ജൂലായ് രണ്ട്, രാവിലെ ഏഴുമണിയ്ക്കു തന്നെ എയര്‍പോര്‍ട്ടിലേയ്ക്കു തിരിച്ചു. എട്ടു മണിയ്ക്കു തന്നെ റിപ്പോര്‍ട്ടു ചെയ്യണം. പത്തിനാണ് വിമാനം പറന്നുയരുക. എയര്‍പോര്‍ട്ടുവരെ ചേട്ടന്‍ കൂട്ടുവന്നിരുന്നു.
വേഗം വിമാനം കയറി പോകാമെന്ന് കരുതി കഴിഞ്ഞ മാസം ബോംബോയ്ക്കു പോന്നതാണ്. അപ്പോഴേയ്ക്കും നോമ്പുകാലമായതിനാല്‍ എംമ്പസി അടച്ചു. അങ്ങനെയാണ് യാത്ര ഇത്രയും നീണ്ടത്. ബോര്‍ഡിങ് പാസ്സ് വാങ്ങി അകത്തേയ്ക്കു കടന്നപ്പോള്‍ ചേട്ടന്‍ യാത്ര പറഞ്ഞു തിരിച്ചു പോയി. ഇനിയുള്ള യാത്ര തനിച്ച്. അറിയാത്ത യാത്രാപേടകത്തില്‍... അറിയാത്ത വ്യക്തികളോടൊത്ത്... അറിയാത്ത ദേശത്തേയ്ക്കുള്ള യാത്ര ഓര്‍ക്കാന്‍ പോലും മനസ്സു വന്നില്ല. എങ്ങനെയൊക്കെയോ എയര്‍പോട്ടു വരെയെത്തിയിരിക്കുന്നു. അറിയാത്ത ദേശത്തേയ്ക്ക്, അറിയാത്ത വ്യക്തികളിലേയ്ക്ക്, അറിയാത്ത തൊഴിലിടത്തിലേയ്ക്ക് ഒരു യാത്ര. യാത്രകളാണ് പല കാഴ്ചകളും തുറന്നു തരുന്നത് എന്ന ബോധം യാത്രയെ ഇഷ്ടമുള്ളതാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊരു ഭയമാണ്. സുരക്ഷിതമായ സ്ഥാനത്തു നിന്നും ദൂരേയ്ക്കു പോകുന്താറും ഭയം അറിയാതെ അരിച്ചരിച്ചെത്തുന്നു. ട്രെയിനില്‍ പോലും യാത്ര ചെയ്യാന്‍ ഭയമാണ്. അപ്പോള്‍ വിമാനത്തില്‍ അതെങ്ങനെയായിരിക്കും. പറന്നുയര്‍ന്നു കഴിഞ്ഞാല്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടമാകുന്ന യാത്ര. വരുന്ന ഏത് അത്യാഹിതങ്ങളേയും കൈനീട്ടി സ്വീകരിക്കലല്ലാതെ മറ്റെന്താണ് ചെയ്യാനാകുക. അത്യാഹിതങ്ങള്‍ എവിടെയാണ് കടന്നു വരാത്തത്. നസീറ ഇത്തയുടെ അടുത്തേയ്ക്ക് അത്യാഹിതം എത്തിയത് ലേബര്‍ റൂമില്‍ കത്രികയിലൂടെയായിരുന്നില്ലേ....
ബോംബോയ്ക്കു വണ്ടി പുറപ്പെടാന്‍ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു പേകുമ്പോഴാണ് ആ വാര്‍ത്ത എത്തിയത്. നസീറ ഇത്ത പ്രസവിച്ചു. സിസേറിയനായിരുന്നു. ബ്ലീഡിങ്ങ് നില്‍ക്കുന്നില്ല അതിനാല്‍ അല്പം ക്രിട്ടിക്കലാണ്. കേട്ടവരെല്ലാം ഹോസ്പിറ്റലിലേയ്ക്ക് ഒഴുകാന്‍ തുടങ്ങി. ബ്ലഡ് നല്‍കാന്‍ തയ്യാറായവരും വിശേഷങ്ങളറിയാന്‍ ആകാംക്ഷപൂണ്ടവരും അതിലുണ്ടായിരുന്നു. തനിക്കും പോകണമെന്നുണ്ടായിരുന്നു. യാത്ര നിശ്ചയിക്കപ്പെട്ടതാണ് അതു നിഷേധിക്കാനായില്ല. അതിനാല്‍ മനസ്സില്‍ വിഷമമൊതുക്കി. യാത്ര പുറപ്പെട്ടു. ബോംബോയിലെത്തിയപ്പോഴേയ്ക്കും വാര്‍ത്ത അവിടെയെത്തിയിരുന്നു. നസീറിത്ത മരിച്ചു. നാട്ടുകാര്‍ വിഷമം താങ്ങാനാകാതെ അശുപത്രി ആക്രമിച്ചു. കുഞ്ഞ് സുഖമായിരിക്കുന്നു. നാട്ടുകാര്‍ പോലീസും കേസുമായി നടക്കുന്നു. സുന്ദരിയായ, സ്‌നേഹമയിയായ ആരോടും കാരുണ്യത്തോടെ പെരുമാറുമായിരുന്ന ചെറുപ്പക്കാരിയായ നസീറിത്ത അകാലത്തില്‍ യാത്രയായിരിക്കുന്നു. സ്‌നേഹനിധിയായ ആ അയല്‍ക്കാരി എല്ലാവരിലും നഷ്ടബോധമേറ്റിയിരിക്കുന്നു. എന്റെ യാത്രയുടെ തുടക്കം തന്നെ ആ അത്യാഹിതത്തിന്റെ സൂചനയുമായാണ് തുടങ്ങിയത്.
അത്യഹിതങ്ങള്‍ പെയ്തിറങ്ങുന്നത് ആരുടേയും അനുവാദത്തിന് കാത്തു നിന്നല്ല. അവ പൊട്ടി വീഴുകയാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത രീതിയില്‍ വന്നു ഭവിക്കുകയാണ്. മെഡിക്കലെടുത്ത്, വിസയടിച്ച് അടുത്തു തന്നെ കയറി പോകാമെന്നു കരുതി തിരക്കടിച്ച് വണ്ടി കയറി ബോംബോയിലെത്തിയപ്പോഴേയ്ക്കും റംസാന്‍ പിറവി കണ്ടിരുന്നു. അതോടെ എംബസി അടച്ചു പൂട്ടി. ജീവനക്കാരെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു പോയി. റംസാന്‍ വെക്കേഷന്‍ കഴിയുവോളം ബോംബെ ഇടത്താവളമായി. ഒരു മാസം അന്തേരിയിലെ ഗല്ലിയിലെ മണമടിച്ച് ചേരി നിവാസികളിലൊരാളായി കഴിയാന്‍ അതു വിധിച്ചു നല്‍കി.
വിമാനത്തില്‍ കയറുന്നതിന് അനൗണ്‍സ്‌മെന്റുണ്ടായപ്പോള്‍ എല്ലാവരും വരിവരിയായി ഗോവണിയിലേയ്ക്ക് നടന്നു. അകത്തേയ്ക്ക് കയറിചെല്ലുമ്പോള്‍ കൂപ്പു കൈകളോടു കൂടി എയര്‍ഹോസ്റ്റസ്സുമാര്‍ സ്വാഗതം ചെയ്തു. സീറ്റുകള്‍ കണ്ടെത്തി ഇരിക്കുന്നതിന് അവര്‍ സഹായിച്ചു. പരിചിതരാരുമില്ലാതെ അറിയപ്പെടാത്ത ലോകത്തേയ്ക്ക് യാത്ര പുറപ്പെടുമ്പോള്‍ ഒരുള്‍ക്കിടിലമുണ്ടായി. വിമാനം റണ്‍വേയിലൂടെ മുന്നോട്ടു കുതിച്ചപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. തല ചുറ്റുന്നതു പോലെ തോന്നി. വെറുതേ ചിന്തിക്കാന്‍ തുടങ്ങി. ഒന്നും നമ്മുടെ കയ്കളിലല്ല. എല്ലാം വരുന്നതു പോലെ വരട്ടെ... ഒന്നും നഷ്ടപ്പെടാനില്ല ഈ ശരീരമല്ലാതെ മറ്റെന്താണ് കവര്‍ന്നെടുക്കാനാകുക. വിധി അങ്ങനെയാണെങ്കില്‍ അതു തന്നെ സംഭവിക്കട്ടെ... എല്ലാം ആകസ്മികങ്ങള്‍... എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവയും.
ആകാശത്തിന്റെ ശൂന്യതകളില്‍ മേഘങ്ങള്‍ക്കിടയിലൂടെ കുതിച്ചുയര്‍ന്ന് ഭൂമിയുമായുള്ള സര്‍വ്വ ബന്ധങ്ങളും ഇല്ലാതായതോടെ വെറുതേ താഴേയ്ക്കു നോക്കി. ഭൂമി അപ്പോള്‍ താഴെയുണ്ടായിരുന്നില്ല. വശങ്ങളില്‍ ഭൂമി നിവര്‍ന്നു നില്‍ക്കുന്ന കാഴ്ച തല ചുറ്റലുണ്ടാക്കി. വിമാനം അതിന്റെ പാതയിലെത്തിക്കഴിഞ്ഞപ്പോള്‍ ഭൂമിയെ താഴെ കാണാനായി. അതോടെ അല്പാല്പമായി സമാധാനവും കടന്നു വരാന്‍ തുടങ്ങി. താഴെ വിതാനമൊരുക്കി മേഘങ്ങള്‍ പഞ്ഞിക്കെട്ടു കണക്കെ തെന്നി നീങ്ങുന്നുണ്ടായിരുന്നു. താഴേയ്ക്കു നോക്കാന്‍ ഭയമുണ്ടായിരുന്ന തന്റെ മിഴികള്‍ ഇപ്പോള്‍ സൈഡ് വിന്റോയിലൂടെ താഴോട്ടു മാത്രമാണ് നോക്കാന്‍ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. യാത്ര പതുക്കെ ആനന്ദകരമാകുകയായിരുന്നു.
താഴെ കെട്ടിടങ്ങള്‍, റോഡുകള്‍, വാഹനങ്ങള്‍ എല്ലാം അടുത്തടുത്തു വരാന്‍ തുടങ്ങി. ബെല്‍റ്റുകള്‍ അണിയാന്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ഞാന്‍ താഴോട്ടു തന്നെ നോക്കിയിരുന്നു. കരയിലെ ദൃശ്യങ്ങള്‍ വളരെ സൂക്ഷ്മതയാര്‍ന്ന് വ്യക്തത പ്രാപിക്കാന്‍ തുടങ്ങി. റോഡുകളിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു.റോഡ് മുറിച്ച് കടന്ന് ഗ്രൗണ്ടിലെ റണ്‍വേയില്‍ പിന്‍ചക്രങ്ങള്‍ ഇടിച്ചിറങ്ങി മുന്നോട്ടു കുതിച്ചു. തുടര്‍ന്ന് മുന്‍ചക്രവും തറയില്‍ സ്പര്‍ശിച്ചു മുന്നേറി. ഇപ്പോള്‍ ഭൂമിയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അത് ഭയത്തെ ലഘൂകരിച്ചു. വേഗത കുറച്ചുകുറച്ച്... തിരിഞ്ഞ്.... പതുക്കെപ്പതുക്കെ അറൈവല്‍ ടെര്‍മിനലിലേയ്ക്ക്... വാഹനം ഇഴഞ്ഞിഴഞ്ഞു നീങ്ങി. സാവകാശം നിശ്ചലമായി. സ്റ്റെയര്‍കേസുമായി ഒരു വാഹനം ഡോറിനു ചേരെ വന്നു നിന്നു. വാതില്‍ തുറന്നു വെച്ച് എല്ലാ യാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് എയര്‍ഹോസ്റ്റസ്സുമാര്‍ കൈക്കൂപ്പി നിന്നു.
കസ്റ്റംസ് ക്ലിയറന്‍സിനായി ബാഗിലുണ്ടായിരുന്ന വസ്തുക്കളെല്ലാം ടേബിളില്‍ നിരത്തി. ചുവന്ന ചട്ടയോടു കൂടിയ മഹര്‍ഷി തുല്യനായ ടാഗോറിന്റെ പുസ്തകം ഉയര്‍ത്തി പിടിച്ച് ഓഫീസര്‍ ചോദിച്ചു.
''സ്വാമി...''
''നോ, ഹി ഈസ് എ ഗ്രേറ്റ് പൊയറ്റ്... നോബല്‍ പ്രൈസ് വിന്നര്‍.''
അയാള്‍ക്കു പറഞ്ഞത് മനസ്സിലായോ എന്തോ... ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് വേര്‍ഷനിലുള്ള ആ പുസ്തകം അറബി മാത്രമറിയുന്ന ആ ഓഫീസര്‍ കുറേ തവണ തിരിച്ചും മറിച്ചും നോക്കി. പിന്നെ മനമില്ലാമനസ്സോടെ എനിക്കു തന്നെ തിരിച്ചു തന്നു. അടുത്തതായി അയാളുടെ ശ്രദ്ധയില്‍ കുടുങ്ങിയത് ഒരു വീഡിയോ കാസറ്റ് ആയിരുന്നു.
''ഫിലിം. സെക്‌സ്...''
അയാള്‍ സന്ദേഹത്തോടെ അതു കയ്യിലെടുത്തു. രവ്യേട്ടന്റെ വീട്ടില്‍ നിന്നും തന്നു വിട്ട കല്ല്യാണകാസറ്റായിരുന്നു അത്. ഞാന്‍ മറുപടി പറഞ്ഞു.
''ഇറ്റ് ഈസ് എ വെഡ്ഡിങ്ങ് കാസറ്റ്...''
മറുപടി അയാള്‍ക്കു തൃപ്തമായില്ല. അയാള്‍ ശുദ്ധമായ അറബിയില്‍ എന്നോടാവശ്യപ്പെട്ടു.
''ആത്തന പാസ്സ്‌പോര്‍ത്ത്.''
പറഞ്ഞതു തിരിഞ്ഞില്ലെങ്കിലും നീട്ടിയ കൈ കണ്ടപ്പോള്‍ പാസ്സ്‌പോര്‍ട്ട് ആവശ്യപ്പെടുകയാണെന്നു ബോധ്യമായി. ബാഗിലെ സൈഡ് പോക്കറ്റില്‍ കരുതിയിരുന്ന പാസ്സ്‌പോര്‍ട്ട് അയാള്‍ക്കെടുത്തു നല്‍കി.
''താല്‍...''
അയാള്‍ പാസ്സ്‌പോര്‍ട്ടും കാസറ്റുമായി ആംഗ്യം കാട്ടി വരാന്‍ പറഞ്ഞ് അടുത്തുള്ള മുറിയിലേയ്ക്ക് നടന്നു പോയി. ഞാന്‍ സാധനങ്ങളെല്ലാം ബാഗില്‍ കുത്തി നിറച്ച് അയാള്‍ക്കു പുറകേ നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ അകത്തേയ്ക്കു കടക്കാന്‍ മടിച്ച് പുറത്തു കാത്തു നിന്നു. അല്പസമയത്തിനു ശേഷം അയാള്‍ തിരിച്ചു വന്നു. കാസറ്റും പാസ്സ്‌പോര്‍ട്ടും തിരികെ നല്‍കി.
''യള്ളാ... റോ...''
അയാള്‍ പറഞ്ഞതൊന്നും തിരിഞ്ഞില്ലെങ്കിലും പുറത്തേയ്ക്കു പോകാനുള്ള അനുമതിയായി എനിക്കു തോന്നി. ഞാന്‍ പുറത്തേയ്ക്കു നീങ്ങി. അകത്തു നിന്നും വരുന്നവരെ സ്വീകരിക്കാന്‍ പുറത്തു കുറച്ചു പേര്‍ കാത്തു നിന്നിരുന്നു. പലരും കയ്യില്‍ പേരെഴുതിയ ബോര്‍ഡുകള്‍ പിടിച്ചിരുന്നു. ബോര്‍ഡിലെ പേരു നോക്കി പലരും അവരോടൊത്തു ചേരുന്നുണ്ടായിരുന്നു. എന്നെ കൂട്ടാന്‍ രവ്യേട്ടന്‍ വരുമെന്നാണ് പറഞ്ഞീട്ടുള്ളത്. എന്നാല്‍ ആരാണ് രവ്യേട്ടന്‍. എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നു. ഞാന്‍ അവിടെ കാത്തു നിന്നിരുന്ന ഓരോരുത്തരേയും മാറിമാറി നോക്കി. അവര്‍ അവരുടെ കക്ഷികളെ കാത്തു നില്‍ക്കുന്നവരായിരുന്നു. അക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ അടുത്തു വന്ന് തോളില്‍ തട്ടി ചോദിച്ചു.
''അരവിന്ദന്‍,,,''
''അതേ..., രവ്യേട്ടന്‍?...''
''അതേ.''
പരിചിതമല്ലാത്ത സ്ഥലത്ത് ഭാഷ പോലുമറിയാത്ത ഭൂമിയില്‍ എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന ഭയത്തിന് ശമനമായി. സ്വന്തം ജേഷ്ഠനെ കണ്ടെത്തിയ അടുപ്പത്തോടെ അനുസരണയോടെ രവ്യേട്ടനു പുറകേ ഞാന്‍ പുറത്തേയ്ക്ക് നടന്നു.
വെള്ള നിറമാര്‍ന്ന ഒരു ജി എം സി പിക്കപ്പ് വാനിന്റെ ഡോര്‍ തുറന്ന് കയറിക്കോളാന്‍ പറഞ്ഞപ്പോള്‍ ആ വാഹനത്തില്‍ കയറിയിരുന്നു. രണ്ടു പോര്‍ക്കിരിക്കാവുന്ന ഒരു ക്യാബിനായിരുന്നു. അതിനുണ്ടായിരുന്നത്. രവ്യേട്ടന്‍ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു. അകം ചുട്ടുപ്പൊള്ളുന്നുണ്ടായിരുന്നു. ശ്വാസം മുട്ടിക്കുന്ന ദുര്‍ഗന്ധം അവിടെ നിറഞ്ഞു നിന്നു. ഗ്ലാസ്സുകള്‍ താഴ്ത്തി അകത്തെ ദുര്‍ഗന്ധത്തെ പുറത്തു കടത്തി. പുറത്ത് കത്തുന്ന മരുഭൂമിയിലേയ്ക്ക് മിഴി തുറന്നു പിടിയ്ക്കാന്‍ അസാധ്യമായിരുന്നു.
''മുന്നു മണിക്കൂര്‍ യാത്രയുണ്ട്. ഏകദേശം മുന്നൂറ്റി അറുപത് കിലോമീറ്റര്‍. ഗ്ലാസ് ഉയര്‍ത്തി വെച്ചോളൂ.''
രവ്യേട്ടനതു പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പിന്നെ എ സി ഓണ്‍ ചെയ്തു. വണ്ടി പതുക്കെ പുറകോട്ടെടുത്തു. പുറകിലുള്ള ഗ്ലാസ്സിലൂടെ പിക്കപ്പിന്റെ ടെയിലിലുള്ള സാധനങ്ങളെ നോക്കി. അതു നിറയെ സ്‌പെയര്‍ പാര്‍ട്ട്‌സുകളായിരുന്നു. എന്നെ കൂട്ടാന്‍ വരുന്ന യാത്രക്കിടയില്‍ കടയിലേയ്ക്കുള്ള പര്‍ച്ചേയ്‌സ് കൂടി നടത്തിയാണ് മടങ്ങുന്നത്. മുന്നൂറ്റി അറുപത് കിലോമീറ്റര്‍ നാട്ടിലാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒമ്പതു മണിക്കൂര്‍ യാത്ര. ഇവിടെ അത് മൂന്നു മണിക്കൂര്‍. മനസ്സ് അഭിമാനം കൊണ്ടു. ഞാനും ഗള്‍ഫിലെത്തിയിരിക്കുന്നു. ഒരു ഗള്‍ഫുകാരനായിത്തീര്‍ന്നതിന്റെ സന്തോഷം മനസ്സില്‍ അടക്കിയൊതുക്കാനായില്ല. എല്ലാ കഷ്ടതകളും ദുരിതങ്ങളും അവസാനിക്കാന്‍ പോകുന്നു. സാമ്പത്തിക പരാധീനതകള്‍ ഇവിടം കൊണ്ട് തീരാന്‍ പോകുകയാണ്. കൈ നിറയെ പണവും ധാരാളം സാധനങ്ങളുമായി നാട്ടില്‍ വിരുന്നെത്തുന്ന ഗള്‍ഫുകാര്‍ ഓരോരുത്തരായി മനസ്സിലൂടെ ഒഴുകി നടന്നു. അവരില്‍ ആദ്യമായി മനസ്സില്‍ തെളിഞ്ഞു വന്നത് യൂസഫിക്കയായിരുന്നു. ബോംബെയില്‍ നിന്നും വിസയില്ലാതെ ലോഞ്ച് കയറി ഗള്‍ഫിലെത്തിയ ആദ്യകാല ഗള്‍ഫു യാത്രികന്‍. അന്നവര്‍ കരയ്ക്കണഞ്ഞത് ഏതു തീരത്തായിരിക്കാം. വെറുതേ അതേപ്പറ്റി മനസ്സ് ഓരോന്നു ചികഞ്ഞുക്കൊണ്ടിരുന്നു. അന്നത്തെ നിയമവും ഇന്നത്തെ നിയമവും അടിമുടി മാറിയിരിക്കുന്നു. മരുഭൂമി തന്നെ മാറിയിരിക്കുന്നു. കൊട്ടാരസമാനം മരുഭൂമിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന സൗധങ്ങള്‍ അതിന് അടിവരയിടുന്നു.
ജൂലായ് പകല്‍ അസഹ്യമായിരുന്നു. കത്തിയുരുകുന്ന മരുഭൂമിയുടെ നെടുവീര്‍പ്പുകളായി ചുടുക്കാറ്റിന്റെ പ്രവാഹങ്ങള്‍. ഇടയ്ക്കിടെ ആഞ്ഞടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു പൊങ്ങുന്ന മണല്‍ത്തരികള്‍ മൂടല്‍മഞ്ഞുപ്പോലെ ഉയര്‍ന്നു പൊന്തി മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിച്ചു. വിമാനത്തില്‍ നിന്നു ലഭിച്ച ഭക്ഷണം തൃപ്തി നല്‍കിയിരുന്നില്ല. ഒന്നും കഴിച്ചതായി തോന്നിയില്ല. എന്തെങ്കിലും കഴിക്കണമെന്നുണ്ട്. സമുദ്രനിരപ്പു പോലെ വിസ്തൃതമായി കിടക്കുന്ന മരുഭൂമിയിലെ നാട പോലെനിവര്‍ന്നു കിടന്നിരുന്ന റോഡിലൂടെ അതിവേഗം വാഹനം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. കടകളോ ഭക്ഷണശാലകളോ ഒന്നും തന്നെ അവിടെ കാണപ്പെട്ടില്ല. ദെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അമ്പതു കിലോമീറ്റര്‍ എങ്കിലും മുന്നോട്ടു പോയിക്കാണും. വാഹനം പുകയാന്‍ തുടങ്ങി. വേഗം സൈഡ് ചേര്‍ത്ത് നിര്‍ത്തി. രവ്യേട്ടന്‍ പുറത്തിറങ്ങി പരിശോധിച്ചു. ഗിയര്‍ ഓയില്‍ മുഴുവന്‍ വാര്‍ന്നു പോയിരിക്കുന്നു. ഓയില്‍ പരിപൂര്‍ണ്ണമായി നഷ്ടപ്പെട്ട് ഗിയര്‍ ബോക്‌സ് തകരാറിലായിരിക്കുന്നു. അതു മാറ്റി വെയ്ക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല. പുറത്ത് ചുട്ടുപൊള്ളുന്ന ചൂടില്‍ ഇറങ്ങി നില്‍ക്കാന്‍ സാധിച്ചില്ല. വണ്ടിയ്ക്കകത്തിരിക്കാനും സാധിക്കുമായിരുന്നില്ല. വിന്റോ ഗ്ലാസ്സ് താഴ്ത്തി വെച്ച് അകത്തുത്തന്നെയിരുന്നു. ആഞ്ഞു വീശുന്ന കാറ്റേറ്റ് അല്പം ആശ്വാസം തോന്നി. രവ്യേട്ടന്‍ തിരിച്ചു പോകുന്ന വണ്ടിയില്‍ ഒരു ലിഫ്റ്റിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വിളിച്ചു പറഞ്ഞു.
''വണ്ടിയില്‍ തന്നെ ഇരുന്നാല്‍ മതി. ഞാനൊരു മെക്കാനിക്കിനെ കൂട്ടി വരാം.''
അതു പറഞ്ഞ് കിട്ടിയ വണ്ടിയില്‍ അദ്ദേഹം തിരിച്ചു പോയി. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. ഭാഷയറിയാതെ, പരിചിതരായി ആരുമില്ലാതെ തനിച്ചിരിക്കേണ്ടി വന്നപ്പോള്‍ ഭയം തോന്നി. പാഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കിടയില്‍ ഹൈവേ പോലീസിന്റെ വാഹനങ്ങളും ഇടയ്ക്കിടെ പാഞ്ഞു പോകുന്നുണ്ടായിരുന്നു. അവര്‍ സംശയം തോന്നി വണ്ടി നിര്‍ത്തി ഇങ്ങോട്ടു വന്നാല്‍ എന്താണ് മറുപടി പറയുക എന്ന സംശയം അറിയാതെ ഭയത്തെ പെരുപ്പിച്ചെടുത്തു. അപരിചിതമായ പ്രദേശം, ഭാഷ, കാറ്റ്, അന്തരീക്ഷം. ചുട്ടുപ്പൊള്ളിക്കുന്ന കാറ്റ് തൊണ്ടയെ വരട്ടിയെടുത്തു. വെള്ളത്തിനായി വണ്ടിയില്‍ പരതി. ഒരു തുള്ളി വെള്ളം എങ്ങുമില്ലായിരുന്നു. അത് തൊണ്ടയെ ഒന്നുകൂടി വരട്ടിയെടുത്തു. വെള്ളത്തിനായി നാവു പുറത്തു ചാടി. കണ്ണുകള്‍ ഭീതിതമായി വരണ്ടു. രവ്യേട്ടന്റെ വരവിനായി പുറകിലോട്ടു തിരിഞ്ഞു നോക്കി. കുറച്ചു ദൂരെ ഒരു പെട്രോള്‍ പമ്പ് കണ്ടു. തെല്ലൊരാശ്വാസം തോന്നി. അവിടെ അരെങ്കിലും കാണാതിരിക്കില്ല. അങ്ങോട്ടു ചെന്നു നില്‍ക്കാം. എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ അതാരെങ്കിലും കാണുമല്ലോ... വാതില്‍ തുറന്ന് വണ്ടിയ്ക്കു പുറത്തിറങ്ങി പതുക്കെ പമ്പിലേയ്ക്കു നടന്നു. പമ്പിന്റെ ഒരു തൂണിന്റെ മറവില്‍ കാറ്റേല്‍ക്കാതെ നില്‍ക്കാന്‍ പാടുപെട്ടു. പമ്പിന്റെ ഒരു വശത്തായി ഗ്ലാസ്സിട്ട ഒരു ഷോപ്പില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. ളോഹ പോലെ വെള്ളവസ്ത്രം അയാള്‍ ധരിച്ചിരുന്നു. മുഖം തുണി കൊണ്ടു മൂടി കെട്ടിയിരുന്നു. അടുത്തെത്തിയതും ശുദ്ധമലയാളത്തില്‍ അയാള്‍ ചോദിച്ചു.
''വണ്ടിയ്‌ക്കെന്തു പറ്റി.''
മനസ്സില്‍ അമൃതു പെയ്തതു പോലെയായി. ഒരു തുണ കിട്ടിയതിന്റെ സന്തോഷം കുതിച്ചുയര്‍ന്നു. അത് അറിയാതെ മുഖത്ത് അലയടിച്ചു.
''വണ്ടി തകരാറിലായി. മെക്കാനിക്കിനെ വിളിക്കാന്‍ കൂട്ടുകാരന്‍ പോയിരിക്കുന്നു.''
''പുതിയതായി വര്വാണ് അല്ലേ... ഈ ചൂടുകാറ്റില്‍ നില്‍ക്കണ്ട. കടയ്ക്കകത്തേയ്ക്കു വന്നു നിന്നോളൂ.''
അയാള്‍ അതും പറഞ്ഞ് കടയ്ക്കകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു പെപ്‌സി വാങ്ങി തന്നു. ശീതീകരിത്ത പെപ്‌സി ടിന്നിന്റെ തണുപ്പ് അമൃതു പോലെ, ജീവന്‍ പോലെ വിലപ്പെട്ടതായി തോന്നി.
''കൂട്ടുകാരന്‍ വരുവോളം ഇവിടെത്തന്നെ നിന്നാല്‍ മതി. ഞാന്‍ പോകട്ടെ. ദാ കാണുന്ന കൃഷിസ്ഥലത്താണ് എന്റെ ജോലി.''
അയാള്‍ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് നോക്കി. അവിടെ ഒരു പച്ചപ്പിന്റെ തുരുത്തു പോലെ എന്തോ ഉള്ളതായി തോന്നി. അയാള്‍ യാത്ര പറഞ്ഞു പോയപ്പോള്‍ കടയെ ഒന്നു നിരീക്ഷിച്ചു. ശീതീകരിച്ച ഒരു സൂപ്പര്‍ മാര്‍ക്കറ്റായിരുന്നു അത്. അവിടെ മറ്റൊരു മലയാളി സെയ്ല്‍സ്മാനായി നില്‍പ്പുണ്ടായിരുന്നു. അയാള്‍ അടുത്തു വന്നു കുശലാന്വേഷണം നടത്തി.
''എവിടേയ്ക്ക്വാ...''
''ഖഫ്ജിയിലേയ്ക്ക്...''
വണ്ടിയ്‌ക്കെന്തു പറ്റി...''
ഗിയര്‍ ബോക്‌സ് തകരാറായി.''
എല്ലാം അയാള്‍ മനസ്സിലാക്കിയതുപ്പോലെ ചോദ്യങ്ങള്‍. മണല്‍ക്കാറ്റ് അപ്പോഴും ആഞ്ഞു വീശുകയും പമ്പിന്റെ മേല്‍ക്കൂരയുടെ ഷീറ്റിനെ ഇളക്കി തെറിപ്പിക്കാനെന്നോണം ആഞ്ഞടിക്കുകയും ചെയ്തുക്കൊണ്ടിരുന്നു. കടയ്ക്കകത്തു നിന്നും പുറത്തേയ്ക്കു നോക്കി. രവ്യേട്ടനെങ്ങാനും തിരിച്ചെത്തിയോയെന്ന് ആകാംക്ഷപ്പെട്ടുക്കൊണ്ടിരുന്നു. അകലെ ഹൈവേയുടെ അരികില്‍ ഒരു വെളുത്ത തകിടുപോലെ പിക്കപ്പ് വാന്‍ തിളങ്ങി നിന്നിരുന്നു.
അര മണിക്കൂറിലേറെ സമയം കടന്നു പോയിരിക്കുന്നു. ഇതുവരെയായി മെക്കാനിക്കിനെ കൂട്ടാന്‍ പോയ രവ്യേട്ടന്‍ തിരിച്ചെത്തിയീട്ടില്ല. തന്റെ ആദ്യ ഗള്‍ഫ് യാത്ര ശുഭകരമല്ലെന്നാണോ അതു സൂചന നല്‍കുന്നത്. പൊടിക്കാറ്റു ശമിച്ചു. മണല്‍പ്പരപ്പ് ഇപ്പോള്‍ ആദ്യത്തേക്കാള്‍ ശോഭയോടെ തീപിടിച്ചു തിളങ്ങാന്‍ തുടങ്ങി. രവ്യേട്ടന്‍ ഒരു വാലുംതലയുമുള്ള വണ്ടിയുമായി തിരിച്ചെത്തി. അദ്ദേഹം വരുന്നതു കണ്ട് കടക്കാരനോട് വിട പറഞ്ഞ് വണ്ടിയുടെ അടുത്തേയ്ക്ക് ചെന്നു.
''ആരും ഇവിടെ വന്നു റിപ്പയര്‍ ചെയ്യാന്‍ തയ്യാറല്ല. കടുത്ത ചൂടല്ലേ ഇവിടെ... അങ്ങോട്ടു കൊണ്ടു ചെല്ലാന്‍ പറഞ്ഞു. അതോണ്ട് ഒരു വിഞ്ചും വിളിച്ചോണ്ട് ഇങ്ങ് പോന്നു.''
വന്ന പാടെ രവ്യേട്ടന്‍ വിശദീകരിക്കാന്‍ തുടങ്ങി. കൊണ്ടു വന്ന വണ്ടിയുടെ പേരാണ് വിഞ്ച് എന്നു മനസ്സിലായി. അതിന്റെ ഡ്രൈവര്‍ ഒരു നീഗ്രോ ആയിരുന്നു. അറബികളുടേതു പോലുള്ള വെള്ള വസ്ത്രമാണ് അയാള്‍ ധരിച്ചിരുന്നത്. പിക്കപ്പിന്റെ മുന്നിലായി അയാള്‍ വിഞ്ചിനെ കൊണ്ടു വന്നു നിര്‍ത്തി. അതിന്റെ വാലുപോലെ നീണ്ടിരുന്ന ഭാഗത്ത് അടിയിലായി കരുതിയിരുന്ന രണ്ട് ഇരുമ്പു പാത്തികള്‍ പിക്കപ്പിന്റെ ചക്രങ്ങളുടെ അതേ അളവില്‍ താഴോട്ടു പിടിപ്പിച്ചു. വിഞ്ചിന്റെ കേബിനോടു ചേര്‍ന്നുള്ള ഇരുമ്പിന്റെ കേബിളെടുത്ത് പിക്കപ്പിന്റെ മുന്‍വശത്തുള്ള ഹുക്കില്‍ കൊളുത്തി. ഡ്രൈവര്‍ അകത്തു കയറി ലിഫ്റ്റ് വര്‍ക്ക് ചെയ്യീച്ചു. ചാരി വെച്ചിരുന്ന ഇരുമ്പു ചാനലിലൂടെ പിക്കപ്പിനെ വലിച്ചു വലിച്ചു മുകളിലേയ്ക്കു കയറ്റി. പരിപൂര്‍ണ്ണമായും പിക്കപ്പ് വിഞ്ചിന്റെ മുകളിലെത്തിക്കഴിഞ്ഞപ്പോള്‍ ലിഫ്റ്റിന്റെ മോട്ടോര്‍ ഓഫ് ചെയ്തു. ചക്രങ്ങള്‍ക്കു പുറകില്‍ തടയണപ്പോലെ രണ്ടു ത്രികോണാകൃതിയുള്ള ബ്ലോക്കുകള്‍ കൊണ്ടു വന്നുറപ്പിച്ചു. വീണ്ടും ദമ്മാമ്മിലേയ്ക്ക്. പിന്നിട്ട വഴിയത്രയും തിരിച്ച് ഓടാന്‍ തുടങ്ങി.
വര്‍ക്ക്‌ഷോപ്പില്‍ കയറി ഗിയര്‍ബോക്‌സ് മാറ്റി തിരിച്ചു യാത്ര പുറപ്പെടുമ്പോള്‍ സമയം ആറര കഴിഞ്ഞിരുന്നു. നീണ്ട മണിക്കൂറുകള്‍ അക്ഷമനായി വര്‍ക്ക്‌ഷോപ്പിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. ഭക്ഷണമെന്നും കഴിക്കാത്തതിന്റെ ആലസ്യം ഏറെ ബാധിച്ചിരുന്നു. രവ്യേട്ടന് അതേപ്പറ്റി യാതൊരു വേവലാതിയും ഉള്ളതായി തോന്നിയില്ല. പോക്കറ്റില്‍ വെറുതേ തപ്പിനോക്കി. പത്തിന്റെ ഒരു റിയാല്‍ അവിടെ നിശ്ശബ്ദമായി കിടക്കുന്നുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ്ങ് പാസ്സ് നല്‍കി അകത്തു കടന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന രൂപകള്‍ ബാങ്കില്‍ കൊടുത്ത് റിയാലാക്കിയിരുന്നെന്ന് അപ്പോഴാണോര്‍ത്തത്. പക്ഷേ അതിനെന്തു കിട്ടുമെന്നതിനെപ്പറ്റി യാതൊരു ധാരണയുമില്ലായിരുന്നു. വിശപ്പും ദാഹവും കത്തിക്കയറിക്കൊണ്ടിരുന്നു. രവ്യേട്ടനു മാത്രം അതൊന്നുമുള്ളതായി തോന്നിയില്ല. അദ്ദേഹം മെക്കാനിക്കിനോടൊപ്പം വണ്ടിയുടെ ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതും നോക്കി നേരം കളഞ്ഞു.
ഒരു ഗ്ലാസ്സ് വെള്ളം പോലും കഴിക്കാതെ വീണ്ടും ഖഫ്ജിയിലേയ്ക്ക് വണ്ടി ഓടാന്‍ തുടങ്ങി. മരുഭൂമി ശാന്തസ്വഭാവം കൈവരിച്ചിരുന്നു. തെരുവുവിളക്കുകള്‍ റോഡിനിരുവശത്തും അലങ്കാരങ്ങള്‍ തീര്‍ത്തു. നഗരത്തിനെ പുറകിലോട്ടു പിന്തള്ളി പിക്കപ്പ് വീണ്ടും മരുഭമിയിലേയ്ക്ക് കുതിച്ചു.
''പത്തു മണിയാകുമ്പോഴേയ്ക്കും നമുക്കു ഖഫ്ജിയിലെത്താം...''
രവ്യേട്ടന്‍ ആശ്വാസത്തിനെന്നോണം പറഞ്ഞു. ഞാന്‍ ഒന്നും മറുപടി പറയാതെ വെറുതേ ഒന്നു മൂളുക മാത്രം ചെയ്തു. എപ്പോള്‍ വേണമെങ്കിലും ഖഫ്ജിയിലെത്തട്ടേ... എനിക്കെന്തെങ്കിലും കഴിക്കാന്‍ കിട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍ രവ്യേട്ടനോടത് ആവശ്യപ്പെടാന്‍ ധൈര്യം വന്നില്ല. ഇന്നലെ വരെ യാതൊരു പരിചയവുമില്ലാത്ത ഒരാളോട് എങ്ങനെയാണത് ആവശ്യപ്പെടുക. അദ്ദേഹം എന്തെങ്കിലും വാങ്ങിത്തരുമെന്ന് ആത്മാര്‍ത്ഥമായും ഞാന്‍ ആഗ്രഹിച്ചിരുന്നു. ചെറിയ ചെറിയ പട്ടണങ്ങളിലെത്തുമ്പോള്‍ ഞാനാഗ്രഹിക്കും ഇപ്പോള്‍ വണ്ടി നിര്‍ത്തും. എന്തെങ്കിലും ഭക്ഷണം വാങ്ങിത്തരും. അതു വെറുമൊരു ആഗ്രഹം മാത്രമായിരുന്നു.
ഹൈവേയിലെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകള്‍ തെളിഞ്ഞു നിന്നിരുന്നു. പ്രകാശത്തിന്റെ സമാന്തരനിരകളായി അവ മരുഭൂമിയിലേയ്ക്ക് വ്യാപിച്ചു കിടന്നു. വാഹനം കുതിച്ചു മുന്നോട്ടു പാഞ്ഞു. ഞാന്‍ ഇടയ്ക്കിടെ രവ്യേട്ടന്റെ കയ്യിലെ വാച്ചിലേയ്ക്ക് നോക്കി. ഏഴ്....... ഏഴേ മുപ്പത്...... എട്ട്... സമയം തീരെ കടന്നു പോകാത്തതു പോലെ തോന്നി. പെട്ടെന്ന് രവ്യേട്ടന്‍ വണ്ടി സൈഡാക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ വാഹനം റോഡരികുചേര്‍ത്ത് നിര്‍ത്തി. വീണ്ടും വാഹനം തകരാറിലായിരിക്കുന്നു. രവ്യേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
''എത്ര തവണ്യാ ഞാന്‍ ഈ വണ്ടിയില്‍ ഇവിടൈ വന്നു പോയിരിക്കുന്നു... ഒരിക്കല്‍ പോലും ബ്രേയ്ക്ക് ഡൗണ്‍ ആയീട്ടില്ല...''
എന്നിലത് പ്രയാസമുണ്ടാക്കി. ഇന്ന് ഞാനും കൂടി ഈ വണ്ടിയില്‍ കയറിയതാണോ ഈ വിഘ്‌നങ്ങള്‍ക്കെല്ലാം കാരണം. മനസ്സ് സ്വയം ചോദിച്ചുക്കൊണ്ടിരുന്നു. അങ്ങനെയെങ്ങാന്‍ രവ്യേട്ടന്‍ മനസ്സില്‍ കരുതുന്നുണ്ടോയെന്നു മനസ്സ് സന്ദേഹപ്പെട്ടു.
''ബാഗ് കയ്യിലെടുത്തോളൂ...''
വണ്ടി ലോക്ക് ചെയ്ത് പുറത്തിറങ്ങാന്‍ നേരം രവ്യേട്ടന്‍ പറഞ്ഞു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ബാഗുമായി പുറത്തിറങ്ങി. വന്ന വഴിയിലേയ്ക്ക്, നഗരത്തിലേയ്ക്ക് പോകുന്ന കാറുകള്‍ക്ക് കൈകാട്ടുന്നതു കണ്ടപ്പോള്‍ തിരിച്ചു പോകാനാണെന്നു മനസ്സിലായി. ഖഫ്ജി യാത്ര ഇനിയും സാധ്യമാകില്ലെന്നുണ്ടോ...
വാഹനങ്ങള്‍ ദമ്മാമിലേയ്ക്കും ഖഫ്ജിയിലേയ്ക്കും ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. പകലിന്റെ ഉരുകിയൊലിക്കലുകള്‍ നിലച്ചിരിക്കുന്നു. അന്തരീക്ഷം ചൂടയഞ്ഞ് അല്പം ഊഷ്മളമായീട്ടുണ്ട്. ദമ്മാമിലേയ്ക്ക് പോകുന്ന കാറുകള്‍ക്ക് രവ്യേട്ടന്‍ തുടരെതുടരെ കൈക്കാട്ടിക്കൊണ്ടിരുന്നു. ചിലര്‍ നിറുത്തിയെങ്കിലും കാര്യങ്ങള്‍ തിരക്കിയ ശേഷം വണ്ടിയോടിച്ചു പോയി. രവ്യേട്ടന്‍ അറബിയില്‍ സംസാരിച്ചതൊന്നും എനിക്കു മനസ്സിലായില്ല. ആ സംഭാഷണങ്ങളിലെല്ലാം മുഴങ്ങി നിന്ന ഒരു ശബ്ദമുണ്ടായിരുന്നു 'സിയാറ' കുറച്ചു നേരത്തെ സംഭാഷണങ്ങളില്‍ നിന്നും സിയാറയെപ്പറ്റിയാണ് സംഭാഷണമെന്നു മനസ്സിലാക്കാനായി. സിയാറ വാഹനങ്ങള്‍ക്കു പറയുന്ന അറബി വാക്കാണെന്ന് മനസ്സില്‍ പതിഞ്ഞു. അറബി ഭാഷയുടെ ആദ്യപാഠങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ദമ്മാമിലേയ്ക്ക് ഒരു ലിഫിറ്റ് കിട്ടാനായി ഒരു മണിക്കൂറിലേറെ സമയം കാത്തു നില്‍ക്കേണ്ടി വന്നു.
കൈകാണിച്ച് മടുത്തെങ്കിലും രവ്യേട്ടന്‍ കൈകാണിക്കാന്‍ പിശുക്കു കാണിച്ചില്ല. അവസാനം നിര്‍ത്താതെ പോയ ഒരറബി കാര്‍ റിവേഴ്‌സെടുത്ത് ഞങ്ങള്‍ക്കരുകില്‍ കൊണ്ടു വന്നു നിര്‍ത്തി. കാര്യങ്ങള്‍ തിരക്കി. വിശ്വാസം വരുന്നതിനായി റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നു ബോധ്യപ്പെട്ട അയാള്‍ ഞങ്ങളെ കൂടി വണ്ടിയില്‍ കയറ്റി യാത്ര തുടര്‍ന്നു. ഒന്നര മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍ വീണ്ടും പഴയ വര്‍ക്കുഷോപ്പിന്റെ മുന്നില്‍ വണ്ടി ചെന്നു നിന്നു. അപ്പോഴേയ്ക്കും വര്‍ക്ക്‌ഷോപ്പ് അടച്ചു കഴിഞ്ഞിരുന്നു. വീണ്ടും കാര്‍ മുന്നോട്ടു നീങ്ങി. വിഞ്ചുകള്‍ ഒതുക്കിയിട്ടിരുന്ന ഒരു ഓഫീസിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഞങ്ങളെ അവിടെ ഇറക്കി വിട്ട് ഗുഡ്‌ബൈ പറഞ്ഞ് അയാള്‍ വണ്ടിയോടിച്ചു പോയി.
രണ്ടു പേര്‍ ആ ഓഫീസില്‍ ചായയും കുടിച്ച് തമാശകള്‍ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഒരു കപ്പു ചായ കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതേ ആശിച്ചു. രവ്യേട്ടന്‍ അവരോട് പ്രശ്‌നങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. അവര്‍ ചായയും കഴിച്ച് അതെല്ലാം കേട്ടുക്കൊണ്ടിരുന്നു. ഞാനവരെ സസൂക്ഷ്മം നിരീക്ഷിച്ച് പുറത്തു കാത്തു നിന്നു. വസ്ത്രധാരണം കൊണ്ട് അവര്‍ അറബികളല്ലെന്ന് തീര്‍ച്ചപ്പെടുത്തി.
ളോഹ പോലുള്ള വസ്ത്രം ധരിച്ച് നന്നായി അറബി സംസാരിക്കുന്ന അവര്‍ ആരായിരിക്കും. ഞാന്‍ വെറുതേ എന്നോടു തന്നെ ചോദിച്ചു. അവസാനം അവരിലൊരാള്‍ എണീറ്റു വന്നു.
''ആ യമനി വരാന്നു സമ്മതിച്ചു.''
രവ്യേട്ടന്‍ എന്നോടു പറഞ്ഞു. പല രാജ്യത്തു നിന്നുള്ളവര്‍ ജോലി ചെയ്യുന്ന ഒരു പ്രദേശമാണ് അറേബ്യ. എല്ലാ വംശജരേയും കാണാനും പരിചയപ്പെടാനും ആ യാത്ര ഉപകരിക്കുമെന്നോര്‍ത്തപ്പോള്‍ മനസ്സിന് ഏറെ സന്തോഷം തോന്നി. ആ യമനി ഒരു വിഞ്ച് സ്റ്റാര്‍ട്ട് ചെയ്ത് ഞങ്ങളുടെ അടുത്ത് കൊണ്ടു വന്നു നിര്‍ത്തി വിളിച്ചു പറഞ്ഞു.
''യള്ളാ... റോ..''
കസ്റ്റംസ് ഓഫീസില്‍ നിന്നും അവസാനം കേണ്ട വാക്ക് ഉടനെ ഓടിയെത്തി. അതിന്റെ അര്‍ത്ഥവും വളരെ വ്യക്തമായി ബോധിച്ചു. ഞാനും രവ്യേട്ടനും അയാളുടെ ഇടതുവശത്തായി കേബിനില്‍ കയറയിരുന്നു. വീണ്ടും ഖഫ്ജിയിലേയ്ക്ക്...
ഖഫ്ജി എന്നെ കൊതിപ്പിക്കുകയാണ്. എന്റെ ഭാവിയും ഭാവനകളും നട്ടു വളര്‍ത്താന്‍ മോഹിപ്പിച്ച ഇടം. അടുക്കുന്തോറും അകന്നു പോകുന്ന ഖഫ്ജിയെ കാണാന്‍ അതിയായ മോഹം പെരുകി. കൗതുകം തോന്നി. മൂന്നു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിപ്പെടേണ്ട സ്ഥലത്തേയ്ക്ക് ഒമ്പതു മണിക്കുര്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഖഫ്ജി മൂന്നു മണിക്കുറിന്റെ വിളിപ്പാടകലെ കാത്തിരിക്കുന്നു. എനിക്കായി കാതോര്‍ത്തിരിക്കുന്നു. ഞാന്‍ ഖഫ്ജിയില്‍ എത്തിപ്പെടേണ്ടവനല്ലെന്നുണ്ടോ? എന്തിനാണീ പ്രതിബന്ധങ്ങള്‍...
മരുഭൂമിയുടെ വന്യമായ ഇരുട്ടിലേയ്ക്ക് നോക്കിയിരുന്നു. നിശ്ചലമായ മണ്‍പരപ്പുകള്‍ കണ്ണെത്താ ദൂരത്തേയ്ക്ക് വ്യാപിച്ചു കിടക്കുന്നു. ഇവിടെ എല്ലാം ശാന്തമായിരിക്കുന്നു. പകല്‍ സമയത്തെ കാറ്റും ഉയര്‍ന്നു പൊങ്ങി പൊടിയുയര്‍ത്തിയ അന്തരീക്ഷവും ഇപ്പോള്‍ ശാന്തം. ഇരുട്ടിലും നിഴലുപോലെ നിലാവുപോലെ പ്രകാശം പടര്‍ന്നു നില്‍ക്കുന്നു. പുള്ളിക്കുട ചൂടിയ പോലെ നക്ഷത്രാംഗിതമായ നീലാകാശം മീതെ മിഴി ചിമ്മുന്നു. ഓറിയോണ്‍ നക്ഷത്ര സമൂഹം തലയ്ക്കു മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു.അതിന്റെ തലഭാഗം പെട്ടെന്നു തന്നെ കണ്ടെത്താനായി അത്രയും തെളിഞ്ഞ ആകാശമായിരുന്നു. ഓറിയോണിനെ ശ്രദ്ധിച്ച് ദിശ തീര്‍ച്ചപ്പെടുത്തി. ഇപ്പോള്‍ കാളയ്ക്കു നേരെ അസ്ത്രം തൊടുക്കുന്ന ദിശയിലേയ്ക്കാണ് സഞ്ചരിച്ചുക്കൊണ്ടിരിക്കുന്നത്.... കിഴക്കോട്ട്. ഇടയ്ക്കിടെ വടക്കോട്ടും പിന്നെ കിഴക്കോട്ടുമായിയാണ് യാത്ര പോയിക്കൊണ്ടിരിക്കുന്നത്.
റോഡരുകില്‍ പിക്കപ്പ് നിര്‍ത്തിയിട്ടിരിക്കുന്നിടത്തെത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു. സൗദിയില്‍ വിമാനമിറങ്ങിയീട്ട് ഒരു പാതി ദിനം പിന്നിട്ടിരിക്കുന്നു. തലേന്നു രാത്രി ഹമീദിന്റെ മെസ്സില്‍ നിന്നും മനമില്ലാമനസ്സോടെ കഴിച്ച ചപ്പാത്തിയും ദാലും ഇപ്പോള്‍ കൊതിയോടെ സ്മരിച്ചു. തന്നോടൊത്ത് വിമാനമിറങ്ങിയവരെല്ലാം ഇപ്പോള്‍ അവരരവരുടെ തൊഴിലിടങ്ങളില്‍ സ്ഥാനമുറപ്പിച്ചീട്ടുണ്ടാവും. ഒരിക്കലുമൊടുങ്ങാത്ത യാത്രയായി താനിപ്പോഴും പാതി വഴിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ദുരിതങ്ങള്‍ മാത്രം കൈമുതലായ താന്‍ പോകുന്നിടത്തെല്ലാം അതും കൊണ്ടാണോ പോകുന്നത്. മറ്റുള്ളവര്‍ക്കു കൂടി അത് സമ്മാനിക്കാന്‍...
ഇന്ന് ഒരു ശപിക്കപ്പെട്ട ദിനം തന്നെ തീര്‍ച്ച. ഒരിക്കലും വഴിയില്‍ കുടുങ്ങിയീട്ടില്ലാത്ത രവ്യേട്ടന്‍ പോലും ഇന്ന് ഞാന്‍ കാരണം വഴിയില്‍ കുടുങ്ങിയിരിക്കുന്നു. അദ്ദേഹം അതിനിപ്പോള്‍ തന്നെ ശപിക്കുന്നണ്ടായിരിക്കുമോ? ഇടയ്ക്കിടെയുള്ള രവ്യേട്ടന്റെ പിറുപിറുക്കലുകള്‍ തന്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. രവ്യേട്ടനെക്കൂടി ശല്യപ്പെടുത്താനായിരിക്കുമോ തന്റെ ഈ വരവ്? മനസ്സില്‍ വെറുതെ വെറുതെ കരി പടര്‍ന്ന ചിന്തകള്‍ വരികയും പോകുകയും ചെയ്തുക്കൊണ്ടിരുന്നു. പിന്നെ ആശ്വസിക്കും തന്റെ എല്ലാ കഷ്ഠതകളും ദുരിതങ്ങളും ഇതോടെ തീരുകയായിരിക്കും. സൗഭാഗ്യകരമായ ഒരു ജീവിതം പടുത്തുയര്‍ത്താന്‍ പീഢനങ്ങള്‍ തന്ന് ശുദ്ധീകരിക്കുകയായിരിക്കും.
പത്തു മിനിറ്റു നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ യമനി പിക്കപ്പിനെ വിഞ്ചിനു മുകളില്‍ കയറ്റി ഭദ്രമാക്കി. രവ്യേട്ടനും ഞാനും വിഞ്ചിനകത്തിരുന്നതേയുള്ളൂ. പിക്കപ്പ് വിഞ്ചിന്റെ ടെയില്‍ ഭാഗത്തും ഞങ്ങളതിന്റെ കാബിനിലുമായി യാത്ര തുടര്‍ന്നു. ഇപ്പോള്‍ എന്നിലൊരു ശുഭപ്രതീക്ഷ പൊട്ടി വിടര്‍ന്നു. ഇക്കുറി ഞങ്ങള്‍ ഖഫ്ജിയില്‍ എത്തിപ്പെടുമെന്ന് മനസ്സ് തീര്‍ച്ചപ്പെടുത്തി.
വാഹനം വേഗത കുറച്ചാണ് പോയിക്കൊണ്ടിരുന്നത്. മരുഭൂമിയുടെ വിജനതയിലൂടെ ആരാലുമുരിയാടാനില്ലാതെ നിവര്‍ന്നു കിടക്കുന്ന പാതയിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. മരുഭൂമി നിലാവിലെന്നപ്പോലെ പ്രകാശിതമായിരുന്നു. രവ്യേട്ടന്റെ കൂര്‍ക്കം വലിയുടെ താളം ഇടയ്ക്കിടെ ക്രമരഹിതമായും പിന്നെ ക്രമത്തിലും ഉയര്‍ന്നു പൊങ്ങി. ഞാന്‍ പുറത്തേയ്ക്കു നോക്കിയിരുന്നു.യമനി ഉറങ്ങുന്നുണ്ടോയെന്ന് അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അര്‍ദ്ധമയക്കത്തിലെന്നോണം അയാളുടെ മിഴികള്‍ പാതി കൂമ്പിയിരുന്നു. പകല്‍ ആയിരുന്നെങ്കില്‍ ഏറെ യാത്രാനുഭവങ്ങള്‍ മരുഭൂമി നല്‍കിയേനെയെന്ന് വെറുതേ ചിന്തിച്ചുക്കൊണ്ട് സീറ്റില്‍ തലചായ്ച്ചിരുന്നു. മരുഭൂമിയ്ക്ക് രാത്രിയിലും വശ്യമായ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് തോന്നി. ആ സൗന്ദര്യം തന്നെ മാടി വിളിക്കുകയാണോ എന്നാശങ്കയുണര്‍ന്നു. ചക്രവാള സീമയിലേയ്ക്ക് ചുറ്റിലും നീളുന്ന ആ മാസ്മരികത ഏറെ മോഹിപ്പിക്കുന്നുണ്ടായിരുന്നു.
നാലരയോടെ ഞങ്ങള്‍ ഖഫ്ജില്‍ പ്രവേശിച്ചു. ഉറങ്ങുന്ന ഖഫ്ജിയെ ഒരു പ്രേതനഗരമായി തോന്നി. ഉയര്‍ന്നു നില്‍ക്കുന്ന കുറേ കെട്ടിടങ്ങള്‍ ഇരുട്ടിന്റെ മറവില്‍ പതുങ്ങി നില്‍ക്കുന്ന രാക്ഷസന്മാരെപ്പോലെ തോന്നിപ്പിച്ചു. വിജനമയ ഇടുങ്ങിയ പാതയിലൂടെ വാഹനം മുന്നോട്ടു നീങ്ങിയപ്പോള്‍ ഭയം അരിച്ചരിച്ചു കടന്നു വന്നു. സനയയില്‍ അല്‍ റൗദാന്‍ സ്‌പെയര്‍ പാര്‍ട്‌സ് എസ്റ്റാബ്ലിഷ്‌മെന്റിനു മുന്നില്‍ വാഹനം നിന്നപ്പോള്‍ അതു വരെ മനസ്സില്‍ വരച്ചിട്ടിരുന്ന തൊഴിലിടത്തിന്റെ ചിത്രങ്ങള്‍ മാഞ്ഞു പോയി. പിക്കപ്പിനെ ഷോപ്പിനു മുന്നില്‍ ഒതുക്കി നിര്‍ത്തി. വലിച്ചു കെട്ടിയ ഷീറ്റുകളുടെ ചരടുകള്‍ ഒന്നു കൂടി പരിശോധിച്ച് ഉറപ്പു വരുത്തി രവ്യേട്ടന്‍ യമനിയ്ക്ക് വണ്ടി വാടക കൊടുത്ത് അയാളെ യാത്രയാക്കി. പിന്നെ ഒരു സര്‍വ്വീസ് സ്റ്റേഷന്റെ കോമ്പൗണ്ടിലൂടെ അപ്പുറത്തെ നടപ്പാതയിലെത്തി. മനുഷ്യര്‍ വസിക്കുന്ന സ്ഥലം തന്നെയാണോയെന്ന് സന്ദേഹമുണ്ടായി. പ്രേതനഗരം പോലെ വിജനമായ മരുഭൂമിയിലെ നാടപോലെ ഒഴുകുന്ന വഴിയിലൂടെ അല്പം നടന്നതും വരിവരിയായി കെട്ടിയുയര്‍ത്തിയ നീണ്ട ഒരു ഷെഡ്ഡ് കാണാനായി. അതിലേയ്ക്ക് രവ്യേട്ടന്‍ എന്നേയും ആനയിച്ച് കടന്നു ചെന്നു. ഒമ്പതാം നമ്പര്‍ മുറിയില്‍ ചെന്ന് താക്കോലുപയോഗിച്ച് അതിന്റെ വാതില്‍ തുറന്നു. അതൊരു ലേബര്‍ ക്യാമ്പായിരുന്നു. ആ ക്യാമ്പിലെ ഒമ്പതാം നമ്പര്‍ മുറിയിലായിരുന്നു. രവ്യേട്ടന്‍ താമസിച്ചിരുന്നത്. മുറി തുറന്ന് ഇരുട്ടില്‍ തപ്പിത്തടഞ്ഞ് രവ്യേട്ടന്‍ ലൈറ്റ് ഓണാക്കി. കിടക്ക വിരിച്ച രണ്ടു കട്ടിലുകള്‍ അവിടെ കിടന്നിരുന്നു. മുറിയില്‍ അസഹ്യമായ പുഴുക്കം അനുഭവപ്പെട്ടു. രവ്യേട്ടന്‍ ഏ സി ഓണ്‍ ചെയ്തുകൊണ്ടു പറഞ്ഞു..
''പകല്‍ മുഴുവന്‍ ചൂടായി കിടന്നതല്ലേ കുറച്ചു കഴിഞ്ഞാല്‍ ശരിയാകും.''
വാതിലുകള്‍ അടച്ച് കുറ്റിയിട്ട് രവ്യേട്ടന്‍ അദ്ദേഹത്തിന്റെ കട്ടിലില്‍ കയറി കിടന്നു. വിശപ്പും ദാഹവും ആക്രമിച്ച് അവശനാക്കപ്പെട്ട എനിക്ക് കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തലേന്ന് രാവിലെ എയര്‍പോട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വിമാനം കയറി പോരുമ്പോള്‍ പോക്കറ്റിലുണ്ടായിരുന്ന ആ റിയാല്‍ പോക്കറ്റിലപ്പോഴും വെറുതേ കിടന്നിരുന്നു.