്കെ ഭൂകമ്പങ്ങളാണ് ഉണ്ടാവുക... അതോർത്തപ്പോൾ അവൾക്ക് സന്തോഷംകൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി.

വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരുമൊക്കെ തങ്ങളെ അത്ഭുതത്തോടെയാവും ഇന്നുമുതൽ നോക്കുക. വീട്ടുകാരുടെ വരവേൽപ്പ് അതി മൃഗീയമായിരിക്കും. ഒരുപക്ഷേ, ഇതറിയുമ്പോൾ തന്റെ മാതാപിതാക്കൾ ബോധംകെട്ടു പോയേക്കാം... ഹൃദയം പൊട്ടി മരിച്ചെന്നും വരാം. എന്തായാലും വീട്ടിൽ നിന്ന് അടിച്ചിറക്കുമെന്ന് ഉറപ്പാണ്. രാജീവന്റെ വീട്ടിലും അവസ്ഥ ഇതിനപ്പുറമായിരിക്കും. പ്രിയതമനൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് കുത്തിക്കവേ അവളുടെ മനസ്സ് പലവിധ കണക്കുകൂട്ടലുകൾ നടത്തികൊണ്ടിരുന്നു.

ഇരുവരും ആദ്യം കടന്നുചേന്നത് റംലയുടെ വീട്ടിലേയ്ക്ക് തന്നെയായിരുന്നു. പൂമുഖത്തിരുന്ന് പത്രം വായിക്കുകയാണ് അവളുടെ ബാപ്പ. ഉമ്മയും അടുത്തുതന്നെയിരിപ്പുണ്ട്. അവിടേയ്ക്ക് കയറിചെല്ലുമ്പോൾ ഒരു പൊട്ടിത്തെറി, അല്ലെങ്കിൽ കവിളടച്ചൊരടി, തുടർന്ന് ആട്ടിയിറക്കൽ... അപ്പോഴുള്ള ഉമ്മയുടേയും, സഹോദരിയുടെയും പതംപറഞ്ഞുള്ള നിലവിളികൾ ഇതൊക്കെയും അവൾ പ്രതീക്ഷിച്ചു.

പക്ഷേ, മറിച്ചാണ് അവിടെ സംഭവിച്ചത്. ബാപ്പയും ഉമ്മയും കൂടി അവളെ പുഞ്ചിരിയോടെ സ്വീകരിച്ചു.

"ആഹാ... എന്റെ മോൾക്ക് ഇത്ര ധൈര്യം ഉണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. നന്നായി മോളേ നീ ചെയ്തത്. നിനക്ക് ഇഷ്ടപ്പെട്ട ആളെത്തന്നെ സ്വന്തമാക്കിയല്ലോ.?" ഉമ്മ അവളുടെ കൈ പിടിച്ചു.

"അതെ, നിങ്ങൾ ചെയ്തതാണ് നന്നായി... ഇന്നത്തെ കാലത്ത് ഇങ്ങനുള്ള വിവാഹങ്ങളാണ് വേണ്ടത്. "ബാപ്പയും അവരെ അനുകൂലിച്ചു.

വീട്ടുകാരുടെ തണുപ്പൻ പ്രതികരണം ഇരുവരേയും നിരാശരാക്കി.

"ഉമ്മാ...,"അവൾ വിളിച്ചു.

"നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. ഞാൻ അന്യമതക്കാരനായ ഒരുവനുമൊത്ത് ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചത് നന്നായെന്നോ... നമ്മുടെ ബന്ധുക്കളും അയൽക്കാരുമൊക്കെ ഇതറിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ ചിന്തിച്ചോ.?" അവൾ ഇരുവരേയും മാറിമാറി നോക്കി.

"എന്ത് സംഭവിക്കാൻ... ഒന്നുമില്ല. നിങ്ങൾ പരസ്പരം തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ മറ്റുള്ളവരുടെ എതിർപ്പുകൾക്ക് എന്താണ് പ്രസക്തി... പുല്ല് പോകാൻ പറ... "ബാപ്പ മുറ്റത്തേയ്ക്ക് ആഞ്ഞുതുപ്പി.

"അവിടെത്തന്നെ നിൽക്കാതെ അകത്തേയ്ക്ക് വരൂ മോനേ..." ഉമ്മാ മരുമകനേയും മകളേയും അകത്തേയ്ക്ക് ക്ഷണിച്ചു.

ഏതാനും സമയം കഴിഞ്ഞപ്പോൾ ഇരുവരുംകൂടി രാജീവന്റെ വീട്ടിലേയ്ക്ക് നടന്നു. വല്ല്യ ദേഷ്യക്കാരനും, അഭിമാനിയുമൊക്കെയായ രാജീവന്റെ അച്ഛൻ എന്തായാലും തങ്ങളെ ആട്ടിയിറക്കുമെന്ന് ഇരുവർക്കും ഉറപ്പുണ്ടായിരുന്നു. പക്ഷേ, അവിടേയും ഇതുതന്നെയായിരുന്നു പ്രതികരണം.

അന്യമതക്കാരിയായ പെൺകുട്ടിയെ ഒരുരൂപപോലും സ്ത്രീധനം വാങ്ങാതെ രഹസ്യമായി വിവാഹം കഴിച്ചുകൊണ്ടുവന്ന മകനെ... അച്ഛനും അമ്മയും അഭിനന്ദിക്കുകയും വീട്ടിലേയ്ക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു.

ഒടുവിൽ വിവാഹരാത്രിയിൽ പരസ്പരം സംസാരിച്ചുകൊണ്ട് ഉറങ്ങാതെ നെടുവീർപ്പുകളുതിർത്തിരിക്കവേ ഇരുവരുടേയും മനസ്സുനിറച്ചും നിരാശയായിരുന്നു. അവർക്ക് തോന്നി ഒന്നും വേണ്ടായിരുന്നു എന്ന്.

ഒളിച്ചോട്ടം, രജിസ്റ്റർ വിവാഹം, വീട്ടുകാരുടെ എതിർപ്പ്, കൂട്ടുകാരുടെ വീട്ടിലെ താമസം, പാർട്ടിക്കാരുടെ ഇടപെടൽ, വർഗീയ കലാപം ഇതൊക്കെ സ്വപ്നം കണ്ടിട്ട്... തങ്ങളുടെ വിവാഹം നാട്ടിലൊരു ഭൂകമ്പം സൃഷ്ടിക്കുമെന്ന് കരുതിയിട്ട്... ഇപ്പോൾ സംഭവിച്ചതോ... എല്ലാം വെള്ളത്തിൽ വരച്ച വരപോലെ നിഷ്ഫലമായിരുന്നു.

പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ തങ്ങളുടെ പ്രണയവിവാഹം കൊണ്ട് എന്ത് ഗുണം.

ഒന്നും വേണ്ടായിരുന്നു... ഒന്നും. അവർ പരസ്പരം പറഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ