മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Pearke Chenam

കരിയിലകള്‍ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു. അട്ടിയട്ടിയായി അമര്‍ന്നു കിടന്നിരുന്ന ഇലകള്‍ക്കിടയില്‍ ആരൊക്കെയോ ഒഴിഞ്ഞു മാറുന്നതിന്റെ മര്‍മ്മരം വ്യക്തമായിരുന്നു. അടുത്ത വീട്ടുകാരന്‍ ഗേറ്റ് തുറന്നു തരുമ്പോള്‍ പ്രത്യേകം പറഞ്ഞു.

''ആരും എത്തിനോക്കാതെ കാലങ്ങളായി കിടക്കുന്ന പറമ്പാണ്, സൂക്ഷിക്കണം.''

കാടുമൂടിയ, ഇടിഞ്ഞുപൊളിഞ്ഞ ആ വീടിന്റെ തിണ്ണയില്‍ കയറിയിരുന്നു. എത്രയോ നാളുകള്‍ ഈ തിണ്ണയില്‍ കിടന്ന് കാറ്റേറ്റ് ഉറങ്ങിയിരിക്കുന്നു. ഒരാള്‍ക്ക് കിടക്കാന്‍ മാത്രം വീതിയുള്ള അതിന്മേല്‍ കിടന്നുറങ്ങാനും ഒരു ഒതുക്കം വേണം. ഇടയ്ക്ക് വിരുന്നെത്താറുള്ള അമ്മായിയുടെ മകന്‍ മോഹനന്‍ അതുപോലെ കിടന്നുറങ്ങിയിട്ട് താഴെ വീണതും അതുകണ്ട് പൊട്ടിച്ചിരിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ.

ഓടുകളിളകിവീണ് ആകാശം കണ്ടുതുടങ്ങിയ മേല്‍ക്കൂരയിലേയ്ക്ക് നോക്കി. ആകാശം കണ്ട് ഉറങ്ങാന്‍ കിടന്ന പുരകെട്ടിന്റെ തലേ രാത്രികള്‍ ഓര്‍മ്മയില്‍ മധുരനൊമ്പരമുണര്‍ത്തി. ഈ വീട് വില്‍ക്കുവോളവും ഓല മേഞ്ഞതായിരുന്നു. മണ്ണെണ്ണ വിളക്കാണ് ഉപയോഗിച്ചിരുന്നത്. റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന നാലു ലിറ്റര്‍ മണ്ണെണ്ണയാണ് പഠിക്കാനും രാത്രിയില്‍ കണ്ണുകാണാനും ഹരിക്കേന്‍ ലാംമ്പില്‍ നിറച്ച് ഇരുട്ടിലൂടെ വഴി നടക്കാനും ഉപയോഗിച്ചിരുന്നത്. എല്ലാ വര്‍ഷവും ഓല മേയുന്നതിന്റെ ബുദ്ധിമുട്ടുകളില്‍ നിന്നും മുക്തമാകുന്നതിനായി പന്നീട് വാങ്ങിയവരാണ് ഇത് ഓടിട്ടതാക്കിയത്. വര്‍ഷാവര്‍ഷം വൃശ്ചികം, ധനു, മകരം മാസങ്ങളില്‍ തെങ്ങുകയറുമ്പോള്‍ ഓലകള്‍ വെട്ടും. അത് പൊളിച്ച് മെടയുവാന്‍ പാകത്തിലാക്കി ചീന്തിയെടുത്ത് ഓല മെടഞ്ഞെടുക്കും. തികയാത്തത് മറ്റുള്ളവരുടെ പറമ്പുകളില്‍ നിന്ന് വാങ്ങും. ഭരണിവേലകള്‍ തുടങ്ങും മുമ്പേ പുര മേയും.

പുര ഓല മേയുന്ന ദിനങ്ങള്‍ ആഘോഷങ്ങളുടേതാണ്. പുരകെട്ട് സദ്യ കേമമായിരിക്കും. തലേന്ന് രാത്രി മേല്‍ക്കൂരയിലെ ഓലയെല്ലാം കെട്ടു പൊട്ടിച്ച് തട്ടിയിടും. പിന്നെ ഉത്തരത്തിലും പട്ടികകളിലും ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കി ഉത്തരം ചുമരില്‍ തൊടുന്ന സ്ഥലങ്ങളിലെല്ലാം വര്‍ക്കുഷോപ്പുകളില്‍ നിന്നും വാങ്ങികൊണ്ടുവരുന്ന കരിഓയിലില്‍ ചാഴിപ്പൊടി ചേര്‍ത്തിളക്കി ഒരു പഴയ ബ്രഷ് എടുത്ത് അടിക്കും. അതിനുശേഷം പഴയ ഓലകളില്‍ അധികം കേടുവരാത്തവ പൊടിത്തട്ടി മാറ്റി വെയ്ക്കും. ചരക്കോല തരൂ എന്ന് പുരകെട്ടുകാര്‍ വിളിച്ചു പറയുമ്പോള്‍ അതില്‍ നിന്നാണ് എടുത്തുകൊടുക്കുക. കേടായവ മറ്റൊരിടത്ത് കെട്ടി വെയ്ക്കും. മുറ്റത്ത് കൂട്ടുന്ന താല്കാലിക അടുപ്പില്‍ വെള്ളം ചൂടാക്കാനും നെല്ല് പുഴുങ്ങാനും അതായിരുന്നു അമ്മയ്ക്ക് പഥ്യം. പിന്നെ വീട് അടിച്ചുവൃത്തിയാക്കും. അപ്പോഴേയ്ക്കും പുറത്ത് ഇരുട്ടു കനക്കാന്‍ തുടങ്ങിയിരിക്കും. എന്നാല്‍ അകത്ത് അപ്പോഴും പ്രകാശം നിറഞ്ഞു നില്‍ക്കുന്നുണ്ടായിരിക്കും.

പുര മേയുമ്പോള്‍ ചരക്കോല മീതേയും പുതിയത് താഴേയുമായി പുര കെട്ടുകാര്‍ കൊതുമ്പുവള്ളിയുപയോഗിച്ച് കെട്ടും. ഓലകള്‍ വെട്ടിയെടുക്കമ്പോള്‍ കൊതുമ്പുകളും വെട്ടിയ്ക്കും. പുര കെട്ടിന് മുമ്പ് തന്നെ അവ ഇരുതലയും മുറിച്ച് ഒതുക്കി വെള്ളത്തിലിട്ട് കുതിര്‍ത്ത് ചീകി വള്ളികളാക്കി ചെറിയ കെട്ടുകളാക്കി വെയ്ക്കും. പുര പൊളിച്ചിടുന്ന രാത്രിയില്‍ അതെല്ലാമെടുത്ത് വീണ്ടും വെള്ളത്തിലിട്ട് കുതിര്‍ത്തുവെയ്ക്കും.

പുര പൊളിച്ചിടുന്ന രാത്രി ഉറക്കം ഒരു ഉത്സവമാണ്. രാത്രി ആകാശത്തേയും നക്ഷത്രങ്ങളേയും അമ്പിളിയമ്മാവനേയും കണ്ടുകൊണ്ട് ഉറങ്ങാം. കുറേനേരം ആകാശത്തിന്റെ ചലനങ്ങളും ശ്രദ്ധിച്ച് കിടക്കും. നക്ഷത്രങ്ങള്‍ മിഴി ചിമ്മുന്നതും നോക്കി മിഴിയിളക്കാതിരിക്കും. തെന്നിനീങ്ങുന്ന മേഘക്കീറുകളെ അത്ഭുതത്തോടെ നിരീക്ഷിക്കും. എല്ലാവരും ഉറങ്ങാന്‍ തുടങ്ങിയാല്‍ ആകാശം കണ്ടുകിടക്കാന്‍ ഒരു രസവുമില്ല. ഭയം അരിച്ചരിച്ച് വരും. അപ്പോള്‍ പുതപ്പെടുത്ത് തലയിലൂടെ മൂടിപുതച്ച് കമഴ്ന്നടിച്ച് കിടന്ന് ഉറക്കം വരാനായി പ്രാര്‍ത്ഥിക്കും.

ചുമരുകള്‍ പലയിടത്തും പൊളിഞ്ഞു വീണിരിക്കുന്നു. പൂര്‍ണ്ണമായി നശിക്കാന്‍ തയ്യാറല്ലെന്ന പോലെ ഇപ്പോഴും ദീര്‍ഘശ്വാസം വലിച്ച് കാത്തിരിക്കുന്നു. എന്തേ വരാനിത്രയും വൈകി എന്ന് അത് ചോദിക്കുന്നതുപോലെതോന്നി. എത്ര നാളായി ഇത് തിരിച്ചു പിടിയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ഇപ്പോഴാണ് അതിന് അവസരം വന്നത്. പക്ഷെ അപ്പോഴേയ്ക്കും അത് കണ്ടു സന്തോഷിക്കുവാന്‍ അച്ഛനും അമ്മയും ഇല്ലാതായിരിക്കുന്നു.

പതുക്കെ തിണ്ണയില്‍ നിന്നിറങ്ങി. തെക്കേപ്പുറത്ത് അന്ത്യവിശ്രമംകൊള്ളുന്ന മുത്തച്ഛന്റേയും മുത്തശ്ശിയുടേയും അച്ഛന്റേയും അമ്മയുടേയും കുഴി മാടങ്ങള്‍ പരതി നടന്നു. തിരിച്ചറിയാനാകാത്ത വിധം അവിടം കാടുമൂടി കിടന്നിരുന്നു. അവിടെ അതിരില്‍ നിന്നിരുന്ന പുളിയന്‍മാവും തൊലികയ്പനും കോമാവും ഇപ്പോഴും അവിടെ തന്നെയുണ്ട്. അവ അനാഥമാക്കപ്പെട്ടതിന്റെ വ്യഥയോടെ തന്നെ നോക്കുന്നുണ്ടോ.... എത്രതവണയാണ് അതിന്റെ ചില്ലകളില്‍ കയറി മാങ്ങകള്‍ പൊട്ടിച്ചിട്ടുള്ളത്. കവരകള്‍ തുടങ്ങുന്നതുവരെയുള്ള ഭാഗം വരെ ഏണി ചാരിവെച്ച് അവിടന്നങ്ങോട്ട് കവരകളില്‍ ചവുട്ടി മേലോട്ടു കയറും. പഴുത്ത മാങ്ങകള്‍ കയ്യില്‍ കിട്ടിയാല്‍ കവരയിലിരുന്നുതന്നെ അത് തിന്നും. സന്തോഷങ്ങളുടെ നിമിഷങ്ങള്‍ എത്രവേഗമാണ് മാഞ്ഞു പോകുന്നത്. എല്ലാം സംഭവിച്ചു പോകുന്നതല്ലേ... വേണമെന്നു കരുതി ആരെങ്കിലും അനര്‍ത്ഥങ്ങള്‍ പ്രവര്‍ത്തിക്കുമോ...

കടം വന്നു മൂടിയ അച്ഛന്റെ വ്യഥകള്‍ തൊഴിലൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന തന്റെ നേരെ നീളുമ്പോള്‍, താങ്ങാവുന്നതിന് പകരം കൂടുതല്‍ വ്യഥകളാണ് നല്‍കിയിരുന്നത്. വീട്ടില്‍ വേണ്ടത്ര സാമ്പത്തികമില്ലാതിരുന്നിട്ടും പോസ്റ്റ് ഗ്രാജ്യുവേഷന്‍വരെ പഠിച്ചതായിരുന്നോ തനിക്ക് വിനയായിത്തീര്‍ന്നത്. എല്ലാവരും കോള്‍പടവിലിറങ്ങി കൃഷിപണിയും കൊയ്ത്തുമായി ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ തനിയ്ക്കതിന് കഴിഞ്ഞില്ലെന്നതല്ലേ വാസ്തവം. കടം വാങ്ങിയും വയലിലിറങ്ങി കഷ്ടപ്പെട്ടും തന്റെ പഠനത്തിന് സഹായിച്ച പിതാവിനോട് എന്തുകൊണ്ടാണ് തനിയ്ക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയത്.

മിഥ്യാഭിമാനം ഏതുതൊഴിലും സ്വീകരിക്കുന്നതിന് തടസ്സമാകാതിരുന്നുവെങ്കില്‍ ഈ വീടിനും തനിക്കും ഈ അനാഥത്വം വരില്ലായിരുന്നു. രക്ഷിതാക്കള്‍ക്ക് അവരുടെ അന്ത്യനാളുകളില്‍ ആശ്രയമായി, സമാധാനമായി ഒരു തുണയുണ്ടാകുമായിരുന്നു. എല്ലാം നഷ്ടമായിപ്പോയിരിക്കുന്നു. ഒരിക്കലും തിരിച്ചുപിടിയ്ക്കാനാകാത്തവിധം കാര്യങ്ങള്‍ കൈവിട്ടു പോയിരിയ്ക്കുന്നു.

ഒഴുകിയെത്തിയ കാറ്റ് ആശ്വാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ജ്വാലയായുയര്‍ന്നുകൊണ്ടിരുന്ന കുറ്റബോധത്തിന്റെ മരിയ്ക്കാത്ത സ്മൃതികളെ ആളികത്തിക്കാനല്ലാതെ തണുപ്പിയ്ക്കാന്‍ അതിനായില്ല. ഒരിക്കലും തിരുത്താനാകാത്തവിധം കടന്നുപോയ കര്‍മ്മങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് എങ്ങനെയാണ് മോചിതനാകുക. ഇന്ന് ആരായിരുന്നിട്ട് എന്തുകാര്യം. എന്തുണ്ടായിരുന്നിട്ട് എന്തുപ്രയോജനം. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് പ്രവര്‍ത്തിക്കാതിരുന്നിട്ട് ഇപ്പോള്‍ അതെല്ലാം ഓര്‍ത്ത് വേദനിച്ചിട്ട് എന്തുപ്രയോജനം. അല്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍, ദുരഭിമാനത്തിന് മുഖം തിരിഞ്ഞു നിന്നിരുന്നെങ്കില്‍ എല്ലാം കയ്യിലൊതുങ്ങി നിന്നേനെ. കൈവിട്ടുപോയതിനെപ്പറ്റി ഇനി പറഞ്ഞിട്ടെന്താണ് ഗുണമുള്ളത്.

ഗള്‍ഫുകാരന്‍ മമ്മദിന്റെ കയ്യില്‍ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയ തുകകൊണ്ട് പെങ്ങളുടെ കല്യാണം നടത്തി വിടുമ്പോഴും ബാക്കിയുള്ള തുക നല്‍കി തനിക്കൊരു വിസ തരപ്പെടുത്തി സൗദിയിലേയ്ക്ക് പറഞ്ഞയക്കുമ്പോഴും അച്ഛന്റെ മനസ്സില്‍ സ്വപ്നതുല്യമായ പദ്ധതികളുണ്ടായിരുന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍. അവന്റെ പദ്ധതികളെല്ലാം നടപ്പിലാക്കുന്നതിന് അവന്‍ മാത്രം വിചാരിച്ചാല്‍ മതിയോ...

മാസാമാസം സൗദിയില്‍ നിന്നു ലഭിക്കുന്ന ശമ്പളമുപയോഗിച്ച് കടത്തിലേയ്ക്കും പലിശയിലേയ്ക്കും അടച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും കടമെല്ലാം തീര്‍ത്ത് മറ്റൊരു ജീവിതത്തിന് തുടക്കമിടാന്‍ അച്ഛന്‍ പദ്ധതികളിട്ടിരുന്നു. എന്നാല്‍ കൊണ്ടുപോകുമ്പോള്‍ വാഗ്ദാനം ചെയ്ത ജോലിയ്ക്കുപകരം കൃഷിത്തോട്ടത്തിലെ പരിപാലനപ്പണി തന്നതിന്, മണല്‍പരപ്പില്‍ ആടുമേച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് കയര്‍ത്തുപറഞ്ഞതിന് സ്‌പോണ്‍സറായ അറബിയുമായി വഴക്കടിയ്‌ക്കേണ്ടി വന്നു. അയാള്‍ തലയില്‍ ധരിച്ചിരുന്ന അഗാല്‍ എടുത്ത് വീശിയടിച്ചു. അതിന്റെ നീറുന്ന വേദനയാല്‍ അയാളില്‍ നിന്നത് തിരിച്ചുവാങ്ങി അയാളേയും അടിച്ചു. അതോടെ എല്ലാം തീര്‍ന്നു. പ്രതികാരിയായിത്തീര്‍ന്ന അയാള്‍ തനിയ്ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിത്തരുന്നതിനുള്ള എല്ലാ സാധ്യതകളും സ്വയം സൃഷ്ടിച്ചെടുത്തു. ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയുന്നതിനുള്ള എല്ലാ വകുപ്പുകളും അയാള്‍ എന്റെ മേല്‍ ചുമത്തി പോലീസിലേല്‍പ്പിച്ചു. അവര്‍ അപ്രകാരം ജയിലിലേയ്ക്ക് അയച്ചു.

ന്യായാധിപന് ദയ തോന്നിയിട്ടോ എന്തോ പന്തുണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയായി അത് ചുരുങ്ങി. വീടുമായി ബന്ധമില്ലാതിരുന്ന ആ പന്ത്രണ്ടു വര്‍ഷങ്ങളാണ്. രണ്ടുജീവിതങ്ങളെ ഇല്ലാതാക്കിയത്. ജയിലിലാണെന്നറിഞ്ഞ ആദ്യനാളുകളില്‍ തന്നെ അമ്മ തളര്‍ന്നു വീണു. പിന്നെ അധികനാള്‍ ജീവിച്ചിരുന്നില്ല. എല്ലാ വേദനകളുമൊതുക്കി അച്ഛന്‍ അവിടെ ഒതുങ്ങിക്കൂടി. ഒരു വശത്ത് കൊടുക്കാനുള്ള കടം പലിശയും ചേര്‍ന്ന് കുമിഞ്ഞു കൂടുമ്പോള്‍ മറുവശത്ത് നിത്യജീവിതപ്രശ്‌നങ്ങള്‍ അലതല്ലുന്നുണ്ടായിരുന്നു. എല്ലാത്തിനേയും നിസ്സംഗതയോടെ അച്ഛന്‍ നേരിട്ടു. സഹോദരി അവരുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഒരു ശ്രമം നടത്തിനോക്കി. ആവശ്യത്തിലേറെ കഷ്ടതകള്‍ നിറഞ്ഞ അവരുടെ ജീവിതത്തിലേയ്ക്ക് ശല്യമാകാതിരിയ്ക്കാന്‍ അച്ഛന്‍ ബോധപൂര്‍വ്വം അത് നിരസിച്ചു. മമ്മദ് പണം ചോദിച്ചു വന്നപ്പോള്‍ അച്ഛന് ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ. സ്ഥലം തീറ് ചെയ്തുതരാം. എന്റെ മരണം വരെ ഇവിടെ കഴിയാന്‍ അനുവാദം തരണം. മമ്മദിന് അതിലൊരു പരാതിയുമില്ലായിരുന്നു.

കെട്ടി മേയാതെ നശിക്കാന്‍ തുടങ്ങിയ വീടിന്റെ മേല്‍ക്കൂര അയാള്‍ ഓടിട്ട് ഭദ്രമാക്കികൊടുത്തു. അവിടെ കിടന്ന് പിന്നീടെപ്പഴോ അച്ഛനും യാത്രയായി. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍ അനാഥനായി അലഞ്ഞു നടന്നു. അപ്പോഴേയ്ക്കും മമ്മദും ജീവിതം വിട്ടുപോയിരുന്നു. മമ്മദിന്റെ മകന്‍ ഖാദറിന് നാട്ടിലെ സ്വത്തുകളിലൊന്നും ശ്രദ്ധയില്ലായിരുന്നു. അയാള്‍ വിദേശത്ത് ബിസിനസ്സുമായി നല്ല നിലയിലായിരുന്നു. മതിലുകെട്ടി ഗേറ്റ് വെച്ച് ലോക്ക് ചെയ്തുകിടന്ന തന്റെ ആ പഴയ വീട്ടിലേയ്ക്ക് കുറേ നേരം ഗേറ്റില്‍ വന്നു നിന്ന് നോക്കി. മുത്തച്ഛനേയും മുത്തശ്ശിയേയും അടക്കം ചെയ്തിടത്ത് രണ്ടു അസ്ഥിത്തറകളില്‍ തുളസിചെടികള്‍ കാടുപിടിച്ച് കിടക്കുന്നതുകണ്ടുമടങ്ങി. അവരോട് ക്ഷമ ചോദിക്കാന്‍ പോലും മനസ്സിന് ശക്തിയില്ലായിരുന്നു. ശപിക്കരുതേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അപ്പോള്‍ വഴി നയിച്ചത്.

കാടുമൂടിയ വീടും പരിസരവും അനാഥമാക്കപ്പെട്ട തന്റെത്തന്നെ പ്രതിരൂപമായി മാറി. മുള്‍പരപ്പില്‍ കുടുങ്ങിയ ശരീരംപോലെ അത് കൊളുത്തി വലിച്ച് നീറ്റലുണ്ടാക്കി. ആ വീടിനെ മോചിപ്പിക്കാതെ വിശ്രമമില്ലെന്ന വാശിയോടെ നീറുന്ന മനസ്സുമായി വീണ്ടും രാജ്യം വിട്ടു. പിന്നീട് നാട്ടില്‍ വരുമ്പോഴും ആ വീട് അതുപോലെ തന്നെ അനാഥമായിക്കിടന്നിരുന്നു. അതുവാങ്ങുന്നതിന് കയ്യില്‍ പണമുണ്ടായിരുന്നെങ്കിലും അതിന്റെ ഉടമസ്ഥന്‍ നാട്ടിലില്ലാതിരുന്നതിനാല്‍ അതേപ്പറ്റി സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. വീണ്ടും തിരിച്ച് പോകുമ്പോഴും ഒരു നാള്‍ അത് സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു.

പിന്നാടെപ്പഴോ അവിചാരിതമായി ഖാദറിനെ കണ്ടുമുട്ടിയപ്പോള്‍ കാര്യം സംസാരിച്ചു. അയാള്‍ക്ക് ആ വസ്തു തിരിച്ചു തരുന്നതിന് യാതൊരു വിരോധവുമില്ലായിരുന്നു. ഇന്നിപ്പോള്‍ പറഞ്ഞ വില നല്‍കി അത് എന്റേതാക്കിയിരിക്കുന്നു. പ്രായച്ഛിത്തമെന്നോണം എന്തെങ്കിലും പ്രവര്‍ത്തിച്ചേ പറ്റൂ. അല്ലെങ്കില്‍ തനിക്ക് സമാധാനമുണ്ടാവില്ലെന്ന് മനസ്സ് ദൃഢമായി പറയുന്നുണ്ടായിരുന്നു. കാടുപടലങ്ങള്‍ നിലനിര്‍ത്തിതന്നെ പറമ്പിനെ കൃഷിയോഗ്യമാക്കണം. അട്ടിയട്ടിയായി വീണുകിടക്കുന്ന ഈ ചവറുകൂനകളാണ് ഈ മണ്ണിനെ ഇതുവരേയും കാത്തുസൂക്ഷിച്ചത്. അതിന്റെ തനിമയ്ക്ക് കോട്ടം തട്ടാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തുസൂക്ഷിച്ചതിന് മമ്മദിനോടും മകന്‍ ഖാദറിനോടും അതിയായ ബഹുമാനം തോന്നി. നാല്പത് സെന്റ് സ്ഥലം കാടുമൂടി ഉപയോഗിക്കപ്പെടാതെ തന്നെ കാത്തിരിക്കുകയായിരുന്നു. മണ്ണിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ തന്നെ വന്നു പൊതിയുന്നുണ്ടായിരുന്നു.

കോണ്ട്രാക്റ്റര്‍ ഗേറ്റ് കടന്ന് അകത്തു പ്രവേശിക്കുവാന്‍ അല്പം മടിച്ചു. ചപ്പുചവറുകള്‍ വകഞ്ഞുമാറ്റി പതുക്കെ അയാള്‍ എന്റെ അടുത്തേയ്ക്ക് വന്നു. എന്റെ പുറകെ നടന്ന് അയാള്‍ സ്ഥലത്തിന്റെ രൂപരേഖ മനസ്സില്‍ കുറിച്ചു. ഞാന്‍ അയാളോട് പദ്ധതികള്‍ പറഞ്ഞു. ഈ വീടിന്റെ സ്ഥാനത്ത് പ്രകൃതിയോടിണങ്ങുന്ന ഒരു ഇരുനിലകെട്ടിടം പണിയണം. കുറച്ചധികം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ അതിനുണ്ടാവണം. മരങ്ങളൊന്നും മുറിച്ചുമാറ്റരുത്. അവയ്ക്കുകീഴിലെല്ലാം വിശ്രമസ്ഥലങ്ങള്‍ തീര്‍ക്കണം. മറ്റിടങ്ങളെല്ലാം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വെച്ചു പിടിപ്പിക്കണം. വീടിന് വിശാലമായ പൂമുഖം വേണം. കുറേ പേര്‍ക്ക് കൂടിചേരാനും ഒന്നിച്ചിരുന്ന് സംസാരിക്കാനും ആവശ്യമായത്രയും സൗകര്യം ആ പൂമുഖത്തിനുണ്ടാവണം. പൂമുഖത്തിനോട് ചേരെ ഒരു റീഡിങ്ങ് റൂം. ടിവി കാണാനുള്ള മറ്റൊരു ഹാള്‍. എല്ലാം പറഞ്ഞു തീര്‍ത്തപ്പോള്‍ അയാള്‍ ഏകദേശം പ്രതീക്ഷിക്കുന്ന ചിലവ് പറഞ്ഞു. അതെല്ലാം ഓക്കെ പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

''ഒരു വീടിന് ഇത്രയും വലുപ്പം വേണോ....''

''വേണം. ഇതൊരു വീടല്ല എന്റെ ഒരു സ്വപ്നസൗധമാണ്.''

അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അയാള്‍ പറഞ്ഞു.

''നാളെ ഓഫീസില്‍ വന്നോളൂ. എഗ്രിമെന്റ് ഒപ്പുവെയ്ക്കാം. വരുമ്പോള്‍ അഡ്വാന്‍സും കൊണ്ടുവരാന്‍ മറക്കണ്ട.''

ശരിയെന്ന് പറഞ്ഞ് അയാളെ യാത്രയാക്കി വീണ്ടും തിണ്ണയില്‍ കയറിയിരുന്നു.

തിണ്ണയില്‍ കയറിയിരുന്നപ്പോള്‍ ആരോ തന്നെ സ്പര്‍ശിച്ചതുപോലെ തോന്നി. മനസ്സിനെ അത് കൂടുതല്‍ ആര്‍ദ്രമാക്കി. ചുറ്റിലും വെറുതേ പരതി. ഇല്ല, പുറത്തല്ല. എന്റെ ഉള്ളില്‍നിന്നുതന്നെയാണ്. ആലംബമില്ലാതെ വ്യാകുലതകളില്‍ വലഞ്ഞ് തനിച്ചുജീവിച്ചുമരിച്ച ആത്മാവിന്റെ തേങ്ങലുകള്‍... ഇപ്പോഴും അവിടെ അലയടിക്കുന്നുള്ളതുപോലെ തോന്നി. ആ അന്തരീക്ഷത്തിലെ വായുവില്‍ അലിഞ്ഞു നിന്ന് ആവോളം ആ ഗന്ധം ഉള്ളിലേയ്‌ക്കെടുത്തു. ഗേറ്റുപൂട്ടി തിരിച്ചുനടക്കുമ്പോള്‍ ഉള്ളില്‍ പറഞ്ഞു. ഇതൊരു സ്മാരകമാകണം. തന്റെ രക്ഷിതാക്കളുടെ സ്മരണകള്‍ കാലങ്ങളോളം നിലനില്‍ക്കുന്ന ഒരു സ്മാരകം. ആരോരുമില്ലാതെ അനാഥരാക്കപ്പെടുന്നവര്‍ക്ക് സ്വന്തംവീട്ടിലെന്നപോലെ മരണംവരെ സന്തോഷത്തോടെ ജീവിക്കാനൊരിടം. വീടുകളുണ്ടായിട്ടും പരിചരണമില്ലാതെ ഒറ്റപ്പെട്ട പകലുകളില്‍നിന്ന് കൂട്ടുകൂടാനും സമയം കളയാനും ആഗ്രഹിക്കുന്നവര്‍ക്ക് വന്നിരിക്കാനും ആസ്വദിക്കാനും ഒരിടം. എന്റെ സമ്പാദ്യങ്ങളെല്ലാം ഇനി അതിനുവേണ്ടിയുള്ളതാണ്. എന്റെ ജീവിതവും ഞാനതിനായി സമര്‍പ്പിക്കുന്നു. സ്‌നേഹനിധികളായ നാട്ടുകരെയുള്‍പ്പെടുത്തി അതിനൊരു രൂപം കൊടുക്കണം. കെട്ടിടംപണി കഴിയുന്നതോടെ ഇതെല്ലാം തുടങ്ങുന്നതിന് ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ